നാഗമാണിക്യം: ഭാഗം 11

Share with your friends

എഴുത്തുകാരി: സൂര്യകാന്തി

ഇരുട്ട് വീണു തുടങ്ങിയപ്പോൾ, കാവിനപ്പുറമുള്ള കൊയ്ത്തു കഴിഞ്ഞ നെൽപ്പാടങ്ങളിൽ നിന്നും, തെങ്ങിൽ തോപ്പുകളിൽ നിന്നും, കാവിനുള്ളിലെ മരങ്ങളിൽ ചേക്കാറാനെത്തിയ പക്ഷികളെ, പതിവില്ലാതെ നാഗക്കാവിലെ ഒരു കോണിലായി തെളിഞ്ഞ വെളിച്ചവും മന്ത്രോച്ചാരണങ്ങളും ഭയപ്പെടുത്തി കാണണം.. ഭദ്രൻ തിരുമേനിയുടെ നിർദ്ദേശാനുസരണം നാഗപൂജയ്ക്കുള്ള അഗ്നി തെളിയിച്ചതും പത്മയുടെ കൈകളായിരുന്നു..

നാഗപൂജയ്ക്കുള്ള കളമെഴുത്ത് ഒരുക്കിയിരുന്നു. അരിപ്പൊടിയും മഞ്ഞൾപൊടിയും ഉപയോഗിച്ച് വരച്ച ചതുരാകൃതിയുള്ള കളത്തിൽ പതിനാറു കളങ്ങളുണ്ട് … തിരുമേനി കാണിച്ചു കൊടുത്ത സ്ഥാനത്ത്, കണ്ണുകളടച്ചു കൈകൾ കൂപ്പി ഇരിക്കുന്ന പത്മയിൽ ഇടയ്ക്കിടെ അനന്തന്റെ കണ്ണുകളെത്തുന്നുണ്ടായിരുന്നു. താൻ അതുവരെ കണ്ടിരുന്ന കാന്താരി പെണ്ണ് ഇതായിരുന്നുവെന്ന് അവന് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

ചുറ്റുമുള്ള ദീപങ്ങളുടെ പ്രഭയിൽ തിളങ്ങുന്ന ആ മുഖം അവന്റെ ഉള്ളിൽ തെളിഞ്ഞു നിന്നു. കളങ്ങളുടെ വശങ്ങളിൽ കീറിയ ചെറിയ വാഴപ്പോളകൾ വെച്ചിരുന്നു. അരിയും നെല്ലും കൂടാതെ പതിനാറു വീതം മാവിലയും പ്ലാവിലയും കളങ്ങളിൽ ഉണ്ടായിരുന്നു. പൂജ തുടങ്ങിയതോടെ എല്ലാവരും കണ്ണടച്ച് പ്രാർത്ഥനയിലായിരുന്നു. നാഗപ്രതിഷ്ഠയ്ക്ക് മുൻപിലെ തിരി തെളിഞ്ഞു കത്തികൊണ്ടിരുന്നു. നാഗത്തറയിലെ പ്രതിഷ്ഠകൾക്ക് മുകളിൽ തെളിഞ്ഞ രൂപങ്ങൾ ആരും കണ്ടില്ല…

കളങ്ങളിൽ, അരിപ്പൊടിയും മഞ്ഞൾ പൊടിയും പാലിൽ കലക്കിയുണ്ടാക്കിയ നൂറും പാലുമിറ്റിച്ച്, കർപ്പൂരം കത്തിച്ചു തിരുമേനി പൂജ അവസാനിപ്പിച്ചപ്പോൾ പത്മ പതിയെ കണ്ണുകൾ തുറന്നതു നാഗത്തറയിലേക്കായിരുന്നു. അവിടെ നാഗകാളിയുടെയും നാഗരാജാവിന്റെയും പ്രതിഷ്ഠയ്ക്ക് മുകളിൽ പത്തി വിരിച്ചു നിൽക്കുന്ന അഞ്ചു തലയുള്ള സ്വർണ്ണവർണ്ണമാർന്ന നാഗം, അതിന്റെ ശിരസ്സിലെ തിളക്കത്താൽ പത്മ മിഴികൾ ചിമ്മിത്തുറന്നു. ഉള്ളിലുണർന്ന ഭയത്തോടെ അവളുടെ കണ്ണെത്തിയത് അനന്തനിലായിരുന്നു.

അവന്റെ മുഖഭാവങ്ങളിൽ നിന്ന്, പൊടുന്നനെ മിന്നി മാഞ്ഞ ആ കാഴ്ച്ച അവനും കണ്ടെന്നു പത്മയ്ക്ക് മനസ്സിലായി.ചുറ്റുമുള്ള മറ്റാരുടേയും മുഖത്ത് അങ്ങനെയൊരു കാഴ്ച്ച കണ്ടതിന്റെ ലക്ഷണം ഉണ്ടായിരുന്നില്ല.. കാവിൽ നിന്ന് പുറത്തേക്ക് നടക്കുന്നതിനു മുൻപായാണ് ഭദ്രൻ തിരുമേനി പറഞ്ഞത്. “കാവിനുള്ളിലേയ്ക്കായി ഒരിക്കലും വറ്റാത്ത കുളമുണ്ട്. അതിനടുത്തുള്ള ആൽച്ചുവട്ടിൽ അഷ്ടനാഗങ്ങളെ കുടിയിരുത്തിയിട്ടുണ്ട്. അതിനപ്പുറത്തുള്ള താന്നി മരത്തിനടുത്ത് ചിത്രകൂടമുണ്ട്.

അവിടുത്തെ കരിങ്കൽ മണ്ഡപത്തിൽ പത്നീയായ നാഗയക്ഷിയോടൊപ്പം നാഗരാജാവായ വാസുകി കുടികൊള്ളുന്നു. കാവിലമ്മയ്ക്കും, ചില വിശേഷാവസരങ്ങളിൽ നാഗകാളി മഠത്തിന്റെ അധിപനും മാത്രമേ അങ്ങോട്ട്‌ പ്രവേശനമുള്ളൂ. നാഗക്കാവിന്റെ ഉൾഭാഗങ്ങളിലേക്ക് മറ്റാരും കടക്കാൻ പാടില്ല. നാളെ പുലർച്ചയ്ക്ക് പത്മയും അനന്തനും കുളത്തിൽ മുങ്ങി ചിത്രകൂടത്തിലെ കൽവിളക്കുകളിൽ ദീപം തെളിയിക്കണം ” പത്മ ഞെട്ടലോടെ അനന്തനെ നോക്കി. നോട്ടമുടക്കിയതും അവൻ ചെറുതായൊന്നു ചിരിച്ചു.

പത്മയുടെ മുഖം മുറുകി… തിരുമേനി തുടർന്നു.. “ഇല്ലത്തെ അവകാശികൾക്ക് മാത്രമേ അവിടെ ചെന്നെത്താനാവൂ. അവസാനമായി അവിടെ ദീപം തെളിയിച്ചിട്ടുള്ളത് വിഷ്‌ണുവും സുഭദ്രയുമാണ്… ” ദീർഘ നിശ്വാസത്തോടെ പറഞ്ഞിട്ട് ഭദ്രൻ തിരുമേനി കാവിന് പുറത്തേക്ക് നടന്നു. ചലിക്കാനാവാതെ നിന്നു പോയ പത്മയെ കുസൃതിച്ചിരിയോടെ ഒന്ന് നോക്കി അനന്തൻ തിരുമേനിയ്ക്ക് പിറകെ നടന്നു… സുധയ്ക്കൊപ്പം ഇല്ലത്തേക്ക് നടക്കുമ്പോഴും പത്മയുടെ മനസ്സിൽ തിരുമേനിയുടെ വാക്കുകളായിരുന്നു…

താമരക്കുളത്തിനരികിലൂടെ നടക്കുമ്പോൾ, നേർത്ത നിലാവെളിച്ചത്തിൽ, പുലരിയിൽ വിരിയാൻ കാത്തു നിൽക്കുന്ന താമരമൊട്ടുകൾ ഇളംകാറ്റിൽ ചാഞ്ചാടുന്നത് കാണാമായിരുന്നു. ചില നിമിഷങ്ങളിൽ മനസ്സ് എവിടെയൊക്കെയോ ചെന്നെത്തുന്നത് പത്മ അറിയുന്നുണ്ടായിരുന്നു. മനസ്സിൽ മിന്നിമാഞ്ഞു പോവുന്ന കാഴ്ചകൾ ചിലപ്പോഴൊക്കെ പരിചിതമായി തോന്നുന്നുണ്ട്. അതുകൊണ്ട് തന്നെയാണോ ചിലപ്പോഴൊക്കെ അനന്തനെ പ്രതിരോധിക്കാൻ കഴിയാതെ പോവുന്നത്? അത്താഴം കഴിഞ്ഞു കിടക്കാൻ പോവുമ്പോഴും പത്മയുടെ മനസ്സിൽ നിറയെ ചോദ്യങ്ങളായിരുന്നു.

താഴത്തെ നിലയിൽ അനന്തന്റെ മുറിയ്ക്കടുത്തുള്ള മുറിയിലാണ് സുധയും ശ്രീക്കുട്ടനും പത്മയും കിടന്നത്. ഭദ്രൻ തിരുമേനിയ്ക്ക് കൂട്ടായി മാധവനും.. അനന്തന്റെ കൂട്ടുകാരെല്ലാം മുകൾനിലയിലെ മുറികളിലായിരുന്നു… ശ്രീക്കുട്ടൻ ഉറങ്ങിയിരുന്നു. സുധ അടുക്കളയിലായിരുന്നു. പത്മയെ കിടക്കാൻ പറഞ്ഞയച്ചു ശാന്തയെ സഹായിക്കുകയായിരുന്നു സുധ… മുറിയിൽ നിന്ന് എന്തോ എടുത്തു ധൃതിയിൽ പുറത്തേക്കിറങ്ങുമ്പോഴാണ് അനന്തൻ പത്മയെ കണ്ടത്.

ഇടനാഴിയിലെ അരണ്ട വെളിച്ചത്തിൽ കണ്ട, നെറ്റിയിലെ നീട്ടിവരച്ച മഞ്ഞൾക്കുറിയും, കരിമഷിയെഴുതിയ നീണ്ടു വിടർന്ന കണ്ണുകളും, അഴിച്ചിട്ട നീണ്ടിടതൂർന്ന മുടിചുരുളുകളും അനന്തന്റെ ഹൃദയമിടിപ്പ് വർദ്ധിപ്പിച്ചു.നോക്കി നിന്നു പോയി അവൻ. പത്മ അവനെ കണ്ടെങ്കിലും മൈൻഡ് ചെയ്യാതെ അറവാതിലിനരികിലേക്ക് നടന്നു. “ഗുഡ് നൈറ്റ്‌ പാർട്ണർ.. ” പത്മ അനന്തനെ തിരിഞ്ഞു നോക്കി. “അല്ല, നാളെ മുതൽ നമ്മൾ പാർട്ണേർസല്ലേ” അനന്തൻ കണ്ണിറുക്കി. “തന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് തന്റെ കോഴിത്തരവുമായി പത്മയുടെ പുറകെ വരരുതെന്ന് ” പത്മ അവന് നേരേ കൈ ചൂണ്ടി.

അനന്തന്റെ ചുണ്ടിലെ ചിരി മഞ്ഞു. അപ്രതീക്ഷിതമായാണ് അവൻ ആ കൈകളിൽ പിടിച്ചു വലിച്ചു ചുമരോട് ചേർത്തു നിർത്തിയത്. പത്മ ആകെ പകച്ചു പോയി. “ആരാടി കോഴി, ഞാൻ ഏതെങ്കിലും പെണ്ണിന്റെ പുറകെ നടക്കുന്നത് നീ കണ്ടിട്ടുണ്ടോ?… കണ്ടിട്ടുണ്ടോന്ന്…? പത്മയുടെ ഇരുവശവുമായി അനന്തന്റെ കൈകൾ ഉണ്ടായിരുന്നു, അവൾക്കു അനങ്ങാൻ കഴിഞ്ഞില്ല. തീക്ഷ്ണമായ ആ കണ്ണുകൾ അവളിലായിരുന്നു. പത്മ മിഴികൾ ഇറുകെ അടച്ചു കുതറാൻ ശ്രമിച്ചു.അനന്തന്റെ മുഖം സൗമ്യമായി.

“പത്മദേവി ഈ അനന്തപത്മനാഭനുള്ളതാണ്…” പത്മയുടെ മിഴികൾ തുറന്നു, അതിൽ ദേഷ്യം വന്നു നിറയുന്നുണ്ടായിരുന്നു. “അത് താൻ മാത്രം തീരുമാനിച്ചാൽ മതിയോ? ” അവളുടെ കണ്ണുകളിലേക്ക് നോക്കിയാണ് അനന്തൻ പറഞ്ഞത്. “തിരുത്താനാവില്ല, ഞാനോ നീയോ വിചാരിച്ചാൽ പോലും… ” നെറ്റിയിലേക്ക് വീണു കിടക്കുന്ന അവളുടെ മുടിയിഴകൾ പുറകോട്ടാക്കികൊണ്ട് അനന്തൻ ചിരിച്ചു. പിന്നെ പതിയെ അവളിൽ നിന്നും അകന്നു മാറി. “അത് കൊണ്ട് ഇനി ചേട്ടനോടെതിരിടാൻ വരുമ്പോൾ എന്റെ പെണ്ണിന്റെ മനസ്സിലത് വേണം.

വെറുതെ എന്നെ പ്രകോപിപ്പിച്ചിട്ട് പിന്നെ പരാതി പറഞ്ഞിട്ട് കാര്യമില്ല, കാരണം എന്റെ സ്വന്തമാണെന്നെനിക്കിപ്പോൾ അറിയാം ” അനന്തൻ മീശയുടെ അറ്റം കടിച്ചു കൊണ്ടു ചിരിച്ചു അവളെ നോക്കി കണ്ണിറുക്കി. നുണക്കുഴികൾ തെളിഞ്ഞ ആ മുഖത്തേക്ക് തുറിച്ചു നോക്കി പത്മ അതേ നിൽപ്പ് നിന്നു. ചിരിയോടെ അനന്തൻ പുറത്തേക്ക് പോയിട്ടും പിന്നെയും കുറച്ചു കഴിഞ്ഞാണ് അവൾ അകത്തേക്ക് കയറിയത്. ശ്രീക്കുട്ടനരികെ കിടന്നിട്ടും പത്മയ്ക്ക് സമാധാനം കിട്ടിയില്ല.

അനന്തന്റെ ശബ്ദം അപ്പോഴും കാതിൽ മുഴങ്ങുന്ന പോലെ തോന്നിയവൾക്ക്. അനന്തൻ മുകളിലേക്ക് ചെന്നപ്പോൾ അവിടെ ഹാളിൽ എല്ലാവരും ഉണ്ടായിരുന്നു. അവനെ കണ്ടതും സോഫയിൽ ഇരുന്ന അഞ്ജലി ഫോണിൽ നിന്ന് തലയുയർത്തി നോക്കി. “എന്നാലും എന്റെ അനന്താ ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു.റേഞ്ച് പോലുമില്ലാത്ത ഈ പട്ടിക്കാട്ടിൽ ഞങ്ങളെ കൊണ്ടു വന്നിട്ടിട്ട്…. ” “ആര് കൊണ്ടു വന്നൂന്നാ…. ഞാൻ എത്ര തവണ പറഞ്ഞതാ വരണ്ടാന്ന്.

എന്തൊക്കെയായിരുന്നു നാട്ടിൻപുറത്തിന്റെ സൗന്ദര്യം, ഗ്രാമീണ പെൺകൊടിമാർ… എന്നിട്ടിപ്പോ കുറ്റം എനിക്കും ” അരുണിന്റെ കൈ പിടിച്ചു തിരിച്ചു കൊണ്ടാണ് അനന്തൻ പറഞ്ഞത്. സോഫയിൽ അടുത്തിരുന്നു ഫോണിൽ നോക്കുന്ന ഗൗതമിനെയും വീണയെയും നോക്കിക്കൊണ്ട് വിനയ് പറഞ്ഞു. “നഷ്ടം ഞങ്ങൾ മൂന്നിനുമാ. ദേ രണ്ടെണ്ണം ഇരുപത്തി നാലു മണിക്കൂറും കുറുകി കൊണ്ടിരിക്കുവാ.. നിനക്ക് പിന്നെ ലോട്ടറിയല്ലേ അടിച്ചിരിക്കുന്നെ ” “എന്താണ് കാര്യം..? ” വീണയാണ് ചോദിച്ചത്.

അനന്തന്റെ കൈയിൽ നിന്ന് രക്ഷപെട്ടു കൊണ്ടു അരുൺ പറഞ്ഞു. “അവനും അവന്റെ പെണ്ണും നാളെയാ കാട്ടിൽ മുങ്ങി കുളിക്കുവാൻ പോവല്ലേ ” “ഡാ.. ” അനന്തനരികെ നിന്ന് റൂമിലേക്ക് ഓടിക്കൊണ്ട് അരുൺ വിളിച്ചു പറഞ്ഞു. “അളിയാ.. നിന്റെ ടൈം ബെസ്റ്റ് ടൈം..” “ഡാ…. വൃത്തികേട് പറഞ്ഞാൽ നിന്റെ അങ്കവാൽ ഞാനിപ്പോൾ വെട്ടിയെടുക്കും ” “അളിയോ ഞാനുറങ്ങി പോയി.. ” റൂമിൽ നിന്ന് അരുൺ വിളിച്ചു പറഞ്ഞത് കേട്ട് എല്ലാരും ചിരിച്ചെങ്കിലും അഞ്ജലി മാത്രം അപ്പോഴും ഫോണിൽ നോക്കിയിരിക്കുകയായിരുന്നു.

അത് അനന്തന്റെ കണ്ണിൽപ്പെട്ടിരുന്നു. ചാരിയിട്ട വാതിൽ തുറന്നു സുധർമ്മ അകത്തെക്ക് കയറിയപ്പോൾ കട്ടിലിന്റെ തലയ്ക്കൽ ചാരിയിരിക്കുന്ന പത്മയെ ആണ് കണ്ടത്. “ആഹാ നീ ഉറങ്ങിയില്യേ, രാവിലെ നേരത്തെ എഴുന്നേൽക്കണ്ടതല്ലേ കുട്ട്യേ ” പത്മ പതിയെ എഴുന്നേറ്റ് സുധയുടെ മുൻപിലെത്തി. “നാഗകാളി മഠത്തിലെ കാര്യസ്ഥന്റെ മകൻ മാധവന്റെ മകൾ എങ്ങിനെ ഈ ഇല്ലത്തെ പെണ്ണായി…? ” സുധർമ്മ ഒന്നും മിണ്ടാതെ നിന്നതേയുള്ളൂ. “പറയ്‌ അമ്മാ, നിക്കറിയണം.. ”

“സത്യമാണ്.. നീയും ഞാനുമൊക്കെ ഈ ഇല്ലത്തെ രക്തമാണ് ” സുധയുടെ ശബ്ദം നേർത്തിരുന്നു. പത്മ അവിശ്വാസത്തോടെ അമ്മയെ നോക്കി. “മോളിരിക്ക്, ഞാനെല്ലാം പറയാം… ” പത്മയെ അരികിലിരുത്തി സുധ പറഞ്ഞു തുടങ്ങി. അമ്മയുടെ മരണശേഷം തറവാട്ടിൽ നിൽക്കാൻ പറ്റാതായതും ഏകസഹോദരൻ നാടുവിട്ടതും അച്ഛൻപെങ്ങളായിരുന്ന ഭാഗീരഥി ഇല്ലത്തേക്ക് കൂട്ടി കൊണ്ടു വന്നതും മാധവനുമായുള്ള പ്രണയവും വിവാഹവുമെല്ലാം.. “മോളോട് ഒന്നും പറയാതിരുന്നത് മനപൂർവ്വമാണ്. അപ്പച്ചി, ഭാഗി തമ്പുരാട്ടി മരണസമയത്ത് പറഞ്ഞിരുന്നു.

ആരോടും ഒന്നും പറയരുതെന്ന്,മോളോട് പോലും സമയമാവുന്നത് വരെ… ” പിന്നെ സുധർമ്മ പറഞ്ഞത് അവരെക്കുറിച്ചായിരുന്നു. നാഗകാളി മഠത്തിലെ രേവതി തമ്പുരാട്ടിയും വാഴൂരില്ലത്തെ അഗ്നിശർമനും മകൻ ഭൈരവനും… സുധയുടെ വാക്കുകൾ എത്തി നിന്നത് അവരിലായിരുന്നു. വിഷ്ണു നാരായണനും, സുഭദ്രയും.. ആദിത്യനും ഭദ്രയും…സുഭദ്രയുടെ സഹോദരനായ ദേവനാരായണനും മാണിക്യമംഗലം കോവിലകത്തെ രാഘവർമ്മയുടെ മകൾ ലക്ഷ്മിയും സുധർമ്മയുടെ വാക്കുകളിലൂടെ പത്മയുടെ മനസ്സിൽ നിറഞ്ഞു.

“അപ്പോൾ… അയാൾ…?… ആ അനന്തൻ? ” “അനന്തൻ ദേവനാരായണന്റെയും ലക്ഷ്മിയുടെയും ചെറുമകനാണ്… നാഗകാളി മഠത്തിന്റെ അവകാശി ” ഇനിയും ചോദ്യങ്ങൾ പത്മയുടെ മനസ്സിൽ ഉണ്ടായിരുന്നു. സുധ നിർബന്ധപൂർവം ഉറങ്ങാൻ പറഞ്ഞെങ്കിലും പത്മയ്ക്ക് ഉറങ്ങാനായില്ല. സുധർമ്മയുടെ മനസ്സിൽ പത്മയോട് ഇനിയും വെളിപ്പെടുത്താത്ത കാര്യങ്ങളായിരുന്നു.. “ന്റെ ഭഗവതി, ന്റെ കുട്ട്യോളെ കാത്തോളണേ ” മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ടു സുധർമ്മ കണ്ണുകളടച്ചു. താമരക്കുളത്തിന്റെ പടവുകളിൽ ഇരിക്കുന്ന ചെറുപ്പക്കാരനും സുന്ദരിയായ യുവതിയും എന്തൊക്കെയോ പറഞ്ഞു വഴക്ക് കൂടുന്നുണ്ടായിരുന്നു.

പൊടുന്നനെ അവളെന്തോ പറഞ്ഞത് കേട്ട് ആ ചെറുപ്പക്കാരൻ ചിരിച്ചു.. ആ പതിഞ്ഞ ശബ്ദത്തിലുള്ള ചിരി.. ആ മുഖം… അനന്തപത്മനാഭൻ.. നുണക്കുഴികൾ തെളിയുന്ന അതേ ചിരി. അരികെ ഇരിക്കുന്ന പെൺകുട്ടി അവനെ നോക്കി ചുണ്ടുകൾ കോട്ടി.. പത്മ…. പക്ഷെ അവരുടെ വേഷം, ഭാവം….. പൊടുന്നനെ ആ ചെറുപ്പക്കാരന്റെ സ്ഥാനത്തു മറ്റൊരാളായി.. അയാളും ചിരിക്കുന്നുണ്ടായിരുന്നു. ആ പെൺകുട്ടിയുടെ മുഖം മാറിയിരുന്നു. ആ വിടർന്ന കണ്ണുകളും തുടുത്ത കവിളുകളും ചന്ദനക്കുറിയണിഞ്ഞ നെറ്റിത്തടവും.. പൊടുന്നനെയവളുടെ കണ്ണുകളുടെ നിറം മാറി.

ആ കരിനീല മിഴികൾ… പത്മ ഞെട്ടലോടെ ചാടിയെഴുന്നേറ്റു. മനസ്സിൽ നിറഞ്ഞത് അർദ്ധചന്ദ്രക്കലപോലുള്ള നെറ്റിത്തടവും അതിൽ കറുത്ത നിറത്തിൽ വരച്ച കെട്ടു പിണഞ്ഞു കിടക്കുന്ന നാഗ രൂപവും മഴവില്ല് പോലെയുള്ള പുരികക്കൊടികളും ജ്വലിക്കുന്ന ആ നീലക്കണ്ണുകളുമാണ്… സമയമേറെ കഴിഞ്ഞിട്ടും പത്മയുടെ മനസ്സിൽ ആ സ്വപ്നമായിരുന്നു. ആ പടവുകളിൽ ഇരുന്നത് താനും അനന്തനുമായിരുന്നു.. പക്ഷേ ആ വേഷഭൂഷാദികൾ, രീതികൾ ഒക്കെ പഴയ കാലത്തെയായിരുന്നു.

പക്ഷേ അവളുടെ കഴുത്തിലെ ആ നാഗരൂപം… തിളങ്ങുന്ന നീല കല്ല്…. പൊടുന്നനെ അവരുടെ സ്ഥാനത്തു മറ്റു രണ്ടുപേരായി… പിന്നെ കണ്ടത് ആ കണ്ണുകളാണ്.. അതിൽ നിറയെ പകയായിരുന്നു… പുലർച്ചെ സുധർമ്മയാണ് പത്മയെ വിളിച്ചത്. അവൾ കുളി കഴിഞ്ഞെത്തുമ്പോൾ അനന്തനും തിരുമേനിയുമൊക്കെ കാവിലേക്ക് പോയിരുന്നു. സുധയുടെ പിറകിലായാണ് പത്മ കാവിനുള്ളിലേക്ക് കയറിയത്. വെളിച്ചം വീണു തുടങ്ങുന്നതേയുള്ളൂ.. അനന്തൻ അവളെ നോക്കിയെങ്കിലും പത്മ അവനെ ശ്രദ്ധിച്ചതേയില്ല… പത്മ തിരി വെച്ചപ്പോൾ എല്ലാവരും കൈ കൂപ്പി പ്രാർത്ഥിച്ചു.

നാഗത്തറയിൽ നിന്ന് മഞ്ഞൾ പൊടിയെടുത്ത് പത്മ നെറ്റിയിൽ വരച്ചു. “പോയി വരൂ… ” ഭദ്രൻ തിരുമേനി തലയാട്ടി. കാവിന്റെ ഉൾഭാഗത്തേയ്ക്കുള്ള വഴിയേ അവർ പോവുന്നത് എല്ലാവരും നോക്കി നിന്നു. സുധ നെഞ്ചിൽ കൈ വെച്ചു പ്രാർത്ഥിച്ചു. അനന്തന് പിറകെ നടന്ന പത്മ പെട്ടെന്നാണ് അത് കണ്ടത്, അവൾ അനന്തന്റെ കൈയിൽ പിടിച്ചു പിറകോട്ടു വലിച്ചതും തൊട്ടുമുൻപിലെ കാഞ്ഞിരമരത്തിന്റെ കൊമ്പ് അവരുടെ മുൻപിൽ പൊട്ടി വീണതും ഒരുമിച്ചായിരുന്നു. ആ കാഴ്ച്ച കണ്ടു മാധവനും സുധയും മുന്നോട്ടാഞ്ഞെങ്കിലും തിരുമേനി അവരെ കൈ കൊണ്ടു തടഞ്ഞു.

“അവർ ഒരുമിച്ചാണ്.. മുൻപിൽ വരുന്ന തടസ്സങ്ങളെ ഇല്ലാതാക്കി അവിടെയെത്താൻ അവർ പ്രാപ്തരാണെന്നറിയുന്നതു കൊണ്ടാണ് ഞാനവരെ അങ്ങോട്ടയച്ചത്. കാവിനുള്ളിൽ വെച്ച് അവരെ ആരുമൊന്നും ചെയ്യില്ല്യ… ” അനന്തൻ അത്ഭുതത്തോടെ പത്മയെ നോക്കിയെങ്കിലും അവൾ വീണു കിടന്ന കാഞ്ഞിരകൊമ്പിനു മുകളിൽ കാൽ വെച്ച് മുന്നോട്ട് നടന്നു. പണ്ടെങ്ങോ കെട്ടിയ നടപ്പാത പകുതിയും കാടു പിടിച്ചു കിടക്കുകയായിരുന്നു. വര്ഷങ്ങളായി ആൾപ്പെരുമാറ്റമില്ലാതെ കിടന്നിരുന്ന വഴിയിൽ നിറയെ കുറ്റിച്ചെടികളും വള്ളിപ്പടർപ്പുകളും.

വിവിധ വർണങ്ങളിലുള്ള പൂക്കളും കായ്കളും മരങ്ങളിലും വള്ളിച്ചെടികളിലും നിറഞ്ഞിരുന്നു.. കുറ്റിച്ചെടികൾ നിറഞ്ഞ വഴി ഒഴിവാക്കി അനന്തൻ തൊട്ടടുത്തുള്ള ചെറിയ പാറക്കല്ലിൽ ചവിട്ടി മുകളിലേക്ക് കയറി. കല്ലിൽ കയറി നിന്ന് അവൻ കൈകൾ പത്മയ്ക്ക് നേരേ നീട്ടി. അവൾ അവനെ നോക്കാതെ പാറക്കല്ലിൽ പിടിച്ചു കയറി. മുകളിൽ കയറിയതും ബാലൻസ് തെറ്റി, വീഴാൻ തുടങ്ങിയതും അനന്തൻ അവളെ ചുറ്റി പിടിച്ചു. “ദുർവാശ്ശി … ഇങ്ങനെയൊരു കാട്ടിൽ ഈ സമയത്ത് അപരിചിതനായൊരു ചെറുപ്പക്കാരന്റെ കൂടെ നിൽക്കുമ്പോഴും അതിനൊരു കുറവുമില്ലല്ലേ? ” “മാറി നിൽക്ക്.. ” അനന്തനെ കടന്നു മുൻപോട്ട് നടന്ന അവളുടെ കൈയിൽ പിടിച്ചു നിർത്തി അവൻ.

“എങ്ങോട്ടാ തമ്പുരാട്ടി ഇങ്ങനെ ഓടി പോവുന്നെ? നീ ജനിച്ചു വളർന്നത് ഇതിനുള്ളിലാണോടി, അഹങ്കാരത്തിനു മാത്രം ഒരു കുറവുമില്ല. ഒന്നുകിൽ എന്റെ പുറകിൽ അല്ലെങ്കിൽ ഒപ്പം ” അനന്തൻ അവളുടെ കൈ വിടാതെ മുൻപോട്ട് നടന്നു. “കൈ നീട്ടിയൊന്ന് പൊട്ടിക്കാൻ തോന്നും നിന്റെ കൈയിലിരുപ്പിന്.. പിന്നെ… ” അനന്തൻ അവളെ നോക്കി, അവളുടെ മുഖം വീർത്തു തന്നെയിരുന്നു. “പിന്നെ.. എന്റേതാണല്ലോന്നോർക്കുമ്പോഴാണ്..” അനന്തന്റെ ചിരി കണ്ടതും പത്മ കൈ കുടഞ്ഞെറിയാൻ നോക്കിയെങ്കിലും അവൻ വിട്ടില്ല.

അവർ മുൻപോട്ട് നടന്നു… മരക്കൂട്ടങ്ങൾക്കിടയിൽ നിന്ന് പുറത്തു വന്നതും നേർത്ത വെളിച്ചത്തിൽ മുൻപിൽ കണ്ട കാഴ്ചയിൽ പത്മ മനം നിറഞ്ഞു നിന്നു പോയി. പൂക്കൾ നിറഞ്ഞ വള്ളി പടർപ്പുകൾക്കും ചെടികൾക്കും നടുവിലായി ഒരു കുളം. കാലപ്പഴക്കം ഏറെയുണ്ടെങ്കിലും പുല്ലുകൾ നിറഞ്ഞതെങ്കിലും പടവുകൾക്ക് കാര്യമായ കേടുപാടുകളൊന്നുമില്ലായിരുന്നു. വെള്ളാമ്പലുകൾ നിറഞ്ഞ കുളത്തിലെ കണ്ണാടി പോലുള്ള വെള്ളത്തിൽ അടിത്തട്ട് വരെ കാണാമായിരുന്നു.

അതിനടുത്തായി ആൽത്തറയിൽ അഷ്ടനാഗ പ്രതിഷ്ഠ.. തൊട്ടരികെ താന്നി മരത്തിനു താഴെ വെള്ള നിറം കലർന്ന ചുവപ്പു പൂക്കളാൽ നിറഞ്ഞ വള്ളിച്ചെടി പടർന്നു കയറിയ കരിങ്കൽ മണ്ഡപത്തിൽ നാഗരാജനും പത്നിയും.. കൈയിലെ താലവും സാധനങ്ങളും താഴെ വെച്ച് അനന്തൻ പുതച്ചിരുന്ന മേൽമുണ്ട് അഴിച്ചു അതിനടുത്തായി വെച്ചു. ഒരു നിമിഷം അവന്റെ നെഞ്ചിലെ രോമരാജികളിൽ ചേർന്നു കിടന്നിരുന്ന മാലയിൽ പിണഞ്ഞു കിടന്ന ഓം എന്നെഴുതിയ ലോക്കറ്റിൽ പത്മയുടെ കണ്ണുകളെത്തി.

അനന്തൻ അവളെ നോക്കിയതും പത്മ വേഗത്തിൽ നോട്ടം മാറ്റി. അനന്തൻ ചിരിയോടെ പടവിലൂടെ വെള്ളത്തിലേക്കിറങ്ങി. പത്മ വിടർന്ന മിഴികളോടെ അവനെ നോക്കി. അവളെ ഒന്ന് നോക്കി അനന്തൻ മുങ്ങി നിവർന്നു. ഈറനോടെ കുളത്തിൽ നിന്ന് കയറി വരുന്ന അനന്തനെ നോക്കണമോ വേണ്ടായോന്ന് പത്മ സംശയിച്ചു നിൽക്കെ അനന്തൻ അവൾക്കരികെയെത്തി.. “നല്ല തണുപ്പാണ്… ” നീണ്ട മുടിയിഴകളിൽ നിന്നുമിറ്റു വീഴുന്ന വെള്ളത്തുള്ളികളും ഇടതൂർന്ന കൺപീലികളിലെ നനവും നോക്കി നിന്നു പത്മ.. “എന്നെ നോക്കി നിൽക്കാതെ പോയി മുങ്ങി വാ പെണ്ണേ ” ആ ചിരി തെളിഞ്ഞതും പത്മ ജാള്യതയോടെ കുളപടവിലേക്കിറങ്ങി.

മടിച്ചു നിൽക്കുന്ന അവൾക്കരികിലേക്ക് അനന്തനെത്തി. “എന്തു പറ്റി..? ” “അത്… തണുപ്പ്… മുങ്ങണോ, കാലും മുഖവും നനച്ചാൽ പോരെ? ” അനന്തൻ അവളെയൊന്നു നോക്കി, അടുത്ത നിമിഷം പത്മയെ കൈകളിൽ കോരിയെടുത്തു കുളത്തിലേക്കിറങ്ങി. പത്മ പിടയുന്നുണ്ടുണ്ടായിരുന്നു. മുങ്ങി നിവരുമ്പോഴും പത്മയെ അവന്റെ കൈകൾ ചുറ്റി പിടിച്ചിരുന്നു. അറിയാതെ അവന്റെ കണ്ണുകളിലേക്ക് നോക്കിയ പത്മ മിഴികൾ താഴ്ത്തി അവന്റെ കൈകളിൽ നിന്ന് വേർപെട്ട് മുകളിലേക്ക് കയറി.

കുളത്തിലെ വെള്ളത്തിൽ അപ്പോഴും പത്മയെ നോക്കി നിൽക്കുകയായിരുന്നു അനന്തൻ.. അനന്തൻ കയറി വരുമ്പോഴേക്കും താലവും സാധനങ്ങളുമെടുത്ത് പത്മ കൽമണ്ഡപത്തിനരികിലെത്തിയിരുന്നു. കൽമണ്ഡപത്തിലെ കരിയിലകൾ എടുത്തു മാറ്റി വൃത്തിയാക്കുമ്പോഴും അവർ പരസ്പരം നോക്കിയില്ല… അനന്തൻ എണ്ണ പകർന്ന വിളക്കിൽ പത്മ തിരി തെളിയിച്ചു…. (തുടരും ) പഴയ കഥാപാത്രങ്ങളുടെ പേരുകളിൽ വരുന്ന കൺഫ്യൂഷൻ വരുന്ന പാർട്ടുകളിൽ തീരും ട്ടോ..

(തുടരും )

നാഗമാണിക്യം: ഭാഗം 10

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!