സുൽത്താൻ : ഭാഗം 18

സുൽത്താൻ : ഭാഗം 18

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

“ആദി.. “വീണ്ടുമാ ശബ്ദം ചെവിയോരം വന്നു പതിച്ചപ്പോൾ ആദി ഒരു ദീർഘനിശ്വാസം ഉതിർത്തു… “പറയൂ ഫിദു… “ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു മറുപടി… ആദിയുടെ നെഞ്ച് പൊള്ളിപ്പോയി.. കാര്യങ്ങൾ റിഹു പറഞ്ഞറിഞ്ഞതാണെങ്കിലും അവൾ പറയുന്നതും അവൻ ക്ഷമയോടെ കേട്ടിരുന്നു… “എനിക്ക് ഫർദിയെ കാണണം ആദി.. ഡാഡി സമ്മതിക്കില്ല ഇതിനു… അവനോടു നീ പോയി സംസാരിക്കണം…

ഞാൻ ഇറങ്ങി ചെല്ലാം എന്ന് പറയണം… എനിക്ക് പറ്റില്ല ആദി.. അവനില്ലാതെ.. അവന്റൊപ്പം ഏത് നരകത്തിലേക്കായാലും ഞാൻ വരാം എന്ന് നീയൊന്നു ചെന്ന് പറയുവോ ആദി… നീയല്ലാതെ ആരും ഇല്ല എനിക്കിത് വിശ്വസിച്ചു പറയാൻ… പറ ആദി… നീ പോയി കാണില്ലേ അവനെ… “ഫിദു ആർത്തലച്ചു കരഞ്ഞു… പാഞ്ഞു വന്ന വാക്കുകളുടെ പൊരുൾ മനസിലാവാതെ ആദി ഇരുന്നു…

തലക്ക് ചുറ്റും മൂളക്കം പറന്ന കരിവണ്ടുകളുടെ ഹൂങ്കാരരവം ഒട്ടൊന്ന് ശമിക്കും വരെ അവൻ മിഴികൾ ഇറുകെ അടച്ചിരുന്നു…. “ആദി… വീണ്ടും ആ ശബ്ദം കാതിൽ പതിച്ചപ്പോൾ അത്യധികം ഹൃദയ വേദനയോടെ അവൻ പറഞ്ഞു…. “ഞാൻ പോകാം ഫിദു…. നീ വിഷമിക്കാതിരിക്ക്… ഇന്ന് തന്നെ പോയി കാണാം… എന്നെക്കൊണ്ട് പറ്റുന്ന എന്ത് ഹെൽപ്പും ചെയ്ത്‌ തരാം… ഞാൻ അവനെ കണ്ട് സംസാരിച്ച ശേഷം നിന്നെ വിളിക്കാം…”

“ഉം… “ഏതോ ഒരു പ്രതീക്ഷ നാമ്പിൽ ചുറ്റി പിണഞ്ഞു കൊണ്ട് മൂളിയ ആ മൂളൽ പോലും ആദിയുടെ കരളിനെ രക്തത്തിൽ മുക്കിയെടുത്തു .. ഉച്ചക്ക് ശേഷം ലീവ് പറഞ്ഞു ആദി എറണാകുളത്തേക്ക് ഫർദീനെ കാണാൻ പോകാൻ തീരുമാനിച്ചു.. പോകാൻ ഒരുക്കം കൂട്ടുമ്പോൾ ആണ് റിഹു വിളിച്ചത് …. “എന്താടാ… “? “ആദീക്കാ എന്തെടുക്കുവാ…? “രാവിലെ പറഞ്ഞ കാര്യം ആദിയെ വേദനിപ്പിച്ചിട്ടുണ്ടാവും എന്നു അവന് അറിയാമായിരുന്നു….

ആദി ഫർദീനെ കാണാൻ പോകുന്ന കാര്യം റിഹുവിനോട് പറഞ്ഞു… ഒരു നിമിഷം റിഹുവിന്റെ പ്രതീക്ഷകളെല്ലാം അസ്തമിച്ചു പോയി… ഇത്രയൊക്കെ സംഭവിച്ചപ്പോൾ പടച്ചോനോട് നന്ദി പറഞ്ഞിരിക്കുകയായിരുന്നു അവൻ… തന്റെ ആദീക്കായുടെ കൂടെയാണ് തമ്പുരാൻ എന്ന് വിചാരിച്ചു പോയിരുന്നു… കാലം ആദീക്കയുടെ സങ്കടം കണ്ടുവെന്നും… പക്ഷെ ഇതിപ്പോൾ…. അവന് നിരാശ തോന്നി… എങ്കിലും ഒരു ചെറിയ പ്രതീക്ഷ നിലനിർത്തി കൊണ്ട് പറഞ്ഞു…

“അതിനു ആദീക്കാ പോകുന്നതെന്തിനാ… ” അതിനുള്ള ആദിയുടെ മറുപടി മൗനമായിരുന്നു… പിന്നെ പറഞ്ഞു… “അവൾ എന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ റിഹു… അത്‌ നിനക്കറിയാവുന്നതല്ലേ… അവൾക്കു വേണ്ടി എനിക്കിത് ചെയ്യാതിരിക്കാൻ ആവില്ല.. ” “അതല്ല… അതിനു പോകുന്നതെന്തിനാ… വിളിച്ചു പറഞ്ഞാൽ പോരെ.. ” “പോരാ… പോയി കാണണം… “ആദി ഫോൺ വെച്ചു പോകാനുള്ള ഒരുക്കം കൂട്ടി…

മണിക്കൂറുകൾക്ക് ശേഷം ഫർദീന്റെ എറണാകുളത്തെ വീട്ടിൽ എത്തിയപ്പോൾ അവിടെ ഫർദീനും നൗഷാദ് അങ്കിളും മാത്രമേ ഉണ്ടായിരുന്നുള്ളു… പെട്ടെന്ന് മുന്നിൽ ആദിയെ കണ്ടു ഫർദീൻ ഒന്നമ്പരന്നു.. പിന്നെ സ്വീകരിച്ചിരുത്തി… “എന്താ ആദി… പറയാതെ….സർപ്രൈസ് ആയല്ലോ… “ഫർദീൻ പറഞ്ഞു… അവരുടെ ഒപ്പം നൗഷാദ് അങ്കിളും ഇരിപ്പുണ്ടായിരുന്നു…. “ഞാൻ ഫിദു പറഞ്ഞിട്ട് വന്നതാണ്.. ഫർദീൻ…

“ആദി പറഞ്ഞത് കേട്ട് ഫർദീൻ ആദിയെ സൂക്ഷിച്ചു നോക്കി… ഫിദ ഫർദീനോട് പറയാൻ ഏൽപ്പിച്ച കാര്യങ്ങൾ അത്രയും അവന്റെ മുഖത്ത് നോക്കി പറയുമ്പോൾ ചെറുതായി പോലും ഒന്ന് തന്റെ കണ്ണുകൾ നിറയാതിരിക്കാനും ശബ്ദമിടറാതിരിക്കാനും അവൻ പ്രാർത്ഥിച്ചു…. കാര്യങ്ങൾ മുഴുവനും കേട്ടു ഫർദീൻ ആലോചനയോടെ ഇരുന്നു… “ഞങ്ങൾ എല്ലാവരും ഉണ്ട് നിങ്ങളുടെ കൂടെ ഫർദീൻ… എന്താവശ്യം ഉണ്ടെങ്കിലും…

നീരുവിനോടും ഹർഷനോടും ഒക്കെ ഞാൻ പറഞ്ഞിട്ടുണ്ട്.. വേണമെങ്കിൽ തേജസേട്ടന്റെ ഹെല്പ്പും ചോദിക്കാം… ” ഒട്ടൊരു തെളിമയില്ലാത്ത മുഖത്തോടെ ഫർദീൻ ഇരുന്നു… “സീ ആദി, നിക്കാഹ് ഡേറ്റ് ന്റെ നാലാം പക്കം എനിക്ക് തിരികെ പോകണം.. അവിടെ എല്ലാം പാതിവഴിയിൽ കിടക്കുവാ… ഫിദയുടെ ഡാഡി ഉറപ്പിച്ചു പറഞ്ഞു ഇത് നടക്കില്ലെന്നു… എന്റെ ഉപ്പാക്ക് അതൊരു വാശിയായി…

ആ ഡേറ്റിനു തന്നെ എന്റെ നിക്കാഹ് നടത്തും എന്നാ ഉപ്പാ പറഞ്ഞിരിക്കുന്നത്… കുറചെണ്ണം സെലക്റ്റ് ചെയ്തു വെക്കുക പോലും കഴിഞ്ഞു.. ഈ കുറഞ്ഞ സമയത്തിനുള്ളിൽ ഒരു ഇറക്കി കൊണ്ട് വരൽ ഒക്കെ നടക്കുന്ന കാര്യമാണോ… വെറുതെ വന്നാൽ ഇപ്പോഴത്തെ കണ്ടീഷനിൽ ശരിയാകുകയും ഇല്ല… എനിക്ക് ബിസിനസിലേക്ക് പല പ്രതീക്ഷകളും ഉണ്ടായിരുന്നു… “ഫർദീൻ പറഞ്ഞതിന്റെ പൊരുൾ മനസിലാവാതെ ആദി അവനെ മിഴിച്ചു നോക്കി ഇരുന്നു… “ഇപ്പൊ ചില പ്രൊപോസൽസ് വന്നിട്ടുണ്ട്. ..

അവർ ഒക്കെ ബിസിനസ് ഫാമിലിയാ… ബിസിനസ്സിൽ ഇൻവെസ്റ്റ്‌ ചെയ്യുകയും ചെയ്യും… “ആദിയുടെ മുഖം ഇരുണ്ടു… “നീ ഇത്രക്ക് വൃത്തികെട്ടവൻ ആരുന്നോ ഫർദീൻ.. ഛെ… “ആദി തലകുടഞ്ഞു “ആദിൽ.. ട്രൈ ടു അണ്ടർസ്റ്റാന്റ് മി.. “ഫിദയെ അവർ നിക്കാഹ് ചെയ്തു തരുമെങ്കിൽ എനിക്ക് അത്‌ തന്നെ മതി.. പക്ഷെ ഒന്നുമില്ലാത്തവളായി അവളെ സ്വീകരിക്കാൻ ഇപ്പൊ എനിക്ക് പറ്റില്ല… അത്രയും അത്യാവശ്യമായ ഒരു ഘട്ടത്തിലാ ഞാൻ നിൽക്കുന്നെ… എനിക്ക് ബെറ്റർ ഓപ്ഷൻ നോക്കിയേ പറ്റൂ…

ബിസിനസ് ആണ് എനിക്കെല്ലാം…. “ഫർദീൻ പറഞ്ഞു നിർത്തി… ഫിദയെ ഓർത്തപ്പോൾ ആദിക്ക് നെഞ്ചകം വിങ്ങി.. പാവം.. അവൾ എത്രയോ ആത്മാർത്ഥമായാണ് ഇവനെ സ്നേഹിച്ചത്.. ഇവൻ പക്ഷെ ഒരുപാടു മാറിപ്പോയി.. അല്ലെങ്കിൽ പണവും സ്ഥാനമാനങ്ങളും അവനെ മാറ്റി… ഇനിയും ഉയരങ്ങളിലേക്ക് കുതിച്ചു ചാടാൻ വെമ്പൽ കൊണ്ട് നിൽക്കുന്ന അവനോടു കൂടുതൽ പറഞ്ഞിട്ട് കാര്യമില്ലെന്നു ആദിക്ക് മനസിലായി… ഒന്നും മിണ്ടാതെ ആദി അവിടുന്ന് എഴുന്നേറ്റപ്പോഴാണ് ഫർദീന്റെ ഉപ്പായും ഉമ്മായും എത്തിയത്…

സന്തോഷത്തോടെ ചിരിച്ചു കളിച്ചു വന്ന ഉപ്പ ഫർദീന്റെ തോളിൽ തട്ടി പറഞ്ഞു.. “ഞങ്ങൾ അതങ്ങു ഉറപ്പിച്ചു കേട്ടോ…നല്ല ക്യാഷ് ടീം ആണ്… നിന്റെ ഭാഗ്യം ഫർദി ” കൂടുതൽ കേൾക്കാൻ നിൽക്കാതെ ആ വീടിന്റെ പടികൾ ഇറങ്ങുമ്പോൾ ഫിദയോട് എന്ത് കളവ് പറയും എന്ന് ആലോചിക്കുകയായിരുന്നു ആദി….. നേരെ കൊല്ലത്തേക്കാണ് പോന്നത്… രണ്ടുദിവസം ലീവെടുത്തു ഹോസ്പിറ്റലിൽ നിന്നും…

വീട്ടിലെത്തി ഉമ്മച്ചിയെ കണ്ടാൽ തന്നെ പകുതി ആശ്വാസം ആകും… കുളികഴിഞ്ഞു ചായയും കുടിച്ചു റൂമിലേക്ക് വരുമ്പോൾ തന്നെ ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങിയിരുന്നു … ഫിദയാവും എന്ന് അവന് ഉറപ്പുണ്ടായിരുന്നു… എന്താണ് പറയേണ്ടത് എന്ന് ഉറപ്പില്ലാത്തതിനാൽ അവൻ ആ കോൾ എടുക്കാതെ ബുദ്ധിമുട്ടി നിന്നു .. ഫോണും കയ്യിൽ പിടിച്ചു അതിലേക്ക് തുറിച്ചു നോക്കി കൊണ്ട് നിൽക്കുന്ന ആദിയെ കണ്ടു കൊണ്ടാണ് റിഹു റൂമിലേക്ക് കയറി വന്നത്….

ആദിയുടെ ഫോണിൽ തെളിഞ്ഞിരിക്കുന്ന നമ്പർ നിദയുടേതാണ് എന്ന് കണ്ടപ്പോൾ തന്നെ അവന് മനസിലായി… അവളെന്തിനാ ആദീക്കായെ വിളിക്കുന്നതെന്നാണ് റിഹു ആദ്യം ചിന്തിച്ചത്… ഇതിനിടയിൽ അത്‌ ഒരു വട്ടം അടിച്ചു നിന്നു… “എന്താ ആദീക്കാ ഫോൺ എടുക്കാഞ്ഞേ..” റിഹു ചോദിച്ചു… “അത്‌… ഫിദുവാ വിളിക്കുന്നെ… അവളോട്‌ എന്താ പറയേണ്ടത് എന്നെനിക്കറിയില്ല…” ആദി താൻ ഫർദീനെ കാണാൻ പോയത് മുതലുള്ള അവിടെ നടന്ന കാര്യങ്ങളും ഫർദീന്റെ മറുപടിയുമെല്ലാം റിഹുവിനെ പറഞ്ഞു കേൾപ്പിച്ചു….

റിഹുവിന്റെ മനസ്സിൽ മഞ്ഞു വീണുകഴിഞ്ഞിരുന്നു… താൻ ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ നടക്കുന്നത് അവനിൽ സന്തോഷം നിറച്ചു. ഉള്ളിൽ നുര പൊക്കി പതഞ്ഞു വന്ന സന്തോഷത്തിൻ തിരി നാളത്തെ ബോധപൂർവം അടക്കി നിർത്തി കൊണ്ട് അവൻ തന്റെ കൂടപ്പിറപ്പിനെ നോക്കി .. എന്തോ വലിയ ചിന്തയിലാണ് ആദീക്കാ.. “എന്ത് ചെയ്യാനാ ഇക്കാ… ഇനി എന്താ ഫിദച്ചേച്ചിയോട് പറയുന്നേ… ” “എനിക്കൊന്നുമറിയില്ല റിഹു… “ആദി കൈമലർത്തി… അപ്പൊ തന്നെ ഫിദ വീണ്ടും വിളിക്കാൻ തുടങ്ങി ..

ആദി വിറച്ചു വിറച്ചു ഫോൺ എടുത്തു… “എന്തായി ആദി .. അവനെന്താ പറഞ്ഞെ.. എപ്പോഴാ അവൻ എന്നെ കൂട്ടികൊണ്ട് പോകാൻ വരുന്നേ…”? ഒറ്റശ്വാസത്തിൽ ഉള്ള അവളുടെ ചോദ്യം കേട്ടു ആദി വീണ്ടും തളർന്നു… “ഫിദു .. നീ വിഷമിക്കരുത്… എനിക്ക് ഫർദീനെ കാണാൻ പറ്റിയില്ല… അവൻ.. അവൻ.. തിരിച്ചു പോയി.. ലണ്ടനിലേക്ക്…” “തിരിച്ചു പോയെന്നോ… എന്നോട് പറയാതെയോ… ഞാനറിഞ്ഞില്ലല്ലോ ആദി …

“ഫിദ കേട്ടത് വിശ്വസിക്കാൻ കഴിയാതെ കിതപ്പടക്കാൻ പാടുപെട്ടു കൊണ്ട് പറഞ്ഞു.. “നീ.. നീയൊന്നു വിളിച്ചു നോക്ക്.. ആദി.. ഞാനെന്താ ചെയ്യേണ്ടേ എന്നൊന്ന് ചോദിക്ക്.. ഇവിടെ ഡാഡി വേറെ ആലോചനകൾ ഒക്കെ നോക്കുവാ…”അവൾ നിശബ്ദമായി കരഞ്ഞു… “ആ നമ്പർ മാറി ഫിദു… അതിപ്പോൾ നിലവിലില്ല.. “ആദി വെറുതെ പറഞ്ഞു…. അപ്പുറത്ത് ഫോണും പിടിച്ചു കൊണ്ട് അവൾ നിൽക്കുന്ന നിൽപ്പ് ആദിക്ക് ഉൾക്കണ്ണിൽ കാണാൻ കഴിയുന്നുണ്ടായിരുന്നു.. ഫോൺ ഓഫ്‌ ചെയ്തു അവൻ കിടക്കയിലേക്ക് ചാഞ്ഞു…

പെട്ടെന്ന് എന്തോ ഓർത്തെന്നവണ്ണം റിഹുവിനെ നോക്കി പറഞ്ഞു… “റിഹൂ നീ നിദയെ വിളിച്ചു കാര്യം പറയൂ.. അവളെ ശ്രദ്ധിച്ചോളാൻ പറയണേ.. ” തന്റെ പ്രണയനഷ്ടത്തിന്റെ വേദനയിൽ ഉപരി അവളുടെ ഇന്നത്തെ സങ്കടക്കടലിന്റെ ആഴമോർത്താണ് ആദിക്ക് മനസ്സ് ഉരുകിയത്… എന്തിനും അവൾക്കു ശക്തി നൽകണേ പടച്ചോനെ എന്ന് അവൻ തമ്പുരാൻറെ മുന്നിൽ മനമുരുകി പ്രാർത്ഥിച്ചു ….

തുടരും 💕dk….. ©Divya Kashyap

സുൽത്താൻ : ഭാഗം 17

Share this story