ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 48

Share with your friends

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

കണ്ണുകൾ പെയ്തു കൊണ്ടിരുന്നു.. ഓടി ആ മുറിയുടെ മുന്നിൽ എത്തിയതും അവിടെ ഇരിക്കുന്ന ആളെ കണ്ടു… ആ മുറിയിലാകമാനം കണ്ണോടിച്ചവൾ തളർന്നു വീണു.. വീഴുന്നതിനു മുൻപ് അവളെ ഒരു കൈകൾ താങ്ങിയിരുന്നു.. കണ്ണുകൾ ഉയർത്തി നോക്കിയപ്പോൾ കണ്ടു അനന്തന്റെ മകനെ.. എല്ലാവരും ആ മുറിയിലേക്ക് കയറി കൂടെ വസുവും.. വിദൂരതയിലേക്ക് നോക്കി ഇരിക്കുന്ന അനന്തനെ കണ്ടതും അവളുടെ കണ്ണുകൾ ആ ദിശയിലേക്ക് പാഞ്ഞു.. വസുവിന്റെ ഫോട്ടോസ് എല്ലാം ആ മുറിയിൽ പതിഞ്ഞിരിക്കുന്നത് നോക്കി അവൾ നിന്നു..

വീൽ ചെയർ തിരിച്ചു കൊണ്ട് അവൾക്കഭിമുഖമായി കൊണ്ടു വന്നു കണ്ണൻ.. നന്ദേട്ടാ… ആരാ വന്നിരിക്കുന്നതെന്ന് നോക്കൂ.. കണ്ണന്റെ സ്വരം കേട്ടതും അവൻ മുഖമുയർത്തി നോക്കി.. എന്തിനാ ദേവാ.. സിഷ്ഠ.. അവളെയെന്തിനാ ഇങ്ങോട്ടേക്ക് കൊണ്ടുവന്നത്.. നന്ദേട്ടനെ കാണിക്കാൻ… എനിക്ക് വയ്യ ഇനിയും നീറി നീറി ജീവിക്കാൻ.. എന്നാണെങ്കിലും ലച്ചു അറിയട്ടെ എല്ലാം.. കണ്ണൻ പറഞ്ഞതും അനന്തൻ വേദനയാൽ നീറി.. വേണ്ടിയിരുന്നില്ല ദേവാ.. ഒരിക്കലും ആ കണ്ണുകൾ നിറയ്ക്കില്ലെന്ന് എനിക്ക് വാക്ക് തന്നതല്ലേ നീ.. എന്നിട്ടും..

അനന്തൻ പറഞ്ഞതും എല്ലാവരും ഞെട്ടി കണ്ണനെ നോക്കി.. വസു തറഞ്ഞു നിൽക്കുകയായിരുന്നു. ലച്ചൂ.. നിന്റെ നന്ദൻ.. അഥവാ സിഷ്ഠയുടെ നന്ദൻ ഞാൻ അല്ല.. സിഷ്ഠയെ ഞാനും സ്നേഹിച്ചിരുന്നു.. പക്ഷേ എന്നേക്കാൾ മുൻപ് നിന്നെ പ്രണയിച്ചിരുന്ന ഒരാളെ ഉള്ളു.. അനന്ത് പദ്മനാഭൻ.. സിഷ്ഠയുടെ ആത്മാവ്.. അഥവാ പ്രാണൻ.. ഇനിയൊന്നും പറയേണ്ട നന്ദൂട്ടാ.. നമുക്ക് ഇവിടെ നിന്നും പോകാം.. ഇതിൽ കൂടുതൽ താങ്ങാൻ എനിക്ക് വയ്യ.. തളർന്നിരുന്ന വസുവിന്റെ അരികിൽ വന്ന് കണ്ണൻ പറഞ്ഞു.. ഇനിയും നിന്നെ വിഡ്ഢിയാക്കാൻ എനിക്ക് പറ്റില്ല.. കഥയറിയാതെ ആട്ടം ആടിയത് മതി.. നീ അറിയണം ലച്ചൂ..

നിന്നെ പ്രണയിച്ചു തോറ്റ് പോയ ഒരു മനുഷ്യനെ കുറിച്ചു.. ഈ ഇരിക്കുന്ന അനന്തനെ കുറിച്ച്.. വേണ്ടാ ദേവാ.. ഇനിയൊന്നും പറയേണ്ട.. അവൾ അറിയേണ്ട. നന്ദൂട്ടന്റെ ലച്ചു ആയി തന്നെ ജീവിക്കട്ടെ അവൾ.. അനന്തന്റെ ചിലമ്പിച്ച സ്വരം പുറത്തേക്ക് തികട്ടി വന്നതും കണ്ണൻ പറഞ്ഞു.. പറ്റില്ല… എനിക്ക് പറഞ്ഞെ പറ്റൂ.. അവൾ അറിയണം എല്ലാം.. വിധിയുടെ വിളയാട്ടമായിരുന്നില്ല നിങ്ങളുടെ ജീവിതമെന്ന്.. സ്വാർത്ഥതയുടെ ബന്ധനത്തിൽ ഉരുകി തീർന്ന നന്ദനെ അവന്റെ സിഷ്ഠ അറിഞ്ഞേ പറ്റൂ..

അതിനുമപ്പുറം ഭ്രാന്തിയെന്ന മറ്റുള്ളവരുടെ പഴി കേട്ട് ജീവിച്ചവളാണ് അവൾ.. അതങ്ങനെയല്ലെന്ന് വൈകിയ വേളയിലെങ്കിലും അവളറിയട്ടെ.. അറിഞ്ഞിട്ടും സ്നേഹിച്ചിട്ടും കിട്ടാത്ത പ്രണയം.. എനിക്കറിയാം നന്ദൂട്ടന്റെ ലെച്ചു എന്നത് നന്ദന്റെ സിഷ്ഠ എന്നതിനെ പൊതിഞ്ഞു പിടിച്ചിരുന്ന ഒരു ആവരണം മാത്രമായിരുന്നു.. അതിന്ന് അഴിഞ്ഞു വീണേ പറ്റു.. അവളുടെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന സിഷ്ഠക്ക് ഇന്ന് മോചനം നൽകണം എനിക്ക്.. വർഷങ്ങളുടെ തടവറ ഭേദിച്ചവൾ സ്വതന്ത്രയാവട്ടെ..

വസു മിഴികളുയർത്തി നോക്കിയതും കണ്ടു.. വീൽ ചെയറിൽ കൈകൾ കൂട്ടി പിടിച്ചു തല താഴ്ത്തിയിരിക്കുന്ന അനന്തനെ.. വർഷങ്ങൾക്കിപ്പുറം മുഖാമുഖം.. അനന്തനും മിഴികളുയർത്തിയപ്പോൾ കണ്ടു.. ഒരു കടലാഴം തന്നെ ആ മിഴികളിൽ.. ആ കരിമിഴികളിൽ അത്രയും പെയ്യാൻ വെമ്പി നിൽക്കുന്ന കാർമേഘ പരപ്പുകളായിരുന്നു.. വസുവും അനന്തനും പരസ്പരം നഷ്ട്ട പെട്ടവരെ പോലെ തന്നെ ഇരുന്നു.. മിഥുനയുടെ മിഴികളിലും നീർ തിളക്കം തന്നെയായിരുന്നു.. എന്നാൽ കണ്ണൻ സ്വന്തം ഹൃദയവും കല്ലാക്കി മാറ്റിയിരുന്നു.. അനന്തന്റെ മൊഴികൾക്ക് കാതോർത്തു വസുവും മറ്റുള്ളവരും ഇരുന്നു..

തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് പഠിക്കാൻ എത്തിയപ്പോഴും അനന്തന്റെ ഉള്ളിൽ ഒരൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു അവന്റെ സിഷ്ഠയെ കണ്ടുപിടിക്കുക എന്നത്.. എന്നാൽ പഠനകാലഘട്ടത്തിൽ ഒന്നും അവന് അതിന് സാധിച്ചില്ല.. അങ്ങനെ ഇരിക്കെ പിഎച്ഡി ചെയ്തതിനു ശേഷം അവൻ തിരികെ ജോയിൻ ചെയ്യാൻ വന്നു.. പ്രോസിജിയേഴ്സ് എല്ലാം തീർത്തു നിൽക്കുമ്പോൾ ആണ് തന്റെ മേശയുടെ മേൽ ഇരുന്നിരുന്ന പുസ്തകം കാണാതെ ആയത് ശ്രദ്ധിക്കുന്നത് അവിടെമാകെ തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം..

അപ്പോഴാണ് ഡിപ്പാർട്മെന്റ്നു മുൻവശത്തായി നിൽക്കുന്ന ആളിലേക്ക് അവന്റെ ശ്രദ്ധ പോയത്.. ജയപ്രകാശ് അയാളെ കണ്ടതും താൻ ഇത്ര നാളും തേടി നടന്നതെന്തോ കൈവന്ന സന്തോഷമാണ് അവനിൽ തെളിഞ്ഞത്.. അവിടെ നിന്നിറങ്ങി വന്നതും അയാൾ ഒരു പെൺകുട്ടിക്കൊപ്പം നടന്നു പോയി കാറിൽ കയറുന്നതാണ് കണ്ടത്.. അവളുടെ മുടിയിൽ നിന്നും ഊർന്നു വീണ ചെമ്പകപ്പൂവ് കയ്യിലെടുത്തു ആ കാർ പോയ വഴിയെ നോക്കി നിന്നു.. അവന്റെ മനസ് തന്റെ പ്രിയപ്പെട്ടത് എന്തിനോ വേണ്ടി തുടികൊട്ടി കൊണ്ടിരുന്നു.. തന്റെ സിഷ്ഠയാണോ..?

അറിയില്ല പക്ഷേ.. ഇത്രയും ധ്രുതഗതിയിൽ അവളുടെ സമീപം മാത്രമേ തന്റെ ഹൃദയം തുടിക്കാറുള്ളു.. വീണ്ടും തന്റെ കയ്യിലിരുന്ന ചെമ്പകപ്പൂവിനെ ഉറ്റുനോക്കി.. സിഷ്ഠക്ക് അത്രമേൽ പ്രിയമുള്ള പൂക്കൾ.. അവയെ നാസികയോട് ചേർത്തു വെച്ചുകൊണ്ടാ ഗന്ധം ആസ്വദിച്ചു.. പ്രിയമുള്ളൊരാൾക്കു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു അനന്തന് പിന്നീടുള്ള പകലുകളും ഇരവുകളും.. അഡ്മിഷൻ കഴിയാത്തതു കൊണ്ടും മറ്റുതിരക്കുകൾ മൂലവും വസുവിന്റെ ക്ലാസ്സിലോട്ട് പോകാൻ കഴിഞ്ഞിരുന്നില്ല..

അമ്മച്ചിക്ക് വയ്യാത്തത് കൊണ്ട് തന്നെ അന്ന് ഒത്തിരി വൈകിയാണ് കോളേജിൽ എത്തിയത്.. മാളവികയോട് ഫോർമൽ കാര്യങ്ങൾ സംസാരിക്കുമ്പോൾ എപ്പോഴും ഫോർമൽ ആയി തന്നെ ഇടപെടാൻ അനന്തൻ ശ്രമിച്ചിരുന്നു.. കേട്ടു പഴകിയ പ്രിയപ്പെട്ട പാട്ടിന്റെ ഈരടികൾ ചുണ്ടുകൾ ഏറ്റു പാടിക്കൊണ്ടിരുന്നു.. ചെമ്പകഗന്ധം വഹിച്ചു പോയ കാറ്റിനൊപ്പം തന്റെ ചുണ്ടുകൾ മുഴുമിക്കാൻ മടിച്ച ചെമ്പകസുഗന്ധത്തെ മറ്റൊരാളും ഏറ്റു പാടിയിരുന്നതായി കേട്ടു.. നീണ്ട കരഘോഷത്തോടെ ക്ലാസ് ശാന്തത കൈവരിച്ചപ്പോൾ തന്റെ കണ്ണുകൾ ഉടക്കിയതത്രയും ജനാലയോട് ചേർന്നിരുന്നു ചെമ്പകകാട്ടിലേക്ക് ഉറ്റുനോക്കുന്ന പെൺകുട്ടിയിലായിരുന്നു..

ഊഴമെത്തിയപ്പോൾ പേര് വിളിച്ചു പറഞ്ഞ വസിഷ്ഠ ലക്ഷ്മിയിൽ.. അതേ തേടി നടന്ന വരം വർഷങ്ങൾക്കിപ്പുറം തന്നെ കടാക്ഷിച്ചിരിക്കുന്നു.. തന്റെ ആത്മാവിന്റെ അവകാശിയെ താൻ കണ്ടെത്തിയിരിക്കുന്നു.. ചെമ്പകശ്ശേരിയിൽ ജയപ്രകാശിന്റെ മകളെന്ന് സ്വയം പരിചയപ്പെടുത്തിയപ്പോൾ തന്റെ അലച്ചിലിന്റെ ഫലം വീണ്ടും നഷ്ടം തന്നെയാണോ ? സതിയുടെ വിയോഗത്തിനപ്പുറം വൈരാഗിയായി മാറിയ ശിവൻ.. ജനിമൃതികൾക്കപ്പുറം പാർവതിയായി ജന്മമെടുത്തപ്പോൾ തന്നെ തിരിച്ചറിയാൻ വൈകിയ സതി..

പാർവതിയിൽ ഉറങ്ങിക്കിടന്ന ശിവനോടുള്ള പ്രണയം മാത്രം വീണ്ടും പിറവിയെടുത്തു? എന്നാൽ സതിയോ? വൈരാഗിയായ പരമേശ്വരൻ പ്രണയിച്ച സതിയോ? അവളെന്നും പാർവതിയിൽ സുഖനിദ്രയിലായിരുന്നു.. നീയും അതുപോലെ ആണോ സിഷ്ഠ.? മഹാദേവൻ പാർവതിയിൽ സതിയെ തിരഞ്ഞതുപോലെ ഞാനും തിരയുകാണ് ഈ വസിഷ്ഠ ലക്ഷ്മിയിൽ നന്ദന്റെ മാത്രമായിരുന്ന സിഷ്ഠയെ.. നിന്റെ ഉള്ളിൽ ചിതൽ മൂടപ്പെട്ട ഓർമ്മ മാത്രമാണോ ഞാൻ.. അവളിൽ ഉടക്കി നിന്ന മിഴികൾ പിൻവലിച്ചു കൊണ്ട് ക്ലാസ്സിൽ നിന്നും യാത്രപറഞ്ഞിറങ്ങി..

പിറകിൽ നിന്നും നന്ദൻ സർ എന്ന പിൻവിളി ഉയർന്നു കേട്ടപ്പോൾ വീണ്ടും അവൾക്കായി ഹൃദയം മുറവിളി കൂട്ടി.. നന്ദന്റെ സിഷ്ഠ.. നന്ദന്റെ മാത്രം.. നെഞ്ചോട് ചേര്ത്തു നിർത്തി നെറുകയിൽ മുകരാനായി കൊതിച്ചുപോയി ഒരുവേള.. എന്നാൽ തന്നെ മറന്നൊരുവളെ എങ്ങനെ ചേര്ത്തു പിടിക്കും? ഗൗരവം കലർത്തി എന്താണ് സിഷ്ഠ ലക്ഷ്മി എന്നൊരു മറുചോദ്യമെറിഞ്ഞപ്പോൾ എന്റെ പെണ്ണിന്റെ ദേഷ്യം ആ മൂക്കിൻ തുമ്പിൽ ചോരചുവപ്പായി വന്നണഞ്ഞു കൊണ്ട് വസിഷ്ഠ ലക്ഷ്മിയെന്ന് തിരിച്ചടിച്ചു.. അതേ.. വസിഷ്ഠ ലക്ഷ്‌മി… അനന്ത് പദ്മനാഭിന്റെ സിഷ്ഠ.. അവന്റെയുള്ളം സ്വയം മന്ത്രിച്ചു..

അവളുടെ കയ്യിൽ പെട്ടിരുന്ന തന്റെ നീർമാതളം തിരിച്ചേൽപ്പിക്കുമ്പോൾ അടിവരയിട്ടു വെച്ച വരികൾക്ക് വേണ്ടി മാപ്പു പറഞ്ഞവൾ നടന്നകന്നു.. അവളുടെ തലോടൽ ഏറ്റിരുന്ന തന്റെ പുസ്തകത്തെ അത്രമേൽ ആർദ്രമായി കൈകളിൽ ചേർത്തണച്ചു.. തന്റെ പ്രിയപെട്ടവളുടെ സ്പർശം ഗന്ധം.. ഇന്നും നിനക്ക് ആ ചെമ്പകത്തിന്റെ ഗന്ധം തന്നെയാണല്ലോ.. ചിരിയോടെ ഓർത്തുകൊണ്ട് കസേരയിൽ അമർന്നിരുന്നു.. വീശിയടിച്ച ചെമ്പകകാറ്റിൽ പുസ്തകത്താളുകൾ മറിഞ്ഞു കൊണ്ടിരുന്നു..

ചുവന്ന മഷികൊണ്ട് കോറിയിട്ട ആമിയുടെ വരികളിലേക്ക് കണ്ണുകൾ പാഞ്ഞു.. എന്റെ ചിരികൾ മണ്ണിൽ ദ്രവിക്കും മുൻപേ ഒരുവട്ടം കൂടി കേൾക്കാൻ പാകത്തിൽ കണ്ണീരോട് കൂടി നീ അടക്കം പറയണം പ്രിയതേ നീയെന്റെ പ്രാണനായിരുന്നെന്ന് നിന്നെ ഞാൻ അത്രമേൽ സ്നേഹിച്ചിരുന്നു എന്ന്.. കോറിയിട്ട വാക്കുകൾ ഒരു ചെറുപുഞ്ചിരി നിറച്ചു.. നല്ല കുട്ടിയാണ് കഴിവുള്ളവളാണ് തന്റെ സിഷ്ഠ.. മണ്ണിൽ ലയിക്കുന്നത് എന്തിന്? അതിനുമുമ്പേ തന്നെ നീയെന്റെ സ്വന്തമാവില്ലേ? നിന്നോട് പറഞ്ഞാലും പറഞ്ഞാലും മതിവരാത്ത എന്റെ പ്രണയകഥ രാവ് പുലരുവോളം പങ്കുവെക്കണം..

എന്നാൽ അതിനുമുന്നെ എനിക്ക് വസിഷ്ഠ ലക്ഷ്മിയെ അല്ല വേണ്ടത്.. എന്റെ മാത്രമായിരുന്ന സിഷ്ഠയെ ആണ്.. ക്ഷയിച്ചു പോയ ഓർമ്മകൾ ഞാൻ നിനക്ക് വീണ്ടെടുത്ത് തരും.. ആ ഓർമകളിലൂടെ എന്റെ മാത്രം സിഷ്ഠയായി നീ എന്നിൽ എത്തും.. ഭക്ഷണം കഴിപ്പെല്ലാം കഴിഞ്ഞു ഫ്രഷേഴ്‌സ് ഡേ പരിപാടിക്കായി ഓഡിറ്റോറിയത്തിലേക്ക് നടന്നു.. ചെമ്പകഗന്ധമേറ്റ കാറ്റിനൊപ്പം ഒഴുകിയെത്തിയ സ്വരത്തിന്റെ ഉടമ തന്റെ സിഷ്ഠയാണെന്ന തിരിച്ചറിവിൽ വാത്സല്യം കണ്ണുകളിൽ അലയടിച്ചു..

വാത്സല്യത്തിന്റെ ആവരണമണിഞ്ഞവൻ നോക്കി കാണുകയായിരുന്നു തന്റെ പ്രണയിനിയെ.. അവളുടെ നേർക്ക് നീണ്ടുവന്നിരുന്ന മറ്റു മിഴികളെ അവയിലെ പ്രണയത്തെ അവഗണിക്കുന്ന അവളെ കണ്ടതും പറഞ്ഞറിയിക്കാൻ കഴിയാത്തൊരനുഭൂതി തന്നിൽ നിറയുന്നത് അവൻ അറിഞ്ഞു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 എച്ച് ഒ ഡിയോടും പ്രിൻസിപ്പൽ സർ നോടും ഒത്തു പുതിയപദ്ധതികൾ നടപ്പാക്കുന്നതിനെ കുറിച്ചു സംസാരിച്ചു നടക്കുമ്പോഴാണ് പിന്നീട് സിഷ്ഠയെ കാണുന്നത്.. കാലിൽ മുറിവ് പറ്റിയുള്ള ഇരിപ്പു കണ്ടതും എവിടെ നിന്നോ ദേഷ്യവും വേദനയും നിറയുന്നത് അറിഞ്ഞു..

പണ്ടേ വേദന സഹിക്കാത്തവളാണ്.. ഡിൻഞ്ചർ ഇലയുടെ നീർ തന്റെ കർച്ചീഫിൽ ആക്കി മുറിവിൽ വെച്ചു കൊടുത്തു.. വർഷങ്ങൾക്കിപ്പുറം തന്റെ തൊട്ടരികിൽ സിഷ്ഠ.. പക്ഷേ… ഓർമകളില്ലാതെ.. പരിസരബോധം വീണ്ടെടുത്ത് അവളുടെ കവിളിൽ തട്ടി വിളിച്ചു.. സുദേവ് വന്നതും അവന്റെ നെഞ്ചിലേക്ക് ഓടി കൂടണഞ്ഞ അവളെയും അവളെ ചേർത്തു നിർത്തിയ അവനെയും കണ്ടപ്പോൾ കുശുമ്പ് മുളപൊട്ടിയൊ? തന്റെ മാത്രമായിരുന്നവൾ.. ഉറുമ്പു കടിക്കുമ്പോൾ പോലും നന്ദേട്ടനോട് ചുറ്റിപറ്റിയവൾ..

പനിച്ചൂടിൽ കുഞ്ഞു ദേഹം പൊള്ളുമ്പോൾ നന്ദേട്ടന്റെ കൈ ചേർത്തു വെച്ചു ഉറങ്ങിയിരുന്നവൾ.. പനിചൂടാറുവോളം കുഞ്ഞു കണ്ണും പൂട്ടി ഉറങ്ങുന്ന സിഷ്ഠയെ നോക്കി ഇരിക്കുന്ന അവളുടെ നന്ദേട്ടൻ.. പ്രണയത്തെക്കാളും കാമത്തെക്കാളും വാത്സല്യത്താൽ ചേർത്തു പിടിച്ചിരുന്ന കൈകളും ചുംബനങ്ങളും.. അവളുടെ ശരീരത്തിന്റെ പനിച്ചൂടിപ്പോഴും തന്നിൽ തങ്ങി നിൽക്കുന്നത് പോലെ തോന്നി.. സുദേവിനെ അടുത്ത് കണ്ടപ്പോഴും ദേഷ്യമെല്ലാം സ്വയം അടക്കി നിർത്തി പുഞ്ചിരിയോടെ പെരുമാറി.. ഒരു സംശയത്തിന് താനായി ഇട കൊടുക്കരുതല്ലോ.. ഇനിയും വിരഹം താങ്ങാൻ കഴിയില്ല..

ഓർമ്മകൾ തിരികെ കിട്ടിയാൽ സിഷ്ഠയെയും കൊണ്ട് മടങ്ങണം അച്ഛന്മാരും അമ്മയും ഉറങ്ങുന്ന മണ്ണിലേക്ക്.. അതിമുൻപ് കടക്കാനുള്ള കടമ്പകൾ ഏറെയാണ്.. യാത്ര പറഞ്ഞകന്നെങ്കിലും ഹൃദയം പലവുരു അകക്കണ്ണാൽ അവളെ തിരിഞ്ഞു നോക്കി.. അന്ന് രാത്രിയിൽ ചന്ദ്രനെ നോക്കി വിശേഷങ്ങൾ പങ്കു വെക്കുമ്പോൾ മനസ്സിൽ ആഹ്ലാദത്തിന്റെ മഴ പെയ്യുകയായിരുന്നു.. ഉറക്കത്തിൽ പോലും വന്നു പോയിരുന്ന കുഞ്ഞു സിഷ്ഠക്ക് പകരം ഇന്ന് തന്റെ പെണ്ണിന്റെ രൂപം.. ഏറെ നാൾ താൻ കാത്തിരുന്ന രൂപം.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

പിറ്റേന്ന് ക്ലാസ് തുടങ്ങുന്നതിനു മുൻപ് സ്റ്റാഫ് റൂമിൽ നിൽക്കുമ്പോഴാണ് മാളവിക വരുന്നത്.. തന്നോട് എന്തോ പറയാനുണ്ടെന്ന് പറഞ്ഞതും പല ഒഴുവുകഴിവുകളും പറഞ്ഞു നോക്കി പക്ഷേ കഴിഞ്ഞില്ല.. തന്റെ അച്ഛന്റെ പെങ്ങളുടെ മോളാണെന്ന് അറിഞ്ഞത് ഈ അടുത്തായിട്ടാണ്.. അമ്മച്ചിയെ സ്നേഹിച്ചു കല്യാണം കഴിച്ചത് കൊണ്ട് തന്നെ അച്ഛൻ എന്നും പടിക്കു പുറത്തായിരുന്നു.. യാദൃശ്ചികമായി തന്റെ ഫോണിൽ അച്ഛന്റെ ഫോട്ടോ കണ്ടപ്പോഴാണ് അവൾക്ക് മനസിലായത് താൻ അവളുടെ ബന്ധുവാണെന്നത്..

പഴയ ബന്ധങ്ങളെല്ലാം കൂട്ടി ചേർക്കാൻ അവൾ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്.. അവളോട് സംസാരിച്ചിരിക്കുമ്പോൾ ഒരു മിന്നായം പോലെ വസു നടന്നു നീങ്ങിയത് അനന്തൻ ശ്രദ്ധിച്ചു.. എന്നാൽ മാളവികയ്ക്ക് പറയാനുള്ള കാര്യം അറിയാനായി ചെമ്പക കാട്ടിലേക്ക് അവളോടൊപ്പം നടന്നു.. എന്താ മാളൂ.. കുറെ നേരമായല്ലോ ഈ നിൽപ്പ് തുടങ്ങിയിട്ട്.. ഇനിയെങ്കിലും പറഞ്ഞൂടെ എന്താ കാര്യമെന്ന്.. അനന്തൻ ചോദിച്ചു.. കാര്യം.. അനന്താ വളച്ചു കെട്ടില്ലാതെ ഞാൻ പറയട്ടെ.. എന്റെ വിവാഹം ഒരുവിധം ശരിയാക്കുന്ന ലക്ഷണമാണ് കാണുന്നത്..

തന്നോട് ഞാൻ ഒരിക്കൽ സൂചിപ്പിച്ചിരുന്നു.. ആ ഞാൻ ഓർക്കുന്നുണ്ട് മാളൂ.. അനന്തൻ പറഞ്ഞു.. പക്ഷേ.. എനിക്ക് ശേഷം മിഥുന.. അവൾ ആരുമില്ലാതെ തനിച്ചാകും.. തനിക്കറിയാലോ അമ്മ ഇല്ലാത്തത് കൊണ്ട് തന്നെ പിടിവാശി കൂടുതലാണ് അവൾക്ക്.. പിന്നെ അവളുടെ മനസ്സിൽ കഴിഞ്ഞ നാലു വർഷമായിട്ട് അനന്തൻ മാത്രമേയുള്ളു.. കേട്ട വാർത്തയിൽ അനന്തൻ ഒന്ന് അമ്പരന്നു.. പിന്നീട് പറഞ്ഞു.. സോറി മാളു.. അനന്തന് ഒരു ജീവിതമുണ്ടെങ്കിൽ അതെന്നും അവളോടൊപ്പമാകും.. ജനലിലൂടെ തന്നെ നോക്കുന്ന വസുവിലേക്ക് കണ്ണുകൾ പായിച്ചു കൊണ്ടവൻ പറഞ്ഞു നിർത്തി.. അവന്റെ കണ്ണുകളെ പിന്തുടർന്നു വന്ന മാളവികയും കണ്ടു ജനലിലൂടെ ചെമ്പകകാട്ടിലേക്ക് നോക്കി നിൽക്കുന്ന ഒരു പെൺകുട്ടിയെ..

ചെമ്പകം പൂക്കും.. കാത്തിരിക്കാം.., 🌸😊❤️ കൺഫ്യൂഷൻസ് തീർക്കാൻ വേണ്ടിയാണ് വീണ്ടും ആദ്യം മുതൽ പറഞ്ഞു പോകുന്നത്.. കഥയതിന്റെ പൂർണതയിൽ അവസാനിപ്പിക്കാൻ അനന്തമായിരുന്ന അനന്തനെ അറിഞ്ഞേ പറ്റൂ..പിന്നെ ഞാൻ ആദ്യം മുതൽ പറഞ്ഞിരുന്ന ലൂപ്പ് ഹോൾസ് അറിയണമെങ്കിലും. .

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 47

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!