നാഗമാണിക്യം: ഭാഗം 8

Share with your friends

എഴുത്തുകാരി: സൂര്യകാന്തി

പത്മ ചെന്നപ്പോൾ അടുക്കളയിൽ ശാന്തമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. “രാജേട്ടൻ എവിടെ ശാന്തേച്ചി..? ” പാലൊഴിച്ചു വെക്കുന്നതിനിടെ പത്മ ചോദിച്ചു. “സുഖമില്ല മോളെ ചെറിയ പനിയുണ്ട്. മോൻ ഇന്നലെ ഡോക്ടറുടെ അടുത്ത് കൊണ്ടു പോയിരുന്നു. ജലദോഷപ്പനിയാണെന്ന് പറഞ്ഞു. ” പാല് പകർന്നെടുത്ത് സ്റ്റവ്വിലേക്ക് വയ്ക്കുന്നതിനിടെ ശാന്തമ്മ പറഞ്ഞു.

“ശാന്തേച്ചി അപ്പോൾ എല്ലാം ഒറ്റയ്ക്ക് ചെയ്യണ്ടേ, ഇത്രേം പേർക്ക് ഭക്ഷണം ഉണ്ടാക്കാനും എല്ലാം തനിയെ പറ്റോ? ” ഒരു ചിരിയോടെ അവളെ നോക്കി ശാന്തമ്മ പറഞ്ഞു. “അതൊക്കെ ശീലമായി മോളെ.. അവിടെ ബംഗ്ലാവിൽ ഒരുപാട് ജോലിക്കാരുണ്ടെങ്കിലും എല്ലാത്തിനും എന്റെ കണ്ണെത്തണം. അനന്തൻ കുഞ്ഞിന്റെ കാര്യങ്ങളെല്ലാം ഞാൻ തന്നെ ചെയ്യണം, കുഞ്ഞിലേ മുതലുള്ള ശീലങ്ങളല്ലേ. നല്ല ദേഷ്യവും വാശിയുമെല്ലാമുണ്ട് ”

അവരുടെ മുഖത്ത് അനന്തനോടുള്ള സ്നേഹവും വാത്സല്യവുമെല്ലാം നിറഞ്ഞിരുന്നു. ശാന്തമ്മ വെറുമൊരു ജോലിക്കാരി മാത്രമല്ലെന്ന് പത്മയ്ക്ക് മനസ്സിലായി. “രാജേട്ടന് സുഖമില്ലാത്തത് കൊണ്ടു എന്നെ സഹായിക്കാൻ ആരെങ്കിലുമൊക്കെ വരും. പിന്നെ അനന്തൻ കുഞ്ഞിനും പാചകമൊക്കെ നന്നായിട്ടറിയാം. ഇന്നലെ ഇവരൊക്കെ കൂടിയാണ് ഭക്ഷണം ഉണ്ടാക്കിയത് ” “ഇവരൊക്കെ ഒരുമിച്ച് പഠിച്ചവരാണോ? ”

“ചെറുതിലേ ഒരുമിച്ചു കളിച്ചു വളർന്നവരാണ് എല്ലാവരും. പഠിച്ചതും ഒരുമിച്ചാണ്, പിന്നെ ജോലിയൊക്കെയായി പല വഴിക്കായി. എന്നാലും ഇടയ്ക്കിടെ ഒരുമിച്ചു കൂടും, യാത്രകൾ പോവും.. എന്തിനും അവർ ഒരുമിച്ചുണ്ടാവും ” ചായ കപ്പിലേക്ക് പകർന്നു കൊണ്ടു ശാന്തമ്മ പറഞ്ഞു. “സത്യത്തിൽ ഇവിടെയെത്തിയപ്പോൾ കുഞ്ഞിന് ആകെയൊരു മാറ്റം വന്നത് പോലെ തോന്നുന്നുണ്ട്.ദേഷ്യം വന്നാൽ കണ്ണു കാണാത്ത സ്വഭാവമാണ്,

ആർക്കും അടുത്തേക്ക് ചെല്ലാൻ വയ്യ. ഒറ്റയ്ക്കിരിക്കണം.അതാണ്‌ ശീലം ” അവളെ നോക്കി കൊണ്ടു ശാന്തമ്മ ചോദിച്ചു. “അല്ല, പത്മ മോൾക്കിന്നു ക്ലാസ്സിൽ പോവണ്ടേ, സാധാരണ വന്നാൽ മുള്ളിൻമേൽ നിൽക്കുന്നതു പോലെയായിരുന്നല്ലോ ” “ക്ലാസ്സിൽ പോണം ശാന്തേച്ചി ഞാൻ പോവാണ് ട്ടോ ” പാൽപ്പാത്രവുമെടുത്ത് തിരിയുന്നതിനിടയിൽ പത്മ പറഞ്ഞു. “എന്നാൽ മോൾ ഈ ചായ മോനൊന്ന് കൊടുത്തേക്ക്.

സാധാരണ ഇങ്ങോട്ട് ചായ ചോദിച്ചു വരുന്നതാണ്” മടിയോടെയാണെങ്കിലും ശാന്തമ്മ നീട്ടിയ ചായക്കപ്പ് കയ്യിൽ വാങ്ങുന്നതിനിടെ പത്മ ചോദിച്ചു. ” അല്ല അപ്പോൾ അവർക്കൊന്നും വേണ്ടേ? ” തലയാട്ടിക്കൊണ്ട് ശാന്തമ്മ പറഞ്ഞു. ” അവരൊക്കെ എപ്പോഴേ കുടിച്ചു കഴിഞ്ഞു. കുഞ്ഞിന് പാല് നിർബന്ധമാണ്. അവിടെ ഇങ്ങനെ കാത്തുനിൽക്കുന്ന ശീലമൊന്നുമില്ല. രാവിലെ കുളി കഴിഞ്ഞ ഉടനെ ചായ കിട്ടണം.

ഇവിടെ ഇപ്പോൾ മോള് വരുന്നതുവരെ കാത്തു നിൽക്കുന്നുണ്ട്” പുറത്തേക്ക് നടക്കുന്നതിനിടെ തളത്തിലെ നടനമണ്ഡപത്തിൽ കണ്ണെത്തി. അവിടെ വെച്ചിരുന്ന വലിയ നടരാജ വിഗ്രഹത്തിൽ നോട്ടമെത്തിയതും അനന്തൻ പറഞ്ഞ കഥകളെല്ലാം മനസ്സിലേക്കെത്തി. സുഭദ്രയും വിഷ്ണുവും സഫലമാവാത്ത അവരുടെ പ്രണയവും…. അന്ന് കേട്ടത് പോലെ തോന്നിയ ചിലങ്കയുടെ നാദം വീണ്ടും ചെവിലേക്കെത്തിയപ്പോൾ പത്മ ധൃതിയിൽ പൂമുഖത്തേക്ക് നടന്നു.

എന്തൊക്കെയോ പറഞ്ഞു കൊണ്ടു ഉച്ചത്തിൽ പൊട്ടിച്ചിരിക്കുന്ന അവരെയെല്ലാം കണ്ടതും പത്മയുടെ ഉള്ളിലെവിടെയോ അവളെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ചെറിയൊരു അസൂയയുണർന്നിരുന്നു.. ചാരുപടിയിലെ പൂക്കളൊന്നെടുത്തു മുഖത്തോട് ചേർക്കുകയായിരുന്നു അനന്തൻ. “ചായ.. ” അവന്റെ മുന്നിലേക്ക് ചായക്കപ്പ് നീണ്ടതും അനന്തൻ തെല്ലത്ഭുതത്തോടെ പത്മയെ നോക്കി കൈ നീട്ടി.

പക്ഷേ അവന്റെ കൈകളിലെത്തും മുൻപേ അഞ്ജലി അത് വാങ്ങിയിരുന്നു. “അത് ഇങ്ങു താ അഞ്ജു, നീ നേരത്തെ കുടിച്ചതല്ലേ.. ” “ഇതിൽ നിന്ന് ഇത്തിരി ഞാൻ കുടിച്ചൂന്നു വെച്ചിട്ട് കുഴപ്പമൊന്നുമില്ലല്ലോ. ഞാൻ കുടിച്ചതിന്റെ ബാക്കി നീയും നീ കുടിച്ചതിന്റെ ബാക്കി ഞാനുമൊക്കെ ഒത്തിരി കുടിച്ചിട്ടുള്ളതല്ലേ ” പറഞ്ഞത് അനന്തനോടാണെങ്കിലും അഞ്ജലിയുടെ കണ്ണുകൾ പത്മയിലായിരുന്നു.

എന്തിനെന്നു മനസ്സിലായില്ലെങ്കിലും അതിൽ നിറഞ്ഞ തന്നോടുള്ള വെറുപ്പ് പത്മയ്ക്ക് കാണാമായിരുന്നു. പത്മയുടെ മുൻപിൽ വെച്ച് തന്നെ കുറച്ചു കുടിച്ചു കപ്പ് അവൾ അനന്തന്റെ കൈയിലേക്ക് കൊടുത്തു. “ഈ പെണ്ണിന്റെ ഒരു കാര്യം.. ” അഞ്ജലിയുടെ തലയിലൊന്ന് കിഴുക്കിയിട്ട് ചിരിയോടെ അനന്തൻ ചായക്കപ്പ് ചുണ്ടോടടുപ്പിക്കുന്നത് കണ്ടു കൊണ്ടാണ് പത്മ തിരിഞ്ഞു പുറത്തേക്കിറങ്ങിയത്.

മുറ്റത്തേക്കിറങ്ങുമ്പോൾ പത്മയുടെ കണ്ണുകൾ തേന്മാവിൽ ചുറ്റികയറിയ മുല്ലവള്ളികളിലെത്തി. പുതുമഴയിൽ നനഞ്ഞ പൂക്കൾ അതിൽ പിന്നെയും ബാക്കിയായിരുന്നു.പത്മയുടെ കണ്ണുകൾ എന്തിനോ നിറയുന്നുണ്ടായിരുന്നു… താമരക്കുളത്തിന്റെ അരികിലൂടെ നടക്കുമ്പോൾ അനന്തന്റെ വാക്കുകൾ പിന്നെയും മനസ്സിലെത്തി. പത്മയുടെ കൈ കഴുത്തിലെ നാഗരൂപത്തിൽ മുറുകി. ഏതോ ഒരുൾപ്രേരണയാലെന്നോണം പത്മ ചെരുപ്പഴിച്ചു വെച്ച് പടവുകളിറങ്ങി.

അവളുടെ കാലിലെ നിറയെ മുത്തുമണികൾ കോർത്ത വെള്ളിക്കൊലുസ്സുകൾ കിലുങ്ങുന്നുണ്ടായിരുന്നു. തണുത്ത വെള്ളത്തിലൊന്നു കാലുകൾ മുക്കി പടവിനരികിലായി നിൽക്കുന്ന താമരമൊട്ടിലൊന്ന് തൊട്ടു പത്മ തിരികെ കയറി. മനസ്സിന് എന്തോ ഒരാശ്വാസം തോന്നിയത് പോലെ… അവളെ തഴുകി തലോടി കടന്നു പോയ കാറ്റിനു പാലപ്പൂവിന്റെ സുഗന്ധമായിരുന്നു…

മുടിയിഴകൾ ഒതുക്കി വെച്ച് പത്മ നടന്നു പോവുമ്പോഴും നിഗൂഢതകൾ ഒളിപ്പിച്ചെന്ന പോലെ താമരക്കുളത്തിലെ നേരിയ പച്ചനിറം കലർന്ന വെള്ളം ഇളകുന്നുണ്ടായിരുന്നു. പടവുകളിലെത്തി നിന്ന വെള്ളത്തിൽ പരൽ മീനുകൾ നീന്തി തുടിച്ചു കളിക്കവെ അടിത്തട്ടിൽ നിന്നും അപ്പോഴും കുമിളകൾ ഉയരുന്നുണ്ടായിരുന്നു… കോളേജിൽ എത്തിയപ്പോൾ അന്നും ശ്രുതിയ്ക്കും കൃഷ്ണയ്ക്കും അനന്തന്റെ കഥകളായിരുന്നു പറയാനുണ്ടായിരുന്നത്. കൃഷ്ണ അനന്തനെ പറ്റി അത്യാവശ്യം നല്ല രീതിയിൽ റിസർച്ച് നടത്തിയിട്ടുണ്ടെന്ന് പത്മയ്ക്ക് മനസ്സിലായി.

ശ്രുതി പ്ലസ് വണ്ണിന് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവർ തിരികെ നാട്ടിലെത്തുന്നത്. വളർന്നതും പഠിച്ചതുമൊക്കെ പുറത്തായത് കൊണ്ടു ലോകകാര്യങ്ങളിൽ പത്മയെക്കാളും കൃഷ്ണയെക്കാളും അറിവ് കൂടുതലാണ് കക്ഷിയ്ക്ക്. ഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ് അവർ കൂടുതൽ അടുത്തത്.പത്മയും കൃഷ്ണയും ചെറുതിലേ ഒരുമിച്ചായിരുന്നു.

ആദ്യമൊക്കെ ചെറിയൊരകലം പത്മയുടെയും കൃഷ്ണയുടെയും ഉള്ളിന്റെ ഉള്ളിൽ ഉണ്ടായിരുന്നെങ്കിലും ശ്രുതിയുടെ പെരുമാറ്റംകൊണ്ട് കാലക്രമേണ അത് ഇല്ലാതായി.. ശ്രുതി മൊബൈലിൽ എടുത്തു കാണിച്ച അനന്തന്റെ ചിത്രങ്ങളിലേക്ക് ആശ്ചര്യത്തോടെയാണ് പത്മ നോക്കിയത്.നാഗകാളി മഠത്തിൽ വച്ച് മുണ്ടും കുർത്തയും അണിഞ്ഞാണ് അനന്തനെ കണ്ടിട്ടുള്ളതൊക്കെ.

പക്ഷേ ഈ ഫോട്ടോകളിലൊക്കെ ആ നീളമുള്ള മുടിയിഴകളും താടിയും തിളങ്ങുന്ന കണ്ണുകളും ഒക്കെ അതേപടി ഉണ്ടായിരുന്നുവെങ്കിലും അനന്തന്റെ രൂപഭാവാദികളൊക്കെ വ്യത്യസ്തമായിരുന്നു. മോഡേൺ ലുക്കിലുള്ള ഈ ബിസിനസുകാരനാണ് നാഗകാളി മഠത്തിലെ അനന്തനെന്ന് വിശ്വസിക്കാൻ പത്മയ്ക്ക് പ്രയാസം തോന്നി. പക്ഷേ ചിരിക്കുമ്പോൾ തെളിയുന്ന ആ നുണക്കുഴികളും തിളക്കമാർന്ന കണ്ണുകളും അത് അനന്തപത്മനാഭൻ തന്നെയെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.

പാർട്ടികളിലും മീറ്റിങ്ങുകളിലുമൊക്കെ വെച്ചെടുത്ത ആ ഫോട്ടോകളിൽ മിക്കതിലും അനന്തനൊപ്പം പെൺ സുഹൃത്തുക്കൾ കൂടി ഉണ്ടായിരുന്നു. പലതിലും അനന്തന്റെ കൈകളിൽ ചേർന്നുനിൽക്കുന്ന അഞ്ജലിയെയും പത്മ കണ്ടു.പ്രായമായെങ്കിലും, സൗന്ദര്യവും ഐശ്വര്യവും നിറഞ്ഞ, വലിയ ചുവന്ന വട്ടപ്പൊട്ടു തൊട്ട ഒരു മുഖവും പല ഫോട്ടോകളിലും അനന്തനരികെ കണ്ടു. കോട്ടൺ സാരി ചുറ്റി നീളമുള്ള മുടി അഴിച്ചിട്ട അവരെ അവൾക്കു എവിടെയോ കണ്ടു മറന്നത് പോലെ തോന്നി.

“ഇതാ നോക്കിക്കേ, എന്തൊരു ലുക്ക് ആണെന്റെ പൊന്നോ.. ” കൃഷ്ണ വിളിച്ചുകൂവുന്നത് കേട്ടിട്ടാണ് പത്മ നോക്കിയത്. “ദേ അനന്തേട്ടന്റെ ഫേസ്ബുക്ക് പേജ് കിട്ടി..” അനന്തന്റെ പ്രൊഫൈലിൽ മനംമയക്കുന്ന ആ ചിരി ആയിരുന്നു.ഫോട്ടോകൾ മിക്കതും യാത്രകളുടേതായിരുന്നു.നാഗകാളി മഠത്തിലുള്ള സംഘാംഗങ്ങളും ഫോട്ടോകളിൽ അനന്തനോടൊപ്പമുണ്ടായിരുന്നു.

പെട്ടെന്നാണ് ആ ഫോട്ടോ പത്മയുടെ കണ്ണിൽപ്പെട്ടത്. ഒരു നേവി ബ്ലൂ കളർ കുർത്തയും നീല കരയുള്ള മുണ്ടും അണിഞ്ഞു മീശ പിരിച്ച് ചിരിയോടെ നിൽക്കുന്ന ആ ഫോട്ടോ…പിറകിൽ നാഗകാളി മഠം… “ശോ ഇതാർക്കുള്ള മൊതലാണോ എന്തോ..” കൃഷ്ണ വിഷമം നിറഞ്ഞ മുഖത്തോടെ പറഞ്ഞു. “മതിയെടി നോക്കി വെള്ളമിറക്കിയത്, അങ്ങേരിപ്പോ തുമ്മി തുമ്മി ചാവുന്നുണ്ടാവും”

“അനന്തേട്ടനിവളോട് എന്തോ ഉണ്ടോയെന്നു എനിക്കൊരു ഡൌട്ട് ഉണ്ട് ” “എന്തോ അല്ല.. പ്രേമം.. ഒന്ന് പോടീ പെണ്ണേ അവളുടെ ഒരു കണ്ടുപിടിത്തം ” കൃഷ്ണയെ നോക്കി പുച്ഛത്തോടെ പത്മ പറഞ്ഞു. “എന്റെ പത്മേ, ഇവള് പറയുന്നതൊന്നും നീ മനസ്സിലിട്ട് നടക്കാൻ നിൽക്കണ്ടാ ട്ടോ, നാട്ടിൻ പുറത്തെ പെൺപിള്ളേരെയൊന്നും അനന്തിനെ പോലെ കോർപ്പറേറ്റ് കൾച്ചറിൽ വളർന്നൊരാൾക്ക് പിടിക്കുമെന്ന് എനിക്ക് തോന്നണില്ല, ഇവൾക്ക് വട്ടാണ്” “നിങ്ങളൊന്നു നിർത്തണുണ്ടോ..

നിക്ക് അയാളെ ഇഷ്ടം പോലുമല്ല.. ” പക്ഷേ പത്മയുടെ ശബ്ദത്തിന് മുൻപത്തെ ദൃഢത ഉണ്ടായിരുന്നില്ല. വൈകുന്നേരമാവാറായപ്പോൾ അഞ്ജലി ഉറക്കത്തിൽ നിന്നെഴുന്നേറ്റു. ഉച്ചക്ക് ഊണിനു ശേഷം ഉറങ്ങി പോയതാണ്. നാഗകാളി മഠത്തിലെ ഭക്ഷണം അവൾക്കു പിടിക്കുന്നുണ്ടായിരുന്നില്ല. നോൺ വെജ് പറ്റില്ല എന്ന അനന്തന്റെ കർശ്ശന നിർദേശത്തെ എതിർത്ത് നോക്കിയെങ്കിലും ഫലമുണ്ടായിരുന്നില്ല.

ഒരു പരിധിയ്ക്കപ്പുറം അനന്തനെ നിയന്ത്രിക്കാനാവില്ലയെന്ന് മറ്റാരേക്കാളും അവൾക്കു നന്നായി അറിയാം.പുറത്തേക്കിറങ്ങിയപ്പോൾ ആരെയും കണ്ടില്ല. വീണയും ഗൗതമും തമ്മിൽ പ്രണയമാണെന്ന് അവർ തന്നെ അടുത്തിടെയാണ് മനസ്സിലാക്കിയത്. അതുകൊണ്ട് തന്നെ അവരെ ആരും ശല്യപ്പെടുത്താൻ നിൽക്കാറില്ല. ഹാളിലെ ഒരു കോണിലുള്ള സോഫയിൽ ലാപ് ടോപ്പുമായി അനന്തൻ ഇരിക്കുന്നത് അഞ്ജലി കണ്ടു.

അവനെയൊന്ന് പാളി നോക്കിയിട്ട് അഞ്ജലി നടുമുറ്റത്തിന്റെ വരാന്തയിലൂടെ പതിയെ ആ ഇരുണ്ട ഇടനാഴിയിലേക്ക് കയറി. അവൾ നടന്നെത്തിയത് അടച്ചിട്ട ആ അറയ്ക്ക് മുൻപിലാണ്. അതിന്റെ ചിത്രത്താഴിലേക്ക് ഒരു നിമിഷം നോക്കി നിന്നിട്ട് അഞ്ജലി ചുറ്റുമൊന്ന് കണ്ണോടിച്ചു. പാലപ്പൂമണം അവിടെമാകെ നിറഞ്ഞിരുന്നു. വാതിൽ തള്ളി തുറക്കാനെന്ന പോലെ അഞ്ജലി കൈ ഉയർത്തിയതും ഒരു സീൽക്കാരം ചെവിയിലെത്തിയത് പോലെ അവൾക്കു തോന്നി.

യാന്ത്രികമായാണ് അഞ്ജലി താഴേക്ക് നോക്കിയത്. അവളുടെ തൊട്ടു മുൻപിൽ അറ വാതിലിന്റെ പടിയിൽ പത്തി വിടർത്തി നിന്നിരുന്നു ഒരു കറുത്ത നാഗം. അതിന്റെ തിളങ്ങുന്ന കണ്ണുകൾ കണ്ടതും അഞ്ജലി അനങ്ങാനാവാതെ നിന്നു പോയി. ഒരു നിലവിളി അവളുടെ തൊണ്ടയിൽ കുടുങ്ങി. “അഞ്ജു നീയെന്താ ഇവിടെ..? ” അനന്തന്റെ ശബ്ദം കേട്ടതും അഞ്ജലി അവനെ നോക്കി. “അനന്താ… ഞാൻ.. ഇവിടെയൊരു.. ”

അഞ്ജലി വാതിൽക്കലേക്ക് നോക്കിയതും അവിടെയൊന്നുമുണ്ടായിരുന്നില്ല. അവൾ വെപ്രാളത്തോടെ ചുറ്റും നോക്കി. അതിനെ എവിടെയും കണ്ടില്ല. “ചോദിച്ചത് കേട്ടില്ലേ അഞ്ജു, നീ ഇവിടെ എന്ത് ചെയ്യുകയാ? ” “അത് ഞാൻ വെറുതെ.. ഈ വാതിൽ അടച്ചിട്ടത് കണ്ടപ്പോൾ.. ” “ലുക്ക്‌ അഞ്ജു, നിന്നോട് ഞാൻ പലവട്ടം പറഞ്ഞതാണ് ഇവിടെ ഇങ്ങനെ അലഞ്ഞു തിരിയരുതെന്ന്. ഇതൊരു പഴയ തറവാടാണ്.

വിശദീകരിക്കാൻ കഴിയാത്ത പലതും കണ്ടുവെന്നും കേട്ടെന്നുമൊക്കെ ഇരിക്കും” അഞ്ജലിയെ തറപ്പിച്ചു നോക്കി കൊണ്ടു അനന്തൻ പറഞ്ഞു. “ഡോണ്ട് റിപീറ്റ് ദിസ്‌, അദർ വൈസ് എനിക്ക് ചില തീരുമാനങ്ങൾ എടുക്കേണ്ടി വരും. നിന്റെ കാര്യത്തിൽ അങ്കിളിനോട് ഞാനാണ് ഉത്തരം പറയേണ്ടത് ” അനന്തൻ തിരിഞ്ഞു നടന്നു, പിറകെ അഞ്ജലിയും. ഇടനാഴിയിലെത്തിയപ്പോൾ അവളൊന്ന് തിരിഞ്ഞു നോക്കി.

അഞ്ജലിയുടെ കണ്ണുകളിൽ ഭയത്തോടൊപ്പം ദേഷ്യവും നിറഞ്ഞിരുന്നു. ആ അറവാതിലിന്റെ മുൻപിലെ വരാന്തയുടെ ചുമരിനോട് ചേർന്നു നിൽക്കുന്ന ചെമ്പകമരക്കൊമ്പിലായിരുന്നു ആ കരിനാഗം പിണഞ്ഞു കിടന്നത്… വൈകുന്നേരം വീട്ടിലെത്തി വേഷം മാറുമ്പോഴാണ് പത്മ ശ്രദ്ധിച്ചത്. ഒരു കാലിലെ കൊലുസ്സ് കാണാനില്ല. എല്ലായിടത്തും അരിച്ചു പെറുക്കിയെങ്കിലും അത് കിട്ടിയില്ല. ഒരുപാട് ആശിച്ചു മോഹിച്ചു വാങ്ങിച്ചെടുത്തതാണ്..

നാളെ കോളേജിൽ പോയിട്ടു ഒന്ന് നോക്കാം, എവിടെ പോയി, എപ്പോൾ പോയി എന്നൊരു സൂചന പോലുമില്ല. എന്തായാലും തിരിച്ചുകിട്ടില്ലെന്നുറപ്പിച്ചു. സന്ധ്യയ്ക്ക് തിരി വെയ്ക്കാൻ ചെന്നപ്പോഴാണ് നാഗത്തറയിലെ പ്രതിഷ്ഠയ്ക്ക് മുൻപിലെ മുല്ലപ്പൂമൊട്ടുകൾ അവൾ കണ്ടത്. പത്മ ചുറ്റും നോക്കിയെങ്കിലും ആരെയും കണ്ടില്ല. തിരി കൊളുത്തി തൊഴുതു കഴിഞ്ഞു അവൾ പിന്നെയും തിരിഞ്ഞു നോക്കി.

ഇലഞ്ഞി മരത്തിൽ ചാരി നിൽക്കുന്ന അനന്തപത്മനാഭനെ അവൾ കണ്ടു. നോക്കരുതെന്ന് കരുതിയാണ് അരികിലൂടെ നടന്നതെങ്കിലും അവൻ മുൻപിലേക്ക് നിന്നപ്പോൾ പത്മ മുഖമുയർത്തി പോയി. അനന്തൻ അവളെ നോക്കി ഇരുമിഴികളും ചിമ്മി കാണിച്ചു. തന്റെ നേർക്കു നീട്ടിയ കൈകളിലേക്ക് നോക്കിയപ്പോഴാണ് പത്മ കണ്ടത്. ഒരു വാഴയിലക്കീറിൽ നിറയെ മുല്ല മൊട്ടുകൾ… “അവകാശിയ്ക്ക് തരാതിരുന്നാൽ മോശമല്ലേ.. ”

ഒന്നും പറയാതെ നടക്കാൻ തുടങ്ങിയതും അനന്തൻ പറഞ്ഞു. “എന്നോടുള്ള ദേഷ്യം ഈ പൂക്കളോട് കാണിക്കണ്ട നീ തന്നെ നട്ടു വളർത്തിയതല്ലേ ” പത്മ ഒന്നും പറയാതെ കൈകൾ നീട്ടി. അനന്തൻ വാഴയില അവളുടെ കൈയിലേക്ക് വെച്ച് കൊടുത്തു. പത്മ നടന്നു. പൊടുന്നനെയാണ് പിറകിൽ നിന്നും ആ കിലുക്കം കേട്ടത്. “അപ്പോൾ ഇത് വേണ്ടേ? ” ഞെട്ടലോടെ നോക്കിയപ്പോൾ കണ്ടു അനന്തന്റെ കൈയിൽ ആ ഒറ്റക്കൊലുസ്സ്.

ഓടി അരികിലെത്തി കൈ നീട്ടിയതും അവനത് തെല്ലുയർത്തി പിടിച്ചു. “ഇത്… ആ കാലിൽ ഞാൻ അണിയിക്കും.. ” അവനെ തുറിച്ചു നോക്കി കൊണ്ടു അവൾ രണ്ടു ചുവട് പുറകോട്ട് വെച്ചു. “ഇല്ലെങ്കിൽ ഇതെന്റെ കൈയിലിരിക്കും ” “താൻ കൊണ്ടോയി പുഴുങ്ങി തിന്ന്.. ” ദേഷ്യത്തോടെ പത്മ പറഞ്ഞു. “അല്ലേൽ വേണ്ട താൻ അത് കാലിൽ കെട്ടി നടന്നോ ” അനന്തൻ ശബ്ദമില്ലാതെ ചിരിച്ചു. “ഈ കുഞ്ഞി കൊലുസ്സ് എന്റെ കൈയിൽ കെട്ടാനേ പറ്റൂ പെണ്ണേ ”

പറയുന്നതിനൊപ്പം അനന്തൻ ആ കൊലുസ്സ് അവന്റെ വലം കൈയിൽ ചുറ്റി. “ശേ, വൃത്തികെട്ടവൻ.. ” ദേഷ്യം നിറഞ്ഞ മുഖവുമായി പത്മ കാവിനു പുറത്തേക്കിറങ്ങി. “ഇനി അനന്തന്റെ കൈ കൊണ്ടു കെട്ടി തന്നാലേ പത്മയുടെ കാലിൽ ഒരു കൊലുസ്സ് വീഴൂ.. ” അനന്തന്റെ വാക്കുകൾ കേട്ടിട്ടും തിരിഞ്ഞു നോക്കാതെ അവൾ നടന്നു. ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ദേഷ്യം അടക്കി നിർത്താനാവാതെ അവനെ തോൽപ്പിക്കാനുള്ള വഴികളാലോചിക്കുകയായിരുന്നു പത്മ.

മേലേരി മനയിൽ അച്ഛൻ ചാരുകസേരയിൽ ഏറെ നേരമായി ആലോചനയോടെ ഇരിക്കുന്നത് ദത്തൻ കാണുന്നുണ്ടായിരുന്നു. “അച്ഛനെന്താ ആലോചിക്കണത്, മഠത്തിലെ കാര്യമാണോ? ” “വേറെയെന്താ ദത്താ നിക്കിപ്പോൾ ആലോചിക്കാനുള്ളത്.. നാളെ രാവിലെ അവിടെയെത്തണം. ഇനി സമയം പാഴാക്കാനില്ല്യ. അവൻ തുടങ്ങിക്കഴിഞ്ഞു.. ഭൈരവൻ…” ദത്തൻ തിരുമേനിയുടെ കണ്ണുകളിൽ തിരിച്ചറിയാനാവത്ത ഭാവങ്ങളായിരുന്നു.

“എന്നെയും നിന്നെയുമൊന്നും അവനൊന്നും ചെയ്യില്ല്യ…. പക്ഷേ നാഗകാളി മഠത്തിലുള്ളവർ… ” ഒരു ദീർഘനിശ്വാസത്തോടെ ഭദ്രൻ തിരുമേനി തുടർന്നു. “അവനെ എതിരിടാൻ അവർക്കേ കഴിയൂ… ആയില്യം നാളിൽ ജനിച്ച നാഗകാളി മഠത്തിലെ അവകാശികൾക്ക്..ഒരു തേരാളിയായെങ്കിലും നിന്നില്ലെങ്കിൽ തിരികെ ചെല്ലുമ്പോൾ ന്റെ ജാതവേദനും ഭാഗിയും ന്നോട് ചോദിക്കില്ല്യേ,

അവരുടെ കുട്ടികളെ ഒന്ന് സഹായിക്കാതിരുന്നതെന്തേയെന്ന്. അന്ന് സുഭദ്രയേയും വിഷ്ണുവിനെയും രക്ഷിക്കാൻ വേണ്ടി ഒന്നും ചെയ്യാനായില്ല്യ നിക്ക്. അന്ന് അവന് സഹായികളായി അകത്തുള്ളവരും ഉണ്ടായിരുന്നല്ലോ… ഇന്നിപ്പോൾ… അറിയില്ല്യ, നോക്കാം..” ഭദ്രൻ തിരുമേനി കണ്ണുകൾ അടച്ചു വെച്ചു. ദത്തൻ അപ്പോഴും മനസ്സിൽ കണക്ക് കൂട്ടലുകൾ നടത്തുകയായിരുന്നു… താമരക്കുളത്തിന്റെ പടവുകളിൽ ഇരുന്നിരുന്ന പത്മയുടെ താഴെയുള്ള പടിയിലായിരുന്നു അനന്തൻ. അവളുടെ വലത്തെ കാൽ അവന്റെ കൈകളിലായിരുന്നു.

പതിയെ ആ കൊലുസ്സ് അനന്തൻ അവളുടെ കാലിലിട്ടു. കൊളുത്തുകൾ കടിച്ചു മുറുക്കിയപ്പോൾ പത്മ ഒരു പിടച്ചിലോടെ കാൽ വലിച്ചു. അനന്തന്റെ കുസൃതിച്ചിരിയിൽ അവളുടെ മുഖം തുടുത്തു… സ്വപ്നത്തിനിടയിൽ പത്മയുടെ ചുണ്ടിലൊരു പുഞ്ചിരി ഉണ്ടായിരുന്നു. എന്നാൽ നാഗകാളി മഠത്തിൽ അതേ സ്വപ്നം കണ്ടു അനന്തപത്മനാഭൻ ഞെട്ടിയുണരുകയായിരുന്നു. താമരക്കുളത്തിന്റെ പടവുകളിരുന്ന അവർക്ക് പിറകിൽ എത്തിയ ആ കറുത്ത നിഴൽ അവൻ കണ്ടിരുന്നു….

(തുടരും )

നാഗമാണിക്യം: ഭാഗം 7

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!