നാഗമാണിക്യം: ഭാഗം 14

Share with your friends

എഴുത്തുകാരി: സൂര്യകാന്തി

അനന്തന് പിറകെ തന്നെയാണ് പത്മ കാവിൽ നിന്ന് പുറത്തു കടന്നത്. ആൾ കാത്തു നിൽക്കാതെ നടക്കുകയാണ്. മിക്കപ്പോഴും വെള്ള ജൂബ്ബായും വെള്ളിക്കരയുള്ള മുണ്ടുമിട്ടാണ് അനന്തനെ കണ്ടിട്ടുള്ളത്. മുണ്ടിന്റെ കോന്തല തെല്ലുയർത്തി പിടിച്ചുള്ള ആ നടപ്പ് നോക്കി പത്മ പതിയെ നടന്നു. നീളൻ മുടി ഇടയ്ക്കു വലം കൈ കൊണ്ടു കോതിയൊതുക്കുന്നത് കണ്ടു. മനസ്സിൽ എപ്പോഴൊക്കെയോ തോന്നിയിട്ടുള്ള ആകർഷണം ശക്തമാവുന്നത് പത്മ അറിഞ്ഞു.

താമരക്കുളത്തിനരികെ എത്തിയപ്പോൾ അറിയാതെ പത്മയുടെ കാലുകൾ നിശ്ചലമായി. നേർത്ത കാറ്റിന് ഇലഞ്ഞിപ്പൂമണമായിരുന്നു.സന്ധ്യ മയങ്ങിയിട്ടും കുളത്തിൽ നേർത്ത പ്രകാശമുണ്ടായിരുന്നു. താമരയിലകൾക്കിടയിലൂടെ അവിടവിടെയായി കുമിളകൾ ഉയർന്നു പൊങ്ങുന്നുണ്ടായിരുന്നു. പത്മ പടവുകളിലേക്ക് കാൽ വെച്ചതും, നടന്നു കുറച്ചകലെ എത്തിയ അനന്തൻ തിരിഞ്ഞു നോക്കിയതും ഒരുമിച്ചായിരുന്നു.

“ഡോ.. ” പത്മ ഞെട്ടിയെന്നപോലെ അവനെ നോക്കി. അനന്തൻ ധൃതിയിൽ അവൾക്കരികെ എത്തിയിരുന്നു. “എന്തേ, തമ്പുരാട്ടിയ്ക്ക് ത്രിസന്ധ്യയ്ക്ക് താമരക്കുളത്തിൽ നീരാടാൻ തോന്നണുണ്ടോ? ” കുളത്തിലേയ്ക്ക് മുഖം കൊണ്ട് കാണിച്ചു അനന്തൻ ചോദിച്ചതും പത്മ പടവിൽ നിന്ന് കാൽ വലിച്ചു അനന്തനെയൊന്ന് തുറിച്ചു നോക്കി നടന്നു. “ഇക്കണക്കിനു കഴുത്തിൽ താലി കൂടെ വീണാൽ ശ്വാസം എടുക്കണേൽ ഇയാളോട് ചോദിക്കേണ്ടി വരുമല്ലോ ”

പതുക്കെയാണെങ്കിലും പത്മ പിറുപിറുക്കുന്നത് അവൾക്കരികിലൂടെ മുൻപിൽ കയറി നടക്കുന്നതിനിടെ അനന്തൻ കേട്ടിരുന്നു. അവന്റെ ചുണ്ടിലൊരു ചിരി തെളിഞ്ഞു. “നീ നോക്കിക്കോടീ ഉണ്ടക്കണ്ണി എന്റെ പിന്നാലെ അനന്തേട്ടാന്ന് വിളിച്ചു നീ നടക്കും..” മനസ്സിൽ പറഞ്ഞ് ചിരിയോടെ അവൻ നടന്നു. പിറകെ പത്മയും. മുറ്റത്ത് പുതിയൊരു കാർ കൂടെയുണ്ടായിരുന്നു.

പൂമുഖത്ത് ആരൊക്കെയോ ഉണ്ടായിരുന്നു. ആരെയും നോക്കാതെ പത്മ അകത്തേക്ക് നടക്കുമ്പോൾ എല്ലാവരുടെയും കണ്ണുകൾ അവളിലായിരുന്നു. പത്മ അകത്തേക്ക് നടന്നതും സുധർമ്മ ഒരു ട്രേയിൽ ചായയുമായി വരുന്നത് കണ്ടു. അവളെ കണ്ടതും സുധ അത് പത്മയുടെ കൈകളിലേക്ക് വെച്ച് കൊടുത്തു. “മോളിത് അവർക്ക് കൊണ്ടു കൊടുക്ക്, നാളെത്തേയ്ക്കുള്ള ഡ്രസ്സും ആഭരണങ്ങളുമൊക്കെ കൊണ്ടു വന്ന കുട്ടികളാ, പോവാൻ തിരക്കുണ്ടെന്ന് പറയണത് കേട്ടു, വേഗം അങ്ങട് ചെല്ലൂ.. ” പത്മ ട്രേയുമായി പൂമുഖത്തേയ്ക്ക് നടന്നു.

“നിങ്ങൾ എന്തേ ഇത്രയും വൈകി, പറഞ്ഞതനുസരിച്ച് എത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതിരുന്നപ്പോൾ ഞാൻ വിളിച്ചിരുന്നു. കിട്ടിയില്ല ” “ഒന്നും പറയണ്ട സാറേ, ഇപ്പോഴും എത്താൻ പറ്റുമെന്ന് കരുതിയതല്ല, വഴി നിറയെ തടസ്സങ്ങളായിരുന്നു. മെയിൻ റോഡിൽ നിന്ന് ഇങ്ങോട്ട് കയറിയപ്പോൾ ടയർ പഞ്ചറായി, സാറിനെ വിളിച്ചിട്ട് കിട്ടിയതുമില്ല. ടയർ മാറ്റിയിട്ടപ്പോഴേക്കും വലിയ കാറ്റും, ആകെ പൊടിയും ഇലയുമൊക്കെയായി, കാർ പറന്നു പോവുമോന്ന് തോന്നിപ്പോയി.

പിന്നെയും കുറേ കഴിഞ്ഞാണ് എല്ലാമൊന്നടങ്ങിയത്, പിന്നെ ഒരു പ്രശ്നവുമുണ്ടായില്ല ” അനന്തന്റെ കസേരയ്ക്കപ്പുറം ഇരുന്ന കുറച്ചു തടിയുള്ള ചെറുപ്പക്കാരൻ പറയുന്നത് കേട്ടു കൊണ്ടാണ് പത്മ അവിടേക്കെത്തിയത്. “എല്ലാം മാഡത്തിനെ ഏൽപ്പിച്ചിട്ടുണ്ട്.. ” ചാരുപടിയ്ക്കരികെ ഇരുന്നയാൾ പറഞ്ഞതും അനന്തൻ അയാളെ നോക്കി. “താങ്ക്സ് അജയ്.. ആദ്യമേ നിശ്ചയിച്ചിരുന്നെങ്കിലും ചില കാരണങ്ങൾ കൊണ്ടു കല്യാണം നാളെ തന്നെ നടത്തേണ്ടി വന്നു” അപ്പോഴാണ് പത്മ ചായയുമായി അവർക്കരികെ എത്തിയത്.

“ഇതാണ് എന്റെ വുഡ് ബി പത്മ.. ” പത്മയെ നോക്കി അനന്തൻ അവരോട് പറഞ്ഞു. “പത്മ ഇവർ എന്റെ ഫ്രണ്ട്‌സ്, നമ്മുടെ കമ്പനിയിൽ ആണ് വർക്ക്‌ ചെയ്യുന്നത്. അജയ്, ജിജോ, ദീപക്ക് ” പത്മ ചിരിയോടെ ട്രേ അവർക്ക് നേരേ നീട്ടി. തെല്ലൊരു ആശ്ചര്യത്തോടെയാണ് അവർ അവളെ നോക്കിയത്, സുന്ദരിയെങ്കിലും ഇതുപോലൊരു നാടൻ പെൺകുട്ടിയെ അനന്തന്റെ ഭാര്യയായി അവർ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

നീലക്കരയുള്ള മുണ്ടും നേര്യേതും ചുറ്റി വിടർന്ന കണ്ണുകളിൽ മഷിയെഴുതി നെറ്റിയിൽ മഞ്ഞൾ കുറിയും ചാർത്തി, നീണ്ടമുടിത്തുമ്പു കെട്ടിയിട്ട ഒരു തമ്പുരാട്ടിക്കുട്ടിയെ അനന്തന് ഇഷ്ടമാവുമെന്ന് കരുതിക്കാണില്ല. ചായ കുടിച്ചതും അവർ എഴുന്നേറ്റു. കാറിലേക്ക് മൂവരും കയറുമ്പോൾ അരളിച്ചുവട്ടിൽ ആ കുഞ്ഞു കരിനാഗം ശിരസ്സുയർത്തി. കാർ മഠത്തിലേക്കുള്ള റോഡിലേക്ക് തിരിയവേ, ടയർ പഞ്ചറായപ്പോൾ, പിറകിലെ സീറ്റിനടിയിൽ ഇഴഞ്ഞെത്തി, പതുങ്ങിയ കുഞ്ഞു കരിനാഗം,

നാഗകാളി മഠത്തിന്റെ മതിൽക്കെട്ടിനുള്ളിൽ വണ്ടി നിർത്തിയപ്പോഴായിരുന്നു, ആരുടേയും കണ്ണിൽപ്പെടാതെ, മുറ്റത്തതിരിലെ അരളിച്ചുവട്ടിലേക്ക് ഇഴഞ്ഞിറങ്ങിയെത്തിയത്…. ട്രേ അടുക്കളയിൽ കൊണ്ടു വെച്ച് പത്മ മുറിയ്ക്കത്തേക്ക് നടക്കുമ്പോഴാണ് അനന്തന്റെ മുറിയിൽ നിന്ന് അരുന്ധതി പുറത്തേക്കിറങ്ങിയത്. കൈയിൽ കല്യാണസാരിയ്ക്ക് മുകളിൽ വെച്ച ആഭരണപ്പെട്ടിയുമുണ്ടായിരുന്നു. പത്മയ്ക്ക് നേരേ നീട്ടിക്കൊണ്ട് അവർ പറഞ്ഞു. “ഞാൻ മോളെ നോക്കിയിറങ്ങാൻ തുടങ്ങുകയായിരുന്നു.

ഇത് പത്മ തന്നെ സൂക്ഷിച്ചു വെച്ചോളൂ. എല്ലാം സെലക്ട്‌ ചെയ്തത് അവനാണ് ” പറയുന്നതിനിടെ അരുന്ധതി ചിരിയോടെ അവളുടെ പിറകിലേക്ക് നോക്കിയത് കണ്ടു പത്മ മെല്ലെയൊന്ന് തിരിഞ്ഞു നോക്കി. ഇടനാഴിയിലൂടെ നടന്നു വരുന്ന അനന്തൻ. “എടാ നന്ദൂ ഈ ഓർണമെന്റ്സിന്റെ കൂട്ടത്തിൽ ആ സ്വർണ്ണക്കൊലുസ്സ് കാണാനില്ലല്ലോ, ഞാൻ പറഞ്ഞിരുന്നതല്ലേ ” “അതവര് വിട്ടു പോയിക്കാണും. ഈ അമ്മയ്ക്കിതെന്താ നാളെ ആരേലും ഇവളുടെ കാലിൽ കൊലുസ്സുണ്ടോന്ന് തിരഞ്ഞു നടക്കാൻ പോണുണ്ടോ.. ” അനന്തൻ അലസമായി പറഞ്ഞുകൊണ്ട് അരുന്ധതിയുടെ ചുമലിൽ മുഖം ചേർത്ത് നിന്നു.

“ഈ ചെക്കന്റെ ഒരു കാര്യം, പോത്ത് പോലെ വളർന്നു, എന്നാലും കുട്ടിക്കളി മാറിയിട്ടില്ല, ” അരുന്ധതി വാത്സല്യത്തോടെ അനന്തന്റെ കവിളിൽ തട്ടി. കണ്ണുകളിടഞ്ഞപ്പോൾ പത്മ ചിരിയടക്കുന്നത് അനന്തൻ കണ്ടു. “ഓ അതിനു കുഴപ്പമില്ലെന്നേ, നാളെ എല്ലാരൂടെ എന്റെ തലയിൽ കെട്ടി വെക്കാൻ പോവുന്നതും ഒരു കൊച്ചുകുട്ടിയെ ആണല്ലോ ” “എടാ നിന്നെ.. ” അരുന്ധതി കൈ ഓങ്ങിയതും അനന്തൻ ചിരിയോടെ ഒഴിഞ്ഞു മാറി അവന്റെ മുറിയുടെ വാതിൽപ്പടിയിൽ ചാരി കൈ കെട്ടി നിന്നു, അമ്മയ്ക്ക് നേരേ പുരികമുയർത്തി.

അരുന്ധതി തലയാട്ടിയതും മീശയുടെ അറ്റം കടിച്ചു പിടിച്ചു കൊണ്ടുള്ള ആ മനോഹരമായ പുഞ്ചിരി അനന്തന്റെ മുഖത്തെത്തി, അവൻ അവരെ നോക്കി കണ്ണിറുക്കി കാണിച്ചു. “ദേ കണ്ടോ മോളെ, കുട്ടിക്കാലം മുതലേയുള്ള അവന്റെ സൂത്രമാ, എന്തൊക്കെ കുരുത്തക്കേട് കാണിച്ചു വെച്ചാലും ഇങ്ങനെ നിന്ന് ഒറ്റ ചിരിയാ. അതിൽ ഞാനങ്ങു വീണു പോവുമെന്ന് അവനറിയാം.. നീ സൂക്ഷിച്ചോ.. ” ആരെയും മയക്കുന്ന ആ ചിരിയുടെ കാന്തശക്തിയിൽ ഒരുപാട് തവണ അകപ്പെട്ടിട്ടുള്ളത് കൊണ്ട് പത്മ ഒന്നും പറയാതെ പതിയെ അരുന്ധതിയെ നോക്കി ചിരിച്ചതേയുള്ളൂ.

“മോളത് കൊണ്ട് വെക്ക്.. ” പത്മയോട് പറഞ്ഞ് അനന്തനെ ഒന്ന് നോക്കി അരുന്ധതി പുറത്തേക്ക് നടന്നു. റൂമിനുള്ളിലേക്ക് കയറുന്നതിനു മുൻപ് പത്മ അനന്തനെ ഒന്ന് നോക്കി. അവന്റെ ഗൗരവത്തിലുള്ള നോട്ടത്തിന് പകരം ഒരു കൂർത്ത നോട്ടം നൽകി പത്മ അകത്തു കടന്നു. അനന്തൻ ചിരിയോടെ അവന്റെ റൂമിലേക്കും പോയി. പത്മ കൈയിലുള്ളതെല്ലാം അറയിലെ ചെറിയ വട്ടമേശയിൽ വെച്ച് ബാത്‌റൂമിൽ കയറി മുഖം കഴുകി വന്നു. അഞ്ജലി വിശപ്പില്ലെന്ന് പറഞ്ഞു ആഹാരം കഴിക്കാൻ വന്നില്ല.

പിന്നെ അനന്തൻ ചെന്നു വിളിച്ചപ്പോൾ അവന്റെ കൈ പിടിച്ചു കൊണ്ട് ഗോവണിപ്പടിയിറങ്ങി വരുന്നത് പത്മ കണ്ടു. അത്താഴം കഴിക്കാനിരിക്കുമ്പോൾ അഞ്ജലി അനന്തന്റെ അടുത്താണ് ഇരുന്നത്. പലപ്പോഴും തന്നെ നോക്കുന്ന അവളുടെ കണ്ണിലെ പക പത്മ കണ്ടിരുന്നു. പതിവില്ലാതെ അരുന്ധതി മുന്നിലെത്തിയപ്പോൾ ചാരുകസേരയിൽ കിടക്കുകയായിരുന്ന ഭദ്രൻ തിരുമേനി തലയുയർത്തി നോക്കി. “എന്ത് പറ്റി അരുന്ധതിയ്ക്കു എന്നോടെന്തോ ചോദിക്കാനുണ്ടല്ലോ? ” “അത്.. ഞാൻ..അനന്തനും പത്മയും… ” തിരുമേനി ചോദ്യഭാവത്തിൽ അരുന്ധതിയെ നോക്കി.

“നന്ദുവിന്റെ ജാതകം നോക്കിയ കാലം മുതൽ മുത്തച്ഛൻ കഥകളെല്ലാം പറഞ്ഞു കൊടുത്താണ് അവനെ വളർത്തിയത്. ചെറുപ്രായത്തിലേ മുത്തച്ഛന് അറിയാവുന്നതൊക്കെ പഠിപ്പിച്ചു. പിന്നെ എല്ലാം തികഞ്ഞൊരു ഗുരുവിനു കീഴെ മന്ത്രതന്ത്രങ്ങളും പഠിപ്പിച്ചു. മുത്തച്ഛൻ മരിച്ചതിനു ശേഷം അവന്റെ ലോകം മാറി. അനന്തപത്മനാഭൻ അനന്ത് ആയി. എന്നിട്ടും, ഓർമ്മ വെച്ചപ്പോൾ കേട്ടു തുടങ്ങിയ, അവന് വേണ്ടി ജനിച്ചിട്ടുണ്ടെന്ന് പറഞ്ഞ പെണ്ണിനെ അവൻ മറന്നില്ല. അവസാനം ഇവിടെയുണ്ടെന്ന് അറിഞ്ഞിട്ടും കാണാൻ ധൃതി കൂട്ടിയില്ല.

അവനെപ്പോലൊരാൾക്ക് ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നിട്ടും വേറെയൊരു പെൺകുട്ടിയോട് പോലും അവൻ താല്പര്യം കാണിച്ചിട്ടില്ല.. പക്ഷേ അനന്തൻ ഇത്രയും സ്നേഹിച്ചിട്ടും പത്മ..?” തിരുമേനി ഒന്ന് പുഞ്ചിരിച്ചു. ‘എനിക്ക് മനസ്സിലായി അരുന്ധതിയുടെ പേടി. പക്ഷേ ഒരു കാര്യം ഉറപ്പിക്കാം അനന്തൻ വിഷുനാരായണന്റെ പുനർജ്ജന്മം ആണെങ്കിൽ പത്മ സുഭദ്രയുടെ ജന്മമാണ്. ഒട്ടേറെ തെളിവുകൾ ഉണ്ട്.

കണ്മുന്നിൽ കാണാൻ കഴിയുന്നത്.. ” അദ്ദേഹം അരുന്ധതിയെ നോക്കി. “വിഷ്ണുവിന് ഏഴ് ജന്മത്തിലും സുഭദ്രയാണ് ഇണ. പക്ഷെ അവർ ഒന്ന് ചേർന്നത് ആദ്യ ജന്മത്തിൽ മാത്രമാണ്. പിന്നെയുള്ള ജന്മങ്ങളിലൊന്നും അവർക്ക് ഒരുമിക്കാനായിട്ടില്ല. തീവ്ര അനുരാഗവുമായി എത്തിയ ഈ ഏഴാം ജന്മത്തിൽ അവർ ഒന്ന് ചേർന്നെങ്കിൽ മാത്രമേ അവർക്ക് മോക്ഷം ലഭിക്കുകയുള്ളൂ. ഇല്ലെങ്കിൽ പരസ്പരം തേടിയലഞ്ഞു നടക്കുന്ന ആത്മാക്കളായി, തമ്മിൽ തിരിച്ചറിയാനാവാതെ അവർ ഇവിടെ ഉണ്ടാകും.

നാഗകാളി മഠത്തിന്റെ പൂർണമായ തകർച്ചയാവും അത്.. ” “പിന്നെ പുനർജ്ജന്മത്തിലെ കാര്യങ്ങൾ ചിലപ്പോഴൊക്കെ സ്വപ്നങ്ങളായി നമ്മുടെ മുൻപിൽ വെളിപ്പെടാറുണ്ട്, അത് തിരിച്ചറിയാൻ സാധിക്കാറില്ലെങ്കിലും. ചിലപ്പോൾ ആദ്യമായി കാണുന്ന ചില വ്യക്തികളോട്, സ്ഥലങ്ങളോട് ഒക്കെ വല്ലാത്തൊരു അടുപ്പം തോന്നാറുണ്ട് നമുക്ക്. പണ്ടേ കേട്ട് ശീലിച്ചത് കൊണ്ട് മാത്രമല്ല അനന്തന് പത്മയോട് ആദ്യകാഴ്ചയിൽ തന്നെ അനുരാഗം തോന്നിയത്. പത്മയ്ക്ക് അങ്ങനെ തോന്നാതിരിക്കാൻ കാരണം സുഭദ്രയുടെ ജന്മത്തിൽ സംഭവിച്ചു പോയ കാര്യങ്ങളാണ്.

സുഭദ്രയുടെ ആത്മാവ് ഇവിടം വിട്ടു പോയിട്ടുണ്ടെങ്കിലും അവൾക്കു എന്ത് സംഭവിച്ചെന്നോ എങ്ങനെ മരിച്ചെന്നോ ആർക്കുമറിയില്ല..പക്ഷേ അനന്തനുള്ളത് പോലെ തന്നെയുള്ള പ്രണയം പത്മയ്ക്ക് അനന്തനോടുമുണ്ട്. സമയമാവുമ്പോൾ അത് അവൾക്കു നിയന്ത്രിക്കാനാവാതെ വരും.. ” “ഇനി അഥവാ ഇതൊന്നുമല്ലെങ്കിലും പത്മയും അനന്തനും മഠത്തിലെ അവകാശികളാണ്. സ്ഥാനം കൊണ്ട് മുറപ്പെണ്ണും മുറച്ചെറുക്കനും.

അത് കൊണ്ട് അവർ തമ്മിലാണ് വിവാഹം കഴിക്കേണ്ടത്. അരുന്ധതി മനസ്സ് വിഷമിപ്പിക്കാതെ ഉറങ്ങിക്കോളു.. അനന്തൻ ജാതവേദന്റേയും വിഷ്ണുവിന്റെയും കഴിവുകൾ ഒരുമിച്ചു കിട്ടിയവനാണ്. കൂടെ പത്മയുമുള്ളപ്പോൾ അവനെ തോൽപ്പിക്കാനാവില്ല… ” തിരുമേനിയുടെ അടുത്ത് നിന്ന് പുറത്തേക്ക് നടക്കുമ്പോൾ അരുന്ധതിയുടെ മുഖത്ത് ആശ്വാസം നിഴലിച്ചിരുന്നു. തിരുമേനി പക്ഷേ ഒരു കാര്യം മറച്ചു വെച്ചിരുന്നു. നാഗകാളി മഠത്തിലെ കാവിലമ്മയെ സ്വന്തമാക്കിയാൽ ലഭിക്കുന്ന അപൂർവസൗഭാഗ്യങ്ങൾ ആഗ്രഹിക്കുന്നവർ വേറെയുമുണ്ടെന്ന്.

അതോടൊപ്പം നാഗകാളി മഠത്തിന്റെ അധിപനോട് ഒടുങ്ങാത്ത പക മനസ്സിൽ സൂക്ഷിക്കുന്നവരും… പത്മ ഉറങ്ങാനായി ചെന്നപ്പോൾ ശ്രീക്കുട്ടൻ ഉറങ്ങിയിരുന്നു. അനന്തന്റെയും പത്മയുടെയും വിവാഹത്തിൽ ഏറെ സന്തോഷിക്കുന്നത് ശ്രീക്കുട്ടനാണ് കാരണം അവന്റെ ഹീറോ അനന്തപത്‌മനാഭനാണ്.. സുധ ബാത്റൂമിലായിരുന്നു. വാതിൽ ചാരാനായി ചെന്നപ്പോൾ, പത്മ വാതിൽപാളിയിൽ കൈ വെച്ചതും, അനന്തൻ അവന്റെ റൂമിലെ വാതിൽ ചാരിയതും ഒരുമിച്ചായിരുന്നു.

മുഖം മറയുന്നതിന് മുൻപേ അനന്തന്റെ മുഖത്തെ ആക്കിച്ചിരി പത്മ കണ്ടിരുന്നു. ഉള്ളിൽ കൂടെയൊരു മിന്നൽപിണർ കടന്നു പോയത് പോലെ തോന്നിയവൾക്ക്. നാളെ മുതൽ താനും അവിടെയാണ്. ആ താലി കഴുത്തിൽ വീണാൽ പിന്നെ അനന്തനാണ് തന്റെ ലോകം. ഇതുവരെ അതിനെപ്പറ്റിയൊന്നും ആലോചിട്ടില്ല. ആലോചിക്കാൻ സമയം കിട്ടിയില്ല എന്ന് പറയാം. അതുവരെയില്ലാത്ത പരിഭ്രമവും വെപ്രാളവും വന്നു തുടങ്ങി പത്മയ്ക്ക്… ഉറങ്ങുന്ന വീണയെ ഒന്ന് നോക്കിയിട്ട് ഫോണുമെടുത്ത് പുറത്തേക്കിറങ്ങി അഞ്ജലി.

അപ്പുറത്ത് കാൾ എടുത്തതും അവൾ പറഞ്ഞു. “സഹിക്കാനാവുന്നില്ല എനിക്ക്. കത്തിയെടുത്തു ഒറ്റക്കുത്തിന് ആ പെണ്ണിന്റെ നെഞ്ചിൽ കയറ്റാൻ തോന്നുവാ… അനന്തനെ എനിക്ക് വേണം.. ” “അരുത്, അവിവേകം കാണിക്കരുത്. ഇത്ര പെട്ടെന്നു ഒരു വിവാഹം തീരുമാനിക്കുമെന്ന് നമ്മൾ കരുതിയതല്ലല്ലോ. അവൻ നാളെ അവളുടെ കഴുത്തിൽ താലി കെട്ടട്ടെ. പക്ഷേ ആ താലിച്ചരടിന് ബലം കുറവായിരിക്കും. മോള് വിഷമിക്കാതിരിക്ക്.

അല്ലെങ്കിലും അവർ തമ്മിൽ പ്രണയമൊന്നുമില്ലല്ലോ, അവളെപ്പോലൊരു പെണ്ണിനെ അധികകാലം കൊണ്ടു നടക്കാനാവില്ല അവന്..അവസരങ്ങൾ നമ്മളുണ്ടാക്കും..” മറുവശത്തു നിന്നും കേട്ട ശബ്ദത്തിന്റെ ഉറപ്പിൽ അഞ്ജലി മിഴികൾ തുടച്ചു.. മേശമേലിരുന്ന ആടയാഭരണങ്ങൾ കത്തുന്നത് സ്വപ്നത്തിൽ കണ്ടാണ് പത്മ ഞെട്ടിയുണർന്നത്.. മേശയിൽ വെച്ച സാരിയും ആഭരണങ്ങളുമൊക്കെ അതേപടി ഉണ്ടെന്ന് കണ്ടു അവൾ വീണ്ടും കണ്ണുകളടച്ചു.

പത്മ കിടന്നതും മേശയ്ക്കടിയിലെ കുഞ്ഞു കരിനാഗം വീണ്ടും ആ ആഭരണപ്പെട്ടിയുടെ മുകളിൽ കയറി ശിരസ്സുയർത്തി നിന്നു… പുലർച്ചെ സുധർമ്മ വിളിച്ചപ്പോഴാണ് പത്മ ഉണർന്നത്. മാറാനുള്ള വസ്ത്രങ്ങളുമായി ബാത്‌റൂമിൽ കയറി. കുളിച്ചുകൊണ്ടിരിക്കെയാണ് പൊക്കിൾ ചുഴിയുടെ മുകളിലായി ഉള്ള ആ മങ്ങിയ പാടിലേക്ക് നോട്ടമെത്തിയത്. ജനിച്ചപ്പോൾ മുതലുള്ളതെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്.. പെട്ടെന്നെന്തോ പത്മയുടെ മനസ്സിൽ അനന്തന്റെ മുഖം തെളിഞ്ഞു.

ഒരു വട്ടം കൂടെ വെള്ളം കോരിയൊഴിച്ച് കുളി മതിയാക്കി വസ്ത്രങ്ങളണിയുവാൻ തിരക്ക് കൂട്ടുകയായിരുന്നു പത്മ. വീതിയിൽ കസവു കരയുള്ള സെറ്റ് സാരി പത്മ തനിയെയാണ് ഉടുത്തത്. സുധയെ പോലും അവൾ അടുപ്പിച്ചില്ല. വാതിലിൽ മുട്ടു തുടങ്ങിയപ്പോഴേക്കും സാരി ഉടുത്തു കഴിഞ്ഞിരുന്നു പത്മ. അകത്തേക്ക് കയറിയ അരുന്ധതി അവളെ കണ്ണിമയ്ക്കാതെ നോക്കി നിന്നു. “ഈ പെണ്ണ് ഇങ്ങനെ ആണെന്നേ , ആദ്യമായി സാരി ഉടുത്തപ്പോൾ പോലും എന്നെ സഹായത്തിനു വിളിച്ചിട്ടില്ല്യ ..

ആരെയും അടുപ്പിക്കില്ല്യ. അതുകൊണ്ടെന്താ എല്ലാം തനിയെ പഠിച്ചു ” പത്മ മാറ്റിയ ഡ്രസ്സ്‌ എടുത്തു മാറ്റി കൊണ്ടു സുധ പറഞ്ഞു. ആഭരണങ്ങൾ അണിയിപ്പിച്ചതും മുടിയിൽ മുല്ലപ്പൂ വെപ്പിച്ചതുമൊക്കെ അരുന്ധതിയാണ്. ഒരുങ്ങി കഴിഞ്ഞു പത്മയെ നോക്കി നിന്നു അവർ. സുധയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. പുറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോഴാണ് ശാന്തമ്മ ഓടി വന്നത്. “അഞ്ജലിക്കുഞ്ഞിനൊരു തലകറക്കം, എല്ലാവരും അവിടെയുണ്ട്.. ”

“സുധ പത്മയ്‌ക്കൊപ്പം ഇവിടെ ഇരുന്നോളൂ, ഞാൻ നോക്കാം ” അരുന്ധതി ഹാളിൽ എത്തിയതും തിരുമേനിയടക്കം എല്ലാവരും മുറിയിൽ നിന്ന് പുറത്തേക്ക് വരുന്നത് കണ്ടു. “എന്തു പറ്റിയതാ..? ” അരുന്ധതി ആധിയോടെ ചോദിച്ചു. “ഒന്നൂല്യ, കുട്ടിയ്ക്ക് ചെറിയൊരു തലകറക്കം, പേടിക്കാനൊന്നൂല്യ. ഇല്ലത്ത് ഒരു ഡോക്ടറുണ്ട്, ദത്തന്റെ മകൻ, അഭിഷേക്. അയാളിപ്പോൾ ഇങ്ങടെത്തും . ചടങ്ങുകൾ വൈകിക്കേണ്ട, കാവിലെ പൂജ കഴിഞ്ഞു. അനന്തൻ ഇറങ്ങട്ടെ. പിന്നെ പത്മയും. ”

സുധയോട് ചെന്നു പറഞ്ഞിട്ട് അരുന്ധതി അനന്തനൊപ്പം ഇറങ്ങി. ഇത്തിരി കഴിഞ്ഞാണ് പത്മ ഇറങ്ങിയത്.. താഴിട്ട് പൂട്ടിയ അറയിൽ, ചുറ്റിയടിച്ച കാറ്റിൽ നാഗക്കാവിൽ വെച്ച് പരസ്പരം വരണമാല്യം ചാർത്തുന്ന യുവമിഥുനങ്ങളുടെ ചിത്രം ഒന്നിളകി.. പത്മ കാവിനുള്ളിൽ കയറിയപ്പോഴാണ് അനന്തൻ നോക്കിയത്. ഒന്ന് രണ്ടു നിമിഷം കണ്ണെടുക്കാതെ അവൻ അവളെ നോക്കി നിന്നു. കസവു കരയുള്ള സെറ്റ് സാരിയിൽ അതി സുന്ദരിയായ ശില്പം പോലെയുണ്ടായിരുന്നു പത്മദേവി അപ്പോൾ.

നീണ്ടു വിടർന്ന നിറയെ മഷിയെഴുതിയ കണ്ണുകൾ ചുറ്റും നോക്കുന്നുണ്ടായിരുന്നു. അനന്തനിൽ എത്തിയതും അവളറിയാതെ ഒരു പുഞ്ചിരി ആ ചെഞ്ചൊടികളിൽ തെളിഞ്ഞു. പൊടുന്നനെ അവൾ മിഴികൾ താഴ്ത്തി. “ഇങ്ങനെ നോക്കി വെള്ളമിറക്കാതെടാ…നാണക്കേടാണ്.. ” അരുൺ ചെവികളിൽ മന്ത്രിച്ചതോടെ ഒരു ചമ്മിയ ചിരിയോടെ അനന്തൻ അമ്മയെ നോക്കി. അരുന്ധതിയും ചിരിച്ചു. ഒന്നിച്ചാണ് നാഗത്തറയ്ക്ക് മുൻപിൽ തിരി വെച്ചത്. പതിവില്ലാതെ പത്മയുടെ കൈകൾ വിറച്ചു. പതിഞ്ഞ ചിരി കേട്ടാണവൾ അവനെ നോക്കിയത്.

“അപ്പോൾ തമ്പുരാട്ടിയ്ക്കിത്തിരി പേടിയുണ്ടല്ലേ? ” അനന്തന്റെ ചോദ്യം കേൾക്കാത്ത പോലെ അവൾ നിന്നു. ദക്ഷിണ വെച്ചതിനു ശേഷം നാഗത്തറയ്ക്ക് മുൻപിൽ പൂജ ചെയ്തു കൊണ്ടിരിക്കുന്ന ഹോമകുണ്ഡത്തിനരികിൽ അഭിമുഖമായി പത്മയും അനന്തനും നിന്നു. തിരുമേനിയുടെ നിർദേശപ്രകാരം കൈയിൽ തന്ന മഞ്ഞൾ ചരടിൽ കോർത്ത താലി പത്മയുടെ കഴുത്തിൽ അണിയിക്കാൻ തുടങ്ങുന്നതിനു മുൻപേ അനന്തൻ അവളുടെ കണ്ണുകളിൽ നോക്കിയിരുന്നു.

എത്ര മറച്ചു വെച്ചിട്ടും ആ നിമിഷത്തിൽ അവളുടെ മിഴികളിൽ തെളിഞ്ഞ പ്രണയാർദ്രഭാവം ഒരു മാത്രയവൻ കണ്ടു. നാഗപ്രതിഷ്ഠയ്ക്ക് മുകളിൽ നാഗമാണിക്യം തലയിലേന്തിയ നാഗശ്രേഷ്ഠൻ അനുഗ്രഹവുമായി പത്തി വിടർത്തിയാടി. തിരി തെളിഞ്ഞു കത്തി. കാവിനുള്ളിലെ ആമ്പൽക്കുളത്തിനരികെ കൽമണ്ഡപത്തിൽ പത്നിസമേതനായ നാഗരാജാവിന്റെ പ്രതിഷ്ഠയ്ക്ക് മുൻപിലെ കൽവിളക്കിൽ തിരികൾ താനേ തെളിഞ്ഞു.

പത്മയുടെ പൊക്കിൾ ചുഴിയ്ക്ക് മുകളിൽ വെള്ളി നിറത്തിലെ നാഗരൂപം തെളിഞ്ഞു വന്നു. അത് തിളങ്ങുന്നുണ്ടായിരുന്നു. അനന്തന്റെ ഇടത്തേ ഷോൾഡറിന് താഴെയായി അതേ രൂപം തെളിഞ്ഞു കഴിഞ്ഞിരുന്നു. മൂന്നാമത്തെ കെട്ട് മുറുക്കുമ്പോൾ അനന്തന്റെ നനുത്ത താടിരോമങ്ങളോടൊപ്പം നിശ്വാസവും പത്മയുടെ കവിളിൽ തട്ടി. താമരക്കുളത്തിലെ വെള്ളം ഇളകി മറിഞ്ഞു കൊണ്ടിരുന്നു..

തുളസി മാല അണിയിച്ച് അനന്തൻ പത്മയെ വധുവായി സ്വീകരിച്ചു. സീമന്ത രേഖയിൽ സിന്ദൂരം ചാർത്തി നാഗത്തറയിലെ മഞ്ഞൾ പ്രസാദം പരസ്പരം അണിയിച്ചു നാഗത്താന്മാരുടെ അനുഗ്രഹാശ്ശിസുകളോടെ അനന്തപത്മനാഭൻ പത്മാദേവിയെ ജീവിതസഖിയാക്കി.. കാവിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോൾ അനന്തനൊപ്പമാണ് അവളും നടന്നത്. പത്മ അനന്തനെ നോക്കിയതേയില്ല. മഠത്തിന്റെ പൂമുഖത്തെത്തിയപ്പോൾ മുഖപ്പിലെ മണിനാഗം പത്തി വിടർത്തി തലയാട്ടി.

തിരുമേനി പറഞ്ഞതനുസരിച്ച് അനന്തനാണ് അവളെ കൈ പിടിച്ചു കയറ്റി കത്തിച്ചു വെച്ച നിലവിളക്ക് കൈയിലേക്ക് കൊടുത്തത്. അകത്തെ ചടങ്ങുകൾ കഴിഞ്ഞു, അവിടെയിരുന്ന പത്മയോടായി അരുന്ധതി പറഞ്ഞു. “ഇനി മോള് ചെന്നു വേഷമൊക്കെ മാറിക്കോളൂ ” പത്മ ആശ്വാസത്തോടെ എഴുന്നേറ്റു നടന്നു. ഇടനാഴിയിൽ നിന്ന് അവളുടെ മുറിയിലേക്ക് തിരിയുമ്പോഴാണ് പിറകിൽ നിന്നും ചിരിയോടെ അരുന്ധതി പറഞ്ഞത്. “ഹേയ് എങ്ങോട്ടാ..? ” പത്മ പകപ്പോടെ തിരിഞ്ഞു നോക്കി.

“ഇനി അതല്ല, ഇതാണ് മോളുടെയും റൂം.. ” അനന്തന്റെ റൂമിലേക്ക് ചൂണ്ടി കാണിച്ചു കൊണ്ടു അരുന്ധതി ചിരിയോടെ പറഞ്ഞു. പാതി ചാരിയ വാതിൽപ്പൊളി അറച്ചറച്ചാണ് പത്മ തുറന്നത്. ഷർട്ട് ഇടുകയായിരുന്ന അനന്തൻ തിരിഞ്ഞു നോക്കി. അവളെ കണ്ടതും ഷർട്ടിന്റെ സ്ലീവ് മടക്കി വെച്ച് കൊണ്ടു ഒരു ചിരിയോടെ മൂളിപ്പാട്ടും പാടി അവളെ നോക്കാതെ പത്മയ്ക്കരികിലൂടെ അനന്തൻ പുറത്തേക്ക് നടന്നു.

പൂവും ആഭരണങ്ങളുമൊക്കെ അഴിച്ചു മാറ്റാൻ സഹായിച്ചിട്ട്, ഷെൽഫിൽ വെച്ച സാരികളിൽ ഒന്നെടുത്തു മാറ്റി വരാൻ പറഞ്ഞു അരുന്ധതി പുറത്തേക്ക് നടന്നു. അവർ പോയതും പത്മ ഓടിപ്പോയി വാതിൽ ലോക്ക് ചെയ്തു. അഞ്ജലിയെ പരിശോധിക്കാൻ എത്തിയ ഡോക്ടർ അഭിഷേക് അനന്തനുമായി സംസാരിക്കുന്നത് പത്മ കണ്ടിരുന്നു. അഞ്ജലിയ്ക്ക് കുഴപ്പമൊന്നുമില്ല, ചിലപ്പോൾ ബി പി ലോ ആയതാവാമെന്നും അയാൾ പറയുന്നത് കേട്ടു. പത്മ അനന്തന് മുൻപിൽപ്പെടാതെ ഒഴിഞ്ഞു മാറി നടന്നു.

ഉച്ചയ്ക്ക് ഊണു കഴിക്കുമ്പോൾ, പത്മ തന്റെ മുഖത്ത് നോക്കാതെയിരിക്കാൻ ശ്രമിക്കുന്നത് അനന്തൻ കണ്ടു. അവളുടെ പരിഭ്രമം അനന്തനിൽ ചിരി പടർത്തി. വൈകുന്നേരം പൂമുഖത്തെ ചാരു പടിയിൽ അരുന്ധതിയ്ക്കരികെ ഇരുന്നു അനന്തന്റെ കുട്ടിക്കാലത്തെ കുറുമ്പുകൾ കേൾക്കുകയായിരുന്നു പത്മ. അനന്തൻ അവർക്കരികെ എത്തിയപ്പോഴാണ് പത്മ മുഖമുയർത്തിയത്. അവളെ ഒന്ന് നോക്കിയിട്ട് അനന്തൻ അരുന്ധതിയുടെ മടിയിൽ തല വെച്ച് കിടന്നു. അവന്റെ മുടിയിൽ തഴുകി കൊണ്ട് ചിരിയോടെ അവർ പറഞ്ഞു.

“അതേയ്, നീ താലി കെട്ടിയ പെണ്ണ് അതാണ്‌, ഇനി നിന്റെ ഈ കുറുമ്പൊക്കെ അവളുടെ അടുത്ത് മതി ” പതിയെ പത്മയെ നോക്കിയ മിഴികളിലെ കുസൃതിച്ചിരി അവൾ കണ്ടു. ആ കണ്ണുകളിൽ നിറഞ്ഞ പ്രണയം കണ്ടതും പത്മ ഒരു പിടയലോടെ താഴേക്ക് നോക്കി. അമ്മയുടെയും മകന്റെയും സംസാരം കൗതുകത്തോടെ കേട്ടിരിക്കുന്നതിനിടയിലും പത്മയുടെ കണ്ണുകൾ ഇടയ്ക്കിടെ അനന്തനിലെത്തി.

എല്ലായ്‌പോഴും അത് പ്രതീക്ഷിച്ചെന്ന പോലെ അനന്തനും അവളെ നോക്കി. ഗതികെട്ട് പത്മ സാരിയുടെ മുന്താണിയിൽ തെരുപ്പിടിച്ച് അതിലേക്ക് നോക്കിയിരുന്നു. എങ്കിലും അനന്തൻ കൈ കൊണ്ട് പൊത്തിപ്പിടിച്ചു ചിരിയടക്കുന്നത് ഇടംകണ്ണാൽ അവൾ കണ്ടു. (തുടരും )

നാഗമാണിക്യം: ഭാഗം 13

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!