അനാഥ : ഭാഗം 7

Share with your friends

എഴുത്തുകാരി: നീലിമ

ഞാൻ മുകളിലേക്കുള്ള പടികൾ ഓടിക്കയറി… ‘ഈ കുട്ടി ഇതെവിടേക്കാ ഇങ്ങനെ ഓടുന്നത്. ഒന്ന് പതിയെ പോ മോളെ, തട്ടി വീഴരുത്….’ താഴെ നിന്നു അച്ഛൻ വിളിച്ചു പറഞ്ഞു.. അതൊന്നും ഞാൻ കേട്ടില്ല… ആ വാർത്ത എത്രയും വേഗം അദ്ദേഹത്തെ കാണിക്കണമെന്നായിരുന്നു മനസ്സിൽ… ഞാൻ ചെല്ലുമ്പോൾ മഹിയേട്ടൻ എഴുന്നേൽക്കുന്നെ ഉണ്ടായിരുന്നുള്ളു… എന്റെ വരവും കിതപ്പും കയ്യിലെ ന്യൂസ്‌ പേപ്പറും ഒക്കെ കണ്ടപ്പോൾ ആള് ആകെ ഭയന്നു… ചാടി എഴുന്നേറ്റു… ‘എന്താഡോ? എന്തു പറ്റി? ‘ കിതപ്പ് കാരണം എനിക്കൊന്നും സംസാരിക്കുവാൻ കഴിഞ്ഞില്ല… ‘എന്തു പറ്റി നിമ്മി??? ‘ ആ സ്വരത്തിലെ പരിഭ്രാന്തി എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു…

ഞാൻ ന്യൂസ്‌ പേപ്പർ അദ്ദേഹത്തിന് നീട്ടി… ആള് ന്യൂസ്‌ പേപ്പർ വാങ്ങി ഞാൻ കാണിച്ചു കൊടുത്ത ന്യൂസ്‌ വായിക്കാൻ തുടങ്ങി…. “കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു, സുഹൃത്ത് അത്യാസന്ന നിലയിൽ.” ഇതാണ് തലക്കെട്ട്… അദ്ദേഹം സംശയത്തിൽ എന്നെ നോക്കി… അപ്പോഴും എന്റെ കിതപ്പു മാറിയിരുന്നില്ല. അത് കൊണ്ടാവും എന്നോട് കൂടുതൽ ചോദിക്കാതെ വാർത്ത മുഴുവൻ വായിച്ചത്. “അമിത വേഗത്തിൽ വന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. തുഷാർ (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അരുൺ മോഹൻ അത്യാസന്ന നിലയിൽ മെഡിക്കൽ കോളേജിൽ ആണ്.

രണ്ട് പേരുടെയും ഫോട്ടോയും ഉണ്ട് പത്രത്തിൽ. ‘അരുൺ മോഹൻ??? ‘ മഹിയേട്ടൻ സംശയത്തിൽ എന്നെ നോക്കി… അതേ എന്ന് ഞാൻ തലയാട്ടി… അദ്ദേഹത്തിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു… ‘അപ്പോൾ അവനുള്ള ശിക്ഷ ഈശ്വരൻ തന്നെ കൊടുത്തു അല്ലേ?? നന്നായി…. ഛെ ! അവൻ ചത്തില്ലല്ലോ? ‘ അദ്ദേഹം നിരാശയോടെ ന്യൂസ്‌ പേപ്പർ ബെഡിലേക്കിട്ടു… എന്നെ ദ്രോഹിച്ചവനാണ്… എന്നെ നശിപ്പിക്കാൻ ശ്രമിച്ചവൻ… അവനാണ് ഇപ്പോൾ അത്യാസന്ന നിലയിൽ…. സന്തോഷം തോന്നേണ്ടതാണ്… പക്ഷെ, സന്തോഷിക്കാൻ എനിക്ക് കഴിഞ്ഞില്ല…. ഒരാളുടെ വേദന കണ്ട് സന്തോഷിക്കാൻ എനിക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ല…

ഇനി കഴിയുകയുമില്ല…. എന്റെ മുഖം കണ്ടിട്ട് മഹിയേട്ടൻ ചോദിച്ചു ‘തനിക്കെന്താടോ സന്തോഷം ഇല്ലാത്തെ? ‘ ‘അത്‌… മഹിയേട്ടാ… അവൻ.. അവൻ രക്ഷപ്പെടുമായിരിക്കും അല്ലേ? ‘ ‘രക്ഷപ്പെടരുതെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്… ഒരിക്കലും… അവനെ തേടിപ്പിടിച്ചു നശിപ്പിക്കാൻ തന്നെയായിരുന്നു ഞാൻ തീരുമാനിച്ചിരുന്നത്… എന്റെ ഒരു സുഹൃത്തുണ്ട്… ACP ആണ്… അവനോട് ഞാൻ ഇക്കാര്യം സംസാരിക്കുകയും ചെയ്‌തിരുന്നു… നേരിൽ കണ്ട് കൂടുതൽ സംസാരിക്കണമെന്ന് അവൻ പറഞ്ഞതുമാണ്… പക്ഷെ, അരുണിനുള്ള വിധി ദൈവം നേരത്തെ തീരുമാനിച്ചിരുന്നു….

അവൻ ഒറ്റയടിക്ക് മരിക്കരുത്… കുറച്ചു വിഷമം അനുഭവിച്ചു തന്നെ മരിക്കണം… ‘ ദേഷ്യം കൊണ്ട് അദ്ദേഹത്തിന്റെ പല്ലുകൾ ഞെരിയുന്ന ശബ്ദം ഞാൻ കേട്ടു. പക്ഷെ എന്റെ വിഷമം മാറിയില്ല. എന്നാലും അവനു ഇങ്ങനെയൊന്നും വരേണ്ടിയിരുന്നല്ല എന്നെന്റെ മനസ്സ് പറഞ്ഞു. ‘താനെന്താടോ ഇങ്ങനെ? ദ്രോഹിക്കുന്നവരെപ്പോലും സ്നേഹിക്കാനേ നമ്മൾ ദൈവങ്ങൾ ഒന്നും അല്ല…മനുഷ്യരാ… താൻ വാ… നമുക്കീ സന്തോഷം അച്ഛനേം അമ്മേം മുത്തശ്ശിയേയുമൊക്കെ അറിയിക്കാം… വാ… ‘ അദ്ദേഹം ഒരു കയ്യിൽ ന്യൂസ്പേപ്പറും മറു കയ്യിൽ എന്നെയും പിടിച്ചു താഴേയ്ക്ക് ഇറങ്ങി.

‘അമ്മേ… അച്ഛാ… ഒന്നിങ്ങു വന്നേ… ‘ ‘എന്താ മോനെ? മോള് മുകളിലേയ്ക്ക് ഓടുന്ന കണ്ടുന്നു ഏട്ടൻ പറഞ്ഞു… എന്താ കാര്യം??? ‘ അമ്മയുടെ സ്വരത്തിലും പരിഭ്രമം കലർന്നിരുന്നു.. ‘ദേ ഇത് കണ്ടോ? ‘ മഹിയേട്ടൻ ന്യൂസ്‌പേപ്പർ അച്ഛന്റെ കയ്യിൽ കൊടുത്തു. അച്ഛൻ ന്യൂസ്‌ വായിച്ചു… ‘ആരാ മോനെ ഇത്? ‘ ‘അതിലെ അരുൺ അവനാ… അരുൺ മോഹൻ… ഇവളെ ഇത്ര നാളും ഉപദ്രവിച്ചവൻ… ‘ ‘ആഹാ… അവനാണോ? നന്നായി… അവനു ഇത് തന്നെ കിട്ടണം…’ ‘പണ്ടൊക്കെ പിന്നെ പിന്നെ… ഇപ്പൊ കൈയ്യുടെനെയാ ശിക്ഷ… ‘ മുത്തശ്ശിയാണ്… ‘എന്നാലും അവൻ ചത്തില്ലല്ലോ? ‘ അതിലാണ് അമ്മക്ക് വിഷമം… ‘നമുക്ക് ഈ സന്തോഷത്തിൽ ഒരു സദ്യ ഉണ്ടാക്കിയാലോ?

‘ അച്ഛന് സന്തോഷം സഹിക്കാൻ വയ്യ… ‘പിന്നെന്താ… ഉണ്ടാക്കാലോ… ‘ അമ്മയും ഒപ്പം കൂടി… അവരുടെ ഓരോരുത്തരുടെയും സന്തോഷം അവർക്ക് എന്നോടുള്ള സ്നേഹം വിളിച്ചറിയിക്കുന്നതായിരുന്നു.. എനിക്കെന്തോ അവരെപ്പോലെ സന്തോഷിക്കാനായില്ല… എന്റെ മനസെന്താ ഇങ്ങനെ??? പക്ഷെ ഉള്ളിൽ ഒരിത്തിരി ആശ്വാസം തോന്നി… ഇനി അവന്റെ ശല്യം ഉണ്ടാവില്ലല്ലോ… മഹിയേട്ടനെ അവൻ ഉപദ്രവിക്കുമോന്നുള്ള പേടിയായിരുന്നു ഇത് വരെ… ഇനി അതുണ്ടാവില്ല…. രണ്ട് ദിവസം കഴിഞ്ഞപ്പോ ടീച്ചറമ്മ വന്നു.. ടീചറമ്മേ എന്ന് വിളിച്ചു ഞാൻ അടുത്തേയ്ക്ക് ചെന്നു കെട്ടിപ്പിടിച്ചു.

‘നീ എന്നെ അങ്ങനെ വിളിക്കണ്ട… ‘ ടീച്ചറമ്മ പരിഭവിച്ചു.. ‘ങേ, എന്താ?? എന്താ ടീറ്റമ്മേ അങ്ങനെ??? ‘ എനിക്ക് സങ്കടം വന്നു… ‘എന്നെ നീ അമ്മേന്നു വിളിച്ചാൽ മതി… അതാ എനിക്കിഷ്ടം… നീ പോയിക്കഴിഞ്ഞപ്പോഴാ നീ എനിക്ക് ആരായിരുന്നു എന്ന് ഞാൻ അറിയുന്നത്… എനിക്ക് നീ മകളു തന്നെയാ കുഞ്ഞേ… ഈശ്വരൻ എനിക്ക് തന്ന മകള്… ‘ ടീച്ചറമ്മ എന്റെ നെറുകയിൽ ചുംബിച്ചു. ‘എന്നെക്കാൾ അത്യാവശ്യം ദേ ഇവനായിരുന്നു… നിന്നെ കാണാൻ… ചേച്ചിയെ കാണണമെന്ന് പറഞ്ഞു കയറു പൊട്ടിക്കുകയായിരുന്നു അവിടെ കിടന്നു… ‘ ‘ചേച്ചിയെ ആരാ പിടിച്ചോണ്ട് പോയെ?

‘ ആനന്ദ് ആണ്… ‘പിടിച്ചോണ്ട് പോവുകെ? ‘ ഞാൻ അതിശയത്തിൽ ടീച്ചറമ്മയെ നോക്കി. ‘മ്മ്.. മോളെ ഒരാള് പിടിച്ചോണ്ട് പോയീന്നും… അതാ കാണാതെന്നും… നമുക്ക് പോലീസിനെ കൊണ്ട് പിടിപ്പിക്കാം എന്നൊക്കെ പറഞ്ഞാ ഞാൻ പിടിച്ചു നിന്നത്… ‘ ‘ശരിയാണോ ചേച്ചി? ‘ ‘മ്മ്… ഒരു വലിയ രാക്ഷസനാ… പക്ഷെ ഇപ്പൊ ഇവിടില്ല… ‘ അമ്മയാണ് മറുപടി പറഞ്ഞത്… എല്ലാപേരും ചിരിച്ചു… ‘എന്നാ നമുക്ക് ഇപ്പൊ പോകാം… രാക്ഷസൻ ഇവിടെ ഇല്ലെല്ലോ? ‘ ‘അയ്യോ.. അത്‌ പറ്റില്ല രാക്ഷസൻ തിരികെ വരുമ്പോ ചേച്ചി ഇവിടെ ഇല്ലെങ്കിലേ രാക്ഷസനു ദേഷ്യം വരും… രാക്ഷസൻ ചേച്ചിയെ തല്ലും…. ‘ ‘ആണോ? ‘ ‘മ്മ് ‘ ‘ചേച്ചിയെ തല്ലുമെങ്കിൽ വേണ്ട… തല്ലിയാൽ ചേച്ചിക്ക് നോവൂല്ലേ? ‘ ‘മ്മ്.. അതല്ലേ ചേച്ചി വരാത്തത്.. മോൻ വാ നമുക്ക് അകത്തു പോയിരുന്നു കളിക്കാം… വാ ടീച്ചറമ്മേ ‘

ഊണോക്കെ കഴിഞ്ഞാണ് ടീച്ചറമ്മ പോയത്… ‘ഞാൻ അങ്ങോട്ട് വരാനിരിക്കുകയായിരുന്നു അമ്മേ… ഇന്നലെ മഹിയെട്ടനോട് പറഞ്ഞതെ ഉള്ളു… ‘ ‘മ്മ്… വരണം മോളെ.. എനിക്ക് എപ്പോഴും ഇവനെയും കൊണ്ട് ഇങ്ങോട്ട് വരാനാവില്ല.. മുൻപ് പുറത്തിറങ്ങാൻ കഴിയില്ലായിരുന്നു… വല്ലാത്ത ഉപദ്രവമായിരുന്നല്ലോ? മോളാണ് ഇവനെ മാറ്റിയെടുത്തത്… ഇപ്പൊ ഇവൻ ആരെയും ഉപദ്രവിക്കാറില്ല… അത് തന്നെ വല്യ ആശ്വാസം ആണ്. എനിക്കെപ്പോഴും ഇവനെ നോക്കി വീട്ടിൽ ഇരിക്കാൻ ഒക്കില്ലല്ലോ? ഞാൻ ഒരു രാഷ്ട്രീയ പ്രവർത്തക കൂടിയല്ലേ? മുൻപ് ഞാൻ പോകുമ്പോ സെർവേന്റ്സിനെയൊക്കെ തല്ലുമായൊരുന്നു.. ഇപ്പൊ ആ പ്രശ്നം ഇല്ല..

പറയുന്നതൊക്കെ അനുസരിക്കുകയും ചെയ്യും.. എല്ലാം എന്റെ മോള് കാരണമാ.. നീ എന്റെ മകള് തന്നെയാ… . എന്റെ സ്വന്തം മകൾ… ‘ ടീച്ചറമ്മ കരഞ്ഞു കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു. എല്ലാരുടെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു…. എന്റെയും…. 4-5 ദിവസങ്ങൾക്കു ശേഷം ഒരു ദിവസം ഉച്ചക്ക് ഊണ് കഴിഞ്ഞു ഞാൻ അടുക്കളയിൽ ആയിരിക്കുമ്പോഴാണ് പുറത്തു കാറിന്റെ ശബ്ദം കേട്ടത്. അമ്മയ്ക്ക് ചെറിയ പനി ഉണ്ടായിരുന്നതുകൊണ്ട് അമ്മയെ കിടക്കാൻ പറഞ്ഞു വിട്ടിട്ട് ഞാൻ പാത്രങ്ങൾ കഴുകുകയായിരുന്നു. മഹിയെട്ടൻ വരാൻ സമയമായിട്ടില്ല.. പിന്നെ ആരാണ് ഈ നേരത്ത് എന്ന് മനസ്സിലോർത്തു കൈ കഴുകി സിറ്റൗട്ടിലേയ്ക്ക് പോകാൻ തുടങ്ങിയപ്പോഴാണ് മഹിയേട്ടൻ ഉള്ളിലേക്ക് വന്നത്…

എന്നെ കണ്ട ഉടനെ ആള് പറഞ്ഞു ‘താൻ വേഗം റെഡി ആക്. നമുക്ക് ഒരിടം വരെ പോകാനുണ്ട്… ‘ ‘എവിടെ മഹിയേട്ടാ? മഹിയേട്ടനെന്താ നേരത്തേ?’ ‘ഒക്കെ പറയാം… നീ വേഗം വാ… ‘ ‘എന്താ മഹിയേട്ടാ ഇത്? അമ്മയ്ക്ക് നല്ല സുഖമില്ല. അടുക്കളയിൽ ഒത്തിരി പണിയുണ്ട് മഹിയേട്ടാ… ഞാൻ എങ്ങനാ ഇപ്പൊ??? ‘ ‘അമ്മയ്ക്ക് എന്തു പറ്റി? ‘ ‘പേടിക്കാനൊന്നുമില്ല… ഇന്നലെ ജലദോഷം ഉണ്ടായിരുന്നല്ലോ? അതിന്റെയാവും ചെറിയ പനി ഉണ്ട്…കിടക്കുകയാണെന്ന് തോന്നുന്നു ‘ ‘ഞാൻ അമ്മയോട് പറയാം… താൻ പോയി റെഡി ആകു’ അദ്ദേഹം അമ്മയുടെ റൂമിലേയ്ക് പോയി. ഞാൻ ബാക്കി പാത്രങ്ങൾ കൂടി പെട്ടന്ന് കഴുകി വയ്ക്കാം എന്നു കരുതി അടുക്കളയിലേയ്ക്ക് പോയി.

കുറച്ചു കഴിഞ്ഞ് അമ്മ അടുക്കളയിലേയ്ക്ക് വന്നു. ‘മോള് പൊയ്ക്കോ… അമ്മ ചെയ്തോളാം.’ ‘വയ്യാതിരിക്കുമ്പോഴോ? ഞാൻ ഈ പാത്രങ്ങൾ കൂടി കഴുകീട്ടു പൊയ്ക്കോളാം.. അമ്മ പോയി കിടന്നോ… ‘ 2 മിനിറ്റ് കഴിഞ്ഞ് മഹിയേട്ടൻ വീണ്ടും വന്നു. ‘താൻ ഇത് വരെ റെഡി ആയില്ലേ? ബാക്കി പാത്രങ്ങൾ ഞാൻ കഴുകി തരാം… താൻ പോ…. ‘ ‘അയ്യോ… അതൊന്നും വേണ്ടാ… ദാ കഴിഞ്ഞു ‘ ഞാൻ പെട്ടെന്നു പാത്രങ്ങൾ കഴുകി… റെഡി ആയി ഇറങ്ങി. എന്താവും ഇത്ര അത്യാവശ്യം? എവിടേയ്ക്കാവും പോകുന്നത്? അദ്ദേഹത്തോട് തന്നെ ചോദിച്ചു… ‘പറയാം… നമ്മൾ ദേ എത്താറായി… ‘

കാർ നിന്നത് ഒരു ഹോസ്പിറ്റലിന്റെ മുന്നിലാണ്… എന്റെ ഹൃദയം അകാരണമായി മിടിക്കാൻ തുടങ്ങി… ഹോസ്പിറ്റലിലോ? ആരാണിവിടെ? ഈശ്വരാ… എന്റെ അപ്പു… അവനെയെങ്ങാനും മഹിയെട്ടൻ കണ്ടെത്തിയോ? അവനു എന്തെങ്കിലും ആപത്ത്?? എനിക്ക് വല്ലാത്ത ഭയം തോന്നി. ‘താൻ ഇറങ്ങ്’ ‘ഇവിടെ… ഇവിടെ എന്താ മഹിയേട്ടാ?? ‘ ‘ഇവിടെ നമുക്ക് വളരെ വേണ്ടപ്പെട്ട ഒരാളുണ്ട്…താൻ ഇറങ്ങ്’ ഞാൻ ഇറങ്ങി. അദ്ദേഹം കാർ പാർക്ക്‌ ചെയ്തു വന്നു. ‘ഒന്ന് തെളിച്ചു പറ മഹിയേട്ടാ… ‘ ‘എന്റെ ഫ്രണ്ട് ജയാറാം ഇവിടുത്തെ സർജൻ ആണ്.. അവനെ ഞാൻ ഇന്ന് വിളിച്ചപ്പോഴാണ് നമുക്ക് വേണ്ടപ്പെട്ട ഒരാൾ ഇവിടെ ഉണ്ടെന്ന് അറിയുന്നത്…

അയാളെ കാണാനാണ് നമ്മൾ പോകുന്നത്…. ‘ എനിക്ക് എന്തു പറയണമെന്നു അറിയാത്ത അവസ്ഥയായി… എന്റെ സംശയ ശരിയാവുകയാണോ? ഞങ്ങൾ നേരെ പോയത് dr. ജയറാമിന്റെ റൂമിലേക്കാണ്. അവിടെ ഡോക്ടർ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ‘റാമേ, ആളിന്റെ ഹെൽത്ത്‌ ഇപ്പൊ എങ്ങനെ? സംസാരിക്കാൻ കഴിയുമോ? ‘ ‘ചെറിയ ഒരു ഇബ്രൂവ്മെന്റ്.. അത്രേ ഉള്ളു… ഇടയ്ക്ക് ഫിറ്റസ് വരും… അതാണ്‌ കുഴപ്പം… സംസാരിക്കാം… പക്ഷെ അധികം സംസാരിപ്പിക്കരുത്.. വാ… ‘

ഡോക്ടർ ഞങ്ങളെയും കൊണ്ട് ഐ സി യൂ വിലയ്ക്ക് പോയി. അവിടേയ്ക്ക് നടക്കുമ്പോ എന്റെ കാലുകൾ മുന്നിലേയ്ക്ക് നീങ്ങുന്നുണ്ടായിരുന്നില്ല… അതെന്നെ പിറകിലേയ്ക്ക് വലിക്കും പോലെ…. ഹൃദയമിടിപ്പ് വല്ലാതെ കൂടി… വല്ലാത്തൊരു ഭയം എന്നെ വന്നു മൂടി… ഞാൻ മഹിയേട്ടന്റെ കയ്യിൽ മുറുകെ പിടിച്ചു…. എന്റെ അപ്പു ആണോ ഉള്ളിലുള്ളത്? എന്റെ കുഞ്ഞിന് ആപത്തൊന്നും വരുത്തരുതേ ഈശ്വരാ… ഞാൻ ദൈവത്തോട് മനസ്സുരുകി പ്രാർത്ഥിച്ചു…

തുടരും….

അനാഥ : ഭാഗം 6

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!