ലയനം : ഭാഗം 20

ലയനം : ഭാഗം 20

എഴുത്തുകാരി: ദുർഗ ലക്ഷ്മി

ഇന്ദു അമ്മയും അമ്മുവും ഒന്നിച്ചാണ് അന്ന് അടുക്കളയിലേക്ക് പോയത്.ഓരോന്ന് സംസാരിച്ചു നടന്നു കൊണ്ടിരിക്കെ അവർ അടുക്കളയിൽ നിന്നും ഉള്ള വെളിച്ചവും തട്ടും മുട്ടും ഒക്കെ കേട്ട് പരസ്പരം ഒന്ന് നോക്കി. “ലെച്ചു എഴുന്നേറ്റു എന്ന് തോന്നുന്നു അമ്മേ…നമ്മൾ വരാതെ ഒന്നും ചെയ്യാറില്ലല്ലോ അവൾ…പിന്നെ ഇന്ന് എന്താണാവോ “,അമ്മു സംശയത്തോടെ അമ്മയോട് ചോദിക്കുമ്പോൾ ഇന്ദു അമ്മയുടെ മനസിലും അതെ സംശയം ഉണ്ടായിരുന്നു.

ഉടനെ തന്നെ അടുക്കളയിൽ എത്തിയ അവർ സെറ്റ് മുണ്ടും മുല്ല പൂവും ഒക്കെ ആയി ഒരുങ്ങി നിൽക്കുന്ന ലെച്ചുവിനെ കണ്ടു അത്ഭുതപ്പെട്ടു. “മോളെ…നീ ഇത് എങ്ങോട്ടാ ഇത്ര രാവിലെ “,അവർ വന്നത് പോലും അറിയാതെ പണിയിൽ മുഴുകി നിൽക്കുന്ന ലെച്ചുവിനോട് അമ്മ ചോദിച്ചത് കേട്ട് ലെച്ചു ഞെട്ടി തിരിഞ്ഞു നോക്കി. “ആ അമ്മ വന്നോ…ഇന്ന് ഏട്ടന്റെ ബര്ത്ഡേ ആണ് എന്ന് അമ്മ പറഞ്ഞതെ ഇല്ലല്ലോ…അത് കൊണ്ട് പിറന്നാള് കാരൻ തന്നെ എല്ലാം വാങ്ങി കൊണ്ട് വന്നു പായസം വെച്ചു കൊടുക്കാൻ പറഞ്ഞു “, ലെച്ചു സങ്കടത്തോടെ പറയുന്നത് കേട്ട് ഇന്ദു അമ്മ തലയിൽ കൈ വെച്ചു പോയി.

“എന്റെ ഈശ്വരാ… നമ്മൾ ബാംഗ്ലൂർ പോയ അന്ന് വരെ ഞാൻ അത് ഓർത്ത് കൊണ്ട് തന്നെ ഇരുന്നതാ…പിന്നെ ഉള്ള ഓരോ ടെൻഷനിൽ അതങ്ങ് മറന്നു പോയി…വലിയ കഷ്ടം ആയല്ലോ ഭഗവാനെ “, “ഒരിക്കലും മറക്കാത്ത ഒരു ദിവസം ഞാൻ എങ്ങനെ ആണോ മറന്നു പോയത്…അത് എന്തോ ദുർ നിമിത്തം ആണ്…എന്റെ മോന് എന്ത് സങ്കടം ആയിട്ടുണ്ടാവും ഇല്ലേ മോളെ… ” ഇന്ദു അമ്മ വളരെ സങ്കടത്തോടെയും കുറ്റബോധത്തോടെയും ഓരോന്ന് പറഞ്ഞു വീണ്ടും വീണ്ടും സ്വയം പഴി വാങ്ങുന്നത് കണ്ടു ലെച്ചുവിനും അമ്മുവിനും ഒരു പോലെ സങ്കടം ആയി. “വിഷമിക്കാതെ അമ്മ…അമ്മ മനഃപൂർവം മറന്നത് അല്ലല്ലോ, ഏട്ടൻ പറഞ്ഞു ഓരോ പ്രശ്നങ്ങൾ കൊണ്ട് അമ്മ വിട്ടു പോയതാവും എന്ന്.

പിന്നെ അമ്പലത്തിൽ നിന്ന് തിരികെ വരുമ്പോഴേക്കും പതിവ് പിറന്നാൾ പോലെ എല്ലാം അമ്മ റെഡി ആക്കികോളും എന്നും പറഞ്ഞു…അത് കൊണ്ട് വിഷമിക്കാതെ… ഏട്ടന് പ്രശ്നം ഒന്നും ഇല്ല “, ലെച്ചു ഇന്ദു അമ്മയെ സമാധാനിപ്പിച്ചു കൊണ്ട് പറയുന്നത് കേട്ട് അമ്മയുടെ മുഖം തെളിഞ്ഞു. “അത് ശരിയാണല്ലോ, ബര്ത്ഡേക്ക് മാത്രം എത്ര തിരക്ക് ഉണ്ടെങ്കിലും അച്ചു ഇവിടെ നിന്നെ ഭക്ഷണം കഴിക്കാറുള്ളൂ…ഉച്ച വരെ നല്ല നാടൻ രീതിയിലെ ആഘോഷവും ഉച്ച കഴിഞ്ഞാൽ മോഡേൺ രീതിയിൽ ഉള്ള ആഘോഷവും.അതാണ് അവന്റെ പതിവ്. ”

നേരത്തെ ഉണ്ടായിരുന്ന സങ്കടം എല്ലാം മറന്നു ഉത്സാഹത്തോടെ എഴുന്നേറ്റു കൊണ്ട് ഇന്ദു അമ്മ പറഞ്ഞത് കേട്ട് ലെച്ചു ഒന്ന് ചിരിച്ചു. “അമ്മു,മോൾ അഭിയെയും കൂട്ടി സാധനങ്ങൾ ഒക്കെ വാങ്ങി വരുമോ…അച്ഛൻ എങ്ങോട്ടോ പോകാൻ ഉള്ള ഒരുക്കം ആണ് എന്ന് തോന്നുന്നു രാവിലെ തന്നെ…അതാ “,ഇന്ദു അമ്മ പെട്ടെന്ന് അമ്മുവിനോട് ചോദിച്ചു. “ഞങ്ങൾ പൊയ്ക്കോളാം അമ്മേ…മോളെ ഇവിടെ നിർത്താൻ എന്നാൽ…ഇല്ലെങ്കിൽ അവൾ ഒന്നിനും സമ്മതിക്കില്ല…”,അമ്മു ദൃതിയിൽ മുറിയിലേക്ക് നടന്നു കൊണ്ട് പറഞ്ഞു. “എന്റെ പിറന്നാളിന് ചെയ്തത് പോലെ നല്ലൊരു സർപ്രൈസ് കൊടുക്കായിരുന്നു മോൾക് അച്ചുന് ഇല്ലേ,ഞാൻ നേരത്തെ തന്നെ ഇതു പറഞ്ഞിരുന്നെങ്കിൽ ”

വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് എഴുതാവെ ഇന്ദു അമ്മ ചോദിച്ചത് കേട്ട് ലെച്ചു പായസ പണിയിൽ നിന്ന് അമ്മയെ ഒന്ന് തിരിഞ്ഞു നോക്കി. “അറിഞ്ഞാലും അമ്മക്ക് തന്നത് പോലെ മനസ്സറിഞ്ഞു എന്തെങ്കിലും ചെയ്യാൻ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല…അമ്മക്ക് വേണ്ടി എന്ത് ചെയ്താലും നല്ല സന്തോഷത്തോടെ അമ്മ അത് സ്വീകരിക്കും എന്ന് എനിക്ക് ഉറപ്പാണ്.അത് പോലെ തന്നെ ആവും ഏട്ടനും…പക്ഷെ എന്നിട്ടും എന്ത് കൊണ്ടോ എനിക്ക് ഒരു പേടിയാണ് അങ്ങനെ ഒക്കെ ചെയ്യാൻ ” ലെച്ചു തയ്യാർ ആയ പായസം വാങ്ങി വെച്ചു കൊണ്ട് പറയുന്നത് കേട്ട് ഇന്ദു അമ്മ അവളെ ഒന്ന് നോക്കി.

“ജീവിതത്തിൽ ആദ്യം ആയി ഞാൻ ഒരാൾക്ക് കൊടുത്ത സർപ്രൈസ് ആണ് അമ്മയുടെ അന്നത്തെ പിറന്നാൾ ആഘോഷം.ഞാൻ ആണെങ്കിൽ എന്റെ ബര്ത്ഡേ ഓർക്കാറു പോലും ഇല്ലാത്ത ഒരാൾ ആണ്. പുതു വർഷം വരുമ്പോൾ മാത്രം ആണ് കഴിഞ്ഞ വർഷത്തിൽ എന്നോ ഒരു പിറന്നാൾ കഴിഞ്ഞ കാര്യം കൂടി ഞാൻ ഓർക്കുക… ” ലെച്ചു ചെറിയൊരു ഇടർച്ചയോടെ പറഞ്ഞത് കേട്ട് ഇന്ദു അമ്മ അവളെ നോക്കി സങ്കടത്തോടെ ഒന്ന് ചിരിച്ചു. “അമ്മ പറഞ്ഞത് പോലെ ഉച്ച വരെ നാടൻ ആയും ഉച്ച കഴിഞ്ഞു മോഡേൺ ആയും ബര്ത്ഡേ ആഘോഷിക്കുന്ന ആൾക്ക് സർപ്രൈസ് ഒക്കെ കൊടുക്കുമ്പോൾ അത്രയും നല്ല ഒന്ന് തന്നെ വേണ്ടേ…

അങ്ങനെ ഉള്ള പരിപാടികൾ ഒന്നും ഇതു വരെ കാണാത്തതു കൊണ്ട് എനിക്ക് അറിയില്ല അമ്മേ എന്താ ചെയ്യേണ്ടത് എന്ന് “, “അപ്പോൾ അങ്ങനെ ആണോ മോൾ അവനെ പറ്റി വിചാരിച്ചു വെച്ചിട്ടുള്ളത്.കാര്യം കുറച്ചു ദേഷ്യം ഉണ്ട് എങ്കിലും ആള് ഒരു പാവം ആണ് മോളെ…അവന് നീ എന്ത് കൊടുത്താലും ഇഷ്ടം ആവും…ആ കാര്യത്തിൽ എനിക്ക് നല്ല ഉറപ്പുണ്ട്.കാരണം മോളെ അവന് ജീവൻ ആണ്..മോൾക്കും അവനെ അങ്ങനെ അല്ലെ “,ലെച്ചുവിന്റെ മനസ്സിൽ എന്തൊക്കെയോ അബദ്ധ ധാരണകൾ ഉണ്ട് എന്ന് തോന്നി ഇന്ദു അമ്മ അവളെ പറഞ്ഞു മനസ്സിലാക്കാൻ നോക്കി കൊണ്ട് പറയുന്നത് കേട്ട് ലെച്ചു തല കുനിച്ചു.

“ഏട്ടൻ എന്ന് വിളിക്കുന്നു എങ്കിലും ഇപ്പോഴും മനസ്സിലും ചിന്തയിലും അർജുൻ സാർ ആയി തന്നെ ആണ് അമ്മേ എനിക്ക് ഏട്ടനെ തോന്നുന്നത്. “, സത്യത്തിൽ ലെച്ചുവിന്റെ സംസാരം തുടക്കത്തിൽ ചിരിച്ചു കൊണ്ട് കേട്ട ഇന്ദു അമ്മ ചെറിയൊരു അമ്പരപ്പോടെ അവളുടെ അടുത്തേക്ക് നടക്കുമ്പോൾ ഏറെ നാൾ ആയി ഉള്ളിൽ ഒതുക്കി വെച്ചത് എല്ലാം പുറത്തു വരുമോ എന്നാ പേടിയിൽ ആയിരുന്നു ലെച്ചു. “മോളെ നീ എന്തൊക്കെയാ ഈ പറയുന്നത്…ഇങ്ങോട്ട് വന്നേ… “, അറിയാതെ തന്നെ വിങ്ങി കരയുന്ന ലെച്ചുവിനെയും കൂട്ടി ഇന്ദു അമ്മ തൊടിയിലേക്ക് നടന്നു.

അതിനിടയിൽ തയാറായ പായസം അടുപ്പിൽ നിന്നും വാങ്ങി,കുറച്ചു മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെച്ചിരുന്നു ലെച്ചു. “എന്താ മോളുടെ പ്രശ്നം…അച്ചുവിനെ നിനക്ക് ഇഷ്ടം അല്ലെ “,തൊടിയിലെ കുള കടവിൽ ഇരുന്നു ഇന്ദു അമ്മ ലെച്ചുവിനോട് ചോദിക്കുമ്പോൾ അമ്മയോട് എന്ത് മറുപടി പറയണം എന്ന് അറിയാതെ ലെച്ചു കഷ്ടപ്പെട്ടു. “ഇഷ്ടം ആണ് അമ്മേ…ഒരുപാട് ഇഷ്ടം ആണ്…പക്ഷെ ഇപ്പോൾ സ്വന്തം ആയപ്പോൾ,ഭ്രാന്തമായി ഏട്ടൻ എന്നെ സ്നേഹിക്കുന്നത് കാണുമ്പോൾ എനിക്ക് പേടിയാണ്… ” “എന്തൊക്കെയോ കാര്യങ്ങൾ മനസ്സിൽ നിന്ന് എന്നെ വിലക്കുന്നത് പോലെ…

എല്ലാം ഏട്ടനോട് തുറന്നു പറയാൻ പോലും എനിക്ക് പറ്റുന്നില്ല…അമ്മക്ക് അറിയോ എത്ര ദിവസം ആയി എന്ന് അറിയോ ഞാൻ ഒന്ന് ശരിക്ക് ഉറങ്ങിയിട്ട്…എനിക്ക് വയ്യ ഇങ്ങനെ ജീവിക്കാൻ…”, ലെച്ചു നിസ്സഹായതയോടെ പറയുന്നത് കേട്ട് ഇന്ദു അമ്മ കുറച്ചു നേരം ആലോചിച്ചു. “മോളുടെ അവസ്ഥ അമ്മക്ക് മനസിലായി.പക്ഷെ ഇപ്പോൾ അത് സംസാരിക്കാൻ ഉള്ള സമയം അല്ലല്ലോ…നമുക്ക് രാത്രിയിൽ വിശദമായി സംസാരിക്കാം ട്ടോ…അച്ചു അമ്പലത്തിൽ പോകാൻ ആയി മോളെയും നോക്കി വന്നിട്ടുണ്ടാവും…ഇപ്പോൾ വാ “, ശ്രദ്ധിച്ചു കൈ കാര്യം ചെയ്യേണ്ട വിഷയം ആണ് എന്ന് തോന്നി പെട്ടെന്ന് ഒരു മറുപടി പറയേണ്ട എന്ന് കരുതി ഇന്ദു അമ്മ അങ്ങനെ പറഞ്ഞു ലെച്ചുവിനെയും കൂട്ടി തിരികെ നടന്നു.

അർജുനിൽ ലെച്ചുവിന് ഉള്ള ചെറിയൊരു വിശ്വാസ കുറവ് ആണ് അവളുടെ ഈ പ്രശ്നം എന്ന് ഒറ്റനോട്ടത്തിൽ അമ്മക്ക് തോന്നി എങ്കിലും പെട്ടെന്ന് ഒരു നിഗമനത്തിൽ എത്തേണ്ട എന്ന് കരുതി ഇന്ദു അമ്മ തത്കാലം ലെച്ചുവിനെ വേറെ പലതും പറഞ്ഞു ചിരിപ്പിക്കാനും സങ്കടം മാറ്റാനും ഒക്കെ നോക്കി കൊണ്ടിരുന്നു. തിരികെ വീട്ടിൽ എത്തുമ്പോഴേക്കും ലെച്ചു ഒരുവിധം ഓക്കേ ആയിരുന്നു.അപ്പോഴേക്കും അർജുനും അമ്മുവും അഭിയും അവരെ നോക്കി അടുക്കളയിൽ തന്നെ ഉണ്ടായിരുന്നു. “നിങ്ങൾ ഇതു എവിടെ പോയി അമ്മേ…എത്ര നേരം ആയി കാത്ത് നില്കുന്നു… “,സമയം വൈകിയതിന്റെ ചെറിയൊരു ദേഷ്യത്തിൽ അർജുൻ പറഞ്ഞത് കേട്ട് ലെച്ചു അമ്മയെ ഒന്ന് നോക്കി.

“മോൾക്ക് പായസത്തിൽ ഇടാൻ ഏലം വേണം എന്ന് പറഞ്ഞപ്പോൾ അത് നോക്കാൻ പോയതാ ഞങ്ങൾ “,വരുന്ന വഴി തൊടിയിൽ നിന്നും പറിച്ച ഏലക്ക ഒന്ന് രണ്ടെണ്ണം പായസത്തിലേക്ക് ഇട്ട് കൊണ്ട് ഇന്ദു അമ്മ പറഞ്ഞത് കേട്ട് ലെച്ചു ആശ്വസിച്ചു. “ലിസ്റ്റ് താ അമ്മേ എന്നാൽ…കാർത്തു നല്ല ഉറക്കം ആണ്…ഇടക്ക് അമ്മയൊന്നു നോക്കിയാൽ മതി, ഞങ്ങൾ പോയിട്ട് വരാം “,അമ്മു തിരക്ക് കൂട്ടി കൊണ്ട് പറയുന്നത് കേട്ട് അമ്മ ലിസ്റ്റ് കൊടുത്തു അവരെ വേഗം തന്നെ പറഞ്ഞു വിട്ടു. “പായസം ആയെങ്കിൽ കുറച്ചു താ ലെച്ചു…ഒന്ന് ടേസ്റ്റ് നോക്കാൻ മാത്രം…എന്താന്ന് അറിയില്ല,കഴിക്കാതെ ഇരിക്കാൻ നോക്കിട്ട് എനിക്ക് പറ്റുന്നില്ല ”

അക്ഷമയോടെ മുന്നിലെ ഉരുളിയിൽ നോക്കി അർജുൻ പറയുന്നത് കേട്ട് ലെച്ചു മാറ്റി വെച്ചിരുന്ന പാത്രത്തിൽ നിന്നും പായസം ഗ്ലാസിലേക്ക് ഒഴിച്ച് അർജുന് കൊടുത്തു. ഇതേ സമയം അർജുൻ കുടിക്കാൻ തുടങ്ങുന്ന പായസത്തിൽ കലർത്തിയ വിഷത്തിന്റെ ബാക്കി കൈയിൽ പിടിച്ചു കൊണ്ട് ക്രൂരമായ ചിരിയോടെ അവരെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു പ്രിയ.അവൾക്ക് കൂട്ടായി ശ്യാമയും ഉണ്ടായിരുന്നു വാതിലിന് പിന്നിൽ. പായസത്തിൽ മുഴുവൻ കലർത്താതെ ലെച്ചു എടുത്തു വെച്ചതിൽ മാത്രം പ്രിയ വിഷം കലർത്തിയത് നേരത്തെ തന്നെ അർജുന്റെയും ലെച്ചുവിന്റെയും സംസാരം കേട്ടത് കൊണ്ടായിരുന്നു.

അത് കൂടാതെ ലെച്ചുവിനെ കുടുക്കാൻ ആയി അവളുടെ കൈ കൊണ്ട് അർജുന് പായസം കൊടുക്കുന്നത് പ്രിയ മൊബൈലിൽ ഷൂട്ട്‌ ചെയ്ത് കൂടി വെച്ചു. : “അർജുൻ എന്ന ശല്യം ഒഴിഞ്ഞു അമ്മേ…ഇനി പുറകെ തന്നെ ലക്ഷ്മിയും ഒഴിഞ്ഞു പൊയ്ക്കോളും…കാര്യങ്ങൾ എല്ലാം നമ്മൾ കണക്ക് കൂട്ടിയത് പോലെ തന്നെ ആവും…ഇനി എല്ലാം അച്ഛന്റെ കൈയിൽ ആണ് ഉള്ളത്. സൊ അമ്മ ചെന്നു അച്ഛനോട് എത്രയും പെട്ടെന്ന് വരാൻ പറ എസ്റ്റേറ്റിൽ നിന്ന് “, പ്രിയ അമ്മയോട് പറഞ്ഞത് കേട്ട് ശ്യാമ ഉടനെ തന്നെ ഭർത്താവിനെ കാര്യങ്ങൾ എല്ലാം വിളിച്ചു പറയാൻ ആയി പോയപ്പോൾ പ്രിയ അപ്പോഴും അവിടെ തന്നെ നിന്ന് അർജുനെ സൂക്ഷിച്ചു നിരീക്ഷിച്ചു കൊണ്ട് നിൽക്കുകയായിരുന്നു.

ഇടക്ക് അവൻ പായസ ഗ്ലാസിൽ നിന്നും ലെച്ചുവിനും അമ്മക്കും ഓരോ സ്പൂൺ പായസം കൊടുത്തു എങ്കിലും അവർ രണ്ട് പേരും അത് കുടിച്ചില്ല. ഒറ്റ ഇരിപ്പിന് തന്നെ പായസം കുടിച്ചു കഴിഞ്ഞു എഴുന്നേറ്റപ്പോൾ ആണ് ഇന്ദു അമ്മ അർജുനെ ശരിക്കും ഒന്ന് നോക്കുന്നത്.മുണ്ടും ഷർട്ടും ചന്ദന പൊട്ടും ഒക്കെ ആയി കല്യാണത്തിന്റെ അന്ന് കണ്ടതിനു ശേഷം ഇന്ന് ആണ് അവനെ അങ്ങനെ അവർ കാണുന്നത്.ഇന്ദു അമ്മ എന്തോ ചോദിക്കുന്നതിന് മുന്നേ തന്നെ ലെച്ചുവിനെയും ചേർത്ത് പിടിച്ചു അമ്മയോട് യാത്ര പറഞ്ഞു പുറത്തേക്ക് നടന്നിരുന്നു അർജുൻ. അവനോട് ചേർന്ന് നിക്കുമ്പോഴും കണ്ണിൽ എവിടെയോ സങ്കടം ഒളിപ്പിച്ചു കൊണ്ട് ലെച്ചുവും അമ്മയെ ഒന്ന് തിരിഞ്ഞു നോക്കി പുറത്തേക്ക് നടക്കുമ്പോൾ.

അത് കണ്ട മാത്രയിൽ തന്നെ ഇന്ദു അമ്മയുടെ മനസ്സിൽ അകാരണം ആയ ഒരു ഭയം ഉടലെടുക്കുന്നത് അവർ അറിഞ്ഞു എങ്കിലും ദീർഘ നിശ്വാസത്തോടെ അമ്മ ലെച്ചുവിനെയും അർജുനെയും ഒന്ന് നോക്കി കാർത്തുവിന്റെ അടുത്തേക്ക് നടന്നു. : “ഇതാ ലെച്ചു…ഇന്ന് നമ്മുടെ യാത്ര നിന്റെ സ്കൂട്ടിയിൽ ആണ് “,മുറ്റത്തെ കാർ മൈൻഡ് ചെയ്യാതെ സ്കൂട്ടിയുടെ അടുത്തേക്ക് നടന്നു കീ അവൾക്ക് കൊടുത്തു കൊണ്ട് അർജുൻ പറഞ്ഞത് കേട്ട് ലെച്ചു സംശയത്തോടെ അവനെ ഒന്ന് നോക്കി.

“ഇങ്ങനെ നോക്കി പേടിപ്പിക്കാതെടൊ…ഒന്നും ഇല്ലെങ്കിലും പിറന്നാള്കാരൻ എന്ന പരിഗണന എനിക്ക് തന്നുടെ “,ലെച്ചുവിന്റെ നോട്ടം കണ്ടു അവൻ വീണ്ടും പറഞ്ഞത് കേട്ട് ലെച്ചു ഒന്നും മിണ്ടാതെ വണ്ടിയിൽ കയറി. നൂല് പൊട്ടിയ പട്ടം പോലെ പാറി പറക്കുന്ന അവളുടെ മനസ്സിനെയും സ്വഭാവത്തെയും ലെച്ചുവിന് പോലും മനസ്സിലാവുന്നുണ്ടായിരുന്നില്ല…ഇന്ദു അമ്മയോട് ഒന്നും പറയേണ്ടി ഇരുന്നില്ല എന്ന് ലെച്ചു അപ്പോൾ ചിന്തിച്ചു.അമ്മക്ക് വിഷമം ആയിട്ടുണ്ടാവും ഉറപ്പായും.എല്ലാം കലങ്ങി തെളിഞ്ഞിട്ടും എന്ത് കൊണ്ടാണ് തനിക്കു മാത്രം ഇത്ര പ്രശ്നം എന്ന് ഓർത്തു ലെച്ചുവിന് അവളോട് തന്നെ ദേഷ്യം വന്നു.

“എന്താണ് എന്റെ പൊണ്ടാട്ടിക്ക് ഇത്ര ആലോചന…പെട്രോൾ പോകും എന്ന് ഓർത്തണോ…എന്നാൽ പേടിക്കേണ്ട,ഫുൾ ടാങ്ക് പ്രെട്രോൾ അടിച്ചിട്ടേ നമ്മൾ തിരിച്ചു വരു ട്ടോ “, കലങ്ങി മറയുന്ന ലെച്ചുവിന്റെ മനസ്സ് അറിയാതെ വെറുതെ ഓരോന്ന് പറഞ്ഞു അർജുൻ അവളെ ദേഷ്യം പിടിപ്പിക്കാൻ നോക്കി പുറകിൽ കയറി. തന്നെ കുറച്ചു അർജുൻ മനസിലാക്കിയത് ഇങ്ങനെ എല്ലാം ആണല്ലോ എന്ന് ഓർത്ത് ലെച്ചുവിന്റെ മനസ്സ് വീണ്ടും വേദനിച്ചു.ഇങ്ങനെ പോയാൽ പ്രശ്നം കൂടുതൽ വഷളാവും എന്ന് ഉറപ്പുള്ളത് കൊണ്ട് തിരികെ വരുന്നതിന് മുന്നേ തന്റെ അവസ്ഥ അവനോട് തുറന്നു പറയണം എന്ന് ഉറപ്പിച്ചു ലെച്ചു വണ്ടി സ്റ്റാർട്ട്‌ ചെയ്തു.

കണ്ണാടിയിൽ കൂടി ഓരോ തവണ അർജുന്റെ കള്ള ചിരി നിറഞ്ഞ മുഖം കാണുമ്പോഴും കുറ്റബോധം കൊണ്ട് ലെച്ചു ഉരുകി.ഇപ്പോൾ ഉള്ള പ്രശ്നത്തിൽ അർജുന്റെ ഭാഗത്തു നിന്നും യാതൊരു തെറ്റും സംഭവിച്ചിട്ടില്ല എന്ന് അവൾക്ക് അറിയാമായിരുന്നു. കലങ്ങി മറിഞ്ഞ മനസ്സുമായി എവിടെയോ നോക്കി വണ്ടി ഓടിച്ച ലെച്ചുവിന്റെ കൈയിൽ നിന്നും വണ്ടി പാളി പോകാൻ അധികം സമയം ഒന്നും എടുത്തില്ല. ലെച്ചു കാലുകൾ കുത്തി വണ്ടി നിയന്ത്രിക്കാൻ നോക്കുന്നതിന് മുന്നേ തന്നെ അർജുൻ ഹാൻഡിലിൽ കടന്നു പിടിച്ചു വണ്ടി വീഴാതെ നോക്കിയിരുന്നു.

“എന്താണ് ലെച്ചു,സുഖം ഇല്ലേ…ഞാൻ ഓടിക്കണോ “,അർജുൻ ചെറിയൊരു പരിഭ്രമത്തോടെ ചോദിച്ചത് കേട്ട് ലെച്ചു ഒന്നും ഇല്ല എന്ന ഭാവത്തിൽ തലയാട്ടി വീണ്ടും വണ്ടി എടുത്തു.സത്യത്തിൽ വണ്ടി ഓടിക്കാൻ അവൾക്ക് യാതൊരു താല്പര്യവും തോന്നിയില്ല എങ്കിലും തന്റെ മുഖം അർജുന് എളുപ്പത്തിൽ കാണാൻ പറ്റുമല്ലോ എന്ന് കരുതി ആണ് അവൾ അവന് വണ്ടി കൊടുക്കാതെ ഇരുന്നത്. “ഈ മുടി മുഴുവൻ വായിൽ ആവുന്നു ലെച്ചു, ഞാൻ ഇതു മുന്നോട്ട് ഇട്ടോട്ടെ “,ലെച്ചുവിനോട് സമ്മതം വാങ്ങാൻ എന്ന പോലെ ചോദിച്ചു അർജുൻ തന്നെ അവളുടെ മുടി എല്ലാം എടുത്തു മുന്നിലേക്ക് ഇട്ടത്ത് കണ്ടു ലെച്ചുവിന് കുറെ നേരത്തിനു ശേഷം ചിരി വന്നു.

എന്നാൽ അടുത്ത നിമിഷം തന്നെ അർജുന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ പതിഞ്ഞതറിഞ്ഞു ഞെട്ടി തരിച്ചു ലെച്ചു വണ്ടി നിർത്താൻ പോയതും അർജുൻ അവളെ വയറിലൂടെ കെട്ടിപിടിച്ചു. വണ്ടി നിർത്തി തിരിഞ്ഞു നോക്കിയതും അർജുൻ ഉടനെ തന്നെ ലെച്ചുവിന്റെ തോളിൽ കിടന്നു.കായ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിൽ എങ്ങോട്ടോ നോക്കി അവളെ കെട്ടിപിടിച്ചു കിടക്കുന്ന അർജുനെ കണ്ടു ഒന്നും മിണ്ടാതെ ലെച്ചു വീണ്ടും വണ്ടി എടുത്തു.

എന്തെങ്കിലും പറഞ്ഞു തുടങ്ങിയാൽ മനസ്സിൽ ഉള്ളത് എല്ലാം വെളിയിൽ വരും എന്ന് ഉള്ളത് കൊണ്ട് അമ്പലത്തിൽ പോക്ക് ആണ് ആദ്യ ലക്ഷ്യം എന്ന് ഉറപ്പിച്ചു ലെച്ചു. ഇടക്കിടെ മുഖം മാറ്റി വെക്കുമ്പോൾ പുറത്ത് ഉരയുന്ന അർജുന്റെ നനുത്ത താടി രോമങ്ങളും വയറിൽ തലോടി കടന്നു പോകുന്ന അവന്റെ വിരലുകളും എല്ലാം ലെച്ചുവിന്റെ സങ്കടം വീണ്ടും വീണ്ടും കൂട്ടി.അവൻ തരുന്ന അളവിൽ ആ സ്നേഹം സ്വീകരിക്കാൻ തനിക്ക് കഴിയുന്നില്ല എന്നതാണ് അവളുടെ ആദ്യത്തെ പ്രശ്നം എന്ന് ആ നിമിഷങ്ങളിൽ എപ്പോഴോ ലെച്ചുവിന് മനസിലായിരുന്നു.

ഇടക്ക് എപ്പോഴോ വയറിൽ ചുറ്റി പിടിച്ച അർജുന്റെ കൈ ചെറുതായി അയയുന്നത് ലെച്ചുവിൽ സമാധാനം ഉണ്ടാക്കി എങ്കിലും അടുത്ത സെക്കൻഡിൽ തന്നെ അവൻ വളരെ ശക്തിയിൽ അവളെ വീണ്ടും ചുറ്റി പിടിച്ചത് കണ്ടു ലെച്ചുവിന് എന്തോ പന്തികേട് തോന്നി. ഒപ്പം തോൾ നനച്ചു കൊണ്ട് എന്തോ ഒന്ന് ഒഴുകി വരുന്നത് പോലെയുള്ള തോന്നൽ കൂടി ആയപ്പോൾ ലെച്ചു വണ്ടി നിർത്തി. “ഏട്ടാ,കുറുമ്പ് ഇത്തിരി കൂടുന്നുണ്ട്…അമ്പലത്തിലേക്ക് ആണ് പോകുന്നത് എന്ന് ഓർമയുണ്ടോ…

ഇനി അടങ്ങി ഇരുന്നില്ല എങ്കിൽ ശരിയാക്കും ഞാൻ “,തിരിഞ്ഞു നോക്കാതെ ദേഷ്യത്തിൽ ലെച്ചു പറഞ്ഞിട്ടും അർജുന്റെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഇല്ല എന്ന് കണ്ടു ലെച്ചുവിന് ചെറിയൊരു പേടി തോന്നി. അപ്പോഴേക്കും വിഷത്തിന്റ ഫലം ശരീരത്തിൽ കാണിച്ചു കൊണ്ട് അർജുന്റെ വായിൽ നിന്നും രക്തം ഒഴുകാൻ തുടങ്ങിയിരുന്നു.വിളിച്ചിട്ടും അർജുൻ എഴുന്നേൽക്കുന്നില്ല എന്ന് കണ്ടു ഹെൽമെറ്റ്‌ അഴിച്ചു വെച്ച് വണ്ടിയിൽ നിന്ന് ഇറങ്ങാൻ തുടങ്ങവേ ആണ് കണ്ണാടിയിൽ അവളുടെ കഴുത്തിനു സൈഡിലൂടെ ഒലിച്ചിറങ്ങുന്ന രക്തം ലെച്ചുവിന്റെ കണ്ണിൽ പെട്ടത്.

അത് കൂടി കണ്ടപ്പോൾ അരുതാത്തത് എന്തോ സംഭവിച്ചു എന്ന് മനസിലായി ലെച്ചു വണ്ടിയിൽ നിന്ന് ഇറങ്ങുമ്പോഴെക്കും അർജുൻ കുഴഞ്ഞു വീണിരുന്നു. വണ്ടി എങ്ങനെയോ സ്റ്റാൻഡിൽ ഇട്ട് അർജുനെ താങ്ങി നിർത്താൻ ലെച്ചു ശ്രമിക്കുമ്പോഴേക്കു വഴി യാത്രക്കാരും മറ്റും അങ്ങോട്ട് ഓടി വന്നു. ഒരു ബോധവും ഇല്ലാതെ കിടക്കുന്ന അർജുനെ കണ്ടു കൈയും കാലും വിറക്കുന്നത് പോലെ തോന്നി ലെച്ചുവിന്.അവരുടെ ഭാഗ്യത്തിന് അപ്പോഴേക്കും ഹോസ്പിറ്റലിൽ പോകാൻ സന്നദ്ധത അറിയിച്ചു കൊണ്ട് ഒരു കാറും അങ്ങോട്ട്‌ വന്നു.

ലെച്ചു ഇങ്ങനെയൊക്കെയോ പൈസയും താക്കോലും എടുത്തു ഇടറുന്ന കാലുകളോടെ വന്നപ്പോഴേക്കും ആരൊക്കെയോ ചേർന്ന് അർജുനെ എടുത്തു കാറിൽ കിടത്തി ഇരുന്നു. എന്താണ് സംഭവിച്ചത് എന്ന് മനസിലാവാതെ ശില പോലെ ഇരിക്കുകയായിരുന്നു ലെച്ചു ഹോസ്പിറ്റലിൽ എത്തുവോളം…മുഖത്തു അപ്പോഴും ചെറിയൊരു പുഞ്ചിരി ഒളിപ്പിച്ചു വെച്ചത് പോലെ തോന്നിക്കുന്ന അർജുനെ പക്ഷെ ഒന്ന് വിളിച്ചു നോക്കാൻ പോലും ലെച്ചു പേടിച്ചു.തന്റെ വിളിക്ക് മറുപടി തരാത്ത അർജുനെ സങ്കൽപ്പിക്കാൻ പോലും ലെച്ചുവിന് കഴിഞ്ഞിരുന്നില്ല.

ഇടക്ക് വീണ്ടും അവന്റെ വായിൽ നിന്നും രക്തം ഒഴുകുന്നത് കണ്ടു ചങ്ക് തകരുന്നത് പോലെ തോന്നി ലെച്ചുവിന്.എങ്കിലും ഒരു തുള്ളി കണ്ണ് നീര് പോലും വരാതെ എന്നാൽ മയങ്ങി കിടക്കുന്ന അർജുനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഹോസ്പിറ്റലിൽ എത്തിയ ഉടനെ തന്നെ എല്ലാ കാര്യങ്ങളും സ്വയം ചെയ്യുന്ന ലെച്ചുവിനെ ഡോക്ടെർസ് അടക്കം ചെറിയൊരു അത്ഭുതത്തോടെ ആണ് നോക്കിയത്. അർജുനെ നോക്കിയാൽ മനസ്സ് കൈ വിട്ടു പോകും എന്ന് അറിഞ്ഞു മനഃപൂർവം അവൻ അവനെ നോക്കിയില്ല എന്നതാണ് സത്യം എങ്കിലും ലെച്ചുവിന്റെ ഉള്ളിൽ പുകയുന്ന അഗ്നി ഗോളം ആരും കണ്ടില്ല.

ഐ.സി.യുവിലേക്ക് അർജുനെ മാറ്റി കഴിഞ്ഞ ഉടനെ തന്നെ ലെച്ചു അഭിയെ വിളിച്ചു കാര്യം പറഞ്ഞു.അക്ഷമയോടെ ഹോസ്പിറ്റലിൽ വരാന്തയിൽ ഇരിക്കുമ്പോൾ അർജുനെ ആദ്യം ആയി കണ്ട കോളേജ് ലൈബ്രറി ആയിരുന്നു ലെച്ചുവിന്റെ മനസ്സ് നിറയെ… അന്ന് മുതൽ ഉള്ള ഓരോ കാര്യങ്ങളും അക്കമിട്ടു ഓർത്തെടുക്കാൻ ശ്രമികവെ ആണ് അമ്മമ്മയുടെ കാരിരുമ്പിനെ മുറിക്കാൻ കരുത്തുള്ള ശബ്ദം ലെച്ചുവിന്റെ കാതിൽ തുളച്ചു കയറിയത്… “എന്റെ മോനെ കൊല്ലാൻ നോക്കിയല്ലോ മഹാ പാപി നീ…”,ഞെട്ടി എഴുന്നേറ്റു കൊണ്ട് ലെച്ചു കണ്ണ് തിരുമ്മി നോക്കവേ തൊട്ടു മുന്നിൽ ആയി നിൽക്കുന്ന അമ്മമ്മയെ കണ്ടു ലെച്ചു ഞെട്ടി നിൽക്കുമ്പോൾ ഇന്ദു അമ്മ അവളെ ലക്ഷ്യം ആക്കി ഓടി വരുന്നത് ലെച്ചു ഏതോ ലോകത്തിൽ എന്നത് പോലെ നോക്കി നിന്നു.

(തുടരും ) അമ്പലത്തിൽ പോകുന്നതിന് മുന്നേ ലെച്ചുനെ അടുക്കളയിൽ കയറ്റിയത് തെറ്റ് ആയി പോയി. അർജുന് ഫോക്കസ് കൊടുത്തപ്പോൾ ആ വലിയ കാര്യം ഞാൻ അറിയാതെ വിട്ടു പോയതാണ് . മെയിൻ കഥ പറയാൻ ഉള്ള തത്ര പാടിൽ ഇങ്ങനെയുള്ള തെറ്റ് സംഭവിക്കുമ്പോൾ എല്ലാവരും ക്ഷമിക്കുക…. ജോലി കഴിഞ്ഞു ഉറക്കം പോലും ഇല്ലാതെ ആണ് കഥ എഴുതുന്നത്… നിങ്ങളെയും 11.30യിൽ കൂടുതൽ വെയിറ്റ് ചെയ്യിപ്പിക്കാൻ പറ്റാത്തത് കൊണ്ട് വായിച്ചു പോലും നോക്കാതെ ആണ് പോസ്റ്റ്‌ ചെയ്യുന്നത്… കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണ്, സൊ തെറ്റുകൾ വന്നാൽ എല്ലാവരും ക്ഷമിക്കുക🙏🙏

ലയനം : ഭാഗം 19

Share this story