നാഗമാണിക്യം: ഭാഗം 10

നാഗമാണിക്യം: ഭാഗം 10

എഴുത്തുകാരി: സൂര്യകാന്തി

“അങ്ങ് നേരത്തേ പറഞ്ഞ ആ ആദിത്യനാരാണ്? ” മഠത്തിന്റെ മുറ്റത്തെ തേന്മാവിൻ ചുവട്ടിലായിരുന്നു അനന്തനും ഭദ്രൻ തിരുമേനിയും. വെയിൽ ചാഞ്ഞപ്പോഴാണ് അദ്ദേഹം അനന്തനോപ്പം മുറ്റത്തേക്കിറങ്ങിയത്. മാവിൽ ചുറ്റി പടർന്നു നിറയെ പൂത്തു നിൽക്കുന്ന മുല്ലവള്ളിയിൽ കൈ വെച്ചു കൊണ്ടാണ് അനന്തൻ ചോദിച്ചത്. “അനന്തപത്മനാഭന് മുത്തച്ഛൻ പറഞ്ഞു തന്ന കഥകളിലൊന്നും ആദിത്യനുണ്ടായിരുന്നില്യേ? ” തിരുമേനിയുടെ ഗൗരവം നിറഞ്ഞ മുഖത്ത് ഒരു ചെറു പുഞ്ചിരി എത്തി നോക്കുന്നുണ്ടായിരുന്നു.

അനന്തൻ ഞെട്ടലോടെ അദ്ദേഹത്തെ നോക്കി. “തന്നെ ആദ്യമായി നേരിൽ കണ്ടപ്പോൾ ഞാൻ ഞെട്ടിയില്ല്യ. കാരണം മുൻപെപ്പോഴോ ഒരിക്കൽ ഈ മുഖം പത്രത്തിൽ കണ്ടു പകച്ചു നിന്നിട്ടുണ്ട്. നിഹം ഗ്രൂപ്പിന്റെ സാരഥിയെക്കുറിച്ചുള്ള എന്റെ അന്വേഷണങ്ങൾ എത്തി നിന്നത് മാണിക്യമംഗലം കോവിലകത്തെ രാഘവവർമ്മയിലാണ്. ജാതവേദനെപ്പോലെ തന്നെ എനിക്ക് പ്രിയപ്പെട്ട എന്റെ കൂട്ടുകാരനിൽ… ” അനന്തന് ഒന്നും പറയാനില്ലായിരുന്നു. “പിന്നെയെനിക്ക് കൂടുതലൊന്നും അന്വേഷിക്കാനില്ലായിരുന്നു.

പക്ഷേ നാഗകാളി മഠം വിലയ്ക്ക് വാങ്ങിച്ചയാൾ അനന്തപത്മനാഭനാണെന്ന് അറിഞ്ഞത് മുതൽ നിന്റെ വരവ് ഞാൻ പ്രതീക്ഷിച്ചതാണ്. എന്റെ നിഗമനങ്ങളൊന്നും തെറ്റായിരുന്നില്ല്യ , എന്തിനും പ്രാപ്‌തനാക്കിയാണ് നിന്റെ മുത്തച്ഛൻ നിന്നെ വളർത്തിയെടുത്തത് ” അനന്തനെ നോക്കിയ തീക്ഷ്ണമായ കണ്ണുകളിൽ പതിയെ വാത്സല്യം നിറയുന്നുണ്ടായിരുന്നു. “ഒന്നും ചിന്തിക്കാതെ ഈ വൃദ്ധൻ വീണ്ടും നാഗകാളി മഠത്തിലെത്തുമെന്ന് കരുതിയോ അനന്തൻ…വഴികൾ ചൂണ്ടി കാണിച്ചു തരാനേ എനിക്കാവൂ, സഞ്ചരിക്കേണ്ടത് നീയാണ്… ”

“അങ്ങ് കൂടെയുണ്ടെങ്കിൽ…. ” അനന്തൻ പൂർത്തിയാക്കുന്നതിനു മുൻപേ തിരുമേനി പറഞ്ഞു. “കൂടെയുണ്ടാവേണ്ടത് അവളാണ്, നിന്റെ ശക്തിയാവേണ്ടവൾ. എന്നാലേ നിനക്ക് ലക്ഷ്യത്തിലെത്താനാവുകയുള്ളൂ. മറഞ്ഞിരിക്കുന്ന ശത്രുക്കളെ കണ്ടുപിടിക്കേണ്ടത് അവളിലൂടെയാണ്. നാഗകാളി മഠത്തിലെ സുഭദ്രയുടെ പുനർജ്ജന്മമായവൾ.. അവളിൽ അവളറിയാത്ത ശക്തികൾ ഉറങ്ങിക്കിടപ്പുണ്ട്. അതിനാദ്യം ആരുമറിയാതെ ഈ ഇല്ലത്ത് നിന്ന് അപ്രത്യക്ഷയായ സുഭദ്രാദേവിയ്ക്ക് എന്തു സംഭവിച്ചുവെന്ന് കണ്ടെത്തണം ” കൈകൾ പിന്നിൽ കെട്ടി രണ്ടു ചുവട് നടന്നിട്ട് തിരുമേനി വീണ്ടും അനന്തന്റെ അരികിലെത്തി.

“എല്ലാം അറിഞ്ഞു കൊണ്ടു തന്നെയാണ് നീ ചോദിച്ചതെന്ന് എനിക്കറിയാം. എന്റെ വാക്കുകളിലൂടെ നാഗകാളി മഠത്തിനെ അറിയാൻ.. പറയാം.. ” വീണ്ടും നടന്നു കൊണ്ടു അദ്ദേഹം പറഞ്ഞു തുടങ്ങി. “ആദിത്യൻ… നാഗകാളി മഠത്തിലെ രേവതി തമ്പുരാട്ടിയുടെയും, വാഴൂരില്ലത്തെ അഗ്നിശർമ്മന്റെയും മകൻ ഭൈരവനെന്ന ശിവദത്തന്റെ ചെറുമകൻ… ” “ജാതവേദന്റെ മകൻ ദേവനാരായണന്റെയും ജാതവേദന്റെ സഹോദരി ദേവിയുടെ പുത്രനായിരുന്ന വിഷ്ണുനാരായണന്റെയും പ്രിയകൂട്ടുകാരൻ… ” അനന്തൻ എല്ലാം കേട്ടു നിൽക്കുകയായിരുന്നു. ഒന്നും പറയാനുണ്ടായിരുന്നില്ല അവന്..

“ഞാനും ജാതവേദനും രാഘവവർമ്മയും തമ്മിലുണ്ടായിരുന്നത്‌ പോലെ ആഴത്തിലുള്ള സൗഹൃദമായിരുന്നു വിഷ്ണുവും ദേവനും ആദിത്യനും. വിഷ്ണുവിന്റെ പെണ്ണായിരുന്നു സുഭദ്രയെങ്കിൽ ദേവൻ പ്രണയിച്ചത് രാഘവവർമ്മയുടെ മകൾ ലക്ഷ്മിയെയായിരുന്നു.ആദിത്യൻ എന്റെ സഹോദരിപുത്രിയായിരുന്ന ഭദ്രയേയും… ” “ലക്ഷ്മിയും ദേവനും തമ്മിലുള്ള ബന്ധം എല്ലാവർക്കും സമ്മതമായിരുന്നെങ്കിലും ആദിത്യനും ഭദ്രയും തമ്മിലുണ്ടായിരുന്ന ബന്ധം രഹസ്യമായിരുന്നു. കാരണം ഭദ്ര മേലേരിയിലെ നാഗകന്യയായിരുന്നു.

ആ ജന്മം വിവാഹജീവിതം വിധിക്കപ്പെടാതിരുന്നവൾ… മരണം വരെ കന്യകയായി തുടരേണ്ടിയിരുന്നവൾ… ” “നാഗകാളി മഠത്തിലെന്ന പോലെ മേലേരിയിലും നാഗക്കാവും നാഗാരാധനയുമൊക്കെ ഉണ്ടായിരുന്നു. ഇവിടെ നാഗക്കാവിലമ്മയായിരുന്നെങ്കിൽ അവിടെ നാഗകന്യയായിരുന്നു. നാഗകന്യയാവുന്ന പെൺകുട്ടിക്ക് വിവാഹജീവിതം നിഷിദ്ധമായിരുന്നു. സർപ്പ ദംശനമേൽക്കുന്നവരെ സ്പർശനമാത്രയിൽ വിഷമുക്തമാക്കാൻ കഴിവുള്ളവരായിരുന്നു മേലേരിയിലെ നാഗകന്യമാർ ” ഭദ്രൻ തിരുമേനിയുടെ ഭാവം മാറി തുടങ്ങിയിരുന്നു.

“അവരുടെ നിഷ്കളങ്കമായ സ്നേഹത്തിനിടയിലേക്ക് ചതിയുടെ വിഷപ്പല്ലുകളുമായാണ് ഭൈരവൻ എത്തിയത്.. ” പറയുന്നതിനിടയിൽ ഭദ്രൻ തിരുമേനിയുടെ മുഖത്ത് തെളിയുന്ന ഭാവങ്ങൾ സാകൂതം വീക്ഷിക്കുകയായിരുന്നു അനന്തൻ. നാഗക്കാവിൽ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ദത്തനും മാധവനും സഹായികളും കാവിലുണ്ടായിരുന്നു. നാഗക്കാവിലെ പ്രധാന പ്രതിഷ്ഠ നാഗകാളിയെന്നറിയപ്പെടുന്ന നാഗദേവതയാണ്, നാഗരാജാവും പ്രതിഷ്ഠയിലുണ്ടെന്നാണ് സങ്കല്പം. മണിനാഗവും അഞ്ജന മണിനാഗവും അഞ്ചു തലയൻ മണിനാഗവും അടുത്ത് തന്നെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്…

നാഗപൂജയിൽ തുടങ്ങി വരും ദിവസങ്ങളിൽ നടത്താനുദ്ദേശിക്കുന്ന നാഗക്കളം, നാഗപ്പാട്ട്, പാലും നൂറും സമർപ്പണം, പാലഭിഷേകം, മഞ്ഞൾ നീരാട്ട് എല്ലാം ഭദ്രൻ തിരുമേനിയുടെ നിർദേശപ്രകാരമാണ്.കർമ്മങ്ങൾക്കെല്ലാം ദത്തൻ തിരുമേനിയോടൊപ്പം സഹായികൾ കൂടാതെ മറ്റു രണ്ടുപേരു കൂടെയുണ്ട്… നാഗപൂജയാണിന്ന്. ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു… ഭദ്രൻ തിരുമേനി പറഞ്ഞു നിർത്തി അനന്തനെ നോക്കി. “ഇനി അനന്തന് അറിയാൻ സാധ്യതയില്ലാത്ത ചില കാര്യങ്ങളുണ്ട്.. ” അപ്പോഴാണ് സുധർമ്മയും പത്മയും പൂമുഖത്തു നിന്ന് മുറ്റത്തേക്കിറങ്ങുന്നത് അവർ കണ്ടത്.

“പത്മകുട്ട്യോട് ഇവിടെ നിക്കണം ന്നല്ലേ ഞാൻ പറഞ്ഞത്? ” “അത്…ഞങ്ങളൊന്നു വീട് വരെ പോയിട്ടു വരാം തിരുമേനി ” സുധയാണ് മറുപടി പറഞ്ഞത്. “ശരി, അധികം വൈകണ്ട, പറയണതിനൊക്കെ എന്തേലും കാരണം ഉണ്ടാവുമെന്ന് ധരിച്ചോളുക ” “പെട്ടന്ന് വരാം തിരുമേനി ” “ആയിക്കോട്ടെ ” സുധർമ്മ അനന്തനെ നോക്കിയൊന്നു തലയാട്ടിയിട്ടാണ് പോയത്. പത്മ ഒന്ന് പാളി നോക്കിയെങ്കിലും മുഖം വീർത്തു തന്നെയിരുന്നു. അനന്തന് ചിരി വരുന്നുണ്ടായിരുന്നു. ഭദ്രൻ തിരുമേനിയുടെ കണ്ണുകൾ തന്നിലെത്തുന്നത് അനന്തൻ അറിയുന്നുണ്ടായിരുന്നില്ല.. തിരുമേനി ഒന്ന് ചുമച്ചതും അനന്തൻ അദ്ദേഹത്തെ നോക്കി.

ആ മുഖത്ത് ഒരു കുസൃതി ചിരി ഉണ്ടായിരുന്നു. അനന്തനും ജാള്യതയോടെ ഒന്ന് ചിരിച്ചു. “ഇത് ഇത്ര വല്യ സംഭവമൊന്നുമല്ലെടോ, ചിലരെ കാണുമ്പോൾ നമ്മൾ അറിയാതെ തന്നെ ചിലപ്പോൾ അവരോടൊരിഷ്ടം തോന്നും, ആദ്യമായി കാണുന്ന ഒരാളോട് പോലും. അതുപോലെ തന്നെ ചിലപ്പോൾ ആദ്യമായി കാണുന്ന ഒരാളോട് ഒരു കാരണവുമില്ലാതെ ഒരിഷ്ടക്കേട്‌ തോന്നും. ഏതോ ഒരു ജന്മത്തിൽ നമുക്കവരെ പരിചയമുണ്ടായിരുന്നത് കൊണ്ടാവാം ഈ വികാരങ്ങൾ എന്നാണ് പറയപെടുന്നത് ” “പിന്നെ പത്മ, എനിക്കറിയാം തന്റെ മനസ്സിലെ ആധി.

അതിന്റെ ആവശ്യമില്ല്യ. ഇന്ന് അവളുടെ കഴുത്തിൽ കിടക്കണ നാഗരൂപം കണ്ടതേ എന്റെ സംശയങ്ങളൊക്കെ തീർന്നതാണ്.. പക്ഷേ സുഭദ്രയ്ക്ക് പറ്റിയ ചതി പത്മയ്ക്ക് സംഭവിക്കരുത്. നാഗകാളി മഠത്തിലെ കാവിലമ്മമാരിൽ ഏറ്റവും ശക്തയായിരുന്നു സുഭദ്ര ദേവി.. എന്നിട്ടും… ” “സൂക്ഷിക്കണം… സുഭദ്രയേക്കാൾ എടുത്തു ചാട്ടക്കാരിയും മുൻകോപിയുമാണ് പത്മ ” “ഞാൻ നോക്കിക്കോളാം തിരുമേനി… ” “അരുന്ധതിയെ എനിക്കൊന്ന് കാണണം, ചിലത് പറയാനുണ്ട് ” “ഞാൻ പറയാം അമ്മയോട്… ” “മാധവനോടും സുധർമ്മയോടും സംസാരിച്ചുവോ? ” “ചിലതെല്ലാം പറഞ്ഞിട്ടുണ്ട്.. ”

“സുധർമ്മ നാഗകാളി മഠത്തിലെ കുട്ടിയാണ്. അവൾക്കൊരു ജ്യേഷ്ഠനുമുണ്ടായിരുന്നു. നാട് വിട്ടു പോയ ഗോവിന്ദൻ. ഭഗീരഥിയുടെ സഹോദരന്റെ മകൻ സുദേവന് ഒരു നായർ സ്ത്രീയിലുണ്ടായ മകൾ.. ആരോരുമില്ലാതായ സുധർമ്മയെ ഭഗീരഥിയാണ് ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത്. ഭാഗിയ്ക്ക് ദേവനെപ്പോലെ തന്നെയായിരുന്നു മാധവനും. മറ്റുള്ളവരിൽ നിന്നും സുധയെ രക്ഷിക്കാനായി കൂടിയാണ് മാധവനും സുധയും തമ്മിലുള്ള പ്രണയം അറിഞ്ഞപ്പോൾ ഭാഗീരഥി അത് നടത്തി കൊടുത്തത്. എല്ലാവരും എതിർത്തിട്ടും അവൾ ഒറ്റയ്ക്ക് നിന്നത് ചെയ്തു കൊടുത്തു ” ഭദ്രൻ തിരുമേനിയുടെ കണ്ണുകളിലെങ്ങോ മിന്നിമാഞ്ഞ തിളക്കം അനന്തൻ കണ്ടിരുന്നു. “എനിക്കറിയാം.

സംശയം ഉണ്ടായിരുന്നു ഇടയ്ക്കെപ്പോഴോ… ഇല്ലത്ത് രക്തബന്ധങ്ങളൊന്നുമില്ലാത്ത ഒരു പെൺകുട്ടി കാവിൽ തിരി വെക്കുന്നതെങ്ങിനെയെന്ന്… ” ഭദ്രൻ തിരുമേനി ഒന്ന് ചിരിച്ചു. മഠത്തിന്റെ മുകൾനിലയിലെ ബാൽക്കണിയിൽ അഞ്ജലി നിൽക്കുന്നുണ്ടായിരുന്നു… കാവിലെ ഒരുക്കങ്ങളൊക്കെ നോക്കിക്കൊണ്ടാണ് പത്മ വഴിയിലൂടെ നടന്നത്. നാഗക്കാവിൽ നാഗത്തറയും അരയാലും കഴിഞ്ഞു ഉള്ളിലോട്ടു നിറയെ മരങ്ങളാണ്.കാവിലിനുള്ളിലേക്ക് ഒരു കുളവുമുണ്ട്, ആരും അത്രയ്ക്ക് ഉള്ളിലേക്ക് പോവാറില്ല, നിറയെ മരങ്ങളും വള്ളിപ്പടർപ്പുകളുമാണ്. നിബിഡ വനങ്ങളിൽ കാണുന്ന തരം ഔഷധ സസ്യങ്ങളും മരങ്ങളുമൊക്കെ ഉണ്ടത്രേ.

ഒരു ചുള്ളിക്കമ്പു പോലും നാഗക്കാവിൽ നിന്നാരും ഒടിച്ചു കൊണ്ടു പോവാറില്ല. വലുതായതിന് ശേഷം രണ്ടു തവണ പത്മ കുളത്തിനരികെ വരെ ചെന്നെത്തിയിട്ടുണ്ട്. മാധവൻ അതറിഞ്ഞപ്പോൾ അവളെ പൊതിരെ തല്ലിയിരുന്നു. അന്ന് പത്മയെക്കൊണ്ടയാൾ സത്യം ചെയ്യിപ്പിച്ചതാണ് ഇനി അങ്ങോട്ട് പോവില്ലെന്ന്… പുറത്തു നിന്ന് ഉള്ളിലേക്ക് അങ്ങനെ കാണാൻ സാധിക്കില്ലെങ്കിലും പത്മ അങ്ങോട്ട് നോക്കി കൊണ്ടു തന്നെ വീട്ടിലേക്കുള്ള വഴിയിലേക്ക് കയറി. “ഒന്ന് വേഗം നടക്കൂ കുട്ട്യേ, തിരുമേനി പറഞ്ഞത് കേട്ടില്ല്യാന്നുണ്ടോ?

” പത്മ വേഗത്തിൽ ഗേറ്റ് കടന്നു തൊടിയിലേക്കിറങ്ങി. മുറ്റത്തേക്ക് ഇറങ്ങുമ്പോഴാണ് ആ കാഴ്ച്ച പത്മയുടെ കണ്ണിലെത്തിയത്. മുറ്റത്തതിരിലെ പേരമരക്കൊമ്പിൽ പത്തി വിരിച്ചു നിൽക്കുന്ന കരിനാഗം.. “ഇതെന്താണാവോ ഈ സമയത്ത്..? ” പത്മ മനസ്സിൽ പറഞ്ഞ വാക്കുകൾ പുറത്തെത്തിയിരുന്നുവെന്ന് അവൾക്കു മനസ്സിലായത് സുധ ചോദിച്ചപ്പോഴാണ്. “എന്ത്..? ” “ഒന്നുമില്ലമ്മേ.. ഞാൻ വെറുതെ.. ” അവളെ ഒന്ന് തുറിച്ചു നോക്കിയിട്ട് സുധർമ്മ കോലയിലേക്ക് കയറി. പത്മയും കൂടെ നടന്നു. സുധയ്ക്ക് ഇപ്പോഴും ഇതൊക്കെ കാണുമ്പോൾ ചെറിയ പേടിയാണ്.

സുധ വാതിൽ തുറക്കുമ്പോഴും പത്മ തിരിഞ്ഞു നോക്കി കൊണ്ടിരുന്നു. നാഗത്താൻ അവിടെ തന്നെയുണ്ടായിരുന്നു… കാവൽ പോലെ… കുളി കഴിഞ്ഞു കറുത്ത കരയുള്ള നേര്യേതുമണിഞ്ഞു ഈറൻ മുടി കോതിക്കൊണ്ട് പത്മ പൂമുഖത്തേക്കിറങ്ങി. ചിരിയോടെ മുൻപിലെത്തിയ അനന്തനെ കണ്ടതും അവളൊന്ന് മിഴി ചിമ്മി തുറന്നു. അവളുടെ മുഖത്തിന്‌ മുൻപിൽ വിരൽ ഞൊടിച്ചു കൊണ്ടു അനന്തൻ പറഞ്ഞു. “സ്വപ്നമല്ല, റിയൽ ആണ്.. ” പത്മ ഒന്നും മിണ്ടിയില്ല. അവളെ അടിമുടിയൊന്ന് നോക്കി കൊണ്ടു മുഖത്തൊരു പരിഹാസച്ചിരി വരുത്തി അനന്തൻ ചോദിച്ചു. “അല്ലാ, കാവിലെ ഭഗവതി ഇപ്പോ ഇവിടെയാ..? ”

“അതെ, ഭഗവതി വെക്കേഷന് വന്നതാ.. ” ഗൗരവത്തിൽ ആയിരുന്നു പത്മയുടെ മറുപടി. അനന്തന്റെ ചിരിയുടെ ശബ്ദം അവിടെ നിറഞ്ഞു. ആ ശബ്ദം കേൾക്കുമ്പോഴാണ് മനസ്സ് കൈ വിട്ടു പോവാൻ തുടങ്ങുന്നത്. പത്മ ദേഷ്യത്തിൽ അവനെ നോക്കി. “ഇതാണെനിക്കിഷ്ടം.. ” പത്മയുടെ കൂർത്തനോട്ടത്തെ ആ ചിരികൊണ്ട് നേരിട്ട് അവൻ പറഞ്ഞു. അവന്റെ വാക്കുകൾ ഉണ്ടാക്കിയ ഭാവത്തെ സമർത്ഥമായി മറച്ചു കൊണ്ടു പത്മ ചോദിച്ചു. “താൻ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് എഴുന്നള്ളിയെ? ” ഒന്നും പറയാതെ അനന്തൻ പിന്നെയും ചിരിച്ചു. “തമ്പുരാട്ടിയുടെ അഭിനയം പണ്ടേപ്പോലെ ഫലിക്കുന്നില്ലല്ലോ… ”

പത്മയ്ക്ക് ശരിക്കും ദേഷ്യം വന്നു തുടങ്ങിയിരുന്നു. അവളെന്തോ പറയാൻ തുടങ്ങിയതും അനന്തൻ വാതിൽക്കലേക്ക് നോക്കി. “മോനോ? എന്താ വേണ്ടത്? ” സുധ വാതിൽക്കൽ നിന്ന് കോലായിലേക്ക് ഇറങ്ങിക്കൊണ്ട് ചോദിച്ചു. “ഓ.. ” പത്മ ചുണ്ട് കോട്ടിക്കൊണ്ട് പറഞ്ഞു. അവളെ ഒന്ന് നോക്കിയിട്ട് അനന്തൻ സുധയുടെ അരികിലേക്ക് ചെന്നു. “അമ്മേ.. ഇവിടുത്തെ പൂജാമുറിയിൽ ഒരു ചാർത്തുണ്ടെന്ന് മാധവേട്ടൻ പറഞ്ഞു. അവരൊക്കെ തിരക്കിലാണ്. ഞാൻ അതെടുക്കാൻ വന്നതാണ്.. ” “മോൻ നിൽക്ക്, ഞാൻ എടുത്തു തരാം ” സുധ അകത്തേക്ക് പോയി. പിറകെ പത്മയും പോകാൻ തിരിഞ്ഞു.

“അതേയ്, ഒന്ന് നിന്നേ.. ” അനന്തൻ അവൾക്കരികെയെത്തി “ആ ദാവണിയേക്കാൾ ചേർച്ച ഇതാണ് ട്ടോ, ഇപ്പോൾ ശരിക്കും മനയ്ക്കലെ തമ്പുരാട്ടിയെപ്പോലുണ്ട് ” അറിയാതെ കവിൾത്തടങ്ങൾ ചുവന്നെങ്കിലും പത്മ ഗൗരവം നടിച്ചു ചോദിച്ചു. “അറിയാഞ്ഞിട്ട് ചോദിക്കുവാ, തനിക്ക് ഈ പെൺപിള്ളേരുടെ പിറകെ നടക്കൽ തന്നെയാണോ പണി ” “ഞാൻ ഏത് പെണ്ണിന്റെ പുറകെ നടന്നതാടി നീ കണ്ടത് ” മീശയുഴിഞ്ഞു കൊണ്ടായിരുന്നു ചോദ്യം. “ശരിയാ, പിറകെ നടക്കേണ്ട കാര്യമില്ലല്ലോ, എപ്പോഴും ഏതെങ്കിലുമൊരെണ്ണം കൂടെയുണ്ടാവുമല്ലോ, എല്ലാ ഫോട്ടോയിലും കണ്ടിട്ടുണ്ട് ” പറഞ്ഞു തീർന്നതും പത്മ നാവു കടിച്ചു.

“അപ്പോൾ മോള് ചേട്ടന്റെ ഫോട്ടോയൊക്കെ തിരഞ്ഞു കണ്ടു പിടിച്ചിട്ടുണ്ടല്ലേ ” തൊട്ടടുത്തെത്തി പത്മയുടെ കണ്ണുകളിലേക്ക് നോക്കിയാണ് അനന്തൻ ചോദിച്ചത്. ഒന്ന് പതറിയെങ്കിലും നോട്ടം മാറ്റി പത്മ പറഞ്ഞു. “പിന്നേ നിക്കതല്ലേ പണി.. ” “പിന്നെ നീ എങ്ങിനെ എന്റെ ഫോട്ടോസ് കണ്ടു? ” “അത്.., ” “മുഖത്തോട്ട് നോക്കി പറയെടി ” “ഞാൻ നോക്കിയതൊന്നുമല്ല, ശ്രുതി കാണിച്ചു തന്നതാ ” “ഓ.. ” അനന്തൻ ചിരിച്ചതും പത്മ വെട്ടിത്തിരിഞ്ഞു നടന്നു. വാതിൽക്കലെത്തി ഒന്ന് തിരിഞ്ഞു. “ഒരിക്കൽ ഞാൻ പറഞ്ഞതാ ന്നെ എടി പോടീന്ന് വിളിക്കരുതെന്ന്..പോയി തന്റെ കെട്ട്യോളെ വിളിക്കെടോ ” “അവൾക്കും ഇഷ്ടമല്ല ” പത്മ മിഴിച്ചു നോക്കിയതും അനന്തൻ പൊട്ടിച്ചിരിച്ചു.

“അലവലാതി.. ” അവൾ കലി കയറി അകത്തേക്ക് നടന്നു. “ഭഗവതിയുടെ രൂപവും മൂശേട്ടയുടെ സ്വഭാവവും.. ” ചിരിയോടെ അകത്തേക്ക് നോക്കി പറഞ്ഞിട്ട് അനന്തൻ ഒരു കൈ ഉയർത്തി ചാരുപടിയിലെ തൂണിൽ വെച്ചു കൊണ്ടു പുറത്തേക്ക് നോക്കി നിന്നു. നുണക്കുഴികൾ തെളിയുന്ന ആ പുഞ്ചിരി അപ്പോഴും അവന്റെ ചുണ്ടുകളിൽ ഉണ്ടായിരുന്നു. സന്ധ്യയാവും മുൻപേ നാഗക്കാവിൽ എല്ലാവരുമെത്തിയിരുന്നു. നാഗത്തറയ്ക്ക് മുൻപിൽ ഹോമകുണ്ഡവും വിളക്കുകളുമെല്ലാം ഒരുക്കിയിരുന്നു. ചെമ്പകപ്പൂ മണത്തോടൊപ്പം ചന്ദനത്തിന്റെയും കർപ്പൂരത്തിന്റെയും സുഗന്ധം അവിടമാകെ നിറഞ്ഞു.

അനന്തനോപ്പം അരുണും വിനയും ഉണ്ടായിരുന്നു. അനന്തനോട് കൽവിളക്കിൽ എണ്ണ പകർന്നു കൊടുക്കാൻ ആവശ്യപ്പെട്ടിട്ട് ഭദ്രൻ തിരുമേനി പത്മയോട് പ്രതിഷ്ഠയ്ക്കു മുൻപിൽ തിരി തെളിയിക്കാൻ പറഞ്ഞു.ഇടയ്ക്കെപ്പോഴോ മിഴികളിടഞ്ഞപ്പോൾ പത്മ കണ്ണുകൾ താഴ്ത്തി. അനന്തന്റെ ചുണ്ടിൽ ചിരിയുണ്ടായിരുന്നെങ്കിലും പത്മയുടെ മിഴികളിലപ്പോൾ ദേഷ്യമുണ്ടായിരുന്നില്ല. തെളിഞ്ഞു കത്തുന്ന ദീപനാളത്തിനു മുൻപിൽ എല്ലാവരും കണ്ണടച്ച് നിൽക്കുമ്പോൾ പ്രതിഷ്ഠയിൽ സ്വർണ്ണവർണ്ണമാർന്ന മണിനാഗത്തിന്റെ രൂപം മിന്നി മാഞ്ഞിരുന്നു.

പത്മയുടെ കഴുത്തിലെ നാഗരൂപത്തിലെ നീലക്കണ്ണ് മിന്നി തിളങ്ങി. അവിടെയെങ്ങും അലയടിച്ച തെന്നലിൽ ഇലഞ്ഞിപ്പൂമണം കലർന്നു. ഇരുളടഞ്ഞ ഇടനാഴിക്കപ്പുറം പന്തങ്ങളുടെ പ്രകാശത്തിൽ തണുപ്പ് നിറഞ്ഞ ആ നിലവറയിൽ ആ കരിനീല മിഴികൾ ജ്വലിക്കുകയായിരുന്നു… നാഗകാളി മഠത്തിലെ കാഴ്ചകളായിരുന്നു അവയിൽ തെളിഞ്ഞത്. സർപ്പസൗന്ദര്യം നിറഞ്ഞു നിന്ന ആ മുഖത്തെ ചെഞ്ചൊടികളിൽ ഒരു പുച്ഛച്ചിരി നിറഞ്ഞു.ആ നീലക്കണ്ണുകളിലപ്പോൾ അനന്തപത്മനാഭൻ നിറഞ്ഞു നിന്നിരുന്നു… അവൾക്ക് മുൻപിലെ കളത്തിൽ ചുറ്റും തെളിഞ്ഞ തിരിനാളങ്ങൾക്കൊപ്പം ആ കറുത്ത നാഗം പത്തി വിരിച്ചാടുന്നുണ്ടായിരുന്നു…

(തുടരും )

നാഗമാണിക്യം: ഭാഗം 9

Share this story