തനിയെ : ഭാഗം 3

Share with your friends

Angel Kollam

തന്റെ മുന്നിൽ അപേക്ഷാഭാവത്തിൽ നിൽക്കുന്ന അന്നമ്മയെ കണ്ടില്ലെന്ന് നടിക്കാൻ വേണുവിന് കഴിഞ്ഞില്ല. “അന്നമ്മേ, ജോസഫ് എന്നെ പത്തു തെറി പറഞ്ഞാലും വേണ്ടിയില്ല, നീ ജോലിക്ക് വന്നോ കുഴപ്പമില്ല ” “ഒരുപാട് നന്ദി ” “നന്ദിയൊന്നും പറയണ്ട, നിങ്ങളെ പൈസ തന്ന് സഹായിക്കാനൊന്നും എനിക്ക് കഴിയില്ലല്ലോ, അപ്പോൾ നീയും പിള്ളേരും പട്ടിണി കിടക്കാതിരിക്കാൻ ഒരു ജോലി നൽകാനെങ്കിലും എന്നെകൊണ്ട് ആവുന്നത് പോലെ സഹായിക്കാമെന്ന് കരുതി ” വേണുവിന്റെ രണ്ട് കൂട്ടുകാർ അയാൾക്ക് മുന്നറിയിപ്പ് കൊടുത്തു. “വേണുവേട്ടാ, ജോസെഫിന്റെ സ്വഭാവം ശരിക്കറിയാമല്ലോ, അവൻ വീട്ടിൽ കയറി വന്ന് ചുമ്മാ അലമ്പുണ്ടാക്കും ”

“വരുന്നിടത്തു വച്ചു കാണാം” ഒരു ബസ് കവലയിൽ വന്നപ്പോൾ എല്ലാവരും അതിൽ കയറി, അന്നമ്മ ശങ്കിച്ചു നിൽക്കുന്നത് കണ്ടപ്പോൾ വേണു അവളോട് ചോദിച്ചു. “അന്നമ്മേ.. നീ വരുന്നില്ലേ?” “ടിക്കറ്റ് എടുക്കാൻ എന്റെ കയ്യിൽ കാശില്ല വേണുവേട്ടാ ” “ഞാൻ ടിക്കറ്റെടുത്തോളാം, നീ കയറിക്കോ” അന്നമ്മ ബസിലേക്ക് കയറി. ടൗണിലെ ഒരു മുതലാളിയുടെ വീട് പണിയുന്നിടത്തായിരുന്നു അവർക്ക് ജോലി. അവിടെ എത്തിയപ്പോൾ എല്ലാവരും ധരിച്ചിരുന്ന വസ്ത്രം മാറി, പണിക്കിടാനുള്ള വസ്ത്രം ധരിച്ചു വന്നു. അന്നമ്മ വേണുവിന്റെ മുഖത്തേക്ക് നോക്കിയിട്ട് പറഞ്ഞു. “വേണുവേട്ടാ.. ഞാൻ വേറെ വസ്ത്രമൊന്നും കൊണ്ട് വന്നിട്ടില്ല ”

“ഈ സാരിയുടുത്തു കൊണ്ട് എങ്ങനെ ഇവിടെ കെട്ടിട്ടം പണിക്ക് കല്ലും മണലുമൊക്കെ ചുമക്കും?” “വീട്ടിൽ നിന്നിറങ്ങുമ്പോൾ എനിക്കൊരു ജോലി കിട്ടുമെന്ന് പ്രതീക്ഷിച്ചല്ല ഞാൻ വന്നത് ” വേണു തന്റെ പോക്കറ്റിൽ നിന്നും നൂറിന്റെ രണ്ടു നോട്ടുകൾ എടുത്തു അന്നമ്മയുടെ നേർക്ക് നീട്ടിക്കൊണ്ട് പറഞ്ഞു. “ദേ.. ഇവിടുന്നു കുറച്ചങ്ങോട്ട് മാറി ഒരു തുണിക്കടയുണ്ട്, നീ പോയിട്ട് പണിക്കിടാൻ വേണ്ടി ഒരു കൈലിയും ഒരു ഷർട്ടും വാങ്ങിക്കൊണ്ട് വാ ” വേണുവിന്റെ കയ്യിൽ നിന്നും പൈസ വാങ്ങിയിട്ട് അന്നമ്മ തുണിക്കടയിൽ പോയി വസ്ത്രം വാങ്ങി വന്നു. അന്നമ്മ ആദ്യമായിട്ടാണ് ഇതുപോലെയുള്ള പണിക്ക് വരുന്നത്, അതുകൊണ്ട് തന്നെ പരിചയകുറവുണ്ട്. വേണു അവൾക്ക് വേണ്ടുന്ന നിർദേശങ്ങൾ നൽകി.

അന്നമ്മ ഉത്സാഹത്തോടെ ജോലി ചെയ്യാൻ തുടങ്ങി. ഭാരം ചുമന്നുള്ള ശീലമൊന്നുമില്ല, തലയിൽ കല്ലും കട്ടയും ചുമക്കുമ്പോൾ അതിന്റെ ഭാരം കൊണ്ട് തന്റെ കഴുത്ത് ഒടിഞ്ഞു പോകുമെന്നവൾക്ക് തോന്നി. ഉച്ചയ്ക്ക് എല്ലാവരും ഭക്ഷണം കഴിക്കുമ്പോൾ അന്നമ്മ ഒരു മരത്തിന്റെ തണലിൽ ചിന്തയോടെ ഇരുന്നു. കൂട്ടത്തിലുള്ള ഒന്ന് രണ്ടു സ്ത്രീകൾ അവരുടെ ഭക്ഷണത്തിന്റെ ഒരു പങ്ക് കൊടുക്കാമെന്നു പറഞ്ഞപ്പോൾ അവൾ സ്നേഹപൂർവ്വം നിരസിച്ചു. എല്ലാവരും അവരവർക്ക് ആവശ്യത്തിന് കഴിക്കാനുള്ള ഭക്ഷണവുമായിട്ടായിരിക്കും ജോലിക്ക് വരുന്നത്.

ഇത്രയും കഷ്ടപ്പാട് നിറഞ്ഞ പണിക്കിടയിൽ ഏറെ വിശപ്പോടെ കഴിക്കാനിരിക്കുമ്പോൾ അവരുടെ ഭക്ഷണത്തിന്റെ പങ്ക് പറ്റാൻ തന്റെ മനസനുവദിക്കുന്നില്ല. വേണു ഒരു പൊതി ചോറുമായി അന്നമ്മയുടെ അടുത്തേക്ക് വന്നു, ആ പൊതി അവളുടെ നേർക്ക് നീട്ടി. “വേണ്ട വേണുവേട്ടാ, എന്റെ മക്കൾ അവിടെ വിശന്നിരിക്കുമ്പോൾ, വയറു നിറച്ചു ഭക്ഷണം കഴിക്കാൻ എനിക്കാകില്ല ” “അന്നമ്മേ.. നിനക്ക് ജോലി ചെയ്യാൻ ആരോഗ്യമുണ്ടെങ്കിലേ, ഇവിടെ ജോലി ചെയ്ത് കിട്ടുന്ന പൈസയ്ക്ക് സാധനം വാങ്ങി, നിന്റെ മക്കളുടെ വിശപ്പ് മാറ്റാൻ സാധിക്കുകയുള്ളൂ, അതുകൊണ്ട് വാശി പിടിക്കാതെ ഇത് കഴിക്ക് ” അന്നമ്മ മറുത്തൊന്നും പറയാതെ ആ ഭക്ഷണപ്പൊതി വാങ്ങി. അവരുടെ മിഴികൾ നിറഞ്ഞൊഴുകി.

പട്ടിണിയിരിക്കുന്ന മക്കളെ കുറിച്ചോർത്തപ്പോൾ അവൾക്ക് അത് കഴിക്കാൻ തോന്നിയില്ല. തന്റെ കയ്യിലുള്ള പ്ലാസ്റ്റിക് കവറിലേക്ക് അവൾ ആ പൊതി ഭദ്രമായി വച്ചു. വേണു അത് കണ്ടെങ്കിലും, അന്നമ്മയുടെ മനസ്സ് അയാൾക്ക് മനസിലാക്കാൻ കഴിഞ്ഞത് കൊണ്ട് അയാളൊന്നും മിണ്ടിയില്ല. അഞ്ചു മണിയായപ്പോൾ ജോലി അവസാനിച്ചു. വേണു അന്നമ്മയുടെ അടുത്തെത്തി, അവളുടെ ജോലിയുടെ കൂലി അവൾക്ക് നേരെ വച്ചു നീട്ടി. “വേണുവേട്ടാ, നിങ്ങൾ രാവിലെ എനിക്ക് ഇരുന്നൂറ് രൂപ തന്നതല്ലേ, അത് എടുത്തിട്ട് ബാക്കി തന്നാൽ മതി ” “അന്നമ്മേ അത് നീയെനിക്ക് പിന്നെ തന്നാൽ മതി, നീ ഇതിപ്പോൾ വാങ്ങിക്ക്, എന്നിട്ട് കടയിൽ നിന്നെന്തെങ്കിലും സാധനം വാങ്ങി നിന്റെ മക്കൾക്ക് കൊണ്ട് കൊടുക്ക് ”

“ഒരുപാട് നന്ദിയുണ്ട് ” അന്നമ്മയുടെ മിഴികൾ നിറഞ്ഞൊഴുകി. കവലയിൽ ബസ് ഇറങ്ങിയതിനു ശേഷം അവൾ തങ്കച്ചന്റെ പലചരക്കു കടയിലേക്ക് ചെന്നു. അയാൾ അനിഷ്ടഭാവത്തിൽ നോക്കിയിട്ട് ചോദിച്ചു. “എന്താ അന്നമ്മേ?” “അച്ചായാ കുറച്ച് സാധനങ്ങൾ വേണം ” “അന്നമ്മേ ഇന്നലെ നിന്നോട് ഞാൻ പറഞ്ഞതല്ലേ, പറ്റ് തീർക്കാതെ ഇനി സാധനം തരത്തില്ലെന്ന് ” “പഴയ പറ്റൊക്കെ ഞാൻ തന്ന് തീർത്തോളാം, ഇപ്പോൾ എന്റെ കയ്യിലുള്ള കാശിനു കുറച്ച് സാധനങ്ങൾ തന്നാൽ മതി. ഞാൻ ടൗണിൽ നിന്ന് വരുവാണ്, എന്റെ കയ്യിൽ പൈസ ഉണ്ടായിട്ടും ഞാൻ ടൗണിലെ കടയിൽ നിന്നൊന്നും സാധനം വാങ്ങാതെ നിങ്ങളുടെ കടയിലേക്ക് തന്നെ വരാൻ കാരണം മറ്റൊന്നുമല്ല,

കയ്യിൽ പൈസയില്ലാതെ ഞാൻ വന്നപ്പോൾ പലപ്പോഴും നിങ്ങളെനിക്ക് കടം തന്നിട്ടുണ്ട്, ഒരുപാട് കടമായപ്പോളാണ് നിങ്ങളെന്നെ വെറുംകൈയോടെ മടക്കി അയച്ചത്” തങ്കച്ചന്റെ മുഖത്തൊരു വിഷമം പ്രകടമായി. “അന്നമ്മേ, നിന്നോടുള്ള ദേഷ്യം കൊണ്ടല്ല ഞാൻ അങ്ങനെയൊക്കെ പറഞ്ഞത്, എന്റെ വയറ്റിൽ പിഴപ്പിന് ഞാൻ നടത്തുന്നതാണിത്, പത്തു പേർക്ക് കടം കൊടുക്കുമ്പോൾ തന്നെ ഞാൻ ഞെരുക്കത്തിലാകും ” “എനിക്കറിയാം അച്ചായാ, ഞാൻ വേണു മേശിരിയുടെ കൂടെ കെട്ടിടം പണിക്ക് ചുമടെടുക്കാൻ പോയി തുടങ്ങിയിട്ടുണ്ട്, പതുക്കെ ഞാൻ കടമെല്ലാം തന്ന് തീർക്കാം ” “എല്ലാം ശരിയാകും അന്നമ്മേ.. ഒരു ഇറക്കത്തിന് ഒരു കയറ്റമുണ്ടന്നല്ലേ പറയുന്നത്, ഇന്നല്ലെങ്കിൽ നാളെ നിന്റെയും നിന്റെ മക്കളുടെയും കഷ്ടപ്പാടിന് ഒരറുതി വരും ” അന്നമ്മയ്ക്ക് സാധനങ്ങൾ അളന്നു നൽകുമ്പോൾ തങ്കച്ചൻ അന്നമ്മയുടെ മുഖത്തേക്ക് നോക്കി.

അവളുടെ മുഖത്ത് പലയിടത്തും അടി കൊണ്ട് കരുവാളിച്ച പാടുകൾ ഉണ്ട്, നെറ്റിയിൽ കാലപ്പഴക്കം ചെന്ന മുറിവുകളും, രണ്ട് ദിവസം മുൻപേ ഉണ്ടായ മുറിവും കാണാമായിരുന്നു. മുപ്പത്തിയഞ്ച് വയസിനു താഴെ പ്രായമേ അവൾക്കുള്ളൂ എന്നറിയാം, അവളെ ജോസഫ് കല്യാണം കഴിച്ച സമയത്ത്, ഈ നാട്ടിലെ പല ആണുങ്ങളും അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ചു നോക്കി നിന്നിട്ടുണ്ട്. പഴയ അന്നമ്മയുടെ രൂപമുള്ള മറ്റേതോ സ്ത്രീയാണ് തന്റെ മുന്നിൽ നിൽക്കുന്നതെന്ന് തങ്കച്ചന് തോന്നി. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി അന്നമ്മ തിടുക്കത്തിൽ വീട്ടിലേക്ക് നടന്നു. തന്നെയും കാത്ത് നിൽക്കുന്ന മക്കളെ റോഡിലെത്തിയപ്പോളേ കണ്ടു.

അന്നമ്മ തിടുക്കത്തിൽ വീട്ടിലെത്തി, കുട്ടികളെയും കൊണ്ട് വീടിനുള്ളിലേക്ക് കയറി. തന്റെ കയ്യിലുണ്ടായിരുന്ന ഭക്ഷണപ്പൊതി കുട്ടികളുടെ മുന്നിൽ അഴിച്ചു വച്ചു. അവർ മൂന്നുപേരും ആർത്തിയോടെ ചോറ് വാരി കഴിക്കുമ്പോൾ അന്നമ്മയുടെ മനസ്സിൽ സംതൃപ്തി തോന്നി. ജിൻസി അന്നമ്മയുടെ മുഖത്ത് നോക്കിക്കൊണ്ട് ചോദിച്ചു. “അമ്മയ്ക്ക് വേണ്ടേ?” “ഞാൻ ഉച്ചയ്ക്ക് പണി സ്ഥലത്ത് നിന്ന് കഴിച്ചതാണ്, ഇപ്പോൾ വിശപ്പില്ല, മക്കൾ കഴിച്ചോ ” തന്റെ മക്കളുടെ മുന്നിൽ അമ്മമാർ ആവർത്തിച്ച് പറയുന്ന കള്ളം ഒരു കുറ്റബോധവുമില്ലാതെ അന്നമ്മ ആവർത്തിച്ചു. മക്കൾ കഴിച്ചതിന്റെ ബാക്കി അവർ കാണാതെ അടുക്കളയിൽ ചെന്ന് വാരി കഴിക്കുമ്പോൾ അന്നമ്മയുടെ മനസ്സിൽ ഒരേയൊരു ചിന്ത മാത്രമേയുണ്ടായിരുന്നുള്ളു. ‘ ജോസഫ് അറിയാതെ ജോലിക്ക് പോയി, തന്റെ മക്കളെ വളർത്തുക’.

നേരം വെളുക്കുമ്പോൾ ഇറങ്ങി പോകുന്ന ജോസഫ്, ഒരുപാട് വയ്ക്കുമ്പോളാണ് തിരികെ വരുന്നത്, തന്നെയുമല്ല പലപ്പോളും അയാൾക്ക് സ്വബോധം ഉണ്ടാകുകയുമില്ല, അതുകൊണ്ട് താൻ പണിക്ക് പോകുന്നതും വരുന്നതും അയാൾ അറിയില്ലെന്നുള്ള പ്രതീക്ഷ അന്നമ്മയ്ക്ക് ഉണ്ടായിരുന്നു. രാത്രിയിൽ, സ്വബോധമില്ലാതെ കയറി വരുന്ന ജോസെഫിന് വാതിൽ തുറന്നു കൊടുക്കുമ്പോൾ അവളുടെ മനസിലെ വെറുപ്പ് മുഖത്ത് പ്രകടമായിരുന്നു. “എന്താടി മുഖത്തൊരു പുച്ഛം?” “ഒന്നുമില്ല ” താൻ ഇട്ടിരിക്കുന്ന ഷർട്ട്‌ ഭിത്തിയിലെ ആണിയിലേക്ക് തൂക്കിയിട്ട് അയാൾ കട്ടിലിലേക്ക് കിടന്നു, അന്നമ്മയുടെ നേർക്ക് നോക്കിയിട്ട് അയാൾ പറഞ്ഞു.

“ഇവിടെ വന്ന് കിടക്കടി ” “ഞാൻ പിള്ളേരുടെ കൂടെ കിടന്നോളാം ” ദേഷ്യം കൊണ്ട് അയാളുടെ നെറ്റിയിലെ ഞരമ്പുകൾ വലിഞ്ഞു മുറുകി. അയാൾ ചാടി എഴുന്നേറ്റു. “പിള്ളേരുടെ കൂടെ കിടക്കാനല്ല ഞാൻ നിന്നെ കെട്ടികൊണ്ട് വന്നത്. ഭാര്യമാരായാൽ ഭർത്താവിന്റെ ആഗ്രഹങ്ങൾക്കനുസരിച്ചു പ്രവർത്തിക്കണം ” “ഭർത്താവ്,ഭാര്യയ്ക്കും മക്കൾക്കും ചിലവിനു കൊടുക്കുന്നവനാണെങ്കിൽ, ഭർത്താവ് പറയാതെ തന്നെ ഭാര്യ അയാളുടെ ആഗ്രഹങ്ങൾ അനുസരിച്ചു പെരുമാറിക്കോളും ” “എനിക്കറിയാമല്ലോ, നിന്നെ അനുസരിപ്പിക്കാൻ ” പറയുക മാത്രമല്ല, അയാൾ ചാടി എഴുന്നേറ്റു, കുട്ടികൾ ഉറങ്ങുന്ന റൂം പുറത്ത് നിന്നു കുറ്റിയിട്ടതിനു ശേഷം അന്നമ്മയുടെ നേർക്ക് വന്നു.

അവളുടെ തോളിൽ കൈ വച്ചതും അവൾ ആ കൈ തട്ടി മാറ്റി. അയാൾ വർധിച്ച ദേഷ്യത്തിൽ അന്നമ്മയുടെ കവിളിൽ ആഞ്ഞടിച്ചു, പിന്നെ അവരെ ബലം പ്രയോഗിച്ചു കിടക്കയിലേക്ക് വലിച്ചിട്ടു. അയാളുടെ ആഗ്രഹസഫലീകരണത്തിന് വഴങ്ങി കൊടുക്കുമ്പോൾ അന്നമ്മയുടെ ശരീരവും മനസും ഒരേപോലെ നോവുകയായിരുന്നു. രാവിലെ ജോസഫ് വീട്ടിൽ നിന്നിറങ്ങി പോയപ്പോൾ, അന്നമ്മ ധൃതിയിൽ കുറച്ച് ചോറും, പരിപ്പ് കറിയും ഉണ്ടാക്കി, ഒരു പാത്രത്തിൽ പകർന്നെടുത്തു, ബാക്കിയുള്ളത് കഴിക്കണമെന്ന് കുട്ടികൾക്ക് നിർദേശം കൊടുത്തിട്ട് അന്നമ്മയും ജോലിക്ക് പോകാനിറങ്ങി. വീടിന് പുറത്തിറങ്ങുമ്പോൾ ലീല മതിലിന്റെ അരികിൽ നിന്ന് നോക്കുന്നത് കണ്ടു.

അന്നമ്മയുടെ മുഖത്ത് നോക്കിയിട്ട് അവൾ ചോദിച്ചു. “നീ പണിക്ക് പോയി തുടങ്ങി. അല്ലേ?” “എത്രനാൾ ഞാനും പിള്ളേരും പട്ടിണി കിടക്കും? അതുകൊണ്ടാണ് കൂലിപ്പണിക്ക് പോയിട്ടാണെങ്കിലും കുടുംബം നോക്കാമെന്നു കരുതിയത് ” “ജോസഫ് അറിഞ്ഞാൽ അതോട് കൂടി അവൻ നിന്റെ കഥ കഴിക്കും അന്നമ്മേ, ഇവനും ഇവന്റെ അപ്പനും ഇങ്ങനെ കുടിയന്മാരായി പോയെന്നേയുള്ളു, ഇവന്റെ വല്യപ്പച്ചനൊക്കെ ഈ നാട്ടിലെ വല്യ പ്രമാണികളായിരുന്നു. ഈ പള്ളി പണിയാൻ സ്ഥലം കൊടുത്തത് അദ്ദേഹമായിരുന്നു. ഒരുകാലത്ത്, ഈ നാട്ടിലെ ഏറ്റവും കൂടുതൽ ഭൂസ്വത്ത് ഉള്ള ആൾക്കാരായിരുന്നു, ജോസെഫിന്റെ അപ്പൻ ജോർജച്ചായൻ ഭൂമി വിറ്റ് കള്ളു കുടിക്കാൻ തുടങ്ങി, നല്ലൊന്നാന്തരം ഒരു വീടുള്ളത് കരുണാകരൻ മുതലാളിക്ക് വിറ്റിട്ട് ഇവിടേക്കു മാറിയത്.

എന്തായാലും ജോർജച്ചായനെക്കാളും ഭേദം ജോസഫ് ആണെന്നാണ് എനിക്ക് തോന്നുന്നത്. ഒന്നുമല്ലെങ്കിലും അവനൊന്നും വിറ്റ് കള്ള് കുടിച്ചില്ലല്ലോ ” “വിൽക്കാൻ വേണ്ടി എന്താ അയാളുടെ പേരിലുള്ളത്, ഈ വീടും പത്തു സെന്റ് വസ്തുവും അയാളുടെ അമ്മയുടെ പേരിലാണ്. അവരുടെ മരണശേഷമേ അയാൾക് ഇത് വിൽക്കാൻ പറ്റുകയുള്ളൂ. ഇവിടെ നിന്നാൽ ബലം പ്രയോഗിച്ചു വസ്തു എഴുതി വാങ്ങിയാലോ എന്ന് കരുതിയിട്ടാണ് അമ്മ ജെസ്സിയുടെ വീട്ടിൽ പോയി സ്ഥിരതാമസമായത് ” ലീല മൂക്കത്തു വിരൽ വച്ചു കൊണ്ട് പറഞ്ഞു. “എന്നാലും ആലുംതടത്തിൽ കുടുംബത്തിലെ ഒരു പെണ്ണ് കൂലിപ്പണിക്ക് പോകുന്നുവെന്ന് പറഞ്ഞാൽ… ജോസഫ് അറിഞ്ഞാൽ എന്താകുമോ എന്തോ?” അന്നമ്മയുടെ മുഖത്ത് പുച്ഛം വിടർന്നു.

“ലീലേ.. എല്ലാം അറിയാവുന്ന നീ തന്നെ ഇങ്ങനെ സംസാരിക്കരുത്. ഗാലറിയിൽ ഇരുന്ന് കമന്റ് പറയുന്നവർക്കറിയില്ല, ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നവരുടെ മാനസികാവസ്ഥ. അതുപോലെയാണ് എന്റെ കാര്യവും. ദിവസവും ഈ വീട്ടിലെ അടിയും വഴക്കും കാണുന്ന നിനക്ക് എന്നെ മനസിലാകുന്നില്ല. അപ്പോൾ ഈ നാട്ടുകാരുടെ കാര്യം പറയണോ?” “അന്നമ്മേ, അവനറിഞ്ഞാൽ നിന്നെ തല്ലി ചതക്കും, അത്രയേ ഞാൻ പറഞ്ഞുള്ളൂ.. ബാക്കിയൊക്കെ നിന്റെ ഇഷ്ടം.. വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നാണല്ലോ പ്രമാണം ” ലീല വീടിനുള്ളിലേക്ക് കയറി പോയി. അവൾ പറഞ്ഞത് ശരിയാണെന്നറിയാം, പക്ഷേ തനിക്കിപ്പോൾ വേറെ മാർഗങ്ങൾ ഒന്നും തന്നെയില്ലാത്തത് കൊണ്ട് ജോലിക്ക് പോയെ തീരൂ..

അന്നമ്മ ജോലിക്ക് പോയി. ദിവസങ്ങൾ കടന്നുപോയി, ജോസഫ് അറിയാതെ അവൾ പണിക്ക് പോകുകയും വരുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരം അന്നമ്മ ജോലി കഴിഞ്ഞു വരുമ്പോൾ വേണു എന്തൊക്കെയോ സാധനങ്ങൾ വാങ്ങാൻ വേണ്ടി അടുത്തുള്ള കടയിൽ കയറി. നേരം വൈകണ്ടെന്ന് കരുതി അന്നമ്മ തനിച്ച് ബസ് സ്റ്റാൻഡിലേക്ക് നടന്നു. ബസ് കാത്ത് നിൽക്കുമ്പോൾ, എതിർവശത്തെ കടയിൽ ആപ്പിൾ വിൽക്കാൻ വച്ചിരിക്കുന്നത് കണ്ടു. ജനിച്ചിട്ടിന്നേ വരെ തന്റെ മക്കൾ ആപ്പിൾ കഴിച്ചിട്ടില്ലെന്ന് അറിയാവുന്നത് കൊണ്ട് അന്നമ്മ റോഡിന്റെ എതിർവശത്തുള്ള കടയിലെത്തി ആപ്പിൾ വാങ്ങി.

കവറിലിട്ട് നൽകിയ ആപ്പിൾ സുരക്ഷിതമായി പിടിക്കുമ്പോൾ എത്രയും പെട്ടന്ന് വീട്ടിലെത്താൻ അന്നമ്മയുടെ മനസ്സ് തുടിക്കുകയായിരുന്നു. ആദ്യമായി ആപ്പിൾ കഴിക്കുന്ന കുഞ്ഞുങ്ങളുടെ സന്തോഷം കാണാൻ അവൾ കൊതിച്ചു. കവലയിൽ ബസ് നിന്നതും അന്നമ്മ തിടുക്കത്തിൽ ബസിൽ നിന്നിറങ്ങി, മുന്നോട്ട് നടക്കാൻ ഭാവിച്ചതും തീയിൽ ചവിട്ടിയത് പോലെ അവൾ നിന്നു. ചുമന്നു കലങ്ങിയ കണ്ണുകളുമായി ജോസഫ് തൊട്ടുമുന്നിൽ നിൽക്കുന്നു. അന്നമ്മ ഒരാശ്രയത്തിന് വേണ്ടി തന്റെ ചുറ്റുമുള്ളവരെ നോക്കി, എല്ലാവരും എന്താ നടക്കുന്നത് കാണാനുള്ള ആകാംഷയിൽ നിൽക്കുന്നു. അന്നമ്മ പേടിയോടെ ജോസെഫിന്റെ കണ്ണുകളിലേക്ക് നോക്കി. അവൻ അവളുടെ വലത് കരണത്തിൽ സർവ്വശക്തിയും ഉപയോഗിച്ച് ആഞ്ഞടിച്ചു. അടിയുടെ ആഘാതത്തിൽ അന്നമ്മ നിലത്തേക്ക് വീണു.

അവളുടെ കയ്യിലിരുന്ന പ്ലാസ്റ്റിക് കവർ പൊട്ടി, ആപ്പിൾ അവിടെ ചിതറി വീണു. നിലത്തു വീണു കിടന്നിട്ടും അവളോടൊരു ദയവും കാണിക്കാതെ ജോസഫ് അവളുടെ നാഭിയിൽ ആഞ്ഞു ചവിട്ടി. ഒരു ഞരക്കത്തോടെ അയാളുടെ നേർക്ക് നോക്കിയിട്ട് അന്നമ്മ ബോധരഹിതയായി. എന്നിട്ടും ജോസെഫിന് ഒരലിവും തോന്നാതെ അവളെ ഉപദ്രവിക്കുന്നത് കണ്ടപ്പോൾ കൂടി നിന്നവരിൽ ഒരാൾ ഉറക്കെ പറഞ്ഞു. “നിർത്തെടാ ജോസഫേ, ഇനി ഉപദ്രവിച്ചാൽ ആ പെണ്ണ് ചത്തുപോകും” അത് കേട്ടതും ജോസഫ് അവളെ വീണ്ടും ചവിട്ടാനായി ഉയർത്തിയ കാല് താഴ്ത്തിയിട്ട്, അവളുടെ നേർക്കൊന്ന് നോക്കുക പോലും ചെയ്യാതെ തന്റെ വീട്ടിലേക്ക് നടന്നു.

കടയിൽ സാധനം വാങ്ങാൻ വന്നവരിൽ ഏതോ ഒരു സ്ത്രീ ഒരു പാത്രത്തിൽ വെള്ളവുമായി അന്നമ്മയുടെ അരികിലെത്തി, അവളുടെ മുഖത്തേക്ക് തളിച്ചു. അന്നമ്മ മെല്ലെ കണ്ണു തുറന്നു നോക്കി, തന്റെ ചുറ്റിൽ സഹതാപത്തിന്റെ പല മുഖങ്ങളും കാണാൻ കഴിയുന്നു, അവരിലൊരാളെങ്കിലും ജോസഫ് തന്നെ ഉപദ്രവിച്ചപ്പോൾ എതിർത്തിരുന്നുവെങ്കിൽ എന്നവൾ വെറുതെ മോഹിച്ചു. അന്നമ്മ മെല്ലെ എഴുന്നേറ്റു,അവിടെ ചിതറിക്കിടന്ന ആപ്പിൾ പെറുക്കിയെടുത്തു ആ പൊട്ടിയ കവറിലേക്കിട്ടിട്ട്, സുരക്ഷിതമായി നെഞ്ചോട് ചേർത്ത് പിടിച്ചു,ഇടറുന്ന കാലുകളുമായി അവൾ വീട്ടിലേക്ക് നടന്നു. “കർത്താവെ, ആ കാലന്റെ കൈ കൊണ്ട് ചാകാനായിരിക്കും ഈ പെണ്ണിന്റെ വിധി ” കവലയിൽ കൂട്ടം കൂടി നിന്നിരുന്ന ആരുടെയോ ഒരാളുടെ ആത്മഗതം അന്നമ്മയുടെ കാതിൽ വീണു.

തുടരും.. 

തനിയെ : ഭാഗം 2

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-