അഹാന : ഭാഗം 2

അഹാന : ഭാഗം 2

എഴുത്തുകാരി: ആഷ ബിനിൽ

“ഈ ഡോക്ടർ അഹാന ആളെങ്ങനെയാ..?” ലിഫ്റ്റിൽ ഫസ്റ്റ് ഫ്ലോറിലേക്ക് പോകുമ്പോൾ ജെറിനോട് ഡോക്ടർ റൂബൻ ചോദിച്ചു. “നല്ല കൈപ്പുണ്യം ഉള്ള ഡോക്ടറാ സർ. പൈസയോട് ആർത്തിയൊന്നും ഇല്ല. ഇവിടെ ഡോക്ടേഴ്‌സ് ആർക്കും ടാർഗറ്റോ കാര്യങ്ങളോ ഒന്നുമില്ല. സർജറി ആയാലും ലാബ് ടെസ്റ്റുകൾ ആയാലും അനാവശ്യമായി ചെയ്യാൻ മേഡം സമ്മതിക്കില്ല. 60% മാത്രം ബ്ലോക്ക് ഉള്ള പെഷ്യന്റിനെ പിടിച്ച് ആഞ്ചിയോപ്ലാസ്ടി ചെയ്തതിനാ മുൻപുണ്ടായിരുന്ന കർഡിയോളജിസ്റ്റിനെ പറഞ്ഞു വിട്ടത്..”

“ആഹാ. അപ്പോ ആള് കൊള്ളാല്ലോ” റൂബൻ ചിരിച്ചു. “പിന്നേ. ഇപ്പോ തന്നെ ഞങ്ങൾ സ്റ്റാഫിനൊക്കെ നല്ല സാലറി ഉണ്ട്. ആകെ പറയുന്നൊരു കാര്യം പേഷ്യന്റ്സിനോട് നന്നായി ഇടപെടണം എന്നു മാത്രവാ. അതിൽ എന്തെങ്കിലും വീഴ്ച വന്നാൽ പിന്നെ നോക്കേണ്ട. വീട്ടിൽ പോയിരിക്കാം.” ഫസ്റ്റ് ഫ്ലോറിലെ കാർഡിയോളജി ഓപിയും ക്യാത്ത് ലാബും ചുറ്റി കാണുമ്പോഴും സ്റ്റാഫിനെ പരിചയപ്പെടുമ്പോഴും അഹാനയുടെ വിടർന്ന കണ്ണുകളിലെ നിസംഗത റൂബന്റെ മനസിൽ മായാതെ നിന്നു.

ജോയിൻ ചെയ്ത് ദിവസങ്ങൾ കഴിയവേ, ഡോക്ടർ അഹാനയെ കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകൾ റൂബന്റെ ചെവിയിലും എത്തിയിരുന്നു. പക്ഷെ അവയ്ക്കൊന്നും തന്നെ അവന്റെ മനസിലെ അവളോട് തോന്നിയ കൗതുകം മാറ്റുവാൻ കഴിഞ്ഞില്ല. പേഷ്യന്റസിനോടും സ്റ്റാഫിനോടും ഗൗരവത്തോടെ മാത്രം സംസാരിക്കുന്ന, ഹോസ്പിറ്റലിന്റെ മുക്കിലും മൂലയിലും വരെ നോട്ടം എത്തിക്കുന്ന, കുഞ്ഞുങ്ങളോട് വല്ലാത്ത കരുണ്യമുള്ള അഹാന. ആരെയും കൂസാത്ത, എന്നാൽ ആരെയും അവമതിക്കാത്ത അഹാന. അവളുടെ കണ്ണുകളിലെ നിസംഗഭാവത്തിന് പിന്നിലുള്ള സത്യം മനസിലാക്കണം എന്നവന് തോന്നി.

അവൾ ചായ കുടിക്കാൻ വരുന്ന സമയത്ത് മാത്രം ക്യാന്റീനിൽ പോയി. അഹാന പോകുന്നയിടങ്ങളിൽ അവളറിയാതെ പിന്തുടർന്നു. എന്തായാലും നേരിൽ ശല്യം ചെയ്യാനവൻ മുതിർന്നില്ല. 🏵🏵🏵 “മേ ഐ കമിൻ..?” നെഫ്രോളജിയിലെ ഡോക്ടർ കാർത്തിക് ആണ്. “യെസ്.. പ്ലീസ് ഡോക്ടർ” അഹാന സീറ്റിൽ നേരെ ഇരുന്നു. “എന്താ ഡോക്ടർ പ്രത്യേകിച്ച്..? എനിതിങ് സീരിയസ്? ഇവിടെ എന്തെങ്കിലും അസൗകര്യം ഉണ്ടോ?” “ഹേയ്. അഹാന.. കൂൾ.. ഞാൻ തന്നോട് പേഴ്സണലായി ഒരു കാര്യം സംസാരിക്കാനാണ് വന്നത്.”

പറയുന്നതിനൊപ്പം പച്ച കോട്ടൺ സാരിയിൽ ശിൽപം പോലെ ജ്വലിക്കുന്ന അഹാനയെ കാർത്തിക്കിന്റെ കണ്ണുകൾ ആകെമൊത്തം ഉഴിഞ്ഞു. “പേഴ്സണലായി എന്താ ഡോക്ടർ..?” “അത്.. അഹാനാ.. അത്… വളച്ചു കെട്ടാതെ പറയാം. എനിക്ക് തന്നെ വിവാഹം കഴിച്ചാൽ കൊള്ളാം എന്നുണ്ട്. തനിക്ക് സമ്മതമാണെങ്കിൽ ഞാൻ കുടുംബക്കാരുമായി വീട്ടിൽ വന്ന് സംസാരിക്കാം.” ഉറക്കെയുള്ള ചിരി ആയിരുന്നു അഹാനയുടെ മറുപടി. “ഡോക്ടർക്ക് എന്താ നല്ല സുഖമില്ലേ? കല്യാണം കഴിക്കാനോ?

അതും ഈ എന്നെ..??? സോ ഫണി..” പറഞ്ഞു കഴിയുമ്പോഴേക്കുമാണ് തന്റെ മുഖത്തും ശരീരത്തിലും ഇഴഞ്ഞു നടക്കുന്ന കാർത്തിക്കിന്റെ കണ്ണുകൾ അഹാന ശ്രദ്ധിക്കുന്നത്. അവൾക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. “ഡോക്ടർ ഞാനൊരു വിവാഹത്തെ കുറിച്ചൊന്നും ചിന്തിച്ചിട്ടേയില്ല. ബെറ്റർ യൂ ചൂസ് സംവൺ എൽസ്..” “അഹാന.. തന്റെ കാര്യങ്ങളൊക്കെ എനിക്കറിയാം. ഈ പ്രായത്തിൽ ഹോസ്പിറ്റൽ കൊണ്ടുനടക്കാൻ താൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് എന്നും അറിയാം.

എന്റേത് ഒരു ബിസിനസ് ഫാമിലിയാണ്. നമ്മുടെ വിവാഹം കഴിഞ്ഞാൽ എന്റെ അച്ഛനും ചേട്ടനുമൊക്കെ തന്നെ സഹായിക്കും. തനിക്കൊന്ന് ഫ്രീയാവുകയും ചെയ്യാം. പിന്നെ തന്റെ മറ്റു കാര്യങ്ങളിൽ ഒന്നും ഞാൻ ഇടപെടില്ല. അതൊക്കെ എന്തെന്ന് വച്ചാൽ തനിയ്ക്ക് ഇഷ്ടം പോലെ ആകാം. എനിക്ക് വേണ്ടത് തരണം എന്നേയുള്ളൂ. ഐ വിൽ ഗിവ് യൂ കംപ്ലീറ്റ് ഫ്രീഡം….” വഷളൻ ചിരിയോടെ കാർത്തിക്ക് പറഞ്ഞു നിർത്തിയതും അയാളുടെ ചെവി പറിഞ്ഞുപോകുന്നവിധം കൈനീട്ടി ഒന്ന് കൊടുത്തു അഹാന.

“യൂ ബാസ്റ്റഡ്… ഇറങ്ങേഡോ. ഇറങ്ങാനാ പറഞ്ഞത്. ഇനി മേലാൽ ഈ വർത്തമാനവും കൊണ്ട് വന്നാൽ ഡോക്ടർ കാർത്തിക്ക് വർമയുടെ സേവനം വേണ്ടെന്ന് വയ്ക്കും RK ഹോസ്പിറ്റൽ.” ഇളകിയ പല്ലുകളുടെ എണ്ണമെടുക്കാൻ കഴിയും മുൻപ് കാർത്തിക്ക് പുറത്തേക്കിറങ്ങി. കവിളിൽ തലോടി നടക്കുമ്പോഴാണ് എതിരെ വരുന്ന ഡോക്ടർ റൂബനെ കണ്ടത്. അതോടെ കവിളിൽ മെല്ലെ തലോടി ചിരിച്ചുകൊണ്ടായി നടത്തം. കാർത്തിക്കിന്റെ ഭാവമാറ്റം മനസിലായെങ്കിലും അതറിയാത്ത ഭാവത്തിൽ ഒന്ന് ചിരിച്ചുകൊടുത്തു റൂബൻ.

“ഹായ് റൂബൻ. എംഡിയുടെ ക്യാബിനിലേക്കാണോ..?” “ഹാ ഡോക്ടർ.. അതേ.. എന്ത് പറ്റി..?” “ഞാനിപ്പോ കണ്ടിട്ട് ഇറങ്ങിയതേയുള്ളൂ.. ആൾ അല്പം ടയേഡ് ആയിരിക്കും. എന്തായാലും റൂബൻ ചെല്ലൂ” വഷളൻ ചിരിയോടെയാണ് പറയാൻ ശ്രമിച്ചതെങ്കിലും വേദനകൊണ്ട് കാർത്തിക്കിന്റെ മുഖം ചുളിയുന്നത് റൂബൻ വ്യക്തമായി കണ്ടു. ക്യാബിൻ തുറന്ന് അകത്തു കടന്നപ്പോൾ കസേരയിൽ ചാരി കിടക്കുന്ന അഹാനയെ ആണ് കണ്ടത്. റൂബൻ വേഗം പുറത്തുകടന്ന് ഡോർ നോക്ക് ചെയ്തു.

“മേ ഐ കമിൻ?” ശബ്ദം കേട്ട് അഹാന ഞെട്ടി എഴുന്നേറ്റു. മുഖം ഒന്നമർത്തി തുടച്ചു. “യെസ് ഡോക്ടർ. പ്ലീസ്” “ഗുഡ് ഈവനിംഗ് ഡോക്ടർ അഹാന..” “ഗുഡ് ഈവനിംഗ് ഡോക്ടർ” അത് പറയുമ്പോഴും അല്പം മുൻപ് കർത്തിക്കുമായി നടന്ന അസുഖകരമായ സംഭാഷണം ഏൽപ്പിച്ച വേദന അഹാനയുടെ കണ്ണുകളിൽ ഉണ്ടായിരുന്നു. “അഹാന.. ഞാൻ വന്നത്.. നമ്മൾ അടുത്തയാഴ്ച അട്ടപ്പാടിയിൽ ഒരു മെഡിക്കൽ ക്യാമ്പ് പ്ലാൻ ചെയ്തിട്ടുണ്ടല്ലോ. മെഡിസിനിൽ നിന്ന് ഡോക്ടർ വേണിയും സർജറിയിലെ ഡോക്ടർ അരുണും… അവര് ഹസ്ബൻഡ് ആൻഡ് വൈഫ് ആണല്ലോ. പിന്നെ ഞാനും ആണ് പോകാൻ പ്ലാൻ ചെയ്തിരിക്കുന്നത്.”

“അത് നേരത്തെ തീരുമാനിച്ചതല്ലേ. പിന്നെന്താ ഡോക്ടർ..?” അഹാന സംശയത്തോടെ മുഖമുയർത്തി. “അല്ല. എന്റെ അഭിപ്രായത്തിൽ ഒരു ഗൈനക്കോളജിസ്റ്റ് ആണ് ടീമിൽ കാർഡിയോളജിസ്റ്റിനേക്കാൾ ആവശ്യം. ഞാനിവിടെ പുതിയ ആൾ ആയതുകൊണ്ട് പോകേണ്ടി വരുമെന്നറിയാം. ഡോക്ടർ കിരൺ കൂടെ വരാൻ വില്ലിങ് ആണ്. അഹാന ഒന്ന് പറഞ്ഞാൽ…” “ഡോക്ടർ കിരൺ അല്ല. ഞാൻ വരും റൂബൻ” അഹാന പെട്ടന്ന് പറഞ്ഞു. റൂബൻ കൗതുകത്തോടെ അവളെ നോക്കി. “ഇതിനെ കുറിച്ചു ഞാനിപ്പോഴാ ചിന്തിക്കുന്നത്.

ഗൈനക്കോളജിസ്റ്റ് ഒരാൾ ടീമിൽ ആവശ്യമാണ്. ഞാൻ വരും..” ഉറപ്പോടെ അവൾ പറയുന്നത് കേട്ട് ചിരിച്ചുകൊണ്ട് റൂബൻ പുറത്തേക്ക് നടന്നു. അഹാന വീണ്ടും കസേരയിലേക്ക് ചാഞ്ഞു. ഇത്തവണ കണ്ണുകൾ അവളെ ചതിച്ചു പെയ്ത് തുടങ്ങിയിരുന്നു. ഒരാഴ്ച്ചയെങ്കിൽ അത്രയും. ഈ ബഹളങ്ങളിൽ നിന്നൊന്ന് മാറി മനസ് സ്വസ്ഥമാക്കാൻ അഹാന അത്രമേൽ ആഗ്രഹിച്ചിരുന്നു. മറുവശത്ത് തീരെ പ്രതീക്ഷിക്കാതെ അവളുമൊത്ത് ഒരു ട്രിപ്പ് ഒത്തുകിട്ടിയ സന്തോഷത്തിൽ ആയിരുന്നു ഡോക്ടർ റൂബൻ.

🏵🏵🏵 “താങ്ക്സ് ഡോക്ടർ” മെഡിക്കൽ ക്യാമ്പിന്റെ അവസാനത്തെ ദിവസം മഞ്ഞുള്ള ആ രാത്രി ഇരുട്ടിലേക്ക് നോക്കിയിരുന്ന റൂബനരികിൽ വന്നുകൊണ്ട് അഹാന പുഞ്ചിരിച്ചു. “എന്തിന്..?” “ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് ഞാൻ മനസ് തുറന്നൊന്ന് ചിരിക്കുന്നത്. ശുദ്ധവായു ശ്വസിക്കുന്നത്. ഇത്ര മനോഹരമായ ഒരാഴ്ച്ച എനിക്ക് തന്നതിന് ഡോക്ടറോടൊരു നന്ദി പറയണമെന്ന് തോന്നി.. അത്രേയുള്ളൂ” നിറഞ്ഞ കണ്ണുകൾ റൂബനിൽ നിന്നൊളിപ്പിക്കാൻ അവൾ മുഖം മാറ്റി.

“എന്റെ കണ്ണുകളിലേക്ക് നോക്കിയാൽ ഇപ്പോ എടുത്തണിഞ്ഞിരിക്കുന്ന അഹങ്കാരിയുടെ മുഖമൂടി അഴിഞ്ഞു പോകുമോയെന്ന ഭയമുണ്ടോ ഡോക്ടർ അഹാനയ്ക്ക്..?” “ഹേയ്. നെവർ…” അവൾ ചിരിക്കാൻ ശ്രമിച്ചു. “പിന്നെ..???” “പിന്നെ.. ആളുകൾ എന്നെയൊരു ചരക്ക് ആയിട്ടാണ് കാണുന്നത് ഡോക്ടർ. അവർ ചിന്തിക്കുന്നതിൽ കുറച്ചു സത്യമുണ്ട്. എന്നാലും… സംസാരിക്കുമ്പോൾ പോലും മുഖത്തേക്ക് നോക്കാതെ ശരീരത്തിൽ മാത്രം നോക്കി നിൽക്കുന്നവർ, സെക്സിനെ കുറിച്ചു സംസാരിക്കാൻ മാത്രം അരികിൽ വരുന്നവർ…. വല്ലാത്ത വേദനയാണ്…” അഹാനയുടെ കണ്ണുകളിൽ കണ്ട വേദന റൂബനെ മുറിപ്പെടുത്തി.

“ആർക്ക് വേണ്ടിയാ ഇങ്ങനെ സ്വയം നശിക്കുന്നത് അഹാന..?” “എനിക്ക് മറുപടിയില്ല റൂബൻ. ഞാനിങ്ങനെ ആയിപ്പോയി. ഇനിയെന്നെ മാറ്റാൻ ആർക്കും കഴിയില്ല.. ആർക്കും…” അവൾ എഴുന്നേൽക്കാൻ തുടങ്ങി. റൂബൻ കയ്യിൽ പിടിച്ചവളെ ഇരുത്തി. “ഒരാൾ മാറണമെന്ന് സ്വയം വിചാരിച്ചാൽ ആർക്കും അത് തടുക്കാൻ കഴിയില്ല അഹാന..” “അങ്ങനെ വിചാരിക്കണമെങ്കിൽ അതിനൊരു കാരണം വേണ്ടേ? നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന എന്തെങ്കിലുമൊന്ന്..? എന്റെ ജീവിതത്തിൽ അങ്ങനൊന്ന് ഇല്ല ഡോക്ടർ..

ഒരു കാലം വരെ ഏറ്റവും ഹാപ്പിയായ പെണ്കുട്ടി ആയിരുന്നു ഞാൻ. സ്നേഹമുള്ള അച്ഛനും അമ്മയും, പൊന്നുപോലെ ഒരു അനിയത്തി. അപർണ. എന്റെ അപ്പു. അവൾ ഡഫ് ആൻഡ് മ്യൂട്ട് ആയിരുന്നു. ഞങ്ങൾക്ക് അവളായിരുന്നു എല്ലാം. മെഡിസിന് പഠിക്കാൻ പോയി ആദ്യത്തെ വെക്കേഷന് വീട്ടുകാർക്ക് സർപ്രൈസ് കൊടുക്കാൻ ഓടി വന്നതാ ഞാൻ. അവിടെ ഞാൻ കണ്ടതെന്താന്നറിയോ ഡോക്ടർക്ക്…? എന്റെ അപ്പു… നൂൽബന്ധമില്ലാതെ, ശ്വാസമില്ലാതെ കിടക്കുവാ എന്റെ കുഞ്ഞ്… അവൾക്ക് ഇരുവശവും ഇരിക്കുവാ എന്റെ അമ്മയെന്ന് പറഞ്ഞ സ്ത്രീയും വീട്ടിലെ ഡ്രൈവറും.

“ഒരു മയത്തിലൊക്കെ വേണമെന്ന് ഞാനപ്പോഴേ പറഞ്ഞതല്ലേ സതീഷേ”ന്ന് അവര് അവനോട് ചോദിക്കുവാ.. “നീയത്ര പുണ്യാളത്തി ആണെങ്കി സ്വന്തം കുഞ്ഞിനെ എനിക്ക് ഇട്ടുതരുവോടി..” എന്നവനും.. മേഡം എന്നു മാത്രം വിളിച്ചവൻ എടി എന്നു വിളിക്കണമെങ്കിൽ ഊഹിക്കാലോ, അവർ തമ്മിലുള്ള ബന്ധം. ഒന്ന് ഉറക്കെ കരയാൻ പോലും പറ്റാത്ത എന്റെ അപ്പുവിനെ അവർ… അവരുടെ കാഴ്ചയിൽ നിന്ന് മാറി ഞാനോടി പപ്പയുടെ ഫ്രൻഡിന്റെ വീട്ടിലേക്ക്… അവരേയും കൂട്ടി വന്നപ്പോഴേക്കും അവൻ രക്ഷപ്പെട്ടിരുന്നു.

രമാദേവി ആണെങ്കിൽ ഒന്നും അറിയാത്ത അഭിനയം. അപ്പുവിന് സംഭവിച്ചതറിഞ്ഞ് ചങ്ക് പൊട്ടിയാ എന്റെ പപ്പാ മരിച്ചത്. എന്നിട്ടും കേസ് കോടതിയിൽ വന്നപ്പോ രമാദേവി അവനെ അറിയില്ലെന്ന് പറഞ്ഞു. എന്റെ ഒറ്റയൊരാളുടെ മൊഴിയുടെ ബലത്തിൽ അവന് ശിക്ഷ കിട്ടി. സ്വത്തുക്കളൊക്കെ എന്റെ പേരിലായി. ആരും ഇല്ലാത്ത വേദന അറിഞ്ഞിട്ടുണ്ടോ റൂബൻ..? ഞാനറിഞ്ഞിട്ടുണ്ട്. ഒരുപാട്. ഒറ്റപ്പെട്ടു പോയിട്ടുണ്ട്. വീട്ടിലും നാട്ടിലും കോളേജിലും എല്ലായിടത്തും…

ഒന്ന് മിണ്ടാൻ പോലും ആരും ഇല്ലാതെ ഭ്രാന്ത് പിടിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അകത്തി നിർത്തിയിട്ടേയുള്ളൂ എല്ലാവരും. ആകെ തകർന്ന ആ സമയത്ത് എന്റെ അടുക്കലേക്ക് വന്നതാ സച്ചിൻ. ആദ്യം ഫ്രണ്ട് ആയിരുന്നു, പിന്നെ ബോയ്ഫ്രണ്ട് ആയി.. എന്റെ മനസും ശരീരവും അവന് ഞാൻ കൊടുത്തു. പിന്നെയറിഞ്ഞു, അവനിഷ്ടം എന്നെയല്ല, എന്റെ ശരീരത്തെയും പണത്തെയും ആണെന്ന്.. അന്നുതന്നെ ഞാനവനെ ഡംബ് ചെയ്തു. പിന്നെയും ഉണ്ടായിട്ടുണ്ട്.. കുറെ റിലേഷൻഷിപ്പ്സ്..

ചിലതൊക്കെ ഫിസിക്കലി ഇന്റിമേറ്റ് ആയിട്ടുമുണ്ട്…. എനിക്കത് ആവശ്യമായിരുന്നു, എന്നെ ആരെങ്കിലും സ്നേഹിക്കുന്നുണ്ട് എന്നു സ്വയം വിശ്വസിക്കാൻ.. ആ നേരങ്ങളിൽ എങ്കിലും ഞാൻ ഒറ്റയ്ക്കല്ല എന്നു തോന്നാൻ.. ഞാൻ ജോലി കൊടുത്ത എന്റെ സ്റ്റാഫ് മുതൽ ഞാനുമായി യാതൊരു ബന്ധവുമില്ലാത്ത നാട്ടുകാർ വരെ ഞാൻ പിഴയാണെന്ന് പറഞ്ഞു നടക്കുന്നുണ്ട്. യെസ് ഐ എഗ്രീ ഐ ഹാഡ് ബീൻ ഇന്റിമേറ്റ് റ്റു ദെഎം.. ബട്ട് ദാറ്റ് ഡസിന്റ് മീൻ ഐ ആം ഡയിങ് റ്റു ഹാവ് സെക്‌സ് വിത് എനിവൺ ആൻഡ് എവ്രിവൺ…. ആദ്യമൊക്കെ വിഷമം ഉണ്ടായിരുന്നു. ഇപ്പോ എനിക്കിതൊന്നും ഒന്നും അല്ല.. ഞാനിങ്ങനായി..”

“അമ്മ ഇപ്പോ എവിടെയുണ്ട്..?” റൂബൻ ചോദിച്ചു. “എന്റെ വീട്ടിൽ തന്നെ. ഇപ്പോ എന്റെ മെയ്ഡ് ആണവർ. മാസാമാസം സാലറി കൊടുക്കുന്നുണ്ട് ഞാൻ. അതാണ് ഞാൻ രമാദേവിക്ക് കൊടുത്ത ശിക്ഷ. ഭർത്താവിന്റെയും രണ്ടു മക്കളുടെയും ജീവിതം കൺമുന്നിൽ നശിക്കുന്നതവര് കാണണം. അവര് ചങ്ക് പൊട്ടി മരിക്കണം. അതിന് വേണ്ടി മാത്രമാ ഇപ്പോ എന്റെ ജീവിതം.” “അപ്പോ നിനക്കൊരു ജീവിതം വേണ്ടേ അഹാന..???” “എനിക്കിനി എന്ത് ജീവിതം ഡോക്ടർ. മരിക്കുന്നത് വരെ മുന്നോട്ട് പോണം.

അത്രേയുള്ളൂ. ഓഹ്.. ഞാനിതെല്ലാം പറഞ്ഞു ഡോക്ടറെ കൂടി സെന്റി അടിപ്പിച്ചല്ലേ… സോറി ഡോക്ടർ.. കുറെ കാലം കൂടി ഒരാളെന്നോട് മനുഷ്യനെപ്പോലെ പെരുമാറിയപ്പോൾ… എന്റെ ശരീരം മോഹിക്കാതെ ഒരാൾ സംസാരിച്ചപ്പോൾ.. ഞാനറിയാതെ… സോറി..” അഹാന മറുപടിക്ക് കാക്കാതെ എഴുനേറ്റ് നടന്നു. “നിന്റെ ശരീരം ഞാനും മോഹിക്കുന്നു അഹാന. പക്ഷെ അതെന്റെ കൈകൊണ്ടൊരു താലി നിന്റെ കഴുത്തിൽ വീണതിന് ശേഷം മാത്രമാകും.” അവൾ പോയ വഴിയേ നോക്കി റൂബൻ വിളിച്ചുപറഞ്ഞു. അഹാന പെട്ടെന്ന് തിരിഞ്ഞുനിന്നു. “വാട്ട്..? താലിയോ? വിവാഹമോ?

അതും എന്നെക്കുറിച്ച് എല്ലാം അറിഞ്ഞുകൊണ്ട്..? ആർ യൂ കിഡിങ് ഡോക്ടർ…?” റൂബൻ എഴുന്നേറ്റ് അവൾക്ക് മുന്നിൽ ചെന്നുനിന്നു. കാട്ടിൽ പാറിക്കളിക്കുന്ന അഹാനയുടെ മുടിയിഴകൾ അവൻ ചെവിക്ക് പിന്നിലേക്കൊതുക്കി. ഇളം നീല സാരിയിൽ, യാതൊരു ചമയങ്ങളുമില്ലാത്ത ആ പെണ്കുട്ടിയെ അവൻ നോക്കിനിന്നു. അവളുടെ മുഖം കൈകളിലെടുത്തു. അനുവാദമില്ലാതെ തൊടുന്ന ആരെയും അടിക്കാൻ ധൈര്യമുള്ള ഡോക്ടർ അഹാന അന്നാദ്യമായി പ്രതികരിക്കാനാവാതെ നിന്നു. “എന്റെ മുഖം കണ്ടിട്ട് ഞാൻ തമാശ പറയുന്നതായി നിനക്ക് തോന്നുന്നുണ്ടോ അഹാന..?”

ഒരു നിമിഷം അവന്റെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി നിന്ന ശേഷം, ആ കയ്യെടുത്തു മാറ്റി അവൾ തിരിഞ്ഞു നടന്നു. “ഇന്നാദ്യമായി, നിന്നെ മോഹിക്കാൻ പോലും അർഹതയില്ലാതാക്കി തീർത്ത എന്റെ ഭൂതകാലം എന്നെ കുറ്റപ്പെടുത്തുന്നു റൂബൻ..” അഹാന മനസിൽ പറഞ്ഞു. 🏵🏵🏵 പിന്നീടുള്ള ദിവസങ്ങളിൽ റൂബൻ അഹാനയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടില്ല. തന്റെയുള്ളിലെ പ്രണയത്തിന്റെ ഉറവ പൊട്ടി വിടരുന്നത് അവളറിഞ്ഞു. തള്ളാനും കൊള്ളാനും വയ്യാതെ അതവളെ വരിഞ്ഞു മുറുക്കി. റൂബന്റെ സാന്നിധ്യം അവൾ മതിച്ചിരുന്നില്ലെങ്കിലും അവന്റെ അസാന്നിധ്യം അഹാനയെ തളർത്തി തുടങ്ങിയിരുന്നു.

ഓപി നേരത്തെ തീർന്നൊരു വൈകുന്നേരം, വീട്ടിലേക്ക് പോകാൻ മനസുവരാതെ തന്റെ ക്യാബിനിൽ വെറുതേയിരുന്നു അവൾ. കണ്ണുകൾ വെറുതേ പെയ്തുകൊണ്ടിരുന്നു. അല്ലെങ്കിലും കുറച്ചു കാലമായി അതങ്ങനെയാണ്. മനസ് പിടിച്ചാൽ കിട്ടുന്നില്ല. ചൂടുള്ള ഒരു നിശ്വാസം മുഖത്തടിച്ചതറിഞ്ഞാണ് അഹാന കണ്ണ് തുറന്നത്. മുന്നിൽ റൂബൻ..! അവൾ ചാടിയെഴുന്നേറ്റു. “അതേ. എന്നാ ഉറക്കവാ ഇത്? ഞാനെത്ര നേരവായി വന്നിട്ട്…” “ഡോക്ടർ ഡോണ്ട് യൂ ഹാവ് എനി മാനേഴ്‌സ്..? എംഡിയുടെ ക്യാബിനിലേക്ക് വരുന്നതിന് മുൻപ് അറ്റ് ലീസ്റ്റ് ഒന്ന് നോക്ക് ചെയ്യാനുള്ള മര്യാദപോലും ഇല്ലേ ഡോക്ടർ റൂബൻ ഐസക്കിന്..?”

അഹാന അത്രയും പറഞ്ഞിട്ടും ഭാവഭേദം ഏതുമില്ലാതെ അവളുടെ മുഖത്തേക്ക് നോക്കി കയ്യും കെട്ടി നിന്നതേയുള്ളവൻ. “അതേ. നാളെ ഞായറാഴ്ചയാ. എന്റെ അമ്മച്ചി വരുന്നുണ്ട് നിന്നെ ഒന്ന് കാണാൻ. നല്ല സാരിയൊക്കെ ഉടുത്ത് ഒരുങ്ങി നിന്നോണം.. കേട്ടോ?” അഹാന അത്ഭുതത്തോടെ അവനെ നോക്കി. പിന്നെന്തോ ഓർത്തത് പോലെ ആ മുഖം വാടി. ആ മുഖം കുനിഞ്ഞുപോയി. “ഡോക്ടർ നിങ്ങൾക്ക് നല്ല കുടുംബത്തിൽ പിറന്ന ദൈവഭയം ഒക്കെയുള്ള നസ്രാണി പെങ്കൊച്ചുങ്ങളെ കിട്ടും. നമ്മളെ വിട്ടേരെ.. എന്തിനാ ഓരോ പ്രഹസനം…” “ആഹ്. എന്നാൽ പിന്നെ അങ്ങനെ ആകട്ടെ. ഞാൻ ഈ വഴി വല്ല നസ്രാണികളും പോകുന്നുണ്ടോ എന്നു നോക്കട്ടെ…” റൂബൻ തിരിഞ്ഞു നടന്നു.

വാതിലിന് മുന്പിലെത്തിയവൻ തിരിഞ്ഞു നിന്നു കൈ രണ്ടും വിരിച്ചുപിടിച്ചു. അഹാന ഓടി അവനരികിലെത്തി. “പോകുവാ..? അപ്പോ എന്നെ വേണ്ടേ ഡോക്ടർക്ക്..??” അവളവന്റെ നെഞ്ചിൽ പിച്ചുകയും മാന്തുകയും കടിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒടുവിൽ തളർന്നവൾ ഒരു കുഞ്ഞിനെപ്പോലെ അവിടെത്തന്നെ അഭയം പ്രാപിച്ചു. അവനവളെ മുറുകെപ്പിടിച്ചു, എത്ര ചേർത്തുപിടിച്ചിട്ടും മതിയാകാത്തപോലെ. “ഞാനങ്ങനെ അങ്ങു പോകുവോടി കൊച്ചേ.? എഹ്ഹ്??? പോകുവാണേൽ നീയും കൂടെ കാണത്തില്ലിയോ..?” അഹാന അവന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തി നോക്കി.

“ഡോക്ടറുടെ അമ്മച്ചിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ..?” “അമ്മച്ചിക്ക് നിന്നെ എപ്പോഴേ ഇഷ്ടപ്പെട്ടതാടി..? സമ്മതിച്ചില്ലേൽ പിടിച്ചുകെട്ടി ഇങ്ങു കൊണ്ടുവാടാ ചെറുക്കാന്നും പറഞ്ഞാ എന്നെ വിട്ടത്. അപ്പോ എങ്ങനെയാ..? അമ്മയെ ഇവിടെ വരെ വരുത്തിക്കണോ? വിട്ടാലോ അങ്ങു തിരുവല്ലയ്ക്ക്?” “എന്നിട്ടെന്താ ഇത്രയും ദിവസം എന്റെ മുന്നിൽ വരാഞ്ഞത്..?” അവൾ പരിഭവത്തോടെ അവനിൽ നിന്നകന്നു മാറി. “അതുകൊണ്ടല്ലേ ഈ തലതെറിച്ച പെണ്ണിന്റെ ഉള്ളിലുള്ള ഇഷ്ടം വെളിയിൽ കൊണ്ടുവരാൻ പറ്റിയത്..?

ഞാൻ കണുന്നുണ്ടായിരുന്നു, എന്നെ അന്വേഷിച്ചു ക്യാന്റീനിലും ഓപിയിലും ഒക്കെ വന്നു പോകുന്നത്…” പിന്നിലൂടെ ഇറുകെ പുണർന്നുകൊണ്ടായിരുന്നു അവനത് പറഞ്ഞത്. അന്നാദ്യമായി ഒരു പുരുഷന്റെ സ്പർശനം അവളെ തരളിതയാക്കി. ലജ്ജകൊണ്ട് അവൾ പൂത്തുലഞ്ഞു. ഏസിയുടെ കുളിരിലും അവൾ വിയർത്തു. “ദേ ഡോക്ടർ.. വിട്ടേ… ആരെങ്കിലും വന്നാൽ…” അവനിൽ നിന്ന് അകന്നു മാറാൻ വൃഥാ ശ്രമിച്ചുകൊണ്ടവൾ മൊഴിഞ്ഞു. “ഇച്ചായാന്ന് വിളിക്കെടി അന്നക്കുട്ടീ…” അവനവളുടെ കാതിൽ മന്ത്രിച്ചു. നാണത്തോടെ ആ പെണ്ണ് ഒരിക്കൽ കൂടി അവനിലേക്ക് ചേർന്നുനിന്നു.

അവസാനിച്ചു- നമ്മുടെ നായികാ സങ്കൽപ്പങ്ങൾക്ക് നേരെ വിപരീതമാണ് എന്റെ അഹാന. കല്ലേറ് പ്രതീക്ഷിച്ചാണ് എഴുതിയത്. പക്ഷെ നിങ്ങളെന്നെ പൂച്ചെണ്ടുകൾ തന്ന് സ്വീകരിച്ചു. അഹാനയെയും റൂബനെയും ഏറ്റെടുത്ത, വിമർശിച്ച എല്ലാവർക്കും ഒരുപാട് ഒരുപാട് നന്ദി… കഥ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, സൂപ്പർ, നൈസ്, സ്റ്റിക്കർ ഒക്കെ ഒഴിവാക്കി ഒരു രണ്ടുവരി എഴുതണെ…

Share this story