നാഗമാണിക്യം: ഭാഗം 6

നാഗമാണിക്യം: ഭാഗം 6

എഴുത്തുകാരി: സൂര്യകാന്തി

സന്ധ്യയ്ക്ക് നാഗക്കാവിൽ തിരി തെളിച്ചുകൊണ്ടിരിക്കുമ്പോൾ പിന്നിൽ ഒരനക്കം കേട്ടെങ്കിലും പത്മ തിരിഞ്ഞുനോക്കിയില്ല.പത്മ കണ്ണുകളടച്ചു കൈകൾ കൂപ്പിയപ്പോൾ അനന്തനും അവൾക്കരികിലേക്ക് നിന്ന് നാഗ പ്രതിഷ്ഠയുടെ മുൻപിൽ തൊഴുതു.നാഗത്തറയിലെ മഞ്ഞൾപൊടി എടുക്കാൻ പത്മ കൈ നീട്ടിയതും അനന്തൻ അതെടുത്തു അവളുടെ നെറ്റിയിൽ തൊട്ടു . പത്മ ഞെട്ടലോടെ അനന്തനെ നോക്കി.പത്മയുടെ കഴുത്തിലെ മാലയിൽ കൊരുത്തിട്ട നാഗ രൂപത്തിന്റെ നീലകണ്ണ് മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു.

അനന്തനെ ഒന്ന് നോക്കിയിട്ട് പത്മ തിരിഞ്ഞു നടന്നപ്പോൾ അവനും അവളുടെ പുറകെ പുറത്തേക്ക് നടന്നു. നാഗ പ്രതിഷ്ഠയ്ക്കു മുകളിൽ അപ്പോൾ അഞ്ചു തലയുള്ള സ്വർണ്ണവർണ്ണമാർന്ന മണിനാഗമുണ്ടായിരുന്നു… നടക്കുന്നതിനിടയിൽ എന്തോ ഒരു ശബ്ദം കേട്ടപ്പോഴാണ് പത്മ നിന്നത്. അനന്തൻ നോക്കുമ്പോൾ കാവിനുള്ളിലെ മരങ്ങൾക്കിടയിലൂടെ ആരോ ഓടിമറയുന്നതു കണ്ടു.

പ്രതിഷ്ഠയിലെ മണിനാഗം അപ്രത്യക്ഷമായിരുന്നു… അനന്തൻ ഒന്നു രണ്ടടി മുന്നോട്ടു വെച്ചെങ്കിലും ഇരുട്ടു വീണു തുടങ്ങിയ നേരത്ത് മരങ്ങൾക്കിടയിലൂടെ ഓടിച്ചെന്നതുകൊണ്ട് കാര്യമൊന്നുമില്ലെന്ന് മനസ്സിലാക്കി ആ ഉദ്യമത്തിൽ നിന്ന് പിന്തിരിഞ്ഞു… നാഗക്കാവിനുള്ളിലേക്ക് ഏകദേശം അരയേക്കറോളം മരങ്ങളും വള്ളിപ്പടർപ്പുകളുമാണ്. കാവിനു ചുറ്റുമുള്ള മതിൽക്കെട്ടിനപ്പുറം നാട്ടു വഴിയാണ്.. “അതാരാ..? ” “ശോ, പേര് ചോദിക്കാൻ വിട്ടു പോയല്ലോ.. ” പത്മ അനന്തനെ തുറിച്ചു നോക്കി.

പിന്നെ പതിയെ സ്വയമെന്നോണം പറഞ്ഞു. ” ഓർമ്മ വെച്ച നാൾ മുതൽ ഇവിടെ തിരിതെളിക്കാൻ തുടങ്ങീതാ. ഇങ്ങനെയൊന്ന് ഇതാദ്യമാണ്.ഈ കാവിനുള്ളിലേക്ക് കടക്കാൻ പുറത്തു നിന്നൊരാൾ ഇതുവരെ ധൈര്യം കാണിച്ചിട്ടില്ല്യ …” ഒരു നിമിഷം അവളെ ഒന്ന് നോക്കി നിന്നതിനു ശേഷമാണ് അനന്തൻ പറഞ്ഞത്. “ചിലപ്പോൾ തമ്പുരാട്ടീടെ വല്ല ആരാധകനുമാവും… ” “ഹും തന്നോട് സംസാരിക്കാൻ വന്ന ന്നെ പറഞ്ഞാൽ മതിയല്ലോ.. ” പത്മ മുഖവും വീർപ്പിച്ചു കാവിന് പുറത്തേക്ക് നടക്കുന്നത് കണ്ടു അനന്തന് ചിരി വരുന്നുണ്ടായിരുന്നു… തിരിഞ്ഞു നാഗക്കാവിലേക്ക് നോക്കിയപ്പോൾ അനന്തന്റെ മനസ്സൊന്നു പിടഞ്ഞു.

കുഞ്ഞുന്നാൾ മുതൽ കേട്ടറിഞ്ഞതെല്ലാം സത്യമാവുകയാണെങ്കിൽ ഇവൾക്കും ഒരുപാട് അഗ്നിപരീക്ഷണങ്ങൾ നേരിടേണ്ടി വരും… കണ്ട നിമിഷം തന്നെ മനസ്സിലേക്ക് കയറി ഇരിപ്പുറപ്പിച്ചതാണിവൾ. ഓർമ്മ വെച്ച കാലം മുതൽക്കേ തന്റെ വിധിയെ കുറിച്ച് കേട്ട് ശീലിച്ച കാര്യങ്ങൾ മനസ്സിലുള്ളത് കൊണ്ടാവാം ഒത്തിരി അവസരങ്ങൾ ഉണ്ടായിരുന്നിട്ടും ഒരു പെണ്ണിനോടും അതിരു കവിഞ്ഞൊരു അടുപ്പം കാണിച്ചിട്ടില്ല ഇന്നേ വരെ.

പക്ഷേ പത്മ… നാഗകാളി മഠത്തിന്റെ മാത്രമല്ല, തന്റെയും പത്മയുടെയുമൊക്കെ വിധി നിർണയിക്കുന്ന ആ അറവാതിൽ തുറക്കുന്നത് വരെയെങ്കിലും പത്മയ്ക്കു മനസ്സിലൊരിടം കൊടുക്കരുതെന്ന് പറഞ്ഞു പഠിപ്പിച്ചതാണ് മനസ്സിനെ.. പക്ഷേ…. നാഗക്കാവിന്റെ അധിപതിയായവളെയാണ് അനന്തന് സ്വന്തമാക്കേണ്ടത്. എന്നാലേ തന്റെ ലക്ഷ്യം നിറവേറുകയുള്ളൂ… തന്റെ ശക്തി.. അർദ്ധംഗിനി അത് പത്മയാവണേ എന്നാണിപ്പോൾ നെഞ്ചിലെ പ്രാർത്ഥന.

നാഗക്കാവിൽ അവൾക്കരികെ നിന്ന് പ്രാർത്ഥിച്ചപ്പോഴും അതായിരുന്നു മനസ്സിൽ… പത്മ കാവിൽ നിന്ന് വീട്ടിലേക്കുള്ള വഴിയേ നടക്കാൻ തുടങ്ങുമ്പോഴാണ് ആ ശബ്ദം കേട്ടത്. “എടോ ഒന്ന് നിന്നേ… ” പത്മ നിന്നെങ്കിലും തിരിഞ്ഞു നോക്കിയില്ല. “ഇനി തനിയെ കാവിൽ വരരുത്… ” അവളുടെ അരികിലെത്തിയാണ് അനന്തൻ പറഞ്ഞത്. “അത് പറയാൻ താനാരാ..? ” “ഞാൻ അനന്തപത്മനാഭൻ, ഈ നാഗക്കാവുൾപ്പെടുന്ന നാഗകാളി മഠത്തിന്റെ ഉടമസ്ഥൻ.. പിന്നെ.. ” ഒന്ന് നിർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി അനന്തൻ പറഞ്ഞു.

“കുറച്ചൂടെ കഴിഞ്ഞാൽ വേറെയും അധികാരങ്ങൾ ഉണ്ടാവുമെനിക്ക്. അത് മതിയോ പത്മ തമ്പുരാട്ടിയ്ക്ക്? ” “മനസ്സിലായില്ല്യ… ” “മനസിലായിട്ടും വലിയ കാര്യമൊന്നുമില്ല, അതുകൊണ്ട് ചേട്ടന്റെ മോളങ്ങു ചെല്ല്.. ” “ഹും.. ” “പത്മ, പറഞ്ഞത് കേട്ടിട്ടില്ലെങ്കിൽ എന്തു ചെയ്യണമെന്ന് എനിക്കറിയാം… ” പത്മ നടന്നു തുടങ്ങിയിരുന്നു. അവന്റെ സ്വരത്തിലെ ഗൗരവം മനസ്സിലായെങ്കിലും അവൾ പറഞ്ഞു. “ഞാൻ ഒന്നാലോചിക്കട്ടെ.. ” “ദേ പെണ്ണേ, നീ ചൊറിഞ്ഞു ചൊറിഞ്ഞു എന്റെ തനി സ്വഭാവം എടുപ്പിക്കരുത്..

പൊന്നു മോളത് താങ്ങില്ല ” ഇത് വരെയുണ്ടായിരുന്ന കുസൃതി നിറഞ്ഞ ഭാവത്തോടൊപ്പം ദേഷ്യത്തിന്റെ കണികകൾ കൂടെ ആ കണ്ണുകളിൽ വന്നു ചേരുന്നത് പത്മ കണ്ടു. ഉള്ളിലെവിടെയോ നേരിയ ഭയം ഉണ്ടെങ്കിലും അവനെ പ്രകോപിപ്പിക്കുവാനാണെപ്പോഴും മനസ്സ് പറയുന്നത്. “അതിനു താൻ വേറെ ആളെ നോക്ക്.. മുന്നീന്ന് മാറെടോ ” “ടീ.. ” എന്തോ പറയാൻ തുടങ്ങിയെങ്കിലും പത്മയുടെ കണ്ണുകളെ പിന്തുടർന്ന് തിരിഞ്ഞു നോക്കിയ അനന്തൻ കണ്ടു മുറ്റത്ത് നിന്ന് കാവിലേക്കുള്ള ചെറിയ ഗേറ്റ് കടക്കുന്ന മാധവനെ..

ഒന്നും പറയാതെ അവൻ അയാളെ ലക്ഷ്യമാക്കി നടന്നു. പിറകെ പത്മയും. “ഹാ അനന്തനോ? ഞാൻ കുറച്ചു സമയമായിട്ടും ഇവളെ കാണാഞ്ഞിട്ട് തിരക്കിയിറങ്ങീതാ ” “പത്മ തിരി വെച്ച് ഇറങ്ങാൻ തുടങ്ങുമ്പോഴാ ഞാൻ വന്നത്.. എനിക്ക് മാധവേട്ടനോട് സംസാരിക്കാനുണ്ട്.. ” അനന്തനെ ആശങ്കയോടെ ഒന്ന് നോക്കിയിട്ട് അയാൾ വീട്ടിലേക്ക് തിരികെ നടന്നു. പിറകെ അനന്തനും പത്മയും. അവരെ കണ്ടപ്പോൾ സുധർമ്മ പൂമുഖ പ്പടിയിലേക്കിറങ്ങി. “മാധവേട്ടാ, ഞാൻ തൊഴുതു കഴിയാറാവുമ്പോഴാണ് പത്മ കാവിൽ നിന്ന് പുറത്തേക്കിറങ്ങാൻ തുടങ്ങിയത്.

പെട്ടെന്നൊരു ശബ്ദം കേട്ടാണ് ഞാൻ നോക്കിയത്, മരങ്ങൾക്കിടയിലൂടെ ആരോ ഓടി മറയുന്നത് ഞാൻ ശരിക്കും കണ്ടു. പിന്നാലെ പോവാൻ സാധിച്ചില്ല, ഇരുട്ടും മരങ്ങളുമെല്ലാം…. ” മാധവൻ ഞെട്ടലോടെ സുധർമ്മയെ നോക്കുന്നത് അനന്തൻ കണ്ടു. രണ്ടുപേരുടെയും കണ്ണുകളിൽ ഭയം നിറയുന്നുണ്ടായിരുന്നു. “എന്ത് പറ്റി മാധവേട്ടാ..? ” “അത്.. അത് അനന്താ നമുക്ക് നാളെ തന്നെ ദത്തൻ തിരുമേനിയെ കാണാൻ പോവാം.. ഞാൻ ഇപ്പോൾ തന്നെ ഭദ്രൻ തിരുമേനിയെ വിളിച്ചു പറയാം ” അനന്തൻ ചോദ്യഭാവത്തിൽ മാധവനെ നോക്കി.

“മനയ്ക്കലെ ഭാഗീരഥി തമ്പുരാട്ടി പറഞ്ഞതനുസരിച്ചാണ് പത്മയെ ഞങ്ങൾ കാവിൽ തിരി തെളിയിക്കാൻ നിയോഗിച്ചത്. കുഞ്ഞായിരിക്കുമ്പോഴേ ഞാനും സുധയും കാവിൽ തിരി വെയ്ക്കാൻ പത്മയെയും കൊണ്ടാണ് പോവാറുണ്ടായിരുന്നത്.ഞാൻ ഇല്ല്യാതിരുന്ന ഒരു ദിവസം നാഗത്തറയ്ക്കരികിലുള്ള ആലിന്റെ പടവിൽ സുധ പത്മയെ ഇരുത്തി. തിരി തെളിയിച്ചു തിരിഞ്ഞു നോക്കിയ സുധ കണ്ടത് പത്മയെ തൊട്ടിരിക്കുന്ന കരിനാഗത്തെയാണ്. പേടിയോടെ സുധ പത്മയ്ക്കരികിൽ എത്തിയതും നാഗം ഇഴഞ്ഞു പോയി മറഞ്ഞു.

അന്ന് തൊട്ടിന്ന് വരെ പത്മയ്ക്ക് കാവലായിണ്ട് നാഗക്കാവിലെ നാഗത്താൻ. അതുകൊണ്ട് തന്നെയാണ് മുതിർന്നിട്ടും അവളെ തനിയെ അയക്കുവാൻ ധൈര്യപ്പെടുന്നത്… പക്ഷേ നാഗക്കാവിൽ പുറത്തു നിന്ന് ഒരാൾ കയറാൻ ധൈര്യപ്പെടണമെങ്കിൽ അത് നിസ്സാരനാവില്ല്യ ” അനന്തനെ നോക്കി മാധവൻ തുടർന്നു. “പുറത്തൊക്കെ പഠിച്ചു വളർന്ന അനന്തനെപോലൊരാൾക്ക് ഇതൊക്കെ ഒരു പക്ഷേ ഒരു തമാശയായി തോന്നാം.

പക്ഷേ ചെറുപ്പം മുതലേ ഇതൊക്കെ അനുഭവിച്ചും കേട്ടും കണ്ടുമൊക്കെ അറിഞ്ഞും വളർന്ന ഞങ്ങൾക്ക് ഇതൊന്നും അവഗണിക്കാനാവില്ല്യ. ചിലപ്പോൾ ചില വിശ്വാസങ്ങളാണ് നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതും പുതിയ പ്രതീക്ഷകൾ നൽകുന്നതും… ” “നാളെ തന്നെ പോവാം, മാധവേട്ടൻ പറഞ്ഞാൽ മതി ” പറയാൻ വന്നത് മറ്റെന്തോ ആയിരുന്നെങ്കിലും അനന്തൻ പറഞ്ഞത് അങ്ങനെയാണ്. അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു പോവുന്നതിനിടയിൽ ഒരു നോട്ടം അവൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അനന്തൻ പത്മയെ ശ്രദ്ധിച്ചതേയില്ല…

പിറ്റേന്ന് രാവിലെ മനയ്ക്കലേക്ക് പത്മ പാലുമായി എത്തുമ്പോൾ വിനയും അരുണും മുറ്റത്തുണ്ടായിരുന്നു. അവർ മൊബൈലിൽ ഫോട്ടോസ് എടുക്കുന്നുണ്ടായിരുന്നു. “എന്നാലും പപ്പിക്കുട്ടീ, ഇന്നലെ വഴിയിൽ വെച്ച് ഞങ്ങളെ കണ്ടിട്ട് മൈൻഡ് ചെയ്യാതെ പോയത് കഷ്ടമായിപ്പോയി.. ” അരുൺ പറഞ്ഞത് കേട്ട് ചിരിയോടെ പത്മ പറഞ്ഞു. “അത് ഇന്നലെ കുറച്ചു തിരക്കിലായിരുന്നു അരുണേട്ടാ, ബസ് മിസ്സ്‌ ആയിപോവാതിരിക്കാനുള്ള ഓട്ടമായിരുന്നു ” അരുൺ തലയാട്ടുന്നത് കണ്ടു പത്മ ചോദിച്ചു.

“രാവിലെന്നെ ന്താ പരിപാടി..? ” “ചുമ്മാ ഫോട്ടോസ് എടുത്തതാ പത്മാ…ഇവന്റെ ക്രേസ്സ് ആണത്.. ഫോട്ടോഗ്രാഫി.. ” വിനയ് ആണ് പറഞ്ഞത്.. “എവിടെ, കാണട്ടെ.. ” അരുൺ ഉത്സാഹത്തോടെ ഫോട്ടോസ് അവളെ കാണിക്കാൻ തുടങ്ങി. “ശോ, ആ താമരക്കുളത്തിന്റെ ഒരു ഫോട്ടോ ഉണ്ടായിരുന്നല്ലോ, ലോംഗ് വ്യൂ ആയിരുന്നു..” തിരഞ്ഞു കൊണ്ടു അരുൺ പറഞ്ഞു.. “ഡിലീറ്റ് ആയിപോയെന്ന് തോന്നുന്നു. എന്ത് ഭംഗിയാണവിടെ.

അവിടെ പോയി ഒരു ഫോട്ടോ എടുക്കാന്നു വെച്ചാൽ ലവൻ സമ്മതിക്കൂല ” “ആര്..? ” “ദോ ലവൻ തന്നെ.. അനന്തൻ തമ്പുരാൻ…” അപ്പോഴാണ് പത്മ പൂമുഖത്തിരിക്കുന്ന അനന്തനെ കണ്ടത്. അടുത്ത് തന്നെ അഞ്ജലിയുമുണ്ട്. ഇവരെന്താ സയാമീസ് ഇരട്ടകളാണോ ആവോ.. കണ്ണുകൾ ഫോണിലായിരുന്നെങ്കിലും അനന്തൻ എല്ലാം അറിയുന്നുണ്ടായിരുന്നു. വിനയ്‌ക്കും അരുണിനുമൊപ്പം പത്മ പൂമുഖത്തു കയറിട്ടും അനന്തൻ ഫോണിൽ നിന്നും കണ്ണെടുത്തില്ല. അഞ്ജലി പത്മയെ തന്നെ നോക്കിയിരിക്കുകയായിരുന്നു.

“പെങ്ങളെ, പോണേനു മുമ്പേ എന്നെ ഒന്ന് ആ കാവിനുള്ളിലൊക്കെ കൊണ്ടു പോവുമോ. സന്ധ്യയ്ക്ക് വേണ്ട. കുറച്ചു ഫോട്ടോസ് എടുക്കാനാ. ഇവനോട് പറഞ്ഞിട്ട് കാര്യമൊന്നുമില്ല ” അരുൺ പറഞ്ഞത് കേട്ട് പത്മ ചിരിച്ചു കൊണ്ടു അകത്തേക്ക് കയറി പോയി. “ഏത് വകയിലാടാ അവൾ നിന്റെ പെങ്ങൾ ആവുന്നത്? ” വിനയ്ന്റെ ചോദ്യം കേട്ട് അരുൺ അനന്തനെ ഒന്ന് പാളി നോക്കി കൊണ്ടാണ് പറഞ്ഞത്.

“നമ്മൾ എല്ലാം മുൻകൂട്ടി കണ്ടറിഞ്ഞു ചെയ്യണം അളിയാ, അല്ലേൽ ആരേലും പഞ്ഞിക്കിട്ടാലോ ” “ഇവനിത് എന്ത് പറ്റി?, ഗിരിരാജപ്പട്ടം ആർക്കും കൊടുക്കാൻ സമ്മതിക്കാത്തവനാ. എന്നിട്ടും ഒരു സുന്ദരി കൊച്ചിനെ കണ്ടിട്ട് പെങ്ങളാക്കിയത്..? ” വിനയ് പറഞ്ഞു കൊണ്ടു ആലോചിക്കുന്നതായി നിന്നു. ഒന്നും പറഞ്ഞില്ലെങ്കിലും അനന്തൻ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. പാല് അടുക്കളയിലെ പാത്രത്തിൽ ഒഴിച്ച് വെച്ച് ശാന്തമ്മയോട് യാത്ര പറഞ്ഞു പത്മ നടന്നു.

നടു മുറ്റത്തേയ്ക്ക് നോക്കിയാണ് നടന്നത്. നടുമുറ്റത്തിന്റെ ഒരു മൂലയിൽ നിന്ന് ഉരുളൻ തൂണിലേക്ക് ചുറ്റി പടർന്നിരുന്ന ഉണങ്ങി തുടങ്ങിയിരുന്ന മുല്ല വള്ളിയിൽ പുതു നാമ്പുകൾ പത്മ കണ്ടു. മുറ്റത്തിന് നടുവിലായി വലിയ ഓട്ടുരുളിയിൽ നിറയെ വെള്ളവും താമരപ്പൂക്കളുമുണ്ടായിരുന്നു. പൊടുന്നനെവെയാണ് ആ ശബ്ദം പത്മയുടെ ചെവിയിൽ പതിഞ്ഞത്. ചിലങ്കയുടെ താളം.. സ്വയമറിയാതെയെന്നോണം അവൾ നടന്നു.

വരാന്തയിലൂടെ ഇരുളടഞ്ഞ ചെറിയ ഇടനാഴിയിലേക്ക് കടന്നു പത്മ എത്തിച്ചേർന്നത് താഴിട്ട് പൂട്ടിയ ആ അറയ്ക്ക് മുൻപിലാണ്. ചിലങ്കയുടെ നേർത്ത നാദം അപ്പോഴും പത്മ കേൾക്കുന്നുണ്ടായിരുന്നു. ഒരു നിമിഷം കണ്ണടച്ച് നിന്നിട്ട് വാതിലിലേക്ക് അവൾ കൈയുയർത്തിയതും ആ ശബ്ദം കേട്ടു. “ടീ… ” അനന്തൻ.. പത്മ പകപ്പോടെ അവനെ നോക്കി. “നീ ഇവിടെയാണോ പാല് വെക്കുന്നത്..? ” “അല്ല.. അത് ഞാൻ… ” ആ കണ്ണുകളിൽ അവൾ ഇത് വരെ കാണാതിരുന്നൊരു ഭാവമായിരുന്നു.

വെട്ടിയൊതുക്കിയ താടി രോമങ്ങൾക്കിടയിൽ നുണക്കുഴി തെളിയുന്ന ആ പുഞ്ചിരി അനന്തനിലുണ്ടായിരുന്നു. നെറ്റിയിലേക്ക് വീണ നീളൻ മുടിയിഴകൾ വലം കൈ കൊണ്ടു ഒതുക്കി വെച്ചപ്പോഴും അനന്തന്റെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു. ആദ്യമായി അനന്തന്റെ കണ്ണുകളെ നേരിടാനാവാതെ പത്മ മിഴികൾ താഴ്ത്തി. ഇത് വരെ അറിയാത്ത ഏതോ ഒരു വികാരം അവളുടെ മനസ്സിനെ തളർത്തുന്നുണ്ടായിരുന്നു. അനന്തൻ അരികിലേക്ക് വരുമ്പോൾ പത്മ രണ്ടു ചുവട് പിറകോട്ടു വെച്ചു.

അറവാതിലിനരികിലെ ചുമരിൽ തട്ടി നിൽക്കുമ്പോഴും, തനിക്കരികെ ചുമരിൽ ചാരി അനന്തൻ നിൽക്കുമ്പോഴും, പത്മ ഏതോ സ്വപ്നലോകത്തെന്ന പോലെ നിൽക്കുകയായിരുന്നു. പതിയെ അനന്തന്റെ വലം കൈ പത്മയുടെ ഇടംകൈ കവർന്നു. കൈകൾ കോർത്തു പിടിച്ചു കൊണ്ടവർ ചുമരിൽ ചാരി നിൽക്കവേ മനം മയക്കുന്ന ആ പതിഞ്ഞ ശബ്ദം പത്മയുടെ കാതിൽ പതിച്ചു. “അനന്തപത്മനാഭനും പത്മാ ദേവിയും..

ജന്മാന്തരങ്ങൾക്കപ്പുറത്തു നിന്നും… ” ചിരിയുടെ മുത്തുമണികൾ പിടിപ്പിച്ച ആ ശബ്ദത്തിൽ സ്വയം മറന്നു പത്മ നിൽക്കവേ അടച്ചിട്ട അറയ്ക്കുള്ളിൽ അറവാതിലിന്റെ സാക്ഷയ്ക്കു മേൽ ആരെയൊക്കെയോ പ്രതീക്ഷിച്ചെന്ന വണ്ണം കുഞ്ഞു നാഗം പത്തി വിടർത്തി നിൽക്കുന്നുണ്ടായിരുന്നു… “അനന്തൂ…” എവിടെ നിന്നോ അഞ്ജലിയുടെ ശബ്ദം കാതിൽ പതിച്ചതും സ്വപ്നത്തിൽ നിന്നെന്നോണം പത്മ ഞെട്ടിയുണർന്നു, പകപ്പോടെ ചുറ്റും നോക്കി.

തീപൊള്ളലേറ്റെന്നോണം അനന്തന്റെ കൈയിൽ നിന്ന് ഇടംകൈ വലിച്ചെടുത്തു. അവനെ രൂക്ഷമായൊന്നു നോക്കി അവൾ നടന്നു. പുഞ്ചിരിയോടെ അനന്തനും പിറകെ ഉണ്ടായിരുന്നു. ഇടനാഴിയിലൂടെ നടുമുറ്റത്തിന്റെ വരാന്തയിൽ എത്തിയതും അഞ്ജലിയെ കണ്ടു. അവൾക്കു പിറകെ വന്ന അനന്തനെ കണ്ടതും അഞ്ജലിയുടെ മുഖം മുറുകി.ധൃതിയിൽ വന്നവൾ പത്മയെ കടന്നു അനന്തന്റെ കൈയിൽ പിടിച്ചു.

പത്മ തന്റെ ഇടം കൈ ഒന്ന് കുടഞ്ഞത് അനന്തൻ കണ്ടിരുന്നു. “അനന്തു എവിടെയായിരുന്നു? ഞാൻ എത്ര സമയമായി നോക്കുന്നു.. നിങ്ങൾ എവിടെ പോയതാ? ” അവരെ നോക്കാതെ മുൻപോട്ട് നടക്കുന്ന പത്മയെ രൂക്ഷമായി നോക്കി കൊണ്ടാണ് അഞ്ജലി ചോദിച്ചത്. “പത്മ അപ്പുറത്ത് നിന്ന് എന്തോ ഒരു ശബ്ദം കേട്ടു, അതൊന്ന് നോക്കാൻ പോയതാ.. ” അത് കേട്ടതും പത്മ പതിയെ അനന്തനെ ഒന്ന് തിരിഞ്ഞു നോക്കി.

അവന്റെ നോട്ടം അവളിൽ തന്നെയായിരുന്നു. പത്മ ധൃതിയിൽ മുൻപോട്ട് നടന്നു. “എന്നിട്ട്…? ” “എന്താണെന്നറിയില്ല അഞ്ജു, പൂട്ടിയിട്ട തറവാടല്ലേ.. എന്തും ആവാം.. ” “ഈശ്വരാ വല്ല പാമ്പും ഉണ്ടാവുമോ.. ” അഞ്ജലിയുടെ പേടി ആ വാക്കുകളിൽ ഉണ്ടായിരുന്നു. അനന്തന്റെ കൈയിലെ പിടുത്തം മുറുകി. “ഇവിടുത്തെ നാഗങ്ങൾ വെറുതെ ഉപദ്രവിക്കില്ല എന്നാണ് കേട്ടിട്ടുള്ളത്. ശ്രദ്ധിച്ചാൽ മതി ” പൂമുഖത്തുണ്ടായിരുന്ന വിനയിനോട്‌ എന്തോ പറഞ്ഞു ചിരിച്ചു കൊണ്ടിറങ്ങി പോവുന്ന പത്മയെ പിന്തുടരുകയായിരുന്നു അനന്തന്റെ കണ്ണുകൾ അപ്പോഴും…

നടക്കില്ല അനന്താ, അഞ്ജലി വെറുതെ എത്തിയതല്ല നാഗകാളി മഠത്തിലേക്ക്… അനന്തന്റെ കണ്ണുകൾ അപ്പോഴും പത്മയിലാണെന്ന് കണ്ടതും അഞ്ജലി മനസ്സിൽ പറഞ്ഞു. രാവിലെ കോളേജിലേക്ക് പോവുമ്പോൾ ബസിൽ നല്ല തിരക്കായിരുന്നു. ശ്രുതി ലീവ് കഴിഞ്ഞെത്തിയത് കൊണ്ടു ഒരു പാട് വിശേഷങ്ങൾ പറയാനും കേൾക്കാനുമുണ്ടായിരുന്നു അവർക്ക്. ബസ്സിറങ്ങി കോളേജിനുള്ളിലേക്ക് നടക്കുമ്പോഴാണ് കൃഷ്ണ പറഞ്ഞു.

“ടീ പത്മേ, ഞാനിന്നലെ അനന്തേട്ടനോട്‌ സംസാരിച്ചു ” അനന്തേട്ടൻ… പത്മ വായ തുറന്നു നിന്ന് പോയി. “വായടക്കെടി.. ” ശ്രുതി പറഞ്ഞത് കേട്ടു ആത്മ സംയമനം വീണ്ടെടുത്ത് കൊണ്ടു പത്മ പതിയെ ചോദിച്ചു. “എങ്ങനെ?.. നീ അയാളെ എങ്ങനെ പരിചയപ്പെട്ടു? ” “നിന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞു ഞാനങ്ങു ഇടിച്ചു കേറി പരിചയപ്പെട്ടു.. ” പത്മയ്ക്ക് മിണ്ടാൻ കഴിഞ്ഞില്ല. “ടീ, ഇന്നലെ ഞാൻ മ്മടെ സിന്ധു ചേച്ചീടെ വീട്ടിൽ പോയി വരാരുന്നു.

വായനശാലയുടെ അടുത്ത് എത്തിയപ്പോൾ ദാണ്ടെ ആ വല്യ കാർ. ഞാൻ കൈ കാണിച്ചതും അങ്ങേര് നിർത്തി. നിന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞതും എന്നോട് കയറുന്നോaന്ന് ചോദിച്ചു. ഞാൻ കയറി അങ്ങേര് എന്നെ വീടിന്റെ മുൻപിൽ ഇറക്കി തന്നു ” പത്മ മാത്രമല്ല ശ്രുതിയും പകപ്പോടെ കൃഷ്ണയെ നോക്കി നിന്നു. “പക്ഷേ കയറിയപ്പോൾ മുതൽ ഇറങ്ങുന്നത് വരെ അങ്ങേര് ചോദിച്ചത് മുഴുവനും നിന്നെ പറ്റിയാ, അതോടെ ഞാനതങ്ങു വിട്ടു. കെടക്കട്ടെ കൃഷ്ണയ്ക്കും ഒരു കിടിലൻ ബ്രോ ”

“ന്നാലും കൃഷ്ണേ നീ എന്ത് ധൈര്യത്തിലാ അയാളുടെ വണ്ടിയിൽ കയറിയെ?നിന്റെ കാർത്തികേയൻ വക്കീൽ ഒന്നും പറഞ്ഞില്ല്യേ? ” കൃഷ്ണയുടെ അച്ഛൻ കാർത്തികേയൻ, വക്കീലാണ്, അമ്മ വത്സല സ്കൂൾ ടീച്ചറും. ” വക്കീൽ മ്മടെ ചങ്കല്ലേ. പിന്നെ ഒരു ചുള്ളൻ ചെറുക്കൻ മ്മടെ അയല്പക്കത്ത് വന്നിട്ട് മൈൻഡ് ചെയ്യാതിരുന്നാൽ ദൈവ ദോഷം കിട്ടുമെടി ” “അതേയ് രണ്ടും ഇതൊന്ന് നിർത്തുമോ.

ടീ കൃഷ്ണ, നീ ആരുടെ വണ്ടിയിലാ കയറിയെ? ശ്രുതിയുടെ ചോദ്യം കേട്ട് കൃഷ്ണ ചിരിച്ചു. “ഓ നിനക്ക് കഥയൊന്നും അറിയില്ലായിരുന്നല്ലോ. നാഗകാളി മഠത്തിന്റെ പുതിയ അവകാശി. അനന്തപത്മനാഭൻ..” “ഓ, ഏട്ടൻ പറഞ്ഞിരുന്നു. ഞാൻ വിചാരിച്ചു വല്ല വയസ്സന്മാരുമാവുമെന്ന് ” “വയസ്സനോ… നല്ല കിടിലൻ ചെറുക്കനാ.ആറടി പൊക്കം, വെളുത്ത നിറം,ട്രിം ചെയ്ത മീശയും താടിയും, നീണ്ട മുടിയും, ന്റെ പൊന്നോ ചിരിക്കുമ്പോൾ തെളിയുന്ന ആ നുണക്കുഴികളും.

എന്ത് പറഞ്ഞിട്ടെന്താ ന്നെ പെങ്ങൾ ആക്കി കളഞ്ഞില്ലേ.. ” വിഷമത്തോടെ പറയുന്നതിനിടെ കൃഷ്ണ പൊടുന്നനെ നാക്ക് കടിച്ചു. “പെങ്ങളോ..? ” ശ്രുതിയും പത്മയും ഒരേ സ്വരത്തിൽ ചോദിച്ചപ്പോൾ കൃഷ്ണ പരുങ്ങലോടെ പറഞ്ഞു. “അത്… അത്.. ആദ്യ കൂടിക്കാഴ്ച്ചയിൽ തന്നെ അങ്ങേര് ന്നെ പിടിച്ചു ജനിക്കാതെ പോയ അനിയത്തിയാക്കി കളഞ്ഞു ” ശ്രുതിയുടെയും പത്മയുടെയും ചിരിക്കിടയിൽ കൃഷ്ണ മുഖം വീർപ്പിച്ചു നിന്നു.

“എന്തായാലും ആൾ സ്മാർട്ട്‌ ആണ്, ഒറ്റ നോട്ടത്തിൽ തന്നെ നിന്റെ ഉള്ളിലിരിപ്പ് മനസ്സിലാക്കി കളഞ്ഞല്ലോ ” ശ്രുതി പറഞ്ഞു. “അതിരിക്കട്ടെ, സാധാരണ ഏത് ചുള്ളനെ കണ്ടാലും ഒളിഞ്ഞു നോക്കുന്ന നിനക്കെന്താ അനന്തേട്ടനെ ഇഷ്ടമല്ലാത്തത്? ” കൃഷ്ണ പത്മയെ നോക്കി ചോദിച്ചത് കേട്ട് ശ്രുതിയും അവളെ നോക്കി. “നിക്ക് അയാളെ ഇഷ്ടമല്ല്യ. .. ന്തോ വലിയ ആളാണെന്ന ഭാവമാണ്.. ” ശ്രുതിയും കൃഷ്ണയും തമ്മിൽ തമ്മിൽ നോക്കി ഒരു മൂളലോടെ തലയാട്ടി. പത്മ വീർത്ത മുഖവുമായി മുൻപോട്ട് നടന്നു.

അവർ സ്പീഡിൽ നടന്നു അവൾക്കൊപ്പമെത്തി. ഒന്ന് പരസ്പരം നോക്കി ചിരിച്ചിട്ട് മൂന്നു പേരും ക്ലാസ്സിലേക്ക് കയറി. അനന്തനോടൊപ്പം ദത്തൻ തിരുമേനിയുടെ അടുത്ത് പോയിട്ടു തിരികെ വന്നതായിരുന്നു മാധവൻ. കേട്ടിട്ടുള്ളതൊന്നും സുഖമുള്ള കാര്യങ്ങളില്ലെന്ന് അയാളുടെ മുഖത്ത് നിന്നറിയാമായിരുന്നു. “നാളെ തിരുമേനി വരണുണ്ട് ഇല്ലത്തേക്ക്. കാവിലും പൂജകളൊത്തിരിയുണ്ട്. കാവിൽ വിളക്ക് തെളിയിക്കുന്ന കുട്ടിയും മനയിലുണ്ടാവണമെന്ന് പ്രത്യേകം പറഞ്ഞിരിക്കണൂ ” “മാധവേട്ടാ.. ”

“സമയമായി സുധേ, തമ്പുരാട്ടി പറഞ്ഞത് പോലെ…വീണ്ടും നാഗകാളി മഠം ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിക്കാതിരിക്കട്ടെ ” “പത്മ.. ന്റെ മോള് ” “ഒന്നും വരില്ല്യ മ്മടെ മോൾക്ക്.ആർക്കെന്തു സംഭവിച്ചാലും നാഗത്താൻമാർ തുണയുണ്ടാവും പത്മയ്ക്ക്.. പിന്നെ അവനും.. ” ആരെന്ന് സുധ ചോദിച്ചില്ല. ഭാഗീരഥി തമ്പുരാട്ടിയുടെ അവസാനവാക്കുകളായിരുന്നു സുധർമ്മയുടെ മനസ്സിൽ. വൈകുന്നേരം ക്ലാസ്സ്‌ വിട്ട ഉടനെയുള്ള ഒറ്റ ബസ്സേയുള്ളൂ നാട്ടിലേക്ക്.

പിന്നെയുള്ളത് സന്ധ്യയ്ക്കാണ്. ബസ് സ്റ്റോപ്പിലേക്ക് മൂന്നു പേരും കൂടെ ധൃതിയിൽ നടക്കുന്നതിനിടെയാണ് തൊട്ടപ്പുറത്തെ ഷോപ്പിംഗ് കോംപ്ലക്സിൽ നിന്ന് പുറത്തേക്കിറങ്ങി വന്ന മേഴ്സിഡസ് ബെൻസ് അവരുടെ മുൻപിലൂടെ പോയത്. “ദേ അനന്തേട്ടന്റെ കാർ.. ” കൃഷ്ണ വിളിച്ചു കൂവിയത് കേട്ടാണ് പത്മയും ശ്രുതിയും നോക്കിയത്. കാറിന്റെ മുൻപിലെ ഗ്ലാസ്സിലൂടെ ഡ്രൈവിംഗ് സീറ്റിലേക്ക് നോക്കിയ ശ്രുതിയുടെ മുഖത്തൊരു ഞെട്ടലുണ്ടായി.

“ഇതാണോ അനന്തപത്മനാഭൻ? ” “അതേ, ന്താ നിനക്കറിയോ? ” കൃഷ്ണയാണ് ചോദിച്ചത്. “ടീ പൊട്ടികളെ, നിങ്ങൾ ഈ ലോകത്തൊന്നുമല്ലേ? അതാണ് അനന്ത്.. നിഹം ഗ്രൂപ്പിന്റെ ഉടമസ്ഥൻ.. ” “നിഹം.. ” പത്മയുടെ ചുണ്ടുകൾ മന്ത്രിച്ചു. “അതെ, കോടികളുടെ ആസ്തിയുള്ള നിഹം ഗ്രൂപ്പിന്റെ അമരക്കാരനായ തന്ത്ര ശാലിയായ ബിസിനസ്‌ മാൻ. യൂത്ത് ഐക്കൺ അനന്ത്.. ” പത്മയും കൃഷണയും ഒന്നും മിണ്ടിയില്ല. “എന്നാലും അയാളെ പോലൊരാൾ എങ്ങനെ അവിടെ? നമ്മുടെ നാട്ടിൻപുറത്ത്, നാഗകാളി മഠത്തിന്റെ ഉടമസ്ഥനായി എത്തി…? ശ്രുതിയുടെ ചോദ്യം തന്നെയായിരുന്നു പത്മയുടെ മനസ്സിലും.

(തുടരും )

നാഗമാണിക്യം: ഭാഗം 5

Share this story