കനൽ : ഭാഗം 24

കനൽ : ഭാഗം 24

എഴുത്തുകാരി: Tintu Dhanoj

എല്ലാ സങ്കടങ്ങളുടെയും പെരുമഴക്കാലം ഇവിടെ പെയ്തൊഴിഞ്ഞു തീരട്ടെ..സന്തോഷങ്ങൾ നിറഞ്ഞ ഒരു പുതു പുലരി ഇവിടേയ്ക്ക് വിരുന്ന് വരട്ടെ എന്നാഗ്രഹിച്ച് ഞാനും നിന്നു.. അങ്ങനെ സങ്കടങ്ങളും,,അതിലേറെ കണ്ണേട്ടന്റെ മാറ്റത്തിലുള്ള സന്തോഷവും ഒക്കെയായി അന്നത്തെ ദിവസം കൊഴിഞ്ഞു വീണു. അന്ന് രാത്രി കിടക്കാൻ പോകുമ്പോൾ എന്തെന്നറിയാത്ത ഒരു സമാധാനം മനസ്സിനെ വന്ന് മൂടും പോലെ എനിക്ക് തോന്നി. ഇന്ന്. ഞാൻ തന്നെ കിടന്നോളാം എന്ന് മാളുവിനോടു പറഞ്ഞിട്ട് ഞാൻ ഞങ്ങടെ മുറിയിലേക്ക് പോയി.

അവിടെ എത്തിയപ്പോൾ തന്നെ ഒരുപാട് ഓർമകൾ ആയി കിച്ചുവേട്ടൻ എന്റെ അരികിലേക്ക് എത്തി.. ഞാൻ എന്റെ കിച്ചുവേട്ടന് കൊടുത്ത ഓരോ വാഗ്ദാനങ്ങളും പാലിച്ചു കൊണ്ടിരിക്കുകയാണ്..എല്ലാം തീർക്കണം.എന്നിട്ട് വേണം എനിക്ക് എന്റെ ലക്ഷ്യത്തിലേക്ക് നടന്ന് അടുക്കാൻ..അല്ലാതെ, ഒരിക്കലും ഒന്നും ഉപേക്ഷിച്ച് പോകാൻ ഇൗ അമ്മുവിനാകില്ല.. ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ അല്ല..അതിനോട് ചേർന്ന് ജീവിക്കാൻ ,ഒപ്പം എൻറെ ലക്ഷ്യങ്ങളെ കൂടെ ചേർത്ത് പിടിക്കാൻ ആണ് ഇപ്പൊൾ ഞാൻ ശ്രമിക്കുന്നത്..

അപ്പുവിന്റെ പഠനം തീരണം..അത് കഴിഞ്ഞ് അവൻ കൂടെ വന്നിട്ട് വേണം എനിക്ക് സമാധാനമായി എന്റെ ലക്ഷ്യത്തിനു വേണ്ടി ശ്രമിക്കാൻ,അതിനായി മാത്രം ജീവിക്കാൻ.. ഓരോന്നും ഓർത്തു എപ്പഴോ ഉറങ്ങിപ്പോയി. രാവിലെ അമ്മയുടെ വിളി കേട്ടാണ് ഉണർന്നത്..സമയം 8 കഴിഞ്ഞു..ഞാൻ ഇത്ര അധികം ഉറങ്ങിയോ?.ഒരുപാട് നാള് കൂടിയാണ് ഇങ്ങനെയൊരു ഉറക്കം..ഒരുപക്ഷേ ഇന്നലത്തെ മനസ്സിന്റെ സമാധാനം കൊണ്ടാകാം.. പോയി വാതിൽ തുറന്നതും അമ്മ ഉണ്ട് മുന്നിൽ.

ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി രാവിലെ അമ്പലത്തിൽ പോയി എന്ന്..എനിക്ക് അതിശയം തോന്നി .ഇൗ വയ്യാത്ത അമ്മ ബുദ്ധിമുട്ടി അമ്പലത്തിൽ പോയി രാവിലെ തന്നെ..അമ്മയുടെ മുഖത്ത് നിന്നും തന്നെ വായിച്ചെടുക്കാം എത്രത്തോളം സന്തോഷം ഉണ്ടെന്ന് . ഇതിന് ഒരു തരത്തിൽ ഞാനും കാരണക്കരി ആയീന്നു ഓർത്തപ്പോൾ എന്തെന്ന് ഇല്ലാത്ത സന്തോഷം തോന്നി..”മോള് ഉണർന്നു ,കുളിച്ചു കാണും എന്നോർത്താ അമ്മ വിളിച്ചത്. ചന്ദനം തൊട്ടു തരാൻ..ഉറക്കം ആണെന്ന് ഓർത്തില്ല” എന്റെ മുഖത്തേക്ക് നോക്കി അമ്മ പറഞ്ഞു .

“സാരമില്ല അമ്മ..ഇന്ന് എഴുന്നേൽക്കാൻ വൈകി പോയി. കുറെ നാള് കൂടി ഒരുപാട് ഉറങ്ങി..അതാ വൈകിയേ. “എന്റെ മറുപടി കേട്ട് എന്നെ നോക്കിയിട്ട് അമ്മ പറഞ്ഞു..”ഉറങ്ങണം,സമാധാനമായി തന്നെ ഇനി എന്റെ മോള് ഉറങ്ങണം..ഇപ്പൊൾ കുളിച്ചു വാ”.. അതും പറഞ്ഞു അമ്മ പോയി..ഇപ്പഴും അച്ഛനെ പിടിച്ചാണ് അമ്മയുടെ നടപ്പ്.. എങ്കിലും അമ്മ വീൽ ചെയറിൽ അമ്പലത്തിൽ പോയോ!? ഇവിടെ അടുത്ത് തന്നെയൊരു അമ്പലം ഉണ്ട് .അവിടെ ആയിരിക്കും.. ഞാൻ വേഗം പോയി കുളിച്ചു വന്നു..

അലമാരിയിൽ നിന്നും കിച്ചുവേട്ടൻ വാങ്ങി തന്ന ഒരു സാരീ എടുത്ത് ഉടുത്തു. കിച്ചുവേട്ടന് ഒത്തിരി ഇഷ്ടപ്പെട്ടു വാങ്ങിയതാണ് ഇത്.ഇവരുടെയെല്ലാം മുന്നിൽ അഭിനയിച്ചേ മതിയാകൂ ..ജീവിതം അല്ലേ ഇനിയും എന്തൊക്കെ വേഷങ്ങൾ കെട്ടിയാടാൻ വിധിയുണ്ടെന്ന് ആർക്കറിയാം.. ഓരോന്നും ഓർത്തു അമ്മയുടെ അടുത്തേക്ക് പോയി..മുറിയിൽ അമ്മ ഇല്ല..”അമ്മെ അമ്മെ ” എന്റെ വിളി കേട്ടതും മറുപടി വന്നു..”അടുക്കളയിൽ ഉണ്ട് വാ മോളേ”.. ഞാൻ ചെല്ലുമ്പോൾ അമ്മ അച്ചനേക്കൊണ്ട് കാര്യമായി എന്തൊക്കെയോ ചെയ്യിപ്പിക്കുകയാണ്..”

ആഹാ മോള് സുന്ദരി ആയിട്ടുണ്ടല്ലോ”അച്ഛൻ എന്നെ നോക്കി പറഞ്ഞു. “ഇങ്ങനെ വേണം പെൺകുട്ടികൾ. ഇനിയെന്നും ഇങ്ങനെ നടക്കണം കേട്ടോ “..അതും പറഞ്ഞു അമ്മ എന്റെ കൈ പിടിച്ചു..കുറച്ച് കഴിഞ്ഞ് എന്റെ കയ്യിലേക്ക് വെള്ളം വീഴുന്നു എന്ന് തോന്നി നോക്കുമ്പോൾ അമ്മ കരയുന്നു.. “എന്താ അമ്മേ എന്തിനാ ഇപ്പൊൾ?”അത് ചോദിച്ചതും അമ്മ എന്റെ കൈവിരൽ ചൂണ്ടി കാണിച്ചു..കിച്ചുവേട്ടന്റെ പേര് എഴുതിയ മോതിരം എന്റെ കൈയിൽ കിടക്കുന്നത് കണ്ടു എന്നെനിക്ക് മനസ്സിലായി..അത് മാത്രം ഞാൻ മാറ്റി വച്ചിട്ടില്ല..

പക്ഷേ ഒരിക്കലും പേര് കാണത്തക്ക വിധം ഇടാറില്ല.ഇന്ന് എന്തോ അബദ്ധത്തിൽ പറ്റിയതാണ്.. “നീ പിന്നേം തുടങ്ങിയോ?ഇന്നലെ ഞാൻ പറഞ്ഞതൊക്കെ മറന്നോ നീയ്.അച്ഛന്റെ വാക്കുകൾ കേട്ടതും അമ്മ വേഗം കണ്ണ് തുടച്ചു. “ഇന്ന് കണ്ണനും,മോൾക്കും ഇഷ്ടം ഉള്ളതൊക്കെയാണ് ഉണ്ടാക്കുന്നത്.”..അത് പറഞ്ഞു അമ്മ എന്നെ നോക്കി. “ഉണ്ടാക്കാൻ പറ്റിയ അവസ്ഥ ആണല്ലോ..അമ്മ മാറൂ ഞാൻ ചെയ്യാം ..”എന്ന് പറഞ്ഞു ഞാൻ അമ്മയെ പതിയെ പുറത്തേക്ക് ഇറക്കാൻ തുടങ്ങി..”അമ്മ ഒന്നും ചെയ്യുന്നില്ല ,

അച്ഛൻ അല്ലേ ചെയ്യുന്നേ?അമ്മ ഇവിടെ ഇരിക്കട്ടെ മോളെ..” അമ്മയുടെ യാചനാ ഭാവത്തിലുള്ള ആ ചോദ്യം കേട്ടപ്പോൾ പിന്നെ തടസ്സം പറയാൻ തോന്നിയില്ല.. അങ്ങനെ ഞാനും,അച്ഛനും കൂടെ ഓരോന്ന് വീതം ചെയ്തു തുടങ്ങി. അപ്പോഴേക്കും മാളു കുളിയൊക്കെ കഴിഞ്ഞ് വന്നു..അവൾക്ക് ചായ കൊടുത്തിട്ട് ഞാൻ അവളോട് തന്നെ കണ്ണേട്ടനെ വിളിക്കാൻ പറഞ്ഞു വിട്ടു.. എല്ലാവരും വന്നു.. ബ്രേക്ക്ഫാസ്റ്റ് കഴിക്കാനായി ഇരുന്നു.. ആ സമയം പഴയത് പോലെ ഇല്ലെങ്കിലും കുറച്ചൊക്കെ സന്തോഷം അവിടെ തിരികെ വന്നു തുടങ്ങിയിരുന്നു..

മിഴി നിറയുമ്പോഴും ആരും കാണാതെ അടക്കി പിടിച്ചു ഞാൻ.. ഉച്ചക്കും അമ്മ പറഞ്ഞു തന്നത് പോലെ എല്ലാം ഉണ്ടാക്കി.. പണികളെല്ലം നേരത്തെ തീർത്ത് ഞങ്ങൾ ചുമ്മാ ഇരുന്നു സംസാരിക്കാൻ തുടങ്ങി. അപ്പോഴാണ് പുറത്ത് പോയിട്ട് കണ്ണേട്ടൻ വീട്ടിലേക്ക് കയറി വന്നത്.. വന്നപ്പോൾ ആ രൂപം കണ്ടതും എന്റെ മിഴികൾ നിറഞ്ഞു,ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി .കണ്ണേട്ടൻ മുടിയൊക്കെ വെട്ടി, ഷേവ് ഒക്കെ ചെയ്തൂ .പക്ഷേ ഇപ്പൊൾ കണ്ടാൽ എന്റെ കിച്ചുവേട്ടൻ മുന്നിൽ നിൽക്കുന്നു എന്നെ തോന്നൂ..

എനിക്ക് ആകെ എന്നെത്തന്നെ നഷ്ടമാകും എന്ന അവസ്ഥയായി .എങ്കിലും ഞാൻ എന്റെ മനസ്സിനെ സ്വയം നിയന്ത്രിച്ചു.. ഇപ്പൊൾ ഞാൻ കരഞ്ഞാൽ ഒരു പക്ഷേ എല്ലാം ഇവിടെ തീരും..പാടില്ല..എന്റെ കഷ്ടപ്പാട് മുഴുവൻ വെറുതെയായി തീരും..വേണ്ട..”കണ്ണൻ ഇങ്ങ് വാ”എന്നും പറഞ്ഞു അമ്മ കണ്ണേട്ടനെ വിളിച്ചു. കണ്ണേട്ടൻ അമ്മയുടെ അടുത്ത് വന്ന് മടിയിൽ കിടന്നു. എനിക്ക് സങ്കടം സഹിക്കാൻ കഴിയുന്നില്ല..”അമ്മെ ഞാൻ ഒന്ന് കിടക്കട്ടെ ..ഉറക്കം വരുന്നു..”അമ്മയോട് കള്ളം പറഞ്ഞു ഞാൻ അകത്തേക്ക് പോയി..

അവിടെത്തി കുറെ കരഞ്ഞു. നെഞ്ചിലെ വിഷമം മുഴുവൻ ഒഴുക്കി കളഞ്ഞു.കുറെ സമാധാനം ആയി. . ആ കിടപ്പിൽ എപ്പഴോ കണ്ണുകൾ താനെ അടഞ്ഞു പോകുന്നു.. “അമ്മൂസെ കരയുന്നോ ?കിച്ചുവേട്ടന്റെ മോള്..ഇങ്ങനെ കരഞ്ഞാൽ കൊച്ചിന്റെ ലക്ഷ്യം വരെയോക്കെ എങ്ങനെ എത്തിപ്പെടും?ഇതാണോ എനിക്ക് വാക്ക് തന്നത്..ഇനി കരയില്ല.. വിഷമിക്കില്ല,കിച്ചുവേട്ടൻ കൂടെ ഉണ്ടായാൽ മതിയെന്നോക്കെ പറഞ്ഞത്..?”ഇല്ല ഞാൻ കരയില്ല..”അതും പറഞ്ഞു കണ്ണ് തുറന്നപ്പോൾ ആണ് സ്വപ്നം ആയിരുന്നു എന്ന് മനസ്സിലായത് .

ഇതൊരു സ്വപ്നം ആയിരുന്നോ?മതി സ്വപ്നത്തിൽ എങ്കിലും കിച്ചുവേട്ടനെ കണ്ടല്ലോ അത് മതി. എന്നോർത്തു ഞാൻ പോയി മുഖം ഒക്കെ കഴുകി വീണ്ടും അമ്മയുടെ അടുത്തെത്തി. “അമ്മു കണ്ണേട്ടൻ പറഞ്ഞു വൈകുന്നേരം ഒന്ന് പുറത്ത് പോകാം എന്നു. എല്ലാവരും കൂടെ .”മാളു ആണ് പറഞ്ഞത്.. “പോകാം മാളു” എന്നും പറഞ്ഞു ഞാൻ അമ്മയുടെ അടുത്ത് ഇരുന്നു..”അമ്മു മോള് എന്നാ പോകുന്നേ?ജോലിക്ക് കയറേണ്ടേ?അമ്മയാണ്.. “നാളെ പോകാൻ ആണ് വിചാരിക്കുന്നത് അമ്മാ..” .

സത്യത്തിൽ പോകാൻ ഇഷ്ടമില്ല..എന്റെ പ്രാണൻ ഇവിടെയാണ്..അപ്പൊൾ ഇവിടെ നിൽക്കാൻ ആണിഷ്ടം. പക്ഷേ എന്റെ കടമകൾ, ഉത്തരവാദിത്വങ്ങൾ അതിൽ നിന്നൊന്നും എനിക്ക് ഒളിച്ചോടാൻ ആവില്ല..എല്ലാം ചെയ്തു തീർക്കണം ശേഷം,അമ്മുവും ,അമ്മുവിന്റെ ജീവിതവും ഞാൻ ഓർത്തു.. ഇനി കണ്ണേട്ടന്റെ വിവാഹം അത് കൂടെ എങ്ങനെയെങ്കിലും ഒന്ന് നടത്തി എടുക്കണം..വരട്ടെ നോക്കാം..ആദ്യം കണ്ണേട്ടൻ നല്ല രീതിയിൽ ആവട്ടെ..ശേഷം എല്ലാം സംസാരിക്കാം ..

അമ്മയുടെ അടുത്തിരുന്ന് ഓരോന്ന് സംസാരിച്ചു ഞങ്ങൾ എന്തൊക്കെയോ പറഞ്ഞു ചിരിച്ചു..”ഒരുപാട് നാള് കൂടി പാവം അമ്മ എല്ലാ ദുഃഖങ്ങളും മറന്നു ഒന്ന് ചിരിച്ചു.. എല്ലാം നോക്കി വാതിൽക്കൽ നിൽക്കുന്ന കണ്ണേട്ടൻ അപ്പൊൾ മാത്രമാണ് എന്റെ ശ്രദ്ധയിൽ പെട്ടത്..ഞാൻ നോക്കിയപ്പോൾ എന്നെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചിട്ട് കണ്ണേട്ടൻ നടന്നു നീങ്ങി. . മനസ്സിൽ വലിയൊരു തിര അടിച്ചു വരുമ്പോഴും പറ്റുന്ന അത്രയും സന്തോഷം മാത്രം എല്ലാവരിലേക്കും പകരാൻ ഞാൻ ശ്രമിച്ചു..എന്റെ ദുഃഖങ്ങൾ എന്നിൽ തന്നെ സൂക്ഷിച്ചു .

അങ്ങനെ വൈകുന്നേരം എല്ലാവരും കൂടെ പുറത്ത് പോയി . എത്ര നാളുകൾക്കു ശേഷമാണ് ഇതൊക്കെ..പ്രകൃതിയോട് വളരെ ചേർന്ന് നിൽക്കും വിധം പണി കഴിപ്പിചിട്ടുള്ള ഒരു ചെറിയ റെസ്റ്റോറന്റ്..അവിടെ തന്നെ കുട്ടികൾക്കായി ഒരു ചെറിയ ഏരിയ..പിന്നെ വളരെ ശാന്തമായ സംഗീതം കാതുകളിലേക്ക് ഒഴുകി എത്തുന്നു . എല്ലാം കൊണ്ടും മൈൻഡ് ഒന്ന് റീഫ്രഷ് ആകാൻ വേണ്ടുന്നതോക്കെ അവിടെയുണ്ട് ..

അവിടെ ഇരുന്ന് കുറെ സംസാരിച്ചു, ഓരോ കോഫീ യും കുടിച്ചു ഞങ്ങൾ..അമ്മ ഒരുപാട് മാറിയെന്ന് എനിക്ക് തോന്നി..കണ്ണേട്ടൻ പക്ഷേ ശ്രമിക്കുകയാണ്.. ആ മിഴികളിൽ ഇപ്പോഴും ദുഃഖം ഉറഞ്ഞ് കൂടി നിൽക്കുന്നു.. സാരമില്ല എല്ലാം പതിയെ ശരിയാകും..എല്ലാത്തിനും ഒരു സമയം ഉണ്ടല്ലോ..അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്..

ഞങ്ങളുടെ അടുത്ത് നിന്ന് കുറച്ചു മാറി ഒരു ടേബിളിൽ ഒരു ഫാമിലി ഉണ്ട്..അവിടെ ഇരിക്കുന്ന പെൺകുട്ടി കണ്ണേട്ടന്റെ മുഖത്തേക്ക് തന്നെ നോക്കുന്നുണ്ട്..ഇടയ്ക്കെപ്പോഴോ കണ്ണേട്ടന്റെ നോട്ടവും അവിടേയ്ക്ക് പാളി വീണു.. എന്താണ് രണ്ടു പേരുടെയും മുഖത്തെ ഭാവം ..?ഇല്ല എനിക്ക് അത് മനസ്സിലാക്കാൻ ആകുന്നില്ല…

തുടരും…

കനൽ : ഭാഗം 23

Share this story