💔 മൊഴിയിടറാതെ 💔 : ഭാഗം 21

Share with your friends

എഴുത്തുകാരി: തമസാ

രാത്രിയിലേക്ക് നിനിൽ ചോറുമായി വന്നു …. പക്ഷെ അത് കഴിക്കാൻ തോന്നിയിരുന്നില്ല അവൾക്ക്…… നേരം വെളുത്തിട്ടും കണ്ണ് തുറക്കാൻ അവൾക്ക് മടി തോന്നി….. ചുറ്റും ഇരുട്ടായത് പോലെ……. മരിച്ചതിനു തുല്യയുമായിരുന്നെങ്കിലും ഇത്രനാളും അമ്മ എന്നൊരു വാക്കിന്റെ ബലത്തിലാണ് ഇറങ്ങിയതും ഉണർന്നതും….. ആ കൈത്തിരിയും അണഞ്ഞു പോയി…….മോൾക്കും തനിക്കും തുണയെന്നു പറയാൻ ഈ വീട്ടിൽ ഇനി ആരൂല്ല……ആദ്യം ഗിരിയേട്ടൻ ….പിന്നെ അമ്മ ……

തന്നെ അന്നും ഇന്നും ദൈവത്തിന് വേണ്ടാ ……ഒന്നിനും … ക്ലോക്കിലേക്ക് നോക്കി കൊണ്ട് അവൾ കിടന്നു…. ഇന്നലെ രാത്രി തളർന്നു മയങ്ങി…. ഒന്നും അറിഞ്ഞില്ല….. പക്ഷെ ഇനിയുള്ള രാവുകൾ…… എന്ത് ചെയ്യും താൻ……. പണി കഴിഞ്ഞിട്ട് ഈ വീട്ടിലേക്ക് വന്നു കേറാൻ തന്നെ പേടിയാകും ഇനി……… കുഞ്ഞിപ്പോഴും തന്നെ ഒട്ടിപ്പിടിച്ചു കിടക്കുന്നുണ്ട്….. നന്ദുവിന്റെ നെറ്റിയിൽ മൃദുവായി ചുംബിച്ചു കൊണ്ട് അവൾ അകന്നു……. അടുക്കളയിൽ ചെന്ന് നിൽക്കുമ്പോൾ എവിടെ നിന്ന് തുടങ്ങണം എന്ന സംശയമായിരുന്നു…..

എല്ലാം ക്രമം തെറ്റിയത് പോലെ…… അടുക്കളയുടെ കട്ടിളപ്പടിയിൽ ചാരി നിന്ന് അവൾ വെറുതെ നോക്കി …… അമ്മ അടുപ്പിന്റെ അടുത്ത് നിൽക്കും പോലെ…… പാത്രം എടുത്തു വന്നാൽ ചൂട് കഞ്ഞി തരാം എന്നെല്ലാം പറയുന്നത് പോലെ…… പാവാടയും ബ്ലൗസും ഇട്ട ഒരു കൗമാരക്കാരി അവിടെ ചിന്തകളിലൂടെ ഓടിക്കളിച്ചു…… കുക്കറിൽ ഇത്തിരി കഞ്ഞി വെച്ചു…… കടുക് പൊട്ടിക്കാൻ പാടില്ല…… വേണ്ടാ….. മുളക് ചമ്മന്തി മതി…. ഉള്ളി, പച്ചമുളകിൽ കുത്തിപ്പൊട്ടിച്ചു വെളിച്ചെണ്ണയും ഉപ്പും ചേർത്ത് വെച്ചു …….

പുറത്തിറങ്ങി ചുറ്റും നോക്കി…….. വീട് അനാഥമായത് പോലെ …. വീണ്ടും നന്ദുവിന്റെ അടുത്തേക്ക് തന്നെ ചെന്ന് കിടന്നു….. മോള് മാത്രേ ഉള്ളു അമ്മയ്ക്കിനി……. കാലു ചുരുട്ടി വെച്ച് മോളേ കെട്ടിപ്പിടിച്ചു കിടന്നു ഗീതു……. 💔 ദീപൻ ഗീതുവിന്റെ വീട്ടിൽ എത്തുമ്പോൾ സമയം ആറു മണി കഴിഞ്ഞിരുന്നു…… ഓരോ ആവശ്യങ്ങൾക്കായി പോയിട്ട് വന്നപ്പോൾ ഇത്രയും ആയി….. സുഹൃത്തിന്റെ കാർ എടുത്തായിരുന്നു അവൻ വന്നത്…… മുറ്റത്തു കാറിന്റെ ഒച്ച കേട്ടപ്പോൾ നിനിൽ ആയിരിക്കുമെന്നാണ് ഗീതു വിചാരിച്ചത്…….

അവൾ വാതിൽ തുറന്ന് എത്തിയപ്പോഴേക്കും കാറിൽ നിന്ന് കുറേ സാധനങ്ങൾ എടുത്ത് ഇറയത്തേക്ക് വെച്ചു കഴിഞ്ഞിരുന്നു …… ” എന്താ ഇത് ? ” മോളെയും ഒക്കത്തു വെച്ചു പുറത്തേക്കിറങ്ങി നിന്ന് കൊണ്ടവൾ ചോദിച്ചു ….. “””” കുറച്ചു ദിവസം നിനക്ക് പണിക്കൊന്നും പോവാൻ പറ്റില്ലല്ലോ …..അതുകൊണ്ട് അത്യാവശ്യം കുറേ അടുക്കള സാധനങ്ങൾ ഞാൻ വാങ്ങിച്ചു ….ബൈക്കിൽ കൊണ്ടുവരാൻ പറ്റില്ലല്ലോ …..അതുകൊണ്ട് ഫ്രണ്ടിന്റെ കാറെടുത്തു ….ഇതെല്ലാം എടുത്തു വെച്ചോ നീ ….അല്ലെങ്കിൽ ഞാൻ കൊണ്ട് തരണോ ……?..

ആ സാധനങ്ങളിലേക്ക് നോക്കും തോറും ഗീതുവിന്‌ രോമം വരെ വിറച്ചു ……. ”””” ഏത് ബന്ധത്തിന്റെ പുറത്താ താനിതും കെട്ടിപ്പെറുക്കി ഇങ്ങോട്ട് വന്നത് ……എടുത്തോണ്ട് പൊയ്ക്കോ ഞാൻ എടുത്തെറിയണ്ടെങ്കിൽ …….””” അവന് നേരെ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞിട്ടവൾ കിതച്ചു …… രണ്ടു ദിവസം കൊണ്ട് പെണ്ണ് പിന്നെയും അവശയായി ……അവളെ തന്നെ നോക്കി നിൽക്കെ ദീപനോർത്തു ……… “”” ഈ ബന്ധത്തിന്റെ പുറത്ത് …””” കുഞ്ഞിനെ അവളുടെ കയ്യിൽ നിന്നും അവൻ പറിച്ചെടുത്തു ……

അവന്റെ രണ്ടു കൈകൾ കൂട്ടിപ്പിണച്ചതിനിടയിൽ ഇരുന്നു കൊണ്ട് അവന്റെ ഷർട്ടിന്റെ പോക്കറ്റിൽ കയ്യിട്ട് നോക്കുന്ന മോള് ഗീതുവിനെ ഭ്രാന്ത് പിടിപ്പിച്ചു …… .””” അച്ഛേടെ മോള് മിട്ടായിയാണോ തപ്പുന്നെ ?…..അത് കൂട്ടിനാത്ത് ഉണ്ടെട്ടോ …..അമ്മ എടുത്തു തരും ……”””” മോളുടെ മൂക്കിൽ മൂക്കുകൊണ്ട് തട്ടി അവൻ പറഞ്ഞു ……അവന്റെ കൂടെ മോളും അങ്ങനെ എല്ലാം ചെയ്യാൻ നിന്ന് കൊടുക്കുന്നത് കണ്ടു നിൽക്കാൻ ആയില്ല …… “””” നന്ദൂട്ടി വായോ …..അമ്മ പാപ്പാല് തരാം ….

മോളുടെ ദൗർബല്യത്തിൽ തന്നെ ഉന്നം വെച്ചവൾ കുഞ്ഞിനെ വിളിച്ചു ……. ദീപന്റെ കയ്യിൽ നിന്ന് ചിരിച്ചു കൊണ്ട് മോള് ഗീതുവിന്റെ നേർക്ക് എടുക്കുവാൻ കൈ നീട്ടി …….. “””‘ വിട്ടു പൊയ്ക്കോ …..അല്ലേൽ നല്ല വാക്കത്തി ഇരിപ്പുണ്ട് …….കഴുത്തു നോക്കി ഒരു വെട്ട് തരും ഗീതു ……..”””” അവനെ ദേഷ്യപ്പെട്ടു നോക്കി , അവൾ അകത്തേക്ക് നടന്നു ……ദീപൻ കാറുമെടുത്തു പുറത്തേക്കിറങ്ങിയപ്പോൾ ആണ് താഴെ കൂടി നിനിലും മമ്മിയും വരുന്നത് കണ്ടത് …….. അവർക്ക് മുഖം കൊടുക്കാതെ അവൻ വേഗം പോയി ….

മമ്മിയുടെ മോളേ എന്ന വിളി കേട്ടിട്ടാണ് അകത്തു നിന്നിറങ്ങി വന്നത് …….. “”” ഇതെന്താ മോളേ പച്ചക്കറി സാധനം ഒക്കെ …… ഞങ്ങള് മേടിച്ചു തരില്ലേ കുട്ടീ …അല്ലെങ്കി നമ്മടെ തോട്ടത്തിൽ തന്നെ ഉണ്ടല്ലോ ഇതെല്ലാം ….പിന്നെ എന്നാത്തിനാ ഈ വെലേം കൂടി നിക്കുന്ന സമയത്ത് ഈ കൂട്ടങ്ങളൊക്കെ മേടിക്കാൻ പോയത് ….””” ചുറ്റും നോക്കി , പച്ചക്കറി ഉൾപ്പെടെ ഉള്ള മൂന്നാല് കവർ കണ്ടിട്ട് മമ്മി പറഞ്ഞു …. “”” അത് അയാൾ കൊണ്ട് വന്നതാ ….ദീപൻ …..അവകാശം ആണെന്നോ എന്തൊക്കെയോ പുലമ്പീട്ടു പോയി …

ഇപ്പോൾ അങ്ങ് ഇറങ്ങിയേ ഉള്ളു ..നീ ഇത് , നമ്മടെ അംഗൻവാടിയിൽ കൊടുത്തേരെ ….പിള്ളേർക്ക് ഉച്ച ഭക്ഷണം ഉണ്ടാക്കി കൊടുത്തോളും അവർ “””” വാ …..കയറിയിരിക്ക് ……. അവരെയും വിളിച്ചു കൊണ്ട് ഗീതു അകത്തേക്ക് കടന്നു ….. “”” മോളെന്ത്യേ ഗീതൂ ….. ?..””” നിനിൽ ചോദിച്ചു …. “”” ഉറങ്ങുവാ ഡാ …..ഇപ്പോ കിടന്നേ ഉള്ളു …..””” അവർക്ക് ഇരിക്കാൻ കസേരകൾ വലിച്ചിട്ടു കൊടുത്തു അവൾ …. “”” മോൾടെ പണിയൊക്കെ കഴിഞ്ഞാരുന്നോ …..??””‘ “”” ഇപ്പോ ചെയ്യാൻ ഒന്നുലാത്ത പോലെ …..

ഇത്രയും നാള് അമ്മയുടെ പേരും പറഞ്ഞു തല്ലിയലച്ചു നടന്നിട്ടിപ്പോ …..ഒന്നും ഇല്ലാത്തത് പോലെ …….””” അവളുടെ കണ്ണുകൾ അമ്മ കിടന്നിരുന്ന മുറിയിലേക്ക് നീണ്ടു …..കണ്ണുകൾ നിറഞ്ഞു …… “”” വയ്യാതെ ഇങ്ങനെ നരകിച്ചു കിടന്നതിലും ഭേദമല്ലേ മോളേ …..പിന്നെ ഇന്നലെ പപ്പാ വീട്ടിലിരുന്നു പറയുവാരുന്നു , അമ്മ മരിച്ചത് കൊണ്ട് മോൾടെ പകുതി ഓട്ടപാച്ചിലൊക്കെ തീരുലോ ന്ന് …മോശായി കാണണ്ട …..അത് സത്യല്ലേ കുട്ടീ .”” വെറുതെ ചിരിച്ചു നിന്നു ഗീതു …… “”” നിനിലിന്റെ കോളേജില് രണ്ടും നാലും ശനിയാഴ്ചകളില് ടൗണിലെ PSC കോച്ചിംഗ് സെന്റർ ഇല്ലേ …..അവര് ക്ലാസ്സെടുക്കുന്നുണ്ട് ….

മാസത്തിൽ രണ്ട് ക്ലാസ് കിട്ടിയിട്ട് വല്യ ഗുണമൊന്നും ഇല്ലാന്ന് പറഞ്ഞിട്ട് അവൻ അവരുടെ കോച്ചിംഗ് സെന്ററിൽ ചേരാൻ പോവാന്ന് …..”” പറഞ്ഞിട്ട് അവർ നിനിലിനെ നോക്കി … “”” ഏതാ ….എക്സൽ കോച്ചിംഗ് സെന്റർ ആണോ ???? “””” “””” ആടി മോളേ …..ആദ്യം 2500 രൂപ അടയ്ക്കണം ….പിന്നെ മാസാമാസം 600 …..മോർണിംഗ് , ഈവെനിംഗ് ബാച്ചുണ്ട് ….ഒന്നാം തിയതി മൊതല് അവൻ ചേരാൻ പോവാ ….ഈവെനിംഗ് ബാച്ച്…..അപ്പൊ മോളേം കൂടെ കൊണ്ടുപോവാൻ പപ്പാ പറഞ്ഞു …..””” ഞെട്ടിപ്പോയി ഗീതു ….

ഞാനോ …..എന്തായീ പറയുന്നേ ….എനിക്കെവിടെയാ ഇതിനൊക്കെ സമയം ……? “” നിഷേധിച്ചു അവൾ …. “”” സമയം ഉണ്ടാവണം ……..മോളേ ഇവര് നോക്കിക്കൊള്ളുടി …..നാല് മണിയ്ക്കാ ക്ലാസ് …..നിന്റെ പണിയൊക്കെ കഴിഞ്ഞു വരാൻ സമയമുണ്ട് ….വീട്ടിൽ കേറി മോളേ ഏല്പിച്ചിട്ട് നീ അങ്ങോട്ട് പോരെ ….അല്ലെങ്കി ഞാൻ വിളിക്കാൻ വരാം നിന്നെ …….””” നിനിലും മമ്മിയ്ക്ക് ഒപ്പം നിന്ന് അവളോട് സംസാരിച്ചു ….. “”” അത് ശരിയാവില്ല …..””” ഗീതു തീർത്തു പറഞ്ഞു … “”” ശരിയാവും ….നീയൊന്ന് ആലോചിച്ചു നോക്ക് …..

കൃഷി എല്ലാം നിർത്തി വീട്ടിലിരിക്കാൻ എന്നെങ്കിലും പപ്പായ്ക്ക് തോന്നിയാൽ നീ പിന്നെ എങ്ങനെ ജീവിക്കും …. നാട്ടുകാരുടെ സ്വഭാവം നിനക്ക് അറിയാലോ …..പിന്നെ ഒന്നാം തിയതി ന്ന് പറയുമ്പോ അമ്മേടെ അടിയന്തിര ചടങ്ങൊക്കെ കഴിയുവേം ചെയ്യും …… നീ മനസിരുത്തി ആലോചിച്ചു നോക്ക് ….അല്ലേലും ആലോചിക്കാൻ ഒന്നുല്ല ഇനി …..പപ്പാ ക്യാഷ് അടക്കാം ന്ന് ഇങ്ങോട്ട് പറഞ്ഞിട്ടുണ്ട് ….നീ പണി ചെയ്തു വീട്ടിയാൽ മതിയെടീ … “” ഇനി പറയാനൊന്നും ഇല്ലെന്നപോലെ അവൾ കേട്ട് നിന്നു ……

ഇനി എന്ത് പറയാൻ ….. പക്ഷേ മനസ്സിൽ ഒരു ഭയം പോലെ …. എല്ലാവർക്കും തന്നെ കാണുമ്പോൾ എന്തോ ചതുർഥി പോലെയാ ….. തന്റെ തെറ്റ് കൊണ്ട് സംഭവിച്ചതാണെന്ന പോലെ ആണ് നാട്ടുകാരുടെ മൊത്തം പെരുമാറ്റം ….. പിന്നെ എങ്ങനെ ഒരു ക്ലാസ്സിൽ കുറേ പിള്ളേരുടെ നടുക്ക് പോയി ഇരിക്കും …….. അവളുടെ വിഷമം വായിച്ചെടുത്ത പോലെ മമ്മി അവളുടെ കയ്യിൽ പിടിച്ചു വലിച്ച് അവരുടെ അടുത്തേക്ക് ചേർത്ത് നിർത്തി …. “”” മോൾടെ പേടി എനിക്ക് മനസിലാവും ….അതിനല്ലേ ഈ പൊട്ടൻ നിന്റെ കൂടെ ഉള്ളത് ……ആദ്യത്തെ കുറച്ചു ദിവസം അവര് മോളേ മാറ്റി നിർത്തും ….കുത്തി പറയും ….

പക്ഷേ പിന്നെ അവർക്ക് മനസിലാവും എന്റെ മോളുടെ സത്യം …… അവൾക്കൊപ്പം എണീറ്റ് നിന്ന് അവർ അവളെ ചേർത്ത് പിടിച്ചു ……പൊട്ടിക്കരയാൻ ഒരു നെഞ്ച് കിട്ടിയത് പോലെ അവൾ അവരുടെ മാറിലേക്ക് വീണു കരഞ്ഞു …..അത് കണ്ടു നിൽക്കാനാവാതെ പുറത്തേക്കിറങ്ങി നിന്നു , നിനിൽ …… ഗീതു കഞ്ഞി വെച്ചിരുന്നോ എന്ന് അടുക്കളയിൽ ചെന്ന് നോക്കിയിട്ടാണ് ആ അമ്മ അവിടെ നിന്ന് ഇറങ്ങിയത് ….. “”

ഡാ …..ആ സഞ്ചികളൊക്കെ എടുത്തോ ….ഞാനും പിടിക്കാം …..ഒരു പെണ്ണിന്റെ ശരീരം ചവിട്ടി മെതിച്ചതിന് കൂലിയായി കിട്ടിയതിന്റെ പങ്ക് അവളെ കൊണ്ട് തന്നെ തീറ്റിക്കണ്ട അവൻ …..””” കഷ്ടപ്പെട്ട് ആ സഞ്ചികൾ കയ്യിൽ പിടിച്ചു കൊണ്ട് അവർ നടന്നു പോകുന്നത് അവൾ വരാന്തയിൽ നിന്ന് നോക്കി …..പാട വരമ്പത്തു കൂടി ആ പ്രകാശം ദൂരേയ്ക്ക് ദൂരേയ്ക്ക് പോയി ഒടുവിൽ നിലച്ചു ….. തുടരും …. © തമസാ ലക്ഷ്മി ….

💔 മൊഴിയിടറാതെ 💔 : ഭാഗം 20

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-