അനാഥ : ഭാഗം 13

അനാഥ : ഭാഗം 13

എഴുത്തുകാരി: നീലിമ

പിറ്റേന്നാണ്‌ കിരൺ സാറിന്റെ കാൾ വന്നത്. കിരനാണ്… പറഞ്ഞിട്ട് അദ്ദേഹം കാൾ എടുത്ത് സംസാരിച്ചു. കുറച്ചു സമയം മാത്രമേ അവർ സംസാരിച്ചുള്ളു. … കിരൺ സാർ എന്താണ് പറഞ്ഞതെന്നറിയാനുള്ള തിടുക്കത്തിലായിരുന്നു ഞാൻ…. എന്തു പറഞ്ഞു മഹിയേട്ടാ??? ഞാൻ മാഹിയേട്ടൻ പറയുന്നതെന്താണെന്നറിയാൻ ആകാംക്ഷയോടെ നിന്നു. ഡീറ്റെയിൽസ് ഒക്കെ ജയിലിൽ നിന്നും കിട്ടിയിട്ടുണ്ട്.. അഡ്രസ്സും തന്റെ അച്ഛന്റെ ഫോട്ടോയും ഉൾപ്പെടെ… അത് അന്വേഷിക്കാൻ അവൻ ഏർപ്പാടും ചെയ്തു കഴിഞ്ഞു…

ആ അഡ്രസ്സിൽ അവർ ഉണ്ടെങ്കിൽ ആപ്പും അച്ഛനും ഉടനെ തന്റെ മുന്നിലെത്തും… സന്തോഷമായില്ലേ തനിക്ക്??? മ്മ്… ഞാൻ ചിരിയോടെ മൂളി… ഉള്ളിലെ സന്തോഷം എന്റെ മുഖത്ത് പ്രകടമായിരുന്നു… ആ അഡ്രസ്സിൽ അവർ ഉണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കാം…. ഞാൻ ഉറപ്പായും പ്രാർത്ഥിക്കും മഹിയേട്ടാ… അപ്പൂനെ കാണാൻ എനിക്ക് കൊതിയായി… ഹാ… പിന്നെ തന്റെ ഫോട്ടോ ഒന്നും കയ്യിൽ ഇല്ലല്ലോ അല്ലേ? ഇല്ല മഹിയേട്ടാ… എന്തിനാ? പിജി അഡ്മിഷൻ ഉടനെ ഉണ്ടാകും. ഓൺലൈൻ അപ്ലിക്കേഷൻ വിളിച്ചിട്ടുണ്ട്. നമുക്ക് apply ചെയ്യണ്ടേ? അത്… മഹിയേട്ടാ…. ഒന്നും പറയണ്ട..

താൻ കോളേജിൽ പോയി തന്നെ പടിക്കുന്നതാ നല്ലത്. ഇല്ലെങ്കിൽ താൻ ഇവിടെ ഇരുന്നു 24 മണിക്കൂറും അപ്പൂനേം റൊയിയെയും ആലോചിച്ച മനസ്സ് വിഷമിപ്പിച്ചു കരഞ്ഞു കരഞ്ഞിരിക്കും… അത് കൊണ്ട് നിമ്മിക്കുട്ടി കോളേജിൽ പോകും… ക്ലാസും പഠനവും ഒക്കെ ആകുമ്പോ മറ്റൊന്നും ഓർക്കാൻ സമയം കിട്ടില്ല… പിന്നെ തന്റെ ഈ അയ്യോ പാവം സ്വഭാവവും ഒന്ന് മാറ്റിയെടുക്കണം… ഇത്രേം പാവമായാലേ ഇക്കാലത്തു ജീവിക്കാൻ വലിയ പാടാ… ഞാൻ ഒന്നും മിണ്ടാതെ നിന്നത് കൊണ്ടാവും മഹിയേട്ടൻ വീണ്ടും പറഞ്ഞു… തനിക്ക് ഇഷ്ടമല്ലെങ്കിൽ ഞാൻ നിര്ബന്ധിക്കില്ല…

ഇപ്പൊ തന്നെ കോളേജിൽ വിടാൻ എനിക്ക് ടെൻഷൻ ഇല്ല.. അരുൺ ഉപദ്രവിക്കാൻ വരില്ലല്ലോ? തനിക്ക് ഇപ്പൊ ഒരു ചേഞ്ച്‌ ആവശ്യമാണ്. കോളേജിൽ പോകുന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം.. പിന്നെ എല്ലാം തന്റെ ഇഷ്ടം. എനിക്ക് ഇഷ്ടക്കേടൊന്നും ഇല്ല മഹിയേട്ടാ… എന്നാലേ ഇന്ന് വൈകിട്ട് ബാങ്കിൽ നിന്നും വന്നിട്ട് നമുക്ക് സ്റ്റുഡിയോ വരെ പോകാം… തന്റെ ഫോട്ടോ എടുക്കണം… മ്മ്… എന്നാൽ താൻ പോയി ഫുഡ്‌ എടുത്ത് വയ്ക്ക്.. ഞാൻ റെഡി ആയി വരാം… ✨✨✨✨✨✨✨✨

ഉച്ചയ്ക്ക് ഊണ് കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് അമ്മ ടീച്ചറമ്മയെക്കുറിച്ചു ചോദിച്ചത്. നിങ്ങൾ രണ്ടുപേരും കൂടി അവിടെ പോകണം മോളേ… ഞാനും മാഹിയെട്ടനോട് ചോദിക്കാനിരിക്കുകയായിരുന്നു അമ്മേ… ഈ ശനിയാഴ്ച മഹിക്ക് പോകണ്ടല്ലോ? അവനോട് മോള് ചോദിച്ചു നോക്ക്… ഞാൻ ചോദിക്കാം അമ്മേ… റൂമിലേയ്ക്ക് പോയപ്പോൾ ടീച്ചറമ്മയെ ഒന്ന് വിളിക്കാമെന്ന് കരുതി… ആദ്യത്തെ ബെല്ലിൽ തന്നെ കാൾ എടുത്തു. നൂറു ആയുസ്സാ മോൾക്ക്. ഞാൻ മോളേ വിളിക്കാൻ തുടങ്ങുവായിരുന്നു. എന്താ അമ്മേ ? എന്തെങ്കിലും വിശേഷം ഉണ്ടോ?

ഒരു ചെറിയ വിശേഷം ഉണ്ട് മോളേ… ഫാദർ വിളിച്ചിരുന്നു… കുറേ നാളുകൾക്ക് ശേഷം… ഫാദറോ??? ഞാൻ സന്തോഷത്തോടെ ചോദിച്ചു… മ്മ്… മോളേ തിരക്കി… ഞാൻ മോളുടെ നമ്പർ കൊടുത്തിട്ടുണ്ട്… അദ്ദേഹം വിളിക്കും…. ഫാദർ ഇനി ഇങ്ങോട്ടേക്ക് വരില്ലേ അമ്മേ? ഒന്നും പറഞ്ഞില്ല. മോളെ വിളിക്കുമ്പോൾ നേരിട്ട് ചോദിക്ക്… മ്മ്… മോൾക്ക് സുഖമല്ലേ? മ്മ്… സുഖമാണമ്മേ… ഞങ്ങൾ ഒത്തിരി നേരം സംസാരിച്ചു.. കൂടുതലും ആനന്ദിനെക്കുറിച്ചായിരുന്നു. അവനു ഇപ്പൊ നല്ല മാറ്റമുണ്ടത്രെ… ഇങ്ങനെയാണെങ്കിൽ അവൻ പൂർണമായും സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി വരുമെന്നാണ് ഡോക്ടർസ് പറയുന്നത്…

അത് പറയുമ്പോൾ ടീച്ചറമ്മ സന്തോഷവതിയായിരുന്നു… കാൾ അവസാനിപ്പിച്ചതിനു ശേഷം ഞാൻ ഫാദറിനെക്കുറിച്ച് ആണ് ചിന്ദിച്ചത്… എന്നെ മകളായിക്കണ്ട് സ്നേഹിച്ച മനുഷ്യൻ…. അദ്ദേഹം എനിക്ക് അച്ഛൻ തന്നെയായിരുന്നു….. എന്നിട്ടും ഞാൻ അദ്ദേഹത്തിന് എന്താണ് തിരികെ നൽകിയത്????? വേദനകൾ മാത്രം…. എന്നിട്ടും അദ്ദേഹം എന്നെ സ്നേഹിക്കുക മാത്രം ചെയ്തു…. ഞാൻ കാരണം അദ്ദേഹത്തിന് ഓർഫനേജിന്റെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നു. എന്തിന് ഈ നാട്ടിൽ നിന്നു തന്നെ പോകേണ്ടി വന്നത് ഈ ഞാൻ കാരണമല്ലേ????

സ്നേഹിക്കുന്നവരെയെല്ലാം വിഷമിപ്പിക്കാൻ വേണ്ടി മാത്രമുള്ള നശിച്ചൊരു ജന്മമായിപ്പോയല്ലോ എന്റേത്…. ചിന്തകൾ കാടുകയറി….. അതിന് കടിഞ്ഞാൺ വീണത് മഹിയേട്ടൻ റൂമിലേയ്ക്ക് വന്നപ്പോഴാണ്… ആളിന്റെ മുഖത്ത് വല്ലാത്ത വിഷമം. എന്ത് പറ്റി മഹിയേട്ടാ…?? ഇന്നെന്താ നേരത്തേ? മുഖം വല്ലാതിരിക്കുന്നു… അത്…. കിരൺ വന്നിട്ടുണ്ട്…. ഞാൻ പെട്ടെന്ന് എഴുന്നേറ്റു… കിരൺ സാറോ??? എന്റെ അപ്പു???? അവനെക്കുറിച്ചു എന്തെങ്കിലും വിവരം..??? താൻ വാ… മഹിയേട്ടൻ ഒന്നും പറയാതെ എന്റെ കൈ പിടിച്ചു.

ഞാൻ അദ്ദേഹത്തിന്റെ പുറകെ ചെന്നു… മനസ്സിൽ അകാരണമായ ഭയം വന്ന് മൂടി…. കേൾക്കാൻ ആഗ്രഹിക്കാത്തതെന്തോ കേൾക്കാൻ പോകുന്ന പോലെ….. മഹിയെട്ടനോടൊപ്പം ഹാളിലേക്ക് ചെന്നു. ഹൃദയമിടിപ്പിന്റെ വേഗത കൂടിക്കൂടി വന്നു… എന്താവും കിരൺ സാറിനു പറയാനുള്ളത്???? അപ്പുവിനെ കണ്ടെത്തിയിട്ടുണ്ടാവുമോ??? കേൾക്കാനുള്ള വാർത്ത അത്ര ശുഭകരമല്ല എന്ന് മഹിയേട്ടന്റെ മുഖം വിളിച്ചോതുന്നുണ്ടായിരുന്നു…. ആ മുഖം കാൺകെ എന്റെ ഉള്ളിലെ ഭയം കൂടി കൂടി വന്നു …. ഞങ്ങൾ ചെല്ലുമ്പോൾ കിരൺ സാറും അച്ഛനും സംസാരിച്ചിരിക്കുകയായിരുന്നു.

ഞങ്ങളെ കണ്ട് സംസാരം അവസാനിപ്പിച്ചു. കിരൺ സാർ മഹിയെട്ടനെ ഒന്ന് നോക്കി…. മഹിയേട്ടൻ പറഞ്ഞു കൊല്ലാൻ അനുവാദം നൽകി.. കിരൺ സാർ എന്നോട് സംസാരിച്ചു തുടങ്ങി.. നിമിഷ, ഞാൻ പറയാൻ പോകുന്നത് തനിക്ക് വിഷമമുണ്ടാക്കുന്ന കാര്യമാണെന്നറിയാം… പക്ഷെ, പറയാതിരിക്കാൻ കഴിയില്ലല്ലോ? അദ്ദേഹം ഒന്ന് നിർത്തി. അപ്പുവിനെ കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല. കിരൺ സാർ പറഞ്ഞു തുടങ്ങിയപ്പോഴേ പറയാൻ വരുന്നത് ഇതാവുമെന്നു മനസ്സിലായിരുന്നു.

ഹൃദയം നുറുങ്ങുന്ന വേദനനയോടെ ഞാൻ കേട്ടു നിന്നു…. എന്റെ കീഴിലുള്ള ഒരു SI യെയും സിവിൽ പോലീസ് ഓഫീസറെയുമാണ് അപ്പുവിനെക്കുറിച്ച് തിരക്കാൻ ഞാൻ ഏൽപ്പിച്ചത്. ജയിലിൽ നിന്നും കിട്ടിയ അഡ്രസ്സിൽ അപ്പുവും നിമിഷേടെ അച്ഛനും ഉണ്ടാകും എന്ന് ഞാൻ കരുതി… പക്ഷെ ….. ആ അഡ്രസ്സിലെ ഇപ്പോഴത്തെ താമസക്കാർ ഒരു ക്രിസ്റ്റഫറും ഫാമിലിയും ആണ്. ക്രിസ്റ്റഫറിന് കുവൈറ്റിൽ ബിസിനസ്സ് ആയിരുന്നു. 7-8 വർഷങ്ങൾ മുൻപ് അവിടെ വന്നു കുറച്ചു സ്ഥലം വാങ്ങി വീട് വച്ചതാണ്. വെളുത്തു മെലിഞ്ഞ ഒരു പയ്യന്റെ കയ്യിൽ നിന്നുമാണ് ആ സ്ഥലം വാങ്ങിയതെന്ന് അയാൾക്ക് ഓർമയുണ്ട്….

പേര് ചോദിച്ചപ്പോൾ കുറച്ചു നേരത്തെ ആലോചനയ്ക്ക് ശേഷം പേരും അയാൾ പറഞ്ഞു… നിർമ്മൽ കൃഷ്ണ എന്ന്….. അപ്പു… ഞാൻ അറിയാത്ത എന്റെ ചുണ്ടുകൾ മന്ത്രിച്ചു. അതേ….. അച്ഛന് എന്തോ അസുഖം ഉണ്ടെന്നും അതിന്റെ ചികിത്സയ്ക്കായാണ് പ്രോപ്പർട്ടി വിൽക്കുന്നതെന്നുമാണ് ആ പയ്യൻ പറഞ്ഞതത്രെ… (അച്ഛന് അസുഖമോ??? ഈശ്വരാ…. എന്നെയും അപ്പുനെയും ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്.. ഉപദ്രവിച്ചിട്ടുണ്ട്.. ഒരച്ഛനും മക്കളോട് ചെയ്യാൻ പാടില്ലാത്തതൊക്കെയാണ് ചെയ്‌തിട്ടുള്ളത്‌… ദേഷ്യം തോന്നിയിട്ടുണ്ട് പലപ്പോഴും…. പക്ഷെ വെറുത്തിട്ടില്ല…കഴിയില്ല വെറുക്കാൻ…

ദേഷ്യം തോന്നുമ്പോഴൊക്കെ മനസ്സിൽ ഓടിയെത്തുന്നത് ഒരു അഞ്ചു വയസുകാരിയുടെ മുഖമാണ്. അച്ഛന്റെ സ്നേഹ ലാളനകൾ ഏറ്റുവാങ്ങി അച്ഛനോട് പറ്റിച്ചേർന്ന് ഉറങ്ങുന്ന ഒരു അഞ്ചു വയസുകാരിയുടെ മുഖം… ) നിമ്മീടെ അച്ഛന് എന്താ അസുഖം..???? അച്ഛന്റെ ശബ്ദമാണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്. അറിയില്ല അങ്കിൾ. അയാൾക്കും ഇത്രയൊക്കെയേ അറിയൂ… കൂടുതൽ ഡീറ്റെയിൽസ് ഒന്നും അറിയില്ല. പിന്നെ…. കിരൺ സാർ ഒന്ന് നിർത്തി. എന്നെ നോക്കി… ഇനി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യം ജയിലിൽ നിന്നും കിട്ടിയ നിമ്മീടെ അച്ഛന്റെ photo വച്ചു ഒരു മിസ്സിംഗ്‌ ന്യൂസ് ന്യൂസ്പേപ്പറിൽ കൊടുക്കുക എന്നുള്ളതാണ്.

അതു കൂടിയേ നമുക്ക് ഇനി ചെയ്യാനുള്ളൂ…. നിമിഷ എന്ത് പറയുന്നു??? ഞാൻ മഹിയേട്ടനെ നോക്കി… ഒന്നും മിണ്ടാനാകുന്നില്ല. സഹിക്കാനാകുന്നതിലും അപ്പുറമായിരുന്നു കേട്ടതൊക്കെ… ഉള്ളിലെ പ്രതീക്ഷകൾ പെട്ടെന്ന് കെട്ടു പോയി… ഉള്ളിൽ ആർത്തിരമ്പുന്ന ഒരു സങ്കടകടൽ ഉണ്ടായിരുന്നു… ഒറ്റയ്ക്കിരിക്കാൻ… ഒന്നുറക്കെ പൊട്ടിക്കരയാൻ വെമ്പുകയായിരുന്നു മനസ്സ് … എന്തെങ്കിലും പറഞ്ഞാൽ കരഞ്ഞു പോകുമോ എന്ന ഭയമായിരുന്നു എനിക്ക്… …. എന്നേക്കാൾ നന്നായി എന്നെ മനസിലാക്കുന്ന ഒരാൾ അവിടെ ഉണ്ടായിരുന്നു… എന്റെ മഹിയേട്ടൻ ! എന്റെ ആ നോട്ടം മതിയായിരുന്നു ആളിന് എന്റെ മനസ്സ് കാണാൻ….

നിമ്മി റൂമിലേയ്ക്ക് പൊയ്ക്കോളു … ഞാൻ വരാം… ഞാൻ റൂമിലേയ്ക് നടക്കുക്കുമ്പോൾ അവർ വീണ്ടും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു…. ഒന്നും എന്റെ ചെവിയിലേക്ക് എത്തുന്നുണ്ടായിരുന്നില്ല… നടക്കുകയായിരുന്നില്ല… ഓടുകയായിരുന്നു ഞാൻ… ബെഡിലേയ്ക്ക് വീണ് പില്ലോയിൽ മുഖമമർത്തി പൊട്ടിക്കരഞ്ഞു… ഹൃദയം ചുട്ടു പൊള്ളുകയായിരുന്നു…. മനസ്സിൽ ഉരുണ്ടു കൂടിയ കാർ മേഖം കണ്ണുനീരായി പെയ്തൊഴിഞ്ഞപ്പോൾ മനസ്സ് ഒരല്പം തണുത്തു. ഓരോ തവണ പ്രതീക്ഷിക്കുമ്പോഴും എല്ലാ പ്രതീക്ഷകളെയും തകർത്തു കൊണ്ട് വിധി കണ്മുന്നിൽ വന്ന് പല്ലിളിച്ചു നിൽക്കും…

അകാരണമായ ഒരു ആശങ്കയും ഭയവും കുറച്ചു നാളായി എന്നെ തളർത്തിയിരുന്നു… ഇതായിരുന്നു കാരണം.. കയ്യെത്തും ദൂരെ നിന്നും എന്റെ അപ്പുവിനെ വിധി വീണ്ടും തട്ടി മാറ്റിയിരിക്കുന്നു… ഇത്ര നാളും ആശ്വസിച്ചതു പോലെ വിധി എന്ന് കരുതി ആശ്വസിക്കാനും എനിക്ക് കഴിയുന്നില്ല…. മനസ്സും ശരീരവും ഒരു പോലെ തളരുന്നു… എന്തോ അപ്പുനെ ഇനി ഒരിക്കലും കാണാനാകില്ലേ എന്ന ആശങ്ക മനസ്സിൽ നിറഞ്ഞു നിൽക്കുന്നു…. കണ്ണുനീരിനെ പിടിച്ചു കെട്ടാനായില്ല.. കണ്ണുകൾ പെയ്തു കൊണ്ടേയിരുന്നു…. മഹിയേട്ടൻ റൂമിലേയ്ക്ക് വന്നതോ എന്റെ അരികിൽ ഇരുന്നതോ ഒന്നും ഞാൻ അറിഞ്ഞില്ല.

നിമ്മീ എന്ന് വിളിച്ചപ്പോഴാണ് ഞാൻ തല ഉയർത്തി നോക്കിയത്. എന്താടോ ഇത്??? അപ്പുനെ കണ്ടെത്താനുള്ള ഒരു സാധ്യത മാത്രമാണ് ഇല്ലാതായത്. അല്ലാതെ ഇനി ഒരിക്കലും അപ്പുനെ കണ്ടെത്താനാവില്ല എന്നല്ല കിരൺ പറഞ്ഞത്. എന്നാലും മഹിയേട്ടാ… ഇത്തവണ ഞാൻ ഒത്തിരി പ്രതീക്ഷിച്ചു പോയി. സങ്കടം അടക്കാൻ കഴിയുന്നില്ല മഹിയേട്ടാ… സമാധാനിക്കേടോ.. … എല്ലാം ഈശ്വരന്റെ പരീക്ഷണങ്ങളാണ്… എന്ത് പരീക്ഷണം മഹിയേട്ടാ???? ദൈവങ്ങൾക്ക് ഇനിയും എന്നെ പരീക്ഷിച്ചു മതിയായില്ലേ???? അമ്മ മരിച്ച അന്ന് മുതൽ തുടങ്ങിയ ദുരിതങ്ങളാണ്… പിടിച്ചു നിന്നു ഇത് വരെ. ഇനി വയ്യ. തളർന്നു പോകുവാണ് ഞാൻ.

ഈയിടെയായി കാണുന്നത് മുഴുവൻ ദുസ്വപ്നങ്ങളാണ്. കണ്ണടച്ചാൽ തെളിയുന്നത് കൂർത്ത ദംഷ്ട്രകളും ചോര ഇറ്റുവീഴുന്ന നാവും, തീ പാറുന്ന ചോരക്കണ്ണുകളുമുള്ള ചെകുത്താനെയാണ്… എന്നെ നോക്കി ക്രൂരമായി ചിരിക്കുന്ന ചെകുത്താന്റെ രൂപം… കണ്ണടയ്ക്കാൻ പോലും കഴിയുന്നില്ല. ഒന്ന് ചിരിക്കാൻ പോലും പേടിയാണ് മഹിയേട്ടാ…. ഒന്ന് ചിരിച്ചാൽ അതിന്റെ പത്തിരട്ടി വിഷമിക്കേണ്ടി വരുമെന്നറിയാവുന്നത് കൊണ്ട്. ഇനിയും ഒന്നും താങ്ങാൻ വയ്യ… എന്റെ ശരീരമാകെ തളരുന്ന പോലെ… ഇത്തവണ അവനെ കണ്ടെത്താനാകുമെന്നു കരുതിപ്പോയി…. എനിക്ക് കാണാനായില്ലെങ്കിലും കുഴപ്പമില്ല…..

എവിടെയെങ്കിലും സുഖമായി… സന്തോഷമായി ഇരിക്കുന്നുണ്ടെന്നറിഞ്ഞാൽ മാത്രം മതി എനിക്ക്…. അത്രയേ ഞാൻ ഇപ്പൊ ആഗ്രഹിക്കുന്നുള്ളു… നിമ്മീ…താൻ ഇത്രയധികം വിഷമിക്കുന്നതെന്തിനാണ്??? തന്റെ തന്നെ വാക്കുകളിലൂടെ ഞാൻ അറിഞ്ഞ ആ പത്തു വയസുകാരി നിമ്മിക്ക് ഇതിനേക്കാൾ മനക്കരുത്തുണ്ടായിരുന്നു…. ആയിരിക്കാം മഹിയേട്ടാ… ജീവിതയനുഭവങ്ങൾ മനസ്സിനെ കൂടുതൽ ദൃഢമാക്കുമെന്നാണ് കേട്ടിട്ടുള്ളത്. പക്ഷെ, ജീവിതം മുഴുവൻ ദുരിതങ്ങളും സങ്കടങ്ങളും പരീക്ഷണങ്ങളും മാത്രമായാലോ?

വെറുത്തു പോകില്ലേ നമ്മള്… ജീവിതം തന്നെ വേണ്ടാന്നു തോന്നിപ്പോകില്ലേ??? മടുത്തു മഹിയേട്ടാ എനിക്ക്… മതിയായി…ഇനിയും വയ്യാ… നിമ്മീ… അദ്ദേഹം എന്റെ താടിയിൽ പിടിച്ചു മുഖം ഉയർത്തി കണ്ണുകളിലേയ്ക്ക് നോക്കി ചോദിച്ചു… വിശ്വാസമില്ലേ നിനക്ക്… ഞാൻ ഒപ്പം ഉണ്ടാകുമെന്ന് ??? എന്നെക്കാളധികം…. ആ വിശ്വാസമാണ് എന്നെ ഇന്ന് ജീവിപ്പിക്കുന്നത്. പിന്നെ എന്തിനാണ് താൻ വിഷമിക്കുന്നത്?തന്റെ ഏത് വിഷമത്തിലും ഞാൻ തന്റെ കൂടെ ഉണ്ടാകും… ഒരു താങ്ങായി.. .. തന്റെ വിഷമങ്ങൾ എന്റേതും കൂടിയാണ്…. ശക്തിയില്ലാത്തത് ഈ കണ്ണുനീര് കാണൻ മാത്രമാണ്.

ഈ കണ്ണുനീര് തുടയ്‌ക്കേണ്ട ഞാൻ തന്നെ ഒരിക്കൽ ഈ കണ്ണുകൾ നനയിച്ചതാണ്… അന്ന് തീരുമാനിച്ചതാണ് ഇനി ഇവ നിറയാൻ അനുവദിക്കില്ല എന്ന്. പക്ഷെ,,,,, തനിക്ക് ഞാനും ഒരു വാക്ക് തന്നിട്ടുണ്ട് നിമ്മീ.അപ്പുനെ തന്റെ മുന്നിൽ എത്തിക്കും എന്ന്. അതിനുള്ള ഒരു സാധ്യത മാത്രമാണ് ഇപ്പൊ ഇല്ലാതായത്. ഇപ്പോൾ ഇങ്ങനെ വിഷമിച്ചിരിക്കുകയല്ല വേണ്ടത്. പുതിയ സാധ്യതകളെക്കുറിച്ച് ചിന്തിക്കുകയാണ് ചെയ്യേണ്ടത്. അപ്പുവിന് ആപത്തൊന്നും ഉണ്ടായിട്ടില്ല എന്ന് ഇപ്പോൾ ഉറപ്പായില്ലെ? ഇനി അവൻ എവിടെയാണെന്ന് കണ്ടെത്തിയാൽ മതി… കിരൺ പുതിയ ഒരു വഴി പറഞ്ഞിട്ടുണ്ട്.

അച്ഛന്റെ ഫോട്ടോ ഒരു മിസ്സിംഗ്‌ നോട്ടീസ് ആയിട്ട് കൊടുത്താലോ എന്നാണ് ആദ്യം ചിന്തിച്ചത്. അതിനേക്കാൾ അച്ഛനെ കാത്തിരിക്കുന്ന മകൾ എന്ന നിലയിൽ ഒരു വർത്തയായിട്ട് കൊടുത്താലോന്നു ആലോചിക്കുകയാണ്. അതാവും കൂടുതൽ ശ്രദ്ധിക്കപ്പെടുക. അപ്പുനെ നമ്മൾ കണ്ടെത്തും നിമ്മീ. തനിക്ക് എന്നെ വിശ്വാസം ഉണ്ടെങ്കിൽ പിന്നെ ഈ കണ്ണ് നീരിന്റെ ആവശ്യമില്ല. കൂടെ ഉണ്ടാവും ഞാൻ… എന്നും…. ഇത്രയും പറഞ്ഞു നിറഞ്ഞ കണ്ണുകൾ തുടച്ചു ആള് പുറത്തേയ്ക്ക് പോയി. എനിക്കറിയാം ആ ഹൃദയം മുഴുവൻ എന്നോടുള്ള സ്നേഹമാണെന്നു. ആ കരുതലും സ്നേഹവും മതി എനിക്ക് ജീവിക്കാൻ. അദ്ദേഹം അപ്പുവിനെ എന്റെ മുന്നിൽ എത്തിക്കുക തന്നെ ചെയ്യുമെന്ന് എനിക്ക് ഉറപ്പായിരുന്നു…

രണ്ട് ദിവസം കഴിഞ്ഞു ഞാൻ ന്യൂസ്‌ കൊടുക്കുന്ന കാര്യം മാഹിയെട്ടനോട് ചോദിച്ചു. മഹിയേട്ടാ… ന്യൂസ്‌ കൊടുക്കുന്ന കാര്യം എന്തായി? എല്ലാം സെറ്റ് ചെയ്‌തിട്ടുണ്ട്. നാളെ തന്നെ വരും. അപ്പുവോ അച്ഛനോ അത് കാണും എന്ന് എന്താണ് ഉറപ്പ് മഹിയേട്ടാ??? അവര് തന്നെ അത് കാണണമെന്നില്ല. അവരെ പരിചയമുള്ള ആരെങ്കിലും കണ്ടാൽ മതി. നമുക്ക് കാത്തിരിക്കാം…. നല്ലത് മാത്രം ചിന്ദിക്കാം…. പക്ഷെ എന്റെ എല്ലാ… കാത്തിരിപ്പുകളും വെറുതെയായി… അപ്പു മാത്രം വന്നില്ല…. ഞാൻ കോളേജിൽ ചേർന്നു… യൂണിവേഴ്സിറ്റി കോളേജിൽ തന്നെ അഡ്മിഷൻ കിട്ടി.. MSc മാത്തമാറ്റിക്സിനു.

യാത്രയും കുറവായിരുന്നു. മഹിയേട്ടൻ പറഞ്ഞത് പോലെ കോളേജ് എന്റെ ചിന്തകൾക്ക് കടിഞ്ഞാണിടാൻ ഒരു പരിധി വരെ സഹായിച്ചു… ക്ലാസും പഠനവും വിഷമങ്ങൾ കുറച്ചെങ്കിലും മറക്കാൻ എന്നെ സഹായിച്ചു…. ദിവസങ്ങളും മാസങ്ങളും ശര വേഗത്തിൽ കടന്ന് പോയി…. എന്റെ അപ്പു മാത്രം വന്നില്ല… മഹിയേട്ടൻ അവനെ ഒത്തിരി അന്വേഷിച്ചു.. നിരാശയായിരുന്നു ഫലം… ഇന്നും ഞാൻ അവനെയും റോയി സാറിനെയും പ്രതീക്ഷിക്കുകയാണ്… അവർ എന്റെ അരികിൽ എത്തുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്…

തുടരും….

അനാഥ : ഭാഗം 12

Share this story