സുൽത്താൻ : ഭാഗം 17

സുൽത്താൻ : ഭാഗം 17

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

“സുലു.. നീ ഫിദുവിനെ വിളിച്ചു കൊണ്ട് മുറിയിൽ പോയി കിടക്ക്.. നീ ഇന്ന് അവളുടെ കൂടെ കിടക്ക് കേട്ടോ.. നിദാ നീ അപ്പുറത്തെ മുറിയിൽ കിടക്ക്…”പറഞ്ഞു കൊണ്ട് ഫിദയുടെ മമ്മി കുറെ വിക്സ് വാരി നെറ്റിയിൽ തേച്ചുകൊണ്ട് ഡയിനിങ് ടേബിളിലേക്ക് തല ചായ്ച്ചു വെച്ചു കിടന്നു. ഫിദയുടെ മമ്മിക്കറിയാം സുലുവാന്റിയും ഫിദയുമായുള്ള അടുപ്പം. തന്നേക്കാൾ ഏറെ ഫിദുവിന്‌ ആശ്വാസം ആന്റി അടുത്തുള്ളതായിരിക്കും എന്ന് മനസിലാക്കി തന്നെയാണ് അവർ അങ്ങനെ പറഞ്ഞത്.

സുലേഖ ഒത്തിരി നിർബന്ധിച്ചിട്ടാണ് ഫിദ അവിടുന്ന് എഴുന്നേറ്റത്… അവളുമായി അവർ ഫിദയുടെ മുറിയിൽ പോയി കിടന്നു..വാതിൽക്കൽ വരെ നിദ ചെന്നു.. “നിദ..ന്റെ ഫോൺ എവിടെ “ഫിദ ചോദിച്ചു.. “ഡാഡിടെ കയ്യിലാ ഫിദൂത്ത..തിരികെ തന്നില്ല… “നിദ വിഷമത്തോടെ പറഞ്ഞു ഫിദ കട്ടിലിലേക്ക് കയറി കിടന്നു… മുഖം കഴുകി തിരികെ വന്ന സുലുവാന്റിയെ അവൾ ആശങ്കയോടെ നോക്കി…അവളുടെ തളർന്ന നോട്ടം കണ്ടു സുലേഖക്ക് സങ്കടം തോന്നി.. “സാരമില്ലെടാ വിധിച്ചിട്ടില്ല എന്ന് കരുത്…

എല്ലാം തമ്പുരാന്റെ തീരുമാനങ്ങൾ അല്ലേ… നമുക്ക് അത്‌ അനുസരിച്ചല്ലേ പറ്റൂ… ന്റെ മോൾ കിടന്നുറങ്ങ്… ഉറങ്ങി എഴന്നേൽക്കുമ്പോൾ എല്ലാം ശരിയാവും… അപ്പോഴേക്കും എല്ലാം സ്വപ്നം ആയിരുന്നു എന്ന് വിചാരിച്ചു മറന്നു കളഞ്ഞേക്ക്.. ” “എന്തെളുപ്പത്തിലാണ് ആന്റി ഈ പറയുന്നത്… അതിനു എനിക്ക് സാധിക്കില്ല… ആന്റി എനിക്കൊരു സഹായം ചെയ്യുവോ” അവൾ നിറമിഴികളോടെ ചോദിച്ചു… “എന്താടാ…? ” “ആന്റീടെ ഫോണൊന്നു തരുവോ… ” “അത് വേണ്ട മോളെ… ഡാഡി അറിഞ്ഞാൽ.. അത് ശരിയാവില്ല… “സുലേഖ വിഷമത്തോടെ പറഞ്ഞു..

“ഒരു തവണ.. ഒരൊറ്റ തവണ…പ്ലീസ് ആന്റി…. “ഫിദ കെഞ്ചി… കുറച്ചു നേരം ദൈന്യത നിറഞ്ഞ അവളുടെ മുഖത്ത് നോക്കി നിന്നിട്ട് അവർ ഫോൺ എടുത്ത് ഫിദുവിന് കൊടുത്തു… ഫിദ അതിൽ ഉടനെ ഫർദീനെ വിളിച്ചു… രണ്ടു മൂന്ന് ബെല്ലുകൾക്ക് ശേഷം അവന്റെ ശബ്ദം മറുവശം കേട്ടു… “ഫർദീ… ” ഒരു കരച്ചിൽ വന്നു തൊണ്ടക്കുഴിയിൽ കെട്ടി നിന്നത് കൊണ്ട് അവളുടെ വിളി ശബ്ദം മുറിഞ്ഞു പോയി… ഒരു നിമിഷം വേണ്ടി വന്നു ഫർദീനു അത്‌ ഫിദ ആണെന്ന് മനസിലാക്കാൻ… മനസിലായതും അവൻ വിളിച്ചു…

“ഫിദൂ… നീ… ഇതാരുടെ ഫോൺ ആണ്..? ” “ആന്റീടെ… ” “മ്.. പറ… എന്ത് പറഞ്ഞു ഡാഡി… “? “അവിടെ വിളിച്ചു പറഞ്ഞത് തന്നെ.. നടക്കില്ലെന്നു… എന്ത് ചെയ്യും ഫർദി നമ്മൾ.” അവൾ കരഞ്ഞു പോയിരുന്നു… “നിന്റെ ഡാഡി പറയുന്നതൊക്കെ ഒരു കാരണമാണോ ഫിദ… നമ്മൾക്ക് നല്ല തിരിച്ചറിവ് പോലും ഇല്ലാതിരുന്ന സമയത്ത് നടന്ന ചില കാര്യങ്ങൾ… അതിനിങ്ങനെയൊക്കെ തീരുമാനിക്കാൻ പോയാലോ… ” “എനിക്കെന്തു ചെയ്യാൻ പറ്റും ഫർദി… “അവളുടെ കണ്ണു നിറഞ്ഞൊഴുകി…

“നീ ഡാഡിയോട് പറഞ്ഞു മനസിലാക്…എന്നിട്ട് വിളിക്കൂ.. അല്ലാതെ ഒന്നും ചെയ്യാൻ പറ്റില്ല… നിക്കാഹ് പ്രമാണിച്ച് എടുത്ത ലീവ് ആണ്… ആ ഡേറ്റ് കഴിഞ്ഞ ഉടനെ എനിക്ക് മടങ്ങേണ്ടതുമാണ്…. അപ്പൊ സംസാരിച്ചിട്ട് നീ വിളിക്ക്… എന്നിട്ട് തീരുമാനിക്കാം നമുക്ക്… ” മറുവശത്തു ഫോൺ കട്ട് ചെയ്തിട്ടും അവൾ ആ ഫോണും പിടിച്ചിരുന്നു പിന്നെയും കുറെ നേരം കൂടി…. ഈ സമയം നിദ മറ്റൊരു മുറിയിൽ കിടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു… എന്നും രാത്രി റിഹാന് ഒരു ഗുഡ് നൈറ്റ് കൊടുക്കുന്ന പതിവുണ്ട് വാട്സ് ആപ്പിൽ..

അവൾ ഫോണെടുത്തു വാട്സ് ആപ്പ് തുറന്നു……. ഒരു ശുഭരാത്രി സന്ദേശം അവനയച്ചിട്ട് അവൾ ഫിദുവിനെ കുറിച്ച് ആലോച്ചിരുന്നു… ഫിദൂത്ത എങ്ങനെ സഹിക്കും ഇത്… അഞ്ചു വർഷം ജീവൻ കൊടുത്തു സ്നേഹിച്ചതാണ് ഫർദീക്കയെ… എന്നിട്ടിപ്പോൾ പെട്ടെന്ന്… മുറിച്ചുമാറ്റണം എന്നൊക്കെ പറയുമ്പോൾ അത്‌ സാധിക്കുമോ ഒരാളെ കൊണ്ട്… അവൾ ചിന്തിച്ചു… താനായിരുന്നെങ്കിലോ ആ സ്ഥാനത്ത് എന്നവൾ ചിന്തിച്ചു.. എന്ത് കൊണ്ടോ പെട്ടെന്ന് റിഹാന്റെ മുഖം മനസ്സിൽ വന്നു…

അവൾ അവന്റെ വാട്ട്സ് ആപ് ഡിപി എടുത്തു നോക്കി ….ഉള്ളിലെവിടെയോ അവന് വേണ്ടി പുലരികൾ വിടരാൻ തുടങ്ങിയിട്ട് കുറച്ചു നാളായി എന്നവൾ ഓർത്തു …ഓരോ തവണയും അവന്റെ ഒരു മെസേജ് കിട്ടാനായുള്ള ആഗ്രഹവും കാത്തിരിപ്പും ആണ് …ഫോണെടുത്താൽ ആദ്യം നോക്കുക അവൻ എന്തെങ്കിലും മെസേജ് അയച്ചിട്ടുണ്ടോ എന്നാണ്….കുറച്ചുകാലമേ ആയിട്ടുള്ളൂ ഈ പ്രണയ തരി മനസ്സിൽ വീണിട്ട്.. എങ്കിലും അവനെ നഷ്ടപ്പെടുന്നത് …അവന്റെ സൗഹൃദം നഷ്ടപ്പെടുന്നത് ഒന്നും ചിന്തിക്കാനേ വയ്യ ….

തന്നെ പോലെ വൈകല്യം ഉള്ളൊരു പെൺകുട്ടിക്ക് പക്ഷേ പ്രണയിക്കാനോ ഒരു ജീവിതം കൊതിക്കാണോ ഒന്നും അർഹത ഇല്ല…ആരിഷ്ടപ്പെടാനാ…മുടന്തുള്ള ഒരുത്തിയെ….അവളുടെ കണ്ണ് നിറഞ്ഞു …ഒരു നീർത്തുള്ളി ഇറ്റ് റിഹാന്റെ ഫോട്ടോയിലേക്ക് വീണു… പെട്ടെന്ന് തന്നെ അവൻ വിളിച്ചു …രാത്രി വിളി പതിവുള്ളതല്ല…അവൾ ഞെട്ടലോടെ ഫോൺ എടുത്തു … “എന്താടി പാതിരാക്ക് ഓൺ ലൈനിൽ..? ” അപ്പോഴാണ് ഓർത്തത് റിഹാന് മെസേജ് അയക്കാൻ ഫോൺ ഓൺ ചെയ്തതാണ്..

പിന്നെ എന്തൊക്കെയോ ചിന്തിച്ചിരുന്നു സമയം ഒരുപാട് പോയി… “അത്‌.. ഒന്നൂല്ലേടാ.. ഓഫ്‌ ചെയ്യാൻ മറന്നു.. ” “നീയെന്താ ഉറങ്ങീല്ലേ… “അവൻ വീണ്ടും ചോദിച്ചു… “റിഹു.. എനിക്കൊരു കാര്യം പറയാനുണ്ട്.. “അവൾ പെട്ടെന്ന് പറഞ്ഞു.. “എന്താ.. “? “അത് പിന്നെ.. ഡാ.. ഫിദൂത്തയുടെ നിക്കാഹ് മുടങ്ങി.. ” അവൾ നടന്ന കാര്യം അത്രയും അവനോടു പറഞ്ഞു… കൂട്ടത്തിൽ ഇടക്ക് കരഞ്ഞും പോയി അവൾ… റിഹാൻ അവളെ ആശ്വസിപ്പിച്ചു ഒരു തരത്തിൽ ഫോൺ വെപ്പിച്ചു… അവനോടു എല്ലാം തുറന്നു പറഞ്ഞു കഴിഞ്ഞപ്പോൾ അവൾക്കു എന്തോ അല്പം ആശ്വാസം തോന്നി…

കേട്ട കാര്യങ്ങൾ വിശ്വസിക്കാനാവാതെ തരിച്ചിരിക്കുകയായിരുന്നു റിഹാൻ… എന്തോ ഉള്ളിൽ ഒരു തണുപ്പ് നിറയുന്ന പോലെ തോന്നി അവന്… ഒരുപക്ഷെ പടച്ചോൻ ആദീക്കായുടെ വേദന അറിഞ്ഞു കാണും എന്ന് തോന്നി അവന്.. കൈ മുകളിലേക്കുയർത്തി കരുണാമയനായ തമ്പുരാന് സ്തുതി കൊടുത്തു അവൻ.. ആദിയെ വിളിച്ചു പറഞ്ഞാലോ എന്ന് കരുതി ഫോൺ എടുത്തെങ്കിലും രാവിലെ ആകട്ടെ എന്ന് കരുതി പിന്നീട് മാറ്റി വെച്ചു… ഇത്തിരി സന്തോഷത്തോടെ തന്നെയാണ് റിഹാൻ അന്ന് കിടന്നുറങ്ങിയത്…

പിറ്റേദിവസം തന്നെ ഒരു ബ്രോക്കർ വീട്ടിൽ വന്നത് കണ്ടു ഫിദ ഞെട്ടി… ഡാഡി ഇരുന്നു പുതിയ ബയോഡേറ്റകൾ നോക്കുന്നത് കണ്ടു ഡാഡിയോട് സംസാരിച്ചു ശരിയാക്കാം എന്ന അവസാന പ്രതീക്ഷയും അവളിൽ അവസാനിച്ചു… ബാത്റൂമിലേക് കയറി നിന്നു പൈപ്പ് ഓൺ ചെയ്തു വെച്ചു അവൾ അലറിക്കരഞ്ഞു… ഒടുവിൽകരഞ്ഞു തളർന്നു ബാത്റൂമിലെ ടൈലിന്റെ പുറത്തേക്കു ആ നനവിൽ ഇരിക്കുമ്പോൾ പുതിയൊരു തീരുമാനം അവളിൽ വന്നു ചേർന്നിരുന്നു…. ………………..❤

ഒ പി യിലെ തിരക്കൊന്നും കുറഞ്ഞ സമയത്ത് കാന്റീനിലേക്ക് ചെന്നു ഒരു ചായ കുടിക്കാം എന്ന് കരുതി സ്റ്റെത്ത് എടുത്തു കഴുത്തിൽ ചുറ്റി പുറത്തേക്കിറങ്ങുകയായിരുന്നു ആദി.. ക്യാന്റീനിൽ ചെന്ന് സ്ഥിരം ഇരിപ്പിടമായ ആ പഴയ തടി കസേരയിലേക്ക് ചാഞ്ഞു പതിവ് പോലെ പീറ്റർ ചേട്ടനോട് ഒരു കാലിച്ചായ പറഞ്ഞു… പിന്നെ സ്ഥിരം നോക്കാറുള്ള ആ സ്ഥലത്തേക്ക്… മെഡിക്കൽ കോളേജിന്റെ പുറകു വശത്തെ വാകമരക്കൂട്ടങ്ങൾക്കിടയിലേക്ക് നോക്കി… ചുവന്ന വാകപ്പൂക്കൾ വീണു നിലം ചുവന്ന പരവതാനി വിരിച്ച പോലെ മനോഹരമായി കിടപ്പുണ്ട്..

അങ്ങോട്ട് നോക്കിയിരിക്കെ വാകപ്പൂക്കളുടെ നിറമുള്ള ഒരു പെൺകുട്ടി ഒരു നുണക്കുഴി ചിരി ചിരിച്ചു അതിനിടയിലേക്ക് എവിടെയോ മറയുന്നതവൻ അറിഞ്ഞു… “ഫിദൂ… “നിശബ്ദമായി ആ പേരൊന്നു ചൊല്ലി വിളിച്ചവൻ കണ്ണുകളടച്ചു കസേരയിലേക്ക് ചാഞ്ഞു… പെട്ടെന്നാണ് കോട്ടിന്റെ പോക്കറ്റിൽ ഇരുന്നു ഫോൺ വൈബ്രെറ്റ് ചെയ്തത്.. ഒ പി യിൽ ഇരുന്നപ്പോൾ സൈലന്റ് ആക്കിയതാണ്… പിന്നീട് മറന്നു ആ കാര്യം… അവൻ ഫോണെടുത്തു നോക്കി… റിഹുവാണ്…

“റിഹൂ.. പറയെടാ… “ആദിയുടെ പതിഞ്ഞ ശബ്ദം കാതിൽ പതിച്ചതും എന്താ പറയേണ്ടതെന്നു ഒരു മാത്ര റിഹു വെമ്പൽ പൂണ്ടു… “ഡാ… “ആദി വീണ്ടും വിളിച്ചു… “മ്മ്.. ആദീക്കാ.. ഒരു കാര്യമുണ്ട്… “റിഹു ഒന്ന് നിർത്തി… “എന്താണെങ്കിലും നീ പറയൂ റിഹു.. “വീണ്ടും ആദി ക്ഷമയോടെ പറഞ്ഞു… “ഫിദ ചേച്ചിയുടെ നിക്കാഹ് മുടങ്ങി.. !!!” ഷോക്കടിച്ച പോലെ ഇരുന്നു പോയി ആദി… അവിടെ നടന്ന കാര്യങ്ങളൊക്കെ റിഹു നിദ പറഞ്ഞത് പോലെ പറഞ്ഞു കേൾപ്പിച്ചു… ആദിക്ക് വല്ലാത്ത തളർച്ച തോന്നി… അവളെ ഗാഡമായി പ്രണയിച്ചിരുന്നെങ്കിലും..

ഇപ്പോഴും പ്രണയിക്കുന്നുണ്ടെങ്കിലും… അവളുടെ ഇഷ്ടം നടക്കാതെ പോകണം എന്നൊന്നും അവൻ മനസ്സിൽ പോലും വിചാരിച്ചിട്ടുണ്ടായിരുന്നില്ല… അവളുടെ മുഖം ഓർത്തപ്പോൾ അവനെന്തോ വീണ്ടും തളർന്നു പോയി… “തന്റെ ഫിദു… അവൾ… അവളിപ്പോ ഒരുപാട് വിഷമിക്കുന്നുണ്ടാവും… അവൻ തല കയ്യിൽ താങ്ങി ശക്തമായ വേദനയോടെ അവിടെ തന്നെ ഇരുന്നു… മറ്റൊരു ഫോൺ വിളിയാണ് അവനെ ഉണർത്തിയത്… പരിചയമില്ലാത്ത ആ നമ്പർ നോക്കി കോൾ ബട്ടൺ അമർത്തിയപ്പോഴേക്കും ഫിദയുടെ വേവലാതി പൂണ്ട…

കരഞ്ഞു തളർന്നു അടഞ്ഞു പോയ ആ ശബ്ദം അവന്റെ കാതിലേക്കു വീണു… “ആദി…. ” ആത്മാവിന്റെ ഉള്ളിലേക്കെവിടെയോ പണ്ടേ പതിഞ്ഞിറങ്ങിയ ആ ശബ്ദത്തെ തിരിച്ചറിഞ്ഞു വിണ്ട് കീറിയ ഹൃദയം തെളിമയോടെ ഒന്നുണർന്നു …. “ഫിദൂ.. “എന്ന് മറുവിളി വിളിക്കുമ്പോൾ അവനറിഞ്ഞില്ല അവൾ പറയാൻ പോകുന്ന കാര്യം വരിഞ്ഞു കീറിയ ഹൃദയത്തിലേക്കു കൂർത്ത മുള്ളുകൾ കൊണ്ട് മുറിവുകൾ വീഴ്ത്തി ചോര കിനിയിക്കാൻ പാകത്തിൽ പരുവപ്പെടുത്തിയ കൂർത്ത ശീലുകൾ ആണെന്ന്…..

തുടരും 💕dk….. ©Divya Kashyap

സുൽത്താൻ : ഭാഗം 16

Share this story