ശ്യാമമേഘം : ഭാഗം 17

Share with your friends

എഴുത്തുകാരി: പാർവതി പാറു

പച്ചപ്പാളയിൽ എന്നതേച്ചു കിടത്തി അവന്റെ കൈയും കാലും ചീരുവമ്മ അമർത്തി ഉഴിയുമ്പോൾ ഒന്നും വിട്ടുപോകാതെ മൊബൈലിൽ പകർത്തുന്ന തിരക്കിൽ ആയിരുന്നു അനി… അമ്മാമ്മേടെ മോന് ആച്ചിക്കുടു… കുളിക്കണ്ടേ… കുളി കഴിഞ്ഞു ഇഞ്ഞ കുടിക്കണ്ടേ.. വാവാവോ ഉറങ്ങണ്ടേ.. അവനെ കൈകളിൽ വാരി എടുത്തു.. അവന്റെ തലയിൽ നാളികേരപാൽ തേപ്പിച്ചു കൊണ്ട് ചീരുവമ്മ പറഞ്ഞു…. ചീരുവമ്മേ മെല്ലേ.. അവന് വേദനിക്കും…

അനായാസേന അവന്റെ മൂക്ക് ചെവിയും ഉഴിഞ്ഞു കുളുപ്പിക്കുന്ന ചീരുവമ്മായോടായി അനി പറഞ്ഞു.. നല്ലോണം ഉഴിഞ്ഞു കുളിപ്പിച്ചാലെ കുട്ടീന്റെ മോറും തലയും ഒക്കെ ഒരു ചന്തം ഉണ്ടാവു. മേഘമോളെ കണ്ടിട്ടില്ലേ.. കടഞ്ഞെടുത്ത പോലെ..മേഘ മോള് ഉണ്ടായപ്പോൾ രണ്ടു കാലിനും വളവ് ഉണ്ടായിരുന്നു… . ഈ ചീരുവമ്മ കുളിപ്പിക്കുമ്പോൾ ഉഴിഞ്ഞു ഉഴിഞ്ഞു നേരെയാക്കിയതാ… അറിയോ… ന്റെ രാജകുമാരൻ സുന്ദരൻ ആവണ്ടേ.. കുളി തീരാറായപ്പോഴേക്കും കണ്ണൻ വിശന്നു കരയാൻ തുടങ്ങിയിരുന്നു… മതി ചെറുവമ്മേ കുളിപ്പിച്ചത് അവന് വിശക്കുന്നുണ്ട്…

കണ്ണനെ വേഗം ചീരുവമ്മയിൽ നിന്നും കുളിപ്പിച്ച് വാങ്ങി അനി ശ്യാമക്ക് അരികിൽ കൊണ്ടു പോയി…. ശ്യാമ കുളികഴിഞ്ഞു തോർത്ത്‌ കൊണ്ട് മുടി കെട്ടി കട്ടിലിൽ വന്നിരുന്ന് കുഞ്ഞിന് വേണ്ടി കൈനീട്ടിയപ്പോൾ അനി കണ്ണനെ അവളുടെ മടിയിലേക്ക് വെച്ചു… കണ്ണൻ വന്നപ്പോൾ ശ്യാമയുടെ മുഖത്തിന് ശോഭ കൂടിയത് പോലെ അനിക്ക് തോന്നി.. മഞ്ഞൾ തേച്ചു കുളിച്ചത് കൊണ്ടാവാം അവളുടെ കറുപ്പിനേക്കാൾ ഒരു മഞ്ഞ നിഴൽ അവന് തോന്നി… കുഞ്ഞിനെ മടിയിൽ കിടത്തി അവൾ തിരിഞ്ഞിരുന്നു…

നിലവിളിച്ചു കരഞ്ഞിരുന്ന കണ്ണന്റെ കരച്ചിൽ മെല്ലേ മെല്ലേ നിശബ്ദമായി… അവന്റെ അമ്മയുടെ മാറിടത്തിന്റെ അമൃതിൽ ലയിച്ചവൻ ഉറങ്ങി തുടങ്ങി എന്ന് തോന്നിയപ്പോൾ അനി പുറത്തേക്കിറങ്ങി.. ശ്യാമയെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് ഒരാഴ്ച കൂടി അനി ലീവ് എടുത്തു… കണ്ണൻ അൽപ്പം വാശിക്കാരൻ ആണ്.. രാവിലെ മുഴുവൻ അവൻ സുഖമായി ഉറങ്ങും… രാത്രി ആയാൽ ഉണരും പിന്നെ ബഹളം ആണ്… ഗർഭാവസ്ഥയിൽ എന്നപോലെ ശ്യാമക്കും അനിക്കും വീണ്ടും നിദ്രവിഹീന രാത്രികൾ തന്നെ ആയിരുന്നു…

ശ്യാമയുടെ മുലകുടിച്ചു മടുത്താൽ അവൻ അലറി പൊളിച്ചു തുടങ്ങും അനി അവനെയും എടുത്തു ആ വീടിനുള്ളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കും.. അപ്പോഴൊക്കെ അവന്റെ ചുണ്ടിൽ ഏതെങ്കിലും ഒരു പാട്ടിന്റെ ഈരടികൾഉണ്ടാവും.. അവന്റെ ചൂടിൽ.. അവന്റെ പാട്ടിന്റെ ഇമ്പത്തിൽ കണ്ണൻ മിടുക്കനായി കുറുമ്പ് കാണിക്കാതെ അനുസരണയോടെ അവനെ തന്നെ നോക്കി കിടക്കും… മേഘക്ക് പരീക്ഷ ആയത് കൊണ്ട് അവളും തിരക്കിൽ ആയിരുന്നു..

എങ്കിലും അവൾക്ക് ഒരു ദിവസം പോലും ആനിയെയും കണ്ണനെയും ശ്യാമയെയും കാണാതിരിക്കാൻ ആവില്ലായിരുന്നു.. രാത്രി കണ്ണൻ ഉണർന്നിരിക്കുമ്പോൾ അനി അവളെ വിളിക്കും… മതിവരുവോളം അവൾ അവനെ നോക്കി ഇരിക്കും.. സ്വന്തം കുഞ്ഞിനെ എന്ന പോലെ… മേഘേ മറ്റന്നാൾ ആണ്… കണ്ണന്റെ ഇരുപത്തിഎട്ട്…. നൂലുകെട്ടണം… പേരിടണം… കണ്ണെഴുതണം… വയമ്പ് കൊടുക്കണം… ശ്യാമ അവനെ മടിയിൽ കിടത്തി തലയിൽ തലോടി മേഘയോട് പറഞ്ഞു.. ഓർമ്മ ഉണ്ടടോ…

ഇനി ഞാൻ മറന്നാലും അനി മറക്കും എന്ന് തോന്നുന്നുണ്ടോ… എന്റെ എക്സാം കഴിഞ്ഞിരുന്നേൽ ഞാനും വന്നേനെ.. സാരല്ല്യ.. നമുക്ക് ചോറൂണ് ഉഷാറാക്കാം.. അല്ലേ കണ്ണാ… ശ്യാമ ചിരിച്ചു… എന്റെ കൈയിൽ ഒരു മോതിരം ഉണ്ട് ഇത് വിറ്റ് കിട്ടുന്ന പണം കൊണ്ട് കണ്ണന് സ്വർണ്ണം കൊണ്ട് എന്തേലും വാങ്ങിക്കാൻ നീ അനിയോട് പറ… ഓ.. പിന്നേ.. നിന്റെ കുട്ടിക്ക്.. സ്വർണ്ണം വാങ്ങാൻ ഉള്ള സ്ഥിതി ഒക്കെ എന്റെ നായർക്ക് ഉണ്ട്.. നീ ഒന്ന് മിണ്ടാതിരിക്ക്… അതല്ല.. മേഘേ… ഇപ്പോൾ തന്നെ എനിക്ക് വേണ്ടി കുറേ ആയില്ലേ… ഒരു ബന്ധവും ഇല്ലാതെ…. ഇനിയും എത്രായാന്ന് വെച്ചിട്ടാണ് ബുദ്ധിമുട്ടിക്കാ…

എന്താ ശ്യാമേ ഇങ്ങനെ ഒക്കെ പറയണേ… കണ്ണൻ വന്നപ്പോൾ നിനക്ക് ഞങ്ങൾ അന്യരായോ… മേഘ അൽപ്പം വിഷമത്തോടെ പറഞ്ഞു.. അയ്യോ അങ്ങനെ അല്ല മേഘേ… ഇതൊന്നും ഞാൻ അർഹിക്കുന്നില്ല എന്നൊരു തോന്നൽ… ഇന്നലെ അനിയുടെ അച്ഛൻ വിളിച്ചിരുന്നു.. അടുത്ത മാസം വരുത്രെ… അദ്ദേഹം വരുമ്പോൾ ഞാൻ ഇവിടെ ഉണ്ടായാൽ… എങ്ങനെ ആവും പ്രതികരിക്കാ… ഓ.. അതാണോ പ്രശ്നം.. അതൊക്കെ നമുക്ക് വരുന്നിടത്തു വെച്ച് നോക്കാം.. ഏതായാലും നിന്നെ ഞങ്ങൾ ഇപ്പോൾ എങ്ങോട്ടും വിടില്ല..

നീ കാത്തിരിക്കുന്ന ആള് വരട്ടേ.. ആ സുരക്ഷിതം ആയ കൈകളിൽ നിന്നെയും കണ്ണനെയും ഏൽപ്പിച്ചാലെ ഞങ്ങൾക്ക് സമാധാനം കിട്ടൂ… ഇപ്പോൾ അമ്മേം മോളും പോയി ഉറങ്ങിക്കേ ഞാൻ എന്റെ ചെക്കനോട് ഒന്ന് കുറുകിക്കോട്ടെ… മേഘയുടെ സംസാരം കേട്ട് ശ്യാമ ചിരിച്ചു കൊണ്ട് ഫോൺ അനിക്ക് കൊണ്ടുപോയി കൊടുത്തു… അനി.. നീ ഞാൻ പറഞ്ഞത് വാങ്ങിച്ചോ.. മ്മ്.. .. മാല.. രണ്ടു വെള്ളി തളകൾ.. ബ്രെസ്ലറ്റ് പിന്നെ കറുത്ത വള.. .. പിന്നെ എന്താർന്നു… അരഞ്ഞാണം… മേഘ ദേഷ്യത്തോടെ പറഞ്ഞു.. ആ പൊന്നാരഞ്ഞാണം…. അത് ഞാൻ രണ്ടെണ്ണം വാങ്ങിച്ചു.. അവൻ കള്ള ചിരിയോടെ പറഞ്ഞു.. അതെന്തിനാ രണ്ടെണ്ണം… അവൾ മുഖം കൂർപ്പിച്ചു.. ഒന്ന് കണ്ണന്.. ഒന്ന് എന്റെ കൺമണിക്ക്.. കണ്മണിയോ..

ഏതാ അവള്.. എടി പോത്തേ നിനക്ക്… കല്യാണം കഴിഞ്ഞു ആദ്യരാത്രി ഞാൻ കെട്ടി തരാട്ടോ ന്റെ പെണ്ണിന്… അവൻ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു.. ഓ… അപ്പൊ റൊമാൻസ് ഒക്കെ വരും.. എന്നാലേ എന്റെ കുട്ടിക്ക് ഡ്യൂട്ടി ടൈം ആയല്ലേ… എനിക്ക് നാളെ പരീക്ഷ ഉണ്ട് ഗുഡ് നൈറ്റ്.. ഡി.. അങ്ങനെ പോവല്ലേ.. പിന്നേ.. ഒരുമ്മ താടി.. ഇന്നെന്താ പതിവില്ലാത്ത ഒരു സ്നേഹം… അങ്ങനെ തോന്നിയോ എന്റെ പെണ്ണിന്.. എന്നും എന്റെ സ്നേഹം ഒരുപോലെ അല്ലേ… അയ്യോ അതെ അതെ.. ഒരു ഉമ്മ അല്ല..

ഒരു കാക്കതൊള്ളയിരം ഉമ്മ തരാട്ടോ.. ന്റെ പൊട്ടക്കണ്ണന്… ഉമ്മ… അവൾ ഫോൺ വെച്ചു പോയപ്പോൾ അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു… … കണ്ണന്റെ ഇരുപത്തിഎട്ടിന്റെ അന്ന് ശ്യാമക്കും അനിക്കും ചീരുവമ്മക്കും പുറമേ മറ്റു രണ്ടുപേരും കൂടി ഉണ്ടായിരുന്നു.. ശ്യാമ ഇതുവരെ കാണാത്ത രണ്ടുപേർ.. ശ്യാമ രാവിലെ കുളികഴിഞ്ഞു സെറ്റുമുണ്ട് ഉടുക്കുമ്പോൾ ആണ് അവളുടെ മുറിയിലേക്ക് പരിചിതം അല്ലാത്ത ഒരാൾ കടന്നു വരുന്നത് അവൾ അറിഞ്ഞത്.. ഞാൻ അകത്തേക്ക് വന്നോട്ടെ ശ്യാമേ… അവർ വാതിൽക്കൽ നിന്ന് ചോദിച്ചു.. വരൂ… അവൾ അവരെ അകത്തേക്ക് വിളിച്ചു…

അവർ അവളുടെ അരികിൽ വന്ന് അവളുടെ കൈപിടിച്ചു.. വളരെ മൃതുവായ ആ കൈകൾ.. ഒരു മധ്യ വയസ്കയായ ഉയരം കുറഞ്ഞ തടിച്ച സ്ത്രീയുടേതാണ് എന്ന് അവൾക്ക് തോന്നി.. അവരിൽ നിന്ന് വിലകൂടിയ ഏതോ പെർഫ്യൂമിന്റെ ഗന്ധം വമിക്കപെടുന്നുണ്ടായിരുന്നു.. ശ്യാമക്ക് എന്നെ മനസിലായോ..?? അവൾ ഇല്ലെന്ന് തലയാട്ടി.. ഞാൻ മേഘയുടെ അമ്മ ആണ്.. മാലിനി… ഞാൻ കുറച്ച് നാളായി ഇവിടെ ഇല്ലായിരുന്നു.. മൂത്ത മകളുടെ അടുത്ത് ആയിരുന്നു.. us ൽ.. അതാണ് ശ്യാമയെ കാണാൻ ഇതുവരെ വരാഞ്ഞത്.. ഇന്നലെ ആണ് വന്നത്… മേഘയും അനിയും എപ്പോൾ വിളിക്കുമ്പോളും പറയും മോളേ പറ്റി…

കാണാൻ കൊതിച്ചു ഇരിക്കായിരുന്നു.. ശ്യാമക്ക് അവരുടെ സംസാരം കേട്ട് അത്ഭുതം തോന്നി മേഘയെ പോലെ ആദ്യമായി കാണുന്ന തന്നോട് ഇത്രയും സ്നേഹത്തോടെ സംസാരിക്കാൻ ആ അമ്മക്ക് എങ്ങനെ കഴിയുന്നു എന്നോർത്ത്.. അവരുടെ മരുമകന്റെ കൂടെ കഴിയുന്ന തന്നെ മോശമായ രീതിയിൽ കാണാതെയുള്ള അവരുടെ പെരുമാറ്റം അവളിൽ അത്ഭുതം ഉണർത്തി.. മോള് റെഡി ആയിക്കോ.. ഞാൻ കണ്ണനെ കണ്ട് വരട്ടെ.. അവർ പുറത്തേക്ക് ഇറങ്ങിയപ്പോൾ ശ്യാമയുടെ കണ്ണിൽ നിന്ന് സന്തോഷം കൊണ്ട് കണ്ണീർ പൊടിഞ്ഞു.. എഴുതിരിയിട്ട നിലവിളക്കിന് മുന്നിൽ കണ്ണനെ പാവമുണ്ടുടുപ്പിച്ചു കിടത്തി…

ശ്യാമമോളെ കുഞ്ഞിന് കണ്ണെഴുതി കൊടുക്ക്… ചീരുവമ്മ പറഞ്ഞപ്പോൾ ശ്യാമ നിലത്തേക്ക് ഇരുന്നു.. കൈകൊണ്ട് പരതി അവനെ മടിയിലേക്ക് കിടത്തി… അനി അവൾക്കരികിൽ ഇരുന്നു കണ്മഷി പാത്രം തുറന്നു കൊടുത്തു… അവൾ തന്റെ ചെറുവിരൽ കൊണ്ടതിൽ തൊട്ടു… മറുകൈ കൊണ്ട് അവന്റെ മുഖത്തു കണ്ണിന് വേണ്ടി തിരഞ്ഞു.. അത് മനസിലാക്കിയ പോലെ അനി അവളുടെ വലതു കൈയിൽ പിടിച്ചു… കൊച്ചു കുട്ടികളെ കൈപിടിച്ച് എഴുതിക്കുന്നത് പോലെ അവളുടെ കൈകളിൽ ചേർത്ത് പിടിച്ചു അവൻ കണ്ണന്റെ കണ്ണിൽ കരിമഷി എഴുതി… ശ്യാമയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയായിരുന്നു…

അനി കണ്ണന്റെ കൈകളിൽ കൈകളിൽ വള ഇടുവിച്ചു… അരഞ്ഞാണം കെട്ടിച്ചു… അമ്മേ അച്ഛാ വന്ന് കണ്ണന് പാല് കൊടുക്കു…. ശ്യാമ മേഘയുടെ അമ്മയോട് പറഞ്ഞപ്പോൾ അനി അത്ഭുതത്തോടെ അവളെ നോക്കി.. മേഘയുടെ അച്ഛനും അമ്മയും വന്ന് കണ്ണന്റെ നാവിൽ മധുരം നൽകി.. കണ്ണൻ സന്തോഷത്തോടെ മധുരം നുണഞ്ഞു.. അവർ അവന്റെ കഴുത്തിൽ ഒരു സ്വർണമാല അണിയിച്ചു.. അനിക്ക് അത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി…. ഇനി കുഞ്ഞിന് പേരിടാം.. ശ്യാമേ… അനിരുദ്ധ്..

കുഞ്ഞിനെ ആദ്യമായി കണ്ണാ എന്ന് വിളിച്ചത് നീ അല്ലേ..നീ വിളിക്കുന്നതാണ് അവൻ ആദ്യം കേട്ടത്.. അപ്പോൾ അവന്റെ കാതിൽ പേര് വിളിക്കേണ്ടതും നീ തന്നെ ആണ്.. ശ്യാമേ ഞാനോ… അനി അത്ഭുതത്തോടെ ചോദിച്ചു…. അതെ… അവനെ വിളിക്കാൻ കണ്ണൻ എന്നുള്ള പേര് തിരഞ്ഞെടുത്തത് നീ അല്ലേ.. അവന് ശരിക്കും നൽകേണ്ട പേരും നീ തന്നെ തീരുമാനിച്ചോ.. എന്നിട്ട് നീ തന്നെ അതവന്റെ ചെവിയിൽ വിളിക്കണം അതാണ് എന്റെ മോഹം… അത് വേണോ ശ്യാമേ… വേണം… ശ്യാമ തറപ്പിച്ചു പറഞ്ഞു..

എന്നാൽ ഒരു മിനിറ്റ് ശ്യാമേ…. ഞാൻ.. ഞാൻ മേഘയെ ഒന്ന് വിളിക്കട്ടെ കണ്ണൻ എന്ന പേര് അവൾ തീരുമാനിച്ചതാണ്.. ഇതും എനിക്കവളോട് ചോദിക്കണം.. അവൻ സന്തോഷത്തോടെ ഫോൺ എടുത്തു പുറത്തേക്ക് ഇറങ്ങി പത്തു നിമിഷം കൊണ്ട് തിരിച്ചു വന്നു… തീരുമാനിച്ചോ രണ്ടാളും.. ശ്യാമ ചിരിയോടെ ചോദിച്ചു… മ്മ് … അവൻ ശ്യാമയുടെ മടിയിൽ നിന്ന് കണ്ണനെ എടുത്തു… . കണ്ണാ….. എന്ന് വിളിച്ചു നെഞ്ചോടു ചേർത്തു… അവന്റെ ചെവിയിൽ മുഖം ചേർത്തു… അഭിമന്യു…. അഭിമന്യു.. അഭിമന്യു…. മൂന്നു പ്രാവശ്യം വിളിച്ചു… കണ്ണന്റെ ചുണ്ടിൽ അപ്പോൾ ഒരു കുഞ്ഞി ചിരി വിരിഞ്ഞു…. ശ്യാമയുടെ കണ്ണുകളിൽ സന്തോഷം കൊണ്ട് കണ്ണുനീരും….

🙏🙏 തുടരും..

ശ്യാമമേഘം : ഭാഗം 16

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-