നാഗമാണിക്യം: ഭാഗം 4

Share with your friends

എഴുത്തുകാരി: സൂര്യകാന്തി

പതിവ് പോലെ രാത്രിയിൽ അത്താഴത്തിനിരുന്നപ്പോഴാണ് മനയ്ക്കൽ പുതിയ ആളുകളൊക്കെ എത്തിയിട്ടുണ്ടെന്ന് അച്ഛൻ പറയുന്നത് കേട്ടത്. അനന്തപത്മനാഭന്റെ ഫ്രണ്ട്സും ജോലിക്കാരും… എന്തായാലും ഇനി അങ്ങോട്ട് പോവേണ്ടല്ലോ, അയാളെ കാണേണ്ടി വരില്ലല്ലോ എന്നൊക്കെ വിചാരിക്കുമ്പോഴാണ് അച്ഛൻ പറഞ്ഞത്. “പത്മേ, നിക്ക് അതിരാവിലെ ഒരിടം വരെ പോവാനുണ്ട്. കാവിലെ ഉത്സവക്കാര്യവുമായി ബന്ധപ്പെട്ട്. നീ രാവിലെ ആ പാലൊന്ന് മനയ്ക്കലെത്തിക്കണം. ” ഒന്നും എതിർത്തു പറഞ്ഞില്ലെങ്കിലും പത്മയുടെ മുഖം മങ്ങിയത് മാധവൻ കണ്ടു.

“നിനക്ക് അവിടെ പോവുന്നത് ഇഷ്ടമാവുന്നില്ലെന്ന് നിക്കറിയാം. നാളെ കൂടിയല്ലേ മോളെ, പിന്നെ ശ്രീക്കുട്ടനിങ്ങെത്തില്ലേ.” “മനയ്ക്കലെ പറമ്പിലെ കാറ്റടിച്ചാൽ ബോധം കെടുന്നവനാ. അച്ഛൻ വിഷമിക്കണ്ട, ഞാൻ കൊണ്ടുക്കൊടുത്തോളാം ” മാധവൻ സുധയെ നോക്കി പുഞ്ചിരിച്ചു.. പത്മ രാവിലെ എണീറ്റു ഫ്രഷ്‌ ആയി അടുക്കളയിലേക്ക് ചെല്ലുമ്പോൾ സുധർമ്മ തിരക്കിട്ട പണിയിലായിരുന്നു. “അച്ഛൻ പോയോ അമ്മേ? ” “ഹാ പോയി.. നിനക്ക് രാവിലെ എണീറ്റ് ഒന്ന് കുളിച്ചൂടെ കുട്ട്യേ? ” “ഓ.. ” പത്മ മുഖം ചുളിച്ചു അമ്മയെ നോക്കി.

പുലർച്ചെ എണീറ്റു കുളി കഴിഞ്ഞു പൂജാമുറിയിൽ വിളക്ക് വെച്ചിട്ടേ സുധർമ്മ അടുക്കളയിൽ കയറൂ. ഓർമ വെച്ച നാൾ മുതൽ അങ്ങിനെയാണ്.നെറ്റിയിലെ ചന്ദനക്കുറിയും സിന്ദൂരവുംമുടിയിൽ ചുറ്റി കെട്ടിയ തോർത്തുമായാണ് അമ്മയെ രാവിലെ കാണാറുള്ളത്….. “നോക്കി നിൽക്കാതെ ആ പാലെടുത്ത് കൊണ്ടുപോയി കൊടുക്ക് പത്മേ. അച്ഛൻ പറഞ്ഞതല്ലേ ” പത്മ മുടിയൊക്കെ വാരിക്കെട്ടി വച്ച് ദാവണി നേരെയാക്കി സുധർമ എടുത്തു വെച്ച പാൽപാത്രം കയ്യിലെടുത്തു.

“ന്റെ കുട്ട്യേ നിനക്ക് ഇത്തിരി വൃത്തിയ്ക്കും മെനയ്ക്കുമൊക്കെ നടന്നൂടെ, അവിടെ ആളുകളൊക്കെ ഉള്ളതല്ലേ ” “ഓ പിന്നെ…. ന്നെ പെണ്ണു കാണാൻ വന്നവരൊന്നുമല്ലല്ലോ ങ്ങനെയൊക്കെ മതി” പത്മ സുധർമ്മയെ നോക്കാതെ പുറത്തേക്ക് നടന്നു. “ഇങ്ങനെ ഒരു പെണ്ണ്… ” സുധർമ്മ തലയിൽ കൈ വെച്ചു നിന്നു. താമരക്കുളത്തിന്റെ അരികിലെത്തിയപ്പോൾ തന്നെ ഇല്ലത്തെ പൂമുഖത്ത് ആരൊക്കെയോ ഇരിക്കുന്നത് പത്മ കാണുന്നുണ്ടായിരുന്നു പത്മ നടന്നുവരുന്നത് അനന്തൻ കണ്ടു .

പൂമുഖപ്പടിയിൽ എത്തിയതും എല്ലാവരുടെയും നോട്ടം തന്നിലേക്ക് ആണെന്നറിഞ്ഞിട്ടും പത്മ ആരെയും ശ്രദ്ധിക്കാതെ അകത്തേക്ക് നടന്നു. അനന്തൻ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു. “ഹാ ഇത് ഏതാടാ ഈ വെള്ളരിപ്രാവ് നമ്മൾ ഇത്രയും പേർ ഇവിടെ നിന്നിട്ടും ഒട്ടും മൈൻഡ് ചെയ്യാതെ കയറി പോയവൾ? ” അരുൺ പറയുന്നത് കേട്ട് അനന്തൻ ഒരു ചിരിയോടെ കയ്യിലെ മുറിവിലേക്ക് നോക്കി, എന്നിട്ട് പതിയെ പറഞ്ഞു. “വെള്ളരിപ്രാവ്..” ” അപ്പോൾ ചുമ്മാതല്ല നീ ഇവിടെ തമ്പുരാനായ് ഇങ്ങനെ വിലസി നടക്കുന്നത് അല്ലേ?

” വിനയിന്റെ ചോദ്യം കേട്ട് ഗൗതമിനരികിൽ ഇരുന്ന വീണ പറഞ്ഞു. “എന്നാ പിന്നെ ഞങ്ങളെയും കൂടി പരിചയപ്പെടുത്ത് ബ്രോ” അനന്തൻ ഒരു കള്ളച്ചിരിയോടെ കണ്ണിറുക്കി കാണിച്ചു. അനന്തന്റെ അരികിലിരുന്ന അഞ്ജലിയുടെ മുഖം മാത്രം ഇരുണ്ടിരുന്നു. അപ്പോഴാണ് പത്മ പുറത്തേക്ക് വന്നത്. അവൾ ആരെയും നോക്കാതെ പുറത്തേക്ക് നടക്കാൻ തുടങ്ങിയതും അനന്തൻ വിളിച്ചു. “പത്മ, ഇതെല്ലാം എന്റെ ഫ്രണ്ട്സ് ആണ്..” അപ്പോഴേക്കും അരുൺ അവളുടെ അരികിലെത്തിയിരുന്നു. അവൾക്ക് നേരെ വലം കൈ നീട്ടി കൊണ്ട് അവൻ പറഞ്ഞു. “ഹായ് അയാം അരുൺ..” പത്മ മുഖത്ത് ഒരു ചിരി വരുത്തി കൊണ്ട് പറഞ്ഞു.

“ഞാൻ പത്മ..” അരുണിന്റെ ചമ്മിയ മുഖം കണ്ടു അനന്തൻ ചിരിയടക്കി നിന്നു. ഒന്നു ചമ്മി എങ്കിലും അരുൺ ഓരോരുത്തരെയായി പരിചയപ്പെടുത്തി. “പത്മ നമ്മുടെ മാധവേട്ടന്റെ മകളാണ്” അനന്തൻ പറഞ്ഞതും അഞ്ജലി അവന്റെ തോളിൽ കൈവെച്ചു കൊണ്ട് ചോദിച്ചു. “ഓ ഇവിടുത്തെ ജോലിക്കാരന്റെ മകളാണ് അല്ലേ? ” പത്മ ഒന്നും പറഞ്ഞില്ലെങ്കിലും ആ കണ്ണുകളിൽ നിറഞ്ഞ അഗ്നി കണ്ടു അഞ്ജലി ഒന്ന് ചൂളി.

“ശരി ” അനന്തനെ ഒന്ന് നോക്കി എല്ലാരോടുമായി പറഞ്ഞിട്ട് മുറ്റത്തേക്കിറങ്ങി നടക്കുമ്പോൾ പത്മ കേൾക്കുന്നുണ്ടായിരുന്നു. “അഞ്ജലി, മാധവേട്ടൻ ഇവിടുത്തെ ജോലിക്കാരനല്ല. ഇവിടുത്തെ എല്ലാ കാര്യങ്ങളും അറിയാവുന്ന ആളെന്ന നിലയ്ക്ക് ഞാൻ കൂടെ നിൽക്കുമോ എന്ന് ചോദിച്ചതാണ്.” അഞ്ജലിയുടെ മറുപടി കേട്ടില്ലെങ്കിലും വീട്ടിലേക്ക് നടക്കുമ്പോൾ പത്മയുടെ മുഖം തെളിഞ്ഞിരുന്നു.

ഇടയ്ക്കെപ്പോഴോ വന്ന അച്ഛൻ ഇല്ലപ്പറമ്പിലേക്ക് കയറി പോകുന്നത് കണ്ടപ്പോൾ പത്മയുടെ മനസ്സിൽ തെളിഞ്ഞത് അഞ്ജലിയുടെ മുഖമായിരുന്നു. വീട്ടിലിരുന്ന് ബോറടിച്ച് തുടങ്ങിയിരുന്നു. ഉച്ചവെയിൽ താണപ്പോഴാണ് പുറത്തേക്കിറങ്ങിയത്. കിണറ്റിൻ കരയിലെ ചാമ്പ മരത്തിനരികിലേക്ക് നടന്നു. പൂത്തു തുടങ്ങുന്നേയുള്ളൂ. പിന്നെ നേരെ അടുത്തു നിൽക്കുന്ന പേരമരക്കൊമ്പിലേക്ക് വലിഞ്ഞുകയറി. ഒട്ടും വൈകിയില്ല, ഒരു പേരക്ക ഉടനെ തന്നെ പറിച്ചെടുത്തു അകത്താക്കാൻ തുടങ്ങി… എപ്പോഴാണെന്നറിയില്ല ഇല്ലപ്പറമ്പിലേക്ക് കണ്ണെത്തിയത്. ഇവിടെനിന്ന് ഇല്ലത്തെ പൂമുഖം വരെ കാണാം.

അനന്തനും കൂട്ടുകാരും മുറ്റത്തുണ്ടായിരുന്നു. സ്ലീവ്ലെസ് ടോപ്പും ഷോർട്സും ഇട്ട ആ പെണ്ണ് അനന്തനൊപ്പം നിന്ന് സെൽഫി എടുക്കുന്നത് കണ്ടു. അവൾ എന്തോ പറഞ്ഞതും ചിരിയോടെ അനന്തൻ അവളുടെ ചുമലിൽ കൈ വച്ച് കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് പത്മ കണ്ടു. ഓ എന്തായാലും അങ്ങേർക്ക് നല്ല മാച്ചാ ആ ഇളക്കക്കാരി.. പത്മ പിറുപിറുത്തു. എന്തിനെന്നറിയാതെ അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. “പത്മേ ” അമ്മയുടെ വിളി കേട്ടാണ് അവൾ താഴേക്ക് നോക്കിയത്.

പെട്ടു, തന്റെ മരംകേറ്റം കാണുമ്പോഴേ അമ്മയ്ക്ക് കലിയിളകും. പത്മ പതിയെ താഴേക്കിറങ്ങി. ” നിനക്കിനിയും ഈ മരംകയറ്റം നിർത്താറായില്ല്യേ കുട്ട്യേ? ” പത്മ ചിരിച്ചു നിന്നതേയുള്ളൂ. ” നീ ഒന്ന് മനയ്ക്കലെ പറമ്പിൽ പോയിട്ട് കുറച്ചു പുല്ലു ചെത്തി വന്നേ നമ്മുടെ പൂവാലിയ്ക്ക് ” ” ചുമ്മാതല്ല അമ്മ ഇത്രയും സൗമ്യമായി പറഞ്ഞത് ല്ലേ… ” സുധർമ്മ പുറകിലായി പിടിച്ചിരുന്ന അരിവാൾ അവൾക്ക് നേരെ നീട്ടി. നാഗക്കാവിനരികിലൂടെ മനയ്ക്കലെ തെക്കേപ്പറമ്പിലേക്കാണ് അവൾ നടന്നത്. അതിരിലെ പുല്ല് ചെത്തിക്കൊണ്ടിരിക്കുന്നതിനിടെ മുഖമുയർത്തിയപ്പോൾ കണ്ടു തൊട്ടപ്പുറത്തെ തെങ്ങിൽ ചാരി തന്നെ നോക്കി നിൽക്കുന്ന അനന്തനെ..

” ഒരാളുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്ന് എന്തെങ്കിലുമൊക്കെ എടുക്കുമ്പോൾ അയാളുടെ അനുവാദം ചോദിക്കുന്നതാണ് മര്യാദ…” ” ഓ, അറിഞ്ഞില്ല തമ്പുരാൻ നാല് നേരം പുഴുങ്ങിക്കഴിക്കുന്നത് ഈ പുല്ല് ആണെന്ന്” “നിന്റെ വായിൽ തർക്കുത്തരം മാത്രമേ വരികയുള്ളോടി ” ” ദേ തന്നോട് ഞാൻ പറഞ്ഞിട്ടുള്ളതാ ന്നെ എടീ പോടീ എന്ന് വിളിക്കരുതെന്ന് ” ” നീ വല്ല നാഗകന്യയുമാണോ പെണ്ണേ ? ” പത്മ അനന്തനെ തുറിച്ചുനോക്കി. ” അല്ല, ഈ പാമ്പുകളുടെ സ്നേഹം വന്യമാണെന്ന് കേട്ടിട്ടുണ്ട്”

പത്മ ഒന്നും മനസ്സിലാകാതെ നിന്നു. “മനസ്സിലായില്ലേ, നിനക്കെന്നോടുള്ള കടുത്ത അട്രാക്ഷൻ കൊണ്ടാണ് എന്നോട് ഇത്രയും ദേഷ്യം വരുന്നത്. നിന്റെ മനസ്സിനെ കണ്ട്രോൾ ചെയ്യാൻ സാധിക്കാത്തത് കൊണ്ട്.” ” പിന്നെ സ്നേഹം അതും തന്നോട്, ഞാൻ ഏറ്റവും വെറുക്കുന്നത് തന്നെയാണ്” ” അത് തന്നെയാണ് ഞാനും പറഞ്ഞത്, ഈ വെറുപ്പ് സ്നേഹം കൊണ്ടാണെന്ന്” ” തനിക്ക് ഭ്രാന്ത്‌ണ്ടോ? ” ” പത്മയ്ക്ക് അനന്തനോട് പ്രണയമാണെന്ന് ഞാൻ തെളിയിച്ചാൽ…? ” പത്മ അവനെ ഒരു കൂർത്ത നോട്ടം നോക്കി.

“ആഹാ നീ ഇവിടെ വന്ന് നില്ക്കുകയായിരുന്നോ? ഞങ്ങൾ എവിടെയെല്ലാം നോക്കി” അരുണിന്റെ ശബ്ദം കേട്ടാണ് അവർ തിരിഞ്ഞു നോക്കിയത്. പത്മയെ കണ്ടതും അഞ്ജലി ഓടിവന്ന് അനന്തന്റെ കയ്യിൽ പിടിച്ചു. ” ഹേ അനന്തൂ ഒന്ന് വന്നേ, ഞാൻ പറഞ്ഞതല്ലേ ആ താമരക്കുളത്തിനരികെ നിന്ന് കുറച്ചു പിക്സ് എടുക്കാന്ന് ” പത്മ അവരെ ശ്രദ്ധിക്കാതെ അവളുടെ ജോലി തുടരുകയായിരുന്നു. പക്ഷേ അനന്തന്റെ കണ്ണുകൾ അവളിലായിരുന്നു. അഞ്ജലിയുടെ കണ്ണുകൾ അവന്റെ ഭാവങ്ങൾ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.

“ഹായ് പത്മ ഞാൻ ഹെൽപ്പ് ചെയ്യണോ? ” അരുൺ അവൾക്കരികിൽ എത്തിയിരുന്നു. അനന്തൻ ചിരിക്കുന്നുണ്ടായിരുന്നു. ” വേണ്ട ഞാൻ ചെയ്തോളാം” പത്മയുടെ സ്വരം സൗമ്യമായിരുന്നു. അഞ്ജലി അനന്തന്റെ കൈകളിൽ പിടിച്ചു വലിച്ചപ്പോൾ അവൻ അവൾക്കൊപ്പം നടന്നു. ” പത്മ സീ യൂ ലേറ്റർ, ബൈ..” അവളെ നോക്കി കൈവീശി കാണിച്ചിട്ട് അരുൺ അവർക്ക് പിന്നാലെ നടന്നു.അവർ നടന്നകന്നുവെന്ന് മനസ്സിലായപ്പോഴാണ് പത്മ മുഖമുയർത്തി നോക്കിയത്. ആ പെണ്ണ് അയാളുടെ കൈകളിൽ തൂങ്ങിയാണ് പോകുന്നത്. അതേ നിമിഷം അനന്തൻ തിരിഞ്ഞുനോക്കി.

കണ്ണുകൾ ഉടക്കിയതും പത്മ മുഖം താഴ്ത്തിക്കളഞ്ഞു, എങ്കിലും അനന്തന്റെ ചിരി അവൾ കണ്ടിരുന്നു. വീണയും വിനയും ഗൗതമും മാവിൻചുവട്ടിലായിരുന്നു. അങ്ങോട്ട് നടക്കുന്നതിനിടെ അഞ്ജലി വീണ്ടും അനന്തനോടായി പറഞ്ഞു. “ഹേയ് അനന്തൂ നമുക്ക് താമരക്കുളത്തിന്റെ അടുത്തേക്ക് പോകാംന്നേ ” “അഞ്ജു , ഇങ്ങോട്ട് വരുന്നതിനു മുമ്പേ തന്നെ ഞാൻ പറഞ്ഞതാണ്. ഇവിടെയെല്ലാം അങ്ങനെ ചുറ്റിക്കറങ്ങി നടക്കാനൊന്നും പറ്റില്ല. പ്രത്യേകിച്ച് ആ താമരക്കുളത്തിനരികിലേക്ക്. ഇട്സ് ടൂ ഡൈഞ്ചറസ്.. നീ കരുതുന്ന പോലൊരു ഇടമല്ലയിവിടം.

കുറെ തവണ ഞാൻ പറഞ്ഞതാണ് ഇങ്ങോട്ട് വരണ്ടെന്ന് നിങ്ങളോട്. ഞാൻ പറയുന്നത് കേട്ടില്ലെങ്കിൽ എല്ലാത്തിനെയും ഞാൻ പാക്ക് ചെയ്തു വിടും ” അനന്തന്റെ സ്വരത്തിൽ ഗൗരവം നിറഞ്ഞു. അഞ്ജലിയുടെ മുഖം കറുത്തു. “എന്തായിരുന്നു അവിടെ ഒരു ചുറ്റിക്കളി? ” ഗൗതമിന്റെ ചോദ്യത്തിന് അരുണാണ് മറുപടി പറഞ്ഞത്. “അതേ അവിടെ നമ്മുടെ വെള്ളരിപ്രാവ് ഉണ്ടായിരുന്നു” ” എടാ കോഴി, അവൾ നിന്റെ പപ്പും പൂടയും പറിച്ച് വിടും, അത് നീ കരുതുന്ന പോലെയുള്ള ഇനമല്ല.

വെട്ടൊന്ന് മുറി രണ്ട്. അതാണ് ആ കുരിപ്പിന്റെ രീതി. കാവലായി കൊറേ പാമ്പുകളുമുണ്ട് ” ചെറുചിരിയോടെയാണ് അനന്തൻ പറഞ്ഞത്. “പാമ്പോ..? ” അരുണിന്റെ സ്വരത്തിൽ പേടിയുണ്ടായിരുന്നു. ചുറ്റും നോക്കി കൊണ്ടാണവൻ ചോദിച്ചത്. “അതെ, ഇവിടെ അങ്ങനെയൊക്കെയാ, അപ്പോഴേ ഞാൻ പറഞ്ഞതല്ലേ വരേണ്ടെന്ന് ” ആരും ഒന്നും മിണ്ടിയില്ല.. പുല്ല് അരിഞ്ഞു തീരാറായപ്പോഴാണ് കുറച്ചപ്പുറം വീണു കിടന്നിരുന്ന തേക്കിലയുടെ അടുത്തുനിന്ന് എന്തോ ഒന്ന് ഇഴഞ്ഞു മാറിയതുപോലെ പത്മയ്ക്കു തോന്നിയത്.

അടുത്തെത്തിയപ്പോഴാണ് പുൽപടർപ്പുകൾക്കിടയിൽ ഒരു തിളക്കം കണ്ടത്. ഒരു നാഗത്തിന്റെ രൂപം കൊത്തിയ ലോക്കറ്റ്… അതിന്റെ കണ്ണിൽ പതിപ്പിച്ച നീല കല്ല് തിളങ്ങുന്നുണ്ടായിരുന്നു… പത്മയുടെ മനസ്സിൽ എന്തിനെന്നറിയാതെ സന്തോഷം വന്ന് നിറയുന്നുണ്ടായിരുന്നു.. അവൾ ആ ലോക്കറ്റ് വലം കയ്യിൽ മുറുകെ പിടിച്ചു… തൊട്ടപ്പുറത്തെ അത്തിമരകൊമ്പിൽ പിണഞ്ഞു കിടന്നിരുന്ന മണി നാഗത്തിന്റെ നീലക്കണ്ണുകൾ തിളങ്ങി.. രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും പത്മയുടെ മനസ്സിൽ അനന്തന്റെ വാക്കുകളായിരുന്നു.

സ്നേഹം അതും അയാളോട്.. ആകെ അങ്ങനെയൊരു അട്ട്രാക്ഷൻ ഇതുവരെ തോന്നിയിട്ടുള്ളത് വൈശാഖൻ മാഷിനോട് മാത്രമാണ്. എന്നാലും അനന്തന്റെ സാമീപ്യത്തിൽ മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പോകാറുണ്ട്. ദേഷ്യം നിയന്ത്രിക്കാൻ കഴിയാറില്ല പലപ്പോഴും.. അത് എന്തുകൊണ്ടാണ്…? വല്ലാത്ത ദാഹം തോന്നിയപ്പോഴാണ്, പത്മ എഴുന്നേറ്റ് ഡൈനിങ് ടേബിലിൽ വെച്ചിരുന്ന ജഗ്ഗിലെ വെള്ളം കുടിക്കാൻ എത്തിയത്. തിരികെ നടക്കുമ്പോൾ അമ്മയുടെ നേർത്ത സ്വരം അവളുടെ കാതിലെത്തി.

” ന്നാലും മാധവേട്ടാ, ന്റെ മോൾ.. അവളുടെയും കൂടി അല്ലേ എല്ലാം.. എന്നിട്ടും.. അവൾക്ക് നല്ല സങ്കടമുണ്ട്” ” ന്ത് ചെയ്യാനാ സുധേ.. അവടത്തെ ചോരയാണെന്നല്ലാതെ അവൾക്കു അതിൽ യാതൊരു അവകാശവും ഇല്ല്യാലോ ” “ന്നാലും ഞാൻ… ” അമ്മയുടെ നേർത്ത കരച്ചിലും അച്ഛന്റെ ആശ്വാസവാക്കുകളും കേട്ടതോടെ പത്മ മുറിയിലേക്ക് നടന്നു. ആ വാക്കുകൾ അവളുടെ മനസ്സിൽ ദഹിക്കാതെ കിടന്നു… പത്മ മേശവലിപ്പിൽ ഭദ്രമായി വെച്ച നാഗ ത്തിന്റെ ലോക്കറ്റിലെ നീലക്കല്ല് അപ്പോഴും തിളങ്ങുന്നുണ്ടായിരുന്നു.

ഒരു ദുസ്വപ്നം കണ്ടാണ് അയാൾ ഞെട്ടി എഴുന്നേറ്റത്. അരോഗദൃഢഗാത്രനായ അയാൾ വിയർപ്പിൽ കുളിച്ചിരുന്നു. കണ്ട സ്വപ്നത്തിലെ രംഗങ്ങൾ അയാൾ മനസ്സിൽ ഓർത്തെടുത്തു. നാഗകാളി മഠത്തിലെ നാഗക്കാവിനുള്ളിലെ വള്ളിപ്പടർപ്പുകൾക്കിടയിൽ മറഞ്ഞു നിൽക്കുമ്പോഴും അയാളുടെ കണ്ണുകൾ നാഗത്തറക്ക് മുൻപിൽ കൈകൾ കൂപ്പി കണ്ണുകളടച്ചു നിന്നിരുന്ന സുന്ദരിയായ കന്യകയിൽ നിന്നും, നാഗ പ്രതിഷ്ഠയിൽ പ്രത്യക്ഷനായ നാഗരാജാവിന്റെ തിളങ്ങുന്ന ശിരസ്സിലേക്കായിരുന്നു എത്തിയത്.

പൊടുന്നനെ കണങ്കാലിൽ ഒരു വേദന അനുഭവപ്പെട്ടപ്പോഴാണ് താഴേക്ക് നോക്കിയത്. കാലിൽ ചുറ്റിപ്പിണഞ്ഞു കിടന്നിരുന്ന കരിനാഗത്തിന്റെ ഉടലിലെ കറുത്ത മുത്തുകൾ തിളങ്ങുന്നുണ്ടായിരുന്നു.. .. നെറ്റിയിലെ വിയർപ്പു തുള്ളികൾ പുറം കൈയാൽ തുടയ്ക്കുന്നതിനിടെ അയാൾ മനസ്സിലുറപ്പിച്ചു. സമയമായി… വർഷങ്ങളായി കാത്തിരിക്കുന്ന, നാഗകാളി മഠത്തിന്റെ പതനത്തിനും മനസ്സിലിപ്പോഴും കെട്ടടങ്ങാത്ത കിടക്കുന്ന ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനും… അയാളുടെ ഉള്ളിൽ അവളുടെ മുഖത്തോടൊപ്പം മറ്റു ചിലരുടെ മുഖങ്ങൾ കൂടെ തെളിഞ്ഞു വന്നു

പിറ്റേന്ന് പാലുമായി മാധവൻ പോയതുകൊണ്ട് പത്മക്ക് മനയ്ക്കലേക്ക് പോകേണ്ടി വന്നില്ല. അമ്മയെ സഹായിച്ചും ടിവിയുടെ മുമ്പിൽ ചടഞ്ഞു കൂടിയിരുന്നും അവൾ സമയം പോക്കി. പനിയായതുകൊണ്ട് ശ്രീക്കുട്ടൻ തിരികെ വന്നിരുന്നില്ല. കാവിലേക്ക് പത്മ തനിയെയാണ് പോയത്.നാഗക്കാവിലെ മരങ്ങളിലെ ഇലകൾ കാറ്റിലുലഞ്ഞാടുന്നുണ്ടായിരുന്നു… കാവിനുള്ളിലേക്ക് കയറുന്നതിനു മുൻപേ തന്നെ പത്മ കണ്ടു നാഗപ്രതിഷ്ഠയ്ക്കു മുൻപിൽ നിൽക്കുന്ന അനന്തനെയും അഞ്ജലിയെയും അവർക്ക് പിറകിലായി നിൽക്കുന്ന വിനയിനെയും..

പതിയെ അവർക്കരികിലേക്ക് നടക്കുമ്പോൾ പത്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അഞ്ജലി തിരി കൊളുത്താൻ തുടങ്ങുമ്പോഴൊക്കെ നാളം അണഞ്ഞു പോയെങ്കിലും അവൾ കൂടുതൽ വാശിയോടെ തിരി തെളിയിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. പെട്ടെന്നു തിരിഞ്ഞു നോക്കിയ അനന്തൻ കണ്ടു പത്മയുടെ നിറഞ്ഞ കണ്ണുകൾ… ആ നീർത്തുള്ളികൾ മണ്ണിൽ പതിച്ചതും അഞ്ജലിയുടെ നിലവിളിയുയർന്നു.

(തുടരും )

നാഗമാണിക്യം: ഭാഗം 3

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-