കനൽ : ഭാഗം 23

കനൽ : ഭാഗം 23

എഴുത്തുകാരി: Tintu Dhanoj

അത് കേട്ടതും എന്ത് എന്ന അർത്ഥത്തിൽ എന്നെ നോക്കിയ കണ്ണേട്ടനോട് ഞാൻ പറഞ്ഞു..”ഇപ്പോഴല്ല കഴിച്ചിട്ട്, ആദ്യം വന്ന് ഭക്ഷണം കഴിക്കൂ..”.ഇത് കേട്ടപ്പോൾ തന്നെ അച്ഛൻ പോയി ഭക്ഷണം എടുത്ത് വച്ചു.. ഇഡ്ഡലിയും,സാമ്പാറും ആയിരുന്നു..അങ്ങനെ ഒരുപാട് നാളുകൾക്കു ശേഷം ഒരുമിച്ചിരുന്ന് കഴിക്കാനായി ഞങ്ങൾ ഇരുന്നു.. ഭക്ഷണം കഴിക്കുമ്പോൾ ഒന്നും മിണ്ടാതെ എന്തൊക്കെയോ വാരി വായിൽ വയ്ക്കുന്ന കണ്ണേട്ടനെ നോക്കും തോറും എന്റെ നെഞ്ചില് ഒരു നെരിപ്പോട് എരിഞ്ഞു കൊണ്ടിരുന്നു.

എങ്കിലും എല്ലാം മറച്ചു വച്ച് ചിരിക്കാൻ ഞാൻ ശ്രമിച്ചു.. ആ ശ്രമം വിജയിച്ചു എന്ന് എനിക്ക് മനസ്സിലായത് കഴിച്ച് എഴുന്നേൽക്കുമ്പോൾ കേട്ട കണ്ണേട്ടന്റെ വാക്കുകളിൽ നിന്നാണ് .”അമ്മു ജീവിതത്തിലേക്ക് തിരിച്ചു വന്നല്ലോ,ഇങ്ങനെ സന്തോഷത്തോടെ ഇരിക്കുന്നല്ലോ എനിക്ക് അത് മതി..ഇത് കണ്ടാൽ എന്റെ കിച്ചുവിന്റേ ആത്മാവ് എന്നോട് ക്ഷമിക്കും..അത് മതി എനിക്ക്”..എന്ന് പറഞ്ഞു എന്റെ തലയിൽ തലോടി.. കണ്ണേട്ടൻ വാ നമുക്ക് സംസാരിക്കാം..എന്നും പറഞ്ഞു ഞാനും,

മാളൂവും കൂടെ കണ്ണേട്ടനെയും വിളിച്ചു മുറ്റത്ത് പോയിരുന്നു..അച്ഛനും ,അമ്മയും മാളുവിന്റെ ഭർത്താവുമായി സംസാരിച്ചു കൊണ്ടിരുന്നു..”എന്താ അമ്മു പറയാം എന്ന് പറഞ്ഞത്”? കണ്ണേട്ടൻ ചോദിച്ചു . “പറയാം പക്ഷേ എനിക്ക് ഒരു വാക്ക് തരണം..ഞാൻ പറയുന്നത് മുഴുവൻ കേൾക്കാതെ എഴുന്നേറ്റു പോകരുത് .പിന്നെ എന്നോട് ദേഷ്യപ്പെടരുത്..സമ്മതിച്ചോ?” കുറച്ച് നേരത്തെ ആലോചനയ്‌ക്ക് ശേഷം കണ്ണേട്ടൻ സമ്മതിച്ചു എന്ന് മറുപടി നൽകി.. അത് കേട്ട് കഴിഞ്ഞപ്പോൾ ഞാൻ ജയിലിൽ പോയ കാര്യം പറഞ്ഞു .

കണ്ണേട്ടൻ എന്നെ നോക്കുന്ന കണ്ടതും എനിക്ക് ഭയം തോന്നി..കണ്ണുകൾ ചുവന്ന്,രൗദ്ര ഭാവത്തിൽ ഉള്ള നോട്ടം കണ്ടതും ഞാൻ മുഖം തിരിച്ചു . പെട്ടെന്ന് എന്തോ ഓർത്തത് പോലെ കണ്ണേട്ടൻ ചോദിച്ചു..”എന്നിട്ട്… ബാക്കി പറ?”അത് കേട്ടതും ഞാൻ ആ മുഖത്തേക്ക് നോക്കി..ദേഷ്യം ഉണ്ടെങ്കിൽ പോലും മുഖത്ത് അത് കാണിക്കാതെ ഇരിക്കാൻ കണ്ണേട്ടൻ ശ്രമിക്കുന്നത് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു. ഞാൻ വീണ്ടും ജയിലിൽ നിന്നും മാധവ് പറഞ്ഞറിഞ്ഞ കാര്യങ്ങൾ ഓരോന്നായി പറഞ്ഞു. ഓരോന്ന് കേൾക്കുമ്പോഴും ആ മുഖത്ത് വരുന്ന ഭാവം മാത്രം മനസ്സിലാക്കാൻ എനിക്കായില്ല..

“മാധവ് അറിഞ്ഞും ,അറിയാതെയും പങ്കാളി അല്ല കണ്ണേട്ടാ.. ഇത്രയുമെല്ലാം ചെയ്ത അവനോട് നമ്മൾ ഇനിയും ക്രൂരത കാണിക്കാൻ പാടില്ലെന്ന് എനിക്ക് തോന്നുന്നു..എന്താ കണ്ണേട്ടന്റെ അഭിപ്രായം”..എന്ന് ചോദിച്ചു ഞാനാ മുഖത്തേക്ക് നോക്കി.. “ഞാൻ എന്ത് വേണമെന്നാണ് അമ്മു പറയുന്നത്? ആ ചോദ്യം എന്റെ മുന്നിലേക്ക് എത്തിയതും ബാക്കി പറയാൻ ശക്തി ഇല്ലാതെ ഞാൻ തളർന്ന് പോയി.. ഇത്ര വേഗം കണ്ണേട്ടൻ അങ്ങനെ ചോദിക്കും എന്നുള്ള പ്രതീക്ഷ ഇല്ലാത്തത് കൊണ്ട് തന്നെ മറുപടി കരുതി വച്ചിട്ടില്ലായിരുന്നു..

പിന്നെ എന്തും വരട്ടെയെന്ന് കരുതി ഞാൻ പ്രിയ ആക്സിഡന്റ് ആയി ഹോസ്പിറ്റലിൽ ആണെന്നുള്ള കാര്യം ഒറ്റ ശ്വാസത്തിൽ പറഞ്ഞ് തീർത്തു..”അമ്മു ഇനിയും ഞാൻ ചോദിച്ചതിനു ഉത്തരം തന്നില്ല”..കണ്ണേട്ടൻ വീണ്ടും ചോദിച്ചത് കേട്ട് ഞാനാകെ സങ്കടത്തിലായി.. എന്റെ മനസ്സിൽ ഉള്ളതെങ്ങനെ കണ്ണേട്ടന് മുന്നിൽ അവതരിപ്പിക്കും എന്നറിയാതെ ഞാൻ ഉഴറി … “അമ്മു എന്താ അമ്മുവിന്റെ മനസ്സിൽ?എന്തായാലും പറഞ്ഞോ .ഞാൻ ദേഷ്യപെടില്ല..”കണ്ണേട്ടന്റെ വാക്കുകൾ എനിക്ക് എന്തോ ഒരു ധൈര്യം നൽകി.. “അത് കണ്ണേട്ടാ പ്രിയയുടെ ഓർമകൾക്ക് കുറച്ച് സംശയം പറഞ്ഞിട്ടുണ്ട് ഡോക്ടർ..,

പിന്നെ നമുക്കെല്ലാം അറിയുന്നത് അഹങ്കാരിയും,തന്റെടിയും മാത്രമായ ഒരു പ്രിയയെയാണ് .പക്ഷേ അവളുടെ ജീവിതം എന്തായിരുന്നു എന്ന് അറിയില്ല..അല്ലേൽ അറിയാൻ ശ്രമിച്ചി്ല..” “അതിപ്പോൾ നമ്മൾ അറിയേണ്ട കാര്യം ഉണ്ടോ അമ്മു?”ചോദിച്ചു കൊണ്ട് സംശയത്തോടെ കണ്ണേട്ടൻ എന്റെ മുഖത്തേക്ക് നോക്കി.. “ഉണ്ട്..ഇനി ഞാൻ പറയുന്നതൊക്കെ ക്ഷമയോടെ കേൾക്കണം..” എന്നും പറഞ്ഞു ഞാൻ പ്രിയയുടെ ചെറുപ്പം മുതലുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു തുടങ്ങി..

ഓരോന്ന് കേൾക്കുമ്പോഴും കണ്ണേട്ടൻ കണ്ണിമ ചിമ്മാതെ എന്നെ നോക്കി ഇരുന്നു. “ആലോചിച്ചു നോക്കൂ കണ്ണേട്ട…ഇവിടെ അവളുടെ സ്വഭാവ രൂപീകരണത്തിൽ പങ്ക് വഹിച്ച മാതാപിതാക്കളും തെറ്റുകാരല്ലെ? .. ” “എപ്പോഴും എല്ലാം ലഭിക്കില്ലെന്ന്,ജീവിതത്തിന് വിജയം മാത്രമല്ല പരാജയം എന്നൊരു വശം കൂടെയുണ്ട് എന്ന കാര്യം അവര് ഒരിക്കൽ പോലും അവളെ പറഞ്ഞു പഠിപ്പിച്ചില്ല..അത് കൊണ്ട് വളർന്നപ്പോഴും അവളിങ്ങനെയെല്ലാം ആയി തീർന്നു..” “പക്ഷേ ഇപ്പൊൾ ചെയ്തതെല്ലാം അതിനുള്ള എല്ലാ ശിക്ഷയും അവള് അനുഭവിച്ചു തീർത്തു..

മാധവ് സ്വയം ജയിൽ ശിക്ഷ ചോദിച്ചു വാങ്ങി അവിടേക്ക് പോയപ്പോൾ ,ഏറ്റവും കൂടുതൽ ഒറ്റപ്പെട്ടതും തടവറയിൽ ആയതും അവളാണ്..” “ആ ശിക്ഷയുടെ കൂടെ ഞാനന്ന് പോയി എന്തൊക്കെയോ പറഞ്ഞപ്പോൾ അവളുടെ അമ്മയും പൂർണമായി അവളെ ഒറ്റപ്പെടുത്തി..അവളെ പോലെയൊരു മകൾ ഉണ്ടായതിനെ ഓർത്തു അവര് സ്വയം ശപിച്ചു..അതൊക്കെ അവളെ വീണ്ടും സമനില തെറ്റിക്കുന്ന അവസ്ഥയിൽ എത്തിച്ചു. ” അങ്ങനെ ഭ്രാന്തിന്റെ വഴിയിലേക്ക് നടന്നു നീങ്ങിയ അവളെ തിരികെ കൊണ്ട് വന്നത് അവളുടെ ഫ്രണ്ട് കിരൺ ആണ് ..

അയാൾ ഇപ്പൊൾ എന്റെ കൂടെ ജോലി ചെയ്യുന്നുണ്ട്.. അതിനും ശേഷമാണ് ഇൗ ആക്സിഡന്റ് ഒക്കെ..അവളുടെ മനസ്സിൽ ഒരുപാട് കുറ്റബോധം ഉണ്ട്.. അന്ന് ഹോസ്പിറ്റലിൽ കിടക്കുമ്പോൾ പോലും അവള് കരഞ്ഞത് എൻറെ പേര് വിളിച്ചാണ്. “ഒരുപാട് അനുഭവിച്ചു..ഇനി നമുക്ക് ക്ഷമിച്ചുടെ?” എന്റെ വാക്കുകൾ കേട്ട് ഒന്നും മിണ്ടാതെ ഇരിക്കുകയാണ് കണ്ണേട്ടൻ..മാളു പോലും എല്ലാം കേട്ട് അമ്പരന്നു നിൽക്കുകയാണ്..എന്റെ മനസ്സിൽ ഇങ്ങനെ ചിലതൊക്കെ ഉണ്ടായിരുന്നുവെന്ന് അവൾക്ക് പോലും അറിയില്ലായിരുന്നു.. കുറച്ച് നേരത്തെ ആലോചനക്ക് ശേഷം കണ്ണേട്ടൻ എന്റെ അടുത്തെത്തി..

എന്റെ കണ്ണുകളിലേക്ക് നോക്കി .”അമ്മു എനിക്കറിയാം മോളുടെ മനസ്സിൽ സങ്കടത്തിന്റെ തിര അടിക്കുന്നുണ്ടെന്ന്..അപ്പോഴും എങ്ങനെ നിനക്കിങ്ങനെയോക്കെ പറയാൻ കഴിയുന്നു..എനിക്ക് നിന്നെ മനസ്സിലാകുന്നില്ല..” ഞാൻ പതിയെ കണ്ണേട്ടന്റെ കൈകൾ എന്റെ കൈകളിൽ എടുത്തു..ശേഷം ആ കൈയിൽ പിടിച്ച് പതിയെ നടന്നു…നടന്നെത്തിയത് കിച്ചുവേട്ടന്റെ അടുത്താണ്. അവിടെയെത്തി കണ്ണേട്ടനെ പിടിച്ചു അവിടെയിരുത്തി.. എന്നിട്ട് ഞാൻ പറഞ്ഞു തുടങ്ങി..”കിച്ചുവേട്ട ഏട്ടൻ എന്നോട് പറഞ്ഞതെല്ലാം ഞാൻ കണ്ണേട്ടനോട് പറഞ്ഞിട്ടുണ്ട്..കണ്ണേട്ടൻ ചോദിക്കുന്നു എനിക്ക് എങ്ങനെ ഇങ്ങനെയൊക്കെ കഴിയുന്നു എന്ന്?

അതിനുള്ള മറുപടി ഞാൻ കിച്ചുവേട്ടന്റെ ഭാര്യ ആണെന്നുള്ളത് തന്നെയല്ലേ?എന്നെ ക്ഷമിക്കാൻ പഠിപ്പിച്ചത്,കിച്ചുവേട്ടൻ അല്ലേ?.നമുക്ക് പ്രിയയോടു ക്ഷമിക്കാം അല്ലേ ?”.. ഞാൻ അത്രയും പറഞ്ഞു തീരുമ്പോഴേക്കും അവിടേക്ക് സമ്മതമെന്ന പോലെ മഴത്തുള്ളികൾ പൊഴിഞ്ഞു തുടങ്ങി.. എനിക്കെന്തോ പറഞ്ഞു തീരനാവാത്ത അത്ര സന്തോഷവും,സങ്കടവും ഒരുപോലെ തോന്നി.. ആ മഴയിലും അവിടെ നിന്ന് എഴുന്നേൽക്കാൻ കൂട്ടാക്കാതെ ഞങ്ങൾ അവിടെത്തന്നെ ഇരുന്നു.. ഞാൻ വീണ്ടും പറഞ്ഞു “കണ്ണേട്ടൻ ഓർക്കുന്നോ എന്നെ കാണാൻ തോന്നുമ്പോൾ ഇവനെ നോക്കിയാൽ മതി അമ്മ” എന്നാണ് ഒരിക്കൽ കിച്ചുവേട്ടൻ അമ്മയോട് പറഞ്ഞത്..

എന്നിട്ട് ആ കണ്ണേട്ടൻ ഇങ്ങനെ മുറിയ്ക്ക് പുറത്ത് ഇറങ്ങാതെ അച്ഛനെയും,അമ്മയെയും നോക്കുക പോലും ചെയ്യാതെ , ഭക്ഷണം പോലുമില്ലാതെ ഇങ്ങനെ നടന്നാൽ കിച്ചുവേട്ടന്റെ ആത്മാവ് എത്രയധികം വേദനിക്കുന്നുണ്ടാകും. “അതുകൊണ്ട് കണ്ണേട്ടൻ മാറണം ..എല്ലാവർക്കും വേണ്ടി..നമ്മുടെ അച്ഛനും,അമ്മയ്ക്കും വേണ്ടി ,കണ്ണേട്ടനിലൂടെ അച്ഛനെയും,അമ്മയെയും തന്റെ അഭാവം അറിയിക്കാതെ ഇരിക്കാൻ ആഗ്രഹിച്ച കിച്ചുവേട്ടന് വേണ്ടിയോക്കെ കണ്ണേട്ടൻ ഇൗ അടച്ചു പൂട്ടിയ മുറിയിൽ നിന്നും പുറത്തു വരണം..” “എല്ലാവരോടും സംസാരിക്കണം,ഇൗ രൂപം ഒക്കെ മാറ്റി പഴയ കണ്ണൻ ആയി നടക്കണം.

മനസ്സിലെ സങ്കടങ്ങളെ മറ്റുള്ളവരിലേക്ക് പകരാതെ,സന്തോഷങ്ങളെ മാത്രം നമുക്ക് അവർക്കായി നൽകാം..എല്ലാവർക്കും വേണ്ടി നമുക്ക് ജീവിച്ചെ മതിയാവൂ കണ്ണേട്ടാ..” ഇത്രയും പറഞ്ഞു തീർത്ത് ഞാനാ മുഖത്തേക്ക് നോക്കുമ്പോൾ കണ്ണേട്ടൻ കരയുക ആയിരുന്നു..കരയട്ടെ..എല്ലാം ഇവിടെ തീർക്കട്ടേ..അകത്തേക്ക് പോകുമ്പോൾ ഒരു പുതിയ കണ്ണൻ അല്ല അച്ഛന്റെയും,അമ്മയുടെയും ആ പഴയ കണ്ണൻ ആവാൻ കഴിയട്ടെയെന്ന് ഞാനാഗ്രഹിക്കുന്നു..

ആ മഴയിൽ കിച്ചുവേട്ടന്റെ അടുത്തിരുന്ന് എന്തൊക്കെയോ പുലമ്പുന്ന കണ്ണേട്ടൻ എന്റെ മനസ്സിൽ ഒരു വലിയ നൊമ്പരം അവശേഷിപ്പിച്ചു..എങ്കിലും അതൊന്നും തന്നെ ഞാൻ പുറത്ത് കാണിച്ചില്ല.. പതിയെ കിച്ചുവേട്ടന്റെ നെഞ്ചില് തല ചേർത്ത് വച്ച് ഞാൻ ചോദിച്ചു”സന്തോഷമായില്ലേ?അമ്മു പറഞ്ഞ വാക്കുകൾ ഓരോന്നായി പാലിക്കാൻ നോക്കുകയാണ് .അതിനിടയിൽ തളർന്ന് പോകാതെ കൂടെ നിൽക്കണേ..എനിക്ക് വേരയാരുമില്ല ധൈര്യം പകരാൻ..കിച്ചുവേട്ടൻ കൂടെ ഉണ്ടെന്നുള്ളത് മാത്രമാണ് എന്റെ ധൈര്യം..”

അത്രയും പറഞ്ഞു തീർത്തപ്പൊഴേക്കും എവിടെ നിന്നോ കുറച്ച് അധികം വെള്ളത്തുള്ളികൾ ശക്തമായി എന്റെ മേലെ പതിച്ചു..”ഇതെനിക്കുള്ള ഉത്തരം ആണോ കിച്ചുവേട്ട..എന്നും കൂടെയുണ്ടെന്ന് ഉള്ള ഓർമപ്പെടുത്തൽ ആണോ?” ആയിരിക്കാം.എന്തായാലും അങ്ങനെ വിശ്വസിക്കാൻ തന്നെയാണ് എനിക്കിഷ്ടം..എന്റെ കിച്ചുവേട്ടൻ എന്നുമെന്‍റെ കൂടെയുണ്ട്..അമ്മുസെ എന്ന ആർദ്രമായ വിളിയോട് കൂടി എന്റെ കൂടെ തന്നെയുണ്ട്.. “അമ്മു,വാ കണ്ണേട്ടാ വാ എഴുന്നേൽക്കു പോകാം.ഇനിയും മഴയത്ത് ഇരിക്കണ്ട” എന്നും പറഞ്ഞു മാളു ഞങ്ങളെ രണ്ടാളെയും പിടിച്ചെഴുന്നേൽപ്പിച്ചു..

അകത്തേക്ക് നടക്കുമ്പോഴും എന്റെ മനസ്സ് നിറയെ കണ്ണേട്ടൻ ഇനിയെങ്കിലും മാറണെയെന്നുള്ള പ്രാർത്ഥന ആയിരുന്നു..അമ്മയ്ക്കും, അച്ഛനും തുണയായി ഇനിയെങ്കിലും ഒരാളെങ്കിലും വേണം ഇൗ വീട്ടിൽ..ആരുമില്ലാത്തവരെ പോലെ കരഞ്ഞും,സങ്കടങ്ങൾ കൊണ്ട് തീർത്ത ചട്ടക്കൂട്ടിൽ കാലം കഴിക്കാൻ അവർക്കിനിയും ഇടയാവരുതെ ദൈവമേ എന്ന് മാത്രം.. എനിക്ക് ഇതൊക്കെയല്ലേ അവർക്ക് വേണ്ടി ചെയ്യാനാവൂ.ഞാനല്ലേ ഇതൊക്കെ ചെയ്തു കൊടുക്കേണ്ടത്..എന്റെ കിച്ചുവേട്ടൻ ഉണ്ടായിരുന്നെങ്കിൽ അവർക്ക് എത്രത്തോളം സമാധാനവും,സന്തോഷവും കിട്ടുമായിരുന്നു..

അതിൻറെ പകുതി എങ്കിലും കൊടുക്കാൻ എനിക്ക് കഴിയണം..അല്ല കഴിയും.. എന്ന ഉറച്ച തീരുമാനത്തോടെ ഞാൻ അകത്തേക്ക് കയറി.. ചെല്ലുമ്പഴെ കണ്ടു ഞങ്ങളെ നോക്കിയിരിക്കുന്ന അച്ഛനും,അമ്മയും..രണ്ടുപേരുടെയും മിഴികൾ നിറഞ്ഞിട്ടുണ്ട്..ഇനിയെങ്കിലും,ഒരു മകനയെങ്കിലും മരിച്ചു ജീവിക്കുന്നവൻ ആയിട്ടല്ലാതെ, നല്ല രീതിയിൽ തിരികെ കിട്ടണമെന്ന് ആ മാതാപിതാക്കൾ ആഗ്രഹിക്കുന്നുണ്ട്. അതവരുടെ മുഖത്ത് നിന്നും വായിച്ചെടുക്കാൻ കഴിയും.. “അമ്മേ മാപ്പ് ഇത്ര നാളും വിഷമിപ്പിച്ചതിന് ,നിങ്ങളെ ഒറ്റയ്ക്കാക്കി എന്റെ സങ്കടങ്ങളെ കുറിച്ച് മാത്രം ഓർത്തു സ്വാർഥൻ ആയതിനു,

നിങ്ങളിൽ നിന്ന് പോലും അകലം പാലിച്ചതിന് അങ്ങനെ എല്ലാത്തിനും മാപ്പ്..എന്ന് പറഞ്ഞു കൊണ്ട് കണ്ണേട്ടൻ അമ്മയുടെ കാലിലേക്ക് വീണു..” നിറഞ്ഞ മിഴിയൊടെ അതിലേറെ വളരെ സന്തോഷത്തോടെ ,എന്റെ കിച്ചുവേട്ടന് കൊടുത്ത വാക്ക് പാലിക്കാൻ കഴിഞ്ഞുവെന്ന് ഉള്ള ചാരിതാർത്ഥ്യത്തോടെ അവരെ തന്നെ നോക്കി ഞാൻ നിന്നു.. അവിടെയൊരു മഞ്ഞുമല ഉരുകി തീരുന്നത് ഞാനറിഞ്ഞു..ഇത്ര നാളും അടക്കി വച്ച സങ്കടത്തിന്റെ,പരിഭവങ്ങൾ എല്ലാം എല്ലാം ഇവിടെ തീരട്ടെ..ഇനിയൊരിക്കലും അവരുടെ ജീവിത്തിലേക്ക് തിരികെ വരാൻ ആവാത്ത വിധം എന്നന്നേക്കുമായി എല്ലാം ഒഴിഞ്ഞു പോകട്ടെ..

ഇതാണ് ഇത് മാത്രമാണ് ഒരു മകളെന്ന നിലയിൽ,മകന്റെ ഭാര്യ എന്നെ നിലയിലൊക്കെ എനിക്ക് ചെയ്യാനാകൂ.. ഇവിടേയ്ക്ക് വന്ന നിമിഷം മുതൽ ഇന്നോളം സ്വന്തം മക്കളെക്കാൾ അധികമായി എന്നെ സ്നേഹിച്ച മാതാപിതാക്കൾ ആണവർ..അവർക്ക് ഇത്രയും എങ്കിലും ഞാൻ ചെയ്തു കൊടുക്കണ്ടേ.. “അമ്മു വാ മോളേ”അമ്മയുടെ വിളിയാണ് എന്നെ ചിന്തകളിൽ നിന്നും മുക്തയാക്കിയത്‌..അമ്മ വിളിച്ചത് കേട്ടു ഞാൻ അമ്മയുടെ അരികിലേക്ക് ചെന്നു. “ഞങ്ങടെ പുണ്യം ആണ് മോള്..അമ്മ എങ്ങനെ നന്ദി പറഞ്ഞാലും തീരില്ല.”

അതും പറഞ്ഞ് ഒരു സൈഡിൽ കണ്ണേട്ടനെയും, ഒരു സൈഡിൽ എന്നെയും ചേർത്ത് അമ്മ കെട്ടിപിടിച്ചു. അമ്മയുടെ മിഴികൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു..എല്ലാം കണ്ട് ഞങ്ങളെ തന്നെ നോക്കി അച്ഛനും, ഞങ്ങളോട് ചേർന്ന് നിന്നു.. എല്ലാ സങ്കടങ്ങളുടെയും പെരുമഴക്കാലം ഇവിടെ പെയ്തൊഴിഞ്ഞ് തീരട്ടെ..സന്തോഷങ്ങൾ നിറഞ്ഞ ഒരു പുതു പുലരി ഇവിടേയ്ക്ക് വിരുന്ന് വരട്ടെ എന്നഗ്രഹിച്ച് ഞാനും നിന്നു..

തുടരും…

കനൽ : ഭാഗം 22

Share this story