ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 54

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 54

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

വാക്ക് തരുന്നു.. ഒരു പോറലും ഞാൻ ഏൽപിക്കില്ല.. ഇതിൽ എന്റെ നമ്പർ ഉണ്ട്.. കണ്ണന് വിഷാദത്തിൽ കലർന്ന പുഞ്ചിരി നൽകി നന്ദൻ നടന്നകന്നതും വസു മെല്ലെ കണ്ണുകൾ തുറന്നു.. മുറിക്കു പുറത്തുകടന്നതും നന്ദൻ ഒന്ന് നിന്നു.. ഉപേക്ഷിച്ചു പോകുകയല്ല പെണ്ണേ.. നിന്നെ വീണ്ടെടുക്കാൻ ഉള്ള അവസാന ശ്രമത്തിനായി ഇറങ്ങി തിരിക്കുകയാണ്.. ഒഴുകുന്ന കണ്ണുനീർ തുടച്ചു കൊണ്ട് അവൻ നടന്നകന്നു.. വീട്ടിൽ എത്തിയതും കണ്ടു മുഖം വീർപ്പിച്ചിരിക്കുന്ന അമ്മച്ചിയെ.. എവിടെ ആയിരുന്നു അനന്താ..

ചടങ്ങുകൾക്ക് നീയില്ലാതെ ആണ് ആ കുട്ടി ഈ വീടിന്റെ പടി കടന്നത്.. ആനി ദേഷ്യത്തോടെ പറഞ്ഞതും ദഹിപ്പിക്കുന്ന ഒരു നോട്ടം മാത്രമാണ് മറുപടിയായി അവന്റെ പക്കൽ ഉണ്ടായിരുന്നത്.. ആളും ആരവവും എല്ലാം ഉണ്ടാകുമായിരുന്നു.. എന്റെ പെണ്ണാണ് കൂടെയെങ്കിൽ.. നിങ്ങളുടെ ആത്മഹത്യ ഭീഷണിക്കു മുന്നിൽ ഞാൻ ത്യജിച്ച എന്റെ ജീവനെ കാണാൻ പോയതാണ് ഞാൻ ഹോസ്പിറ്റലിൽ.. അത്രയും പറഞ്ഞവളുടെ വാക്കുകൾക്ക് ചെവി കൊടുക്കാതെ അനന്തൻ അകത്തേക്ക് കയറി..

അവനെ കണ്ടതും അമല വിളിച്ചോണ്ട് അകത്തേക്ക് പോയി.. അവളുടെ മുറിയിൽ എത്തിയതും കൈ അഴച്ചു.. എവിടെയായിരുന്നു അനന്താ നീ.. എന്ത് പണിയാ നീ ഈ കാണിച്ചേ? വിവാഹത്തിന്റെ അന്ന് ഇറങ്ങി പോകുവാ ന്ന് വെച്ചാൽ.. അമല പറഞ്ഞു തുടങ്ങിയതും അനന്തൻ തല താഴ്ത്തി നിന്നു.. കണ്ണുകൾ നിറഞ്ഞു തൂവാൻ തുടങ്ങിയതും അമലയുടെ കൈകളിലേക്ക് ആ കണ്ണുനീർ അടർന്നു വീണു.. ഒന്നും പറയാതെ അവളെ ഇറുകെ പുണർന്നു കൊണ്ട് അനന്തൻ വിതുമ്പി കൊണ്ടിരുന്നു.. ഒടുക്കം ആർത്താർത്തു കരഞ്ഞു കൊണ്ടിരുന്നു.. ആദ്യം ഒന്ന് പകച്ചെങ്കിലും അവൾ മെല്ലെ അവന്റെ പുറത്തു കൊട്ടി കൊണ്ടിരുന്നു..

അവനെ കട്ടിലിലേക്കിരുത്തി തന്റെ മടിയിലേക്ക് ചായ്ച്ചു കിടത്തി.. എന്ത് പറ്റി നന്ദാ.. ചേച്ചിയോട് പറയടാ.. എന്താ വിഷമം.. അമലയുടെ വാക്കുകൾ കേട്ടതും.. വിതുമ്പി കൊണ്ട് വാക്കുകൾ മുറിഞ്ഞു കൊണ്ട് അവൻ പറഞ്ഞു തുടങ്ങി.. സിഷ്ഠയെ വീണ്ടും കണ്ടെത്തിയത്.. അവളെ പ്രണയിച്ചത്.. സ്വന്തമാക്കാൻ ആഗ്രഹിച്ചത്.. ഒടുക്കം പരാജിതനായത്.. അവളുടെ മടിയിൽ കിടന്നു ആ മൊഴികളും മിഴകളും പെയ്തൊഴിഞ്ഞു.. അവനെ പൊതിഞ്ഞു പിടിച്ചവൾ പറഞ്ഞു.. ഒരു വാക്കെന്നോട് പറഞ്ഞൂടായിരുന്നോ നന്ദാ.. നമ്മടെ വസൂനെ തിരികെ കിട്ടിയെന്ന്.. നേടിത്തരില്ലായിരുന്നോ ഞാൻ നിനക്ക്..

അവളുടെ വാക്കുകളിൽ അത്രയും സങ്കടമോ ദേഷ്യമോ ഒക്കെയായിരുന്നു. ചേച്ചി.. എന്റെ തലയാകെ വേദനിക്കുന്നു.. ഞാൻ ഒന്നുറങ്ങിക്കോട്ടെ ചേച്ചി.. എന്റെ കൂടെ ഇരിക്കാമോ? ഇല്ലേൽ ഞാൻ തളർന്നു പോകും ചേച്ചി.. നേരിയ പുഞ്ചിരിയോടെ അനന്തന്റെ തലയിൽ തലോടി അവളിരുന്നു.. ദിവസങ്ങൾക്ക് ശേഷം അനന്തൻ ഉറക്കത്തെ പുൽകി.. വാതിലിൽ തുടരെ തുടരെയുള്ള മുട്ട് കേട്ടാണ് അനന്തനും അമലയും കണ്ണുകൾ തുറന്നത്.. അനന്തൻ ഞെട്ടി പിടഞ്ഞെഴുന്നേറ്റതും അമല പോയി വാതിൽ തുറന്നു..

പുറത്തു ആനിയെ കണ്ടതും അവളെ ദേഷ്യത്തോടെ മുഖം തിരിച്ചു.. ആനിയിൽ വിഷമം വന്നു മൂടിയെങ്കിലും അവൾ അനന്തനോട് മുറിയിൽ പോകാൻ ആവശ്യപ്പെട്ടു.. അമലയെ ഒന്ന് നോക്കി അനന്തൻ നടന്നു. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 മുറിയിൽ എത്തിയതും അനന്തൻ ഫ്രഷായി വന്നു.. ഫോണിലെ സിഷ്ഠയുടെ ഫോട്ടോയിലേക്ക് ഉറ്റുനോക്കി ഇരുന്നു.. തളരരുത് പെണ്ണേ.. ഞാൻ വരും.. അവളുടെ ഫോട്ടോയിലേക്ക് ചുണ്ടുകൾ ചേർത്തവൻ മെല്ലെ മൊഴിഞ്ഞു.. ഓമലാളേ നിന്നെ ഓർത്തു കാത്തിരിപ്പിൻ സൂചിമുനയിൽ.. മമ കിനാക്കൾ കോർത്തു കോർത്തു ഞാൻ നിനക്കൊരു മാല തീർക്കാം…

ഞാൻ നിനക്കൊരു മാല തീർക്കാം.. സിഷ്ഠയെ ഓർത്തു അങ്ങനെ കിടന്നു.. പുറകിൽ ഒരു കരസ്പർശം അറിഞ്ഞതും ഞെട്ടി പിടഞ്ഞെഴുന്നേറ്റു.. ഗ്ലാസിൽ പാലുമായി തന്റെ മുന്നിൽ നിൽക്കുന്ന മിഥുനയെ നോക്കി.. ഷെൽഫിൽ നിന്നും ഒരു ഫയൽ എടുത്തു കൊണ്ട് വന്നു.. തന്നെ തന്നെ നോക്കി നിൽക്കുന്ന മിഥുനയെ ഒരു നോക്ക് നോക്കി.. എന്നോട് ക്ഷമിക്കണം മിഥുന… തന്നെ ഒരിക്കലും സ്നേഹിക്കാൻ എനിക്ക് കഴിയില്ല.. മിഴികളുയർത്തി അവനെ നോക്കി മിഥുന.. വിവാഹത്തിന് മുൻപ് തന്റെ ചേച്ചിയോട് ഞാൻ ഇക്കാര്യം പറഞ്ഞതാണ്.. എന്റെ ജീവിതത്തിൽ എന്നും ഒരാൾക്കേ സ്ഥാനം ഒള്ളു.. അത്രമേൽ ഞാൻ അവളെ പ്രണയിക്കുന്നു..

അമ്മച്ചിയുടെ ഭീഷണിയുടെ ബാക്കി പത്രം മാത്രമാണ് ഈ താലി.. ഞാൻ വെറും രണ്ടു കെട്ടുകൾ മാത്രമേ അതിൽ കെട്ടിയിട്ടുള്ളു.. എനിക്കൊരിക്കലും കഴിയില്ല.. താൻ എന്നോട് ക്ഷമിക്കണം.. അനന്തൻ പറഞ്ഞതും മിഥുന തന്റെ കൈകളാൽ താലിയുടെ മുകളിൽ തൊട്ട് നോക്കി ശരിയാണ് വെറും രണ്ടു കെട്ടുകൾ മാത്രമാണ് ഉള്ളത്.. അവളിൽ നിന്നും യാതൊരു പ്രതികരണവും കാണാത്തതു കൊണ്ട് അനന്തൻ പറഞ്ഞു തുടങ്ങി.. സിഷ്ഠയെ കുറിച്ചു അവന്റെ പ്രണയത്തെ കുറിച്ചു.. മിഥുനയിൽ വേദന മുള പൊട്ടി.. എനിക്കറിയാം.. താൻ എന്നെ സ്നേഹിച്ചിരുന്നെന്ന്.. പക്ഷേ..

എനിക്കൊരിക്കലും സിഷ്ഠയെ മറന്നു കൊണ്ട് തന്നെ സ്വീകരിക്കാൻ കഴിയില്ല.. സന്തോഷമുള്ള ഒരു ജീവിതം നിനക്ക് തരാൻ എന്റെ പക്കലില്ല.. എനിക്ക് മോചനം തരണം നീ.. ഈ ബന്ധനത്തിൽ നിന്നും അവളുടെ മുന്നിൽ കൂപ്പു കൈകളുമായി നിൽക്കുന്ന അനന്തനെ കണ്ടതും മിഥുനയിൽ വല്ലായ്മ നിറഞ്ഞു.. ഫയലിൽ നിന്നും ഡിവോഴ്സ് നോട്ടീസ് എടുത്തു കൊണ്ട് അനന്തൻ അതിൽ ഒപ്പു വെച്ചു.. പ്രണയമോ സ്നേഹമോ ഇല്ലാതെ കെട്ടിയത് എന്നും ലോഹം മാത്രമാണ് മിഥുന.. തനിക്ക് ഒരിത്തിരി അലിവ് എന്നോട് തോന്നുന്നെങ്കിൽ മാത്രം.. അത്രയും പറഞ്ഞനന്തൻ തിരിഞ്ഞു നിന്നു.. അനന്തേട്ട.. പെട്ടന്ന് ഡിവോഴ്സ് എന്ന് പറഞ്ഞാൽ ആരും അംഗീകരിക്കില്ല..

അതുകൊണ്ട് സമയമെടുത്തു ഞാൻ പറഞ്ഞോളാം.. അനന്തേട്ടനുമായി ഒത്തുപോകാൻ എനിക്കാവുന്നില്ല എന്ന്.. അത് വരെ ഒരു രണ്ട് മാസത്തെ സമയമെങ്കിലും എനിക്ക് തരണം.. അതുവരെ നല്ല ഫ്രണ്ട്സായിട്ട് ഇരിക്കാം.. വസിഷ്ഠയോട് ഞാൻ സംസാരിക്കാം.. അതുവരെ ആ കുട്ടിയെ ഒന്നും അറിയിക്കേണ്ട.. വീണ്ടും നീറാൻ അനുവദിക്കേണ്ട.. മിഥുനയുടെ കണ്ണുകളിൽ പ്രതീക്ഷയായിരുന്നു.. അനന്തനെ ഇത്രയും ദിവസങ്ങൾ കൊണ്ട് തന്റേതാക്കി മാറ്റം എന്നുള്ള പ്രതീക്ഷ.. അനന്തൻ മറുപടി പുഞ്ചിരിയിലൊതുക്കി സ്റ്റഡി റൂമിലേക്ക് കയറി പോയി.. അവനെ പ്രതീക്ഷിച്ചിരുന്ന മിഥുന അങ്ങനെ ഇരുന്നു ഉറക്കത്തെ പുൽകി..

നിശബ്ദമായ തേങ്ങലുകളോടെ അനന്തൻ രാവിനെ പകലാക്കി മാറ്റി.. ഏകദേശം വിരുന്നും മറ്റുമായി ദിവസങ്ങൾ നീങ്ങി കൊണ്ടിരുന്നു.. ആനിയോട് അകലം പാലിച്ചു തന്നെയാണ് അനന്തൻ കഴിഞ്ഞത്.. ലീവ് തീർന്നതും തിരികെ കോളേജിൽ ജോയിൻ ചെയ്തു.. രാത്രികളിൽ വസുവിനെ ഓർത്തു സ്റ്റഡി റൂമിൽ ഉരുകി തീർത്തു.. കോളേജിൽ ചുരുക്കം ചില ദിവസങ്ങളിൽ മാത്രം പോയി കൊണ്ടിരുന്നു.. വസുവിനെ കണ്ണുകൾ കൊണ്ട് തിരഞ്ഞെങ്കിലും ആദ്യമൊക്കെ നിരാശയായിരുന്നു ഫലം കണ്ണൻ തന്ന കാർഡിനെ പറ്റി ഓർമ്മ വന്നതും മഹിയോടും കണ്ണനോടും അവളുടെ വിശേഷങ്ങൾ വിളിച്ചു തിരക്കി കൊണ്ടിരുന്നു..

അത്രമേൽ ഭ്രാന്തു പൂക്കുമ്പോൾ അവളുടെ വീടിനോട് ചേർന്നുള്ള മതിലിനു മറവിൽ ചെന്നു നിൽക്കും.. ചന്ദ്രനെ നോക്കി ജനലരികിൽ നിൽക്കുന്ന വിഷാദം പൂക്കുന്ന കണ്ണുകൾ തന്റെ മിഴികളിൽ ഒപ്പിയെടുക്കും.. തിരികെ ഉള്ള യാത്രകൾ ഒക്കെയും തിരിച്ചുപോക്കായിരുന്നു.. സിഷ്ഠയിൽ മാത്രം കുരുങ്ങി കിടക്കാൻ… വീണ്ടും സ്റ്റഡി റൂമിലെ ചുവരുകളിൽ ജീവിക്കുന്ന തന്റെ മാത്രം പെണ്ണിന്റെ മിഴികളിൽ ഇരമ്പുന്ന കടലിൽ നോക്കി രാവിനെ പകലാക്കി മാറ്റും.. അവളുടെ ശബ്‌ദത്തിൽ കോളേജിൽ പാടിയ പാട്ടുകൾ വീണ്ടും വീണ്ടും ഇരുന്ന് ആസ്വദിക്കും..

ഏകദേശം ദിവസങ്ങൾ ഇഴഞ്ഞു നീങ്ങിയപ്പോൾ മിഥുനക്കും അനന്തനുമിടക്കുള്ള പ്രശ്നങ്ങൾ അഥവാ മൗനം വീട്ടിൽ അറിഞ്ഞു തുടങ്ങി.. ഒരു സുഹൃത്തിനപ്പുറം മറ്റൊരു തലത്തിലേക്കും അനന്തനിൽ ചുവടുറപ്പിക്കാൻ അവൾക്കായില്ല.. ആനിയിലും നേരിയതോതിൽ പശ്ചാത്താപത്തിന്റെ കാറ്റ് വീശിക്കൊണ്ടിരുന്നു.. ഡിവോഴ്സ് ന്റെ ആദ്യപടിയെന്നോണം വീണ്ടും മിഥുനയോട് സംസാരിച്ചു തീരുമാനിച്ചുറപ്പിച്ചു.. ദിവസങ്ങൾക്കിപ്പുറം സിഷ്ഠക്കായി കുറിപ്പെഴുതുമ്പോൾ വീണ്ടും പ്രതീക്ഷയുടെ നൗകയിൽ അവളെന്നെ കരയിലേക്കുള്ള യാത്രയിലായിരുന്നു..

ബന്ധനങ്ങളുടെ തടവറയിൽ നിന്നും പുറത്തു കടക്കാൻ ഇനി ഏതാനും കാലങ്ങൾ മാത്രം.. മനസ് കൊണ്ടും ശരീരം കൊണ്ടും നിന്റെ നന്ദൻ തന്നെയാണ് പെണ്ണേ ഇന്നും ഞാൻ.. എനിക്കായി കാത്തിരിക്കുവല്ലേ പെണ്ണേ നീയും.. വീണ്ടും അവൾക്കായി ഹരിപ്രിയ എടുത്ത പുസ്തകത്തിൽ മഹിയെ കൊണ്ട് കുറിപ്പ് വെപ്പിക്കുമ്പോൾ പ്രതീക്ഷയിൽ ഹൃദയം തുടികൊട്ടുകയായിരുന്നു.. എന്നാൽ കാത്തിരിപ്പിനൊരു വിരാമമില്ലാതെ മറുപടിക്കായി കൊതിച്ചു കൊണ്ടിരുന്നു.. ഒടുക്കം പുസ്തകം വായിച്ചുകാണില്ലെന്ന് സ്വയം ഉറപ്പിച്ചു.. എങ്കിലും മിഴിക്കോണിലെ നനവിനെക്കാൾ ചുണ്ടിലെ പുഞ്ചിരിയിൽ പ്രതീക്ഷകൾ ഉറങ്ങിയിരുന്നു..

അന്ന് സ്റ്റഡി റൂമിൽ നിന്നും തുറക്കുന്ന ബാല്കണിയിൽ സിഷ്ഠയുടെ സ്വരം കേട്ട് വിദൂരതയിലേക്ക് കണ്ണയച്ചു കൊണ്ടിരിക്കുകയായിരുന്നു.. കണ്ണന്റെ ഫോൺ തേടിയെത്തിയപ്പോൾ വീണ്ടും തന്റെ കാത്തിരിപ്പിനു ശുഭസൂചകമെന്നവണ്ണം സിഷ്ഠ പഴയ പടിയെത്തി എന്ന വാർത്തയിൽ അവളെ ഓർത്തങ്ങനെ കിടന്നു.. കാത്തിരിക്കുവാരുന്നു സിഷ്ഠ ഞാനും.. അകലെ നിന്ന് നോക്കി കാണുകയാണ് ഞാനും നിന്നെ. അടുത്ത് വരാൻ ചില ബന്ധനങ്ങൾ അറുക്കേണ്ടതുണ്ട്.. എല്ലാം അവസാനിപ്പിച്ച് ഞാൻ വരുമ്പോൾ അകറ്റി നിർത്തുവോ പെണ്ണേ നീ..

ഒറ്റ നക്ഷത്രത്തിലേക്ക് കണ്ണയച്ചപ്പോൾ കണ്ടു ചന്ദ്രനെ മൂടുന്ന കരിനിഴൽ.. അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നതായി നെഞ്ചകം പിടയുന്നത് പോലെ.. സ്പീക്കർ ഓഫ് ആക്കി ഞെട്ടി പിടഞ്ഞെഴുന്നേറ്റു.. കയ്യെത്തിച്ച് ഫോൺ എടുക്കുമ്പോഴും നെഞ്ചം വിങ്ങി ചുണ്ടുകൾ വരണ്ടു.. സിഷ്ഠ എന്ന മന്ത്രണം മാത്രം ഉയർന്നു കേട്ടു.. മനസ്സിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന ഒരു പെൺകുട്ടിയുടെ രൂപം തെളിഞ്ഞു വന്നു.. ആ പെൺകുട്ടിക്ക് സിഷ്ഠയുടെ രൂപവും.. ഫോൺ കയ്യിലെടുത്തു മഴയിലേക്ക് ഓടിയിറങ്ങുമ്പോൾ മറുഭാഗത്ത് കണ്ണൻ കാൾ അറ്റൻഡ് ചെയ്തു.. ഉറക്കച്ചടവിൽ കൈയ്യെത്തിച്ചെടുത്തു കണ്ണൻ ഫോൺ ചെവിയോട് ചേർത്തു.

എന്താ നന്ദേട്ടാ..? ദേവാ.. സിഷ്ഠ.. ഒന്ന് പോയി നോക്കാമോ? എന്തോ ആപത്തു പിണഞ്ഞപോലെ തോന്നുന്നു.. തോന്നിയതാകും നന്ദേട്ടാ.. കണ്ണൻ അവനെ സമാധാനിപ്പിക്കാനായി പറഞ്ഞെങ്കിലും അതുൾക്കൊള്ളാൻ നന്ദന് കഴിഞ്ഞില്ല.. പ്ലീസ് ദേവ.. എനിക്ക് വേണ്ടി ഒന്നവിടെ വരെ പൊക്കൂടെ.. അനന്തന്റെ ശബ്ദത്തിൽ വന്ന വ്യതിയാനം മനസ്സിലാക്കിയതും കണ്ണൻ ആ മഴയിൽ ഓടിയിറങ്ങി.. സുദേവിന്റെ ഫോണിൽ വിളിച്ചു സിഷ്ഠയിലേക്ക് നടന്നടുക്കുമ്പോൾ കണ്ണന്റെ ഉള്ളിൽ ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു എല്ലാം അനന്തന്റെ തോന്നൽ മാത്രമാകണമെന്ന്..

എന്നാൽ ചിന്തകൾക്ക് വിപരീതമായി രക്തത്തിൽ കിടക്കുന്ന വസുവിനെ കണ്ടതും ഒരു നിമിഷം പകച്ചെങ്കിലും അവളെയുമെടുത്ത് ഹോസ്പിറ്റലിലേക്ക് ഓടി.. ഹോസ്പിറ്റലിൽ എത്തിയതും സമാധാനപരമായി അനന്തനെ വിളിച്ചു.. മറുപുറത്ത് തേങ്ങലടികൾ മാത്രം കേട്ടു കൊണ്ടിരുന്നതും ഫോൺ ഓഫാക്കി.. ഹോസ്പിറ്റലിലേക്ക് കാറുമായി പുറപ്പെടുമ്പോൾ അത്രയും സ്വയം ഉരുകുകയായിരുന്നു നന്ദൻ.. പ്രണയത്തിന്റെ ചൂടിൽ.. സിഷ്ഠയിൽ പൊടിഞ്ഞ കണ്ണീരിന്റെയും രക്തത്തിന്റെയും ഉത്തരവാദി താൻ മാത്രമാണെന്ന ചിന്തയിൽ വീണ്ടും വീണ്ടും അവൻ തകർന്നു കൊണ്ടിരുന്നു..

പുറത്തു നിൽക്കുന്ന സുദേവ് അവിടെ നിന്നും മാറിയതും കണ്ണൻ അനന്തനെ മുറിയിലേക്ക് കൊണ്ടുവന്നു.. ക്യാനുല ഘടിപ്പിച്ച അവളുടെ കയ്യും അതിലെ രക്തപ്പാടുകളും ബാൻഡേജും കെട്ടിനിർത്തിയ കണ്ണുനീരിനെ ഒഴുകാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.. പിന്നിൽ ഏറ്റ കരസ്പർശം അറിഞ്ഞതും കണ്ണനെ നോക്കി നിർജീവമായി പുഞ്ചിരിച്ചു.. ഞാൻ കാരണമാണല്ലേ ദേവാ.. ഒരിറ്റു കണ്ണുനീർ പൊഴിക്കാൻ അനുവദിക്കില്ലെന്ന് മനസുകൊണ്ട് വാക്ക് പറഞ്ഞിരുന്നു ഞാൻ പല തവണ പക്ഷേ.. ആ ഞാൻ കാരണം എന്റെ പെണ്ണിന്റെ രക്തം ഒഴുകിയല്ലോ.. വേദന തന്റെ ചുണ്ടുകളാൽ കടിച്ചു പിടിച്ചവൻ കണ്ണനെ നോക്കി പറഞ്ഞു.

ചുമ്മാതെയ നന്ദേട്ടാ.. അവളിപ്പോൾ ഓക്കേ ആണ്.. ആഴത്തിൽ ഉള്ള മുറിവൊന്നും അല്ലല്ലോ.. അനന്തന്റെ തോളിൽ തട്ടി കണ്ണൻ പറഞ്ഞു.. മറുപടി ഒരു നോട്ടത്തിൽ നൽകി അവൻ സിഷ്ഠക്ക് അരികിലേക്ക് നടന്നു നീങ്ങി.. കണ്ണടച്ച് മയങ്ങുന്ന അവളുടെ കാൽക്കൽ തന്റെ കൈകൾ കൂട്ടി പിടിച്ചവൻ കരഞ്ഞു കൊണ്ടിരുന്നു.. ക്ഷമിക്കെന്റെ പെണ്ണേ.. നിന്റെ നന്ദേട്ടൻ അല്ലെടി.. എന്റെ സ്വാർത്ഥത ഒന്ന് കൊണ്ട് മാത്രം നഷ്ടപെടുവാണോ എനിക്ക് നിന്നെ.. എങ്ങനെ തോന്നി എന്നെ ഇവിടെ ഒറ്റക്ക് വിട്ട് പോകാൻ.. കൂടെ വന്നേനെ ഞാനും.. അവളുടെ കാലുകളിൽ മാപ്പെന്ന പോലെ അവന്റെ കണ്ണുനീരും ചുണ്ടുകളും ചുംബിച്ചിഴഞ്ഞു കൊണ്ടിരുന്നു..

പതിയെ എഴുന്നേറ്റ് വന്ന് ആ മുടിയിഴകളിൽ തലോടി.. നെറുകയിൽ അധരങ്ങൾ അമർത്തി.. ഉപ്പുരസമാർന്ന കണ്ണുനീർ ചാലിട്ടൊഴുകിയ പാടുകൾ കണ്ടതും കണ്ണീരിൽ കുതിർന്ന ചുംബനം വീണ്ടും അവളിൽ അർപ്പിച്ചു.. നന്ദന്റെ സാമിപ്യമറിഞ്ഞോ എന്തോ പതിയെ ചിമ്മി ആ കണ്ണുകൾ തുറക്കുന്നത് കണ്ടതും.. വേദന വീണ്ടും കൂടി വന്നു.. അത്ഭുതത്തോടെ തന്നെ തൻറെ കണ്ണുകളിൽ നോക്കി നിൽക്കുന്ന അവളെ കണ്ടപ്പോൾ പ്രണയത്തിനുമപ്പുറം ആ മുഖത്തെ ക്ഷീണവും വേദനയിൽ പിടയുന്ന മിഴികളും അവന്റെ കണ്ണുകളിൽ തീർത്തത് പരിഭ്രമത്തിന്റെയും, തന്നെ വിട്ടു പോകുമോ എന്ന ഭയത്തിന്റെയും, തനിക്ക് വേണ്ടി സ്വയം വേദനിപ്പിച്ചതിന്റെ സങ്കടമോ ദേഷ്യമോ കലർന്ന മായിക വലയമായിരുന്നു..

കാത്തിരിക്കാം.. ചെമ്പകം പൂക്കും യാമങ്ങൾക്കായി.. 💙🌸 അഷിത കൃഷ്ണ 💙 കഥയെ കഥയായി മാത്രം കാണുക.. തെറ്റുകൾ ക്ഷമിക്കുക.. എന്തോ അനന്തനെ എല്ലാവരും അറിയണമെന്ന് തോന്നി.. അതുകൊണ്ടാണ് എല്ലാം പറഞ്ഞു പോകുന്നത്.. എഴുതുമ്പോൾ എനിക്കും സങ്കടമോ വേദനയോ ഒക്കെയാണ്.. കണ്ണുകൾ താനെ നിറഞ്ഞു വരുവാണ്.. അതാണ് വൈകുന്നേ.. മനഃപൂർവ്വമല്ല.. തെറ്റുകൾ ക്ഷമിക്കുക.. ❤ അഭിപ്രായങ്ങൾക്കും മെസ്സേജുകൾക്കും സ്നേഹം മാത്രം 💙

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 53

Share this story