നാഗമാണിക്യം: ഭാഗം 13

Share with your friends

എഴുത്തുകാരി: സൂര്യകാന്തി

പത്മ ഒന്നും പറയാതെ തല താഴ്ത്തി നിന്നു. “ഇനി മോൾക്ക് ഒട്ടും പറ്റണില്ല്യാച്ചാൽ അച്ഛൻ തിരുമേനിയോടും അനന്തനോടും പറഞ്ഞോളാം.കൂടെ ജീവിക്കേണ്ടത് നീയാണ്. വരുന്നത് എന്താച്ചാൽ അനുഭവിക്ക്യ, അത്രന്നെ ” മിണ്ടാതെ നിൽക്കുന്ന പത്മയെ ഒന്ന് നോക്കിയിട്ട് അയാൾ പോവാൻ തുനിഞ്ഞതും അവൾ വിളിച്ചു. “അച്ഛാ നിക്ക് സമ്മതാണ് കല്യാണത്തിന്.. ” “മോളെ… ” “നാഗക്കാവ് തന്നെയാണ് നിക്ക് വലുത്… ”

അത് പറഞ്ഞതും പത്മ തിരിഞ്ഞു നോക്കാതെ മനയ്ക്കലെ പറമ്പിലേക്കുള്ള ചെറിയ ഗേറ്റ് കടന്നു. കാവിനരികിലൂടെ നടന്നതും അനന്തൻ പുറത്തേയ്ക്കു വരുന്നുണ്ടായിരുന്നു. അവളെ കണ്ടിട്ടും ശ്രദ്ധിക്കാതെ അനന്തൻ അവൾക്കു മുൻപേ നടന്നു. അനന്തനെയും അവന് കുറച്ചു പിന്നിലായി നടക്കുന്ന പത്മയെയും പല കണ്ണുകളും വീക്ഷിക്കുന്നുണ്ടായിരുന്നു. അനന്തൻ പൂമുഖത്തേയ്ക്ക് കയറിയപ്പോൾ അരുന്ധതി അവിടെ ഉണ്ടായിരുന്നു. അനന്തനോട് എന്തോ പറഞ്ഞ അവർ പിന്നാലെ കയറിയെത്തിയ പത്മയെ കണ്ടു രണ്ടുപേരെയും നോക്കി പറഞ്ഞു.

“നിങ്ങൾ ഇപ്പോഴും അകലം പാലിച്ചു നടക്കുവാണോ , നാളെയാണ് കല്യാണം.. ” ഒന്നും പറയാതെ പത്മയെ പുച്ഛത്തിൽ ഒന്ന് നോക്കി കൊണ്ട് അനന്തൻ അകത്തേക്ക് കയറി പോയി. ഒരു വിളറിയ ചിരിയുമായി പത്മയും അകത്തേക്ക് നടന്നു. രണ്ടുപേരും പോയ വഴിയേ നോക്കി തലയാട്ടികൊണ്ട് അരുന്ധതിയും നിന്നു. പത്മ വേഷം മാറാനായി അകത്തേക്ക് നടക്കുമ്പോൾ അനന്തൻ അവന്റെ റൂമിൽ നിന്ന് പുറത്തേക്ക് നടക്കുകയായിരുന്നു.

അവളെ കണ്ടതും കൈയിലെ ഫോണിലേക്ക് നോക്കി അവൾക്കരികിലൂടെ അവൻ നടന്നു പോയി. അനന്തൻ തന്നെ മനപ്പൂർവം അവോയ്ഡ് ചെയ്യുകയാണെന്ന് പത്മയ്ക്ക് മനസ്സിലായി. അനന്തനോടുള്ള വികാരമെന്തെന്ന് ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല. പുറമെ കാണിച്ച വെറുപ്പിനും ദേഷ്യത്തിനുമപ്പുറം മറ്റെന്തൊക്കെയൊ തന്റെ ഉള്ളിലുണ്ട്. പത്മയുടെ മനസ്സിൽ വൈശാഖന്റെ മുഖം തെളിഞ്ഞു. തീവ്രമായതൊന്നുമല്ലെങ്കിലും മനസ്സിലൊരിഷ്ടം തോന്നിയിട്ടുണ്ടെന്നത് സത്യമാണ്.

ആ മുഖം കാണുമ്പോഴൊക്കെ എവിടെയോ കണ്ടു മറന്നത് പോലെ തോന്നാറുണ്ട്.. പാടില്ല.. പത്മ മനസ്സിനെ തിരുത്തി. നാളെ അനന്തപത്മനാഭന്റെ താലി തന്റെ കഴുത്തിൽ വീഴും… ഇനി മറ്റൊരു പുരുഷനെ പറ്റി ചിന്തിക്കാനേ പാടില്ല.. നാഗപഞ്ചമിയ്ക്ക് മുൻപേ അനന്തനും പത്മയും ഒന്ന് ചേരണമെന്നാണ് തിരുമേനി പറഞ്ഞത്. കൃത്യമായി പറഞ്ഞാൽ രണ്ടാഴ്ച കൂടെ.. അനന്തനെ സ്നേഹിക്കാനും പൂർണ്ണമായും അവന്റേതായി തീരുവാനും… പത്മയുടെ കണ്ണുകൾ എന്തിനോ നിറഞ്ഞു വന്നു.

ഇതുപോലൊരാളെ താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഈ കാവും നാടും വിട്ടൊരു ജീവിതം ആലോചിക്കാനാവില്ല. ഒരു സാധാരണക്കാരനൊപ്പം ചെറിയൊരു ജീവിതമേ ആഗ്രഹിച്ചിട്ടുള്ളൂ… ഈ സൗഭാഗ്യങ്ങളൊന്നും പത്മയെ ഒരിക്കലും മോഹിപ്പിച്ചിട്ടില്ല… അനന്തനെപോലൊരാൾ എന്തിനു വേണ്ടിയായാലും ഇവിടെ ഒതുങ്ങിക്കൂടാൻ തയ്യാറാവുമെന്ന് കരുതുന്നത് തന്നെ വിഡ്ഢിത്തമാണ്… “ആഹാ നീ ഇവിടെ വന്നിരിക്കയായിരുന്നോ കുട്ട്യേ, തിരുമേനി മോളെ അന്വേഷിക്കണുണ്ട് ” സുധയുടെ ശബ്ദം കേട്ട് അവർ കാണാതെ കണ്ണുകൾ തുടച്ചു പത്മ വാതിൽക്കലേക്ക് നടന്നു.

സുധയ്ക്കരികിലൂടെ പുറത്തേയ്ക്ക് നടക്കുമ്പോൾ അവർ വിളിച്ചു. “മോളെ…. ” പത്മ അമ്മയെ നോക്കി. ആ മുഖത്തെ പേടി അവൾക്ക് തിരിച്ചറിയാനാവുമായിരുന്നു. “അമ്മ പേടിക്കണ്ട. വന്നു കയറിയ സൗഭാഗ്യങ്ങളെ പത്മ തട്ടിക്കളയില്ല്യ . വിവാഹത്തിന് സമ്മതം ഞാൻ അച്ഛനോട് പറഞ്ഞു കഴിഞ്ഞിരിക്കണൂ ” ഇടനാഴിയിലൂടെ നടന്നു പോവുന്ന പത്മയെ നോക്കി നിൽക്കുമ്പോൾ സുധയുടെ നെഞ്ചിൽ വർഷങ്ങളായി കൊണ്ടു നടന്ന തീയുടെ ചൂട് കുറഞ്ഞിരുന്നു. ഭദ്രൻ തിരുമേനി തെക്കേ മുറ്റത്തെ മാവിൻ ചുവട്ടിലായിരുന്നു.

പത്മ അദ്ദേഹത്തിനരികിലെത്തി. താഴെ വീണു കിടന്ന ഒരു മുല്ലപ്പൂവ് കൈയിലെടുത്തു കൊണ്ടു തിരുമേനി ചോദിച്ചു. “ഇത് പത്മ നട്ടു വളർത്തിയതാണല്ലേ…? ” നേർത്ത ഒരു ചിരിയോടെ പത്മ തലയാട്ടി.. “പത്മ ആ കൊന്ന മരം കണ്ടോ..? ” അവൾ ചോദ്യഭാവത്തിൽ തിരുമേനിയെ നോക്കി “അതിനടുത്തായി വലിയൊരു മുല്ലപ്പന്തലുണ്ടായിരുന്നു. ഇവിടുത്തെ നടുമുറ്റത്തും മറ്റു പലയിടങ്ങളിലും മുല്ലക്കാടുകളുണ്ടായിരുന്നു.

നാഗകാളി മഠത്തിലും പരിസരങ്ങളിലും മുല്ലപ്പൂവിന്റെ സുഗന്ധമായിരുന്നു.. ” ഒന്ന് നിർത്തി അദ്ദേഹം പത്മയെ നോക്കി. “അവൾക്കും.. നാഗകാളി മഠത്തിലെ സുഭദ്രയ്ക്ക്.. പത്മയെ പോലെ തന്നെ മുല്ലപൂക്കളെ ഇഷ്ടമായിരുന്നവൾ.. ആരും മോഹിച്ചു പോവുന്ന സൗന്ദര്യം മാത്രമായിരുന്നില്ല്യ അവൾക്ക്. കാലിൽ ചിലങ്ക കെട്ടി മതി മറന്നാടുന്നത് പോലെ ആയോധന കലകളിലും പ്രാവിണ്യമുണ്ടായിരുന്ന മഠത്തിലെ ഏക തമ്പുരാട്ടി. അതിനു കാരണം അവനായിരുന്നു. വിഷ്ണു നാരായണൻ.

അവൾ ഒരിക്കലും തുറന്നു സമ്മതിച്ചിട്ടില്ലെങ്കിലും സുഭദ്രയുടെ മനസ്സ് കീഴടക്കിയവൻ… ” “ജാതവേദന്റെ ഏകസഹോദരി പുത്രനായിരുന്നു വിഷ്‌ണു നാരായണൻ. ചെറുപ്പത്തിലേ അച്ഛൻ നഷ്ടപ്പെട്ട അവന് ജാതവേദനായിരുന്നു എല്ലാം. പക്ഷേ അച്ഛന്റെ സ്നേഹം പങ്കിടാൻ വന്നവനെ സുഭദ്രയ്ക്ക് വെറുപ്പായിരുന്നു. പരസ്പരം കൊല്ലാൻ പോലും മടിക്കാതിരുന്നവർക്കിടയിലെ വെറുപ്പ് എപ്പോഴോ സ്നേഹമായി മാറി. ഒരാൾ മറ്റൊരാൾക്ക്‌ വേണ്ടി ജീവൻ പോലും കളയുന്നത്രയും സ്നേഹം.

എന്നിട്ടും അവർ പരസ്പരം തോറ്റുകൊടുക്കാൻ തയ്യാറായിരുന്നില്ല. തമ്മിൽ കണ്ടാൽ അടിയായിരുന്നു.. ” തിരുമേനിയുടെ കണ്ണുകളിൽ വാത്സല്യം നിറഞ്ഞിരുന്നു. “സ്നേഹത്തോടെ ഒരു വാക്കു പോലും പരസ്പരം സംസാരിച്ചു കാണില്ല്യ. ജാതവേദന്റെ മുൻപിൽ ഒപ്പത്തിനൊപ്പമെത്താനായി മത്സരിച്ചു കൊണ്ടിരിക്കുകയായിരുന്നു വിഷ്ണുവും സുഭദ്രയും എപ്പോഴും. നാഗപഞ്ചമിയ്ക്ക് മുൻപേ അവരുടെ വേളി നടത്തണമെന്നായിരുന്നു ജാതവേദന്റെ തീരുമാനം. എന്തൊക്കെയോ മുൻകൂട്ടി കണ്ടു കാണണം..”

“പക്ഷേ ജാതവേദൻ മരണപെട്ടു. ഭഗീരഥിയുടെ തീരുമാനപ്രകാരം അവരുടെ വേളി നിശ്ചയിച്ചു. നാഗപഞ്ചമിയ്ക്ക് തൊട്ടു മുൻപുള്ള മുഹൂർത്തം. അന്ന് സന്ധ്യയ്ക്ക് കാവിൽ വിളക്ക് വെക്കാൻ പോയ സുഭദ്ര തിരികെ വന്നില്ല.നാഗപഞ്ചമിയുടെ അന്നാണ് താമരക്കുളത്തിന്റെ പടവുകളിൽ കൊല്ലപ്പെട്ട നിലയിൽ വിഷ്ണുവിനെ കണ്ടെത്തുന്നത്. സുഭദ്രയോടൊപ്പം ആദിത്യനെയും ഭദ്രയേയും കാണാതായി.

അവർക്കെന്ത് പറ്റിയെന്നു ഇന്ന് വരെ ആർക്കും അറിവില്ല്യ .. ” തേന്മാവിന്റെ ചാഞ്ഞു കിടന്ന കൊമ്പിൽ ചാരി നിന്ന് ഭദ്രൻ തിരുമേനി പത്മയെ നോക്കി. “സുഭദ്രയുടെ സഹോദരൻ ദേവനാരായണൻ സ്നേഹിച്ചത് ജാതവേദന്റെ ആത്മമിത്രമായിരുന്ന മാണിക്യമംഗലം കോവിലകത്തെ രാഘവവർമ്മയുടെ മകൾ ലക്ഷ്മിയെയായിരുന്നു. വിഷ്ണുവിന്റെ മരണവും സുഭദ്രയുടെ തിരോധാനവും തളർത്തിയ ഭാഗീരഥിതമ്പുരാട്ടിയുടെ അഭ്യർത്ഥന പ്രകാരം ദേവനെയും ലക്ഷ്മിയെയും രാഘവവർമ്മ കൊണ്ടു പോയി. ആർക്കും അവരെ കുറിച്ച് അറിവുണ്ടായിരുന്നില്ല്യ .

മഠവുമായി ഒരു ബന്ധവും പുലർത്തില്ലെന്ന് അമ്മയ്ക്ക് കൊടുത്ത വാക്ക് ദേവൻ പാലിച്ചു. ദേവന്റെ കൊച്ചുമകനായ അനന്തന്റെ ജാതകം എഴുതിയപ്പോൾ രാഘവർമ്മയ്ക്ക് ചില സംശയങ്ങൾ വന്നു..” “ആ ജാതകവുമായി അദ്ദേഹം എന്നെ കാണാനെത്തി. ചെറിയ ചില മാറ്റങ്ങളോടെയുള്ള വിഷ്ണുനാരായണന്റെ ജാതകം തന്നെയായിരുന്നു അത്. എല്ലാ കഥകളും അറിഞ്ഞു തന്നെയാണ് അനന്തൻ വളർന്നത്. വിഷുനാരായണന്റെ അതേ സ്വഭാവമുള്ള അനന്തപത്മനാഭൻ.

വിഷ്ണുവിനെ കണ്ട കണ്ണുകൾക്ക് അനന്തനെ തിരിച്ചറിയാൻ കഴിയും.. ” പകച്ചു നിൽക്കുന്ന പത്മയിൽ നിന്ന് പതിയെ വാക്കുകൾ പുറത്ത് വന്നു. “അപ്പോൾ സുഭദ്ര…? ” തിരുമേനി ഒന്ന് ചിരിച്ചു.. “സുഭദ്രയും വിഷ്ണുവും പോയതിനു ശേഷം മഠത്തിന്റെ കഷ്ടകാലം വീണ്ടും തുടങ്ങുകയായിരുന്നു.ദേവനും സുഭദ്രയും കൂടാതെ മറ്റു മൂന്നു മക്കൾ കൂടെയുണ്ടായിരുന്നു ജാതവേദനും ഭഗീരഥിയ്ക്കും. ഭയന്ന് എല്ലാവരും ഇവിടം വിട്ടുപോയി.

അവസാനകാലത്ത് ഭാഗിയ്ക്ക് തുണയായത് മഠത്തിലെ തന്നെ ചോരയായ സുധർമ്മയും അവളുടെ ഭർത്താവ് മാധവനുമായിരുന്നു.. ” “ഭാഗീരഥി മരിക്കുമ്പോൾ പൂർണ ഗർഭിണിയായിരുന്നു സുധർമ്മ. ആ നിറവയറിൽ കൈ വെച്ചു കൊണ്ടാണ്, കണ്ണടയുന്നതിന് മുൻപേ, ഒരിക്കൽ നാഗകാളി മഠത്തിന്റെ അവകാശിയായി എത്തുന്നവനാണ് ഇവളെ നൽകേണ്ടതെന്ന് ഭാഗീരഥി പറഞ്ഞത് .

ഭഗീരഥിയുടെ ശക്തിയോടൊപ്പം നാഗക്കാവിലെ നാഗത്താൻമാരുടെ അനുഗ്രഹം കൂടെയാണ് ആ പെൺകുഞ്ഞ് ഇന്നെന്റെ മുൻപിൽ ഇങ്ങനെ നിൽക്കാൻ കാരണം.. ” പത്മയ്ക്ക് ശബ്ദിക്കാനായില്ല. “സമയാവുമ്പോഴേ ഇതൊക്കെ നീയറിയാൻ പാടുള്ളൂ എന്ന ഭാഗിയുടെ താക്കീത് നിന്റെ അച്ഛനമ്മമാർ അനുസരിച്ചു. എല്ലാം അറിഞ്ഞിട്ടും ഒരിക്കൽ പോലും അനന്തൻ നിന്നെ കാണാൻ ശ്രമിക്കാതിരുന്നത് സമയമാവുമ്പോൾ നീ അവനിലെത്തുമെന്ന് പൂർണ്ണവിശ്വാസമുള്ളത് കൊണ്ടായിരുന്നു ”

“ജന്മാന്തരങ്ങൾക്കപ്പുറത്ത് നിന്ന് ഭ്രാന്തമായ പ്രണയത്തിന്റെ പൂർത്തീകരണത്തിന് മാത്രമല്ല വിഷ്ണുനാരായണൻ സുഭദ്രയെ തേടിയെത്തിയത്. ഒന്ന് ചേർന്നു നാഗകളിമഠത്തിന്റെ ശത്രുവിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ കൂടെയാണ് ” “കഥകൾ ഇനിയും ഒരുപാടുണ്ട്. സുഭദ്രയുടെയും വിഷ്ണുവിന്റെയും മാത്രമല്ല അത് വാഴൂരില്ലത്തെ ഭൈരവന്റെ കൊച്ചുമകനായിരുന്ന ആദിത്യന്റെയും മേലേരി ഇല്ലത്തെ നാഗകന്യയായിരുന്ന ഭദ്രയുടെയും കഥയാണ്… കൂടെ ദേവനാരായണന്റേയും ലക്ഷ്മിയുടേയും…

പരിശുദ്ധമായ സ്നേഹത്തിൽ പ്രതികാരത്തിന്റെയും ചതിയുടെയും വിഷം കലർന്ന കഥകൾ.. ” പത്മയുടെ കണ്ണുകളിലേക്ക് നോക്കി അദ്ദേഹം തുടർന്നു. “സുഭദ്ര നിന്നിലുണ്ടെന്ന് വിശ്വസിക്കാൻ ദേ ആ കഴുത്തിൽ കിടക്കുന്ന നാഗത്താലി മതിയെനിക്ക്. നാഗരാജാവ് തന്റെ പത്നിയ്ക്കു നൽകുന്നതെന്ന് വിശ്വസിക്കപ്പെടുന്ന ആ നാഗരൂപത്തിൽ അവരുടെ ശക്തി ആവാഹിച്ചാണ് ജാതവേദൻ കൗമാരത്തിലെപ്പോഴോ വിഷ്ണുവിനെക്കൊണ്ടു സുഭദ്രയുടെ കഴുത്തിൽ ആ നാഗത്താലി അണിയിപ്പിച്ചത്.. ”

പത്മയുടെ മനസ്സിൽ താൻ അത് അഴിച്ചു മാറ്റിയപ്പോൾ അനന്തൻ അത് തന്റെ കഴുത്തിൽ അണിയിച്ച രംഗം ഓർമ്മ വന്നു. “ഇനിയും തെളിവുകളൊത്തിരിയുണ്ട് നാഗകാളി മഠത്തിനുള്ളിൽ…. പക്ഷേ അത് നമുക്ക് കണ്ടെത്താനാവില്ല്യ. തേടി പോവാനേ സാധിക്കുകയുള്ളൂ… സമയമാവുമ്പോൾ അത് നിങ്ങൾക്ക് മുൻപിലെത്തും… ” പറഞ്ഞു നിർത്തി പത്മയെ ഒന്ന് നോക്കി ഭദ്രൻ തിരുമേനി പതിയെ നടന്നു നീങ്ങി. അപ്പോഴും കേട്ടതൊന്നും ഉൾക്കൊള്ളാനാവാതെ നിൽക്കുകയായിരുന്നു പത്മ.

പ്രായാധിക്യത്താൽ നടക്കുന്നതിനിടെ തിരുമേനി ഇടയ്ക്കൊന്ന് വേച്ചു പോയപ്പോൾ ഓടിയെത്തി ആ കൈകളിൽ പിടിച്ചു പത്മ. വാത്സല്യത്തോടെ അവളെയൊന്ന് നോക്കി കൊണ്ടു അദ്ദേഹം പറഞ്ഞു. “മനസ്സിന്റെ ശക്തി കൊണ്ടാണ് ശരീരത്തെ അനുസരിപ്പിക്കുന്നത്, എന്നാലും ചിലപ്പോഴെങ്കിലും പതറിപ്പോവും. മനുഷ്യരല്ലേ..വീണ്ടും ശക്തിയാർജിക്കാനാവും..’ ഇല്ലത്തേക്ക് കയറിയ പത്മയുടെ കണ്ണുകൾ അനന്തനെ തേടി. ആളെ എവിടെയും കണ്ടില്ല. മുകളിലാവും ഫ്രണ്ട്സിനൊപ്പം.

പൂജ തുടങ്ങിയതിൽ പിന്നെ അനന്തന്റെ കൂട്ടുകാരിൽ വിനയും അരുണുമൊഴികെ മറ്റുള്ളവരാരും ഭക്ഷണം കഴിക്കാനല്ലാതെ താഴേക്ക് വരാറില്ല.. പൂമുഖത്ത് എല്ലാവരുമുണ്ടായിരുന്നു. “നാളത്തെ ചടങ്ങിനുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ സന്ധ്യയ്ക്ക് മുൻപേ എത്തും.പൂജ കഴിയുന്നത് നമുക്ക് പുറത്തേക്ക് പോവാനാവില്ലല്ലോ ” അരുന്ധതി പറഞ്ഞു. പത്മ ചുമരിൽ ചാരി നിലത്തേക്ക് നോക്കി നിന്നു. “അനന്തൻ എവിടെ…? ” തിരുമേനി ചോദിച്ചു.

“മുകളിലാവും… ” തിരുമേനിയോടായി പറഞ്ഞിട്ട് അരുന്ധതി പത്മയെ നോക്കി. “മോള് ചെന്നു അവനെയൊന്നു വിളിച്ചിട്ട് വാ, മുകളിൽ കാണും അനന്തു ” ഒരു നിമിഷം കഴിഞ്ഞു അരുന്ധതിയെ ഒന്ന് നോക്കിയിട്ട് മനസില്ലാമനസ്സോടെ പത്മ അകത്തേക്ക് നടന്നു. ഗോവണിപ്പടികൾ കയറുമ്പോൾ തന്നെ ഹാളിൽ നിന്നുള്ള പൊട്ടിച്ചിരികൾ പത്മ കേട്ടിരുന്നു. തിരിച്ചു പോയാലോയെന്ന് ആലോചിച്ചു… അരുൺ കൈ കൊണ്ടു ആംഗ്യമൊക്കെ കാണിച്ചു എന്തൊക്കെയോ അഭിനയിച്ചു കാണിക്കുന്നു.

ഗൗതം സോഫയിൽ ഇരിക്കുന്ന വീണയുടെ മടിയിൽ തല വേച്ചു കിടക്കുന്നു. വിനയ് ഇപ്പുറത്തെ സോഫയിൽ ഇരിക്കുന്നു. അവനരികെ ഇരിക്കുന്ന അനന്തൻ ഫോണിൽ നോക്കുന്നതോടൊപ്പം അരുണിന്റെ കളികളും സംസാരവുമൊക്കെ ശ്രദ്ധിച്ചു ചിരിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അവന്റെ അരികിലായി ഇരിക്കുന്ന അഞ്ജലി അവന്റെ ഷോൾഡറിലേക്ക് തല ചായ്ച്ചു വെച്ച് അരുണിന്റെ കളികൾ കാണുന്നു. അപ്പോഴാണ് അരുൺ പത്മയെ കണ്ടത്. “ഹായ് പത്മദേവി..

ഹെർട്ടി വെൽകം ടു ഔർ ഗ്രൂപ്പ്‌ ” പത്മ മുഖത്തൊരു ചിരി വരുത്തി. അനന്തന്റെ നോട്ടം ഫോണിൽ തന്നെയായിരുന്നു. അഞ്ജലിയുടെ തുറിച്ചു നോട്ടം പത്മ കണ്ടിരുന്നു. “എല്ലാവരും നമ്മുടെ പുതിയ മെമ്പർക്കൊരു കൈയടി കൊടുത്തേ ” ചിരികൾക്കിടയിൽ അരുൺ പത്മയോടായി പറഞ്ഞു. “കേട്ടോ പത്മ, ഞങ്ങൾ ചൈൽഡ് ഹുഡ് ഫ്രണ്ട്സാണ്. ഞങ്ങളുടെ ലൈഫ് പാർട്ണേർസ് വരുമ്പോൾ അവരെയും കൂടെ ഇതിൽ ഉൾപ്പെടുത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. നമ്മുടെ ഈ ഗ്രൂപ്പിലേക്ക് വരുന്ന ആദ്യത്തെയാളാണ് പത്മ.

അതായത് നാളത്തെ മിസ്സിസ് അനന്ത് ” “ഡാ മതി മതി നിന്റെ തള്ള്… ” ഫോണിൽ നിന്ന് മുഖമുയർത്തി അരുണിനെ നോക്കി അനന്തൻ പറഞ്ഞു. എന്തോ പറയാൻ പോയെങ്കിലും അരുൺ അനന്തന്റെ ഒറ്റ നോട്ടത്തിൽ വായടച്ചു. “അനന്തേട്ടനോട്‌ താഴേക്കു ചെല്ലാൻ പറഞ്ഞു അമ്മ ” പത്മ കിട്ടിയ ഗ്യാപ്പിൽ പറഞ്ഞൊപ്പിച്ചു. “ഞാൻ വന്നോളാം.. ” അവളെ നോക്കാതെയായിരുന്നു മറുപടി. ഒരു നിമിഷം നിന്നിട്ട് പത്മ തിരികെ നടന്നു ഗോവണിപ്പടികളിറങ്ങി. “ഇങ്ങേരെയെന്താ ഫോണുമായാണോ പെറ്റിട്ടത് ” താഴേക്കിറങ്ങുമ്പോൾ പത്മ പിറുപിറുത്തു.

“എന്റെ അനന്തു നീ മറ്റു പെൺപിള്ളേരെടുത്തെടുക്കുന്ന ആ മൊരട്ടു സ്വാഭാവം ആ കൊച്ചിന്റെ അടുത്തെടുക്കണ്ട. അതൊരു പാവമാ, ഇച്ചിരി എടുത്തു ചാട്ടം ഉണ്ടെന്നേയുള്ളൂ ” അരുൺ പറഞ്ഞത് കേട്ട് അഞ്ജലി തലയുയർത്തി അവനെ നോക്കി. “എന്താടാ നിനക്ക് അവളോടൊരു സോഫ്റ്റ്‌ കോർണർ, നിനക്ക് ആ ശാലീന സുന്ദരി സ്നേഹം പകർന്നു തന്നോ? ” “ദേ അഞ്ജു വെറുതെ വേണ്ടാത്തത് പറയരുത്. അനന്തന്റെ പെണ്ണാണ് പത്മ, അവൻ അത് ആദ്യമേ പറഞ്ഞതുമാണ്, അമ്മയെയും പെങ്ങളെയും വേർതിരിച്ചറിയാനുള്ള കഴിവൊക്കെ അരുണിനുണ്ട് ” അരുണിന് ദേഷ്യം വന്നിരുന്നു.

“അഞ്ജലി മൈൻഡ് യുവർ ലാംഗ്വേജ്. നാളെയെന്റെ ഭാര്യയാവാൻ പോവുന്നവളാണ് പത്മ. ഞങ്ങൾ തമ്മിൽ പല പ്രശ്നങ്ങളും കാണും. എന്ന് വെച്ച് അവളെ പറ്റി അനാവശ്യം പറയരുത്.. ” അഞ്ജലിയെ രൂക്ഷമായി ഒന്ന് നോക്കി കൊണ്ടു അനന്തൻ പറഞ്ഞു. “ഈസ്‌ ദാറ്റ്‌ ക്ലിയർ? ” അവന്റെ ഭാവം കണ്ടു അഞ്ജലി യാന്ത്രികമായി തലയാട്ടി. അനന്തൻ ഒന്നും പറയാതെ ഫോണിൽ നോക്കികൊണ്ട് താഴേക്കിറങ്ങി. പൂമുഖത്ത് പത്മ നിൽക്കുന്നതിന് എതിർവശത്താണ് അനന്തൻ വന്നു നിന്നത്.

“നാളെ കാവിൽ വിളക്ക് വെച്ച്, പൂജയും കഴിഞ്ഞാണ് മുഹൂർത്തം. സാധാരണ നാഗക്കാവിൽ വെച്ച് വേളി പതിവുള്ളതല്ല. എന്നാൽ നാഗകാളി മഠത്തിലെ കാവിലമ്മയുടെ താലികെട്ട് നാഗത്താന്മാർക്ക് മുന്നിലാണ് നടക്കാറുള്ളത്. താലി ചാർത്തി പരസ്പരം തുളസി മാല അണിയിച്ചു അഗ്നിയ്ക്ക് ചുറ്റും വലം വയ്ക്കുന്ന ചടങ്ങേയുണ്ടാവൂ ” പത്മ അറിയാതെ അനന്തനെ നോക്കി. കണ്ണുകളിടഞ്ഞപ്പോൾ അനന്തൻ മുഖം തിരിച്ചു. അവന്റെ മുഖം കനത്തു തന്നെയിരുന്നു. “തല്ക്കാലം ഈ ചടങ്ങുകൾ നടക്കട്ടെ.. ”

തിരുമേനി അരുന്ധതിയെ നോക്കി. “നിങ്ങൾക്ക് ഒരുപാട് ബന്ധങ്ങളും സൗഹൃദങ്ങളുമൊക്കെ ഉണ്ടാവുമെന്നറിയാം. ഇവിടുത്തെ കാര്യങ്ങളൊക്കെ ഒന്നൊതുങ്ങിയിട്ട് നിങ്ങളുടെ ആഗ്രഹം പോലെ തന്നെ ആർഭാടമായി മറ്റു ചടങ്ങുകളൊക്കെ നടത്താം ” അനന്തനെയും അരുന്ധതിയെയും നോക്കിയിട്ടാണ് ഭദ്രൻ തിരുമേനി പറഞ്ഞത്. “മറ്റൊന്നുമില്ലെങ്കിലും സാരമില്ല തിരുമേനി. ഇവളെ എന്റെ മകൻ താലി ചാർത്തുന്നത് കണ്ടാൽ മാത്രം മതിയെനിക്ക് ” അരുന്ധതി പത്മയ്ക്കരികെയെത്തി അവളുടെ തലയിൽ തഴുകി കൊണ്ടു പറഞ്ഞു.

പത്മ അനന്തനെയൊന്ന് പാളി നോക്കിയെങ്കിലും അവൻ അവളെ മൈൻഡ് ചെയ്തില്ല. “പിന്നെ മറ്റന്നാൾ രാവിലെ ഇവിടുത്തെ നിലവറ തുറക്കണം. രാവിലെ പൂജ കഴിഞ്ഞു അനന്തനും പത്മയും ചേർന്നു വേണം അതിനുള്ളിൽ പ്രവേശിക്കാൻ… ” അരുന്ധതിയുടെയും മാധവന്റെയും സുധയുടെയും മുഖങ്ങളിൽ ഭീതി നിറഞ്ഞു. “ഒന്നും പേടിക്കണ്ട, അവർ പരസ്പരം തുണച്ചോളും ” അനന്തൻ ഒന്നും പറയാതെ മുണ്ടിന്റെ തുമ്പ് തെല്ലുയർത്തി പിടിച്ചു പത്മയ്ക്കരികിലൂടെ അകത്തേക്ക് കയറി പോയി.

ഫോൺ റിംഗ് ചെയ്തപ്പോഴാണ് പത്മ നോക്കിയത്. ശ്രുതിയാണ്. അവൾ ഫോണുമെടുത്ത് പുറകിലെ മുറ്റത്തേക്ക് നടന്നു. “ഹെലോ.. ” “ഹലോ, എന്തൊക്കെയാടി ഞാൻ കേൾക്കുന്നത്? നിന്റെ കല്യാണം ഉറപ്പിച്ചോ, അതോ ഈ കൃഷ്ണ എന്നെ പറ്റിച്ചതാണോ അല്ലേൽ ഇവൾ സ്വപ്നം കണ്ടതാവും ല്ലേ ” പത്മ കൃഷ്ണയെ വിളിച്ചു വിവാഹക്കാര്യം പറഞ്ഞിരുന്നു. ശ്രുതിയെ വിളിച്ചിട്ട് കിട്ടിയില്ല. “സത്യമാണ് ശ്രുതി ന്റെ വിവാഹമാണ്,നാളെ ” “നാളെയോ..? നീ എന്തൊക്കെയാ ഈ പറയുന്നേ, അപ്പോൾ നിന്റെ പഠനം.. ”

“അതിനെ പറ്റിയൊന്നും ഞാനിപ്പോൾ ആലോചിക്കുന്നില്ല്യ ശ്രുതി. ഇതിൽ നിന്ന് ഒഴിവാകാൻ പറ്റില്ലെയെനിക്ക്… ” “ആ അനന്തിനെ…അനന്തിനെ നിനക്കിഷ്ടമാണോ? ” “എന്തു വന്നാലും നാളെ പത്മ അനന്തന്റെ ഭാര്യയാവും ” “പത്മ..” “നിക്ക് വിഷമമൊന്നുമില്ല്യ ശ്രുതി. ഞാൻ അനന്തേട്ടനെ സ്നേഹിച്ചു തുടങ്ങി.. ” അകത്തു നിന്നും സുധ വിളിക്കുന്നത് കേട്ട് പത്മ പറഞ്ഞു. “അമ്മ വിളിക്കുന്നു. ഞാൻ പിന്നെ വിളിക്കാംടീ ” “ശരി.. ” “ഞാൻ ഏട്ടനോട് ഇനിയെന്ത് പറയും കൃഷ്ണ? ” പത്മ ഫോൺ ചെവിയിൽ നിന്ന് മാറ്റാൻ തുടങ്ങുമ്പോഴാണത് കേട്ടത്.

“ഇത്രയും നാളും ഒന്നും മിണ്ടാതെ, നിന്റെ ഏട്ടന് ഇപ്പോഴാണോ ഇത് പറയാൻ തോന്നിയത്. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. വൈശാഖേട്ടന് പത്മയെ ഇഷ്ടമായിരുന്നെന്ന് ഒരിക്കലും അവളറിയരുത് ” ശ്രുതിയോട് കൃഷ്ണ പറഞ്ഞത് കേട്ട് പത്മ ഞെട്ടലോടെ ഫോണിലേക്ക് നോക്കി. കാൾ കട്ട്‌ ആയിരുന്നില്ല. ഇനിയൊന്നും കേൾക്കാൻ വയ്യെന്ന് തോന്നിയതും പത്മ കാൾ കട്ട്‌ ചെയ്തു അകത്തേക്ക് നടന്നു. അനന്തൻ മുറിയിലേക്ക് ചെല്ലുമ്പോൾ ഭദ്രൻ തിരുമേനി തടിച്ചൊരു ഗ്രന്ഥവും തുറന്നു വെച്ച് ചാരുകസേരയിൽ ഇരിക്കുകയായിരുന്നു.

അനന്തനെ കണ്ടതും കണ്ണട ഒന്ന് താഴ്ത്തി അതിന് മുകളിലൂടെ അനന്തനെ നോക്കി കൊണ്ടു അദ്ദേഹം ചിരിയോടെ ചോദിച്ചു. “എന്താടോ നിങ്ങളുടെ പിണക്കങ്ങളൊക്കെ തീർന്നില്ലേ ഇനിയും..? ” അനന്തന്റെ നുണക്കുഴികൾ തെളിഞ്ഞു, തിരുമേനിയെ നോക്കി കണ്ണിറുക്കി കാട്ടികൊണ്ട് അവൻ പറഞ്ഞു. “ചുമ്മാ… ” “എന്തായാലും പിണക്കം ഇനി അധികം നീട്ടികൊണ്ടു പോവണ്ട. നാഗപഞ്ചമിയ്ക്ക് അധികം ദിവസങ്ങളില്ല ‘ കണ്ണട ഊരികൊണ്ട് അദ്ദേഹം പറഞ്ഞു. അന്ന് സന്ധ്യയ്ക്ക് തിരുമേനി പറഞ്ഞതനുസരിച്ച് പത്മയും അനന്തനുമാണ് നാഗക്കാവിലേക്ക് പോയത്.

ഒരുമിച്ചാണ് ഇറങ്ങിയതെങ്കിലും താമരക്കുളം എത്തുന്നതിനും മുൻപേ അനന്തൻ പത്മയെ കടന്നു മുമ്പിൽ നടന്നു. “ഇയാൾക്കെന്താ വായുഗുളികയ്ക്ക് പോവാനുണ്ടോ ” പറഞ്ഞു കൊണ്ടു പത്മ പുറകെ നടന്നു. കാവിൽ കയറി തിരി വെയ്ക്കുമ്പോഴും അനന്തൻ അവളെ നോക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. തൊഴുതു കഴിഞ്ഞു പുറത്തേക്ക് നടക്കുമ്പോഴാണ് ആഞ്ഞിലി മരത്തിന്റെ വേരിൽ കാൽ തട്ടി പത്മ വീഴാൻ തുടങ്ങിയത്. അപ്പോഴേക്കും പുറകിൽ വന്ന ആൾ കൈയിൽ പിടിച്ചു നേരേ നിർത്തിയിരുന്നു. “നിലത്തോട്ട് നോക്കി നടക്കെടി ” പറഞ്ഞിട്ട് അനന്തൻ മുൻപോട്ട് നടന്നു. പത്മയുടെ നാക്ക്‌ ചൊറിഞ്ഞു വന്നെങ്കിലും പറയാൻ വന്നത് മനസ്സിലടക്കി അവൾ അനന്തന്റെ പുറകെ നടന്നു.

(തുടരും ) പഴയ കഥാപാത്രങ്ങളെ ഒന്ന് പരിചയപ്പെടുത്താം. മൂന്ന് ആത്മാർത്ഥ സുഹൃത്തുക്കൾ -നാഗകാളി മഠത്തിലെ ജാതവേദൻ, മേലേരിയിലെ ഭദ്രൻ തിരുമേനി, മാണിക്യമംഗലത്തെ രാഘവവർമ്മ. നാഗകാളി മഠത്തിലെ രേവതി തമ്പുരാട്ടിയുടെയും വാഴൂരില്ലത്തെ അഗ്നിശർമ്മന്റെയും മകൻ ദേവശർമ്മൻ എന്ന ഭൈരവൻ ( അച്ഛന്റെയും അമ്മയുടെയും മരണകാരണം നാഗകളിമഠത്തിലുള്ളവരാണെന്ന് വിശ്വസിക്കുന്നവൻ ) മൂന്ന് പ്രണയജോടികൾ. സുഭദ്രയും വിഷ്ണുവും -ജാതവേദന്റെ മകളും സഹോദരീപുത്രനും.

ദേവനാരായണനും ലക്ഷ്മിയും -ജാതവേദന്റെ പുത്രനും മാണിക്യമംഗലത്തെ രാഘവവർമ്മയുടെ മകളും. (ഇവരുടെ കൊച്ചുമകനാണ് അനന്തൻ ) ആദിത്യനും ഭദ്രയും -വാഴൂരിലെ ഭൈരവന്റെ മൂന്നാം തലമുറയിലെ കൊച്ചുമകനും മേലേരി ഇല്ലത്തെ നാഗകന്യയും (ഭദ്രൻ തിരുമേനിയുടെ അനന്തിരവൾ. വിവാഹം കഴിക്കാൻ അനുവാദമില്ലാത്തവൾ നാഗകന്യ ) കുറച്ചെങ്കിലും മനസ്സിലായെന്ന് കരുതുന്നു ബാക്കി ഇവരുടെ കഥ പറയുമ്പോൾ മനസ്സിലാവും 😜💕

നാഗമാണിക്യം: ഭാഗം 12

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!