ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 49

Share with your friends

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

സോറി മാളു.. അനന്തന് ഒരു ജീവിതമുണ്ടെങ്കിൽ അതെന്നും അവളോടൊപ്പമാകും.. ജനലിലൂടെ തന്നെ നോക്കുന്ന വസുവിലേക്ക് കണ്ണുകൾ പായിച്ചു കൊണ്ടവൻ പറഞ്ഞു നിർത്തി.. അവന്റെ കണ്ണുകളെ പിന്തുടർന്നു വന്ന മാളവികയും കണ്ടു ജനലിലൂടെ ചെമ്പകകാട്ടിലേക്ക് നോക്കി നിൽക്കുന്ന ഒരു പെൺകുട്ടിയെ.. അവൾ വസിഷ്ഠ ലക്ഷ്മി എപ്പോഴൊക്കെയോ ഈ അനന്തന്റെ ഹൃദയത്തിൽ സ്ഥാനം ഉറപ്പിച്ചവളാണ്..

അവളെ മറന്നൊരു ജീവിതം തനിക്കില്ല മാളൂ.. സാരമില്ല അനന്താ ഞാൻ മിഥുവിനോട് സംസാരിച്ചു നോക്കാം. മാളവിക പറഞ്ഞു.. സംസാരിക്കണം മാളൂ നീ.. സിഷ്ഠ എന്റെ പ്രാണനാണ് അവളെ വിട്ടൊരു ജീവിതം തനിക്ക് ചിന്തിക്കാൻ കൂടി കഴിയില്ല.. കൈവിട്ടു പോയെന്ന് തോന്നിയിരുന്ന ഒന്നിനെയാണ് തന്റെ മുൻപിൽ വിധി കൊണ്ടു നിർത്തിയിരിക്കുന്നത്.. അവളുടെ കണ്ണിൽ ഒരു തിളക്കമുണ്ട് എനിക്ക് നേരെ നീളുന്ന മിഴികളിൽ മാത്രം നിറഞ്ഞു കവിയുന്നൊരു തിളക്കം.

എന്നാൽ അത് പൂർണതയിൽ എത്തുന്നത് എന്റെ മാത്രം സിഷ്ഠയായി മാറുമ്പോഴാകും.. അത്രയും പറഞ്ഞു ക്ലാസ്സിലേക്ക് നടന്നകലുന്ന അനന്തനെ നോക്കി മാളവിക നിന്നു.. അപ്പോഴും അവളുടെ മനസ് അവൻ അവസാനം പറഞ്ഞ വാചകങ്ങളുടെ പൊരുൾ തേടി അലയുകയായിരുന്നു.. അനന്തൻ ക്ലാസ്സിൽ എത്തിയതും കണ്ടു വേദന നിഴലിക്കുന്ന ആ മുഖം.. തനിക്ക് നേരെ മിഴികളുയർത്താതിരിക്കാൻ കണിഞ്ഞു പരിശ്രമിക്കുന്ന വസുവിനെ..

മാളവിക വന്നു വിവാഹകാര്യം പറഞ്ഞപ്പോൾ കണ്ടു വീണ്ടും വേദന കീറിമുറിച്ചൊഴുകുന്ന ആ മുഖത്തെ.. നെഞ്ചോട് ചേർക്കാൻ ഒരുവേള കൊതിച്ചു.. എന്നാൽ സമയമായിട്ടില്ല.. കോളേജിൽ താൻ എന്നും അവളുടെ അധ്യാപകൻ മാത്രമാണ് .. പിന്നീട് മാളവിക ചെന്ന് അഭിനന്ദിച്ചപ്പോൾ കണ്ടു ആ കണ്ണുകളിൽ നിറയുന്ന വിസ്മയം.. കണ്ണുകളുടെ ആഴത്തിൽ പ്രണയത്തെ വാത്സല്യമാകുന്ന താഴിട്ട് ബന്ധിച്ചു നിർത്തി..

എന്നാൽ അറിയാതെ പോലും വസുവിന്റെ കണ്ണുകൾ അതിന്റെ ഇണയെ തേടി എത്തിയില്ല.. യാത്ര പറഞ്ഞാ ക്ലാസ്സിൽ നിന്നിറങ്ങിയതും അവൾ തന്നെ ഒന്ന് നോക്കാതിരുന്നതിൽ ഉള്ള ദേഷ്യവും വേദനയും മൂലം നേരെ ചെമ്പകകാട്ടിലേക്ക് നടന്നു.. സിഷ്ഠയെ മാത്രം ഓർമകളിൽ ആവാഹിച്ചു കൊണ്ട് ബാല്യത്തിലേക്ക് ഓട്ട പ്രദക്ഷിണം നടത്തി.. നന്ദൻ സർ എന്ന വിളി കേട്ടതും കണ്ണുകൾ തുറന്നു നോക്കി. മുന്നിൽ വസുവിനെ കണ്ടതും നുരഞ്ഞു പൊന്തിയ സന്തോഷത്തെ ഒളിച്ചു വെച്ചു..

ലൈബ്രറിയിൽ പോയി വരുന്ന വഴിയാണെന്ന് കള്ളം പറഞ്ഞതും ആ മിഴിയിലേക്ക് ഒന്നൂടെ തന്റെ മിഴികളെ കൊരുക്കാൻ വിട്ടു.. കള്ളം പിടിക്കപെടാതിരിക്കാനോ മറ്റോ കണ്ണുകൾ മാറ്റുന്ന അവളെ കണ്ടതും വീണ്ടും സന്തോഷത്തിന്റെ തിരകൾ ഉള്ളിൽ അലയടിച്ചോ? മാളവികയെ ഇഷ്ടമായിരുന്നോ എന്ന് തെല്ലൊരു കുശുമ്പോടെ അതിലുപരി കൗതുകത്തോടെ ചോദിച്ചവളോട് അമ്മച്ചിയുടെ ഇഷ്ടമാണ് തന്റേതും എന്ന് പറഞ്ഞൊഴിഞ്ഞു.. അമ്മച്ചിയുടെയും അമ്മയുടെയും ഇഷ്ടം എന്നും നീ ആയിരുന്നെന്ന് നിശബ്‌ദമായി മനം മന്ത്രിച്ചു..

ഒരുപക്ഷെ നിന്റെ വയസ്സോളം പ്രായം ഉണ്ടാകും പെണ്ണേ എന്റെ പ്രണയത്തിന്.. അമ്മയുടെ വയറിൽ ചെവി ചേർത്തു നിന്റെ ചലനങ്ങൾ ഒപ്പിയെടുത്തിരുന്ന ഒരഞ്ചു വയസ്സുകാരൻ.. നിനക്കുള്ള ഉമ്മകൾ അത്രയും ആ ഉദരത്തിൽ അർപ്പിച്ചവൻ.. ആദ്യമായി കയ്യിൽ കിട്ടിയപ്പോൾ കൗതുകം കൊണ്ട് നോക്കി നിന്നവൻ.. കൗതുകം വളർന്നു വളർന്നു സ്നേഹമായി.. ഇഷ്ടമായി.. പ്രണയമായി.. ഇപ്പോൾ പ്രാണനും.. പേരറിയാത്ത ബന്ധനത്തിന്റെ പൊരുൾ തേടി അലയുന്നു മനസ്സിന്നും. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

അമ്മച്ചിയുടെ അസുഖം കാരണം പിന്നീടുള്ള ദിവസങ്ങൾ അത്രയും ക്ലാസ്സിൽ പോകാനോ സിഷ്ഠയെ കാണാനോ അവനു കഴിഞ്ഞിരുന്നില്ല.. എച്ച് ഒ ഡി ലീവ് ആയതുകൊണ്ട് അതിന്റെതായ ചുമതലയും.. പക്ഷേ.. ഇത്രയും തിരക്കുകൾക്കിടയിലും കാര്യങ്ങൾ എല്ലാം പെട്ടന്ന് ചെയ്തു തീർക്കാൻ അവളുടെ മുഖം മാത്രം മതിയായിരുന്നു.. എന്നാൽ കാര്യങ്ങളുടെ ഗൗരവമോ തന്റെ തിരക്കുകളുടെ കാര്യമോ ഒന്നും അറിയാതെ ക്ലാസ്സിൽ വരാത്തത് കൊണ്ട് തന്നോട് ദേഷ്യപ്പെട്ട സിഷ്ഠയോട് ആദ്യം ദേഷ്യമാണ് തോന്നിയത്..

മറ്റുള്ളവരുടെ ഇടപെടൽ അതിലുണ്ടെന്നറിഞ്ഞപ്പോൾ ദേഷ്യം അതിന്റെ ഉച്ചസ്ഥായിയിൽ എത്തി.. ക്ലാസിലെത്തി തന്റെ ദേഷ്യം മുഴുവൻ അവളോട് പറഞ്ഞു തീർക്കുമ്പോൾ തല താഴ്ത്തി നിന്ന അവളെ കണ്ടതും ആ കൈകളിൽ പിടിച്ചു തന്നോട് ചേർത്തു നിർത്താനും ആ മിഴികൾ നോക്കി ഞാൻ മനപ്പൂർവം നിന്നെ കണ്ടില്ലെന്ന് നടിക്കുമോ എന്നും ചോദിക്കാനായി മനസ് കേണു. ദേഷ്യവും വേദനയും അടക്കി അവിടെ നിന്നും ഇറങ്ങി പോകുമ്പോഴും അവളുടെ നിറഞ്ഞ മിഴികൾ തന്നെ അസ്വസ്ഥനാക്കികൊണ്ടിരിക്കുന്നത് അറിഞ്ഞു..

തെല്ലൊരു ആശ്വാസത്തിനായി ചെമ്പക മരങ്ങൾക്കിടയിലേക്ക് നടന്നു.. കൂട്ടുകാരോടൊന്നിച്ച് തന്റെ അടുത്തേക്ക് വരുന്ന വസുവിനെ.. മാപ്പു പറഞ്ഞുകൊണ്ട് വിങ്ങി പൊട്ടുന്ന അവളെ കണ്ടപ്പോൾ ഹൃദയം പിടയുന്നതറിഞ്ഞു.. കൂട്ടുകാരിൽ നിന്നും മാറ്റി നിർത്തി തന്റെ അവസ്ഥ അവളോട് മാത്രം വിശദീകരിച്ചു.. എന്തോ അവളറിയണം എന്ന് തോന്നി.. ഒരിക്കലും അവളെ മറന്നതല്ല.. സാഹചര്യങ്ങൾക്കൊണ്ടാണ് ക്ലാസ്സിൽ വരാതിരുന്നതെന്ന്.. എല്ലാം പറഞ്ഞു തീർന്നതും വീണ്ടും തലതാഴ്ത്തി നിൽക്കുന്ന അവളെ തോളിൽ തട്ടി ആശ്വസിപ്പിച്ചു..

തന്റെ കൈകളിൽ കൈചേർത്തവൾ കരഞ്ഞതും നെഞ്ചിൽ എവിടെയോ ഒരു വിങ്ങൽ.. ഇങ്ങനെ കരയല്ലേ പെണ്ണേ.. എന്റെ ഹൃദയം പൊടിയുന്നുണ്ട്.. മൗനമായി അവൻ മന്ത്രിച്ചു.. ചേർത്തണക്കാൻ കൈകൾ ഉയർന്നതും മാളവികയെ ആണ് കാണുന്നത്.. അവളിലെ വിഷാദ ചിരി കണ്ടതും വസുവിൽ നിന്നും അടർന്നു മാറി.. മാളവികയെ പിന്തുടർന്നു.. മാളൂ… ഒന്ന് നിൽക്ക്… പുറകെ ഓടി എത്തി അനന്തൻ പറഞ്ഞതും മാളവിക നടത്തം നിർത്തി.. എന്റെ പെണ്ണല്ലേ മാളൂ അവൾ..

അറിഞ്ഞില്ലെങ്കിലും എനിക്ക് അറിയാമല്ലോ അവളെ.. അത്രേം ഹൃദയം പൊട്ടുന്നത് കണ്ടതും ചേർത്തു നിർത്താതിരിക്കാൻ ആയില്ല.. മറന്നതല്ല അവളുടെ അധ്യാപകൻ ആണെന്ന്.. അനന്തനിൽ നിന്നും അറിയുകയായിരുന്നു മാളവികയും നന്ദനെയും അവന്റെ പ്രാണനായിരുന്ന വസിഷ്ഠയെയും.. വർഷങ്ങൾക്കിപ്പുറം തേടി അലഞ്ഞ നിധി കയ്യിലെത്തിയിട്ടും സ്നേഹത്തോടെ മാറോട് ചേർക്കാൻ കഴിയാതെ നിസ്സഹായനായി നിൽക്കുന്ന നന്ദനെ.. ഒരുപക്ഷെ പഴയ സിഷ്ഠയായിരുന്നെങ്കിൽ ഓടി അണഞ്ഞാ നെഞ്ചോട് ചേർന്നു നിന്നേനെ അവൾ..

നന്ദന്റെ മാത്രമായി.. മാളവികയിൽ എന്തിനെന്നറിയാതെ ഒരു നൊമ്പരം വന്നു മൂടി.. ഇത്രമേൽ അനന്തൻ ആ പെൺകുട്ടിയെ പ്രണയിക്കുന്നോ? വർഷങ്ങളുടെ കാത്തിരിപ്പ്.. തിരിച്ചറിയുന്നില്ലല്ലോ അവൾ.. എന്തൊരു നിർഭാഗ്യമാണത്.. യാത്ര പറഞ്ഞു പോയ അനന്തനെയും ക്ലാസ്സിൽ വേദനയോടെ തന്നെയും അനന്തനെയും മാറി മാറി നോക്കി നിന്ന ആ പെൺകുട്ടിയുടെയും മുഖം മാളവിക മനസ്സിൽ പതിപ്പിച്ചു.. നന്ദന്റെ മാത്രം സിഷ്ഠ.. പക്ഷേ തന്റെ മിഥു..

അവൾക്കിത് ഉൾകൊള്ളാൻ കഴിയുമോ? ആഗ്രഹിച്ചതെല്ലാം കൈപ്പിടിയിൽ കിട്ടി ശീലിച്ചവൾ അത്രമേൽ ഭ്രാന്തായവനെ മറ്റൊരു പെണ്ണിന് വിട്ടു കൊടുക്കുമോ? സമയം എടുത്താണെങ്കിലും പറഞ്ഞു മനസിലാക്കണം അവളെ എല്ലാം.. മാളവിക മനസ്സിൽ ഊട്ടി ഉറപ്പിച്ചു.. അനന്തൻ തിരക്കൊഴിഞ്ഞവളെ തിരഞ്ഞെങ്കിലും സുദേവിനോടൊത്ത് നേരത്തെ പോയി എന്നറിഞ്ഞു. അന്നത്തെ രാത്രി മുഴുവൻ നിറഞ്ഞു തുളുമ്പിയ മിഴികൾ തന്നെ ഉറക്കത്തെ വിഴുങ്ങിയിരുന്നു..

പുലരുവോളം അവൾ അറിയാതെ എടുത്ത ഫോട്ടോകൾ നോക്കി അങ്ങനെ കിടന്നു.. ഒരുപക്ഷെ തന്റെ ലോകം പോലും അവളിലേക്ക് മാത്രമായി ചുരുങ്ങി പോയിരിക്കുന്നു.. നീ എന്ന് ഈ നന്ദേട്ടനെ തിരിച്ചറിയും സിഷ്ഠ.. ഉള്ളുകൊണ്ട് ഒരായിരം തവണ നിന്നെ ഞാൻ പുൽകി കഴിഞ്ഞു.. പക്ഷേ ഇനിയെന്ന്? സ്വന്തമെന്ന് ചൊല്ലി നിന്നെ ഞാൻ നെഞ്ചോട് ചേർക്കും.. നീണ്ട വിരഹത്തിനപ്പുറമുള്ള എന്റെ പ്രണയം താങ്ങാൻ നിനക്കാവുമോ ഡി.. അതോ.. സിഷ്ഠക്കെ അതിനെ അതിന്റെ പൂർണതയിൽ ഉള്ളിലേക്ക് ആവാഹിക്കാൻ കഴിയൂ..

ഞാൻ ഒരു വേരാകാം നീ എന്ന ഓർമ്മകളെ പൂക്കളാക്കി മാറ്റുന്ന വേര്. അവളുടെ ചിത്രത്തിൽ വിരലോടിച്ചു കൊണ്ടങ്ങനെ കിടന്നു.. പിറ്റേന്ന് സമരമായത് കൊണ്ട് തന്നെ സിഷ്ഠയെ കാണാൻ കഴിയില്ലെന്ന ധാരണ ആയിരുന്നു.. എന്നാൽ ലൈബ്രറിയിൽ നിന്നും തിരികെ ഇറങ്ങിയപ്പോഴാണ് തല ഗ്രില്ലിൽ ഇടിച്ചു താഴേക്ക് വീഴുന്ന വസുവിനെ കാണുന്നത്.. അവളെ തള്ളിയിട്ടു ഓടിപോകുന്നവന്മാരെയും കണ്ടു..

ഓടിചെന്നവളെ തന്റെ കൈകളിൽ കോരിയെടുക്കുമ്പോൾ ഹൃദയം ഒരുവേള നിലച്ചത് പോലെ തോന്നി.. ആളൊഴിഞ്ഞ ക്ലാസ്സിൽ അവളെ തന്റെ നെഞ്ചോട് ചേർത്തിരുത്തി.. നീണ്ട പന്ത്രണ്ടു വർഷങ്ങൾക്കിപ്പുറം തന്റേത് മാത്രമായിരുന്ന അല്ല തന്റേതു മാത്രമായ ഒന്നിനെ നെഞ്ചോട് ചേർത്തപ്പോൾ ഹൃദയം വിങ്ങുന്നു.. സ്നേഹവും കാത്തിരിപ്പും വിരഹവും അവളിൽ ചുംബനങ്ങളായി പെയ്തു കൊണ്ടിരുന്നു.. കൂടെ അനന്തന്റെ മിഴികളും..

അധരങ്ങളുടെ ചൂടറിഞ്ഞപോലെ വസു അവന്റെ നെഞ്ചോരം വീണ്ടും ചേർന്നിരുന്നു.. മുടിയിഴകൾ തലോടി വീണ്ടും ആ മൂർദ്ധാവിൽ ചുണ്ടുകൾ ചേർത്തപ്പോൾ ആത്മസംതൃപ്തിയായിരുന്നു.. മുറിവിൽ നിന്നും ചോര പൊടിഞ്ഞൊഴുകി തുടങ്ങിയപ്പോൾ മാളവികയെ വിളിച്ചു പറഞ്ഞു അവളുടെ കൂട്ടുകാരുമായി വരാൻ.. മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാൻ അവളെ അവരോടൊപ്പം വിട്ട് വെള്ളം വാങ്ങി വന്നു.. അവളെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു..

കണ്ണുതുറന്നപ്പോൾ വീണ്ടും ആ മുഖത്തു വേദന തന്നെയായിരുന്നു മുന്നിട്ട് നിന്നത്.. ആ വേദനയിൽ മുഴുവൻ മരുന്നായി മാറാൻ കൊതിക്കുകയായിരുന്നു അനന്തന്റെ പ്രാണവായുവപ്പോൾ. വീണ്ടും തന്നോട് ചേർന്നിരുന്ന അവളെ ഒന്നൂടെ വരിഞ്ഞു മുറുക്കാൻ തോന്നിയെങ്കിലും മറ്റുള്ളവർക്ക് മുൻപിൽ തന്റെ സ്റ്റുഡന്റ് മാത്രമാണ് അവളെന്നെ ചിന്ത വീണ്ടും വന്നു മൂടി.. കുഞ്ഞു സിഷ്ഠയുടെ വേദനയെ സൂത്രങ്ങളിൽ തളച്ചിടുന്ന നന്ദനെ ഓർത്തതും അവനിൽ വാത്സല്യം മുളപൊട്ടി…

അവളെ തന്നിൽ നിന്നും അടർത്തി മാറ്റി കൊണ്ട് അവിടം വിട്ടു പോകുമ്പോൾ മനസ് കൊണ്ട് ആഗ്രഹിക്കുകയായിരുന്നു ഇതൊരു കോളേജ് അല്ലായിരുന്നെങ്കിൽ അവളെന്റെ വിദ്യാർത്ഥിനി അല്ലായിരുന്നെങ്കിൽ എന്ന്.. അതുപോലെ തന്നെ അവളെ മനപ്പൂർവ്വമല്ലെങ്കിലും വേദനിപ്പിച്ചവർക്ക് ആ വേദന അതേ പടി തിരികെ നൽകണമെന്നും.. വൈകീട്ട് മാളവികയോടൊപ്പം ഇറങ്ങിയപ്പോൾ സുദേവ്നെ കണ്ടു..

മാളവികയുള്ളത് കൊണ്ട് തന്നെ അവൻ സംസാരിച്ചപ്പോൾ ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല.. അവനും പഴയതെല്ലാം മറന്നിട്ടുണ്ടെന്ന് തോന്നുന്നു… അതെന്തായാലും നന്നായി എന്ന് തോന്നി.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 പിറ്റേന്ന് വസുവിന്റെ അവസ്ഥ അറിയാത്തത് കൊണ്ട് തന്നെ വളരെ വിഷമം തോന്നി.. ക്ലാസ്സിൽ ശൂന്യത നിറയുന്നതായി അറിഞ്ഞു.. കൂട്ടുകാരോടന്വേഷിച്ചപ്പോൾ അറിഞ്ഞു വയ്യാത്തതാണെന്ന്.. ഉള്ളം പിടഞ്ഞു ഒന്ന് കാണാനായി.. ലൈബ്രറിയിൽ മാളവികയുടെ പുസ്തകം വെക്കാൻ പോയപ്പോഴാണ് വസുവിന് വേണ്ടി പുസ്തകം തിരക്കുന്ന ഹരിപ്രിയയെ കാണുന്നത്..

തന്റെ കയ്യിൽ ഇരിക്കുന്ന പുസ്തകമാണ് തിരക്കുന്നതെന്നറിഞ്ഞതും തെല്ലൊരു സന്തോഷം വന്നു നിറഞ്ഞു.. വൈകീട്ട് കിട്ടുമെന്ന് ലൈബ്രേറിയൻ പറഞ്ഞത് കൊണ്ട് പിന്നീട് വരാമെന്ന് പറഞ്ഞവൾ യാത്ര ചോദിക്കുന്നത് കണ്ടു.. ഒരു കഷ്ണം പേപ്പറിൽ ഇങ്ങനെ കുറിച്ചു.. നിന്നെ ഞാൻ പ്രണയിക്കുന്നു എന്നതിനേക്കാൾ നിന്നെ ഞാൻ പ്രണയിച്ചിരുന്നു എന്ന് പറയാനാണ് എനിക്കിഷ്ടം. വർഷങ്ങൾക്ക് ശേഷം നീയത് കേൾക്കുമ്പോൾ അത്ഭുതത്തോടെ പുഞ്ചിരിക്കും എനിക്കത് മതി.. മറു പുറത്തു എന്റെ വസിഷ്ഠ ലക്ഷ്മിക്ക് എന്നും കുറിച്ച ആ താളിലേക്ക് തന്നെ നോക്കിയിരുന്നു..

അപ്പോഴാണ് തന്റെ മുന്നിൽ തനിക്ക് എതിർവശമായി പുസ്തകത്തിലേക്ക് നോക്കി ഇരിക്കുന്ന മഹേഷിനെ കണ്ടത് .. അവനെ കണ്ടതും കുറിപ്പൊളിച്ചു വെക്കാൻ നോക്കി പക്ഷേ എന്തോ അവൻ താൻ എഴുതിയിരിക്കുന്ന അക്ഷരങ്ങളിലേക്ക് ഉറ്റുനോക്കി.. സർ ക്ക് ഇത്രേം ഇഷ്ടമുണ്ടോ പപ്പേട്ടനോട്.. മഹി തിരക്കി. അനന്തൻ ഒന്നമ്പരന്നു നോക്കിയപ്പോൾ മഹി പറഞ്ഞു.. അല്ല പപ്പേട്ടന്റെ വരികൾ ഇങ്ങനെ കടലാസ്സിൽ കുറിക്കുന്നത് കൊണ്ട് ചോദിച്ചതാണ്..

മഹി ചിരിയോടെ പറഞ്ഞതും അനന്തൻ പറഞ്ഞു.. എന്തോ അറിയില്ല.. ചില വരികൾ മനസ്സിൽ ആഴത്തിൽ പതിയുമ്പോൾ അവ മഷി പുരട്ടി കടലാസ്സിൽ ചേർക്കാൻ തോന്നും.. അനന്തൻ പറഞ്ഞവിടെ നിന്നും എഴുന്നേറ്റു.. പോകുന്നതിനു മുൻപ് അവൻ തിരിഞ്ഞു നോക്കി.. അല്ല മഹേഷ് എനിക്ക് വസിഷ്ഠ ലക്ഷ്മിയുടെ നമ്പർ ഒന്ന് തരാമോ.. ആ കുട്ടിക്ക് എങ്ങനുണ്ടെന്ന് വിളിച്ചു ചോദിക്കാൻ ആയിരുന്നു.. മഹിയോടെ ചോദിച്ചതും അവൻ നമ്പർ നൽകി.. കുറിപ്പ് പുസ്തകത്തിൽ ഒളിപ്പിച്ചു കൊണ്ട് കൗണ്ടറിൽ ഏൽപ്പിച്ചു അനന്തൻ മടങ്ങി..

വൈകീട്ട് ഹരിപ്രിയ വരാമെന്ന് പറഞ്ഞത് കേട്ടിരുന്നത് കൊണ്ട് തന്നെ ലൈബ്രറിയിൽ ചെന്ന് കുറച്ചു മാറിയിരുന്നു.. ഭൂതകാലത്തിലെ സിഷ്ഠയെയും നന്ദനെയും അവളിലേക്ക് എത്തിക്കാനായി തന്റെ ആദ്യ ശ്രമമാണ്.. എത്തി കഴിഞ്ഞാൽ താൻ പ്രണയിച്ചിരുന്നതവൾ അറിയുമെന്നും വൃഥാദരിച്ചു..

ഹരിപ്രിയ പുസ്തകം എടുക്കുന്നത് മറഞ്ഞു നിന്നു തന്നെ നോക്കി കണ്ടു.. വസുവിലേക്ക് തന്നെ തന്റെ കുറിപ്പുകൾ എത്തുമെന്ന് തോന്നി.. അപ്പോഴും താൻ കുറിച്ചിട്ട വരികൾ അറംപറ്റുമെന്ന് അറിയാതെ അവൻ യാത്ര തുടർന്നു.. അവന്റെ പ്രാണനിലേക്ക്… നന്ദന്റെ സിഷ്ഠയിലേക്ക്.. കാത്തിരിക്കാം.. ചെമ്പകം പൂക്കും യാമങ്ങൾക്കായി.. അഷിത കൃഷ്ണ (മിഥ്യ )

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 48

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!