ലയനം : ഭാഗം 19

Share with your friends

എഴുത്തുകാരി: ദുർഗ ലക്ഷ്മി

അർജുൻ റൂമിൽ തിരികെ എത്തുന്നതിനു മുന്നേ തന്നെ ലെച്ചു ഓഫീസിലേക്ക് പോയിരുന്നു.അത് മനസിലാക്കി അവനും ഒന്നും കഴിക്കാൻ നില്കാതെ വേഗം തന്നെ കാറും ആയി ഇറങ്ങി. ഓഫീസിലേക്ക് ഉള്ള യാത്രയിൽ മുഴുവൻ അർജുൻ ലെച്ചുവിനെ പറ്റി ആലോചിക്കുകയായിരുന്നു.ഇടക്ക് നല്ല ബോൾഡ് ആയ സ്വഭാവം ആണെങ്കിൽ ചെലപ്പോൾ വെറുതെ ഒന്ന് നോക്കി പേടിപ്പിച്ചാൽ അവൾ കരയും…ചെലപ്പോൾ എത്ര മോശം ആയ അവസ്ഥയും നല്ല രീതിയിൽ കൈകാര്യം ചെയ്യും മറ്റു ചിലപ്പോൾ ആവട്ടെ നല്ലൊരു മൊമെന്റ് എന്തെങ്കിലും നിസാര കാര്യം ചെയ്ത് കുളം ആകും.

അങ്ങനെ ഒരു രീതിയിലും പിടി തരാതെ വഴുതി പോകുന്ന ഒന്നാണ് അവളുടെ ഓരോ കാര്യങ്ങളും എന്ന് അർജുന് തോന്നി.രാവിലെ ഉണ്ടായ പിണക്കം എങ്ങനെ മാറ്റി എടുക്കും എന്ന് ആലോചിച്ചു സത്യത്തിൽ അവന് ചെറുതല്ലാത്ത ടെൻഷൻ കൂടി ഉണ്ടായിരുന്നു ഉള്ളിൽ. ആ മനസോടെയാണ് അർജുൻ ക്യാബിനുള്ളിലേക്ക് നടന്നത്.അവനെ കണ്ടതും ലെച്ചു അറിയാതെ തന്നെ എഴുന്നേറ്റു നിന്നു.എന്നാൽ പെട്ടെന്ന് തന്നെ എന്തോ ആലോചിച്ചു അതെ പോലെ അവൾ സീറ്റിൽ ഇരുന്നു. അത് കണ്ടു അപ്പോൾ തന്നെ ലെച്ചുവിന് ഒന്ന് പൊട്ടിക്കാൻ തോന്നി എങ്കിലും അർജുൻ ആ ദേഷ്യം ഉള്ളിൽ ഒതുക്കി സീറ്റിൽ ഇരുന്നു.

ഇന്നത്തെ വർക്കിനെ പറ്റി ഉള്ള സംസാരം ഒഴിച്ചാൽ മറ്റൊന്നിനെ പറ്റിയും അവർ തമ്മിൽ ഉച്ച വരെ സംസാരിച്ചില്ല.അർജുൻ അടുത്ത് ഉണ്ട് എന്ന യാതൊരു ഭാവവും ഇല്ലാതെ ജോലി ചെയ്യുന്ന ലെച്ചുവിനെ കണ്ടു കുറച്ചു കഴിഞ്ഞപ്പോഴേക്കും അടക്കി വെച്ച ദേഷ്യം അർജുന് വീണ്ടും വന്നു തുടങ്ങിയിരുന്നു.എന്ത് വിധേനയും വീട്ടിൽ തിരികെ എത്തുന്നതിനു മുന്നേ അവളുടെ പിണക്കം മാറ്റണം എന്ന് തീരുമാനിച്ചു കൊണ്ട് അതിനുള്ള വഴികൾ ആലോചിച്ചു അർജുൻ ഇരിക്കവേ ആണ് അഞ്ചുവും ജിഷ്ണുവും കൂടി ഭക്ഷണം കഴിക്കാൻ പോകാനായി അവരെ വിളിക്കാൻ വന്നത്.

“ആഹാ,എന്തൊരു മനോഹരമായ കാഴ്ചയാണ് എന്ന് നോക്ക് അഞ്ചു…സ്വന്തം കമ്പനിക്ക് വേണ്ടി ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുന്ന ഓണറായ കെട്യോനും ഭക്ഷണം പോലും ഉപേക്ഷിച്ചു ജോലി ചെയ്യുന്ന ആത്മാർത്ഥയുടെ നിറകുടം ആയ അവന്റെ പ്രെസെന്റ് കെട്ടിയോളും…”, ഡോർ തുറന്നപ്പോൾ തന്നെ സീറ്റിൽ ചാരി ഇരുന്ന് ആലോചനയിൽ മുഴുകി ഇരിക്കുന്ന അർജുനെയും ചുറ്റും നടക്കുന്നത് ഒന്നും നോക്കാതെ ജോലി ചെയ്യുന്ന ലെച്ചുവിനെയും കണ്ടു അവൻ പറഞ്ഞത് കേട്ട് അർജുനും ലെച്ചുവും പരസ്പരം ഒന്ന് നോക്കി.

“എന്റെ കുഞ്ഞി,നീ എന്തിനാ ഇങ്ങനെ ജോലി ചെയ്യുന്നത്…ഇതിന്റെ ഗുണം ഒന്നും അനുഭവിക്കാൻ നിനക്ക് യോഗം ഇല്ലല്ലോ…ഇതൊക്കെ അജു ഏട്ടന്റെ അജ്ഞാത കാമുകിക്ക് ഉള്ളതല്ലേ “,ഒന്നും അറിയാത്ത ഭാവത്തിൽ അഞ്ചു ലെച്ചുവിന്റെ മുഖത്തെ ഭാവം കാണാൻ ചെറു ചിരിയോടെ പറഞ്ഞു. എന്നാൽ അഞ്ചു പോലും പ്രതീക്ഷിക്കാതെ ലെച്ചു ഉടനെ തന്നെ ലാപ് അടച്ചു വെച്ച് സീറ്റിൽ നിന്നും എഴുന്നേറ്റു.

“ഞാൻ ഇവിടെ വരുന്നത് ജോലി ചെയ്യാൻ ആണ്.അത് ഞാൻ ചെയ്യുന്നുമുണ്ട്.അത് കൊണ്ട് ഉണ്ടാവുന്ന ലാഭവും നഷ്ടവും ഒന്നും നോക്കേണ്ട കാര്യം എനിക്ക് ഇല്ല “,എടുത്തടിച്ചത് പോലെയുള്ള ലെച്ചുവിന്റെ മറുപടി കേട്ട് അഞ്ചു വല്ലാതെ ആയി. “നീ വരുന്നുണ്ടോ ഇപ്പോൾ…ഉണ്ടെങ്കിൽ വാ “,അതെ ദേഷ്യത്തിൽ തന്നെ പുറത്തേക്ക് നടന്നു കൊണ്ട് അഞ്ചുവിനോട് പറഞ്ഞു ലെച്ചു ദൃതിയിൽ കാന്റീൻ ലക്ഷ്യം ആക്കി നടന്നു.

“എന്താ ഇപ്പോൾ സംഭവിച്ചത്…വീണ്ടും പഴയ പോലെ ആയോ നിങ്ങൾ “,ലെച്ചു പോയ ഉടനെ തന്നെ അഞ്ചു സംശയത്തോടെയും അമ്പരപ്പോടെയും അർജുനോട്‌ ചോദിച്ചു.ജിഷ്ണുവും അഞ്ചുവിന്റെ അതെ പകപ്പിൽ തന്നെ ആയിരുന്നു.ഇതു വരെ ഇങ്ങനെ പെരുമാറുന്ന ഒരു ലെച്ചുവിനെ അവർ കണ്ടിട്ടില്ലായിരുന്നു. “ഒന്നും പറയേണ്ട അഞ്ചു…എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞു വന്നതായിരുന്നു…ബട്ട്‌ ഇന്ന് രാവിലെ എല്ലാം കൈയിൽ നിന്ന് പോയി “,അർജുൻ സങ്കടത്തോടെ പറഞ്ഞത് കേട്ട് ജിഷ്ണു അവനെ അടിമുടി ഒന്ന് നോക്കി.

“ഇവന്റെ ആക്രാന്തം കാരണം ആ കൊച്ചിനെ വല്ലതും ചെയ്യാൻ പോയിട്ടുണ്ടാവും ഇവൻ…കുറെ അന്വേഷിച്ചു നടന്നതല്ലേ…എന്തൊരു ദുഷ്ടൻ ആണെടോ താൻ “,ജിഷ്ണുവിന്റെ ആക്കിയ സംസാരം കേട്ടു അർജുന് ദേഷ്യം വന്നു. “ടാ കോപ്പേ…എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്…എന്റെ പൊന്ന് അഞ്ചു അതൊന്നും അല്ല കാര്യം…അതൊക്കെ ആയിരുന്നു എങ്കിൽ പോട്ടെ എന്ന് വെക്കാമായിരുന്നു…ബട്ട്‌ ഇതു ഇത്തിരി പ്രശ്നം ആണ് “,ജിഷ്ണുവിനെ നോക്കി പല്ല് കടിച്ചു അഞ്ചുവിനെ നോക്കി ദയനീയ ഭാവത്തിൽ അർജുൻ പറഞ്ഞു.

ലെച്ചു കുറച്ചു ദിവസം ആയി ലീവ് ആയത് കൊണ്ട് ബാംഗ്ലൂർ വിശേഷങ്ങൾ ഒന്നും അവർ അറിഞ്ഞിരുന്നില്ല.അർജുൻ എല്ലാം ഒന്നും വിശദമായി പറഞ്ഞില്ല എങ്കിലും അത്യാവശ്യം വേണ്ട കാര്യങ്ങൾ എല്ലാം പറഞ്ഞു ലെച്ചുവുമായി ഉള്ള പ്രശ്നത്തെ പറ്റി അവരോട് പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞതും അഞ്ചു തലയിൽ കൈ വെച്ച് ഇരുന്നു പോയി… “എന്റെ അജു ഏട്ടാ, എന്ത് പണിയാ ഏട്ടൻ ഈ കാണിച്ചത്…അവൾക്ക് ഓർമ വെച്ച കാലം മുതൽ കുഞ്ഞി ആ ശ്രീദേവി അമ്മയിൽ നിന്നും വല്യമ്മയിൽ നിന്നും കേൾക്കുന്നതാ ഈ ഭക്ഷണ കണക്ക് ”

“അവൾ കഷ്ടപ്പെട്ടു ഉണ്ടാക്കുന്നത് വളരെ കുറച്ചു മാത്രം കഴിക്കുന്നതിനു കണക്ക് പറയുന്നത് കേട്ട് മടുത്തിട്ടാ സത്യത്തിൽ ഒരു ജോലി വേണം എന്ന് അവൾക്കും തോന്നി തുടങ്ങിയത്…കാര്യം ഏട്ടൻ തമാശക്ക് പറഞ്ഞതാണ് എന്ന് എനിക്ക് മനസിലായി…ബട്ട്‌ അവളെ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ,ഇത്രയും ഇഷ്ടപ്പെടുന്ന ആളുടെ അടുത്ത് നിന്നും ഏറ്റവും വെറുക്കുന്ന ഒരു കാര്യം കേട്ടപ്പോൾ ഉണ്ടായ വിഷമം ആണ് ദേഷ്യം ആയി ഈ കാണിക്കുന്നേ… ” അഞ്ചു പറഞ്ഞത് കേട്ട് അർജുൻ ആകെ വല്ലാതെ ആയി.

“നീ ടെൻഷൻ ആവേണ്ട…മനസ്സ് തുറന്നു സോറി പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ഇത്…ഫുഡ്‌ കഴിഞ്ഞു നമുക്ക് നോക്കാം… നിങ്ങൾ വാ “,അർജുനെ സമാധാനിപ്പിച്ചു കൊണ്ട് ജിഷ്ണു അവരെയും കൂട്ടി കാന്റീനിലെക്ക് നടന്നു. അവരെ തന്നെ നോക്കി ലെച്ചു അക്ഷമയോടെ ഇരിക്കുന്നത് ദൂരെ നിന്ന് തന്നെ അഞ്ചു കണ്ടു.ഒന്നും മിണ്ടാതെ തന്നെ അർജുനും ജിഷ്ണുവും ഒരു സൈഡിലും അഞ്ചു ലെച്ചുവിന്റെ അടുത്തും വന്നിരുന്നു. ആ ഒരു പ്രവർത്തി സത്യത്തിൽ ലെച്ചു അവിടെ പ്രതീക്ഷിച്ചതെ ഉണ്ടായിരുന്നില്ല.

അർജുൻ അടുത്ത് ഇരിക്കാത്തതിൽ ഉള്ള നിരാശ ലെച്ചു പുറത്തു കാണിച്ചില്ല എങ്കിലും അർജുന് അവളുടെ മാറ്റം പെട്ടെന്ന് തന്നെ മനസിലായി. അത്രയും നേരം ചുട്ടു പൊള്ളിയ മനസ്സിൽ ഐസ് വീണതു പോലെ തോന്നി അർജുന് ലെച്ചുവിന്റെ നിരാശ കണ്ടപ്പോൾ.എന്നാൽ ലെച്ചുവിന്റെ കാര്യം നേരെ മറിച്ചായിരുന്നു.ആ നിരാശ കൂടി ആയപ്പോൾ എന്ത് കൊണ്ടോ ലെച്ചുവിന് കൂടുതൽ ദേഷ്യം വന്നു. അതിനാൽ തന്നെ പ്ലേറ്റിൽ നിന്ന് എന്തൊക്കെയോ വാരി കഴിച്ചു ലെച്ചു ആരെയും നോക്കാതെ ആദ്യം എഴുന്നേറ്റു പോയി.

“ഇതു പ്രശ്നം ആണ് മോനെ…എങ്ങനെ മെരുക്കും നീ അവളെ “,ലെച്ചു എഴുന്നേറ്റു പോയ ഉടനെ തന്നെ ജിഷ്ണു ചോദിച്ചു. “കുറച്ചു മുന്നേ വരെ ഒരു പിടിയും ഇല്ലായിരുന്നു…ബട്ട്‌ ഇനി പ്രശ്നം ഇല്ല…ഞാൻ ഓടിച്ചു മടക്കി എടുത്തോളാം അവളെ “,ഫോണും ഞെക്കി പൊട്ടിച്ചു കൊണ്ട് പോകുന്നു ലെച്ചുവിനെ നോക്കി അർജുൻ അത് പറഞ്ഞതും അഞ്ചുവും ജിഷ്ണുവും ഒന്നും മനസിലായില്ല എന്ന പോലെ അവനെ ഒന്ന് നോക്കി. മറുപടിയായി അർജുൻ ഒന്ന് ചിരിച്ചതല്ലാതെ മറ്റൊന്നും പറഞ്ഞില്ല….

കാത്തിരുന്നു കണ്ടോളു എല്ലാം എന്ന ഭാവം ആയിരുന്നു അവനിൽ അപ്പോൾ… ————— ഭക്ഷണം കഴിഞ്ഞു സാധാരണ ഗതിയിൽ അർജുൻ വേഗം തന്നെ ക്യാബിനിലേക്ക് തിരിച്ചു വരുന്നതാണ് എങ്കിലും അന്ന് മനഃപൂർവം തന്നെ അവൻ വളരെ വൈകിയാണ് തിരികെ ചെന്നത്. സത്യത്തിൽ അർജുനെ കാണാതെ ഉരുക്കി നിൽക്കുന്ന അവസ്ഥയിൽ ആയിരുന്നു ലെച്ചു അപ്പോൾ…ദേഷ്യവും ഉണ്ട് എന്നാൽ കണ്ണിൽ നിന്ന് മായാനും പാടില്ല എന്ന വല്ലാത്ത അവസ്ഥ… “അതെ എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് “,

തിരികെ വന്ന ഉടനെ തന്നെ അർജുന് ആഭിമുഖമായി ഇരുന്ന് കൊണ്ട് ലെച്ചു പറഞ്ഞത് കേട്ട് അർജുൻ മുഖം ഉയർത്തി അവളെ ഒന്ന് നോക്കി… “അഞ്ചുനോട്‌ ഒരു കാര്യവും ഞാൻ ഇതു വരെ പറയാതെ നിന്നിട്ടില്ല…ബട്ട്‌ നമ്മുടെ കാര്യം മാത്രം എനിക്ക് എന്തോ അവളോട് പറയാൻ തോന്നിയില്ല…അത് കൂടി എനിക്ക് അവളോട് പറയണം…അവള് ദേഷ്യപ്പെടുമായിരിക്കും,ബട്ട്‌ അതെനിക്ക് പ്രശ്നം അല്ല…എന്നാൽ എനിക്ക് പേടി നിങ്ങളെ ആണ് “,അർജുൻ അവളെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടു ലെച്ചു പറഞ്ഞത് കേട്ട് പെട്ടെന്ന് തന്നെ അർജുന്റെ നെറ്റി ചുളിഞ്ഞു.

“നിങ്ങൾക് എന്നെ ഇഷ്ടം ആണോ എന്ന് ഇപ്പോൾ എനിക്ക് അറിയണം… എല്ലാം പറഞ്ഞു പോയിട്ട് പിന്നെ മാറ്റി പറയേണ്ട അവസ്ഥ ഉണ്ടാവരുത് അല്ലോ…അതാ ഞാൻ ചോദിച്ചത് “, ലെച്ചു അത് പറഞ്ഞു കഴിഞ്ഞ ഉടനെ തന്നെ അർജുൻ സീറ്റിൽ നിന്നും എഴുന്നേറ്റു ചെന്ന് ലെച്ചുവിന്റെ കൈ പിടിച്ചു അവളെയും വലിച്ചു കൊണ്ട് ലിഫ്റ്റ് ലക്ഷ്യം ആക്കി നടന്നു.മറ്റു സ്റ്റാഫ്സ് എല്ലാം അവരെ തന്നെ നോക്കി നില്കുന്നത് കണ്ടു ലെച്ചുവിന് എന്തോ പോലെ തോന്നി എങ്കിലും അതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നം അല്ല എന്ന പോലെ ആയിരുന്നു അർജുന്റെ പെരുമാറ്റം.

ലെച്ചു പറ്റുന്നത് പോലെ എല്ലാം അവനെ തടയാൻ നോക്കി എങ്കിലും അർജുൻ അതൊന്നും കാര്യം ആക്കാതെ അവളെയും കൊണ്ട് ലിഫ്റ്റിലേക്ക് കയറി. അവന്റെ ലക്ഷ്യം മുകളിലെ ബെഡ്‌റൂം ആണ് എന്ന് മനസിലാക്കി ലെച്ചു ചെറുതായി പേടിക്കാൻ തുടങ്ങിയിരുന്നു അപ്പോൾ.അത് കൂടി ആയപ്പോൾ അവന്റെ കൂടെ പോകാൻ വിസമ്മതിച്ച ലെച്ചുവിനെ തൂകി എടുക്കാൻ ഒരു സെക്കന്റ്‌ പോലും വന്നില്ല അർജുന്.

“വേണ്ട വേണ്ട എന്ന് വെക്കുമ്പോൾ തലയിൽ കേറുകയാണോ നീ…രാവിലെ പറഞ്ഞു പോയത് തെറ്റ് ആണ്…അത് എനിക്ക് അറിയാം…എന്ന് കരുതി ഞാൻ അത് പറഞ്ഞത് നിന്നോടല്ലേ…പറഞ്ഞ സാഹചര്യം നിനക്ക് അറിഞ്ഞുടെ…എന്നിട്ടും വെറുതെ നീ ഞാൻ വലിയ എന്തോ തെറ്റ് ചെയ്തത് പോലെ എന്നെ നോക്കുന്നത് കാണുമ്പോൾ ഉണ്ടല്ലോ,എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് “, റൂം ചവിട്ടി തുറന്നു ലെച്ചുവിനെ ബെഡിലേക്ക് തള്ളി ഇട്ട് ഷർട്ടിന്റെ കൈകൾ രണ്ടും വലിച്ചു കയറ്റി കഴുത്തിനടുത്തെ ഒന്ന് രണ്ടു ബട്ടൺ അഴിച്ചിട്ടു കൊണ്ട് അർജുൻ പറഞ്ഞത് കേട്ട് ലെച്ചുവിന് എന്ത് പറയണം എന്ന് പെട്ടെന്ന് മനസിലായില്ല…

അവളുടെ മനസ്സ് ആകെ ശൂന്യം ആയി പോയത് പോലെ തോന്നി ലെച്ചുവിന്. “ഞാൻ ആ പറഞ്ഞത് തമാശയായി കാണാൻ ബുദ്ധിമുട്ട് ഉണ്ട് എന്ന് എനിക്ക് അറിയാം…അങ്ങനെ ഒന്ന് എന്റെ അടുത്ത് നിന്ന് കേട്ടപ്പോൾ നിനക്ക് അമ്മയെയും വല്യമ്മയെയും ഒക്കെ ഓർമ വന്നു എന്നും എനിക്ക് അറിയാം…” “അതൊക്കെ കൊണ്ടാണ് നീ രാവിലെ ദേഷ്യപ്പെട്ടു കരഞ്ഞു കൊണ്ട് പോയത് എന്നും എനിക്ക് അറിയാം…ഈ പറഞ്ഞത് ഒക്കെ എനിക്ക് ഓക്കേ ആണ്,ബട്ട്‌ എന്റെ കൈ തട്ടി മാറ്റി നീ എഴുന്നേറ്റു പോയില്ലേ…അത് ഞാൻ സഹിക്കില്ല…”

അർജുനെ തന്നെ നോക്കി ബെഡിൽ പകച്ചിരുന്ന ലെച്ചുവിനെ വീണ്ടും വലിച്ചെഴുന്നേൽപ്പിച്ചു കൊണ്ട് അവൻ പറഞ്ഞു.ഒറ്റ ശ്വാസത്തിൽ അർജുൻ പറഞ്ഞതെല്ലാം ലെച്ചു ശ്വാസം എടുക്കാതെ തന്നെ ആണ് കേട്ടിരുന്നത്.അവൻ പറഞ്ഞത് എല്ലാം ശരി എന്ന് ഇരിക്കെ രാവിലെ അർജുന്റെ കൈ തട്ടി മാറ്റി എഴുന്നേറ്റു പോയത് അറിയാതെ തന്നെ ലെച്ചുവിന്റെ മനസിലേക്ക് വന്നു. അതോർത്തു അറിയാതെ തന്നെ വിതുമ്പി കരയാൻ തുടങ്ങിയ ലെച്ചുവിന്റെ ചുണ്ടിൽ ചുണ്ട് ചേർക്കാൻ ഒരു നിമിഷം പോലും അർജുന് ആലോചിക്കേണ്ടി വന്നില്ല.

ആദ്യത്തെ ചെറിയൊരു ഞെട്ടൽ ഒഴിച്ചാൽ അറിയാതെ പോലും അർജുനെ തള്ളി മാറ്റാൻ ലെച്ചു ശ്രമിച്ചില്ല എന്നത് അവനിൽ വലിയ അത്ഭുതം ഉണ്ടാക്കി.അർജുന്റെ കൈ അവളുടെ സാരിക്കിടയിലെ വയറിൽ അറിയാതെ ചേരവെ ലെച്ചു കുറച്ചു കൂടി അവനോട് അടുത്തു. “ലെച്ചു…നമുക്ക് ഇടയിൽ ഇങ്ങനെ ഉള്ള ഒരു പിണക്കവും വേണ്ട മോളെ…എനിക്ക് നിന്നോടും നിനക്ക് എന്നോടും എന്തും പറയാൻ ഉള്ള സ്വാതന്ത്ര്യം ഇല്ലേ…പിന്നെ എന്തിനാണ് മനസ്സ് വിഷമിപ്പിക്കുന്നത് ”

അർജുൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചത് കേട്ട് ലെച്ചു കുറച്ചു കൂടി ശക്തിയിൽ അർജുനെ കെട്ടിപിടിച്ചു എന്ന് അല്ലാതെ ഒന്നും മിണ്ടിയില്ല. “ഞാൻ പറഞ്ഞിട്ടില്ലേ,ഇപ്പോൾ നമുക്ക് മുന്നിൽ വലിയൊരു ആഗ്രഹം ഉണ്ട്…അത് നടത്തി എടുക്കാൻ നോക്കുന്നതിന് ഇടയിൽ ഇങ്ങനെ ഉള്ള ഫ്ലാഷ് ബാക്ക് ഒന്നും ഓർത്ത് ടൈം കളയേണ്ട ആവിശ്യം ഉണ്ടോ…ഇല്ലല്ലോ… സൊ അതൊന്നും നമുക്ക് ഇടയിൽ ഇനി ഒരു പ്രശ്നം ആവില്ല എന്ന് ഇപ്പോൾ നീ എനിക്ക് ഉറപ്പ് തരണം “, ഒന്നും മിണ്ടാതെ നിൽക്കുന്ന ലെച്ചുവിനെ തട്ടി വിളിച്ചു കൊണ്ട് അർജുൻ വീണ്ടും പറഞ്ഞത് കേട്ട് അവൾ കുറച്ചു നേരം അവനെ സൂക്ഷിച്ചു നോക്കി.

പിന്നെ ചിരിച്ചു കൊണ്ട് അർജുന്റെ കഴുത്തിൽ ചുണ്ടുകൾ ചേർത്തു.”കഴുത്തിലെ ഈ കറുത്ത പാട് ഇല്ലേ,ബട്ടൺ അഴിച്ചിടുമ്പോൾ നല്ല ഭംഗിയാ കാണാൻ “,കള്ള ചിരിയോടെ ലെച്ചു അതും പറഞ്ഞു അർജുനെ ബെഡിലേക്ക് തള്ളി ഇട്ട് പുറത്തേക്ക് ഓടുമ്പോൾ അറിയാതെ തന്നെ അർജുനും ചിരിച്ചു പോയിരുന്നു. തിരികെ നടക്കുമ്പോൾ അഞ്ചു പറഞ്ഞ കാര്യങ്ങൾ എല്ലാം ചെറിയൊരു നൊമ്പരം ആയി അർജുന്റെ മനസ്സിൽ വന്നു എങ്കിലും ലെച്ചുവിനെ മനസിലാക്കി തുടങ്ങിയ സന്തോഷത്തിൽ ആയിരുന്നു അവനിൽ കൂടുതൽ …

അത് പോലെ മല പോലെ വന്നത് എലി പോലെ പോയി എന്ന് കൂടി ഉള്ള ആശ്വാസത്തിൽ ലെച്ചുവിനെ നോക്കി അവൻ താഴേക്ക് നടന്നു. —————————————- അന്ന് പതിവില്ലാതെ അർജുൻ ആണ് നേരത്തെ ഉറക്കം ഉണർന്നത്.ഉണർന്നപ്പോൾ തന്നെ നിർത്താതെ അടിക്കുന്ന അലാറം വേഗം തന്നെ ഓഫ്‌ ചെയ്ത് കൊണ്ട് അവൻ വീണ്ടും ലെച്ചുവിനെ കെട്ടിപിടിച്ചു കിടന്നു. എന്നാൽ പെട്ടെന്ന് തന്നെ ചെറിയൊരു ചിണുങ്ങൾ ലെച്ചുവിന്റെ അടുത്ത് നിന്ന് ഉണ്ടായത് കേട്ട് അർജുൻ അറിയാതെ തന്നെ അവളെ ചുറ്റി പിടിച്ച കൈ എടുത്തു മാറ്റി ലൈറ്റ് ഓൺ ചെയ്തു.

ലെച്ചു ഉടനെ തന്നെ വീണ്ടും ഉറക്കത്തിൽ ആയി എങ്കിലും എന്തോ ഒരു വേദന അവൾക്ക് ഉള്ളത് പോലെ ലെച്ചുവിന്റെ നെറ്റി ചുളിഞ്ഞു തന്നെ ഇരുന്നു. കുറച്ചു സമയം എന്ത് ചെയ്യണം എന്ന് ആലോചിച്ചു അങ്ങനെ തന്നെ ഇരുന്ന അർജുൻ,ഒരുവേള അമ്മയെ വിളിച്ചാലോ എന്ന് വരെ ആലോചിച്ചു.പിന്നെ പെട്ടെന്ന് എന്തോ ആലോചിച്ചത് പോലെ അവൻ പതിയെ ലെച്ചുവിന്റെ അടുത്തേക്ക് നീങ്ങി കിടന്നു. വീണ്ടും കൈ പതുകെ അവളുടെ വയറിനു കുറുകെ വെച്ച് അവൻ ലെച്ചു ഉണരുന്നുണ്ടോ എന്ന് ഒന്ന് കൂടി ടെസ്റ്റ്‌ ചെയ്തു.

ഇന്നലെ രാത്രിയിൽ ഒരുപാട് വർക്ക്‌ ചെയ്ത് തീർന്നു അവൾ കിടന്നപ്പോൾ നല്ലത് പോലെ വൈകിയിരുന്നു.അതിന്റെ കൂടെ വാ തോരാതെ ഉള്ള സംസാരവും കൂടി ആയപ്പോൾ ഉറങ്ങാൻ സമയം പിന്നെയും വൈകി. അത് കൊണ്ട് തന്നെ അവൻ കൈ വെച്ച സ്ഥലത്ത് ലെച്ചുവിന് എന്തോ വേദന ഉണ്ട് എന്ന് തോന്നി അത് പരിശോധിക്കുമ്പോൾ ലെച്ചു ഉണരാതെ ഇരിക്കാൻ അർജുൻ അത്രയും ശ്രദ്ധിച്ചിരുന്നു. അവൻ പ്രതീക്ഷിച്ചത് പോലെ ആ കുഞ്ഞു വയറിൽ തെളിഞ്ഞു കാണുന്ന അത്യാവശ്യം വലിയ മുറിവ് ഇന്നലെ ഉച്ചക്ക് അവൻ കൊടുത്ത സമ്മാനം ആണ് എന്ന് ഓർത്തപ്പോൾ അർജുന് സന്തോഷവും സങ്കടവും എല്ലാം ഒരുമിച്ച് വന്നു.

ഈ വേദനയൊക്കെ നിസാരം ആണ് എന്ന് അർജുന് നല്ലത് പോലെ അറിയാമായിരുന്നു.പ്രത്യേകിച്ച് ലെച്ചുവിന്…കൈ പൊള്ളിയും മുറിഞ്ഞും അടി കൊണ്ടും എല്ലാം അവൾക്ക് നല്ല ശീലം ആയത് കൊണ്ട് ലെച്ചു ഈ വേദന ചിലപ്പോൾ അറിഞ്ഞിട്ട് തന്നെ ഉണ്ടാവില്ല എന്ന് തോന്നി അർജുന്. അർജുന്റെ കൈ വിരലുകൾ അവളുടെ വയറിൽ സ്പർശിച്ച മാത്രയിൽ അപ്പോഴേക്കും ലെച്ചുവും ഉണർന്നിരുന്നു.ഒരു കൈമുട്ട് ബെഡിൽ കുത്തി എന്തോ നോക്കുന്ന അർജുനെ അവൾ സംശയത്തോടെ ഒന്ന് നോക്കി.

എന്നാൽ വീണ്ടും വയറിൽ തലോടാൻ പോകുന്ന അർജുന്റെ കൈ കണ്ടു ലെച്ചു ഉടനെ തന്നെ അത് പിടിച്ചു ബെഡിൽ എഴുന്നേറ്റിരുന്നു. “ആഹാ,നീ എഴുന്നേറ്റോ…കുറച്ചു കൂടി കഴിഞ്ഞു എഴുന്നേറ്റാൽ മതി ട്ടോ…ഇന്നലെ വൈകി കിടന്നതല്ലേ… “,അർജുൻ അവളെ വീണ്ടും പിടിച്ചു കിടത്തി കൊണ്ട് പറഞ്ഞു. “അയ്യോ അത് ശരിയാവില്ല…ഇന്നലെയും വൈകി അല്ലെ എഴുന്നേറ്റത്…ഞാൻ കുളിക്കാൻ പോട്ടെ…വിട്ടേ ഏട്ടാ “,ലെച്ചു അവന്റെ കൈ ബലം ആയി മാറ്റി കൊണ്ട് എഴുന്നേറ്റു കുളിക്കാൻ ആയി ചെന്നു.

ലെച്ചു കുളി കഴിഞ്ഞു വരുമ്പോഴെക്കും അർജുൻ വർക്ക്‌ ഔട്ട്‌ കഴിഞ്ഞു വന്നിരുന്നു.”ജിമ്മിൽ പോകുന്നത് പോരാതെ ഇത് എന്തിനാ ഏട്ടാ ഇങ്ങനെ കഷ്ട്ടപ്പെടുന്നത് “, തല തോർത്തി കൊണ്ടിരിക്കെ മുഴുവൻ വിയർത്തു കുളിച്ചു കൊണ്ട് ബാൽക്കണിയിൽ നിന്ന് വന്ന അർജുനെ കണ്ടു ലെച്ചു അത്ഭുതത്തോടെ ചോദിച്ചു. “ഈ രാവിലെ വർക്ക്‌ ഔട്ട്‌ ഒക്കെ കഴിഞ്ഞു കുളിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ… അത് നിനക്ക് പറഞ്ഞാൽ മനസിലാവില്ല.. ”

അർജുൻ ലെച്ചുവിന്റെ കൈയിൽ നിന്ന് തോർത്ത്‌ വാങ്ങി മുഖം തുടച്ചു കൊണ്ട് പറഞ്ഞു. പിന്നെ ലെച്ചുവിനെ പിടിച്ചു ബെഡിൽ ഇരുത്തി അവൻ വലിയൊരു പാക്കറ്റ് അവൾക്ക് കൊടുത്തു. “ലെച്ചു ഇന്ന് എന്റെ ബര്ത്ഡേ ആണ്…അമ്മ നിന്നോട് പറയാൻ മറന്നു എന്ന് തോന്നുന്നു…”,എന്താണ് സംഭവിക്കുന്നത് എന്ന് അത്ഭുതപ്പെട്ടിരിക്കുന്ന ലെച്ചുവിന്റെ കൈയിൽ നിന്നും സ്വയം തന്നെ ആ പാക്കറ്റ് പൊളിച്ചു കൊണ്ട് അർജുൻ പറഞ്ഞത് കേട്ട് ലെച്ചു അമ്പരന്നു. “എന്നിട്ട് ഏട്ടൻ എന്താ ഇന്നലെ പറയാതെ ഇരുന്നത്.അമ്മ മറന്നു എന്നാ തോന്നുന്നേ…”

ലെച്ചു ചെറിയൊരു സങ്കടത്തോടെ പറഞ്ഞത് കേട്ട് അർജുൻ ഒന്ന് ചിരിച്ചു. “അത് സാരില്ല പെണ്ണെ… നമുക്ക് ഒന്ന് അമ്പലത്തിൽ പോണം…പിന്നെ ഒന്ന് കറങ്ങണം…എന്നിട്ട് തിരിച്ചു വരുമ്പോഴേക്കും അമ്മ എല്ലാം ചെയ്തോളും…സൊ ഒരു സങ്കടവും വേണ്ട ” “കല്യാണം കഴിഞ്ഞുള്ള ഫസ്റ്റ് ബര്ത്ഡേ അല്ലെ…അപ്പോൾ നിനക്ക് വേണ്ടി ഞാൻ വാങ്ങിയ കുറച്ചു സാധനങ്ങൾ ആണ് ഇത്…അമ്പലത്തിൽ പോകുമ്പോൾ നിന്നെ ഇങ്ങനെ കാണണം എന്ന് തോന്നി…ഞാൻ കുളിച്ചു വരുമ്പോഴെക്കും ഒരുങ്ങി നിൽക്കണം ട്ടോ ”

ലെച്ചുവിന്റെ മറുപടിക്ക് കാത്ത് നില്കാതെ അർജുൻ കുളിക്കാൻ ആയി പോയപ്പോൾ പാക്കറ്റിൽ നിന്ന് അവൻ എടുത്തു ബെഡിൽ വെച്ച സാധനങ്ങൾ കണ്ടു കിളി പോയി നിൽക്കുകയായിരുന്നു ലെച്ചു. അധികം വീതി ഇല്ലാത്തതും എന്നാൽ കാണാൻ ഭംഗി ഉള്ളതും ആയ ഗോൾഡൻ കരയുള്ള ഒരു സെറ്റ് മുണ്ടും അതിന് ചേരുന്ന നെവി ബ്ലൂ ബ്ലൗസും,കുറച്ചു ആഭരണങ്ങും മുല്ല പൂവും ഒക്കെ കണ്ടു ലെച്ചുവിന്റെ കണ്ണ് നിറഞ്ഞു. അർജുൻ കുളിച്ചു വരുമ്പോഴെക്കും ഒരുങ്ങി നിൽക്കാം എന്ന് കരുതി പെട്ടെന്ന് തന്നെ അവൾ ഡ്രസ്സ്‌ മാറ്റി.

കൈ നിറയെ വളകളും കാതിൽ ജുമുക്കിയും ഇട്ടപ്പോൾ തന്നെ അർജുൻ വന്നു. അവനെ ഒന്ന് നോക്കി ലെച്ചു വീണ്ടും കണ്ണാടിക്ക് മുന്നിലേക്ക് തിരിഞ്ഞു കണ്ണുകൾ വാലിട്ട് എഴുതി.നെറുകയിൽ സാധാരണയിൽ കൂടുതൽ സിന്ദൂരം വെച്ച് ഒരു കുഞ്ഞി പൊട്ടു കൂടി വെച്ചപ്പോൾ ലെച്ചുവിന്റെ സൗന്ദര്യം ജ്വലിക്കുന്നത് പോലെ തോന്നി അർജുന്. “കഴുത്തിലെ ഈ മഞ്ഞ ചരട് മാറ്റി ചെറിയൊരു മാല വാങ്ങി ഇടാം എന്ന് കരുതി ഇന്നലെ ഞാൻ ജ്വലറിയിൽ കയറിയിരുന്നു.പക്ഷെ ഓരോ ചെയിൻ സെലക്ട്‌ ചെയ്യുമ്പോഴും അതിനൊന്നും ഇതിന്റെ അത്ര ഭംഗി എനിക്ക് തോന്നാത്തത് കൊണ്ട് ആ ശ്രമം ഞാൻ അങ്ങ് ഉപേക്ഷിച്ചു. ”

ലെച്ചുവിനെ നോക്കാതെ ഷെൽഫിൽ നിന്ന് വീണ്ടും ചെറിയൊരു കവർ എടുത്തു കൊണ്ട് അർജുൻ പറഞ്ഞത് കേട്ട് ലെച്ചു ഉടനെ തന്നെ സാരിക്കിടയിൽ നിന്നും താലി എടുത്തു പുറത്തിട്ടു. അത് കണ്ടു അർജുൻ ചിരിച്ചു കൊണ്ട് ചെറിയൊരു ബോക്സ്‌ അവളുടെ കൈയിൽ കൊടുത്തു. ലെച്ചു ആകാംഷയോടെ അത് തുറക്കുന്നതും നോക്കി അർജുൻ കൗതുകത്തോടെ അവൾക്ക് മുന്നിൽ നിന്നു.ബോക്സിലെ സാധനം കണ്ടു അടുത്ത നിമിഷം തന്നെ ലെച്ചുവിന്റെ കണ്ണുകൾ വിടർന്നു.

അറിയാതെ തന്നെ അർജുന്റെ കവിളിൽ ലെച്ചു ചുണ്ട് ചേർക്കവെ,അത് അവൻ പ്രതീക്ഷിച്ചിരുന്നു എന്ന് പറയാതെ പറയുന്നുണ്ടായിരുന്നു അർജുന്റെ മുഖ ഭാവം. സ്കൂട്ടി വാങ്ങാൻ ആയി അവൾ പണയം വെച്ച ലെച്ചുവിന്റെ മാലയും കമ്മലും ആയിരുന്നു ആ ബോക്സിൽ ഉണ്ടായിരുന്നത്. അർജുൻ തന്നെ ആ മാല എടുത്തു അവളുടെ കഴുത്തിൽ ഇട്ട് കൊടുത്തു.എന്തൊക്കെയോ കാര്യങ്ങൾ ചോദിക്കണം എന്ന് ലെച്ചുവിന് ഉണ്ടായിരുന്നു എങ്കിലും അവൾ സന്തോഷം കൊണ്ട് ശ്വാസം മുട്ടി നിൽക്കുകയായിരുന്നു അപ്പോൾ.

അതിനിടയിൽ ആണ് അർജുൻ വീണ്ടും അവളുടെ കൈയിൽ ഉള്ള ബോക്സിൽ നിന്ന് കാല് നിറഞ്ഞു കിടക്കാൻ പാകത്തിനുള്ള വെള്ളി പാദസരവും രണ്ട് മിഞ്ചികളും എടുത്തത്. ലെച്ചുവിന്റെ കണ്ണു നീരിനെ വക വെക്കാതെ അവളെ പിടിച്ചു ബെഡിൽ ഇരുത്തി അർജുൻ അവ രണ്ടും അവളുടെ കാലിൽ ഇട്ട് കൊടുത്തു. “താഴെ പായസം ഉണ്ടാക്കാൻ ഉള്ള എല്ലാം ഞാൻ വാങ്ങി വെച്ചിട്ടുണ്ട്…വേഗം പോയി ജോലി തുടങ്ങിക്കൊ…കുറച്ചു കുടിച്ചിട്ട് വേണം അമ്പലത്തിൽ പോകാൻ നമുക്ക്….

ഒന്നും കഴിക്കാൻ പാടില്ല എന്ന് അറിയാം…എന്നാലും ഒരു ആഗ്രഹം… “,ലെച്ചുവിന്റെ കാലുകൾ രണ്ടും കൈയിൽ എടുത്തു അതിൽ പതുക്കെ ചുംബിച്ചു കൊണ്ട് അർജുൻ പറഞ്ഞത് കേട്ട് ലെച്ചു മുഖം അറിയാതെ തന്നെ താഴ്ന്നു. കാലിലുടെ ഒരു മിന്നൽ പിണർ പായുന്നത് പോലെ തോന്നി ലെച്ചു കാലുകൾ വേഗം അവന്റെ കൈയിൽ നിന്നും വലിച്ച് എടുത്തു.പിന്നെ അർജുനെ നോക്കാതെ താഴേക്ക് ഓടവെ എല്ലാം കേട്ട് കൊണ്ട് പുറത്തു നിന്ന പ്രിയ നോക്കി നിന്ന അവസരം കൈ വന്നത് കണ്ടു സന്തോഷിക്കുകയായിരുന്നു അപ്പോൾ.

(തുടരും )

ലയനം : ഭാഗം 18

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!