ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 53

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 53

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

ആ മുറിക്കു പുറത്തിറങ്ങിയതും അനന്തൻ എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടന്നു.. തന്റെ പ്രാണൻ.. ഉപേക്ഷിക്കേണ്ടി വന്നാൽ പിടഞ്ഞു തീരില്ലേ തന്റെ സിഷ്ഠ.. ഇനിയെന്ത്.. അമ്മച്ചിയുടെ ജീവൻ.. വാക്ക് പാലിക്കാൻ ഏതറ്റം വരെയും പോകും.. മുത്തശ്ശൻ അറിഞ്ഞാൽ ചിലപ്പോൾ സിഷ്ഠയെ വരെ അപകടപ്പെടുത്തുമോ? സംഘർഷങ്ങളും ഭയവും ചിന്തകളെ വഴി തിരിച്ചു വിട്ടു കൊണ്ടിരുന്നു.. വിദൂരതയിലേക്ക് നോക്കി നിന്നതും പിന്നിൽ ഒരു കരസ്പർശം അറിഞ്ഞു..

തിരിഞ്ഞു നോക്കിയതും കണ്ട ആളിൽ അവസാന പ്രതീക്ഷ മിന്നി മാഞ്ഞു.. മാളൂ… പ്രതീക്ഷയോടെ അതിലുപരി വർദ്ധിച്ച സങ്കടത്തോടെ അവൻ വിളിച്ചു.. എന്ത് പറ്റി അനന്താ.. മാളവിക ചോദിച്ചതും അനന്തൻ അവളുടെ കൈകൾ ഒരാശ്രയത്തിനെന്ന പോലെ സ്വന്തം കൈകളിലാക്കി.. മാളൂ.. മിഥുനയെ പറഞ്ഞു മനസിലാക്കാമെന്ന് പറഞ്ഞിട്ട്.. അവിടെ നടന്ന കാര്യങ്ങൾ എല്ലാം അവളോട് വിശദീകരിച്ചു.. എനിക്ക് കഴിയില്ല മാളൂ..

സിഷ്ഠയെ മറന്നൊരു ജീവിതം ഈ അനന്തനില്ല.. അതിലും നല്ലതെന്റെ ജീവനെടുക്കുന്നതായിരുന്നു.. എന്തിനെന്നറിയാതെ നിറഞ്ഞ മിഴികൾ അമർത്തി തുടച്ചവൻ പറഞ്ഞു.. ഞാൻ മറന്നു പോയി മാളൂ.. ഇപ്പോൾ ചെയ്തതും അതാണല്ലോ അല്ലേ.. എന്റെ ജീവൻ പോലും ഞാൻ അവളിൽ പണയപെടുത്തിയിരിക്കുന്നു മാളൂ.. മിഥുന ഒരിക്കലും എനിക്കൊപ്പം സന്തോഷവതി ആയിരിക്കില്ല.. നിന്റെ മുന്നിൽ ഞാൻ അപേക്ഷിക്കുവാ.. ഒരു സഹോദരനായി കണ്ടെന്നെ സഹായിക്കാൻ നിനക്കെ കഴിയൂ..

നിന്റെ കാലിൽ വീഴാം ഞാൻ എന്റെ സിഷ്ഠയെ മാത്രം മതിയെനിക്ക്.. എവിടെയെങ്കിലും അവളെ കൂട്ടി പൊക്കോളാം.. പുറകെ അന്വേഷിച്ചു വരാതിരുന്നാൽ മതി.. അത്രയും പറഞ്ഞവൻ നടന്നു നീങ്ങി.. നിസ്സഹായയായി അവൻ പോയ വഴിയെ നോക്കി മാളവിക നിന്നു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 അനന്തൻ പറഞ്ഞുകൊണ്ടിരിക്കെ മാളവിക തന്റെ കണ്ണുകൾ തുടച്ചു.. തറയിൽ അനന്തനഭിമുഖമായി ഇരുന്ന വസുവിന്റെ അരികിലെത്തി.. എന്നോട് ക്ഷമിക്കണം വസിഷ്ഠ നിങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല..

മാളവികയുടെ ശബ്‍ദം കേട്ടതും വസു അനന്തനിൽ നിന്നും മിഴകൾ പിൻവലിച്ചു.. മിസ്സ് എന്നോട് എന്തിനാ ക്ഷമ പറയുന്നേ.. ? ഞാൻ ആണ് ക്ഷമ പറയേണ്ടത്.. മിഥുന ചേച്ചിയോട്.. എന്നെ മനസ്സിൽ വെച്ചു നന്ദൻ സർ ഒരുപാട് ബുദ്ധിമുട്ടിച്ചു ല്ലേ? അറിയില്ലായിരുന്നു.. എന്നോളം അല്ല എന്നേക്കാൾ അദ്ദേഹത്തെ പ്രണയിച്ച മറ്റൊരാളുണ്ട് എന്ന്.. അറിഞ്ഞിരുന്നേൽ ഒരിക്കലും ഞാൻ പ്രണയിക്കില്ലായിരുന്നു.. ഒരാളുടെയും കണ്ണുനീർ വീഴ്ത്താൻ ഞാൻ ഇതുവരെ ആഗ്രഹിച്ചിട്ടില്ല.. പക്ഷേ ഞാൻ സന്തോഷിച്ചിരുന്നു ചേച്ചി..

നിങ്ങളുടെ അടുത്തു സർ സുരക്ഷിതനാണെന്ന്.. മിഥുന ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട് തല വെട്ടിച്ചു.. വസുവിന്റെ കാലിൽ വീണ് കൊണ്ട് പറഞ്ഞു.. നീ ഇനിയുമെന്നെ തോൽപിക്കല്ലേ വസിഷ്ഠ.. ഞാൻ സ്വാർത്ഥയായിരുന്നു.. കൈപിടിയോളം വന്ന ഒന്നിനെ വിട്ടു നൽകാൻ ഞാൻ തയ്യാറായിരുന്നില്ല.. അനന്തെട്ടന്റെ താലി ഞാൻ ഏറ്റുവാങ്ങിയത് പോലും എല്ലാം അറിഞ്ഞു വെച്ചായിരുന്നു.. വിട്ട് തരാൻ തോന്നിയില്ല വസിഷ്ഠ..

ആ മനസിലും ജീവിതത്തിലും ഞാൻ എന്നും ഒരു സുഹൃത്ത് മാത്രമാണെന്ന് അറിഞ്ഞു വന്നപ്പോഴേക്കും വിട്ട് തരാൻ കഴിയാത്തവണ്ണം ഒരു ജീവൻ എന്നിൽ ഉടലെടുത്തിരുന്നു.. കുഞ്ഞനെ നോക്കി മിഥുന പറഞ്ഞു. ഭൂതകാലം വീണ്ടും ഓളം വെട്ടി നീങ്ങിയപ്പോൾ മാളവികയും മിഥുനയും അനന്തന്റെ വാക്കുകളിലൂടെ ജീവിക്കുകയായിരുന്നു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ എത്തിയ മാളവിക കാണുന്നത് അനന്തന്റെ ഫോട്ടോയിലേക്ക് നോക്കി പുഞ്ചിരിക്കുന്ന മിഥുനയെയാണ്..

അവളുടെ അരികിൽ വന്ന് നിന്ന് മാളവിക മെല്ലെ തട്ടി വിളിച്ചു.. മാളവികയെ കണ്ടതും മിഥുന കള്ളം പിടിക്കപ്പെട്ട കുഞ്ഞുങ്ങളെ പോലെ നോക്കി.. എന്താ മാളുഏച്ചി.. മാളവികയുടെ മുഖത്തെ സങ്കടം കണ്ടതും മിഥുന ചോദിച്ചു.. മോളെ മിഥു.. ഞാൻ നിനക്ക് ആരാ? മാളവിക മുഖവുര എന്നോണം ചോദിച്ചു.. അതെന്ത് ചോദ്യ മാളുഏച്ചി.. ന്റെ മാളുമ്മ അല്ലേ എനിക്കെല്ലാം.. എന്താ ഇപ്പോൾ ഇങ്ങനൊരു സംശയം.. മിഥുന ചോദിച്ചതും മാളു പറഞ്ഞു തുടങ്ങി.. മോളെ.. അനന്തനെ നമുക്ക് വേണ്ട.. അനന്തൻ നിനക്ക് ചേരില്ല മോളെ..

മാളവിക മിഥുനയുടെ മുഖത്തു നോക്കി പറഞ്ഞു.. കാരണം.. കാരണം എന്താ? ദേഷ്യത്തോടെ വലിഞ്ഞു മുറുകിയ മുഖത്തോടെ മിഥുന ചോദിച്ചതും മാളവിക പറഞ്ഞു തുടങ്ങി അനന്തന്റെ പ്രണയം.. എല്ലാം കേട്ടു കഴിഞ്ഞതും മിഥുനപറഞ്ഞു.. ഈ ജന്മം അനന്ത് പദ്മനാഭൻ എനിക്കുള്ളതാണ് ചേച്ചി.. വസിഷ്ഠ അനന്തെട്ടനെ ഓർക്കുന്നു പോലും ഇല്ല.. പിന്നെ ഓർത്തിരുന്നെങ്കിൽ പോലും ഞാൻ വിട്ടു കൊടുക്കില്ലായിരുന്നു..

ഇപ്പോൾ അവളെക്കാൾ കാലപ്പഴക്കം എന്റെ പ്രണയത്തിനല്ലേ ചേച്ചി.. പിന്നെ എന്തിനാ എന്നിൽ നിന്നും അകറ്റുന്നെ.. എനിക്ക് പറ്റില്ല അനന്തെട്ടനെ വിട്ടു കൊടുക്കാൻ.. മോളെ.. അവന്റെ മനസ്സിൽ ഒരു സ്ഥാനവും ഇല്ലാതെ നീ എങ്ങനെ അവിടെ നിൽക്കും.. അവന്റെ പ്രണയവും ജീവിതവും എന്നും അവന്റെ സിഷ്ഠക്കുള്ളതാണ്.. അങ്ങനെ അവൾക്ക് അതനുഭവിക്കാൻ യോഗം ഉണ്ടെങ്കിൽ ദൈവം അവരെ പിരിക്കില്ലായിരുന്നു ചേച്ചി.. ഇപ്പോൾ എനിക്കാണ് ആ ഭാഗ്യം.. മിഥുന പറഞ്ഞുകൊണ്ട് പുറത്തേക്ക് നടക്കാനൊരുങ്ങിയതും മാളവിക പറഞ്ഞു..

നീ വാശി കാണിക്കരുത് മിഥു.. നിന്റെ എല്ലാ ഇഷ്ടവും നടത്തി തന്ന എന്നോട്.. എന്റെ എല്ലാ ഇഷ്ടവും നടത്തി തന്നെങ്കിൽ പിന്നെ ഇതിനെന്താ തടസം? വസിഷ്ഠയോ? അല്ല അനന്തന്റെ മനസ് എനിക്ക് അറിയുന്നത് കൊണ്ട്.. സ്ഥാനമില്ലാത്തിടത്ത് നീ കടിച്ചു തൂങ്ങി നിൽക്കുന്ന കാണാൻ വയ്യാഞ്ഞിട്ട്.. മാളവിക പറഞ്ഞതും മിഥു അവളുടെ അരികിലേക്ക് വന്നു.. എന്റെ അമ്മ ആണെന്നല്ല പറയാറ്.. എനിക്ക് പറ്റില്ല ചേച്ചി.. ആ കുട്ടിക്ക് ഒന്നും ഓർമ്മയില്ലല്ലോ.. അനന്തെട്ടനെ പിന്നെ എന്തിനാ.. എനിക്ക് വേണം ചേച്ചി..

അനന്തേട്ടന്റെ താലി മറ്റാരുടെയെങ്കിലും കഴുത്തിൽ വീണാൽ പിന്നെ ചേച്ചി ഒരിക്കലും എന്നെ കാണില്ല.. മിഥു പിന്നെ ഉണ്ടാവില്ല.. അത്രയും പറഞ്ഞു മിഥു ഇറങ്ങിയതും മാളവിക തരിച്ചു നിന്നു.. പിന്നെ.. അനന്തെട്ടനോട് എനിക്കെല്ലാം അറിയാമെന്ന് പറയേണ്ട.. ചോദിച്ചാൽ പറയാനുള്ള അവസരം കിട്ടിയില്ലെന്ന് പറഞ്ഞാൽ മതി.. ഇല്ലെങ്കിൽ ചേച്ചിക്കറിയാലോ എന്നെ മറ്റെന്തിനേക്കാളും.. തിരികെ വന്ന് കൂട്ടിച്ചേർത്തു മിഥുന പറഞ്ഞതും എന്ത് ചെയ്യണമെന്നറിയാതെ നിൽക്കാനേ മാളവികക്ക് കഴിഞ്ഞുള്ളു..

അനന്തനെ വിളിച്ചൊരു കള്ളം പറയുമ്പോൾ മാളവികയും ഉള്ളുകൊണ്ട് നീറുകയായിരുന്നു.. താനും സ്വാർത്ഥയാണ് അനന്താ എന്നോട് ക്ഷമിക്ക്.. ഇനിയെന്ത് എന്ന ചോദ്യവുമായി ഇരുട്ടിൽ വേദനകൾ ഒഴുക്കി കളയുമ്പോൾ അടഞ്ഞു കൊണ്ടിരുന്ന ഓരോ വാതിലിലും അവന്റെ മനസ് ചെന്ന് കൊട്ടി കൊണ്ടിരുന്നു വീണ്ടും ഒരാശ്രയത്തിനായി.. സിഷ്ഠക്കായുള്ള അവസാനകുറിപ്പെഴുതുമ്പോൾ മനസ്സിൽ ചില തീരുമാനങ്ങൾ എടുക്കുകയായിരുന്നു.. കുറിപ്പിൽ എന്റെ മാത്രം പാരിജാത പൂവേ എന്ന് മാത്രം കോറിയിട്ടു..

അവളുടെ അഡ്രസ്സിൽ പോസ്റ്റ് ചെയ്യാൻ പിറ്റേന്ന് തന്നെ പോയി.. ജീവിതം അവസാനിപ്പിക്കാനായി ശ്രമിച്ചതും കണ്ടുവന്ന ആനി അവനെ ബലമായി പിടിച്ചു വെച്ചു.. എത്രയും പെട്ടന്ന് തീയതിയും മുഹൂർത്തവും കുറിച്ചു കിട്ടി.. എല്ലാവരും കല്യാണത്തിരക്കിൽ ചേക്കേറിയപ്പോൾ നാലുചുവരുകൾക്കുള്ളിൽ അനന്തൻ പിടഞ്ഞു മരിക്കുകയായിരുന്നു.. തന്റെ പ്രാണൻ തന്നിൽ നിന്നും വേരറ്റു പോകുന്ന വേദനയിൽ നിശബ്ദമായി അവനിൽ നിന്നും തേങ്ങലുകൾ ഉയർന്നു കേട്ടു.. ആ മഴയിൽ കണ്ണുനീർ അലിഞ്ഞു ചേർന്നു..

മനസ്സിൽ സിഷ്ഠയോട് മാപ്പു പറഞ്ഞു കൊണ്ട് കണ്ണാടിക്കു മുൻപിൽ നിന്നും തന്റെ പ്രതിരൂപത്തിലേക്ക് ഉറ്റുനോക്കി.. ഹൃദയം മുറവിളി കൂട്ടിയപ്പോൾ പ്രിയപ്പെട്ട ഒന്നിന്റെ സാമിപ്യം തിരിച്ചറിഞ്ഞു.. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി തന്റെ പ്രാണൻ.. ഉള്ളം പൊട്ടി പൊടിഞ്ഞു കൊണ്ടിരിക്കുന്നു പെണ്ണേ.. അവളുടെ കണ്ണിൽ തെളിഞ്ഞു നിന്ന നിസ്സംഗത വീണ്ടും അവനെ തളർത്തി കൊണ്ടിരുന്നു… ആ കൈകളിൽ കൈചേർത്തു ദൂരെ എവിടേക്കെങ്കിലും ഓടിമറയാൻ കൊതിപൂണ്ടു..

എന്നാൽ ചില മുഖങ്ങൾ മനസിലേക്കോടിയെത്തിയതും മുഖം മൂടിയെടുത്തണിഞ്ഞവൻ ഇവിടെ എങ്ങനെ എത്തിയെന്ന് തിരക്കി.. അവളിലെ വാക്കുകൾ മുറിഞ്ഞു പോകുന്നതറിഞ്ഞും ഒന്ന് ചേർത്തു പിടിക്കാനാവാതെ അവൻ തളർന്നിരുന്നു… തന്റെ നന്ദനല്ലേ എന്ന് ചോദിച്ചുകൊണ്ടുള്ള പ്രവർത്തിയിൽ ഒരു കല്ല് കണക്കെ അവൻ നിന്നു.. അവളുടെ അധരങ്ങൾ അവനിൽ ചേർന്നതും അറിയാതെ എങ്കിലും അവനും അവളോടലിഞ്ഞിരുന്നു. കാലിൽ വീണവൾ കരഞ്ഞുകൊണ്ടവനെ ഇറുകെ കെട്ടിപിടിച്ചു..

ചുംബനങ്ങളും കണ്ണുനീരും പരസ്പരം മത്സരിച്ചു കൊണ്ടിരുന്നു.. നിന്റെ നന്ദനാണ് പെണ്ണേ തന്റെ നെഞ്ചോരം ചേർന്നവൾ കരഞ്ഞപ്പോൾ അവന്റെയുള്ളം മൊഴിഞ്ഞു.. അവളെയും കൊണ്ടോടി അകലാനായി തീരുമാനം എടുത്തപ്പോളാണ് അങ്ങോട്ടേക്ക് വരുന്ന ആനിയെ കാണുന്നത്.. ധൃതിയിൽ അവളെ കർട്ടനു പിന്നിൽ ഒളിപ്പിച്ചു.. അമ്മച്ചി തിരിച്ചറങ്ങിയതും സിഷ്ഠയെ കൈകാട്ടി വിളിച്ചു.. സിഷ്ഠ നീയെന്നെ കാത്തിരിക്കില്ലേ? എന്നത് പൂർത്തീകരിക്കുന്നതിന് മുൻപ് മാളവിക അങ്ങോട്ടേക്ക് കയറി വന്നു..

താഴേക്ക് പോകാനാഞ്ഞ അനന്തന്റെ കയ്യിൽ കൈചേർത്തുകൊണ്ട് ആശംസയറിയിച്ചപ്പോൾ ഉള്ളം വിറകൊണ്ടത് കൈകളിൽ അറിയാതിരിക്കാൻ അവൻ ശ്രമിച്ചു.. മിഥുനയിൽ നിന്നും തട്ടിയെടുക്കില്ലെന്ന ഉറപ്പിന്മേൽ അവിടെ നിന്നും തിരിച്ചിറങ്ങിയ വസുവിനെ നോക്കി മാളവിക ക്ഷമിക്കെന്ന വാക്ക് ഒരു മന്ത്രണമായി ഉരുവിട്ട് കൊണ്ടിരുന്നു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ശൂന്യമായ മനസ്സോടെ കതിർമണ്ഡപത്തിൽ ഇരിക്കുമ്പോൾ അവൻ സ്വയം മരിച്ചു കൊണ്ടിരിക്കുന്നതായി തോന്നി..

വാദ്യമേളങ്ങളുടെ അകമ്പടിയോടെ മിഥുനയുടെ കഴുത്തിൽ കെട്ട് മുറുകുമ്പോൾ വസുവിന്റെ മുഖം ആയിരുന്നവനിൽ നിറഞ്ഞു നിന്നത് കണ്ണുനീർ വന്നു മൂടിയതും കണ്ടു ഹരിപ്രിയയുടെ കയ്യിൽ നിന്നും കൈവിടിവിച്ചു പുറത്തേക്ക് ഓടുന്നവളെ.. അവൾക്കു പിറകെ ഓടാനായി കഴുത്തിൽ നിന്നും മാല വലിച്ചതും അമ്മച്ചി വന്നവനെ കണ്ണ് കാണിച്ചു.. ചടങ്ങുകൾ കഴിഞ്ഞതും മുറിയിൽ പോയി ഫോൺ എടുത്തു മഹേഷിന്റെ നമ്പറിൽ വിരലമർത്തുമ്പോൾ അരുതാത്തതെന്തോ സംഭവിച്ചതുപോലെ മനസ് കടിഞ്ഞാണില്ലാത്ത പായുകയായിരുന്നു..

ഹോസ്പിറ്റലിൽ അവളുണ്ടെന്ന വാർത്തയിൽ അമ്മച്ചിയുടെ ദേഷ്യത്തെയും ഭീഷണിയെയും വകവെക്കാതെ അവളിലേക്ക് ഓടി അടുക്കുമ്പോൾ മനസ് കൊണ്ട് അവളോട് മാപ്പ് പറയുകയായിരുന്നു.. പുറത്തു തന്നെ കാത്തെന്ന പോലെ നിന്ന മഹേഷിനോട് ഒന്ന് മാത്രം പറഞ്ഞു.. സിഷ്ഠ.. അവളെവിടെ? അവളുടെ നന്ദൻ വന്നെന്ന് പറ മഹേഷ്.. എനിക്കറിയാം സർ.. നിങ്ങളാണ് നന്ദനെന്ന്.. സർ അവൾക്കെഴുതിയ കുറിപ്പ് ഇന്നലെ എന്റെ കണ്മുന്നിൽ കണ്ടതും എനിക്ക് മനസിലായ കാര്യമാണ്.. പക്ഷേ..

ഇത്രയും പ്രാണനായ അവളെ എന്തിനാ സർ ഉപേക്ഷിച്ചത്? ഒന്നും പറയാതെ മൗനമായി മഹിയെ നോക്കി കണ്ണീർ വാർത്തവൻ നിന്നു.. കൂടുതൽ ചോദിച്ചു ബുദ്ധിമുട്ടിക്കാതെ അവനെയും കൊണ്ട് വസുവിന്റെ അരികിലേക്ക് നടന്നു.. പുറത്തു അക്ഷമയോട് നിന്നിരുന്ന കണ്ണനും മറ്റുള്ളവരും കാണുന്നത് മഹിയോടൊപ്പം നടന്നു വരുന്ന നന്ദനെയാണ്.. അവനെ കണ്ടതും ഓടിവന്ന് കണ്ണൻ ഷർട്ടിൽ കുത്തിപ്പിടിച്ചു.. എന്തിനാ വന്നേ? അവള് ചത്തിട്ടൊന്നും ഇല്ല.. എങ്ങനെ തോന്നി ആ പാവത്തിനെ ഇങ്ങനെ കൊല്ലാകൊല ചെയ്യാൻ..

കണ്ണൻ വാക്കുകൾ കൊണ്ട് അനന്തനെ മുറിവേൽപ്പിച്ചു കൊണ്ടിരുന്നു.. നിക്കിയും മഹിയുമെല്ലാം വളരെ പാട് പെട്ടവരെ അടർത്തി മാറ്റി.. എന്റെ പെണ്ണാണ്.. ഒന്ന് കണ്ടോട്ടെ ഞാൻ.. കണ്ണന്റെ കാലിൽ വീണ് അനന്തൻ ചോദിച്ചതും പുറകോട്ട് വേച്ചു മാറി കണ്ണൻ.. അവന്റെ പ്രണയവും മിഥുനയുമായി വിവാഹം കഴിക്കാനുണ്ടായ സാഹചര്യവും മറ്റും അവനിൽ നിന്ന് കേട്ട കണ്ണൻ ഞെട്ടി കൊണ്ടവനെ നോക്കി.. സിഷ്ഠയുടെ നന്ദേട്ടൻ.. കണ്ണന്റെ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു..

ഡ്രസ്സ് എടുക്കാനായി മറ്റുള്ളവരെ പറഞ്ഞു വിട്ടു കൊണ്ട് വസുവിന്റെ മുറിയിലേക്ക് അനന്തനുമായി കയറി കണ്ണൻ.. വേച്ചു പോകുന്ന കാലടികളോട് അവളിലേക്ക് നടന്നടുക്കുന്ന അനന്തനെ കണ്ടവന്റെ ഹൃദയം ഒരുവേള നിലച്ചതായി തോന്നി… അവളുടെ കൈകളിൽ വിറച്ചുകൊണ്ട് കൈചേർത്തു.. ആ നെറ്റിയിൽ അധരങ്ങൾ പതിപ്പിച്ചു.. കവിളുകളിൽ.. കണ്ണുകളിൽ.. സ്നേഹത്തിന്റെ ക്ഷമാപണത്തിന്റെ എല്ലാം മുദ്രണങ്ങൾ.. കണ്ണൻ നോക്കി കാണുകയായിരുന്നു അനന്തനെ..

താലി കെട്ടിയവളെ പോലും ഉപേക്ഷിച്ചു കൊണ്ട് ഇറങ്ങി വന്നവനെ.. ഞാൻ പോകുന്നു.. സിഷ്ഠയെ നോക്കിക്കോളണം.. ഒരാപത്തും വരുത്തരുത്.. വിട്ടു കളയാൻ എനിക്കാകില്ല.. അവളില്ലെങ്കിൽ ഞാനില്ല.. വിശ്വസിച്ചോട്ടെ ഞാൻ അവളെ നോക്കുമെന്ന്.. അനന്തന്റെ കൈകളിലായി തന്റെ കാർഡ് വെച്ച് കൊടുത്തു കണ്ണൻ.. വാക്ക് തരുന്നു.. ഒരു പോറലും ഞാൻ ഏൽപിക്കില്ല.. ഇതിൽ എന്റെ നമ്പർ ഉണ്ട്.. കണ്ണന് വിഷാദത്തിൽ കലർന്ന പുഞ്ചിരി നൽകി നന്ദൻ നടന്നകന്നതും വസു മെല്ലെ കണ്ണുകൾ തുറന്നു.. കാത്തിരിക്കാം.. ചെമ്പകം പൂക്കും യാമങ്ങൾ..

അഷിത കൃഷ്ണ (മിഥ്യ )

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 52

Share this story