അനു : ഭാഗം 45

അനു : ഭാഗം 45

എഴുത്തുകാരി: അപർണ രാജൻ

“നീലി …… ” പ്രഭാകറിന്റെ ഒപ്പം ഗൗരിയുടെ ആരോഗ്യത്തെ പറ്റി സംസാരിച്ചു കഴിഞ്ഞു , പുറത്തേക്കിറങ്ങിയപ്പോഴാണ് അനു വിശ്വയുടെ വിളി കേട്ടത് . “എങ്ങോട്ട് പോകുവാ ….. ” അനുവിന്റൊപ്പമെത്താൻ പടികൾ ഓടിക്കയറുന്നതിനിടയിൽ വിശ്വ ചോദിച്ചു . “ചുമ്മാ അവിടെ ടെറസിൽ പോയിയിരിക്കാമെന്ന് കരുതി ….. ” ടെറസിലേക്കുള്ള വാതിൽ തുറന്നു കൊണ്ടവൾ പുറത്തേക്ക് കടക്കുന്നതിനിടയിൽ പറഞ്ഞു .

“അഫ്സി ……. ” റൂമിൽ നിന്ന് തല തുവർത്തിക്കൊണ്ട് വരുന്ന അഫ്സലിനെ കണ്ടതും നബീസ അവനെ വിളിച്ചു . “എന്തുമ്മാ ???? ” നബീസയുടെ വിളി കേട്ടതും തോർത്തെടുത്തു കസേരയിലേക്കിട്ടുക്കൊണ്ട് അവൻ വിളി കേട്ടു . “അന്നെ ഷാന വിളിച്ചായിരുന്നു കേട്ടോ …… നീ കുളിക്കാണെന്ന് പറഞ്ഞപ്പോൾ പിന്നെ വിളിക്കാമെന്ന് പറഞ്ഞു വച്ചു ….. ” കൈയിലിരിക്കുന്ന തുണികൾ നനഞ്ഞതും ഉണങ്ങിയതും വേറെ വേറെയായി തിരിച്ചു വയ്ക്കുന്നതിനിടയിൽ അവർ പറഞ്ഞതും അഫ്സൽ തലയാട്ടി കൊണ്ട് പുറത്തേക്ക് നടന്നു .

ഉമ്മ പറഞ്ഞപ്പോഴാണ് ഇന്നവളെ വിളിച്ചില്ലല്ലോയെന്ന കാര്യമോർത്തത് . ഓഫീസിൽ നിന്ന് നാട്ടിലെത്തിയിട്ടും ഇതുവരെ അവളെ ചെന്നു കാണാൻ പറ്റിയില്ല . അതെങ്ങനെയാണ് , അവധിയെന്നും പറഞ്ഞു വീട്ടിലെത്തിയിട്ട് വന്നന്ന് തൊട്ട് മനുഷ്യനെ ഇടം വലം തിരിയാൻ സമയം കിട്ടിയിട്ടില്ല . അതിന്റെയിടയിൽ മിച്ചം കിട്ടുന്ന സമയം കൊണ്ടാണ് ഞാൻ വിളിക്കുന്നത് . ഇന്നാണെങ്കിൽ രാവിലെ വിളിക്കാനും പറ്റിയില്ല .

ഇനിയിപ്പോൾ അതിന് ചീത്ത പറയാൻ വിളിക്കുന്നതാണോ ??? തിരിച്ചു വിളിക്കണോ വേണ്ടയോ എന്നറിയാതെ അഫ്സൽ ഫോണും നോക്കി കുറച്ചു നേരം നിന്നു . ഇനിയിപ്പോൾ വേറെ വല്ല കാര്യവും പറയാനാണെങ്കിലോ ???? ഡൽഹിയിൽ വച്ചു ഷാന അനുഭവിച്ച കാര്യങ്ങളെല്ലാം ഓർത്തതും , അഫ്സൽ പിന്നെ ഒന്നും ആലോചിച്ചില്ല . “ഇക്കാ ……. ” ഷാനയുടെ നീട്ടിയുള്ള വിളി കേട്ടതും , അഫ്സലിന്റെ നെറ്റി ചുളിഞ്ഞു .

പ്രതീക്ഷിച്ച പൊട്ടി തെറിയൊന്നുമില്ലല്ലോ ??? എന്ത് പറ്റി ??? “ഇക്കാ …….. ഇക്ക ബെറ്റ് തോറ്റു കേട്ടോ …….. ” ബെറ്റ് ഏതെന്നു മനസ്സിലായില്ലെങ്കിലും , തന്നെ കളിയാക്കി കൊല്ലാനുള്ള വകുപ്പുമായാണ് ഷാനയുടെ വിളിയെന്ന് , അവളുടെ കളി ചിരി നിറഞ്ഞ ശബ്ദം കേട്ടതും അവനു മനസ്സിലായി . “ഏത് ബെറ്റ് ??? ” തല ചൊറിഞ്ഞു കൊണ്ടുള്ള അഫ്സലിന്റെ ചോദ്യം കേട്ടതും , ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചതാ എന്ന രീതിയിൽ തലയനക്കി . “മൂന്ന് വർഷം മുൻപ് …… എന്റെ ഇക്കയുടെ കല്യാണത്തിനു ഇക്ക വച്ച ബെറ്റ് ….. അനുവിന്റെ പേരിൽ ……. ”

സമയവും കാലവും തീയതിയും എന്തിന് സാക്ഷികൾ വരെ എന്റെ കൈയിലുണ്ട് മോനെ ….. അതുകൊണ്ട് അറിയില്ലന്ന് പറഞ്ഞു തലയൂരണ്ട എന്ന ഭാവത്തിൽ ഇടുപ്പിൽ കൈ കുത്തി കൊണ്ട് ഷാന പറഞ്ഞതും , അഫ്സലിന്റെ ഓർമകൾ മൂന്ന് വർഷം പുറകിലേക്ക് പോയി . ഷാഹിബിന്റെ കല്യാണത്തിനാണ് താനാദ്യമായി അനുവിനെ കാണുന്നത് . അതുവരെ ഷാന വിളിക്കുന്ന കോളുകളിൽ അവൾ എപ്പോഴും കടന്നു വന്നിരുന്നെങ്കിലും ആളുടെ ഒരു ഫോട്ടോ പോലും ഞാൻ കണ്ടിട്ടില്ലായിരുന്നു .

അവൾ പറഞ്ഞു കേട്ടതൊക്കെ വച്ചു ഞാൻ തന്നെ ഒരു രൂപം മനസ്സിൽ വിചാരിച്ചിരുന്നു . അധികം പൊക്കമൊന്നുമില്ലാത്ത , കുറച്ചു തടി ഒക്കെ വച്ച , മുടിയില്ലാത്ത ഒരു ആൺകുട്ടിപ്പോലെ . പക്ഷേ , നേരിട്ട് കണ്ടപ്പോഴല്ലേ ഞാൻ വിചാരിച്ചതൊന്നും അല്ല അനുവെന്ന് മനസ്സിലായത് . മുടിയും നിറവും ആരോഗ്യവും ഒക്കെ പോട്ടെ എന്ന് വയ്ക്കാമായിരുന്നു . പക്ഷേ എന്നെ ഏറ്റവും കൂടുതലെന്നെ തളർത്തിയത് , അവൾക്ക് എന്നേക്കാൾ രണ്ടു സെന്റി മീറ്റർ പൊക്കം കൂടുതലുണ്ടെന്നതാണ് .

അത്രയും നാളും ആ ഏരിയയിൽ തന്നെ പൊക്കം കൂടുതലുള്ള വ്യക്തിയെന്ന് പറഞ്ഞു വിലസിയ ഞാൻ …… അതിൽ കൂടുതൽ ഞെട്ടിച്ചത് അവൾക്ക് കാമുകനൊന്നുമില്ലന്ന് അറിഞ്ഞപ്പോഴാണ് . കേട്ടറിഞ്ഞ സ്വഭാവം വച്ചു ഞാൻ ഒരഞ്ചാറെണ്ണം പ്രതീക്ഷിച്ചിരുന്നു . ഇത്രയും നാളായിട്ടും പ്രണയമില്ലന്ന് കേട്ടപ്പോൾ ഒരാവേശത്തിലാണ് , ഷാനയുമായി ബെറ്റ് വച്ചതു . അനു ജീവിതക്കാലം മുഴുവനും സിംഗിളാണെന്ന് ഞാനും അങ്ങനെ ആവില്ലയെന്ന് ഷാനയും .

വെറും നൂറു രൂപയിൽ ഒതുങ്ങേണ്ട ബെറ്റാണ് , എന്റെ വാശി കാരണം ആയിരത്തിൽ ചെന്നെത്തി നിന്നത് . അല്ലാഹ് …… എന്റെ ആയിരം രൂപ പോയോ ???? മറു വശത്ത് നിന്നും ശബ്ദം ഒന്നും കേൾക്കാതെയായതും ഷാന സ്ക്രീനിലേക്ക് നോക്കി . കാൾ കട്ടായിട്ടില്ലല്ലോ ??? “ഇക്കാ ……. ” ഷാനയുടെ ശബ്ദം കേട്ടതും അഫ്സൽ ഞെട്ടി ചുറ്റും നോക്കി . “നീ കാര്യമായി പറഞ്ഞതാണല്ലോലെ ???? ” “ഞാൻ പോലും വിശ്വസിച്ചില്ല ……. അപ്പോഴാ ഇക്ക ……. ” കേട്ടത് വിശ്വാസമാകാത്തപ്പോലെ അഫ്സൽ ചോദിച്ചതും , ഷാന ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു .

“അല്ല ആരാ ആള് ???? ” “പോലീസാ ……. ” ആകാംഷ നിറഞ്ഞ അഫ്സലിന്റെ ചോദ്യം കേട്ടതും , ഷാന ചിരിച്ചു കൊണ്ട് പറഞ്ഞു . അഹ് … വെറുതെയല്ല , അവൾ വീണത് …. ജാമ്യത്തിലെടുക്കാൻ ഇനി വേറെ ആരും വരണ്ടലോ ??? “ഇക്ക ഞാൻ വയ്ക്കുവാട്ടൊ ….. ” പുറത്തു നിന്ന് എന്തൊക്കെയോ തട്ടി തടയുന്ന ശബ്ദം കേൾക്കാൻ തുടങ്ങിയതും , ഷാന ധൃതിയിൽ പറഞ്ഞു . “അഹ് ശരി …… ശരി …… വീട്ടിൽ ചെന്നിട്ട് വിളിച്ചാൽ മതി …… ”

പറഞ്ഞതും അപ്പോൾ തന്നെ ഷാനയുടെ കാൾ കട്ടായിയെന്നറിഞ്ഞതും , അഫ്സൽ ഫോൺ തിരികെ മേശ പുറത്തേക്ക് വച്ചു . ജോലി തിരക്ക് കഴിഞ്ഞിട്ട് വിളിച്ചാൽ മതിയെന്ന് ഞാൻ അതിനോട് എത്ര തവണ പറഞ്ഞിട്ടുണ്ട് …. എന്നാലും കേൾക്കില്ല ….. എന്നാലും അള്ളാ …… എന്റെ ആയിരം രൂപ …… “കള്യാങ്കാട്ട് നീലിയെന്ന് വിളിക്കാൻ പാടായത് കൊണ്ടാണോ നീലിയെന്ന് വിളിക്കുന്നത് ???? ” ടെറസിന്റെ വരിപ്പിൽ ചാരി നിന്നുക്കൊണ്ട് അനു ചോദിച്ചത് കേട്ട് , വിശ്വ ചിരിച്ചു കൊണ്ട് തലയാട്ടി .

ആകെ അനുവിനോട്‌ വിശ്വയ്ക്ക് സംസാരിക്കാൻ കിട്ടുന്ന അവസരമെന്ന് പറയുന്നത് പ്രഭാകർ വരുമ്പോഴാണ് . പ്രഭാകർ വരുന്ന ദിവസങ്ങളിൽ , ഒന്നോ രണ്ടോ മണിക്കൂർ ഗൗരിയുടെ ആരോഗ്യത്തെ പറ്റിയും ഇനി എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും മറ്റും അനുവും പ്രഭാകറും കൂടി ചർച്ച ചെയ്യും .. ചർച്ച എല്ലാം കഴിഞ്ഞാൽ പിന്നെ , അനു തിരക്കുകളൊന്നും തന്നെയില്ല , അന്നത്തെ ദിവസം മുഴുവനും പ്രഭാകറാണ് ഗൗരിയുടെ കാര്യങ്ങൾ നോക്കുന്നത് . അല്ലാത്ത ദിവസങ്ങളിലെല്ലാം അനു ഗൗരിയുടെ ഒപ്പമായത് കൊണ്ടും ,

വിശ്വ സ്റ്റേഷനിൽ പോകുന്നത് കൊണ്ടും മറ്റും അവർ തമ്മിൽ കൂടി കാഴ്ചകൾ കുറവാണ് . ഇനി അഥവാ കാണണമെങ്കിൽ തന്നെ പാതിരാത്രി ചെന്നു കതകിൽ മുട്ടണം . സ്വയം താനൊരു ജന്റിൽ മാനാണെന്ന് പറഞ്ഞു നടക്കുന്നത് കൊണ്ടും , ഇനി അഥവാ എങ്ങാനും ചെന്നു മുട്ടിയാൽ അനുവിന്റെ വക മർമ്മം നോക്കി എന്തെങ്കിലും ഒക്കെ കിട്ടുമെന്നുറപ്പുളത് കൊണ്ടും വിശ്വ ആ പരിപാടിക്ക് നിൽക്കാറില്ല . “നമ്മുക്കൊന്ന് നടന്നിട്ട് വന്നാലോ ???? ” വിളഞ്ഞു നിൽക്കുന്ന പാടം കണ്ടതും അനു വിശ്വയുടെ നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു .

അനുവായി തന്നെ അങ്ങനെ ഒരു കാര്യം പറഞ്ഞതുക്കൊണ്ടോ , താൻ മനസ്സിലാഗ്രഹിച്ച കാര്യം അനുവിനും തോന്നിയല്ലോ എന്നൊക്കെ ഓർത്തത് കൊണ്ടോ എന്തോ , അവൾ പറഞ്ഞത് കേട്ടതും വിശ്വയുടെ മുഖം തെളിഞ്ഞു . “ദെ ആ ചിറ കണ്ടോ , എന്റെ ചെറുപ്പത്തിലൊക്കെ ഞാൻ അവിടെയാ കുളിക്കാറുള്ളത് …… ഭയങ്കര താഴ്ച്ചയാ ……. എത്ര ചൂടത്തും ചിറയിലെ വെള്ളത്തിനു തണുപ്പായിരിക്കും ……. ” ഒരു ചെറിയ കുട്ടിയുടെത് പോലുള്ള ആവേശത്തിൽ ,

തന്റെ കുട്ടിക്കാലത്തെ ഓർമ്മകളെല്ലാം ആവേശത്തോടെ പറഞ്ഞു കൊണ്ട് മുന്നിൽ കയറി നടക്കുന്ന വിശ്വയെ കണ്ടതും അനുവിന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരിയൂറി . “വിശ്വ…… ” അനുവിന്റെ വിളി കേട്ടതും വിശ്വ അത്ഭുതത്തോടെ തിരിഞ്ഞു അവളെ നോക്കി . രണ്ടാമത്തെ തവണയാണ് അനു ഇപ്പോൾ തന്നെ വിശ്വയെന്ന് വിളിക്കുന്നത് . എല്ലാവർക്കും താൻ വിശുവായപ്പോൾ ഒരാൾക്കു മാത്രം വിശ്വ ….. “എന്തോ ….. ”

തന്റെ വിളിയുടെ അതെ താളത്തിൽ അവൻ തിരികെ വിളി കേട്ടതും , അനു അവന്റെ നേരെ തന്റെ വലതു കൈ നീട്ടി പിടിച്ചു . എന്ത്യേ കൈയിൽ എന്തെങ്കിലും പറ്റിയോ ???? തന്റെ കൈ മുഴുവൻ കണ്ണുകൾ കൊണ്ട് പരതുന്ന വിശ്വയെ കണ്ടതും തലയിൽ കൈ വച്ചു പോയി . കൈയിൽ ഒന്നും ഇല്ലല്ലോ ??? അവളുടെ കൈയിൽ ഒന്നും കാണാത്തതുക്കൊണ്ട് എന്താ കുഴപ്പമെന്ന് ചോദിക്കാൻ വേണ്ടി നോക്കിയതും ,

ഇങ്ങനെ വായയും പൊളിച്ചു നോക്കി നിൽക്കാതെ കൈ പിടിക്കടോ എന്ന ഭാവത്തിൽ തന്നെ നോക്കുന്ന അനുവിനെ കണ്ടതും വിശ്വ വേഗം തന്നെ അവളുടെ കൈയിൽ കയറി പിടിച്ചു കൊണ്ട് മുന്നോട്ടേക്ക് നടന്നു . എന്തോ അവന്റെ കൈയുടെ ചൂട് തട്ടിയതും , അനുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു . “ഞാൻ ഇതുവരെ ആരുടെയും കൈ പിടിച്ചു നടന്നിട്ടില്ല …… ” “അതെന്ത്യേ ….. ആരെങ്കിലും കൈ വെട്ടിക്കൊണ്ട് പോകുമെന്ന് പേടിച്ചോ ???? ”

അനു പറഞ്ഞത് കേട്ട് , അവൻ കളിയായി ചോദിച്ചതും , അനു പതിയെ ചിരിച്ചു . “പേടി കൊണ്ടായിരുന്നു …… എപ്പോഴും എന്റെ ഒപ്പം നിഴലുപ്പോലെ നടന്നിട്ട് , ഒരു ദിവസം അമ്മ എന്നെ ഇട്ടേച്ചു പോയപ്പോലെ പോകുമോയെന്ന പേടി ……. ” അവളുടെ മറുപടി കേട്ടതും വിശ്വയ്ക്ക് എന്തോ പോലെയായി . എന്ത് മറുപടി പറയണമെന്ന് അവന് അറിയില്ലായിരുന്നുവെങ്കിലും , തന്റെ കൈയിൽ മുറുകുന്ന വിശ്വയുടെ കൈകൾ കണ്ടതും അവൾ പതിയെ ചിരിച്ചു .

“നീലി ….. ” വിശ്വയുടെ വിളി കേട്ടതും അത്രയും നേരം വെള്ളത്തിൽ കിടന്നു നീന്തി തുടിക്കുന്ന മീനുകളെ എങ്ങനെ പിടിച്ചു പൊരിച്ചു തിന്നാം എന്ന് ചിന്തിച്ചുക്കൊണ്ടിരുന്ന അനു വേഗം എഴുന്നേറ്റു . “എന്താ വിളിച്ചേ ??? ” പടികൾ കയറുന്നതിനിടയിൽ അവൾ ചോദിച്ചതും വേഗം കയറി വരാൻ പറഞ്ഞു കൈ കാണിച്ചു . “എന്തുവാ ??? ” ഇടുപ്പിൽ കൈ കുത്തി നിന്നണച്ചു കൊണ്ട് അനു ചോദിച്ചതും വിശ്വ അവളെ തട്ടി , നേരെ നോക്കെന്ന രീതിയിൽ കണ്ണ് കൊണ്ട് കാണിച്ചു . എന്തൂട്ടാ ഇതിനും മാത്രം കാണാൻ ….

വിശ്വയെ മൊത്തത്തിലൊന്നു നോക്കി കൊണ്ട് അനു നേരെ നോക്കിയതും അവളുടെ കണ്ണുകൾ വിടർന്നു . കണ്ടോ കണ്ടോ ??? പെണ്ണുങ്ങളെല്ലാരും ഒരുപോലെയാ…. ആരാ പറഞ്ഞത് നീലിക്ക് പെണ്ണുങ്ങളുടെ വികാരങ്ങളൊന്നുമില്ലന്ന് . “എന്തോരും കൊക്കാലെ ??? ” വയലിന്റെ ഒരു വശത്തായി ഉഴുതിട്ടിരിക്കുന്ന കണ്ടത്തിലേക്ക് നോക്കി അത്ഭുതത്തോടെ അവൾ പറഞ്ഞതും വിശ്വ പതിയെ ചിരിച്ചു . “ശോ ഒരു വലയോ തൊക്കോ വേണമായിരുന്നു …… ഒക്കെണ്ണത്തിനെയും പിടിച്ചു നല്ല കനലിൽ വറുത്തെടുക്കണം ……. ആഹഹാ ….. ”

നാവ് ഞൊട്ടി നുണച്ചുക്കൊണ്ടവൾ പറഞ്ഞതും അത്രയും നേരം വിശ്വയുടെ മുഖത്ത് നിറഞ്ഞു നിന്ന ചിരിയെല്ലാം മാഞ്ഞു . “തിന്നാനോ ???? ” പന്തം കണ്ട പെരുച്ചാഴിയെപ്പോലെ തന്റെ നേരെ കണ്ണും മിഴിച്ചു നിൽക്കുന്ന വിശ്വയെ കണ്ടതും അനു കണ്ണും തള്ളി വിശ്വയെ നോക്കി . “കൊക്കിറച്ചി തിന്നിട്ടില്ലെ ???? ” “ഞാൻ ഇറച്ചി ഒന്നും തിന്നാറില്ല …… ” വിശ്വയുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ട് അതിശയത്തോടെ അനു ചോദിച്ചതും , വിശ്വ മുഖം വെട്ടിച്ചു കൊണ്ട് പറഞ്ഞു . അടിപൊളി …… “പച്ചക്കറി ആണല്ലേ ???? ”

വിശ്വയെ മൊത്തത്തിലൊന്നുഴിഞ്ഞു നോക്കിക്കൊണ്ട് അനു ചോദിച്ചതും , വിശ്വ അവളുടെ തലയ്ക്കിട്ടൊരു കൊട്ട് കൊടുത്തു കൊണ്ട് തിരികെ നടന്നു . ഔ …… വിശ്വ തട്ടിയിടത്ത് തടവി കൊണ്ട് അനു നോക്കിയതും അവൾ കണ്ടത് തന്നെ കൂട്ടാതെ വീട്ടിലേക്ക് പോകുന്ന വിശ്വയെയാണ് . ഇനി ഇങ്ങേരുടെ പുറകെ ഞാൻ ഓടണോ ??? “മനുഷ്യരെല്ലാവരും ശവങ്ങളെ തിന്നണമെന്ന് നിയമമൊന്നുമില്ല …… ” തന്റോപ്പം എത്തി നിൽക്കുന്ന അനുവിനെ കണ്ടതും വിശ്വ ചീറി കൊണ്ട് പറഞ്ഞു . “ആ അങ്ങനെ നിയമം ഒന്നുമില്ല …..

പക്ഷേ ഞാൻ പറയാൻ വന്ന കാര്യം ഇതുവരെ പറഞ്ഞില്ല …… ” നെഞ്ചിൽ കൈ വച്ചു ശ്വാസമാഞ്ഞു വലിച്ചു കൊണ്ടനു പറഞ്ഞതും വിശ്വ മനസ്സിലായില്ലയെന്ന രീതിയിൽ അവളെ നോക്കി . “രണ്ടു ദിവസം കഴിയുമ്പോൾ ഞാൻ തിരിച്ചു പോകും …… എറണാകുളത്തേക്ക് …… ” അവൾ പറഞ്ഞത് കേട്ടതും വിശ്വ ഞെട്ടി . “ഇത്ര പെട്ടെന്നൊ ???? ” ഒരു ദിവസം അവൾക്ക് തിരിച്ചു പോകേണ്ടി വരുമെന്നറിയാമായിരുന്നുവെങ്കിലും അവൻ അതിത്ര നേരത്തെ പ്രതീക്ഷിച്ചിരുന്നില്ല . “പിന്നെ …… ഗൗര്യെച്ചിടെ ഡേറ്റിന് ഇനി അധികം ദിവസമൊന്നുമില്ല …..

രണ്ടോ മൂന്നോ ആഴ്ച …… കോംപ്ലിക്കേഷൻസ് ഒത്തിരി ഉള്ളത് കൊണ്ട് നാളെയോ മറ്റന്നാളോ ഗൗര്യെച്ചിയെ ഹോസ്പിറ്റലിലേക്ക് മാറ്റും ….. ഗൗര്യെച്ചി ഇവിടെ നിന്ന് പോയാൽ പിന്നെ ഞാനെന്തിനാ ഇവിടെ നിൽക്കുന്നത് ???? ” കൈ രണ്ടും മാറിൽ പിണച്ചു കൊണ്ട് യാതൊരു വിധ ഭാവഭേദവും കൂടാതെ വിശ്വയുടെ നേരെ അവൾ ചോദിച്ചതും , അവൻ ഒന്നും മിണ്ടിയില്ല . ശരിയാണ് ….. വല്യമ്മയുടെ കാര്യം നോക്കാനല്ളെ അവളിവിടെ വന്നത് ? അവളുടെ ജോലി കഴിഞ്ഞാൽ പിന്നെ പോകാതെയിരിക്കാൻ പറ്റില്ലല്ലോ ??? (തുടരും …… )

അനു : ഭാഗം 44

Share this story