നിവേദ്യം : ഭാഗം 20

നിവേദ്യം : ഭാഗം 20

എഴുത്തുകാരി: ആഷ ബിനിൽ

“ഞാൻ തന്റെ ആരും അല്ല അല്ലെ…?” എന്നാലും എന്റെ കണ്ണാ. എന്താ ഇതിന്റെ അർത്ഥം? രാജപ്പൻ വീണ്ടും കോഴി ആകുകയാണോ? അല്ല.. സത്യത്തിൽ അയാൾ കോഴിയാണോ? ആത്മാർത്ഥമായി ഒരു പെണ്ണിനെ സ്നേഹിച്ചു, കുറെ കാലം അവളുടെ പുറകെ നടന്നു, അവൾ അവസാനം നല്ല അന്തസായി തേച്ചു. എന്നിട്ടും അവൾ നന്നായിരിക്കണം എന്നല്ലേ അയാൾ ആഗ്രഹിക്കുന്നത്? ഇനി അയാൾ എന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ തന്നെ എന്നെക്കുറിച്ച് എല്ലാം അറിഞ്ഞിട്ട് സ്നേഹിക്കുന്നത് അയാളുടെ ക്വാളിറ്റി അല്ലെ?

കണ്ണാ.. പത്തുമണിക്ക് മുൻപ് ഉറക്കം പിടിക്കുന്ന ഞാനാണ് രാത്രി ഒരുമണി ആയിട്ടും രാജപ്പനെ ഓർത്തുകൊണ്ടിരിക്കുന്നത്. ഇനി അയാളോട് എനിക്ക് പ്രേമം വലതും? ഹേയ്. ഉണ്ടാവില്ല. ഇനി എങ്ങാനും ഉണ്ടാവോ..? രാത്രി മുഴുവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. പിറ്റേന്ന് ഓഫീസിൽ പോകാൻ വല്ലാത്തൊരു ഉത്സാഹം എന്നെ വന്നു മൂടുന്നുണ്ടായിരുന്നു. ഹാരിമോനെ വിട്ടേച്ചും ഞാൻ ഓടുകയായിരുന്നു, അകത്തേക്ക്. രാജപ്പന്റെ കാബിൻ അടഞ്ഞു കിടക്കുന്നത് കണ്ടപ്പോൾ നിരാശ തോന്നി. “ബാംഗ്ലൂർകാരി എപ്പോ എത്തി?” മരിയയാണ്.

അവളോട് വിശേഷങ്ങളെല്ലാം പറയുന്നതിനിടയിലും പലവട്ടം എന്റെ കണ്ണുകൾ രാജപ്പന്റെ കാബിന്റെ നേരെ പോയി. “പിന്നെ നീ അറിഞ്ഞോ? പൃഥ്വിരാജ് സർ ഒരാഴ്ചത്തേക്ക് ലീവിന് പോയെന്ന്. ചത്താലും ലീവ് എടുക്കാത്ത മനുഷ്യനാണ്. എന്ത് പറ്റിയോ എന്തോ?” ഇതിന് മുൻപൊക്കെ രാജപ്പൻ ഒരു ദിവസം മാറി നിന്നാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാൻ ആയിരുന്നു. പക്ഷെ ഇന്നിപ്പോൾ.. എന്തുകൊണ്ടോ അതെന്നിൽ വേദനയാണ് നിറയ്ക്കുന്നത്. “ഞാഞ്ഞൂലിനും സീൽക്കാരമോ ഞാനെന്നാഹങ്കാരമോ മാറാലയും ചെമ്പല്ലിയും മേൽക്കൂര താങ്ങുന്നുവോ” റിങ് ടോണ് ഇപ്പോഴും പഴയത് തന്നെയാണ് കേട്ടോ. നോക്കുമ്പോൾ ശ്രീദേവിയമ്മയാണ്.

കണ്ണാ.. ഇന്നവരുടെ വെഡിങ് ആനിവേഴ്സറി ആണ്. വൈകിട്ട് ചെല്ലാം എന്നു വാക്ക് കൊടുത്തതാണ്. ബാംഗ്ലൂർ ട്രിപ്പും രാജപ്പൻ പിണങ്ങിയ വിഷമവും ഒക്കെയായി അക്കാര്യം മറന്നു ഞാൻ. “ആഹ് അമ്മേ…” “അമ്മൂ.. നീയെപ്പോ വരും മോളെ?” “ഞാൻ ഉച്ചയ്ക്ക് ഇറങ്ങും അമ്മാ.. വൈകിട്ട് അപ്പുവിനേം ചിന്നുവിനേം കൂട്ടി വരാം” “നീയെവിടെ പോകുവാ?” ഫോൺ വച്ചു കഴിഞ്ഞപ്പോൾ മരിയ ചോദിച്ചു. “അത്.. അത്.. എന്റെ എക്‌സ് ഹസ്ബൻഡിന് പേരന്റ്സിന്റെ വെഡിങ് ആനിവേഴ്സറി ആണ്.” ചിക്കൻ ഫ്രൈ കണ്ട കോഴിക്കുഞ്ഞിനെപോലെ പെണ്ണ് അന്തംവിട്ട് നോക്കുന്നത് കണ്ടു എനിക്ക് ചിരി വന്നു.

അവളോട് കാര്യങ്ങളെല്ലാം പറഞ്ഞു ഞാൻ. “എന്നാലും.. രണ്ടര മാസം ഒരുമിച്ചു വർക്ക് ചെയ്തിട്ടും നീ എന്നോടിത് പറഞ്ഞില്ലല്ലോ നിവി” അപ്പോഴാണ് ഞാനും ഓർത്തത്, രണ്ടര മാസമേ ആയിട്ടുള്ളൂ ഞാനിവിടെ ജോലിക്ക് കയറിയിട്ട്. ഇത്രയും നാൾ കൊണ്ട് രാജപ്പൻ എനിക്ക് ആരൊക്കെയോ ആയോ? ഇത്രയും ചെറിയ കാലം കൊണ്ടൊക്കെ ഒരാൾക്ക് പ്രണയം ഉണ്ടാകുമോ? “ഡീ.. നീയത് ഏതു ലോകത്താ?” മരിയ എന്നെ കുലുക്കി വിളിച്ചു. “ആഹ്. ആരോടും പറഞ്ഞില്ലടി. പറഞ്ഞു നടക്കാൻ കിട്ടിയത് അവാർഡ് ഒന്നും അല്ലല്ലോ, ഡിവോഴ്‌സ് അല്ലെ.” അവൾക്കൊരു വിളറിയ ചിരി സമ്മാനിച്ചു ഞാൻ എണീറ്റ് വാഷ് റൂമിലേക്ക് പോയി.

ചില നേരങ്ങളിൽ നമുക്ക് കാരണം ഇല്ലാതെ കരച്ചിൽ വരും. അപ്പോ ഞാനും അതുപോലെ ഒരു അവസ്ഥയിൽ ആയിരുന്നു. കുറച്ചു കരഞ്ഞു കഴിഞ്ഞപ്പോൾ ആശ്വാസം തോന്നി. ഉച്ചയ്ക്ക് ഓഫീസിൽ നിന്നിറങ്ങി. അച്ഛനും അമ്മയ്ക്കും ഓരോ ബർത്ത് സ്റ്റോണിന്റെ റിങ് ഗിഫ്റ്റായി വാങ്ങി. അപ്പുവിനെയും ചിന്നുവിന്റെയും കൂട്ടിയാണ് മഠത്തിലേക്ക് പോയത്. അച്ഛനും അമ്മയ്ക്കും ഡിവോഴ്സിന് ശേഷം അവിടേക്ക് വരാൻ വല്യ താല്പര്യം ഇല്ല. ഞാൻ അധികം നിർബന്ധിച്ചും ഇല്ല. “സാധാരണ ആൾ കൂടുന്നിടത്ത് പോകാൻ ചേച്ചിക്ക് ഭയങ്കര മടി ആണല്ലോ.

ഹരി അളിയൻ ഉള്ളിടത്തു പ്രത്യേകിച്ചും. ഇന്ന് ഇതന്തു പറ്റി?” അപ്പുവാണ്. “എനിക്കിപ്പോ ഹരിയേട്ടനെ മനസിലാക്കാൻ പാറ്റുന്നുണ്ടെടാ” അവൻ എന്നെ സംശയ ഭാവത്തിൽ നോക്കി. ബാക്ക് സീറ്റിൽ ഇരുന്ന് കിച്ചുവിനോട് കുറുകുന്ന ചിന്നുവും ശ്രദ്ധ ഇവിടേക്ക് തിരിച്ചു. “ഡാ. ഹരിയേട്ടൻ സത്യത്തിൽ നല്ലവൻ അല്ലെ. ഇത്രയും സുന്ദരിയും സുശീലയുമായ (?) എന്നെ കിട്ടിയിട്ടും സ്വന്തം പ്രണയം ആൾ വേണ്ടെന്ന് വച്ചില്ല. എനിക്ക് അനാവശ്യമായ ഒരു പ്രതീക്ഷയും തന്നില്ല. പഠിക്കാൻ വിട്ടു, വേണ്ടതെല്ലാം ചെയ്തു തന്നു. ഏറ്റവും വേഗത്തിൽ എന്നെ ആ ബന്ധത്തിൽ നിന്ന് ഒഴിവാക്കി.

അതു കഴിഞ്ഞയുടനെ ഏട്ടന്റെ പ്രണയം ഏട്ടൻ സ്വന്തമാക്കി. മറ്റാരും ഈ ലോകത്തെയില്ല എന്ന മട്ടിൽ അല്ലെ ഹരിയേട്ടൻ അവളെ പ്രണയിക്കുന്നത്? അത്ര തീവ്രമായി സ്നേഹിക്കുന്ന ആ മനുഷ്യൻ സത്യത്തിൽ നല്ലവനല്ലേ?” ഞാൻ പറയുകയായിരുന്നില്ല, എന്റെ മനസിലുള്ള കാര്യങ്ങൾ ഒഴുകുകയായിരുന്നു. “അപ്പോ ചേച്ചിക്ക് പ്രണയത്തിൽ ഒക്കെ വിശ്വാസം വന്നോ?” ചിന്നുവാണ്. വയസ് പതിനെട്ട് ആയിട്ടേയുള്ളൂ. ചെറിയ വായിൽ വലിയ വർത്താനം പറയുന്നോ? ഞാനും അപ്പുവും ഒരുമിച്ചു കണ്ണുരുട്ടി കാണിച്ചതോടെ അവൾ ഒന്ന് ഇളിച്ചിട്ട് പുറത്തേക്ക് നോക്കിയിരുന്നു.

ആനിവേഴ്സറിക്ക് വന്ന പലരും ഞങ്ങളെ അത്ഭുതതോടെ നോക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. അവരുടെ ഒക്കെ ഭാവനയിൽ പിരിഞ്ഞ ദമ്പതികൾ പുത്തേടത്തും കിഴക്കേടത്തും പോലെ പരസ്പരം അടി കൂടി കഴിയണം. അല്ലെങ്കിൽ പിന്നെ ഇവർ എന്തിനാണ് പിരിഞ്ഞത് എന്നായി ചോദ്യം. എഡ്വി എന്നോട് സ്നേഹത്തോടെ സംസാരിക്കുന്നതും അച്ഛനും അമ്മയും എന്നെ മകളെപ്പോലെ ചേർത്തു നിർത്തുന്നതും ഹരിയേട്ടൻ എന്റെ സഹോദരങ്ങളോട് സംസാരിക്കുന്നതും എല്ലാം പലരും എട്ടാം ലോക മഹാത്ഭുതം എന്ന മട്ടിൽ നോക്കുന്നത് കണ്ടു. അല്ലെങ്കിലും മറ്റുള്ളവരുടെ അടുക്കളപ്പുറത്താണല്ലോ ഞാനടക്കം സകല മലയാളികളുടെയും മനസമാധാനം.

ഞാൻ നല്ല അന്തസായി പോയി അച്ഛനും അമ്മയ്ക്കും ഗിഫ്റ്റ് കൊടുത്തു. ഹരിയേട്ടനും എഡ്വിക്കും ഉണ്ണികുട്ടനും ഒപ്പം നിന്ന് സെൽഫിയും എടുത്തു, മൂക്ക് മുട്ടെ ചിക്കൻ ബിരിയാണി കഴിക്കുകയും ചെയ്തു. അല്ല പിന്നെ. ഹരിയേട്ടൻ വീണ്ടും മൂഷികസ്ത്രീ ആകാനുള്ള ഒരുക്കം ആണെന്ന് തോന്നി. ഒരു മാസത്തെക്കുള്ള ഡോസ് കൊടുത്തു. അടുത്ത സെക്കൻഡിൽ മോനെയും എടുത്തു കൊണ്ട് എന്റെ മുന്നിലൂടെ തേരാ പാരാ നടക്കുന്നത് കണ്ടു. ഇങ്ങനൊരു മനുഷ്യൻ..! വീട്ടിൽ വന്നുകഴിഞ്ഞു എടുത്ത ഫോട്ടോസ് കുറെ സ്റ്റാറ്റസ് ആക്കി. നോക്കുമ്പോൾ ആദ്യത്തെ വ്യൂ രാജപ്പൻ ആണ്.

ഇന്നലെ പിണങ്ങി പോയതിന് ശേഷം ഇപ്പോഴാണ് കക്ഷിയെ ഒന്ന് ഓൺലൈനിൽ കാണുന്നത്. ഒരു ഹായ് സർ അയച്ചിട്ടു. കിട്ടാൻ കാത്തിരുന്നപോലെ ഉടനടി മെസേജ് റീഡ് ആയി. ടൈപ്പിംഗ് കാണിക്കുന്നുണ്ട്. കുറെ നേരം ആയിട്ടും റിപ്ലൈ ഒന്നും വന്നില്ല. ടൈപ്പിംഗ് ടൈപ്പിംഗ്. ഇനി എസ്സേ വല്ലതും എഴുതാൻ ആണോ? അതോ ലീവ് ആയതുകൊണ്ട് ഡെയിലി തരാനുള്ള വഴക്ക് ടൈപ്പ് ചെയ്ത് മെസേജായി അയക്കാൻ ഉള്ള പരിപാടിയാണോ? ആറേഴു മിനിറ്റ് കഴിഞ്ഞു കഷ്ടപ്പെട്ട് ഒരു ഹൈ തിരിച്ചുവന്നു. ഇതാണോ ഇയാൾ ഒരു മണിക്കൂറായി എഴുതിക്കൊണ്ടിരുന്നത്? എനിക്ക് നല്ല ദേഷ്യം വന്നു. ഫോണെടുത്തു മാറ്റി വച്ചിട്ട് കിടന്നുറങ്ങി.

ഫോൺ തുടരെ അടിക്കുന്നത് കേട്ടാണ് ഞാൻ എഴുന്നേറ്റത്. നോക്കുമ്പോൾ ആറേഴു മിസ്ഡ് കോൾ ഉണ്ട്. രാജപ്പൻ…! സമയം പന്ത്രണ്ടായി. ഈ നേരത്ത് ഇയാൾ എന്തിനാണ് വിളിക്കുന്നത്? തിരിച്ചു വിളിച്ചാൽ ആൾ തെറ്റിദ്ധരിക്കും എന്നു തോന്നി. ഉണ്ടായിരുന്ന ഉറക്കം പോയി കിട്ടി. ഫോണും നോക്കി കിടന്നു നേരം വെളുപ്പിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ. രാവിലെ തിരിച്ചു വിളിച്ചെങ്കിലും ആൾ ഫോണെടുത്തില്ല. ഓഫീസിൽ ചെന്ന് എല്ലാവരോടും കത്തിവച്ചു നോക്കുമ്പോൾ ദേ മുറ്റത്തൊരു രാജപ്പൻ. ഇയാൾ അല്ലെ ഒരാഴ്ച ലീവ് ആണെന്ന് പറഞ്ഞത്? “നിവേദ്യാ…” ഇങ്ങനെ അലറേണ്ട മനുഷ്യാ. എനിക്ക് ചെവി കേൾകാം.

“എസ് സർ” “കം റ്റു മൈ കാബിൻ” ചവിട്ടി തുള്ളി പോകുന്നത് കണ്ടു എനിക്ക് ചിരി വന്നു. ആന മദമിളകി നടന്നു പോകുന്നത് പോലെയുണ്ട്. കരിമ്പിൻകാട് ആണെന്ന് കരുതി ഒന്നും കുത്തി മലർത്താത്തത് ഭാഗ്യം. എല്ലാവരുടെയും സഹതാപം നിറഞ്ഞ നോട്ടം കണ്ടുകൊണ്ടാണ് രാജപ്പന്റെ കാബിനിലേക്ക് പോയത്. “സർ.. മേ ഐ?” “ആഹ്..” ഓഹോ. പുച്ഛം. മിനിങ്ങാന്ന് രാത്രി കുശുമ്പ് കുത്തുമ്പോൾ ഈ പുച്ഛം ഒന്നും ഉണ്ടായിരുന്നില്ലല്ലോ. “സർ വരാൻ പറഞ്ഞത്?” “ഇന്നലെ രാത്രി ഞാൻ എത്ര വിളിച്ചു തന്നെ? എന്താ ഫോൺ എടുക്കാത്തത്?” അയ്യേ. ഇത് ചോദിക്കാൻ ആയിരുന്നോ? ഞാൻ വെറുതെ തെറ്റിദ്ധരിച്ചു. അല്ല.

വിളിക്കുമ്പോ വിളിക്കുമ്പോ ഫോൺ എടുക്കാൻ ഞാനാര് ഇയാളുടെ ഭാര്യയോ? “സർ അത്.. ഞാൻ ഉറങ്ങി പോയിരുന്നു.” ഇപ്പോൾ മുഖം അല്പം ശാന്തമായിട്ടുണ്ട്. എന്നു പറഞ്ഞാൽ ഈ വേസ്റ്റ് ബാസ്കറ്റ് എടുത്തുകൊണ്ട് പോയാലും ആ നാറ്റം കുറേനേരത്തേക്ക് കാണുമല്ലോ. അതുപോലെ കുറച്ചു ബാക്കിയുണ്ട്. “ആഹ്. ഇന്ന് ഈവനിംഗ് വിന്റേജ് ഗ്രൂപ്പുമായുള്ള ഡിസ്കഷൻ ഉണ്ട്. താൻ വരണം എന്റെ കൂടെ. അത് പറയാൻ ആണ് ഞാനിന്നലെ വിളിച്ചത്” കണ്ണാ.. പണി പാളിയോ? പാതിരാത്രി വിളിച്ചു ജോലിക്കാര്യം പറയാൻ മാത്രം ആത്മാർത്ഥതയുള്ള ആളാണ് ഈ രാജപ്പൻ എന്നു നോം സ്വപ്നേന നിരീചില്ലല്ലോ. “സർ അത്.. അത് രേഷ്മയോ ദീപക്കോ അല്ലെ ഇത്രയും നാൾ വന്നുകൊണ്ടിരുന്നത്. പെട്ടന്ന് ഞാൻ വരാൻ പറഞ്ഞാൽ?”

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story