കനൽ : ഭാഗം 15

കനൽ : ഭാഗം 15

എഴുത്തുകാരി: Tintu Dhanoj

അങ്ങനെ രണ്ടു മൂന്നു ദിവസങ്ങൾ കൂടെ പോയി .കണ്ണേട്ടൻ നാളെ ഡൽഹിക്ക് പോകും.. പാക്കിംഗ് ഒക്കെ ആണ്. വേറെ 2 ഫ്രണ്ട്സ് കൂടെ ഉണ്ട്..അത് കൊണ്ട് അവിടെ ഒക്കെ കറങ്ങി കണ്ടിട്ട് ആണ് തിരിച്ച് വരൂ എന്ന് പറഞ്ഞു.. കിച്ചുവേട്ടന് നല്ല സങ്കടം ഉണ്ടെന്ന് എനിക്ക് മനസ്സിലായി കണ്ണേട്ടൻ പോകുന്നതിൽ…മുഖം ഒക്കെ ആകെ ക്ഷീണിച്ചിരുന്നു.. ആദ്യമായി ആണ് അവര് പിരിഞ്ഞു നിൽക്കുന്നത്..ബാംഗ്ലൂർ പഠിക്കുമ്പോൾ പോലും പഠിച്ചത് രണ്ടു കോളജിൽ ആണെങ്കിലും താമസം ഒരുമിച്ച് ആയിരുന്നു..

അവര് ഒരു വീട് എടുത്ത് ആയിരുന്നു താമസിച്ചിരുന്നത്.. രാത്രി കുറെ നേരം രണ്ടാളും സംസാരിച്ചു ഇരിക്കുന്ന കണ്ടിട്ട് ആണ് ഞാൻ കിടക്കാൻ പോയത്. കിച്ചുവേട്ടൻ വന്നു കിടന്നത് ഒന്നും ഞാൻ അറിഞ്ഞില്ല..അപ്പഴേക്കും ഞാൻ ഉറങ്ങി.. രാവിലെ അലാറം അടിക്കുന്ന ഒച്ച കേട്ട് ഞാൻ എഴുന്നേല്ക്കുമ്പോൾ കിച്ചുവേട്ടൻ കുളിക്കുക ആയിരുന്നു.. കണ്ണേട്ടനെ കൊണ്ട് വിടാൻ എയർപോർട്ടിൽ പോകണം.. രണ്ടു പേരും റെഡി ആയി വന്നു..പോകാൻ ആയപ്പോൾ അമ്മ കണ്ണ് ഒക്കെ നിറഞ്ഞു നിൽക്കുക ആണ്..

“എന്റെ അമ്മെ ഞാൻ ഡൽഹി വരെ അല്ലേ പോകുന്നുളളൂ..അതിനു ഇങ്ങനെ കണ്ണ് നിറച്ചാൽ ഞാൻ ജർമനി പോകുമ്പോൾ എന്ത് ചെയ്യും?”അതും പറഞ്ഞ് കണ്ണേട്ടൻ അമ്മക്ക് ഒരു ഒരു മുത്തം നൽകി.. “പോയി വരാട്ടോ അമ്മുക്കുട്ടി ..എന്റെ അച്ഛനെയും,അമ്മയെയും ഒന്ന് നോക്കിക്കോ..ഇങ്ങനെ മസിൽ പിടിക്കുന്നു എന്നേയുള്ളൂ അച്ഛനും കരയാൻ റെഡി ആണ്”…എന്ന് പറഞ്ഞു എന്റെ കവിളിൽ തട്ടിയിട്ട് കണ്ണേട്ടൻ ഇറങ്ങി.. അവര് പോയതും വീട് ഉറങ്ങിയ പോലെ..ബോർഡിംഗ് കഴിഞ്ഞു എന്ന് പറഞ്ഞു കണ്ണേട്ടൻ വിളിച്ചിരുന്നു..

ഇനി എത്തിയിട്ട് വിളിക്കാം എന്ന് പറഞ്ഞു. കിച്ചുവേട്ടൻ വന്നപ്പോൾ രാത്രി ആയി..കുളിച്ചു വന്നു കിടന്നു..സങ്കടം അറിയുന്നത് കൊണ്ട് ഞാനും ഒന്നും ചോദിച്ചില്ല.. അങ്ങനെ ഒരു ദിവസം കഴിഞ്ഞു..പിറ്റേ ദിവസം അമ്മ പറഞ്ഞു.. “കിച്ചു ഇവിടെ വയ്യെട മടുത്തു..നമുക്ക് കോട്ടയത്തിന് പോകാം..അത് കേട്ടതും എൻറെ മുഖം തെളിഞ്ഞു .അങ്ങനെ ഞങ്ങൾ വീട്ടിലേക്ക് പോയി..അവിടെ ഒരു ദിവസം നിന്നപ്പോൾ കിച്ചുവേട്ടൻ പറഞ്ഞു “അമ്മു നമ്മൾ ഇത് വരെ എവിടെയും പോയില്ലല്ലോ.. എവിടേലും പോകാം ..

അങ്ങനെ ആലപ്പുഴ ബീച്ച് ,ഹൗസ്ബോട്ട് ഒക്കെ പ്ലാൻ ചെയ്തു. കിച്ചുവേട്ടൻ തന്നെ നെറ്റിൽ നോക്കി നമ്പർ ഒക്കെ തപ്പി എടുത്തു ഹൗസ് ബോട്ട് വിളിച്ചു ബുക്ക് ചെയ്തു..ഒരു നൈറ്റ് ,ഒരു ഡേ വിത്ത് ഫുഡ് അതാണ് പാക്കേജ്.. വീട്ടിൽ പറഞ്ഞപ്പോൾ ഞങ്ങൾ പോയാൽ മതിയെന്ന് ആയി..അങ്ങനെ ഞങ്ങൾ പിറ്റെ ദിവസം രാവിലെ ഇറങ്ങി. .. തണ്ണീർമുക്കം എത്തി കരിക്ക് ഒക്കെ കുടിച്ചു..കുറെ ഫോട്ടോ ഒക്കെ എടുത്തു കണ്ണേട്ടന് അയച്ചു . വീണ്ടും യാത്ര തുടങ്ങി അപ്പൊൾ എപ്പഴോ ആണ് കിച്ചുവേട്ടൻ പാടുന്ന പോലെ തോന്നിയത്..

ഞാൻ ശ്രദ്ധിച്ചപ്പോൾ നിർത്തി. പിന്നെയും ശ്രദ്ധിച്ചു.. “നീ ഇല്ലെങ്കിൽ ഇന്നെൻ ജന്മം വേനൽ കനവായ്‌ പോയ്പ്പോയെനെ . നീ ഇല്ലെങ്കിൽ സ്വപ്നം പോലും മിന്നൽ കതിരുകളായ്‌ പോയേനെ..” കേട്ടതും ഒരു അമ്പരപ്പോടെ ഞാൻ ചോദിച്ചു.. “ഇത്രേം നന്നായി പാടുമായിട്ട് എന്താ എന്നോട് പറയാതെ ഇരുന്നത് കിച്ചുവേട്ടാ? ഇനിയും എന്തൊക്കെ ഉണ്ട് എന്നോട് പറയാത്തത്??” അത് കേട്ട് ചിരിച്ചു പിന്നെ പറഞ്ഞു..”ഒരു വീട്ടിൽ ഒരാള് പാടിയാൽ പോരെ ?,എന്റെ പ്രിയ പത്നി ക്ക് ഞാൻ സ്ഥാനം ഒഴിഞ്ഞു തന്നതാണ്”എന്ന് എനിക്ക് അത് കേട്ടു ദേഷ്യം വന്നു ..

പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല..ആലപ്പുഴ എത്തി ഭക്ഷണം ഒക്കെ കഴിച്ച് ബീച്ചിലേക്ക് പോയി ഞങ്ങൾ..വെയില് ഉണ്ട്..എങ്കിലും കടല് കാണാൻ വല്ലാത്ത ഭംഗി.. സൂര്യ കിരണങ്ങൾ ഏററ് തിളങ്ങുന്ന മണൽ പരപ്പിലൂടെ നടന്നു നീങ്ങുമ്പോൾ എന്റെ കൈ കിച്ചുവേട്ടന്റെ കരങ്ങളിൽ ഭദ്രം ആയിരുന്നു..അവിടെ എത്തിയിട്ടും ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു.. “അമ്മുസെ സോറി ഡാ..ഞാൻ പാട്ട് ഒക്കെ ഉപേക്ഷിച്ചിട്ട് ഒരുപാട് നാളായി .പറയാൻ അത് കൊണ്ട് തന്നെ ഓർത്തില്ല..”ആ വാക്കുകൾ കേട്ടിട്ടും ഞാൻ ഒന്നും മിണ്ടിയില്ല..

പക്ഷെ എന്റെ മറുപടി ഇല്ലാതായപ്പോൾ കടലിലേക്ക് കണ്ണും നട്ട് ഇരിക്കുന്ന കിച്ചുവേട്ടനെ കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി.. “ഇനി ഇങ്ങനെ ചെയ്യുമോ എന്നോട്”? ഞാൻ ചോദിച്ചത് കേൾക്കാതെ കിച്ചുവേട്ടൻ ഇരിക്കുന്ന കണ്ടതും എനിക്ക് സങ്കടം തോന്നി..ഒന്നും മിണ്ടാതെ ഞാൻ എഴുന്നേറ്റു നടന്നു. “അമ്മു ഇത് എവിടെ പോകുവാ?നിൽക്ക് അമ്മു”എന്ന് പുറകിൽ നിന്ന് വിളിക്കുന്ന കിച്ചുവേട്ടന്റെ വാക്കുകളെ കേൾക്കാതെ ഞാൻ നടന്നു നീങ്ങി..ദൂരേ നീങ്ങി കണ്ട ഒരു തിട്ടയിൽ പോയി കണ്ണ് നിറച്ച് ഞാൻ ഇരുന്നു..

കിച്ചുവേട്ടൻ നടന്നു വരുന്നത് കണ്ടിട്ടും ഞാൻ നോക്കിയില്ല..എന്നെയും കഴിഞ്ഞു നടന്നു പോയി എന്റെ ഫേവറിറ്റ് വാനില ഐസ് ക്രീം വാങ്ങി കിച്ചുവേട്ടൻ തിരിച്ച് എത്തി.. “അമ്മു തൽക്കാലം ഇത് വാങ്ങി കഴിച്ചിട്ട് പിണക്കം മാറ്റ്..ബാക്കി ഞാൻ വൈകിട്ട് തരാം..”എന്ന് പറഞ്ഞിട്ടും അത് വാങ്ങാത്ത എന്നെ നോക്കി “ഇത് വാങ്ങിക്കോ ഇല്ലേൽ പിണക്കം മാറ്റാൻ എനിക്ക് അറിയാം..പിന്നെ നടുറോഡിൽ നിന്ന് ഉമ്മ വച്ചു എന്ന് പരാതി പറയരുത് കേട്ടോ”.. അത് കേട്ടതും ഞാൻ ഐസ് ക്രീം വാങ്ങി .

“നല്ല കുട്ടി” എന്ന് പറഞ്ഞ കിച്ചുവേട്ടനെ നോക്കി ” നീ പോടാ” എന്നും പറഞ്ഞു ഞാൻ ഓടി. ഇല്ലെങ്കിൽ കിച്ചുവേട്ടൻ എന്റെ ചെവിക്കു പിടിക്കും എന്ന് എനിക്ക് അറിാമായിരുന്നു.. ഓടിയ എന്റെ പുറകെ “ആഹാ അത്രയ്‌ക്കായോ നീ..”എന്ന് ചോദിച്ച് കിച്ചുവേട്ടനും ഓടി വന്നു.. ആ ഓട്ടത്തിൽ ഇരമ്പി വന്നൊരു തിരമാലയിൽ വീഴാൻ പോയ എന്നെ പക്ഷെ കിച്ചുവേട്ടന്റെ കരങ്ങൾ ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു.. പിന്നെ വന്ന തിരമാലകളിൽ മതിയാവുവോളം കളിച്ചു ഞങ്ങൾ തിരിച്ച് കയറി.. ഞങ്ങളുടെ പിണക്കവും ആ തിരമാലകളിൽ അലിഞ്ഞു ഇല്ലാതായിരുന്നു..

രണ്ട് പേരും നല്ലത് പോലെ നനഞ്ഞിരുന്നു.. അത് കൊണ്ട് തന്നെ അവിടെ അടുത്തുള്ള ഒരു ഹോം സ്റ്റേ യില് കയറി കുളിച്ച് ഡ്രസ്സ് ഒക്കെ മാറി വന്നു ..ശേഷം കിച്ചുവേട്ടൻ ഹൗസ് ബോട്ടിന്റെ ആൾക്കാരെ വിളിച്ചു 7മണിയോട് കൂടി എത്തും എന്ന് പറഞ്ഞു.. അങ്ങനെ 7മണി ആയപ്പോൾ ഞങ്ങൾ ഹൗസ് ബോട്ടിൽ എത്തി..അവര് ഞങ്ങൾക്ക് വേണ്ടി ഫുഡ് ഒക്കെ ഒരുക്കി വച്ചിരുന്നു..അതൊക്കെ കഴിച്ചിട്ട് കിച്ചുവേട്ടൻ അവരോട് സംസാരിച്ച് ഇരുന്നു .ഞാൻ ആ സമയം കായലിന്റെ ഫോട്ടോ ഒക്കെ എടുത്ത് കണ്ണേട്ടന് അയച്ചു കൊടുത്തു .

അതെല്ലാം കണ്ടിട്ട് കണ്ണേട്ടൻ വിളിച്ചു..അങ്ങനെ പതിവ് പോലെ ഞങ്ങൾ കുറെ അടി വച്ച് കഴിഞ്ഞപ്പോൾ “കിച്ചു എവിടാ ഫോൺ കൊടുക്ക്..”എന്ന് കണ്ണേട്ടൻ പറഞ്ഞതും ഞാൻ ഫോൺ കൊണ്ട് കിച്ചുവേട്ടന് കൊടുത്തു..കുറച്ച് സംസാരിച്ചിട്ടു എനിക്ക് തന്നെ തന്നു.. “ശരി ഗുഡ് നൈറ്റ്”എന്നും പറഞ്ഞു ഞാൻ ഫോൺ വച്ചിട്ട് വന്നു കായലിലേക്ക് നോക്കി കുറെ നേരം നിന്നു…എന്റെ ആഗ്രഹം ആയിരുന്നു ..നിലാവിന്റെ ഭംഗിയിൽ ആകാശത്ത് നിറഞ്ഞു നിൽക്കുന്ന നക്ഷത്രങ്ങളെ നോക്കി കായലിന്റെ നടുക്ക് ഇത് പോലെ ഒരു രാത്രി.

അങ്ങനെ നിൽക്കുമ്പോൾ പുറകിലൂടെ രണ്ടു കരങ്ങൾ എന്നെ ചുറ്റി വരിഞ്ഞു..”അമ്മുസേ”എന്ന ആർദ്രമായ വിളിയും എന്റെ കാതോരം എത്തി..അങ്ങനെ കുറെ നേരം നിന്നു.. “അമ്മു ഞാൻ എന്ത് ഭാഗ്യവാൻ ആണല്ലേ നിന്നെപ്പോലെ ഇത്രയും സ്നേഹിക്കുന്ന ഒരു ഭാര്യ,അതും വർഷങ്ങൾ ഞാൻ മാത്രം ആയി പ്രണയിച്ച് നിന്നോട് പോലും പറയാതെ കാത്തു വച്ചിട്ടും എനിക്ക് നിന്നെ കിട്ടി..നിനക്ക് അറിയുവോ നിന്നോട് പറയാത്ത സമയത്തും എന്നും രാത്രി ഞാൻ നിന്നെ സ്വപ്നം കാണുമായിരുന്നു”.

ഞാൻ ഒക്കെയും ഒരു കൊച്ചു കുഞ്ഞിനെ പോലെ കേട്ടു കൊണ്ടിരുന്നു.”.നീ ഇല്ലാതെ ഒരു നിമിഷം പോലും എനിക്ക് പറ്റില്ല അമ്മു..” “ഞാൻ നിന്നോളം ആഗ്രഹിച്ചത് ഒന്നും ഇല്ല വേറെ ,,ഞാൻ ആഗ്രഹിച്ചു നേടിയ വേറെ ഒന്നിനും നിന്നോളം വിലയും ഇല്ല..നീ ആണ് എന്റെ പ്രാണൻ . “പിന്നെ ഞാൻ അമ്മുവിനോട് ഒരു കാര്യം ചോദിക്കട്ടെ”? എന്താണെന്ന് അറിയാൻ ഞാൻ ആ മുഖത്തേക്ക് നോക്കി..കിച്ചുവേട്ടൻ വീണ്ടും പറഞ്ഞു “നമ്മുടെ കുഞ്ഞുവാവ വന്നാൽ അമ്മുവിന് എന്നോട് ഇഷ്ടം കുറയുമോ?അങ്ങനെ പറയുന്നത് കേൾക്കാല്ലോ?”

കിച്ചുവേട്ടന്റെ മിഴികളിലേക്കു നോക്കിയതും ആ മനസ്സിലെ ദുഃഖം എനിക്ക് വായിച്ച് എടുക്കാനായി … “കിച്ചുവേട്ട ആരൊക്കെ വന്നാലും എന്റെ ഏട്ടനോട് ഉള്ള സ്നേഹം ഒരിക്കലും ഇൗ മനസ്സിൽ കുറയില്ല..അല്ലേൽ തന്നെ നമ്മുടെ വാവ അല്ലേ?അപ്പൊൾ ആ വാവയെ തന്ന ആളോട് ഉള്ള ഇഷ്ടം എങ്ങനാ കുറയുക?” “ഒരുപക്ഷേ ഇപ്പൊൾ ചെയ്യും പോലെ എല്ലാ കാര്യങ്ങളും എനിക്ക് ചെയ്യാൻ പറ്റിയില്ല എന്ന് വരാം…” പക്ഷെ അതിനു ഒരിക്കലും സ്നേഹം കുറഞ്ഞു എന്ന് അർത്ഥം ഇല്ല..മാത്രമല്ല മക്കൾ ഒരുനാൾ അവരുടെ ലോകത്തേക്ക് പോകും..

അപ്പൊൾ നമ്മള് മാത്രമാകും നമുക്ക് ഉണ്ടാകൂ. ..”അതാണ് ദാമ്പത്യ ജീവിതത്തിന്റെ അടിത്തറ..ജീവൻ ഉള്ള കാലത്തോളം ഭാര്യയ്ക്ക് ഭർത്താവും,ഭർത്താവിന് ഭാര്യയും മാത്രമേ കാണൂ..” “നമ്മുടെ ജീവിതത്തിൽ ദൈവം വരദാനമായി തരുന്ന വിരുന്നുകാർ മാത്രം ആണ് മക്കൾ..സ്വന്തം ആയ വിരുന്നുകാർ..നമ്മുടെ മനസ്സിലും,അവരുടെ മനസ്സിലും ഉണ്ടാകും..പക്ഷെ ജീവിതത്തിൽ പലപ്പോഴും നമുക്ക് നമ്മൾ മാത്രം ആയി തീരും.” “അപ്പൊൾ പരസ്പരം താങ്ങും,തണലും ആവേണ്ടവർ ആണ് ഭാര്യയും,ഭർത്താവും,,.

കണ്ണേട്ടൻ പോകുന്നതിൽ അച്ഛനും അമ്മയ്ക്കും നല്ല വിഷമം ഉണ്ട്..എങ്കിലും അവര് പരസ്പരം ആശ്വസിപ്പിക്കുന്ന കണ്ടിട്ടില്ലേ?അതാണ് ദാമ്പത്യത്തിന്റെ വിജയം .” “അത് ആണ് നമ്മൾ മനസ്സിലാക്കേണ്ടത്..അത് മനസ്സിലാക്കിയാൽ ഒരു കുടുംബവും തകരില്ല..പക്ഷെ അത് അറിയാതെ പോകുന്നതാണ് പല കുടുംബങ്ങളും തകരുന്നതിന്റെ കാരണം..” ഞാൻ പറഞ്ഞു തീർത്തും കിച്ചുവേട്ടൻ എന്നെ കുറച്ചൂടെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു.. “മതി എനിക്ക് ഇത് കേട്ടാൽ മതി.

മനസ്സ് നിറഞ്ഞു..നിലാവും,നക്ഷത്രവും കണ്ടു കൊതി തീർന്നെങ്കിൽ നമുക്ക് കിടക്കാം. ” കിച്ചുവേട്ടന്റെ ചോദ്യത്തിന് മറുപടിയായി ഞാൻ ഒന്ന് മൂളി. എന്നെയും ചേർത്ത് പിടിച്ചു കിച്ചുവേട്ടൻ അകത്തേക്ക് നടന്നു. അപ്പൊൾ ഞങ്ങളുടെ ലോകത്ത് ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ..വേറെ ആർക്കും ഒരു ചിന്തകൾക്കും സ്ഥാനം ഇല്ലായിരുന്നു. പരസ്പരം എല്ലാ രീതിയിലും തിരിച്ച് അറിഞ്ഞ രണ്ടു ആത്മാക്കൾ മാത്രം . അതായിരുന്നു ഞങ്ങളുടെ അവസ്ഥ..

വളരെ ഏറെ സന്തോഷത്തോടെ കിച്ചുവേട്ടൻ എന്നെ ആ നെഞ്ചോടു ചേർത്ത് പിടിച്ചു അധരങ്ങളിൽ ചുംബിച്ചു…ഞങ്ങളുടെ സ്നേഹത്തിന്റെ തീവ്രത കണ്ടിട്ട് നാണം പൂകി പൗർണമി പോലും വാനത്തിൻെറ വിരിമാറിൽ എവിടെയോ ഒളിച്ചു. .. നക്ഷത്രങ്ങൾക്ക് ഞങ്ങളോട് അസൂയ തോന്നി കാണണം… അങ്ങനെ ശരീരം കൊണ്ടുംമനസ്സു കൊണ്ടും ഇണപിരിക്കാൻ ആവാത്ത വിധം ഒന്നായി പരസ്പരം പുൽകി ഞങ്ങൾ എപ്പഴോ നിദ്രയുടെ ആഴങ്ങളിലേക്ക് വീണു പോയിരുന്നു..

ഇനി വരുന്ന പുലരികളും,അസ്തമയങ്ങളും ഞങ്ങൾക്കായി തീരട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്.. ഉറക്കത്തിന്റെ അഗാധ തലങ്ങളിൽ എവിടെയോ ബോട്ടിൽ കേൾക്കുന്ന പാട്ടിന്റെ വരികൾ എന്റെ മനസ്സിന്റെ ആഴങ്ങളിലേക്ക് എത്തിയിരുന്നു.. “പിരിയാൻ വയ്യാ പക്ഷികളായ്‌ നാം തമ്മിൽ തമ്മിൽ കഥ പറയും..”

തുടരും…

കനൽ : ഭാഗം 14

Share this story