ലയനം : ഭാഗം 16

ലയനം : ഭാഗം 16

എഴുത്തുകാരി: ദുർഗ ലക്ഷ്മി

ജനൽ ചില്ലിലൂടെ അരിച്ചിറങ്ങുന്ന സൂര്യ പ്രകാശം മുറിയിൽ പതിയെ വ്യാപിക്കാൻ തുടങ്ങിയപ്പോൾ ലെച്ചു അറിയാതെ കണ്ണുകൾ തുറന്നു.സാധാരണ ദിവസങ്ങളിൽ 5 മണിക്ക് മുന്നേ ഉണരുന്ന അമ്മയും അമ്മുവും വളരെ ശാന്തമായി ഉറങ്ങുന്നത് കണ്ടു ചെറിയൊരു വേവലാതിയോടെ ലെച്ചു ഫോൺ എടുത്തു സമയം നോക്കി. സമയം 6 മണി ആകുന്നതേ ഉണ്ടായിരുന്നുള്ളൂ അപ്പോൾ.ഹോട്ടലിൽ നിന്ന് നടക്കാൻ ഉള്ള ദൂരം മാത്രമേ എക്സാം സെന്ററിലേക്ക് ഉണ്ടായിരുന്നുള്ളൂ.

അത് കൊണ്ട് തന്നെ കുറച്ചു നേരം കൂടി അമ്മയെയും അമ്മുവിനെയും ഉറങ്ങാൻ വിട്ടു ലെച്ചു വേഗം പോയി ഫ്രഷ് ആയി വന്നു. ചൂട് വെള്ളം ഉണ്ട് എങ്കിലും പതിവ് പോലെ ലെച്ചു തണുത്ത വെള്ളത്തിൽ തന്നെ ആണ് കുളിച്ചത്…ഡ്രസ്സ്‌ മാറ്റി കണ്ണാടിക്ക് മുന്നിൽ വന്നു നിൽകുമ്പോൾ കഴിഞ്ഞ ദിവസം വീട്ടിൽ ഇതു പോലെ നിൽകുമ്പോൾ എവിടെ നിന്നോ ഓടി വന്നു കഴുത്തിൽ മുഖം അമർത്തി പോയ അർജുനെ അവൾക്ക് ഓർമ വന്നു.

അതിന് കൂട്ടായ് ചുവന്നു വന്ന മുഖം കണ്ണാടിയിൽ കണ്ടു ലെച്ചു വേഗം ഫോൺ കൈയിൽ എടുത്തു അവനെ വിളിക്കാൻ ആയി നോക്കി. എന്നാൽ പെട്ടെന്ന് തന്നെ റൂമിൽ നിന്ന് സംസാരിച്ചാൽ ഉറങ്ങുന്നവർക്ക് അത് ശല്യം ആവും എന്ന് തോന്നി ലെച്ചു മുടി അഴിച്ചിട്ടു ഫോണും എടുത്തു ബാൽക്കണിയിലേക്ക് നടന്നു. പോകാൻ തുടങ്ങുന്നതിനു മുന്നേ അവൾ കാർത്തു മോളെ നോക്കാനും മറന്നില്ല… വീട്ടിൽ ചെറിയൊരു ശബ്ദം കേട്ടാൽ പോലും ഉണരുന്ന കള്ളി പാറു ഉണർന്നു തുടങ്ങിയ ബാംഗ്ലൂർ നഗരത്തിന്റെ ശബ്ദ കോലാഹലത്തിൽ ഒരു കുഴപ്പവും ഇല്ലാതെ ഉറങ്ങുന്നത് അതിശയത്തോടെ ആണ് ലെച്ചു നോക്കി നിന്നത്.

മുംബൈ പോലെ വന്നവരെയും നിന്നവരെയും ഇരു കൈയും നീട്ടി സ്വീകരിക്കുന്ന നാട് ആണല്ലോ ഇതു എന്ന് മനസ്സിൽ ഓർത്തു മോളെ ഒന്ന് കൂടി നല്ലത് പോലെ പുതപ്പിച്ചു ലെച്ചു പുറത്തേക്ക് നടന്നു. ഹോട്ടലിലെ ആ ബാൽക്കണിയും അതിന് ചുറ്റും കാണുന്ന ഓരോ കാഴ്ച്ചയും ഇന്നലെ തന്നെ ലെച്ചുവിനെ വളരെ സ്വാധീനിച്ചിരുന്നു. ചുറ്റും ഉയർന്നു കേൾക്കുന്ന പല വിധ ശബ്ദങ്ങൾക്കും വഴിയോരത്തു പോലും നിരന്നു കിടക്കുന്ന കോലം വരകളുടെ ഭംഗിക്കും അപ്പുറം മല്ലിക പൂവിന്റെ മണം ആണ് ബാംഗ്ലൂരിന് എന്ന് ലെച്ചുവിന് തോന്നി…

അർജുൻ എഴുന്നേറ്റിട്ടുണ്ടാവില്ല എന്ന ചിന്തയിൽ കുറച്ചു നേരം കൂടി ലെച്ചു ആ കാഴ്ചകൾ നോക്കി നിൽക്കെ തന്നെ അർജുന്റെ കാൾ അവളെ തേടി വന്നു… “ഹലോ… ഏട്ടാ…ഇന്ന് നേരത്തെ എഴുന്നേറ്റോ “,വിചാരിച്ച സമയത്തു തന്നെ അർജുൻ വിളിച്ചത് കൊണ്ടും ഇത്ര നേരത്തെ എഴുന്നേറ്റത് കൊണ്ടും ഉള്ള അത്ഭുതത്തിൽ അവൾ ആവേശത്തോടെ ചോദിച്ചപ്പോൾ ലെച്ചുവിന്റെ തലയിണയിൽ മുഖം അമർത്തി കിടക്കുകയായിരുന്നു അവൻ. “ഉറങ്ങിയാൽ അല്ലെ എഴുന്നേൽക്കേണ്ട ആവിശ്യം ഉള്ളൂ…ഇനി മേലിൽ എന്നെ കൂട്ടാതെ പോകാൻ ഉള്ള ഒരു യാത്രയും പ്ലാൻ ചെയ്യേണ്ട ട്ടോ “,

തളർന്ന സ്വരത്തിൽ അവൻ പറഞ്ഞത് കേട്ട് ലെച്ചു വല്ലാതെ ആയി. “എന്താണ് ഏട്ടാ ഇത്…ഇന്ന് ഇനി ഓഫീസിൽ പോകേണ്ട…മര്യാദക്ക് കിടന്ന് ഉറങ്ങിക്കോ…ജിഷ്ണു ഏട്ടനെ വിളിച്ചു പറ വേഗം…”,മറ്റൊന്നും പറയാതെ ലെച്ചു തിരക്ക് കൂട്ടി കൊണ്ട് പറയുന്നത് കേട്ട് അർജുൻ എഴുന്നേറ്റു ബെഡിൽ ഇരുന്നു. “ഓഹ് ഇതെന്തൊരു തിരക്കാണ് പെണ്ണെ നിനക്ക്…അതൊക്കെ ഞാൻ ചെയ്തോളും…ആ പേരും പറഞ്ഞു ഇപ്പോൾ വെച്ചിട്ട് പോകാൻ ആണ് ഭാവം എങ്കിൽ അവിടെ വന്നു നിന്നെ തൂക്കി എടുത്തു കൊണ്ട് വരും ഞാൻ “,ലെച്ചുവിന്റെ തിരക്ക് കണ്ടു വന്ന ചെറിയൊരു ദേഷ്യം പ്രകടിപ്പിച്ചു കൊണ്ട് അർജുൻ പറഞ്ഞത് കേട്ട് ലെച്ചു കുറച്ചു നേരം മിണ്ടാതെ നിന്നു… “അമ്മയും ഏട്ടത്തിയും ഒക്കെ എവിടെ?

മോൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ “,ഒരുപക്ഷെ ലെച്ചു പിണങ്ങി കാണുമോ എന്ന് കരുതി ശബ്ദം നല്ലത് പോലെ മയപ്പെടുത്തി കൊണ്ട് അർജുൻ വീണ്ടും സംസാരിക്കാൻ തുടങ്ങി. “അവർ എഴുന്നേറ്റില്ല ഏട്ടാ… മോൾക്കും പ്രശ്നം ഒന്നും ഇല്ല…യാത്ര ക്ഷീണം കാണും…കുറച്ചു കഴിഞ്ഞു വേണം വിളിക്കാൻ “,ലെച്ചു പതിയെ ബാൽക്കണിയുടെ ഗ്ലാസ്‌ ഡോർ തുറന്നു അമ്മയെയും മറ്റും ഒന്ന് നോക്കി പറഞ്ഞു. “പിന്നെ നീ എന്താ പെണ്ണെ നേരത്തെ എഴുന്നേറ്റത്…ഉറക്കം ശരിയായില്ലേ…അസുഖം എന്തെങ്കിലും ഉണ്ടോ “,അർജുൻ അറിയാതെ തന്നെ ടെൻഷൻ ആവുന്നത് കണ്ടു ലെച്ചു ചിരിച്ചു.

“ഏട്ടന് ഉറങ്ങാൻ പറ്റില്ല എങ്കിൽ പിന്നെ എനിക്ക് ആണോ പറ്റുന്നത്…എനിക്കും തീരെ ഉറങ്ങാൻ പറ്റിയില്ല…വെറുതെ കണ്ണും തുറന്നു കിടന്ന് മടുത്തപ്പോൾ എഴുന്നേറ്റതാ ഞാൻ “,ലെച്ചു പറഞ്ഞത് കേട്ടു അർജുന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. കുറച്ചു സമയം രണ്ട് പേരും ഒന്നും മിണ്ടാതെ എന്തൊക്കെയോ ആലോചിച്ചു നിൽക്കെ ആണ് അകത്തു നിന്നും കാർത്തു മോളുടെ കരച്ചിൽ ലെച്ചു കേട്ടത്. “ഏട്ടാ,ഞാൻ വിളിക്കാം… മോള് ഉണർന്നു എന്ന് തോന്നുന്നു “,എന്ന് പറഞ്ഞു അർജുന്റെ മറുപടിക്ക് പോലും കാത്ത് നില്കാതെ അവൾ ഫോൺ കട്ട്‌ ചെയ്ത് പോകുമ്പോൾ അമ്മയുടെയും അമ്മുവിന്റെയും ഉറക്കം പോകരുത് എന്ന ചിന്ത മാത്രമേ അവൾക്ക് ഉണ്ടായിരുന്നുള്ളൂ…

ഡോർ അടച്ചു വെച്ച് ലെച്ചു മോളെ എടുത്തു കരച്ചിൽ നിർത്താൻ നോക്കിയപ്പോഴേക്കും അമ്മുവും ഇന്ദു അമ്മയും എഴുന്നേറ്റു. “മോള് നേരത്തെ എഴുന്നേറ്റോ…ഞാൻ ഒന്നും അറിഞ്ഞില്ല…കുറെ ദിവസത്തിന് ശേഷം സുഖം ആയി ഇന്നലെ ഉറങ്ങി “,കുളിച്ചു ഡ്രസ്സ്‌ മാറ്റി നിൽക്കുന്ന ലെച്ചുവിനെ കണ്ടു അമ്മ അത്ഭുതത്തോടെ ചോദിക്കുമ്പോൾ അമ്മുവും അതെ സംശയത്തിൽ തന്നെ ആയിരുന്നു. “കുറച്ചു നേരം ആയതേ ഉള്ളൂ ഞാൻ എഴുന്നേറ്റിട്ട്…നിങ്ങൾ നല്ല ഉറക്കം ആയത് കൊണ്ടാ വിളിക്കാതെ ഇരുന്നത്…

ഏതായാലും ഞാൻ പോയി ഫുഡ്‌ വാങ്ങി വരാം…അപ്പോഴേക്കും ഫ്രഷ് ആയിക്കോ ട്ടോ “,ഫോണും ബാഗും എടുത്തു ലെച്ചു പുറത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു. “ഞാൻ വരണോ മോളെ…ഒറ്റക്ക് പോകുമോ നീ “,ഇന്ദു അമ്മ അവളെ പിന്തുടർന്ന് കൊണ്ട് ചോദിച്ചത് കേട്ട് ലെച്ചു അമ്മയെ നോക്കി ഒന്ന് ചിരിച്ചു…അതിൽ ഉണ്ടായിരുന്ന മറുപടി മനസിലാക്കിയത് പോലെ ഇന്ദു അമ്മയും തിരിച്ചു ചിരിച്ചു ഡോർ അടച്ചു. —————— ലെച്ചുവും അമ്മുവും ഇന്ദു അമ്മയെയും മോളെയും റൂമിൽ ഇരുത്തി ആണ് എക്സാമിന് പോയത്…ഒരു പക്ഷെ മോൾക്ക് വെയിലും ചൂടും ഒക്കെ കൊണ്ട് അസുഖം പിടിക്കേണ്ട എന്ന് കരുതിയും രണ്ട് മണിക്കൂർ വെറുതെ ഇരുന്ന് ബോർ അടിക്കേണ്ട എന്ന് ഓർത്തും ആണ് അങ്ങനെ ഒരു തീരുമാനം അവർ എടുത്തത്.

“ഏട്ടത്തി…ഈ എക്സാം ഏട്ടത്തിക്ക് ഉള്ളതാ…അത് കൊണ്ട് ഒരു ടെൻഷനും വേണ്ട ട്ടോ… ഞാൻ പുറത്തുണ്ടാവും “, അമ്മുവിനെ കൃത്യ സമയം തന്നെ സീറ്റിൽ ഇരുത്തി അവളുടെ കൈയിൽ മുറുക്കി പിടിച്ചു കൊണ്ട് ലെച്ചു പറഞ്ഞത് കേട്ട് അമ്മുവിന് സങ്കടം ആണ് വന്നത്…എങ്കിലും ചെറുതായി നിറഞ്ഞ കണ്ണുകളോടെ തലയാട്ടി അമ്മു കരഞ്ഞു പോകാതെ ഇരിക്കാൻ ശ്രമിച്ചു ലെച്ചുവിനെ നോക്കി. കുറച്ചു നേരം കൂടി ലെച്ചു അമ്മുവിന്റെ അടുത്തിരുന്നു.ആ സമയം എല്ലാം അമ്മു പഠിച്ചു കൊണ്ടേ ഇരുന്നു.ഇത്ര നാൾ തേടി നടന്നത് കൈവിട്ടു കളയാൻ മനസില്ല എന്ന പോലെ അമ്മുവിന്റെ മുഖത്തു തെളിഞ്ഞു കണ്ട വാശി ലെച്ചുവിന്റെ മനസ് നിറച്ചു.

അല്പ സമയത്തിനുള്ളിൽ തന്നെ അമ്മുവിന്റെ കവിളിൽ ഒന്ന് തട്ടി ലാസ്റ്റ് ബെൽ അടിച്ചപ്പോൾ പുറത്തേക്ക് ദൃതിയിൽ നടന്ന ലെച്ചുവിന്റെ മനസ്സിൽ ആ രണ്ട് മണിക്കൂറിൽ ചെയ്ത് തീർക്കാൻ ഉള്ള ഒരു പിടി കാര്യങ്ങൾ മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. ഒന്നൊഴിയാതെ അതെല്ലാം പെട്ടെന്ന് ചെയ്ത് ലെച്ചു അമ്മു എക്സാം എഴുതി പുറത്തു വരുന്നതിന് മുന്നേ തിരിച്ചെത്തി…അധികം വൈകാതെ തന്നെ എക്സാം ഹാളിൽ നിന്ന് പുറത്തിറങ്ങിയ അമ്മുവിന്റെ തെളിഞ്ഞ മുഖം കണ്ടു ലെച്ചു ഓടി അവളുടെ അടുത്തേക്ക് ചെന്നു. “നമ്മൾ വരാതെ ഇരുന്നാൽ വലിയ കഷ്ടം ആയേനെ ഇല്ലേ ഏട്ടത്തി “,

ചുറ്റും ഉള്ള ഒന്നും ശ്രദ്ധിക്കാതെ ലെച്ചു അമ്മുവിനെ മുറുക്കെ കെട്ടിപിടിച്ചു കൊണ്ട് ചോദിച്ചത് കേട്ട് അമ്മു സത്യത്തിൽ കരഞ്ഞു പോയി… “ഒരു കൈ വെച്ച് നമുക്ക് ശബ്ദം ഉണ്ടാക്കാൻ ആവില്ലല്ലോ മോളെ…ഒന്നെങ്കിൽ നമ്മൾ മറ്റൊരു കൈ തേടി പോകണം…ഇല്ലെങ്കിൽ വേറെയൊരു കൈ നമ്മളെ തേടി വരണം…എന്നെ തേടി നീ വന്നു…സ്വന്തം ഭർത്താവ് പോലും തരാത്ത സപ്പോർട്ട് അമ്മയും തന്നു…അപ്പോൾ പിന്നെ കൈയടിയുടെ ശബ്ദം കേൾക്കാതെ എവിടെ പോകാൻ ആണ്…”,അമ്മുവും ലെച്ചുവിനെ കെട്ടിപിടിച്ചു കൊണ്ട് ഇടറിയ സ്വരത്തിൽ പറഞ്ഞത് കേട്ട് ലെച്ചു അവളെ നോക്കി ഒന്ന് ചിരിക്കുകയല്ലാതെ ഒന്നും മിണ്ടിയില്ല.

റൂമിന്റെ ഡോർ തട്ടിയപ്പോൾ തന്നെ ഇന്ദു അമ്മ അവരെ പ്രതീക്ഷിച്ചത് പോലെ വേഗം വന്നു വാതിൽ തുറന്നു. “എങ്ങനെ ഉണ്ടായിരുന്നു മോളെ എക്സാം… “,അമ്മുവിനെ കണ്ടപ്പോൾ തന്നെ അവളുടെ കൈയിലെക്ക് ചാടിയ കാർത്തു മോളെ അമ്മുവിന് കൊടുത്തു കൊണ്ട് അക്ഷമയോടെ ഇന്ദു അമ്മ ചോദിച്ചു. “കുഴപ്പം ഇല്ല അമ്മേ…അത്യാവശ്യം എളുപ്പം ആയിരുന്നു…ഇനി എല്ലാം വരുന്നത് പോലെ “,അമ്മു ചിരിച്ചു കൊണ്ട് പറഞ്ഞു.അത് കേട്ട് ഇന്ദു അമ്മയുടെ മുഖം തെളിഞ്ഞു. “ആഹ് എന്നാൽ എന്റെ മക്കൾ കുറച്ചു സമയം വിശ്രമിച്ചോ…

കറക്റ്റ് 2 മണി ആവുമ്പോൾ നമുക്ക് ഇറങ്ങണം ഇവിടെ നിന്ന് “, ഇന്ദു അമ്മയുടെ മുഖം കുറച്ചു കൂടി തെളിയട്ടെ എന്ന് കരുതി ലെച്ചു പറഞ്ഞത് കേട്ട് അമ്മുവും അമ്മയും പരസ്പരം നോക്കി… “എങ്ങോട്ടാ ലെച്ചു പോകുന്നെ… നമുക്ക് ജസ്റ്റ്‌ കറങ്ങാൻ ആണെങ്കിൽ ഇവിടെ തന്നെ ഇല്ലേ സ്ഥലം…ഇനി എങ്ങോട്ടാ “,കാർത്തു മോൾക്ക് പാല് കൊടുത്തു കൊണ്ട് അമ്മു ചോദിച്ചു. “അതൊക്കെ നമുക്ക് കാണാം…അതിന് മുന്നേ മാള് കാണേണ്ടേ നമുക്ക്…പിന്നെ ബീച്ചിൽ പോകണം.കുറച്ചു അധികം ദൂരം ഉണ്ട് അങ്ങോട്ട് …

മാളിൽ നിന്നും വന്നു ഹോട്ടൽ വെക്കേറ്റ് വേണം അങ്ങോട്ട് പോകാൻ .രാത്രി മുഴുവൻ ഉള്ള യാത്ര ഉണ്ട് അങ്ങോട്ട്. പറ്റിയാൽ അതിന് മുന്നേ വേറെ കുറച്ചു സ്ഥലം കൂടി ഉണ്ട്… അത് നമുക്ക് കാർത്തു മോളുടെ മൂഡ് നോക്കിയിട്ട് പോകാം “,ലെച്ചു പറഞ്ഞു തീരുന്നതിനു മുന്നേ തന്നെ ഇന്ദു അമ്മ ഡ്രസ്സ്‌ മാറ്റാൻ ആയി ഓടുന്നത് കണ്ടു അമ്മുവിന്റെ കണ്ണ് തള്ളി. “എന്റെ അമ്മേ ഞാൻ പറഞ്ഞു കഴിഞ്ഞില്ല…ഏതായാലും നമ്മൾ പോകാൻ തീരുമാനിച്ചു…അപ്പോൾപിന്നെ നല്ല സ്റ്റൈലിൽ തന്നെ പോകേണ്ടേ… സൊ ഇത് അങ്ങ് പിടിച്ചേ…

ഈ ഡ്രസ്സ്‌ ഇട്ടാൽ മതി “,ഇന്ദു അമ്മ കൈയിൽ എടുത്തു പിടിച്ച സാരി വാങ്ങി വെച്ച് ലെച്ചു അമ്മക്ക് മറ്റൊരു കവർ കൊടുത്തു കൊണ്ട് പറഞ്ഞു. അത് കണ്ടു അമ്മുവും അമ്മയും ഒരേ ആകാംഷയോടെ ആ കവർ നോക്കി…നല്ല ഭംഗിയുള്ള ഇളം നീല നിറത്തിൽ ഉള്ള ചുരിദാർ ആയിരുന്നു അതിൽ… “അയ്യോ മോളെ… ഞാൻ ഇതൊന്നും… “,ചുരിദാർ കണ്ടു മങ്ങിയ മുഖത്തോടെ ഇന്ദു അമ്മ പറയാൻ തുടങ്ങിയതും ലെച്ചു ഒരു കൈ ഉയർത്തി അത് തടഞ്ഞു. “നോക്ക് അമ്മേ…എനിക്ക് അറിയാം അമ്മക്ക് ചുരിദാർ ഇടണം എന്ന് ആഗ്രഹം ഉണ്ട് എന്ന്…

നാട്ടിൽ ആവുമ്പോൾ നമ്മൾ ആയിരം നല്ലത് ചെയ്താലും അത് ഏറ്റു പറയാൻ ആരും ഉണ്ടാവില്ല….പക്ഷെ അവർക്ക് ഇഷ്ടം ഇല്ലാത്ത എന്തെങ്കിലും ചെയ്താൽ അത് ഏറ്റു പറയാൻ ആയിരങ്ങൾ കാണും ” “പെണ്ണിനും ആണിനും ഇഷ്ടം ഉള്ളത് ധരിക്കാൻ ഉള്ള അവകാശം ഉണ്ട് എന്ന് എല്ലാവരും തിരിച്ചറിയുന്ന കാലം വരും…പഠിച്ചു വെച്ചതിൽ നിന്നും മാറി ചിന്തിക്കാൻ എടുക്കുന്ന സമയം മാത്രമാണ് ആ കാലത്തിലേക്ക് ഉള്ള ദൂരം…അത് കൊണ്ട് അമ്മ പോയി മാറ്റിട്ടു വാ ഞങ്ങൾ ഒന്ന് കാണട്ടെ… അല്ലെ ഏട്ടത്തി “,

ഇന്ദു അമ്മയുടെ ഇരു തോളിലും പിടിച്ചു കൊണ്ട് ഉറച്ച ശബ്ദത്തിൽ ലെച്ചു പറഞ്ഞത് കേട്ട് ഇനി ഒന്നും ചിന്തിക്കാൻ ഇല്ല എന്ന ഭാവത്തിൽ ഉറച്ച കാൽ വെപ്പുകളോടെ അമ്മ ബാത്‌റൂമിലേക്ക് കയറുമ്പോൾ തനിക്കുള്ളിൽ ആളി കത്താൻ തുടങ്ങുന്ന തീ നാളത്തെ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു അമ്മു. ഇന്ദു അമ്മ പോയ പിറകെ ലെച്ചു അമ്മുവിനും ഒരു കവർ കൊടുത്തു… “ഏട്ടത്തിക്ക് മിഡിയും ടോപ്പും ആണ് വാങ്ങിയത്…ഒരിക്കൽ നിങ്ങളുടെ റൂം അടിച്ചു വരാൻ കയറിയപ്പോൾ കണ്ടിരുന്നു കവറിൽ നിന്ന് പുറത്തു പോലും എടുക്കാതെ വെച്ചിരിക്കുന്ന ഒരു ജോഡി…

സംശയം തോന്നി അമ്മയോട് ചോദിച്ചപ്പോൾ ഇവിടെയും കെട്ടിപൂട്ടി വെച്ച ആഗ്രഹങ്ങളുടെ കൂട്ടത്തിൽ നിറയെ പൂക്കൾ ഉള്ള മിഡിയും ടോപ്പും ഉണ്ട് എന്ന് മനസിലായി…കുറച്ചു കഷ്ടപ്പെട്ടു എങ്കിലും അത് പോലെ ഉള്ളത് തന്നെ കിട്ടി ട്ടോ…ഞാനും അങ്ങനെ ഉള്ളത് തന്നെയാ വാങ്ങിയത്… നമുക്ക് സെയിം ആയി പോകാം “,ചിരിയോടെ തന്നെ ലെച്ചു പറഞ്ഞത് കേട്ട് സന്തോഷത്തോടെ അമ്മു ആ ഡ്രസ്സ്‌ വാങ്ങി കൈയിൽ വെച്ചു. ലെച്ചുവിന്റെ പ്രവർത്തിയിൽ സന്തോഷം കൊണ്ട് കരയുന്ന പരിപാടി അമ്മു നേരത്തെ തന്നെ ഉപേക്ഷിച്ചിരുന്നു…

ഇല്ലെങ്കിൽ അതിനെ നേരം കാണു എന്ന് അമ്മുവിന് നല്ലത് പോലെ അറിയാം. അമ്മു ഡ്രെസ്സും എടുത്തു പോകുന്നതിനു മുന്നേ തന്നെ ഇന്ദു അമ്മ തിരികെ വന്നിരുന്നു.അങ്ങോട്ട് പോയ ഉറച്ച കാൽ വെപ്പ് ഒന്നും ഇല്ലാതെ നാണം കുണുങ്ങി ഇന്ദു അമ്മ അവരുടെ മുന്നിൽ വന്നു നിന്നു. “കുട്ടിയുടെ പേര് എന്താ…മുഖം ഒന്ന് ഉയർത്തു… ഞങ്ങൾ ഒന്ന് കാണട്ടെ “,മുന്നിൽ നിൽക്കുന്ന ഇന്ദു അമ്മയുടെ കളി കണ്ടു അമ്മു കളിയാക്കി ചോദിച്ചത് കേട്ട് ലെച്ചു പൊട്ടിച്ചിരിച്ചു…അത് കൂടി കണ്ടപ്പോൾ അമ്മയുടെ മുഖം ചുവന്നു ആപ്പിൾ പോലെ ആയി… “അടിപൊളി ആയിട്ടുണ്ട് അമ്മ… കണ്ടാൽ ഇപ്പോൾ ചെറിയൊരു കുട്ടിയെ പോലെ ഉണ്ട്… ശ്ശോ,

അമ്മക്കും കൂടെ മിഡി എടുത്താൽ മതിയായിരുന്നു ഇല്ലേ ഏട്ടത്തി “,നിരാശയോടെ ലെച്ചു പറഞ്ഞത് കേട്ട് അമ്മുവും അതെ എന്ന ഭാവത്തിൽ തലയാട്ടി. “ആഹ് മതി…വേഗം പോയി ഡ്രസ്സ്‌ മാറ്റി വാ…എവിടെ പോയാലും അധികം വൈകിക്കേണ്ട നമുക്ക്…വേഗം തന്നെ തിരിച്ചു വരാം…മോള് ഉള്ളതല്ലേ “, ലെച്ചുവും അമ്മുവും വീണ്ടും സംസാരിക്കാൻ തുടങ്ങുകയാണ് എന്ന് മനസിലാക്കി അമ്മ അവരെ വേഗം പറഞ്ഞു വിട്ടു കാർത്തു മോളെ ഒരുക്കി. ലെച്ചു അവൾക്ക് വേണ്ടി തൊപ്പിയും ഷാളും ഒക്കെ ആയിരുന്നു വാങ്ങിയത്…അതൊക്കെ ഇട്ട് കാർത്തു മോളും ഇന്ദു അമ്മയും ഒരുങ്ങിയപ്പോഴേക്കും ലെച്ചുവും അമ്മുവും വന്നു.

പിന്നെ ഒട്ടും സമയം കളയാതെ റൂം ലോക്ക് ചെയ്ത് അവർ ഇറങ്ങി…തിരക്ക് പിടിച്ച അന്തരീക്ഷത്തിലേക്ക് ഇറങ്ങിയതും കാർത്തു മോൾ ചെറുതായി കരയാൻ തുടങ്ങി എങ്കിലും പെട്ടെന്ന് തന്നെ അവളുടെ കരച്ചിൽ തനിയെ മാറി.കാരണം ചുറ്റുപാടും ഉള്ള അനേകം കാഴ്ച്ചകളിൽ ഇത് നോക്കണം എന്ന കൺഫ്യൂഷനിൽ മോള് കരയാൻ മറന്നു എന്നതാണ് സത്യം… അമ്മയെയും അമ്മുവിനെയും ഫ്രീ ആയി വിട്ടു കാർത്തു മോളെ ലെച്ചു തന്നെയാണ് എടുത്തത്…നടന്നു പോകാൻ ഉള്ള ദൂരമേ മാളിലെക്ക് ഉണ്ടായിരുന്നുള്ളൂ എങ്കിലും സമയം ലഭിക്കാൻ ആയി അവർ വണ്ടി വിളിച്ചു.

ഇന്ദു അമ്മയും അമ്മുവും എല്ലാം മറന്നു പുറത്തെ കാഴ്ച്ചകളിൽ മുഴുകി ഇരിക്കുമ്പോഴും ലെച്ചുവിന്റെ കണ്ണുകൾ പതിവ് പോലെ അവരുടെ മുഖത്ത് തന്നെ ആയിരുന്നു.വാക്കുകൾക്ക് സ്ഥാനം ഇല്ലാത്ത കുറച്ചു നിമിഷങ്ങൾ കടന്നു പോകവേ ഇന്നലെയിൽ നിന്ന് വിപരീതമായി അമ്മുവിന്റെയും അമ്മയുടെയും കണ്ണുകളിൽ ലെച്ചു അറിയാതെ തന്നെ അവളുടെ മുഖവും പതിയാൻ തുടങ്ങിയിരുന്നു. മാനം മുട്ടെ ഉയർന്നു നിൽക്കുന്ന മാളിന് മുന്നിൽ വണ്ടി ഇറങ്ങിയപ്പോൾ പ്രധാനപ്പെട്ട എന്തോ പരീക്ഷ എഴുതാൻ പോകുന്ന കുട്ടിയുടെ മനസായിരുന്നു ഇന്ദു അമ്മക്ക്. “ഏട്ടത്തി,അമ്മയെ ശ്രദ്ധിക്കണേ…

നല്ല തിരക്ക് ഉണ്ടാവും…ഇനി എങ്ങാനും കൂട്ടം തെറ്റി പോയാൽ ടെൻഷൻ ഒന്നും ആവേണ്ട പുറത്തിറങ്ങി ഇവിടെ തന്നെ നിന്നാൽ മതിട്ടോ “,ലെച്ചു ഗൗരവത്തിൽ തന്നെ കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു അവരെയും കൊണ്ട് അകത്തേക്ക് നടന്നു. ഇന്ദു അമ്മ അമ്മുവിന്റെ കൈകൾ മുറുക്കി പിടിച്ചിരുന്നു അപ്പോഴേക്കും.ഓരോ ചുവട് മുന്നോട്ട് വെക്കുന്തോറും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്താൽ ഇന്ദു അമ്മ അറിയാതെ തന്നെ കണ്ണുകൾ അടച്ച് പോയി… പക്ഷെ മുന്നിൽ ഉള്ളത് കാണാൻ ഉള്ള കൊതി കൊണ്ട് അമ്മ കണ്ണുകൾ വലിച്ചു തുറന്നു…

പണ്ട് അമ്മ പറഞ്ഞു തന്നെ മാന്ത്രിക കഥകളിളെ അത്ഭുത നാടുകളിൽ ചെന്നത് പോലെ തോന്നി ഇന്ദു അമ്മക്ക് ആദ്യ കാഴ്ചയിൽ ആ സ്ഥലം. അപ്പോഴേക്കും ലെച്ചു മുന്നിൽ നടന്നു എസ്കലേറ്ററിലേക്ക് കാൽ വെച്ചിരുന്നു.അവൾ ചെയ്തത് പെട്ടെന്ന് ഒന്നും മനസിലായില്ല എങ്കിലും അമ്മുവിന്റെ കൂടെ ഇന്ദു അമ്മയും ആ പടിക്കെട്ടിലേക്ക് കാലുകൾ വെച്ചു.നെഞ്ചിൽ ഉണ്ടായ ആന്തൽ മാറും മുൻപ് തന്നെ മറ്റെവിടെയോ തന്നെയും കൊണ്ട് പറക്കുന്ന അത്ഭുത പരവധാനി പോലെ തോന്നി ഇന്ദു അമ്മക്ക് ആ യാത്ര. ഒരു അത്ഭുതലോകത്ത് നിന്നും മറ്റൊരു അത്ഭുത ലോകത്ത് എത്തിയത് കണ്ടു പകപ്പോടെ അമ്മ ചുറ്റും നോക്കി…

ചുറ്റും ഉള്ള കാഴ്ചകൾ എല്ലാം ഇഷ്ടം ആയി എങ്കിലും ഒരുപാട് ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നോക്കുക പോലും ചെയ്യാതെ എങ്ങോട്ടൊക്കെയോ ഓടുന്നതും നടക്കുന്നതും ഒക്കെ കണ്ടു ഇന്ദു അമ്മക്ക് അറിയാതെ തന്നെ ഒരു മടുപ്പ് വന്നു.ഇതിന് വേണ്ടിയാണോ എല്ലാരും മാളിൽ പോകാം എന്ന് ആവേശത്തോടെ പറയുന്നത് എന്ന് ആലോചിച്ചു അവർക്ക് അമ്പരപ്പ് തോന്നി എന്നതാണ് സത്യം. “എന്താ അമ്മേ മുഖത്ത് ഒരു വാട്ടം…മാളിൽ കയറാൻ ഉള്ള ആഗ്രഹവും സാധിച്ചില്ലേ ..പിന്നെ എന്താണ് “,എന്തോ ആലോചിച്ചു നിന്ന അമ്മയുടെ മുഖം കണ്ടു ലെച്ചു നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചത് കേട്ട് ഇന്ദു അമ്മക്ക് പെട്ടെന്ന് എന്താ പറയേണ്ടത് എന്ന് മനസിലായില്ല.

“അത് മോളെ എന്തൊരു തിരക്ക് ആണ് ഇവിടെ…ഈ തിരക്കിൽ നടക്കാൻ എനിക്ക് കുറച്ചു ബുദ്ധിമുട്ട് ഉണ്ട്…ഒന്നാമതായി ഇതിട്ടു ശീലം ഇല്ലല്ലോ “,അമ്മ പറഞ്ഞത് ശരിയാണ് എന്ന് ലെച്ചുവിന് പെട്ടെന്ന് തന്നെ മനസിലായി.കൂടാതെ കാർത്തു മോളും ചെറിയൊരു അസ്വസ്ഥത കാണിക്കാൻ തുടങ്ങിയിരുന്നു. “എന്നാൽ നമുക്ക് തിരിച്ചു പോകാം ഇല്ലേ…മാളിൽ നമുക്ക് നാട്ടിൽ എത്തീട്ടു പോകാം…അവിടെ ആവുമ്പോൾ ഇത്ര പ്രശ്നം വരില്ല “,ചുറ്റും ഉള്ള തിരക്കിൽ നിന്ന് കഷ്ട്ടപ്പെട്ടു മാറി നിന്ന് ലെച്ചു പറഞ്ഞത് കേട്ട് അമ്മുവും അത് ശരി വെച്ചു.അവൾക്കും ആ തിരക്ക് അസഹനീയം ആയി തോന്നി.

ഉടനെ തന്നെ അവർ തിരികെ ഹോട്ടലിൽ എത്തി റൂം വെക്കേറ്റ് ചെയ്ത് നേരത്തെ തന്നെ ബുക്ക്‌ ചെയ്ത് മറ്റൊരു ഹോട്ടലിലേക്ക് പുറപ്പെട്ടു. സമയം വൈകിയത് കൊണ്ട് സങ്കടത്തോടെ മറ്റെല്ലാ പ്ലാനുകളും അവർ ഉപേക്ഷിച്ചു. “എന്നാലും എന്റെ മക്കളെ ഈ തിരക്കിൽ എന്ത് കാണാൻ ആണ് ഇടക്കിടെ മാളിൽ പോണം എന്ന് പറഞ്ഞു ആ പ്രിയയും ശ്യാമയും ഒക്കെ ഇറങ്ങുന്നത് എന്തോ…ഒരു പ്രാവിശ്യം കയറിയപ്പോൾ തന്നെ എനിക്ക് മതിയായി”, പോകാൻ ഉള്ള ബസിൽ ഇരിക്കെ അമ്മ പറഞ്ഞത് കേട്ട് ലെച്ചു ഒന്ന് ചിരിച്ചു.

“അത് നമുക്ക് ശീലം ഇല്ലാത്തതു കൊണ്ടാണ് അമ്മേ…ചിലർക്ക് തിരക്ക് ആയിരിക്കും ഇഷ്ടം,ചിലർക്ക് ശാന്തമായ അന്തരീക്ഷവും…നമുക്ക് നല്ല ശാന്തമായ അന്തരീക്ഷമേ പിടിക്കു…ആദ്യം ആയി കയറുന്നത് ഇവിടെ തന്നെ ആയിക്കോട്ടെ എന്ന് കരുതി ആണ് അങ്ങോട്ട് പോയത്… ഏതായാലും ആഗ്രഹം നടന്നല്ലോ…അതാണ് എന്റെ സന്തോഷം “, ലെച്ചു ഇന്ദു അമ്മയുടെ തോളിൽ ചാരി കിടന്നു കൊണ്ട് പറഞ്ഞപ്പോഴെക്കും ബസ് എടുത്തു. രാത്രി ഉറങ്ങാത്തതു കൊണ്ട് ലെച്ചുവിന് നല്ല ഉറക്കം വരുന്നുണ്ടായിരുന്നു അപ്പോൾ.

അമ്മയുടെ തോളിൽ കിടന്നു ലെച്ചു പതിയെ ഉറക്കം പിടിച്ചപ്പോൾ അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു ഇന്ദു അമ്മ താളത്തിൽ ലെച്ചുവിന്റെ പുറത്തു തട്ടി കൊണ്ടിരുന്നു. പിറ്റേന്ന് യാത്ര ക്ഷീണം കാരണവും ഇന്ദു അമ്മയുടെ നടുവേദന കാരണവും ഉച്ച വരെ റസ്റ്റ്‌ എടുത്തു, പതുക്കെയാണ് അവർ ബീച്ചിലേക്ക് പോയത് അത്യാവശ്യം തിരക്ക് ഉണ്ടെങ്കിലും ആളോഴിഞ്ഞ ബെഞ്ചിൽ ആദ്യം ചെന്നിരുന്നത് അമ്മുവാണ്.ഇന്ദു അമ്മയും അവൾക്ക് പുറകെ ചെന്ന് അവിടെ ഇരുന്നു എങ്കിലും ലെച്ചു കാർത്തു മോളെയും കൊണ്ട് പതിയെ തിരമാലയിലൂടെ നടക്കാൻ തുടങ്ങി.

“ലെച്ചു ഒരു സംഭവം തന്നെ ആണ് ഇല്ലേ അമ്മേ…എത്ര കാലം ആയി നമ്മൾ ഇതൊക്കെ ചെയ്യണം എന്ന് വിചാരിക്കുന്നു…എന്നിട്ട് പറ്റിയോ…എല്ലാം കൂടെ ഒരുമിച്ചു നടത്തി തരാൻ അവൾ തന്നെ വേണ്ട വന്നു… “,കാർത്തു മോളെ താഴെ വെച്ച് അവളുടെ കൂടെ കളിക്കുന്ന ലെച്ചുവിനെ നോക്കി അമ്മു പറഞ്ഞത് കേട്ട് ഇന്ദു അമ്മ ചിരിച്ചു. “ലെച്ചുട്ടി സംഭവം തന്നെയാ…പക്ഷെ അതിലും സൂപ്പർ അച്ചുട്ടൻ ആണ് അമ്മു… അവൻ ഒരു പക്ഷെ നോ പറഞ്ഞിരുന്നു എങ്കിൽ ഇതു വല്ലതും നടക്കുമോ…ശരിക്കും നമ്മളെ ഇങ്ങനെ വിടാൻ അവന് കുറച്ചു പേടിയൊക്കെ ഉണ്ടായിരുന്നു.

പക്ഷെ അതെല്ലാം മാറ്റി വെച്ച് ലെച്ചു ചോദിച്ചപ്പോൾ തന്നെ അവൻ സമ്മതിച്ചത് എല്ലാം സ്വയം ചെയ്ത് പഠിക്കട്ടെ എന്ന് കരുതിയിട്ടാ… അത് അവന്റെ ഔദാര്യം ഒന്നും അല്ല…അവളുടെ അവകാശം ആയത് കൊണ്ടാ…ആ ബോധം അവന് ഉണ്ട് “, ആഴ കടലിന് മുകളിൽ സ്ഥാനം പിടിച്ച അസ്തമയ സൂര്യനെ നോക്കി ഇന്ദു അമ്മ പറഞ്ഞത് കേട്ട് അമ്മു പെട്ടെന്ന് തന്നെ അഭിയെ ഓർത്തു പോയി…. ഉടനെ തന്നെ മറന്നു തുടങ്ങിയ സങ്കടം മനസ്സിൽ പരക്കുന്നതറിഞ്ഞു അമ്മു ഇന്ദു അമ്മയെയും കൂട്ടി ലെച്ചുവിന്റെ അടുത്തേക്ക് നടന്നു. അവർ കൂടെ വന്നതോടെ ലെച്ചു ഫുൾ ഓൺ ആയി…

ചാടിയും ഓടിയും എല്ലാം അമ്മയുടെയും അമ്മുവിന്റെയും കൂടെ ലെച്ചു കളിച്ചു മടുത്തു അവസാനം അവൾ ആ പൊടി മണലിൽ ഇരുന്നപ്പോഴും ഇന്ദു അമ്മയും അമ്മുവും കാർത്തു മോളും കളികൾ നിർത്താൻ ഒരു ഭാവവും എന്ന പോലെ ആയിരുന്നു. അവരെ തന്നെ നോക്കി ഇരുന്ന് അവർ അറിയാതെയും അറിഞ്ഞും ഫോട്ടോയും മറ്റും എടുത്തു കൊണ്ട് ലെച്ചു അങ്ങനെ ഇരിക്കുമ്പോൾ ആണ് ചുറ്റും ഉള്ള ആളുകളെ അവൾ ശ്രദ്ധിക്കുന്നത്. മുന്നിലൂടെ ആ സമയം നടന്നു പോയ ഒരു ജോഡി യെ കണ്ടു പെട്ടെന്ന് ലെച്ചുവിന് അർജുനെ ഓർമ വന്നു.

ഡ്രസ്സ്‌ എടുക്കാനും മറ്റും ഉള്ള ഓട്ട പാച്ചിലിൽ രാവിലെ വിളിച്ചത് അല്ലാതെ ലെച്ചു അവനെ വിളിക്കാൻ വിട്ടു പോയിരുന്നു.ഒരു ഞെട്ടലോടെ അതോർത്തു ലെച്ചു ഫോണും ആയി അവരെ ശല്യപ്പെടുത്താതെ പതുകെ അവിടെ നിന്നും മാറി നിന്നു. ചെറിയൊരു ടെൻഷനോടെയാണ് ലെച്ചു അർജുനെ വിളിച്ചത് എങ്കിലും ആദ്യം ആയി അവനെ വിളിക്കുന്നത് പോലെ അവളുടെ ഹൃദയം തുടി കൊട്ടി…എന്നാൽ പെട്ടെന്ന് തന്നെ അവളുടെ മനസ്സ് നിരാശയുടെ പടുകുഴിയിലേക്ക് വീണു.കാരണം അർജുന്റെ ഫോൺ ഓഫ്‌ ആയിരുന്നു.

അവൻ ഉറങ്ങുകയാവും എന്ന് സമാധാനിച്ചു എങ്കിലും ഇത്രയും നേരം ആയി അവനെ ഒന്ന് വിളിച്ചു നോക്കാത്തതിൽ ലെച്ചുവിന് സ്വയം അവളോട് ദേഷ്യം തോന്നി. എങ്കിലും മറ്റൊന്നും ചെയ്യാൻ ഇല്ലാത്തതു കൊണ്ട് 3 ഐസ്ക്രീമും വാങ്ങി ലെച്ചു വീണ്ടും അമ്മയുടെയും അമ്മുവിന്റെയും അടുത്തേക്ക് നടന്നു. അർജുന് പ്രശ്നം ഒന്നും ഉണ്ടാവില്ല എന്ന് മനസ്സിൽ പറഞ്ഞു പഠിച്ചു ഐസ്ക്രീമും കൊണ്ട് ഓടി വന്ന ലെച്ചു പക്ഷെ ഇന്ദു അമ്മയുടെയും അമ്മുവിന്റെയും അടുത്ത് നിൽക്കുന്ന അഭിയേട്ടനെയും അച്ഛനെയും കണ്ടു ബ്രേക്ക്‌ ഇട്ടത് പോലെ അവിടെ തന്നെ നിന്ന് പോയി.

അവരെ പെട്ടെന്ന് കണ്ട പകപ്പ് മാറ്റി മുഖത്ത് ചിരി വരുത്താൻ നോക്കി ലെച്ചു വേഗം തന്നെ മുന്നോട്ട് നടക്കുമ്പോൾ മുഖം താഴ്ത്തി നിൽക്കുന്ന ഇന്ദു അമ്മയും അമ്മുവും വിറക്കുന്നത് ലെച്ചു ശരിക്കും കണ്ടു. അത് കണ്ടപ്പോൾ അറിയാതെ തന്നെ ഒരു പേടി ലെച്ചുവിനെ പതിയെ പൊതിഞ്ഞു തുടങ്ങവേ അവളുടെ നേരെ പല്ല് കടിച്ചു കൊണ്ട് നടന്നടുത്ത ജയച്ഛൻ ലെച്ചുവിന്റെ കവിളിൽ ആഞ്ഞടിച്ചതും ഒരുമിച്ചായിരുന്നു.

(തുടരും )

ലയനം : ഭാഗം 15

Share this story