നാഗമാണിക്യം: ഭാഗം 12

Share with your friends

എഴുത്തുകാരി: സൂര്യകാന്തി

“നാഗ.. നാഗ രാജ.. നാഗയക്ഷ……” നാഗസ്തുതിയും നാഗരാജമന്ത്രവുമെല്ലാം ഗാംഭീര്യമാർന്ന ആ ശബ്ദത്തിൽ അവിടമാകെ നിറയുമ്പോൾ അത്ഭുതം നിറഞ്ഞ കണ്ണുകളോടെ അനന്തനെ നോക്കുകയായിരുന്നു പത്മ.. വൃക്ഷലതാദികൾക്ക് നടുവിൽ മനോഹരമായ കൊത്തു പണികളാൽ അലംകൃതമായ ആ ചിത്രകൂടത്തിൽ അനന്തന്റെ നിർദ്ദേശാനുസരണം പത്മ നാഗരാജനും പത്നിയ്ക്കും കമുകിൻ പൂക്കുലയും മാലയും ചാർത്തി. മഞ്ഞളഭിഷേകം ചെയ്തത് അനന്തനായിരുന്നു..

പാലും കദളിപ്പഴവും അവിലും മലരും കരിക്കും ശർക്കരയും ചേർന്ന നിവേദ്യമൊരുക്കി പൂജകൾ പൂർത്തിയാക്കി അവർ അഷ്ടനാഗങ്ങളെ കുടിയിരുത്തിയ ആൽത്തറയിൽ തിരി വെച്ചു തൊഴുതു.. പലപ്പോഴും സ്വയം മറന്നു അനന്തനെ നോക്കി നിന്നിരുന്നു പത്മ. നിഹം ഗ്രൂപ്പിന്റെ സാരഥിയായ അനന്തിനെ അവൾക്കപ്പോൾ അവനിൽ കാണാനായില്ല. നാഗകാളി മഠത്തിലെ തമ്പുരാനായിരുന്നു അനന്തനപ്പോൾ.. പത്മയെക്കൊണ്ടു ഓരോന്നും പറഞ്ഞു ചെയ്യിക്കുമ്പോൾ തികഞ്ഞ ഗൗരവമായിരുന്നു അനന്തനിൽ…

നേരത്തെ കുസൃതികൾ കൊണ്ടു അവളെ ദേഷ്യം പിടിപ്പിച്ച ആളായിരുന്നില്ല അത്.. ആൽ മരത്തിലും താന്നി മരത്തിലുമൊക്കെ നാഗങ്ങൾ ചുറ്റിപ്പിണഞ്ഞു കിടന്നിരുന്നു.കറുത്ത നിറമുള്ള ഉടലിൽ വെള്ള തീർത്ത സ്വസ്തിക രേഖയും ഇളം നീല കലർന്ന ഭംഗിയേറിയ കണ്ണുകളും കരിനീലിച്ച അല്പം വശങ്ങളിലേക്ക് ചരിഞ്ഞ നാക്കുകളുമായി അവ വിശ്രമത്തിലായിരുന്നു… പോവാനായി അവർ തിരികെ കൽമണ്ഡപത്തിന്റെ മുൻപിലെത്തിയതും മഞ്ഞൾ പൊടി നിറഞ്ഞ നാഗരാജന്റെ പ്രതിഷ്ഠക്കു മുകളിൽ പത്തി വിടർത്തിയാടി ചുറ്റി കിടക്കുന്നു വലിയൊരു കരിനാഗം….

അനന്തനും പത്മയും കൈ കൂപ്പി വണങ്ങിയതും അത് ഒന്ന് പത്തി നിവർത്തിയാടി അപ്രത്യക്ഷമായി… തിരികെ നടക്കുമ്പോഴാണ് ഏഴിലംപാലചുവട്ടിലെ നാഗചാമുണ്ഡി പ്രതിഷ്ഠ പത്മ കണ്ടത്. അവിടെയും തിരി വെച്ചു വണങ്ങി അവർ പുറത്തേയ്ക്ക് നടന്നു.. പത്മ നിശ്ശബ്ദയായിരുന്നു. പാറക്കല്ലിലൂടെ താഴോട്ടിറങ്ങി തിരിഞ്ഞു നിന്ന് അവൾക്കായി അനന്തൻ കൈ നീട്ടിയപ്പോൾ തർക്കുത്തരമൊന്നും പറയാതെ പത്മ അവന്റെ കൈയിൽ വലം കൈ ചേർത്തു. അനന്തൻ തെല്ലത്ഭുതത്തോടെ അവളെ നോക്കിയെങ്കിലും പത്മ അവന്റെ മുഖത്ത് നോക്കിയില്ല..

നേര്യതിന്റെ തുമ്പ് ചുമലിലേക്കെടുത്ത് പുതച്ചു കൊണ്ടു ഒന്നും പറയാതെ അവൾ നടന്നു. “എന്തു പറ്റി തമ്പുരാട്ടിയ്ക്ക്…? ” പത്മ ഒന്നും മിണ്ടാതെ നടന്നു. “ഇത് നിനക്ക് ചേരുന്നില്ല പെണ്ണേ…” പത്മ അനന്തന്റെ മുഖത്തേക്ക് നോക്കി. അവിടെ ആ കണ്ണുകളിൽ കുസൃതി തിരിച്ചെത്തിയിരുന്നു…ആ ചിരിയും.. കുറച്ചു കൂടെ മുൻപോട്ട് നടന്നിട്ടാണ് പത്മ പറഞ്ഞത്. “നിക്കൊരു കാര്യം പറയാനുണ്ട്… ” “പറഞ്ഞോ, ഞാൻ കേൾക്കുന്നുണ്ട്… ” “ന്റെ മനസ്സിൽ ഒരാളുണ്ട്… ” “എന്ത്…? ” പത്മ അവനെയൊന്ന് നോക്കി. “നിക്കൊരാളെ ഇഷ്ടാണെന്ന്… ” “അതിന്..? ” “കുന്തം..

തന്നോടൊക്കെ പറയാൻ വന്ന ന്നെ പറഞ്ഞാൽ മതി.. ” പത്മ തിരക്കിട്ടു മുൻപോട്ട് നടക്കുമ്പോൾ ആ ചിരി കേൾക്കുന്നുണ്ടായിരുന്നു. “ആ പാവം മാഷിന്റെ ജീവിതം പെരുവഴിയിലാക്കാൻ ഞാൻ സമ്മതിക്കില്ല പപ്പിക്കുട്ടീ” പത്മ ഞെട്ടലോടെ അനന്തനെ നോക്കി. ആ മുഖത്ത് ചിരിയായിരുന്നു. “അങ്ങേർക്ക് നിന്നെ വളർത്തി വലുതാക്കാനുള്ള പ്രാപ്തിയൊന്നുമില്ല കൊച്ചേ.. പിന്നെ.. ” അനന്തൻ അവൾക്കരികെ എത്തിയിരുന്നു. “പിന്നെ എന്റേതൊന്നും മറ്റാർക്കും വിട്ടു കൊടുത്തു ശീലമില്ല എനിക്ക്.. യൂ നോ ഐ ആം പോസ്സസീവ് എബൌട്ട്‌ വാട്ട് ഈസ്‌ മൈൻ.. ”

ചിരിയോടെ പത്മയെ നോക്കി കണ്ണിറുക്കി കാട്ടിയിട്ട് അനന്തൻ മുന്നിൽ നടന്നു. ഒരു നിമിഷം നിന്നിട്ട് പത്മ അവന് പിന്നാലെ ഓടിയെത്തി. “ഡോ ഒന്ന് നിന്നേ… ” അനന്തൻ തിരിഞ്ഞു നിന്ന് അവളെ നോക്കി ചോദ്യഭാവത്തിൽ പുരികമുയർത്തി. “അതിന് ഞാൻ തന്റേതാണെന്ന് ആരാ പറഞ്ഞത്..? ” മറുപടിയായി ഒരു പൊട്ടിച്ചിരിയായിരുന്നു.. “തമ്പുരാട്ടിയുടെ കണ്ട്രോൾ പോയിത്തുടങ്ങിയല്ലേ…? ” “മനസിലായില്ല..? ” “ഞാൻ കണ്ടിരുന്നു പെണ്ണേ അവിടെ വെച്ച് എന്നെ ഒളിഞ്ഞു നോക്കുന്നതെല്ലാം.. ”

ആ നുണകുഴികൾ തെളിഞ്ഞു.. അവന്റെ വാക്കുകൾ ഉണ്ടാക്കിയ ഭാവം മറയ്ക്കാൻ പത്മ മുന്നിൽ കയറി നടന്നു. അനന്തൻ ചിരിച്ചു. “കൈയോടെ പിടിച്ചാലും ഒന്നും സമ്മതിച്ചു തരരുത് ട്ടാ.. ” അനന്തൻ അവൾക്കൊപ്പമെത്തി. “നിനക്കൊരു കാര്യമറിയാമോ…നാഗകാളി മഠത്തിലെ സുഭദ്രദേവി… വാശിക്കാരിയായിരുന്നു…ആരുടെ മുന്നിലും തോറ്റു കൊടുക്കാത്തവൾ… മുറിച്ചാൽ മുറി കൂടുന്നയിനം എന്നാണ് കേട്ടിട്ടുള്ളത്… വിഷ്ണു നാരായണനും ഒട്ടും മോശമല്ലായിരുന്നു.

എന്നിട്ടും അവർ തോറ്റു പോയി. കാരണമെന്തെന്നറിയാമോ…ഈഗോ… ജീവൻ പോയാലും പരസ്പരം തോറ്റു കൊടുക്കാൻ മനസ്സിലാത്തവരെ മറ്റൊരാൾക്ക്‌ തോൽപ്പിക്കാൻ എളുപ്പമാണ്..” പത്മയുടെ മുഖത്ത് നോക്കി പറഞ്ഞിട്ട് അനന്തൻ നടന്നു, പിന്നാലെ നടന്നെത്തിക്കൊണ്ട് പത്മ ചോദിച്ചു. “അതൊക്കെയെന്തിനാ ഇവിടെ പറയണേ? ” അനന്തൻ അവളെയൊന്ന് നോക്കി എന്നിട്ട് പറഞ്ഞു. “നീ ശരിക്കും പൊട്ടിയാണോടി.. ഇത്രയൊക്കെ നടന്നിട്ടും, കേട്ടിട്ടും നിനക്കിപ്പോഴും ഒന്നും കത്തുന്നില്ലേ..? ഈശ്വരാ ഈ ട്യൂബ് ലൈറ്റിനെയാണോ… ”

“ഡോ ട്യൂബ് ലൈറ്റ് തന്റെ മറ്റവൾ ” പൊടുന്നനെ അവൾ ചൂണ്ടിയ കൈയിൽ പിടിച്ചു പതിയെ തിരിച്ചു കൊണ്ടു അനന്തൻ പറഞ്ഞു. “ഇത്തിരിയൊന്ന് താഴ്ന്നപ്പോൾ അവൾ തലേല് വലിഞ്ഞു കയറാൻ നോക്കുന്നോ. ഇനി മേലാൽ എടോ പോടോന്ന് വിളിച്ചാൽ.. ” “ന്റെ കൈയീന്ന് വിടെടാ.. ” പത്മയ്ക്ക് വേദനിക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടെന്ന് തോന്നിയതും അനന്തൻ കൈ വിട്ടു മുൻപോട്ട് നടന്നു. പത്മയ്ക്ക് കൈ വേദനിക്കുന്നുണ്ടായിരുന്നു. ഒന്നും മിണ്ടാതെ അവർ പുറത്തേക്ക് നടന്നു.

കാവിൽ നാഗപ്പാട്ടിനുള്ള കളം ചാണകം മെഴുകി ഒരുക്കുന്നുണ്ടായിരുന്നു. സന്ധ്യയ്ക്കാണ് കളമെഴുത്ത് തുടങ്ങുക. പത്മയെയും അനന്തനെയും കണ്ടപ്പോൾ ആൽത്തറയിൽ ഇരുന്നിരുന്ന ഭദ്രൻ തിരുമേനിയ്ക്കൊപ്പം സുധയും മാധവനും എഴുന്നേറ്റ് അവർക്കരികെ എത്തി. “കാര്യങ്ങളൊക്കെ മുടക്കം കൂടാതെ നടന്നുവോ? ” “ഒരു വിഘ്‌നവുമുണ്ടായില്ല.. ” അനന്തൻ പറഞ്ഞു. “അങ്ങനെയേ വരൂ… ” ഒന്നും മിണ്ടാതെ നിൽക്കുന്ന പത്മയെ കണ്ടു തിരുമേനി ചോദ്യഭാവത്തിൽ അനന്തനെ നോക്കി. അനന്തൻ കണ്ണടച്ച് കാട്ടി…

പത്മ സുധയോടൊപ്പം ഡ്രസ്സ്‌ മാറാനായി വീട്ടിലേയ്ക്ക് നടന്നു. കാവിനു പുറത്തേക്ക് നടക്കുമ്പോളും അനന്തന്റെ കണ്ണുകൾ തന്നെ പിന്തുടരുന്നത് പത്മ അറിയുന്നുണ്ടായിരുന്നു.. അവരുടെ ഭാവങ്ങൾ ഒപ്പിയെടുക്കുന്ന കണ്ണുകൾ ഒന്ന് കുറുകി.. ആ ചുണ്ടിൽ ഒരു പുച്ഛച്ചിരി വിടർന്നു.. പച്ചക്കരയുള്ള നേര്യേതും മുണ്ടും ചുറ്റി കഴിഞ്ഞിട്ടും പത്മ ആലോചനയിലായിരുന്നു. അനന്തന്റെ വാക്കുകളായിരുന്നു അവളുടെ മനസ്സിൽ അപ്പോഴും.. സുഭദ്ര താനാണെന്നാണോ അയാൾ പറഞ്ഞത്? അപ്പോൾ.. ഇല്ല…

അനന്തനിലേക്ക് ഇടയ്‌ക്കെപ്പൊഴൊക്കെയൊ ആകർഷിക്കപ്പെടുന്നുണ്ടെന്നത് സത്യമാണ്. പലപ്പോഴും അവനെ പ്രതിരോധിക്കാൻ കഴിയുന്നില്ലെന്നതും അറിയാം..അവന്റെ സാന്നിധ്യത്തിൽ മനസ്സിന്റെ നിയന്ത്രണം നഷ്ടമാവുന്നുണ്ട്.. പക്ഷേ പ്രണയം.. വിഷ്ണുവും സുഭദ്രയും അഗാധമായ പ്രണയത്തിലായിരുന്നുവെന്ന് കേട്ടിട്ടുണ്ട്.. തനിക്ക് അങ്ങനെയൊരു ഇഷ്ടം തോന്നിയിട്ടുള്ളത് വൈശാഖൻ മാഷിനോട് മാത്രമാണ്.. പത്മയുടെ ഉള്ളിൽ ആ മുഖം തെളിഞ്ഞു.. അവൾക്കു ശ്രുതിയെയും ലക്ഷ്മിയെയും കാണണമെന്ന് തോന്നി..

സുധയോടൊപ്പം മനയ്ക്കലേക്ക് നടക്കുമ്പോൾ തന്നെ മുറ്റത്തു കിടന്നിരുന്ന ആ പുതിയ കാർ പത്മ കണ്ടിരുന്നു. “ആരാണാവോ പുതിയ അവതാരം..? ” മനസ്സിൽ പറഞ്ഞു കൊണ്ടാണ് പൂമുഖത്തേക്ക് കയറിയത്.. കൂടി നിന്നവർക്കിടയിൽ അനന്തനോപ്പം നിന്നയാളെ പത്മ പെട്ടെന്നു തിരിച്ചറിഞ്ഞു. അനന്തനൊപ്പം ഫോട്ടോകളിലൊക്കെ കണ്ട ആ സാരിയുടുത്ത സ്ത്രീ. പത്മയെയും സുധർമ്മയേയും കണ്ടപ്പോൾ ചിരിയോടെ അവർ മുൻപോട്ട് വന്നു. ചിരിക്കുമ്പോൾ തെളിയുന്ന ആ നുണക്കുഴികൾ..

കറുത്ത വലിയ വട്ട പൊട്ടും അഴിച്ചിട്ട നീളമുള്ള മുടിയും അവരുടെ സൗന്ദര്യത്തിനു മാറ്റ് കൂട്ടുന്നുണ്ടായിരുന്നു.. “അരുന്ധതി… ” സുധയുടെ ചുണ്ടുകൾ മന്ത്രിക്കുന്നത് പത്മ കേട്ടു. ഒരു ചിരിയോടെ അവർ സുധയെ കെട്ടിപിടിച്ചു. പിന്നെ പതിയെ പത്മയെ നോക്കി നിന്നു. പത്മയുടെ കണ്ണുകൾ അനന്തനെയൊന്ന് പാളി നോക്കി. അതേ ചിരി അവിടെയും… കുസൃതി നിറച്ച കണ്ണുകൾ കണ്ടതും പത്മ അരുന്ധതിയെ നോക്കി പുഞ്ചിരിച്ചു.. “പത്മ… പത്മാ ദേവി അല്ലേ… ” പത്മ അരുന്ധതിയെ നോക്കി..

“അടുത്തിടെയായി എന്റെ മകന്റെ വായിൽ നിന്ന് ഞാൻ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള പേരാണ്.. ” പത്മ മുഖത്തെ പുഞ്ചിരി നിലനിർത്താൻ പാടു പെടുകയായിരുന്നു. അരുന്ധതി പത്മയ്ക്കരികിലെത്തി, കണ്ണിമയ്ക്കാതെ അവളെ നോക്കി… കവിളിലൊന്നു തഴുകി.. “വന്നിട്ട് ഒത്തിരി സമയമായോ? ” സുധർമ്മ ചോദിച്ചതും അരുന്ധതി ചിരിയോടെ അവരെ നോക്കി. “വന്നു കയറിയതെയുള്ളൂ.ആദ്യം അന്വേഷിച്ചത് പത്മയെയാണ്.. ഫോട്ടോ കണ്ടിട്ടുണ്ട്, എന്നാലും കാണാൻ കൊതിച്ചിരിക്കുകയായിരുന്നു ” “ഫോട്ടോ…? ” പത്മയുടെ ചോദ്യം കേട്ടതും അരുന്ധതിയുടെയും അനന്തന്റെയും കണ്ണുകളിടഞ്ഞു.

അപ്പോഴാണ് ശാന്തമ്മ ഗ്ലാസ്സുകളിൽ നിറയെ സംഭാരവുമായി എത്തിയത്. “ആഹാ.. ശാന്തേച്ചി എത്തിയല്ലോ, ദാഹിച്ചിരിക്കുവായിരുന്നു ” ഗ്ലാസ്സ് കൈയിലെടുത്ത് കൊണ്ടു അരുന്ധതി പറഞ്ഞു. ഭദ്രൻ തിരുമേനി അപ്പോഴാണ് പൂമുഖത്തേക്ക് വന്നത്. തിരുമേനിയെ കണ്ടതും അരുന്ധതി അദ്ദേഹത്തിന്റെ കാൽ തൊട്ട് വന്ദിക്കുന്നതും ഭദ്രൻ തിരുമേനി വാത്സല്യത്തോടെ അവരെ നോക്കുന്നതുമെല്ലാം പത്മ കണ്ടു. “ചില കാര്യങ്ങളിൽ തീരുമാനമെടുക്കാനുണ്ട്, അതിന് വേണ്ടിയാണ് അരുന്ധതിയോട് വരാൻ പറഞ്ഞത്.

മാധവനോടും സുധയോടും ഞാൻ സംസാരിച്ചിട്ടുണ്ട് ” അദ്ദേഹം പത്മയെ ഒന്ന് നോക്കി എന്നിട്ട് പറഞ്ഞു. “കാവിൽ മൂന്നു ദിവസത്തെ പൂജ കഴിഞ്ഞു അനന്തനും പത്മയും തമ്മിലുള്ള വിവാഹം നടക്കണം. അതിലുപരി വരുന്ന നാഗപഞ്ചമിയ്ക്ക് മുൻപ് അവരൊന്നുചേരണം.. ” പത്മ ഒറ്റക്കുതിപ്പിന് തിരുമേനിക്കരികിലെത്തി. “ന്താ പറഞ്ഞത്…? അപ്പോൾ… അപ്പോൾ ന്റെ സമ്മതം വേണ്ടേ? ” ഭദ്രൻ തിരുമേനി ഒന്ന് പുഞ്ചിരിച്ചു. “പത്മക്കുട്ടി സമ്മതിക്കും..ഈ മഠത്തിനെയും കാവിനെയും പത്മയോളം സ്നേഹിക്കുന്ന മറ്റൊരാളില്ല്യ ” തിരുമേനിയെ നോക്കിയ പത്മയുടെ മിഴികൾ നിറഞ്ഞിരുന്നു.

അകത്തേക്കോടിയ പത്മയുടെ പുറകെ പോകാൻ തുനിഞ്ഞ സുധയെ തിരുമേനി തടഞ്ഞു. “കാര്യമാക്കണ്ട.. അവളോട്‌ ഞാൻ സംസാരിച്ചോളാം.. പിടിവാശിക്കാരിയാണ്, അത് കൂട്ടണ്ട..സമയം പാഴാക്കാനില്ല്യ ” അനന്തനെ നോക്കിയാണ് തിരുമേനി തുടർന്നത്. “തന്നോടാണ് പറഞ്ഞത്.. രണ്ടു പേരുടെയും സ്വഭാവം ഒരേ പോലെയാണെന്നറിയാം.. ” അനന്തൻ തലയാട്ടിയതേയുള്ളൂ. അവന്റെ മുഖത്തെ ചിരി എപ്പോഴേ മാഞ്ഞിരുന്നു. കഴിക്കാനായി സുധ വിളിച്ചിട്ടും പത്മ എഴുന്നേറ്റില്ല.

കണ്ണുകൾ നിറഞ്ഞതായി തോന്നിയെങ്കിലും അവൾ കരയുന്നുണ്ടായിരുന്നില്ല. “ഇത്രയ്ക്ക് വിഷമിക്കാൻ മാത്രം അനന്തന് എന്താണൊരു കുറവ്? ഇതുപോലൊരു ബന്ധം സ്വപ്നം കാണാനാവില്ല്യ . തിരുമേനി അങ്ങനെ പറയണമെങ്കിൽ എന്തെങ്കിലും കാരണം കാണും ” സുധയുടെ വാക്കുകൾ കേട്ട് എഴുന്നേറ്റിരുന്നു ദേഷ്യത്തോടെ പത്മ അവരെ നോക്കി. “എന്ന് വെച്ച്? ഇതെന്റെ ജീവിതമാണ്.. ” “നാഗക്കാവ് നിലനിർത്താൻ വേണ്ടി എന്തും ചെയ്യുമെന്നൊക്കെ നീ പറയാറുണ്ടായിരുന്നല്ലോ? ”

പത്മയ്ക്ക് ഉത്തരമുണ്ടായിരുന്നില്ല. “അത്രയ്ക്ക് വെറുപ്പാണോ പത്മയ്ക്ക് എന്റെ മകനോട്…? ” വാതിൽക്കൽ ആയിരുന്നു അരുന്ധതി. പത്മ ഒന്നും പറയാതെ മുഖം കുനിച്ചു നിന്നതേയുള്ളൂ. അവർ അവൾക്കരികെയെത്തി. “ഒരു തരം ബ്ലാക്ക് മെയിലിംഗ് ആണെന്നറിയാതെയല്ല. പക്ഷേ വേറെ നിവൃത്തിയില്ല. ഒന്ന് ഞാനുറപ്പ് തരാം പത്മയെല്ലാതെ മറ്റൊരു പെണ്ണ് അവന്റെ മനസ്സിലില്ല.. ” പത്മ ഒന്നും പറയാതെ നിന്നതേയുള്ളൂ. അരുന്ധതിയ്ക്കൊപ്പമാണ് അവൾ ഊണ് കഴിച്ചത്.

അവൾക്ക് അവരോട് വല്ലാത്തൊരടുപ്പം തോന്നി തുടങ്ങിയിരുന്നു. അഞ്ജലി എല്ലാവരിൽ നിന്നും അകന്നു മാറി ബാൽക്കണിയിലായിരുന്നു. കവിളിൽ കണ്ണീർപ്പാടുകളുമായി അവളെന്തൊക്കെയോ ആലോചിച്ചു നിന്നു. പിന്നെ പതിയെ ഫോണെടുത്തു ആരോടോ സംസാരിച്ചു. കാൾ കട്ട്‌ ചെയ്യുമ്പോൾ അവളുടെ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞിരുന്നു. മനസ്സിൽ ദൃഢനിശ്ചയവും… മുറ്റത്ത്‌ അനന്തനൊപ്പം വിനയും അരുണും ഗൗതമുണ്ടായിരുന്നു. “എന്നാലും എന്തൊരു അഹങ്കാരമാടാ അവൾക്ക്, നിന്നെപോലൊരുത്തനെ സ്വപ്നം കാണാൻ പറ്റുമോ അവൾക്ക്.. എന്നിട്ടും..

” വിനയ് പറഞ്ഞു തീരും മുൻപേ ഗൗതം പറഞ്ഞു. “എന്നാലും എനിക്കതല്ല മനസ്സിലാവാത്തത്, എന്ത് കണ്ടിട്ടാ ഇവൻ അവളുടെ പുറകെ നടക്കുന്നതെന്നാ…കാര്യം അവള് സുന്ദരിയൊക്കെ തന്നെ. പക്ഷേ ഇതിനേക്കാൾ എത്ര സുന്ദരികളാ ഇവന്റെ പുറകെ നടന്നിട്ടുള്ളത്.. എന്നിട്ടിപ്പോ ഈ ഓണംകേറാ മൂലയിൽ കിടക്കുന്നവളെയെ അവന് പ്രേമിക്കാൻ കിട്ടിയുള്ളൂ.. ” “അതിപ്പോൾ പെട്ടെന്നിങ്ങനെ കല്യാണംന്നൊക്കെ പറഞ്ഞപ്പോൾ ആ കുട്ടിയൊന്നു പേടിച്ചു പോയിക്കാണും. അത്രേയുള്ളൂ..

” അരുൺ പറഞ്ഞത് കേട്ടിട്ട് ഗൗതം ചിരിച്ചു. “അപ്പോൾ പിന്നെ ഈ അറേഞ്ച്ഡ് മാരിയേജിലൊക്കെ ഡേറ്റിംഗിനു കൂടെ സമയം വെച്ചിട്ടാണല്ലോ കല്യാണം നടത്തുന്നെ. ഒന്ന് പോയെടാ.. ” “മതി… ഇനി ഇതിനെ പറ്റിയൊരു സംസാരം വേണ്ട. ഇതൊന്നും പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാവില്ല. ഇനി ഞാനോ അവളോ വിചാരിച്ചാൽ പോലും ഇതിൽ നിന്ന് പിന്മാറാനാവില്ല. എല്ലാം മനസ്സിലാക്കുമ്പോൾ പത്മ അനന്തന് പിന്നാലെ വരും… ” സന്ധ്യയ്ക്ക് അരുന്ധതിയോടും സുധയോടുമൊപ്പമാണ് പത്മ കാവിലെത്തിയത്.

അവിടെ നാഗപ്പാട്ടിനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു. പുള്ളോർകുടവും വീണയും ഇലത്താളവുമായി പുള്ളുവന്മാരുമുണ്ടായിരുന്നു. നാഗപ്പാട്ട് നടത്തി ജീവിച്ചു കൊള്ളാൻ ബ്രഹ്‌മാവ്‌ വരം നൽകിയ സമുദായക്കാരാണത്രെ പുള്ളുവന്മാർ… അനന്തനും പത്മയും ഒരുമിച്ചാണ് കാവിൽ ദീപം തെളിയിച്ചത്. പത്മയുടെ നോട്ടം അനന്തനിലെത്തിയപ്പോൾ ആ മുഖം കനത്തിരുന്നു. അനന്തൻ അവളെ ശ്രദ്ധിച്ചതേയില്ല. തിരുമേനി പറഞ്ഞിട്ട് കളത്തിനരികെ നാഗക്കവിലമ്മയ്ക്കുള്ള പ്രത്യേക സ്ഥാനത്താണ് പത്മ ചമ്രം പടിഞ്ഞിരുന്നത്.

കുരുത്തോല കൊണ്ട് അലങ്കരിച്ച മണിപ്പന്തലിന് നടുവിലായാണ് കളം ഒരുക്കിയത്. നാലു ഭാഗത്തായി തൂക്കു വിളക്കും മറ്റു വിളക്കുകളും വെച്ചിരുന്നു. ത്രിസന്ധ്യ കഴിഞ്ഞ് ഗണപതി പൂജയോടെ ചടങ്ങുകള്‍ തുടങ്ങി. പ്രകൃതി ദത്തമായ വസ്തുക്കൾ ഉപയോഗിച്ചുള്ള പഞ്ചവർണ്ണ പൊടി കൊണ്ടാണ് ചുറ്റി പിണഞ്ഞിരിക്കുന്ന രണ്ട് നാഗങ്ങളെ നാഗഫണം കിഴക്ക് വരുന്ന രീതിയിൽ വരച്ചത് . ദീപങ്ങളുടെ പ്രഭയിൽ നാഗക്കളം അതിമനോഹരമായിരുന്നു. നിറങ്ങളുടെ കൂടിച്ചേരലും രൂപഭംഗിയും അതിശയിപ്പിക്കുന്നതായിരുന്നു…

കളമെഴുത്ത് പൂര്‍ത്തിയാക്കിയപ്പോൾ പഞ്ചാര്‍ച്ചനയും പുള്ളുവക്കുടം കൊട്ടിക്കൊണ്ട് ‘അകമുഴിയല്‍’ എന്ന ചടങ്ങും നടത്തി. ഗരുഡനുവേണ്ടിയുള്ള മുറംപൂജയും സര്‍പ്പങ്ങള്‍ക്കു വേണ്ടിയുള്ള ‘നൂറും പാലും’ കൊടുക്കലും നടത്തി, ന്ധദ്രകാളിയേയും അഷ്ടവസ്തുക്കളേയും പൂജിച്ചു . നാഗചൈതന്യവും മന്ത്രോച്ചാരണങ്ങളും മഞ്ഞള്‍പ്രസാദവും കാവിലെ അന്തരീക്ഷത്തെ നിര്‍മ്മലമാക്കി… പത്ത് വയസ്സിനടുത്തുള്ള ഒരാൺ കുട്ടിയും പെൺകുട്ടിയും കഴുത്തിൽ പൂമാലയിട്ട് കൈയിൽ പൂക്കുലയും പിടിച്ചു കളത്തിനരികെയെത്തി.

കൈയിൽ മഞ്ഞൾകഷ്ണം ചേർത്ത ചരട് കെട്ടി അവർ കാപ്പും കന്യാവുമായി കളത്തിലിരുന്നു. പുള്ളുവനും പുള്ളുവത്തിയും പാടി തുടങ്ങി. ഗണപതി വന്ദനത്തിൽ തുടങ്ങി അഷ്ടനാഗങ്ങളെ ആവാഹിച്ചു കൊണ്ടുള്ള പാട്ടിലെത്തിയപ്പോൾ കുട്ടികൾ തലയാട്ടി കൈകളിലെ കമുകിൻ പൂക്കുല കുലുക്കി തുടങ്ങിയിരുന്നു. ഗണപതി വന്ദനം തുടങ്ങിയപ്പോൾ മുതൽ പത്മയ്ക്ക് അസ്വസ്ഥത തോന്നി തുടങ്ങിയിരുന്നു. തല കറങ്ങുന്നത് പോലെയും കണ്ണിൽ ഇരുട്ട് കയറുന്നത് പോലെയും അവൾക്കു തോന്നിത്തുടങ്ങി.

തെരുതെരെ കണ്ണുകൾ ചിമ്മി തുറന്നു ചുണ്ടുകൾ കൂട്ടിപ്പിടിച്ചു പത്മയിരുന്നു. ഭദ്രൻ തിരുമേനിയോടൊപ്പം പത്മയുടെ ഭാവമാറ്റങ്ങൾ അനന്തനും വീക്ഷിക്കുന്നുണ്ടായിരുന്നു. തിരുമേനി കണ്ണു കാണിച്ചതും അനന്തൻ ധൃതിയിൽ അവൾക്കരികിലെത്തി.. അനന്തൻ എത്തുമ്പോഴേക്കും പത്മ ഇളകിത്തുടങ്ങിയിരുന്നു. അനന്തൻ അവളെ ബലമായി ചുറ്റിപ്പിടിച്ച് സുധയെ നോക്കി. അവർ പത്മയുടെ നേര്യേതിന്റെ അറ്റം അരയിൽ തിരുകി വെച്ചു. അപ്പോഴേക്കും ചുവന്ന പട്ടുമായി മാധവനെത്തിയിരുന്നു.

പത്മ കുതറി കൊണ്ടേയിരുന്നു. അനന്തന് അവളെ നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ചുവന്ന പട്ട് ദേഹത്ത് ചുറ്റി വെച്ചതോടെ പത്മ വർദ്ധിച്ച ശക്തിയാൽ അനന്തനെ തള്ളിമാറ്റി നാഗക്കളത്തിലേക്ക് ഓടി… ആരോ കയ്യിൽ തിരുകിയ പൂക്കുലയുമായി കളത്തിൽ ഇരുന്നതും അവൾ തലയാട്ടിക്കൊണ്ട് നാക്കുനീട്ടിത്തുടങ്ങി.. പാട്ടിന്റെ താളത്തിനൊത്ത് അഴിച്ചിട്ട മുടിയുമായി നാഗത്തിന്റെ ചലനങ്ങൾ അനുകരിക്കുന്ന പത്മയെ നോക്കി നിൽക്കുമ്പോൾ അനന്തന്റെ ഹൃദയം പിടയുകയായിരുന്നു.

തൊട്ടപ്പുറത്ത് നിന്ന അരുണിന്റേയും വിനായിന്റെയുമൊക്കെ മുഖങ്ങളിൽ ഭയം നിഴലിക്കുന്നതാവൻ കണ്ടു. “സുഭദ്ര …. ” ഭദ്രൻ തിരുമേനി മന്ത്രിക്കുന്നത് കേട്ടാണ് അനന്തൻ നോക്കിയത്. ദീപങ്ങളുടെ പ്രഭയിൽ പത്മയുടെ കരിനീല മിഴികൾ ജ്വലിക്കുന്നതവൻ കണ്ടു. നീലക്കണ്ണുകൾ തെരുതെരെയടച്ചവൾ ആടിത്തിമർത്തു. കലിയിളകിയത് പോലെയായിരുന്നു അവളുടെ ചലനങ്ങൾ.. ഒരു സീൽക്കാരം പോലെ അവളിൽ നിന്ന് ഉച്ചത്തിൽ ആ വാക്കുകൾ പുറത്തു വന്നു. “അനന്താ….. വെറുതെ വിടരുതവനെ.. ”

നാഗപ്പാട്ടിന്റെ മുറുക്കത്തോടൊപ്പം ദ്രുതഗതിയിലുള്ള ചലനങ്ങളോടെ കളം മായ്ച്ചു കഴിഞ്ഞപ്പോൾ പത്മ കമിഴ്ന്നു വീണു.അനന്തൻ അവളുടെ അടുത്തേക്ക് നടക്കാൻ ശ്രമിച്ചതും തിരുമേനി തടഞ്ഞു. എവിടുന്നോ ഇഴഞ്ഞെത്തിയ ആ വലിയ കരിനാഗം ഒരു നിമിഷം പത്മയ്ക്ക് മുൻപിൽ പത്തി വിരിച്ചാടി, പിന്നെ പതിയെ ശിരസ്സ് താഴ്ത്തി ബോധമില്ലാതെ വീണു കിടന്നിരുന്ന പത്മയുടെ തലയിൽ സ്പർശിച്ചു… അടുത്ത നിമിഷം അത് ഇഴഞ്ഞെങ്ങോട്ടു പോയെന്നത് ആരും കണ്ടില്ല..

പത്മയെ കൈകളിൽ വാരിയെടുത്തു വീട്ടിലേക്ക് കൊണ്ടു പോവുമ്പോൾ അനന്തന്റെ കണ്ണുകൾ വർണ്ണപ്പൊടി നിറഞ്ഞ അവളുടെ മുഖത്തായിരുന്നു. കണ്ണുകളിലെ കരിമഷി പടർന്നിരുന്നു… കുറച്ചേറെ കഴിഞ്ഞാണ് പത്മ കണ്ണുകൾ തുറന്നത്. അരികെ ഇരുന്ന അനന്തനെ കണ്ടതും അവൾ പിടഞ്ഞെഴുന്നേൽക്കാൻ തുടങ്ങി, ദേഹമാകെ വേദനിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞു പോയതൊന്നും ഓർക്കാൻ കഴിഞ്ഞില്ല പത്മയ്ക്ക്.. നാഗക്കാവിൽ ഇരിക്കുന്നതിനിടെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നിയത് മാത്രമേ അവൾക്കു ഓർമ്മയുണ്ടായിരുന്നുള്ളൂ.

കൈകളിലും ദേഹത്തും പുരണ്ട വർണ്ണങ്ങൾ അവൾക്കു കഴിഞ്ഞ് പോയ രംഗങ്ങൾ കാണിച്ചു കൊടുത്തു. സുധർമ്മ കൊണ്ടു വന്ന കരിക്കിൻ വെള്ളം കുടിച്ചതും താമരക്കുളത്തിൽ പോയി മുങ്ങി വരാൻ പറഞ്ഞു ഭദ്രൻ തിരുമേനി. സുധയോടും അനന്തനോടുമൊപ്പമാണ് അവൾ ഇറങ്ങിയത്. അനന്തനിൽ നിന്ന് അകന്നു മാറാൻ അവൾ ശ്രമിക്കുന്നത്‌ മനസ്സിലായതോടെ അവൻ മുൻപിൽ കയറി നടന്നു. സുധർമ്മ താമരക്കുളത്തിന്റെ പടവുകളിൽ നിന്നു.

താഴേക്കിറങ്ങിയ പത്മയ്ക്ക്, മുൻപേ ഇറങ്ങിയ അനന്തൻ, അവൾക്കു നേരേ കൈകൾ നീട്ടിയെങ്കിലും അവനെ ശ്രദ്ധിക്കാതെ പത്മ വെള്ളത്തിലേക്കിറങ്ങി. പത്മ മുങ്ങി നിവർന്നപ്പോൾ ദേഹത്തുണ്ടായിരുന്ന പഞ്ചവർണ്ണപൊടി താമരക്കുളത്തിലെ വെള്ളത്തിൽ കലർന്നു. പത്മയും സുധർമ്മയും അനന്തനും നടന്നകന്നിട്ടും കുളത്തിലെ വെള്ളം ഇളകുന്നുണ്ടായിരുന്നു.. ദേഹത്തിന്റെ വേദനയൊക്കെ മാറിയിട്ടും നല്ല ക്ഷീണം തോന്നിയിരുന്നു പത്മയ്ക്ക്.

രാവേറെ ചെന്നിട്ടും തനിക്ക് ചുറ്റും സംഭവിക്കുന്നതെന്തെന്നറിയാതെ ഉറക്കം വരാതെ കിടക്കുകയായിരുന്നവൾ… രാവിലെ കാവിലെത്തിയപ്പോൾ എല്ലാരുമവിടെ ഉണ്ടായിരുന്നു. ഇന്നലെ നാഗത്താനു സമർപ്പിച്ച പാൽ നീല നിറമായിരുന്നു. അതെടുത്തു മാറ്റിയപ്പോൾ പത്മ നാഗത്തറയിൽ തിരി വെച്ചു. അനന്തൻ അവളെ കണ്ടതായി ഭാവിച്ചില്ല. പത്മയും അവനെ ശ്രദ്ധിച്ചില്ല.ഭദ്രൻ തിരുമേനിയ്ക്കൊപ്പം മാധവനും അവരുടെ ഭാവങ്ങൾ കണ്ടു നിൽക്കുന്നുണ്ടായിരുന്നു.

പത്മ പുറത്തേക്ക് നടക്കുമ്പോഴാണ് മാധവൻ വിളിച്ചത്. അവൾ തിരിഞ്ഞു നിന്നു. അയാൾ നടന്നു അവൾക്കൊപ്പമെത്തി. അവളെയും കൂട്ടി വീട്ടുമുറ്റത്തേയ്ക്കാണ് മാധവൻ നടന്നത്. “എന്താണ് പറയേണ്ടതെന്നെനിക്കറിയില്ല മോളെ, നിന്റെ ആഗ്രഹങ്ങൾക്കൊപ്പം നിൽക്കാനാണ് അച്ഛനിഷ്ട്ടം. അനന്തന്റെ സമ്പത്ത് കണ്ടിട്ടൊന്നുമല്ല. നിന്റെ ജീവിതത്തിൽ ഇന്നോളം നടന്നതെല്ലാം നീ ജനിക്കുന്നതിനു മുൻപേ തന്നെ പ്രവചിക്കപ്പെട്ടതാണ്. അതാണ് അച്ഛന്റെ പേടി. അനന്തൻ നിന്നെ പൊന്നു പോലെ നോക്കും. അതിനേക്കാൾ നല്ലൊരാളെ കണ്ടെത്തി തരാൻ അച്ഛനാവില്ല. പക്ഷേ നിന്നെ നിർബന്ധിക്കാനുമാവുന്നില്ല. എല്ലാത്തിലുമുപരി നാഗകാളി മഠത്തിന്റെ വിധി നിർണ്ണയിക്കേണ്ടത് നിങ്ങളാണ്… ” അയാളുടെ സ്വരം നേർത്തിരുന്നു…

(തുടരും ) നാഗക്കാവിലെ ചടങ്ങുകളെ പറ്റി എഴുതാനായി ചിലർ പറഞ്ഞിരുന്നു. അറിയാവുന്നത് പോലെ (ഒഫ്കോഴ്സ്, വിത്ത്‌ ദ ഹെൽപ് ഓഫ് ഗൂഗിളണ്ണൻ ) എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്‌. തെറ്റുകൾ ഉണ്ടാകാം. വിരസമായി തോന്നാം.. ക്ഷമിക്കുക… 💕 ഒരുപാട് തവണ പറഞ്ഞതാണ് വീണ്ടും പറയുന്നു. എല്ലാ ദിവസ്സവും കഥയെഴുതാൻ സാധിക്കില്ല. ഒന്നോ രണ്ടോ ദിവസത്തെ ഗ്യാപ്പിലേ പോസ്റ്റ്‌ ചെയ്യാൻ സാധിക്കുകയുള്ളൂ. ഒന്നിടവിട്ട ദിവസങ്ങളിൽ ഇടാൻ ശ്രമിക്കാം 💕

നാഗമാണിക്യം: ഭാഗം 11

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!