നാഗമാണിക്യം: ഭാഗം 16

Share with your friends

എഴുത്തുകാരി: സൂര്യകാന്തി

താഴിട്ട് പൂട്ടിയ ആ അറയ്ക്കപ്പുറമുള്ള ചെറിയ ഇടനാഴിയിലെ ചുമരിൽ നിറയെ മരത്തിൽ തീർത്ത അഴികളായിരുന്നു. ഭദ്രൻ തിരുമേനി പറഞ്ഞതനുസരിച്ചു അനന്തൻ അതിന്റെ മധ്യഭാഗത്തായി പിടിച്ചു ശക്തിയിൽ തള്ളിയപ്പോൾ ആ അഴികൾ ഒരു വാതിൽ പോലെ അകത്തേക്ക് തുറന്നു.. അതിലൂടെ കടന്നത് ഇരുളടഞ്ഞ ഒരു ഇടനാഴിയിലേക്കാണ്. അതിന്റെ അറ്റത്തായി മണിച്ചിത്രത്താഴിട്ട് പൂട്ടിയ വലിയൊരു വാതിൽ കണ്ടു. ചുവന്ന പട്ടിൽ പൊതിഞ്ഞ നാലഞ്ച് ചെറിയ കിഴികൾ അതിൽ തൂക്കിയിട്ടിരുന്നു.

ചുവന്ന ചരട് കൊണ്ട് ബന്ധിച്ച താഴുള്ള ആ വാതിലിനു തൊട്ടു മുൻപിലായി നിന്ന്, ഭദ്രൻ തിരുമേനി പറഞ്ഞതനുസരിച്ചു അനന്തൻ മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ട്, ചെറിയ ഒറ്റ തിരിയിട്ട വിളക്കും തെറ്റിയും തുളസിയുമെല്ലാം അടങ്ങുന്ന താലം കൊണ്ട് മൂന്നു തവണ ഉഴിഞ്ഞു… താലം പത്മയെ ഏൽപ്പിച്ച്, തിരുമേനി കൈയിൽ വെച്ചു കൊടുത്ത താക്കോൽ വലം കൈയിൽ പിടിച്ച് , ഇടം കൈ നെഞ്ചോട് ചേർത്തു പ്രാർത്ഥിച്ചു… അനന്തനെ തന്നെ സാകൂതം നോക്കി നിന്ന പത്മയെ അവൻ ശ്രദ്ധിച്ചതേയില്ല…

നിലവറയിലേക്കുള്ള ആ വാതിൽ അനന്തൻ തുറക്കുമ്പോൾ ശ്വാസമടക്കിപ്പിടിച്ചു നിൽക്കുയായിരുന്നു പത്മ. തുറന്ന വാതിലിനപ്പുറം താഴേക്കിറങ്ങുന്ന പടികൾ കണ്ടു. തിരുമേനിയെ ഒന്ന് നോക്കി പത്മയുടെ വലം കൈയിൽ പിടിച്ചു അനന്തൻ അതിലൂടെ താഴേക്കിറങ്ങി. അവസാന പടിയും ഇറങ്ങിയപ്പോഴാണ് തൊട്ടു മുൻപിൽ പത്തി വിരിച്ചു നിൽക്കുന്ന നാഗത്തെ കണ്ടത്.

അനന്തൻ പറഞ്ഞത് പോലെ നാഗമന്ത്രം ചൊല്ലി പത്മ വഴി മാറാൻ കൈ കൊണ്ട് കാണിച്ചതും നാഗം ശിരസ്സൊന്ന് നിലത്തമർത്തി ഒരു വശത്തേക്ക് ഇഴഞ്ഞു മാറി. പത്മയുടെ കഴുത്തിലെ നാഗരൂപത്തിലെ നീലകല്ല് തിളങ്ങി… അനന്തന്റെയും പത്മയുടെയും ശരീരത്തിലെ വെള്ളി നിറത്തിലെ അടയാളങ്ങളും.. നേർത്ത വെളിച്ചത്തിൽ, നിലവറയിലെ കരിങ്കൽ ഭിത്തികളിലെ കൊത്തുപണികൾ പത്മ കണ്ടു നിലവറയുടെ ഏകദേശം മധ്യഭാഗത്തായി കരിങ്കല്ലിൽ കൊത്തിയ നാഗരാജാവിന്റെയും നാഗകാളിയുടെയും ശില്പങ്ങൾ.

അതിനു മുൻപിലായി എന്നോ തിരിയണഞ്ഞു പോയ കെടാവിളക്ക്.. ശില്പങ്ങൾക്ക് താഴെയുള്ള പടിക്കെട്ടിൽ ചുവന്ന പട്ടിൽ പൊതിഞ്ഞ എന്തോ ഒന്ന്.. അതിനു മുകളിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കുഞ്ഞു കരിനാഗം… “അത് പത്മയുടേതാണ്.. എടുത്തോളൂ.. ” അനന്തന്റെ ശബ്ദം കേട്ട് തെല്ലു സംശയത്തോടെ ആണെങ്കിലും പത്മ അതിനു നേരേ കൈ നീട്ടിയതും കുഞ്ഞു നാഗം പടിക്കെട്ടിനു മുകളിലേക്ക് ഇഴഞ്ഞു കയറി പോയി.. പത്മ പതിയെ ആ പട്ടു തുണി മാറ്റി. നാഗത്തിന്റെ ആകൃതിയിലുള്ള ചിലമ്പ്.. ഒറ്റ ചിലമ്പ്…

“നാഗക്കാവിലമ്മയുടേതാണ് ഈ നാഗച്ചിലങ്കകൾ..നാഗപഞ്ചമിയ്ക്ക് കാവിലമ്മ ഇത് കാലിലണിയും. പിന്നെ അവർ നാഗകാളിയുടെ പ്രതിരൂപമായിരിക്കും. പക്ഷേ അതിനു മുൻപേ അവർ നാഗകാളി മഠത്തിന്റെ അധിപന് സ്വന്തമാവണം.. കന്യകകൾ അതണിയുവാൻ പാടില്ല. നാഗപഞ്ചമിയ്ക്ക് പ്രത്യേകം തയ്യാറാക്കുന്ന നാഗക്കളത്തിൽ കാലിൽ നാഗചിലമ്പണിഞ്ഞു ശിരസ്സിൽ നാഗത്തിന്റെ ആകൃതിയിലുള്ള കീരീടം ചാർത്തി കാവിലമ്മ നാഗത്തിന്റെ ചലനങ്ങൾ അനുകരിച്ചാടും.. ”

ഒന്ന് നിർത്തി ഒരു ദീർഘ നിശ്വാസത്തോടെ അനന്തൻ പറഞ്ഞു.. “സുഭദ്രയുടെ പൂർത്തിയാക്കാനാവാതെ പോയ മോഹം… നാഗപഞ്ചമിയ്ക്ക് വിഷ്ണു നാരായണന്റെ താലിയോടൊപ്പം ഇതണിഞ്ഞാടണമെന്ന് അവളൊരുപാട് മോഹിച്ചിരുന്നു…” കൈയിലെ ചിലമ്പിൽ നിന്ന് നോട്ടം മാറ്റി അവനെ നോക്കി പത്മ പതിയെ ചോദിച്ചു. “അനന്തേട്ടന് ഇതെല്ലാം എങ്ങിനെയറിയാം..?” അനന്തൻ അവളെ നോക്കി ഒന്ന് ചിരിച്ചതേയുള്ളൂ… അവിടെയെല്ലാം വൃത്തിയാക്കി കെടാവിളക്കിൽ എണ്ണ പകർന്നു തിരി വെച്ചു പത്മ.

പെട്ടെന്നാണ് അവിടെ താലത്തിൽ വെച്ച ഒരു ചെപ്പെടുത്ത് അവൻ തുറന്നത്.ഒരു നുള്ളു സിന്ദൂരം പത്മയുടെ നെറ്റിയിൽ ചാർത്തിക്കൊണ്ട് അനന്തൻ പറഞ്ഞു. “എല്ലാ ദിവസവും രാവിലെ ഇവിടെ വന്നു ഈ സിന്ദൂരം തൊട്ട് പ്രാർത്ഥിച്ചാൽ ദീർഘ സുമംഗലി ആവുമെന്നാണ് വിശ്വാസം… പക്ഷേ മനസ്സർപ്പിച്ചു തന്നെ ചെയ്യണം… ” പത്മയെ നോക്കിയ കണ്ണുകളിൽ ചിരി തെളിഞ്ഞു… കെടാവിളക്ക് തെളിയിച്ചു രണ്ടുപേരും തൊഴുതു നിന്നു.കണ്ണുതുറന്നപ്പോൾ പത്മയെ നോക്കാതെ അവൻ പറഞ്ഞു.

“വരുന്ന നാഗപഞ്ചമിയ്ക്ക് മുൻപ് പത്മ അനന്തന്റേതാവും. നാഗകാളിമഠത്തിന് വേണ്ടി മാത്രമല്ല പത്മദേവി അനന്തപത്മനാഭന്റെ ജീവന്റെ പാതിയാണ്… ഇന്നല്ലെങ്കിൽ നാളെ താനും ആ സത്യം അംഗീകരിച്ചേ മതിയാവൂ.. ” അവളെ ഒന്ന് നോക്കിയിട്ട് തിരികെ നടക്കാൻ തുടങ്ങുമ്പോഴാണ്, നാഗരാജാവിന്റെ പീഠത്തിന് പിറകിലെ മണിച്ചെപ്പ് അനന്തന്റെ കണ്ണിൽ പെട്ടത്. ധൃതിയിൽ അതെടുത്തു തുറന്നതും ഒരു താക്കോൽ.. “ഇതാണ് ഞാൻ തിരഞ്ഞു നടന്നത്… ” സ്വയമെന്നോണം അവൻ പറയുന്നത് കേട്ടാണ് പത്മ ചോദിച്ചത്.

“ഇത് ആ പൂട്ടിക്കിടക്കുന്ന അറയുടെ താക്കോലായിരിക്കുമോ? ” “ആയിരിക്കണമേയെന്നാണ് എന്റെ പ്രാർത്ഥന.. ” “എല്ലാമറിയുന്ന ആൾക്ക് അതിനുള്ളിൽ എന്താണെന്നറിയില്ലേ? ” ചെറിയൊരു പരിഹാസച്ചുവയുണ്ടായിരുന്നു പത്മയുടെ ചോദ്യത്തിൽ. ഒരു ചെറു ചിരിയോടെ അനന്തൻ പറഞ്ഞു. “ഈ നാഗകാളി മഠത്തിന്റെ മുക്കും മൂലയും വരെ എനിക്കറിയാം പത്മ… ആ അറയിൽ എന്താണെന്നും.. എനിക്കത് നേരിട്ട് കാണണം. എന്റെയുള്ളിലുള്ള ചില ചോദ്യങ്ങൾക്കുള്ള ഉത്തരം അവിടെയാണുള്ളത്.

അത് തുറന്നു കണ്ടാൽ പിന്നെ പത്മയ്ക്ക് അനന്തനെ വിട്ടു പോവാൻ കഴിയില്ല.. ” പറഞ്ഞിട്ട് മുൻപോട്ട് നടന്ന അനന്തൻ പിന്നെയും എന്തോ ഓർത്ത പോലെ തിരികെ നിലവറയുടെ അറ്റത്തുള്ള കരിങ്കൽ തൂണുകൾക്കരികിലേക്ക് നടന്നു. രണ്ടു കരിങ്കൽ തൂണുകൾക്ക് നടുവിൽ ഒരു വാതിൽ. താക്കോൽ തൂണിൽ കൊളുത്തിയിട്ടിരുന്നു. പത്മ അവനരികിലേക്ക് നടന്നു. വർഷങ്ങളായി അടഞ്ഞു കിടക്കുന്നതിനാലാവാം തെല്ലൊന്ന് ബലം പ്രയോഗിച്ചപ്പോഴാണ് ചെറിയൊരു ശബ്ദത്തോടെ അത് തുറന്നത്.

പത്മ കണ്ണു മിഴിച്ചു നിന്നു പോയി. നിറയെ മരങ്ങളും കുറ്റിച്ചെടികളും വള്ളിപ്പടർപ്പുകളുമായി നാഗക്കാവിന്റെ ഉൾവശം പോലെ തന്നെ.. അനന്തനോടൊപ്പം പുറത്തേക്കിറങ്ങിയപ്പോഴാണ് അവളത് കണ്ടത്.മരങ്ങൾക്കിടയിലൂടെ കുറച്ചകളായി നാഗരാജാവിന്റെ ആ കൽമണ്ഡപം.. വാതിലിന്റെ ഇടതു വശത്തേക്ക് ചൂണ്ടി അനന്തൻ പറഞ്ഞു. “ഇതിലെ പോയാൽ താമരക്കുളത്തിന്റെ പുറകിലെത്താം. അവിടെയൊരു ചെറിയ പൂന്തോട്ടവും മണ്ഡപവുമുണ്ട്. സുഭദ്രയുടേത് മാത്രമായിരുന്ന സ്ഥലം..

വിഷ്ണുവിന്റേതും…” പത്മ ഒന്ന് രണ്ടു ചുവട് മുൻപോട്ട് വെച്ച് അനന്തനെ ഒന്ന് നോക്കി.അവൻ അവളെ കടന്നു നടന്നിട്ട് കൈ അവൾക്കു നേരേ നീട്ടി കൊണ്ട് പറഞ്ഞു. “വാ.. ” ദുർഘടമായിരുന്നു പാത.. നിറയെ വള്ളിപ്പടർപ്പുകളും മുള്ളുകൾ നിറഞ്ഞ കുറ്റിച്ചെടികളും കടന്നു പോകവേ പത്മ കണ്ടു…തൊട്ടപ്പുറത്തായി വെള്ളച്ചായം പൂശിയ ആ മണ്ഡപം..പൊട്ടിയടർന്ന തൂണുകളിൽ നിറയെ വള്ളികൾ പടർന്നു കയറിയിരുന്നു. മണ്ഡപത്തിന്റെ അരികിലായി വലിയൊരു ചെമ്പകമരം. അതിലെ പൂവുകൾ താഴെ വീണു കിടന്നിരുന്നു…

പണ്ടെന്നോ അവിടെയൊരു പൂന്തോട്ടമുണ്ടായിരുന്നു എന്നുള്ളതിന്റെ ഒരു സൂചനയുമില്ലായിരുന്നു. പക്ഷേ ആ മണ്ഡപത്തിന്റെ പടികളിൽ നിൽക്കുമ്പോൾ പത്മ കണ്ടു പടർന്നു കയറിയ വള്ളികൾക്കിടയിലൊരു മുല്ലവള്ളി…. അനന്തനല്ലാതെ തൊട്ടടുത്തു മറ്റാരോ കൂടെയുണ്ടെന്ന് തോന്നിപ്പോയി പത്മയ്ക്ക്. ഏറെ പ്രിയപ്പെട്ട മറ്റാരോ.. നേർത്തൊരു സംഗീതത്തോടൊപ്പം ചിലങ്കയുടെ ശബ്ദവും കാതിലെത്തിയോ….?

ഇത്തിരി സമയം കഴിഞ്ഞു അനന്തന് പിറകെ അവൻ കൈ പിടിച്ചു തിരികെ നടക്കുമ്പോഴാണ് അത് പത്മയുടെ കാത്തിലെത്തിയത്.. ഒരു തേങ്ങൽ… ഞെട്ടലോടെ അവൾ അനന്തന്റെ കൈ വിട്ടു തിരിഞ്ഞു നിന്നു. അനന്തൻ എന്തേയെന്നു ചോദിച്ചത് പത്മ കേട്ടില്ല. പത്മയുടെ ചെവിയിൽ ആ തേങ്ങിക്കരച്ചിലായിരുന്നു അപ്പോഴും.. “ആരോ കരയുന്നു… ” മന്ത്രിക്കുന്നതുപോലെയാണ് അവളത് പറഞ്ഞത്. അനന്തൻ ആ മണ്ഡപത്തിലേക്കും പത്മയെയും മാറി മാറി നോക്കി. അവന്റെ സംശയങ്ങൾ ബലപ്പെടുകയായിരുന്നു..

ഒന്നും പറയാതെ പത്മയെ ചേർത്തു പിടിച്ചു കൊണ്ട് അവൻ മെല്ലെ മുൻപോട്ട് നടന്നു. ചുമലിലൂടെ ചേർത്ത് പിടിച്ച അനന്തന്റെ കൈക്കിടയിലൂടെ പത്മ പിന്നെയും തിരിഞ്ഞു തിരിഞ്ഞു നോക്കി.. ഒടുവിൽ അനന്തനോടൊപ്പം നിലവറയ്ക്കുള്ളിൽ കടന്നപ്പോഴും, ആ വാതിൽ അവൾക്കു മുൻപിൽ അടയുമ്പോഴുമെല്ലാം പത്മ ആ തേങ്ങൽ കേൾക്കുന്നുണ്ടായിരുന്നു.. ഹൃദയത്തിൽ മുള്ളുകൾ തറയ്ക്കുന്നപോലെ അവൾക്കു വേദനിക്കുന്നുണ്ടായിരുന്നു… “പോവാം….? ” അനന്തന്റെ ചോദ്യത്തിന് പത്മ തലയാട്ടിയതേയുള്ളൂ.

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..എന്തെന്നറിയാത്ത ഒരു സങ്കടം.. “സുഭദ്ര ഏറെ ഇഷ്ടപ്പെട്ടിരുന്ന സ്ഥലമായിരുന്നു അത്… വിഷ്ണുവും.. ഒരിക്കലും അവർ തമ്മിൽ പരസ്പരം ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല. പ്രണയസല്ലാപങ്ങൾ നടത്തിയിട്ടില്ല.. എന്തിന് ശാന്തമായൊന്നു സംസാരിച്ചിട്ട് കൂടെയുണ്ടാവില്ല. വാക്കുകൾ കൊണ്ട് പറയാതെ അറിഞ്ഞ പ്രണയം… കടലോളം ഇഷ്ടം മനസ്സിൽ സൂക്ഷിച്ചിട്ടും അത് പങ്കു വെയ്ക്കാനാവാതെ പോയ രണ്ടാത്മാക്കളുടെ തേങ്ങലാവും താൻ കേട്ടത്.. ”

പത്മയുടെ മുഖം വിരൽ കൊണ്ട് തെല്ലുയർത്തിയാണ് അനന്തനത് പറഞ്ഞത്. പെട്ടെന്നൊരു തോന്നലിൽ പത്മ അവനെ കെട്ടിപ്പിടിച്ചു നെഞ്ചിൽ മുഖം ചേർത്തു. പകച്ചു പോയെങ്കിലും ഒരു ചിരിയോടെ അനന്തൻ അവളെ ചേർത്തു പിടിച്ചു. രണ്ടു നിമിഷം കഴിഞ്ഞാണ് പത്മ പിടഞ്ഞു മാറിയത്. മുഖത്ത് പടർന്നു കയറിയ ചുവപ്പ് നിലവറയിലെ നേർത്ത വെളിച്ചത്തിൽ അനന്തൻ കണ്ടു കാണില്ല. എങ്കിലും ആ പതിഞ്ഞ ചിരി പത്മ കേട്ടിരുന്നു. അപ്പോൾ തെളിഞ്ഞ നുണക്കുഴികൾ പത്മയും കണ്ടില്ല..

“ഇത്രയ്ക്കും ചിരിക്കേണ്ടതില്ല.. ” ജാള്യതയോടെ മുഖം കുനിച്ചു നടക്കുന്നതിനിടയിൽ പത്മ പിറുപിറുത്തു. “ഇല്ലേ.. ശരിക്കും..? ” കാതോരം പതുക്കെ ആ ശബ്ദം കേട്ടതും പത്മ ധൃതിയിൽ മുകളിലേക്കുള്ള പടികൾ കയറാൻ തുടങ്ങി. പിറകെ വന്ന അനന്തനിൽ അപ്പോഴും ആ ചിരിയുണ്ടായിരുന്നു.. പുറത്തു കാത്തു നിന്ന മാധവനോടും തിരുമേനിയോടും സംസാരിച്ചിട്ടാണ് അവർ ആ അറയ്ക്ക് മുൻപിലെത്തിയത്. പ്രതീക്ഷയോടെ അനന്തൻ ആ താക്കോലിട്ട് പൂട്ട് തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല..

അറവാതിൽ തുറന്നില്ല… “സാരല്ല്യ.. സമയമായിട്ടുണ്ടാവില്ല്യ.. ” തിരുമേനി പറഞ്ഞു. രാവിലെ ഒന്നും കഴിച്ചിട്ടില്ലായിരുന്നത് കൊണ്ട് രണ്ടുപേർക്കും നല്ല വിശപ്പുണ്ടായിരുന്നു. അനന്തൻ ഫ്രഷ്‌ ആയി വന്നു കഴിക്കാനിരുന്നപ്പോൾ പത്മ അടുക്കളയിലായിരുന്നു. “അമ്മാ എനിക്ക് ബ്ലാക്ക് കോഫീ മതി വിത്ത്‌ ഔട്ട്‌ ഷുഗർ.. ” ഡൈനിങ്ങ് ടേബിളിലിരുന്ന കോഫി കണ്ടപ്പോൾ അനന്തൻ അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.

ഇത്തിരി കഴിഞ്ഞു കോഫിയുമായി വന്ന അരുന്ധതി ചിരിയോടെ പറഞ്ഞു. “എന്റെ നന്ദു, നീയിങ്ങനെ വിളിച്ചു കൂവാതെ.. പിന്നെ നിന്റെ ഇഷ്ടങ്ങളൊക്കെ നോക്കാനാണ് ഇതേ ഇവളെ നിനക്കങ്ങ് കെട്ടിച്ചു തന്നത്. ഇനി ഇവളെ വിളിച്ചാൽ മതി.നിന്റെ ദേഷ്യവും വാശിയുമൊക്കെ ഇനി ഇവള് സഹിച്ചോളും. എന്നെ വിട്ടേരെ ” ഒരു ബൗളിൽ ചട്ണിയുമായി വരികയായിരുന്ന പത്മയെ നോക്കി കണ്ണിറുക്കി കൊണ്ട് അരുന്ധതി പറഞ്ഞു.

“എന്നാൽ ഞാൻ പട്ടിണി കിടന്നു ചാവത്തേയുള്ളൂ ” പത്മയ്ക്ക് മാത്രം കേൾക്കാൻ പാകത്തിൽ അനന്തൻ പറഞ്ഞു. ചുണ്ട് കോട്ടിക്കൊണ്ട് കൂർപ്പിച്ചോന്നു നോക്കി പത്മ.അനന്തൻ അവളെ നോക്കി പുച്ഛിച്ചു ചിരിച്ചു. “മോള് കൂടെയിരുന്നോ, ഞാൻ കൊണ്ട് വരാം ദോശ. ഇവന് നല്ല മൊരിഞ്ഞ ദോശ ചൂടോടെ വേണം. ഇത്രയും വലിയ ബിസിനസുകാരനായിട്ടും കിച്ചൻ സ്ലാബിൽ കയറിയിരുന്നു ദോശ ചൂടോടെ പ്ലേറ്റിലിട്ട് തിന്നണം, എന്നാലേ തൃപ്തി വരത്തുള്ളൂ നിന്റെ ഭർത്താവിന്…” പത്മയോട് പറഞ്ഞിട്ട് അരുന്ധതി അടുക്കളയിലേക്ക് പോയി.

അനന്തൻ അവളെ നോക്കി കണ്ണിറുക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞു. “കണ്ടു പഠിച്ചോ.. വർഷങ്ങൾ കഴിയുമ്പോൾ എന്നെ പോലെ ഒരഞ്ചാറെണ്ണത്തിനെ മേയ്ക്കാനുള്ളതാ.. ” പത്മ അവനെയൊന്ന് തുറിച്ചു നോക്കി.പിന്നെ അനന്തനെ നോക്കാതെ മെല്ലെ കഴിക്കാൻ തുടങ്ങി. ആ ചിരി കേട്ടെങ്കിലും അവൾ മുഖമുയർത്തിയതേയില്ല. അന്ന് പകൽ മുഴുവനും പത്മ അനന്തനിൽ നിന്നൊഴിഞ്ഞു മാറി നടന്നു. ഭക്ഷണം കഴിക്കുമ്പോഴും അവൾ അവന്റെ മുഖത്ത് നോക്കിയില്ല. അനന്തന് ചിരി വരുന്നുണ്ടായിരുന്നു.

തന്നോട് തോന്നി തുടങ്ങിയ ഇഷ്ടം മറച്ചു വെക്കാനാണ് ഈ ശ്രമമെന്ന് അവനും മനസ്സിലായിരുന്നു. രാത്രി ഫ്രണ്ട്സിനോട് സംസാരിക്കാനായി അനന്തൻ മുകളിലേക്ക് പോവുന്നത് കണ്ടതും പത്മ അവൻ തിരിച്ചു വരുന്നതിന് മുൻപേ കട്ടിലിൽ കയറി മൂടിപ്പുതച്ചു കിടന്നു. എന്തൊക്കെയോ ആലോചിച്ചു കിടന്ന അവൾ മുറിയിലെ വാതിലടയ്ക്കുന്ന ശബ്ദം കേട്ടതും കണ്ണുകൾ ഇറുകെ അടച്ചു. അനന്തൻ ചിരിക്കുന്നത് കേട്ടെങ്കിലും പത്മ അനങ്ങിയില്ല. അവൻ അവൾക്കരികെ കിടന്നു പതിയെ മുഖത്തെ പുതപ്പ് വലിച്ചു താഴ്ത്തി.

“അല്ല എന്റെ ഭാര്യ തന്നെയാണോന്നു അറിയണമല്ലോ, അതാ..” ചിരിയോടെ പറഞ്ഞിട്ട് അനന്തൻ നേരേ കിടന്നു. പത്മയ്ക്ക് അപ്പോഴാണ് ശ്വാസം നേരേ വീണത്. ഉറക്കത്തിനിടയിലെപ്പോഴോ ആണ് പത്മ ആ ശബ്ദം കേട്ടത്. ചിലങ്കയുടെ താളവും ആ നേർത്ത സംഗീതവും… അവൾ എഴുന്നേറ്റു നോക്കിയപ്പോൾ അനന്തൻ നല്ല ഉറക്കമായിരുന്നു. വിളിക്കാൻ തോന്നിയില്ല. പതിയെ വാതിൽ തുറന്നു ശബ്ദം കേൾക്കുന്ന ദിക്കിലേക്ക് പത്മ നടന്നു. ചെന്നെത്തിയത് ആ അറയുടെ മുൻപിലായിരുന്നു.

അവൾക്കു വ്യക്തമായി കേൾക്കാമായിരുന്നു ആ സ്വരവും ചിലങ്കയുടെ നാദവും…. പത്മ വാതിൽ തുറക്കാൻ കൈ ഉയർത്തിയതും ഉള്ളിൽ നിന്നാരോ തുറന്നതു പോലെ വാതിൽ പാളികൾ അവൾക്കു മുൻപിൽ മലർക്കെ തുറന്നു. തെല്ലു പേടിയോടെയാണ് അവൾ ഉള്ളിൽ കയറിയത്. നിറഞ്ഞു നിന്ന പ്രകാശത്തിൽ മുറിക്കുള്ളിലെ കാഴ്ചകൾ കണ്ടു പത്മ തറഞ്ഞു നിന്ന് പോയി. ഒരു ചിത്രകാരന്റെ പണിപ്പുരപോലെ ക്യാൻവാസിൽ പകർത്തിയ മിഴിവാർന്ന ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു അവിടമാകെ..

മുറിയുടെ മധ്യത്തിൽ ഉണ്ടായിരുന്ന കൊത്തു പണികളാൽ അലംകൃതമായ ചെറിയ വട്ടമേശമേൽ ആ ചിലങ്കകളുണ്ടായിരുന്നു. പത്മ പതിയെ ഒന്ന് തൊട്ടപ്പോൾ അതിൽ പറ്റിയിരുന്ന പൊടി അവളുടെ കൈയിലായി. പതിയെ അവളുടെ ശ്രദ്ധ ചുറ്റുമുള്ള ചിത്രങ്ങളിലേക്കായി. അപ്പോഴാണ് അവൾ ശരിക്കും ഞെട്ടിയത്… അതിലെ മുഖങ്ങൾ അനന്തന്റേതായിരുന്നു… പത്മയുടെയും.. ഓരോ ചിത്രങ്ങളുടേയും മുൻപിൽ പത്മ നിന്നു.

വിഷ്ണുനാരായണന്റെയും സുഭദ്രയുടെയും പ്രണയത്തിന്റെ തീവ്രത അവൾ കണ്ടറിയുകയായിരുന്നു… ചില ചിത്രങ്ങളിലെ മറ്റു ചില മുഖങ്ങൾ അവൾക്കു വളരെ പരിചിതമായി തോന്നി. പക്ഷേ ആരെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല… അത്ഭുതലോകത്തിൽ അകപെട്ടത് പോലെ പത്മയ്ക്ക് തോന്നി. ചുറ്റും കണ്ട കാഴ്ചകൾ അവൾക്കു വിശ്വസിക്കുവാൻ കഴിഞ്ഞില്ല… പക്ഷേ എന്തോ ഒന്ന് അവളുടെ കാഴ്ചയിൽ നിന്ന് മറഞ്ഞു നിൽക്കുന്നത് പോലെ പത്മയ്ക്ക് തോന്നി. ചുറ്റും എത്ര നോക്കിയിട്ടും എന്താണതെന്ന് പത്മയ്ക്ക് മനസ്സിലായില്ല…

അത് വിഷ്ണു നാരായണന്റെ മുറിയായിരുന്നുവെന്ന് പത്മയ്ക്ക് മനസ്സിലായി… അപ്പോൾ സുഭദ്രയുടെ മുറി ഏതാവും..? വാതിലിന്റെ ശബ്ദം കേട്ടാണ് പത്മ നോക്കിയത്. വാതിൽ പാളികൾ അടയാൻ തുടങ്ങുന്നത് കണ്ടതും ഉള്ളിലുയർന്ന ആന്തലോടെ പത്മ പുറത്തേക്കോടി. അവൾ വാതിൽപ്പടിയിൽ നിന്ന് കാലെടുത്തു വെച്ചതും ചെറിയൊരു ശബ്ദത്തോടെ അതടഞ്ഞതും ഒരുമിച്ചായിരുന്നു… ആ സംഗീതത്തോടൊപ്പം ചിലങ്കയുടെ താളവും കേട്ടാണ് സ്വപ്നത്തിലെന്ന പോലെ പത്മ മുറിയിലെത്തിയത്.

അനന്തൻ ഉറങ്ങുകയായിരുന്നു.. പത്മ തെല്ലു നേരം ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു. പൊടുന്നനെ ഉള്ളിലുണർന്ന സ്നേഹം തടഞ്ഞു നിർത്താൻ കഴിയാതെ പത്മ പതിയെ അനന്തന്റെ നെറ്റിയിൽ ചുണ്ടമർത്തി. പിന്നെ മെല്ലെ നിവരാൻ തുടങ്ങിയതും കരുത്തുറ്റ കരങ്ങൾ അവളെ വരിഞ്ഞു മുറുക്കിയതും ഒരുമിച്ചായിരുന്നു. അനന്തന്റെ മുകളിലേക്ക് വീണ അവൾ ഒരു പിടച്ചിലോടെ താഴേക്ക് കുതറി മാറി.. അപ്പോഴേക്കും അനന്തൻ അവളുടെ രണ്ടു സൈഡിലും കൈ വെച്ചിരുന്നു.

ഒഴിഞ്ഞു മാറാൻ കഴിയാതെ ഒരു നിശ്വാസത്തിനകലെ ആ കണ്ണുകളെ നേരിടേണ്ടി വന്നു പത്മയ്ക്ക്… “എന്തെ ഇപ്പോൾ എന്റെ ഭാര്യയ്ക്ക് പെട്ടെന്നൊരു സ്നേഹം.. ഉം..? ” പത്മ കണ്ണുകൾ അടക്കാൻ തുടങ്ങുന്നതിനു മുൻപേ അവൻ പറഞ്ഞിരുന്നു. “ദേ പെണ്ണേ മര്യാദയ്ക്ക് കണ്ണു തുറന്നു എന്നെ നോക്കിക്കോ, അല്ലേൽ പിന്നെ കണ്ണു നിറയ്ക്കേണ്ടി വരും, പറഞ്ഞില്ലെന്നു വേണ്ട..” പത്മ അനന്തന്റെ കണ്ണുകളിലേക്ക് നോക്കി. “ഇനി പറ.. ഇപ്പോൾ ഇങ്ങനെയൊരു സമ്മാനം തരാൻ കാരണം..? ”

“അത്.. ഞാൻ.. വെറുതെ.. ‘ അവളുടെ വിക്കൽ കണ്ടു കുസൃതിച്ചിരിയോടെയാണ് ചോദിച്ചത്. “ഓഹോ, അപ്പോൾ താൻ വെറുതെയാണോ എന്റെ നെറ്റിയിൽ കിസ്സ് ചെയ്തത്? ” പത്മയ്ക്ക് അവന്റെ കണ്ണുകളിലേക്ക് നോക്കാൻ കഴിഞ്ഞില്ല. മിഴികൾ താഴ്ത്തിയപ്പോൾ കണ്ണെത്തിയത് ആ കഴുത്തിലെ മാലയിൽ കൊരുത്തിട്ട ഓം എന്നെഴുതിയ ലോക്കറ്റിലേക്കാണ്… ആ ചിത്രത്തിൽ കണ്ട അതേ ലോക്കറ്റ്… പത്മ അവന്റെ മുഖത്തേക്ക് നോക്കിയതും അനന്തൻ എന്താണെന്ന് പുരികമുയർത്തി ചോദിച്ചു.

“അനന്തേട്ടാ സോറി നിക്ക് അറിയാതെ പറ്റി പോയതാ.. പ്ലീസ്.. ഇനി ആവർത്തിക്കില്ല.. ” “ആഹാ.. എന്നാലേ എനിക്ക് കിട്ടിയത് തിരിച്ചു കൊടുത്താണ് ശീലം… ” പത്മ കണ്ണുകൾ ഇറുകെ അടച്ചതും അനന്തൻ ഒരു പൊട്ടിച്ചിരിയോടെ അവളിൽ നിന്നൂർന്നു കിടക്കയിലേക്ക് വീണു. ഇത്തിരി കഴിഞ്ഞു ഒരു കണ്ണ് അടച്ചു കൊണ്ട് അവളെ നോക്കി പറഞ്ഞു. “എന്തായാലും എനിക്കിഷ്ടമായി എന്റെ പെണ്ണിന്റെ സമ്മാനം.. ”

കണ്ണുകൾ ഇറുകെ അടച്ചെങ്കിലും പത്മയുടെ നെറ്റിയിലെ സിന്ദൂരത്തിന്റെ ചുവപ്പായിരുന്നു അവളുടെ കവിളുകൾക്കും…. രാവിലെ അനന്തൻ എഴുന്നേറ്റപ്പോൾ പത്മയെ അരികെ കണ്ടില്ല. കുളി കഴിഞ്ഞു അവൻ ഹാളിൽ എത്തിയപ്പോഴാണ് പത്മ ഇടനാഴിയിലൂടെ അങ്ങോട്ടെത്തിയത്. “ഞാൻ നിലവറയിൽ പോയിരുന്നു… ” പത്മയുടെ നെറ്റിയിൽ നിറയെ സിന്ദൂരമുണ്ടായിരുന്നു. നാഗക്കാവിലേക്കിറങ്ങിയപ്പോൾ മാധവനും കൂടെയുണ്ടായിരുന്നത് കൊണ്ട് അനന്തന് പത്മയോടൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല.

കണ്ണുകൾ തമ്മിലിടയുമ്പോഴൊക്കെ അനന്തൻ ചൂണ്ടു വിരൽ കൊണ്ട് അവന്റെ നെറ്റിയിൽ തടവി കാണിച്ചു… വൈകുന്നേരം ചായ കുടിക്കാൻ അനന്തനെ വിളിക്കാനായി റൂമിലേക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് തൊട്ടു മുൻപിൽ അഞ്ജലിയെത്തിയത്. പത്മ ചിരിക്കാൻ ശ്രമിച്ചെങ്കിലും അഞ്ജലിയുടെ കണ്ണുകളിൽ തെളിഞ്ഞ വെറുപ്പ് കണ്ടതും അവൾ ആ ശ്രമം ഉപേക്ഷിച്ചു. പത്മയുടെ നെറ്റിയിലെ ചുവപ്പിലേക്ക് തുറിച്ചു നോക്കി കൊണ്ടാണ് അഞ്ജലി ദേഷ്യത്തോടെ പറഞ്ഞത്..

“എത്രയൊക്കെ ശ്രെമിച്ചാലും നിനക്ക് അനന്തുവിനെ കിട്ടില്ലെടി.. അവൻ എന്റേതാണ്.. അവന് വേണ്ടി ജനിച്ചവൾ ഞാനാണ്… ” “അനന്തെട്ടനെ ഞാൻ കാണാൻ തുടങ്ങിയിട്ട് ദിവസങ്ങളായതേയുള്ളു. കുട്ടിക്കാലം മുതൽക്കേ ഒരുമിച്ചുള്ളവരാണ് നിങ്ങൾ. ന്നിട്ടും അഞ്ജലിയ്ക്കെന്തേ അനന്തെട്ടനോടുള്ള ഇഷ്ടം തുറന്നു പറയാൻ കഴിഞ്ഞില്ല്യ. . സ്വന്തമാക്കാൻ കഴിഞ്ഞില്ല്യ .. ഞാൻ നിങ്ങൾക്കിടയിലേക്ക് വന്നിട്ടില്ല്യ… അനന്തപത്മനാഭനെ ഞാൻ മോഹിച്ചിട്ടില്ല്യ”

“പറഞ്ഞതാ ഞാൻ അവനോട് എന്നേക്കാൾ കൂടുതലായി ആർക്കുമവനെ സ്നേഹിക്കാൻ കഴിയില്ലെന്ന്… പക്ഷേ അവനത് ചിരിച്ചു തള്ളി. അവന്റെ പെണ്ണ് അവന് വേണ്ടി എവിടെയോ കാത്തിരിപ്പുണ്ടെന്ന് പറഞ്ഞു. ഇനിയിപ്പോ നീ അവനായി പിറന്നവളാണെങ്കിൽ പോലും തരില്ല നിനക്കവനെ ഞാൻ ” “അനന്തപത്മനാഭൻ ന്റെ കാമുകനല്ല, കഴുത്തിൽ താലി ചാർത്തിയവനാണ്. ഇനി ഒന്നിന്റെ പേരിലും ആർക്കും അയാളെ പത്മ വിട്ടു കൊടുക്കില്ല്യ ” ശാന്തമെങ്കിലും ദൃഢമായിരുന്നു പത്മയുടെ വാക്കുകൾ.

അത് അഞ്ജലിയുടെ ദേഷ്യത്തെ ആളിക്കത്തിച്ചു. അവർക്കരികിലേക്ക് നടന്നു വരുന്ന അനന്തനെ അഞ്ജലി കണ്ടു. പത്മയുടെ കഴുത്തിലെ താലിയ്ക്ക് നേരേ കൈയുയർത്തി കൊണ്ട് അഞ്ജലി പതുക്കെ പറഞ്ഞു. “നിന്റെ ഈ താലി അവനെ കൊണ്ട് തന്നെ ഞാൻ പൊട്ടിയ്ക്കും ” “തൊട്ടു പോകരുത്.. ” പറഞ്ഞു കൊണ്ട് പത്മ അഞ്ജലിയ്ക്ക് നേരേ ഉയർത്തിയ കൈയിൽ പിടി വീണു.. അനന്തൻ… “സ്റ്റോപ്പ്‌ ഇറ്റ് പത്മ, ഷി ഈസ്‌ മൈ ഫ്രണ്ട്, മൈ ഗസ്റ്റ്.. അവളുടെ അടുത്ത് ഇങ്ങനെ ബീഹെവ് ചെയ്യാനുള്ള അധികാരമൊന്നും തനിക്കാരും തന്നിട്ടില്ല ”

പത്മ ഒന്നും പറയാതെ അവനെ നോക്കി നിന്നതേയുള്ളൂ. അഞ്ജലി അവനോട് ചേർന്നു നിന്നു കൊണ്ട് കണ്ണീരോടെ പറഞ്ഞു. “അനന്തു, പത്മ എന്തൊക്കെയാ പറഞ്ഞതെന്നറിയോ, നമ്മൾ ലവേർസ് ആണ്, ഇവളെ ഇവിടുത്തെ പ്രശ്നങ്ങൾക്കുള്ള പരിഹാരം മാത്രമായിട്ടാ മാരി ചെയ്തേന്നൊക്കെ പറഞ്ഞു.. പത്മയ്ക്ക് സംശയരോഗമാണ് അനന്തു ” അഞ്ജലിയെയും അനന്തനെയും രൂക്ഷമായി ഒന്ന് നോക്കിയിട്ട് പത്മ പുറത്തേക്ക് നടന്നു.

താമരക്കുളത്തിന്റെ പടവുകളിൽ ഇരിക്കുമ്പോൾ പത്മയുടെ മിഴികൾ നിറഞ്ഞിരുന്നു. ഇത്തിരി കഴിഞ്ഞു പുറകിൽ ഒരു അനക്കം പോലെ തോന്നി. അനന്തനാവുമെന്ന് തോന്നിയതും അവളുടെ ദേഷ്യവും സങ്കടവും കൂടിയതേയുള്ളൂ. ആളെ കാണാതെ പുറകിലേക്ക് തിരിഞ്ഞു നോക്കാൻ തുടങ്ങിയതും പത്മ പടവുകളൂടെ താമരക്കുളത്തിന്റെ ആഴങ്ങിലേക്ക് വീണിരുന്നു. അപ്പോഴും അവളുടെ മനസ്സിൽ അനന്തനായിരുന്നു..

(തുടരും )

നാഗമാണിക്യം: ഭാഗം 15

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-