നിവേദ്യം : ഭാഗം 30

നിവേദ്യം : ഭാഗം 30

എഴുത്തുകാരി: ആഷ ബിനിൽ

ഒരാഴ്ച്ചകൂടി ശാന്തമായി കടന്നുപോയി. പുതിയ സിഇഒ വരുന്നുണ്ടെന്നറിഞ്ഞു അതിന്റെ ചർച്ചകളിൽ ആണ് എല്ലാവരും. എംഡിയുടെ മരുമകൾ ആയിരുന്നു പഴയ സിഇഒ. ഈ എംഡി എന്നു വിളിക്കുന്നത് സത്യത്തിൽ ചെയർമാനെ ആണ്. രേഖകളിൽ എംഡി എന്നു പറയുന്നയാൾ മൂപ്പരുടെ മകൻ ആണ്. ആളെ കണ്ടിട്ടുപോലും ഇല്ലാത്തത് കൊണ്ടു അച്ഛൻ എംഡിയെ ഞങ്ങൾ എംഡി എന്നു വിളിക്കുന്നു. അത്ര തന്നെ.

മകൻ ദുൽഖർ സൽമാനെപ്പോലെ വീട്ടിൽ കയറാത്ത സ്വഭാവം ആയതുകൊണ്ട് നന്നാക്കാൻ വേണ്ടി എംഡിയുടെ കസേര കൊടുത്തതാണ് അച്ഛൻ. എവിടെ. കസേര വെറുതെ ഇട്ടു കറങ്ങാൻ പോയിത്തുടങ്ങി. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി. ആ ലൈൻ ആണ് ആൾ. ഈ ചുവന്ന ഭൂമി എവിടാണാവോ? വല്ല ഇഷ്ടികക്കളവും ആണോ? പെണ്ണ് കെട്ടിയാൽ നന്നാകും എന്നു കരുതി വിവാഹം കഴിപ്പിച്ചു. പെണ്ണിനെ വീട്ടിൽ നിർത്തിയും ആളുടെ കറക്കം തുടർന്നുപോന്നു.

പിന്നെപ്പിന്നെ ഭാര്യയെ സ്നേഹിച്ചു തുടങ്ങിയപ്പോൾ രണ്ടും കൂടി ഒന്നിച്ചായി കറക്കം. ആദ്യമൊക്കെ അടൂർ സാറിന്റെ പടം പോലെ പൊയ്ക്കൊണ്ടിരുന്ന അവരുടെ കുടുംബജീവിതം അതോടെ പ്രിയദർശൻ സിനിമപോലെയായി. ആട്ടം, പാട്ട്, ട്രിപ്പ്, കോമഡി, ഇടയ്ക്ക് അല്പം സെന്റി അങ്ങനെയങ്ങനെ. മകനോട് പറഞ്ഞിട്ട് കാര്യം ഇല്ലാത്തത് കൊണ്ടു മൂപ്പര് മരുമോളെ പിടിച്ചു സിഇഒ ആക്കി. കാര്യങ്ങൾ ഒരുവിധം നന്നായി വന്നപ്പോൾ പുള്ളിക്കാരി പ്രെഗ്നന്റും.

വീണ്ടും ഭാരം അച്ഛൻ എംഡിയുടെ തലയിൽ. മേഡത്തിന് എന്റെ ഒരു തോളോടുതോൾ ചേർന്നു നിൽക്കാനുള്ള ബുദ്ധിയും കഴിവും ഒക്കെയുള്ളതുകൊണ്ട് ഞാൻ അങ്ങു കമ്പനി കൊടുത്തു. പാവം അല്ലെ… വല്ലതും വന്നു മിണ്ടിയിട്ടു പോട്ടെ. അങ്ങനെയുള്ള മിണ്ടലിൽ അറിഞ്ഞതാണ് ഇക്കാര്യങ്ങൾ. അയ്യോ. പറഞ്ഞു വന്നത് പുതിയ സിഇഒയുടെ കാര്യം. മേഡം പോയതോടെ ആ പോസ്റ്റ് വേക്കൻറ് ആയതുകൊണ്ട് നാലഞ്ചു മാസമായി രാജുവേട്ടൻ ആണ് കാര്യങ്ങളൊക്കെ ചെയ്തിരുന്നത്.

അടിമകണ്ണ് എന്നൊക്കെ പറഞ്ഞാൽ അതിന്റെ പ്രതിരൂപം ആണ് നമ്മുടെ കണവൻ. ആത്മാർത്ഥതയുടെ നിറകുടം അല്ല, മരമാണ്. ഈ ശുഷ്‌കാന്തി ഒക്കെ സ്വന്തം കാര്യത്തിൽ ഉണ്ടായിരുന്നെങ്കിൽ ഞാനും ഇപ്പോ മേടത്തിനെപ്പോലെ വീട്ടിൽ ഇരുന്നു റെസ്റ്റ് എടുക്കേണ്ടതാണ്. യോഗം ഇല്ല അമ്മിണിയേ, ലീവ് ഫോം മടക്കിക്കോളിൻ. ഇവിടുത്തെ ജോലി എല്ലാം കൂടി എടുത്താൽ പൊങ്ങാത്ത ഭാരം ആയപ്പോൾ ഏട്ടൻ എംഡിയോട് ഒരാളെ വേണം എന്നു പറഞ്ഞു.

അങ്ങനെയാണ് പുതിയ മഹാൻ/ മഹതി ആഗതയാകാനുള്ള വഴി തെളിഞ്ഞത്. ജോലി ചെയ്യുന്നതിനിടയിൽ ഇടയ്ക്കിടെ എന്റെ കണ്ണ് പലവട്ടം വാതിൽക്കലേക്ക് പോയി. വരുന്നയാളെ കാണാനുള്ള തിടുക്കം കൊണ്ടാണെ. ഒടുവിൽ ഒരു പത്തരയോടെയാണ് കക്ഷി എത്തിയത്. വരേണ്ടിയിരുന്നില്ല എന്നു ആദ്യത്തെ നോട്ടത്തിൽ തന്നെ തോന്നി. “ആയുഷ്…!” ഇതിപ്പോ ഒരുമാതിരി ക്ളീഷേ ആയിപ്പോയല്ലോ.

ആദ്യം ഏട്ടനെ ഞാൻ കണ്ടതും ഇതുപോലൊരു എട്ടിന്റെ പണി ആയിട്ടായിരുന്നു. അത് പിന്നീട് നന്നായതേയുള്ളൂ. ഇത്… ആയുഷ് വഴിതെറ്റി വന്നതാകാൻ ഒരു വഴിയുമില്ല. അവന്റെ ഉദ്ദേശം എന്തുതന്നെ ആയാലും നല്ലത്തിനല്ല എന്നുറപ്പാണ്. ഏട്ടനെ നോക്കിയപ്പോൾ ആളും എന്റെ അതേ ഭാവത്തിൽ തന്നെയാണ് നിൽക്കുന്നത്. ആയുഷിനെ ഏട്ടനെ ഏല്പിച്ചിട്ടാണ് എംഡി പോയത്. മൂപ്പരുടെ സഹോദരിയുടെ മകൻ ആണത്രേ.

ഉച്ചവരെ ആൾ ഏട്ടനോട് ഓരോന്ന് ചോദിച്ചു പഠിക്കുകയായിരുന്നു. ഒരുതരത്തിലും എന്നെയൊ ഏട്ടനെയോ പരിചയം ഉള്ള ഭാവം പോലും കാണിക്കുന്നില്ല. എന്തായാലും ഈ എലി പതുങ്ങുന്നത് ഒളിക്കാൻ അല്ല, കരണ്ടാൻ തന്നെയാണ്. ഏട്ടനോടൊപ്പം ആണ് ഞാൻ ഊണ് കഴിക്കാറ്. “ഏട്ടാ.. ആയുഷ്…” “നിവി.. നമുക്ക് വീട്ടിൽ പോയി സംസാരിക്കാം. വേഗം കഴിച്ചെഴുന്നേൽക്ക്” ഏട്ടന്റെ കഴിപ്പ് അല്ലെങ്കിലും വേഗത്തിലാണ്.

ഒരു മണിക്കൂർ ലഞ്ച് ടൈം ഉണ്ടെങ്കിലും ആൾ പതിനഞ്ചു മിനിറ്റിനുള്ളിൽ പരിപാടി അവസാനിപ്പിക്കും. ഇന്ന് ആണെങ്കിൽ പത്തു മിനിറ്റ് പോലുമില്ല. ഇത്ര ധൃതിയിൽ എന്തിനാ ഈ ഓടുന്നത്? ഗ്യാസ് പ്രോബ്ലം ഒന്നും ഇല്ലല്ലോ?ആയുഷ് ആണെങ്കിൽ എവിടെയും പോകുന്നുമില്ല. ഊണ് കഴിഞ്ഞു പണി വരുന്നതും നോക്കി ഇരുന്നെങ്കിലും എന്നെ മുൻപരിചയം ഉള്ള ഭാവം പോലും അവനില്ല. ഏട്ടനോടും വളരെ ഫോർമൽ ആയിട്ടാണ് സംസാരിക്കുന്നത് കണ്ടത്.

ഇടയ്ക്ക് നോക്കുമ്പോൾ മരിയ കട്ട ഫോൺ വിളിയാണ്. കല്യാണം പ്രമാണിച്ചുള്ള മൂന്നാമത്തെ ലീവ് കഴിഞ്ഞ് ഇന്നിങ്ങു വന്നതെയുള്ളൂ. എന്തോ, എനിക്കവൾ കുറുകുന്നത് കണ്ടപ്പോൾ ദേഷ്യം വന്നു. ഈ പ്യാരിയെ ഞാനിന്ന്… “ഡീ…” എന്റെ ഭാവം കണ്ടു പേടിച്ചിട്ടാണോ എന്തോ, അവൾ വേഗം ഫോൺ കട്ട് ചെയ്തു. “എന്താ നിവി?” “കെട്ടിയോനോട് കുറുകാൻ ആണെങ്കിൽ നിനക്ക് അങ്ങു പാലായിൽ തന്നെ നിന്നാൽ പോരായിരുന്നോ?” “നിവി അത്..

എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ്…” “ജോലി ചെയ്താലേ സർട്ടിഫിക്കറ്റ് കിട്ടൂ. അല്ലാതെ ഡ്യൂട്ടി ടൈമിൽ ഫോൺ ചെയ്‌തോണ്ടിരുന്നാൽ ഉണ്ടല്ലോ…” ഞാൻ അതേ ഭാവത്തിൽ തിരിഞ്ഞു നടന്നു. സത്യത്തിൽ അവളോടു ദേഷ്യമില്ല, രാവിലെ മുതൽ എന്റെയുള്ളിൽ പുകയുന്ന അഗ്നിപർവതത്തിന്റെ ലാവയാണ് ഈ ഒഴുകിയത്. പാവം പേടിച്ചെന്നു തോന്നുന്നു, വേഗം ജോലി ചെയ്യുന്നത് കണ്ടു. അന്ന് വൈകിട്ട് വരെ ആയുഷിൽ നിന്ന് ശല്യമൊന്നും ഉണ്ടായില്ല.

വീട്ടിലെത്തി വേഗം ജോലികളെല്ലാം തീർത്തു ഞങ്ങൾ കിടന്നു. “ഏട്ടാ.. നമ്മളെ രണ്ടാളെയും മുൻപരിചയം പോലും കാണിക്കുന്നില്ല. അവന്റെ ഉദ്ദേശ്യം എന്താകും?”. “എന്തായാലും നല്ലതിനല്ല നിവി. വേഗം അവിടെ നിന്ന് മാറുന്നതാണ് നല്ലത്” ഒരുപാട് നല്ല ഓഫറുകൾ വന്നിട്ടും കമ്പനിയിൽ നിന്ന് പോകാതെ സാലറി ഹൈക്ക് പോലും ഇല്ലാതെ ജോലി ചെയ്യുന്നയാൾ ആണ് ഏട്ടൻ. “അങ്ങനെ ആണെങ്കിൽ അന്നു സിതാര ഗ്രൂപ്പിൽ നിന്ന് വന്ന ഓഫർ സ്വീകരിച്ചുകൂടെ?

ഇപ്പോ ഉള്ളതിലും ഡബിൾ സാലറി അല്ലെ അവരുടെ ഓഫർ” “അത് ശരിയാണ് പക്ഷെ നിന്നെ ഇവിടെ നിർത്തിയിട്ട് പോകാൻ എനിക്ക് പറ്റില്ല നിവി. നമുക്ക് എംഡിയോട് ഒന്നു സംസാരിച്ചു നോക്കിയാലോ” ഏട്ടൻ പറഞ്ഞു. “അതെങ്ങനെയാ ഏട്ടാ? സ്വന്തം അനന്തിരവനേക്കാൾ വലുതാണോ അവർക്ക് ഏട്ടൻ?” എന്റെ ചോദ്യത്തിന് മറുപടി ഉണ്ടായില്ല. “ഞാൻ പറയുകയാണെങ്കിൽ ഏട്ടൻ സിതാരയിലെ ഓഫർ സ്വീകരിക്കണം. അതാകുമ്പോ എനിക്ക് അവന്റെ എന്തെങ്കിലും പ്രവർത്തി കാരണം ജോബ് റിസൈൻ ചെയ്താലും ഏട്ടന് നല്ല സാലറി ഉണ്ടെങ്കിൽ പ്രശ്നം ഇല്ലല്ലോ.

അതല്ലാതെ നമ്മൾ രണ്ടാളും അവിടെ കൺടിന്യൂ ചെയ്താൽ അവൻ നമ്മളെ ഒരുമിച്ചു പെരുവഴിയിൽ ഇറക്കാനുള്ള പരിപാടി ആയിരിക്കും ചെയ്യുന്നത്” “എന്നാലും നിവി..നീ ഒറ്റയ്ക്ക് അവന്റെ അണ്ടറിൽ…” “അതിനിപ്പോ എന്താ? എന്നെ നോക്കാൻ എനിക്കറിയാം” ഞാൻ ധൈര്യപൂർവം പ്രഖ്യാപിച്ചു. “അതേ. അതാണല്ലോ ഇപ്പോ ഈ കണ്ട പ്രശ്നം മുഴുവൻ വരുത്തി വച്ചത്. അന്ന് നീ അവനിട്ട് പണിതതാണ് എല്ലാത്തിന്റെയും തുടക്കം” ഏട്ടന്റെ ദേഷ്യത്തിൽ ഉള്ള പറച്ചിൽ കേട്ടെനിക്ക് ദേഷ്യം വന്നു.

“പിന്നെ ഞാനെന്ത് വേണം? എന്റെ അനിയത്തിയെ അവന്റെ മുൻപിൽ ഇട്ട് കൊടുക്കണമായിരുന്നോ? അതോ പോലീസിൽ പരാതി കൊടുത്തു എന്റെ അനിയത്തിയെ എല്ലാവരും കൂടി അപമാനിക്കുന്നത് കാണണമായിരുന്നോ ഏട്ടന്?” “നിവി അവൾ നിന്റെ മാത്രമല്ല, എന്റെകൂടി അനിയത്തിയാണ്. അവൾക്ക് നൊന്താൽ എനിക്കും നോവും. പക്ഷെ അതിനുള്ള സോല്യൂഷൻ അതല്ലായിരുന്നു. എടുത്തുചാടി ഓരോന്ന് ചെയ്യാതെ എന്താ വേണ്ടതെന്ന് ആലോചിച്ചു തീരുമാനിക്കണമായിരുന്നു.”

ആ പറഞ്ഞത് സത്യം ആയതുകൊണ്ട് ഞാൻ പിന്നൊന്നും മിണ്ടാൻ നിന്നില്ല. ഏട്ടൻ അടുത്ത ദിവസം തന്നെ സിതാരയിൽ വിളിച്ചു ജോയിനിംഗ് കൺഫേം ചെയ്തു. എന്നെ ഒറ്റയ്ക്ക് നിർത്താനുള്ള ധൈര്യം ഇല്ലായിരുന്നു എങ്കിലും ഒരുവിധം പറഞ്ഞു സമ്മതിപ്പിച്ചു. 24 ഹവർ നോട്ടീസിൽ ആണ് ഏട്ടൻ പോയത്. എംഡിയെ നേരിട്ട് വിളിച്ചു പറഞ്ഞത് കൊണ്ട് ആയുഷിന് അതിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

വൈകിട്ട് അവൻ അടക്കം എല്ലാവർക്കും ഒരു ചെറിയ ട്രീറ്റും കൊടുത്ത് ഏട്ടൻ ഇറങ്ങി. ഒപ്പം ഞാനും. ഇറങ്ങുമ്പോൾ ആ കണ്ണുകൾ നിറഞ്ഞത് കണ്ട എനിക്ക് നല്ല വേദന തോന്നി. ഒപ്പം അറിഞ്ഞുകൊണ്ട് അല്ലെങ്കിലും അതിന് കാരണക്കാരി ഞാൻ ആണല്ലോ എന്ന കുറ്റബോധവും. വൈകിട്ട് ഞാൻ റൂമിലേക്ക് വരുമ്പോൾ ഏട്ടൻ ലാപ്പിൽ എന്തോ കാര്യമായ പണിയിൽ ആണ്. “എന്താ ചെയ്യുന്നത്?” “നിനക്ക് വേണ്ടി കുറച്ചിടത്തേക്ക് ആപ്പിക്കേഷൻ അയക്കുകയായിരുന്നു.

അവന്റെ അണ്ടറിൽ നീ നിന്നാൽ ശരിയാകില്ല. എന്തെങ്കിലും പണി ഉണ്ടാക്കും” “പിന്നേ. അവന്റെ കയ്യും കാലും താലി ഒടിച്ച ഏട്ടൻ തന്നെ ഇത് പറയണം.” ഞാൻ പറഞ്ഞത് കേട്ട് ആളൊന്നു പരുങ്ങി. പിന്നെ കലിപ്പ് മോഡ് ഓൺ ആക്കി. “ഞാൻ ചെയ്തത് കാര്യമുള്ള കാര്യത്തിനാണ്” “പിന്നേ. ഞാൻ ചെയ്തത് അവൻ ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്തിന് ആണല്ലോ. ഒന്ന് പോ ഏട്ടാ” എന്നോട് പറഞ്ഞിട്ട് കാര്യമില്ല എന്നു തോന്നി ഏട്ടൻ ആ വിഷയം വിട്ടു. “ഏട്ടാ അത് പിന്നെ ഇല്ലേ.

ഒരുവർഷം പോലും തികയുന്നതിന് മുൻപ് റിസൈൻ ചെയ്താൽ അത് കരിയറിൽ ഒരു ബ്ലാക്ക് മാർക്ക് ആകില്ലേ” “അതുകൊണ്ട്..?” കട്ട കലിപ്പിൽ ആണ് ആൾ. “അല്ല. അതുകൊണ്ട് ഒന്നുല.” “ഹമ്മം..” ആൾ പിന്നെയും ഗൂഗിളിനെ വിഴുങ്ങാൻ തുടങ്ങി. ഇങ്ങനെ ലാപ്പിലേക്ക് കമഴ്ന്നു വീഴാൻ ആണെങ്കിൽ പിന്നെ ഞാൻ എന്തിനാ ഇവിടെ ഇരിക്കുന്നത്..? “ഏട്ടാ. അപ്പോ പിന്നെ ഞാൻ മറ്റൊരു ജോലി കിട്ടുന്നത് വരെ ഇവിടെത്തന്നെ തുടരാം. ല്ലേ…?” ആൾ വീണ്ടുമൊന്ന് മൂളി.

എന്നെ നോക്കാതെ ഇപ്പോഴും കണ്ണ് ലാപ്പിൽ ആണ്. അതിൽ അങ്ങേരുടെ കുഞ്ഞമ്മ വലതും ഉണ്ടോ എന്തോ. കമ്പനിയിൽ നിന്ന് ഇറങ്ങിയതിലെ വിഷമവും എന്നെ ഒറ്റയ്ക്ക് വിടുന്നത്തിലെ ടെൻഷനും ആണ് ഈ കാണിക്കുന്നത് എന്നറിയാം. പക്ഷെ അതങ്ങനെ അംഗീകരിച്ചു കൊടുക്കാൻ പറ്റില്ലല്ലോ. ദേഷ്യംവന്നു ഞാൻ ഫോണെടുത്ത് രണ്ടു വീട്ടിലേക്കും വിളിച്ചു സംസാരിച്ചു വെറുപ്പിച്ചു. എന്നിട്ടും മൈൻഡ് ഇല്ല. അവസാനം ഞാൻ ബെഡ് കൊട്ടി കുടഞ്ഞു, മുടി കെട്ടി, ഏട്ടന് ഇഷ്ടമുള്ള ബോഡി ലോഷനും എടുത്തു തേച്ചു.

ഓട്ടക്കലത്തിൽ ഇനിയും വെള്ളം കോരിയിട്ട് കാര്യം ഇല്ലെന്ന് മനസിലായപ്പോൾ ഞാൻ കയറി കിടന്നു. അധികം വൈകാതെ ലൈറ്റ് ഓഫ് ആകുന്നതും വയറിലൂടെ കൈകൾ മുറുകുന്നതും കഴുത്തിൽ ആ താടി ചേർത്തു കിടക്കുന്നതും ഞാനറിഞ്ഞു. ജോയിൻ ചെയ്ത ദിവസം മുതൽ ഏട്ടൻ ഒപ്പമുണ്ട്. ഒരു അദ്ധ്യാപകൻ ആയി, മെന്റർ ആയി, സുഹൃത്തായി, അങ്ങനെ അങ്ങനെ. നാളെ മുതൽ ആ തണൽ എനിക്കില്ല. ഒറ്റയ്ക്.. അതും ആയുഷിന്റെ മുൻപിൽ… ഉള്ളിൽ ഞാൻ കുഴിച്ചു മൂടിയ ആധി പതിയെ തലപൊക്കുന്നത് തിരിച്ചറിഞ്ഞു.

തുടരും

നിവേദ്യം : ഭാഗം 29

Share this story