തനിയെ : ഭാഗം 10

Share with your friends

Angel Kollam

ജോണിന്റെ മുഖത്തേക്ക് നോക്കിയിട്ട് ഒരു പുഞ്ചിരിയോടെ അന്നമ്മ പറഞ്ഞു. “അച്ചാച്ചനെങ്കിലും എനിക്കൊരു തുണയായിട്ടുണ്ടാകുമെന്ന് കരുതിയാണ് ഞാനെന്റെ മോളെയും കൂട്ടി ഇങ്ങോട്ട് വന്നത്. പെൺകുട്ടികളുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ കാര്യം അവരുടെ വിവാഹമല്ല അച്ചാച്ചാ.. അവരെ പഠിപ്പിച്ചു സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുന്നതാണ്. ഇനി ഒരു പക്ഷേ അവരുടെ വിവാഹ ജീവിതം പരാജയമായാൽ പോലും, ഒരു ജോലിയുണ്ടെങ്കിൽ ആരെയും ആശ്രയിക്കാതെ അവർക്ക് ജീവിക്കാമല്ലോ ”

“എടുത്തു ചാടി ഓരോ തീരുമാനങ്ങൾ എടുത്തിട്ട് പിന്നീട് ദുഖിക്കേണ്ടി വരരുത്. ആകെയുള്ളത് പത്തു സെൻറ് വസ്തുവാണ്, അതാണെങ്കിലോ, ജോസെഫിന്റെ അമ്മയുടെ പേരിലും.. കൂലിപ്പണിക്ക് പോയിട്ടാണോ നീ ഇവളെ നഴ്സിംഗ് പഠിപ്പിക്കുന്നത്? അതൊന്നും നടക്കുന്ന കാര്യമല്ല അന്നമ്മേ ” “ശ്രമിച്ചാൽ നടക്കാത്തതൊന്നുമില്ല അച്ചാച്ചാ.. മൂന്ന് പിള്ളേരെയും കൊണ്ട് മരണമുഖത്ത് നിന്നും തിരിച്ചു നടക്കുമ്പോൾ മുൻപോട്ടുള്ള ജീവിതം എന്റെ മുന്നിൽ ചോദ്യച്ചിഹ്നം ആയിട്ട് നിൽക്കുകയായിരുന്നു..

കല്യാണത്തിന് മുൻപ് ഒറ്റയ്ക്ക് ഒരു കടയിൽ പോലും പോകാത്തയാളായിരുന്നു ഞാൻ. അമ്മച്ചിയുടെ തണലിൽ മാത്രം വളർന്നവൾ.. ആ ഞാനാണിന്നു ഏത് ജോലി കിട്ടിയാലും ചെയ്യുന്ന രീതിയിലായത്. ആരൊക്കെ എതിർത്താലും ഞാൻ ജിൻസിയെ പഠിപ്പിക്കാൻ തീരുമാനിച്ചു ” “അന്നമ്മേ, ബാംഗ്ലൂരൊക്കെ പോയാൽ പെൺപിള്ളേർ നശിച്ച് പോകും ” “നശിക്കാനാണെങ്കിൽ ബാംഗ്ലൂർ വരെ പോകേണ്ട ആവശ്യമൊന്നുമില്ലല്ലോ, ഇവിടെ കേരളത്തിൽ നിന്നാലും നശിക്കാമല്ലോ ”

ജോണിന് പിന്നെ മറുപടി ഇല്ലാതെയായി. അന്നമ്മയുടെ അമ്മ അവളുടെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു. “ജിൻസിയ്ക്ക് ആഗ്രഹം ആണെങ്കിൽ അവളെ പഠിപ്പിക്കാൻ വിട് മോളെ, എന്തായാലും അവൾ നിന്നെ വേദനിപ്പിക്കുന്നതൊന്നും ചെയ്യില്ലെന്ന് എനിക്കുറപ്പുണ്ട്, നിങ്ങളുടെ അപ്പൻ മരിച്ചപ്പോൾ പെൺപിള്ളേരുടെ എല്ലാരുടെയും പഠിത്തം നിർത്തേണ്ടി വന്നു എനിക്ക്, ജോണിനെ പഠിപ്പിച്ചത് അവനെങ്കിലും ഗതി പിടിക്കട്ടെ എന്ന് കരുതിയിട്ടായിരുന്നു. നിന്നെ പഠിപ്പിക്കാൻ പറ്റിയിരുന്നെങ്കിൽ, നിനക്കൊരു നല്ല ജോലി ഉണ്ടായിരുന്നെങ്കിൽ ഈ പിള്ളേരെയും കൊണ്ട് ജോസെഫിന്റെ കൺവെട്ടത്ത്‌ നിന്നും എങ്ങോട്ടെങ്കിലും പോകാമായിരുന്നു ”

“അവളെ പഠിപ്പിക്കാൻ തന്നെയാണമ്മച്ചി എന്റെ തീരുമാനം. അതിന് വേണ്ടി ഒരു നേരം പട്ടിണി കിടക്കാനും ഞാൻ തയ്യാറാണ് ” അന്നമ്മയുടെ ആ വാക്കുകൾക്ക് വല്ലാത്തൊരുറപ്പ് ഉണ്ടായിരുന്നു. അന്നമ്മ ജിൻസിയെയും കൂട്ടി വീട്ടിലേക്ക് തിരിച്ചു വരുന്ന വഴിയ്ക്ക്, കവലയിലെ ടെലിഫോൺ ബൂത്തിൽ കയറി ആ പത്രപരസ്യത്തിൽ കൊടുത്തിരുന്ന നമ്പറിലേക്ക് ഫോൺ ചെയ്തു വിവരങ്ങൾ അന്വേഷിച്ചു. കോളേജിൽ നേരിട്ട് ചെന്ന് അഡ്മിഷൻ എടുക്കണം, അവർ തരുന്ന പേപ്പേഴ്സ് എല്ലാം ബാങ്കിൽ കൊടുക്കുമ്പോളാണ് വിദ്യാഭ്യാസ ലോൺ ശരിയാകുന്നത്. അഡ്മിഷൻ എടുക്കാൻ ചെല്ലുമ്പോൾ പതിനായിരം രൂപ കൊടുക്കണം.

ജിൻസി ഫോണിൽ കൂടി അറിഞ്ഞ വിവരങ്ങൾ അന്നമ്മയെ അറിയിച്ചു. “പതിനായിരം രൂപയല്ലേ നമുക്ക് വഴിയുണ്ടാക്കാം ” അന്നമ്മ അവളെ സമാധാനിപ്പിച്ചു. ലില്ലിയുടെ മുഖമായിരുന്നു അന്നമ്മയുടെ മനസ്സിൽ. തനിക്കൊരു ആവശ്യം വന്നാൽ സഹായിക്കാൻ ബന്ധുക്കൾ പോലുമില്ല, ലില്ലിയ്ക്ക് പലിശ കൊടുത്താൽ മതി, അവൾ പൈസ തന്നോളും. ജിൻസിയെ വീട്ടിലാക്കിയിട്ട് അന്നമ്മ ലില്ലിയുടെ വീട്ടിലെത്തി വിവരം പറഞ്ഞു. പതിനയ്യായിരം രൂപയാണ് അന്നമ്മ ആവശ്യപ്പെട്ടത്. നൂറു രൂപയ്ക്ക് അഞ്ചു രൂപ പലിശ നിരക്കിൽ ലില്ലി അന്നമ്മയ്ക്ക് പതിനയ്യായിരം രൂപ കൊടുത്തു.

ബാംഗ്ലൂരിലേക്ക് പോകുന്നതിന് മുൻപ് ജിൻസിയ്ക്ക് കുറച്ച് വസ്ത്രം വാങ്ങണം. പത്താം ക്ലാസ്സ്‌ ജയിച്ചപ്പോൾ ഒരു ചുരിദാർ വാങ്ങി കൊടുത്തതാണ്, അതിന് ശേഷം ഇതേവരെ അവൾക്കൊന്നും വാങ്ങികൊടുക്കാൻ കഴിഞ്ഞിട്ടില്ല. ഈ പഴയ ഉടുപ്പുകളൊക്കെ കൊണ്ട് അത്രയും വല്യൊരു കോളേജിൽ പഠിക്കാൻ പോകുന്നതെങ്ങനെയാണ്. അന്നമ്മ ലില്ലിയുടെ വീട്ടിൽ നിന്നും തിരിച്ചു വന്നപ്പോൾ ജിൻസി അവളോട് പറഞ്ഞു. “അമ്മേ, അങ്കിൾ പറഞ്ഞത് കേട്ടില്ലേ? ബിഎസ്സി പഠിക്കാൻ ഒരുപാട് പൈസ ചിലവാകുമെന്ന്, അത്രയൊന്നും പൈസ നമുക്കുണ്ടാക്കാൻ പറ്റില്ല ” “പൈസയെക്കുറിച്ചോർത്ത് മോൾ വിഷമിക്കണ്ട, നീ നന്നായിട്ട് പഠിച്ചാൽ മതി ”

“അമ്മേ, എനിക്ക് നേഴ്സ് ആകണമെന്ന് മാത്രമേ ആഗ്രഹമുള്ളൂ, അത് ഇത്രയും വല്യ തുക മുടക്കിയിട്ട് ബിഎസ്സി തന്നെ വേണമെന്നില്ല. ജനറൽ നഴ്സിംഗ്‌ന് പോകാം അതാകുമ്പോൾ ഇതിന്റെ പകുതി പൈസയെ അകത്തുള്ളൂ. ഏത് പഠിച്ചാലും ജോലി ഒന്ന് തന്നെയല്ലേ അമ്മേ?” “എന്നാലും ഒരു ബിഎസ്സി നേഴ്സ് ആണെന്ന് പറയുമ്പോൾ കുറച്ചു കൂടി സന്തോഷം ഉണ്ടായേനെ ” “അമ്മേ, എത്ര ലക്ഷങ്ങൾ ചിലവായാലും അമ്മയെന്നെ എങ്ങനെയെങ്കിലും പഠിപ്പിക്കും എന്നെനിക്കറിയാം.. അങ്കിൾ പറഞ്ഞത് പോലെ, അമ്മയ്‌ക്കൊരു മോൾ മാത്രമല്ല, ഇനിയും ഉണ്ട് രണ്ടെണ്ണം. അവളുമാരെയും നമുക്ക് ഒരു കരയെത്തിക്കണ്ടേ?

അതുകൊണ്ട് തത്കാലം ജനറൽ നഴ്സിംഗ് പഠിക്കാം. ഭാവിയിൽ തുടർന്ന് പഠിക്കാൻ പറ്റിയാൽ അപ്പോൾ നോക്കാം ” ജിൻസി പറഞ്ഞതിലും കാര്യമുണ്ടെന്ന് അന്നമ്മയ്ക്ക് തോന്നി. സഹായിക്കാൻ ആരുമില്ലാതെ താനൊറ്റയ്ക്ക് വേണം, ജീവിതത്തിലെ ഇനിയുള്ള പ്രതിസന്ധികൾ തരണം ചെയ്യാൻ, അപ്പോൾ തനിക്ക് ചുമക്കാനാകുന്നതിലും കൂടുതൽ ഭാരം ചുമലിലേറ്റിയാൽ പാതി വഴിയിൽ തളർന്നു നിൽക്കേണ്ടി വരും. ജിൻസിയെ ജനറൽ നഴ്സിംഗിന് തന്നെ വിടാൻ അന്നമ്മ തീരുമാനിച്ചു.

ജിൻസി ഒരിക്കൽ കൂടി കോളേജിലേക്ക് ഫോൺ ചെയ്ത് സീറ്റ് ഉറപ്പാക്കി. ഒരു മാസത്തെ അവധി കഴിഞ്ഞു തിരിച്ചു പോകുന്നതിന് മുൻപ് ജോൺ അന്നമ്മയെ കാണാനെത്തി. അയാൾ ഒരു മുന്നറിയിപ്പെന്ന പോലെ സഹോദരിയോട് പറഞ്ഞു. “അന്നമ്മേ, നിനക്കെന്നോട് വിരോധം തോന്നിയാലും വേണ്ടില്ല, ഞാൻ പറയാനുള്ളത് പറയും. ജിൻസിയെ ബാംഗ്ലൂർ വിട്ട് പഠിപ്പിക്കണ്ടെന്നാണ് എന്റെ അഭിപ്രായം ” “ഒരു കാര്യം ചെയ്യ്, അച്ചാച്ചൻ രണ്ടു ലക്ഷം രൂപ ഡോനെഷൻ കൊടുത്തിട്ട് നാട്ടിൽ അവൾക്ക് അഡ്മിഷൻ വാങ്ങിത്താ, അപ്പോൾ പിന്നേ ബാംഗ്ലൂർ വിട്ട് പഠിപ്പിക്കത്തില്ല ”

ജോൺ മറുപടിയില്ലാതെ നിന്നു. അന്നമ്മ പുച്ഛച്ചിരിയോടെ പറഞ്ഞു. “ഇതുപോലെ കാൽകാശിന് ചിലവില്ലാത്ത ഉപദേശം തരാൻ എല്ലാവർക്കും കഴിയും. പക്ഷേ അതൊക്കെ കേട്ടോണ്ടിരുന്നാൽ എന്റെ പെങ്കൊച്ചിന്റെ ഭാവിയാണ് നശിക്കുന്നത്. ഇവിടെ യാതൊരു സൌകര്യങ്ങളും ഇല്ലാതിരുന്നിട്ടും, മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിരുന്ന് പഠിച്ചാണ് എന്റെ പെൺകൊച്ചു നല്ല മാർക്ക് വാങ്ങിയത്. അതുകൊണ്ട് ആരൊക്കെ എതിർത്താലും ഞാൻ അവളെ പഠിപ്പിക്കുക തന്നെ ചെയ്യും ” “വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ അന്നമ്മേ”

ജോൺ സഹോദരിയോട് യാത്ര പറഞ്ഞിട്ട് പോയി. ജിൻസിയെ നഴ്സിംഗ് പഠിപ്പിക്കാനുള്ള തീരുമാനം അന്നമ്മ ജോസെഫിനെ അറിയിച്ചപ്പോൾ പിന്നീട് അതിന്റെ പേരിലായിരുന്നു അയാൾ വഴക്ക് ഉണ്ടാക്കിയിരുന്നത്. കോളേജിലേക്ക് ജിൻസിയെ കൊണ്ട് പോകാൻ ബാംഗ്ലൂർ പരിചയമുള്ള ആരുമില്ലായിരുന്നു. ജോസെഫിന്റെ കൂടെ അവളെ ഒറ്റയ്ക്ക് വിടാൻ അന്നമ്മയ്ക്ക് മനസ്സ് വന്നില്ല. ജോസഫ് കള്ളു കുടിച്ച് വഴിയിൽ കിടന്നാൽ അന്യ നാട്ടിൽ ജിൻസി ഒറ്റയ്ക്കായിപ്പോകും എന്നോർത്തപ്പോൾ തന്നെ അന്നമ്മയ്ക്ക് ഭീതിയായി.

ഏറെ ആലോചനയ്ക്ക് ശേഷം അന്നമ്മയും ജോസപ്പും കൂടി അവളെ കൊണ്ടാക്കാമെന്ന് തീരുമാനമായി. ചെറിയ കുട്ടികളെ സ്വന്തം വീട്ടിൽ നിർത്തിയിട്ടു അവർ മൂന്നുപേരും കൂടി ബാംഗ്ലൂരിലേക്ക് യാത്ര തിരിച്ചു. ബാംഗ്ലൂർ, ഒരുപാട് മലയാളികൾ ജോലി ചെയ്യുന്ന മനോഹരമായ സ്ഥലം. മജെസ്റ്റിക്കിൽ നിന്നും ഏകദേശം പത്തു കിലോമീറ്റർ ദൂരമേ കാണുകയുള്ളൂ ജിൻസിയുടെ കോളേജിലേക്ക്. ബാംഗ്ലൂരിലേക്ക് ആദ്യമായിട്ട് വരുകയാണവർ. അറിയാത്ത സ്ഥലവും ഭാഷയും.

റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു ഓട്ടോയിൽ അവർ കോളേജിലെത്തി. കോളേജിന്റെ റിസപ്ഷനിൽ അന്നമ്മയെയും ജിൻസിയേയും ഇരുത്തിയിട്ട് ജോസഫ് പുറത്തേക്ക് പോയി. അരമണിക്കൂർ കഴിഞ്ഞപ്പോൾ ജിൻസിയെ ഓഫീസിലേക്ക് വിളിപ്പിച്ചു, അപ്പോളും ജോസഫ് തിരികെ വന്നിരുന്നില്ല. വിറയാർന്ന ചുവടുകളോടെ അന്നമ്മയും ജിൻസിയും ഓഫീസിലേക്ക് കയറി. അഡ്മിഷൻ ഡോക്യുമെന്റ്സ് എല്ലാം പൂരിപ്പിച്ചു കൊടുത്തതിനു ശേഷം, പതിനായിരം രൂപ നൽകിയപ്പോൾ കോളേജിൽ നിന്നും വിദ്യാഭ്യാസലോണിന്റെ പേപ്പറുകൾ എല്ലാം നൽകി.

ഓഗസ്റ്റ് ഒന്ന് മുതൽ ക്ലാസ്സ് തുടങ്ങുമെന്നും അതിനൊരു ദിവസം മുൻപ് തന്നെ കോളേജിൽ എത്തണമെന്നും അവർ നിർദേശിച്ചു. ഓഫീസിൽ നിന്നും പുറത്തിറങ്ങി ജിൻസിയും അന്നമ്മയും ജോസെഫിനെ കാത്തിരുന്നു. ഒരു മണിക്കൂർ കൂടി കഴിഞ്ഞപ്പോൾ മദ്യപിച്ചു, നിലത്തുറയ്ക്കാത്ത ചുവടുമായി ജോസഫ് കോളേജിലേക്ക് വന്നു. ജിൻസിയ്ക്കും അന്നമ്മയ്ക്കും അമർഷവും നാണക്കേടും തോന്നി. അന്നമ്മ അയാളെ തീഷ്ണമായി നോക്കിയിട്ട് പുറത്തേക്ക് നടന്നു. അയാൾ കുഴയുന്ന നാവോടെ ചോദിച്ചു.

” മോളെ… ജിൻ…. ജിൻസി… ടി… അഡ്മി… അഡ്മിഷൻ എടുക്കണ്ടേ…” “അതൊക്കെ കഴിഞ്ഞു, പപ്പ ഇവിടിങ്ങനെ നിന്ന് എന്നെ നാണം കെടുത്താതെ പുറത്തേക്ക് നടക്ക് ” രാത്രിയിലത്തെ ഐലൻഡ് എക്സ്പ്രസ്സിനാണ് അവർ തിരിച്ചുള്ള ടിക്കറ്റ് ബുക്ക്‌ ചെയ്തിരുന്നത്. അതുവരെ താമസിക്കാൻ വേണ്ടി കോളേജിന്റെ അടുത്ത് തന്നെയുള്ള ഒരു ലോഡ്ജിൽ അവർ മുറിയെടുത്തു. ആ റൂമിൽ എത്തിയതും അന്നമ്മ അയാളുടെ നേർക്ക് നോക്കിയിട്ട് ദേഷ്യത്തോടെ ചോദിച്ചു. “പ്രായപൂർത്തിയായ ഒരു പെൺകൊച്ചുമായിട്ട് അന്യദേശത്തേക്ക് വന്നിട്ട്, ഇങ്ങനെ മൂക്കറ്റം കള്ളു കുടിച്ചിട്ട് വന്നു നിൽക്കാൻ നാണമില്ലേ മനുഷ്യാ ”

“ഞാൻ… എന്റെ കാശ് കൊടുത്താണ് കുടിച്ചത്, പിന്നെന്തിനാ നാണിക്കുന്നത്?” “നിങ്ങളെ പറഞ്ഞിട്ടൊരു കാര്യവുമില്ല. യാതൊരു പ്രയോജനവുമില്ലാത്ത നിങ്ങളെ, എന്റെ കയ്യിലെ പൈസയും ചിലവാക്കി ടിക്കറ്റ് എടുത്തു ഇങ്ങോട്ട് കൊണ്ട് വന്നില്ലേ.. ആ എന്നെ പറഞ്ഞാൽ മതി ” രണ്ടുപേരും ഓരോന്ന് പറഞ്ഞു വഴക്കിടുന്നതും നോക്കി നിസ്സഹായതയോടെ ജിൻസി ഇരുന്നു. അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പി. കുറച്ച് നേരം അന്നമ്മയോട് വഴക്ക് ഉണ്ടാക്കിയിട്ട് ജോസഫ് അവിടുത്തെ കട്ടിലിലേക്ക് വീണു, തളർച്ചയോടെ ഉറങ്ങി. അന്നമ്മയും ജിൻസിയും സങ്കടത്തോടെ അവിടെയിരുന്നു.

അന്ന് രാത്രിയിലെ ട്രെയിന് തന്നെ അവർ നാട്ടിലേക്ക് യാത്ര തിരിച്ചു. കോളേജിൽ നിന്നു കൊടുത്തു വിട്ട പേപ്പറുകൾ ബാങ്കിൽ കാണിച്ചിട്ട് വിദ്യാഭ്യാസ ലോണിന് അപേക്ഷ കൊടുത്തപ്പോളാണ് അതത്ര എളുപ്പമുള്ള പരിപാടിയല്ലെന്ന് മനസിലായത്. ലോൺ തുക തിരിച്ചടയ്ക്കാൻ സാമ്പത്തിക ഭദ്രത ഉണ്ടെന്നുറപ്പുള്ളവർക്കാണ് ആ ബാങ്കിൽ നിന്നും ലോൺ കൊടുത്തിരുന്നത്. സാധാരണ വിദ്യാഭ്യാസ ലോൺ എടുക്കുമ്പോൾ, ലോൺ എടുത്തു പഠിക്കുന്നവർ ജോലി കിട്ടിയതിനു ശേഷം, ആ ലോൺ തിരിച്ചടയ്ക്കണമെന്നാണ് നിയമം.

പക്ഷേ പല ബാങ്കുകാരും ആ നിയമത്തെ കാറ്റിൽ പറത്തികൊണ്ടാണ് പ്രവർത്തിക്കുന്നത്. പലതവണ ആ ബാങ്കിൽ കയറിയിറങ്ങി, അവർ പറഞ്ഞ പല പേപ്പറുകളും ശരിയാക്കിയപ്പോൾ നാലു ലക്ഷം രൂപ ലോണിന് അപേക്ഷിച്ചതിന്റെ സ്ഥാനത്ത്, മൂന്ന് ലക്ഷം രൂപ അവർ അനുവദിച്ചു. അത് കോളേജിന്റെ പേരിൽ ഡ്രാഫ്റ്റ് ആയിട്ട് തരുന്നത് കാരണം ആ പൈസ ആർക്കും ദുർവിനിയോഗം ചെയ്യാനും സാധ്യമല്ല. ദിവസങ്ങൾ കടന്ന് പോയി, അന്നമ്മയും ജോസപ്പും കൂടി ജിൻസിയെ കോളേജിൽ കൊണ്ടാക്കി.

അവിടെ വന്ന മിക്കവാറും എല്ലാ കുട്ടികളും മാതാപിതാക്കൾ യാത്ര പറഞ്ഞു പോകുമ്പോൾ അവരവരുടെ പിതാവിനെ കെട്ടിപിടിച്ചു കരയുന്നത് കണ്ടപ്പോൾ ജിൻസി ജോസെഫിന്റെ മുഖത്തേക്ക് നോക്കി, പഴയ പല സംഭവങ്ങളും അവളുടെ മനസിലേക്ക് വന്നു. അവൾ അന്നമ്മയെ പുണർന്നു കൊണ്ട് യാത്ര പറഞ്ഞു. കോളേജ് ഹോസ്റ്റലിൽ ജിൻസിയുടെ റൂമിൽ ആകെ അഞ്ചു പേരായിരുന്നു, മൂന്ന് മലയാളികൾ, ബാക്കി രണ്ടു പേരും കന്നഡക്കാർ. മലയാളികളുമായിട്ട് ജിൻസി പെട്ടന്ന് സൗഹൃദത്തിലായി.

ഏയ്‌ഞ്ചൽ, ടിന്റു ഇതായിരുന്നു ജിൻസിയേക്കൂടാതെയുള്ള മറ്റു രണ്ടു പേർ. എയ്ഞ്ചൽ ഒരു സാധാരണ കുടുംബത്തിൽ നിന്നും വന്നതാണ്. ടിന്റു നല്ല സാമ്പത്തികമുള്ള കുടുംബത്തിൽ നിന്നും വന്നതാണ്. ടിന്റുവിന്റെ പപ്പാ കോൺട്രാക്ടറാണ്, അതുകൊണ്ട് തന്നെ ജീവിതത്തിൽ ഒരു ബുദ്ധിമുട്ടും അനുഭവിക്കാതെ വളർന്നവളാണ് അവൾ. വൈകുന്നേരം കാന്റീനിൽ ഭക്ഷണം കഴിക്കാൻ അവർ മൂന്നുപേരും ഒരുമിച്ചാണ് പോയത്. പച്ചരി ചോറും, സാമ്പാറും ആദ്യമായിട്ട് കഴിക്കുന്നത് കാരണം അവർക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടു.

ജിൻസിയും എയ്ഞ്ചലും തങ്ങളുടെ പാത്രത്തിലുള്ള ഭക്ഷണം ഇഷ്ടപ്പെടാതെയാണെങ്കിലും കഴിക്കുമ്പോൾ,ടിന്റു എഴുന്നേറ്റു കൊണ്ട് പറഞ്ഞു. “എന്ത് വൃത്തികെട്ട ഭക്ഷണമാണിത്? നിങ്ങൾ ഇതെങ്ങനെ കഴിക്കുന്നു?” തന്റെ പാത്രത്തിലെ ഭക്ഷണം കളയാൻ വേണ്ടി ടിന്റു എഴുന്നേറ്റപ്പോൾ ജിൻസി അവളുടെ നേർക്ക് നോക്കിയിട്ട് കടുത്ത സ്വരത്തിൽ പറഞ്ഞു. “ടിന്റു, എടുത്ത ഭക്ഷണം മുഴുവൻ കഴിച്ചിട്ടു എഴുന്നേറ്റാൽ മതി ” “ഹേയ്, ഇത്രയും മോശപ്പെട്ട ഭക്ഷണം ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ കഴിച്ചിട്ടില്ല ”

“ഇതുപോലും കഴിക്കാൻ യോഗമില്ലാത്ത എത്രയോ ആളുകൾ ഈ ഭൂമിയിലുണ്ടെന്ന് നിനക്കറിയാമോ? നമ്മൾ ഒരു നേരത്തെ ഭക്ഷണം പാഴാക്കുമ്പോൾ,അത് കഴിക്കാൻ അർഹതപെട്ട മറ്റൊരാൾ പട്ടിണി കിടക്കുകയാണ്. അതൊന്നും പറഞ്ഞാൽ നിനക്ക് മനസിലാകില്ല, അതൊക്കെ മനസ്സിലാകണമെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും പട്ടിണി കിടക്കണം ” അത് പറഞ്ഞപ്പോളേക്കും ജിൻസിയുടെ ഒച്ചയിടറി. ടിന്റു വല്ലായ്മയോടെ അവളുടെ മുഖത്ത് നോക്കിയിട്ട് അവിടെ തന്നെയിരുന്നു ഭക്ഷണം കഴിച്ചു.

ഹോസ്റ്റൽ റൂമിൽ തിരിച്ചെത്തിയപ്പോൾ ജിൻസി അവരോട്, താൻ ജീവിതത്തിൽ അനുഭവിച്ച പ്രയാസങ്ങളും ഒരുപാട് കടമ്പകൾ കടന്നാണ് ഇവിടെ എത്തിയെന്നുള്ള കാര്യവും പറഞ്ഞു. അന്നുമുതൽ അവർ രണ്ടുപേരും ജിൻസിയെ പല കാര്യത്തിലും മാതൃകയാക്കാൻ തുടങ്ങി. വർഷങ്ങൾ കടന്ന് പോയി. മൂന്നര വർഷമാണ് ജനറൽ നഴ്സിംഗ് കോഴ്സ് കാലാവധി. തന്റെ അമ്മയുടെ വിയർപ്പിന്റെ വിലയാണ് തന്റെ വിദ്യാഭ്യാസം എന്നറിയാവുന്ന ജിൻസിയുടെ മനസ്സ് ഒരിക്കൽപോലും ഇടറിപോയില്ല. മൂന്നര വർഷത്തെ പഠനം കഴിഞ്ഞിറങ്ങുമ്പോൾ ആ കോളേജിലെ മൂന്നാം റാങ്കുകാരിയായിരുന്നു ജിൻസി.

എന്തായാലും നാട്ടുകാരും ബന്ധുക്കളും കരുതിയത് പോലെ അവൾ ബാംഗ്ലൂരിൽ പഠിക്കാൻ പോയത് കൊണ്ട് നശിച്ചു പോയില്ല. ലീവിന് നാട്ടിലെത്തുമ്പോൾ ഇടയ്ക്ക് ജിൻസി നാട്ടിലുള്ള സമയങ്ങളിൽ,പ്രസാദ് അവളെ കാണാൻ വീട്ടിലെത്തിയിരുന്നു. കോളേജിൽ മൊബൈൽ അനുവദനീയമല്ലാത്തതിനാൽ പരസ്പരം ഫോൺ ചെയ്യാൻ കഴിയുമായിരുന്നില്ലെങ്കിലും അവരുടെ സ്നേഹബന്ധം ദൃഡമായിതന്നെ മുന്നോട്ട് പോയി. പഠനം പൂർത്തിയായതിന് ശേഷം ജിൻസിയും എയ്ഞ്ചലും ടിന്റുവും പ്രാക്ടിസിന് വേണ്ടി പൂനെയിലേക്ക് പോയി.

ഇതിനിടയിൽ ജിൻസിയുടെ വീട്ടിൽ ചില മാറ്റങ്ങളൊക്കെ വന്നിരുന്നു. അവളുടെ വീട്ടിൽ വൈദ്യുതി ലഭിച്ചു. ജാൻസി പ്ലസ് ടു കഴിഞ്ഞതിന് ശേഷം ലാബ് ടെക്നിഷ്യൻ ഡിപ്ലോമ കോഴ്സിന് ജോയിൻ ചെയ്തു, നാൻസി ഇപ്പോൾ പ്ലസ് ടുവിന് പഠിക്കുന്നു. ജോസെഫിന്റെ സ്വഭാവത്തിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല, അയാൾ ഇപ്പോളും പഴയത് പോലെ വഴക്കാണ്. അന്നമ്മയെ ഉപദ്രവിക്കാൻ സമ്മതിക്കാതെ ജാൻസി തടയുന്നത് കാരണം അവളോട് മിക്കവാറും വഴക്ക് ഉണ്ടാക്കാറുണ്ട്.

ജാൻസിയോട് ജോസെഫിന്റെ മനസ്സിൽ ദേഷ്യം പുകയുന്നുണ്ടായിരുന്നു, അതയാൾ തീർത്തത് അവളെറിയാതെ, അവൾ കഴിക്കാൻ എടുത്തു വച്ചിരിക്കുന്ന ഭക്ഷണത്തിൽ ഉപ്പ് വാരിയിട്ടൊക്കെയായിരുന്നു. പല ദിവസങ്ങളിലും ചോറ് വെള്ളം ഒഴിച്ച് വീണ്ടും കഴിക്കേണ്ട അവസ്ഥ ആയിരുന്നു. അന്നമ്മ ജോലിക്ക് പോകുമ്പോൾ ജാൻസിയ്ക്ക് ക്ലാസ്സിൽ കൊണ്ട് പോകാനുള്ള ഭക്ഷണം അടുക്കളയിൽ എടുത്തു വച്ചിട്ടാണ് പോകുന്നത്. ജോസഫ് അതിലും ഉപ്പ് വരിയിടാൻ തുടങ്ങി. കോളേജിൽ കൊണ്ട് പോകുമ്പോൾ മറ്റുള്ളവരുടെ മുന്നിൽ ജാൻസി പല പ്രാവശ്യം അപഹാസ്യയായി.

വർഷങ്ങൾക്ക് മുൻപ് അമ്മ തങ്ങളെയും കൂട്ടി ആത്മഹത്യ ചെയ്യാൻ തുനിഞ്ഞപ്പോൾ താനാണ് എതിർത്തത്, പക്ഷേ ഇപ്പോൾ തന്റെ മനസിന്റെ നിയന്ത്രണം വിട്ടു പോകുന്നത് പോലെ തോന്നുന്നു. നാട്ടുകാരുടെയും ബന്ധുക്കളുടെയും മുൻപിൽ അപമാനിക്കപ്പെട്ടു. ഇപ്പോളിതാ സഹപാഠികളുടെ മുന്നിലും. ജാൻസി ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ അന്നമ്മ അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്നു. ജാൻസിയുടെ മുഖഭാവം കണ്ടപ്പോൾ എന്തോ പന്തികേട് ഉള്ളത് പോലെ അന്നമ്മയ്ക്ക് തോന്നി.

“എന്ത് പറ്റി മോളെ?” “ഒന്നുമില്ലമ്മേ ” ജാൻസി തന്റെ റൂമിലെത്തി, നാൻസി കുളിക്കാൻ പോയിരിക്കുകയാണെന്ന് തോന്നുന്നു. ജാൻസി റൂമിന്റെ വാതിൽ അടച്ചു കുറ്റിയിട്ടു. അലമാരയിൽ നിന്നും അന്നമ്മയുടെ ഒരു സാരി വലിച്ചെടുത്തു. കട്ടിലിനു മുകളിൽ കയറി നിന്നു, ഫാനിൽ ഒരു കുരുക്കുണ്ടാക്കി. ആ കുരുക്ക് തന്റെ കഴുത്തിൽ ഇടുന്നതിനു മുൻപ് അവൾ ഒരിക്കൽ കൂടി തന്റെ ജീവിതത്തെ പറ്റി ആലോചിച്ചു. അമ്മ തനിച്ചാണ് തങ്ങളെ മൂന്നുപേരെയും ഇത്രയും വളർത്തി വലുതാക്കിയത്, ഇപ്പോൾ താൻ മരിച്ചാൽ അമ്മയ്ക്ക് സങ്കടമാകും..

അവൾ ആ കുരുക്ക് കൈയിൽ പിടിച്ചു ആലോചനയോടെ നിൽക്കുമ്പോൾ അന്നമ്മ വന്നു വാതിലിൽ തട്ടി. “ജാൻസി, കതക് തുറക്ക് മോളെ ” ജാൻസി ഞെട്ടലോടെ നിന്നു. കതക് തുറക്കാൻ അവൾക്ക് മനസ്സ് വന്നില്ല. അന്നമ്മയ്ക്ക് അപകടം മണത്തു. അവർ പെട്ടന്ന് തന്നെ വീടിന്റെ പിൻഭാഗത്തേക്ക് നടന്നു. കുട്ടികൾ കിടക്കുന്ന റൂമിന് ജനൽപ്പാളികളില്ല, അത് പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മറച്ചിരിക്കുകയാണ്. അന്നമ്മ ആ ഷീറ്റ് വലിച്ചു കീറിയപ്പോൾ കണ്ട കാഴ്ച അവരെ ഞെട്ടിക്കുന്നതായിരുന്നു.

‘ കയ്യിൽ സാരിയുടെ കുരുക്കുമായി നിൽക്കുന്ന ജാൻസി ‘. അന്നമ്മ നിലവിളിയോടെ പറഞ്ഞു. “അബദ്ധമൊന്നും കാണിക്കരുതേ മോളെ, നിനക്കെന്തെങ്കിലും സംഭവിച്ചാൽ പിന്നേ അമ്മയും ജീവിച്ചിരിക്കില്ല ” ജാൻസി പെട്ടന്ന് ആ കുരുക്ക് താഴെയിട്ടിട്ട് കതക് തുറന്നു പുറത്തേക്ക് വന്നു, അന്നമ്മയെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു. “അമ്മേ, ചേച്ചിയെ വിളിച്ചു വരുത്തമ്മേ, നമുക്ക് നാലു പേർക്കും കൂടി മരിക്കാം, പപ്പാ സമാധാനമായിട്ട് ജീവിക്കട്ടെ ” ജാൻസിയുടെ മനസിന്റെ വിഷമം അന്നമ്മ ജിൻസിയെ അറിയിച്ചു.

ഹോസ്പിറ്റലിൽ നിന്നും ഒരാഴ്ച എമർജൻസി ലീവെടുത്തു ജിൻസി നാട്ടിലേക്ക് വന്നു. തോറ്റു കൊടുക്കുകയല്ല, പൊരുതി ജയിക്കുകയാണ് വേണ്ടതെന്നു ജിൻസിയ്ക്ക് അറിയാമായിരുന്നു. അനിയത്തിയ്ക്ക് ധൈര്യം കൊടുക്കാനായിരുന്നു അവൾ വീട്ടിലെത്തിയത്.

തുടരും.. 

തനിയെ : ഭാഗം 9

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!