ലയനം : ഭാഗം 25

ലയനം : ഭാഗം 25

എഴുത്തുകാരി: ദുർഗ ലക്ഷ്മി

“അമ്മയെ നിനക്ക് അറിയില്ലേ ലെച്ചു…നിന്നെ കരയിക്കാൻ എന്ത് വേണമെങ്കിലും പറയും അവർ…ഈ കാര്യം മാത്രം പറഞ്ഞാൽ നിന്റെ തലയിൽ കയറാത്തത് എന്താ….”, നിർത്താതെ കരഞ്ഞു കൊണ്ടിരിക്കുന്ന ലെച്ചുവിനെ സമാധാനിപ്പിച്ചു കൊണ്ട് അർജുൻ പറഞ്ഞത് കേട്ട് ലെച്ചു ഒന്നും മിണ്ടിയില്ല. അവൻ പറഞ്ഞത് സത്യം ആണ് എന്ന് അവൾക്കറിയാമായിരുന്നു.

എങ്കിലും ഒരമ്മയുടെ ഭാഗത്ത് നിന്നും ഒരിക്കലും കേൾക്കാൻ പാടില്ലാത്ത വാക്കുകൾ സ്വന്തം അമ്മയുടെ അടുത്ത് നിന്നും കേട്ട ഷോക്കിൽ ആയിരുന്നു ലെച്ചു. അപ്പോൾ ആണ് ഡോക്ടർ റൂമിലേക്ക് വന്നത്. “എന്തിനാ ലെച്ചു കരയുന്നത്….ഇവൻ എന്തെങ്കിലും പറഞ്ഞോ മോളെ… ഇന്ദു പറഞ്ഞു മോളെ ഇടക്കിടെ ഇങ്ങനെ കരയിപ്പിക്കുന്നത് ഈ ചെക്കന്റെ ഇഷ്ട വിനോദം ആണ് എന്ന് ”

ലെച്ചു കരഞ്ഞത് മനസ്സിലാവുകയും എന്നാൽ അർജുൻ അല്ല കാരണം എന്ന് ഉറപ്പ് ഉണ്ടായിട്ടും അദ്ദേഹം അങ്ങനെ ചോദിച്ചു തുടങ്ങിയത് ശ്രീദേവിയുമായി എന്തെങ്കിലും ബന്ധം ലെച്ചുവിന് ഉണ്ടെങ്കിൽ പുറത്തു വരട്ടെ എന്ന് കരുതിയാണ്. “അതൊന്നും പറയേണ്ട അങ്കിൾ…ഇപ്പോൾ ഇവിടെ നിന്ന് പുറത്തേക്ക് പോയ ആളെ കണ്ടില്ലേ…അതാണ് ലെച്ചുവിന്റെ അമ്മ….അമ്മ എന്ന് പേരിൽ മാത്രമേ ഉള്ളൂ ട്ടോ…

മൂപ്പത്തിക്ക് ഇവളെ എങ്ങനെയെങ്കിലും ഒക്കെ കരയിച്ചാലേ സമാധാനം ആവു… ” ചെറിയൊരു കളിയാക്കൽ രീതിയിൽ അവൻ പറഞ്ഞത് കേട്ട് ലെച്ചു വേഗം തന്നെ അർജുന്റെ അടുത്ത് നിന്നും എഴുന്നേറ്റു കണ്ണുകൾ തുടച്ചു കൊണ്ട് മാറി നിന്നു. “അതെന്താ അങ്ങനെ ഒരു സ്വഭാവം…തലക്ക് വല്ല പ്രശ്നവും ഉണ്ടോ അവർക്ക് “,ഡോക്ടർ ആകാംഷയോടെ ചോദിച്ചത് കേട്ട് ലെച്ചു അർജുനെ രൂക്ഷം ആയി ഒന്ന് നോക്കി.

“സത്യം പറഞ്ഞാൽ എന്റെ അഭിപ്രായം ശ്രീദേവി അമ്മക്ക് തലക്ക് നല്ല സുഖം ഇല്ല എന്ന് തന്നെയാ…പക്ഷെ ദേ നില്കുന്നവൾ അത് സമ്മതിക്കില്ല, എന്ന് മാത്രം അല്ല അമ്മ പറഞ്ഞാൽ വേണേൽ ഇവൾ എന്നെയും വിട്ടു പോകും…അങ്ങനെ നോക്കുമ്പോൾ ഇവൾക്ക് ആണ് അമ്മയെക്കാളും തലക്ക് പ്രശ്നം ഉള്ളത് “, അർജുൻ ഒരു രഹസ്യം പോലെ ഡോക്ടറോടു പറഞ്ഞത് കേട്ട് അദ്ദേഹം പതുകെ മുഖം തിരിച്ചു ലെച്ചുവിനെ നോക്കുമ്പോൾ അവളുടെ മുഖം കടന്നൽ കുത്തിയത് പോലെ ഉണ്ടായിരുന്നു.

“ടാ മോനെ,ഇപ്പോൾ നിന്നെ അവളുടെ കൈയിൽ കിട്ടിയാൽ ഉണ്ടല്ലോ ആ കുട്ടി നിന്റെ എല്ല് ഊരി എടുക്കും…ഇന്ദു പറഞ്ഞത് സത്യം തന്നെ ആണ് അപ്പോൾ…നീ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട് ട്ടോ അവളെ “,ഡോക്ടർ ലെച്ചുവിന്റെ പക്ഷം പിടിച്ചു പറയുന്നത് കേട്ട് അർജുൻ പൊട്ടിച്ചിരിച്ചു. “ഇതാണ് അങ്കിൾ എനിക്ക് മനസിലാവാത്തത്…എന്നെ വർഷങ്ങൾ ആയി അങ്കിളിന് അറിയാം…ലെച്ചുവിനെ ഇന്നലെ പരിചയപ്പെട്ടത് അല്ലെ ഉള്ളൂ….

എന്നിട്ടും ഇന്ന് അങ്കിൾ അവൾക്ക് വേണ്ടി എന്നോട് സംസാരിക്കുന്നു…അവളെ പരിചയപ്പെടുന്ന എല്ലാരും അങ്ങനെ തന്നെ ആണ് ട്ടോ…എന്താണ് ഇതിന്റെ ഒരു ടെക്‌നിക് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല…. “, പകുതി തമാശയും പകുതി കാര്യവും ആയി അർജുൻ പറഞ്ഞത് കേട്ട് ഡോക്ടർ പതുക്കെ ഒന്ന് ചിരിച്ചു ലെച്ചുവിന്റെ അടുത്തേക്ക് നടന്നു. “ചോദ്യത്തിന്റെ ഉത്തരം നീ തന്നെ പറഞ്ഞു കഴിഞ്ഞു അർജുൻ…

ഇഷ്ടം ഉള്ളവർക്ക് എന്തെങ്കിലും ആവശ്യം വന്നാൽ തനിക്ക് ഉള്ളത് എല്ലാം ഉപേക്ഷിച്ചു പോകാൻ ഉള്ള മനസ്സ് ഉണ്ട് ലെച്ചുവിന്….അവളുടെ അച്ഛനെ പോലെ…അച്ഛന്റെ മോൾ ആവുമ്പോൾ അങ്ങനെ വരാതെ വഴിയില്ലല്ലോ “, ലെച്ചുവിന്റെ മുടിയിൽ പതുക്കെ തലോടി കൊണ്ട് ഡോക്ടർ അത് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ സ്വരം ചെറുതായി ഇടറിയത് പോലെ അർജുനും കണ്ണുകൾ നിറഞ്ഞത് പോലെ ലെച്ചുവിനും തോന്നി.

“അങ്കിളിന് അറിയുമോ ലെച്ചുവിന്റെ അച്ഛനെ… “,പെട്ടെന്ന് ആണ് അർജുൻ അത് ചോദിച്ചത്…മുന്നിൽ നിൽക്കുന്ന ലെച്ചുവിനും അതെ ചോദ്യം മനസ്സിൽ ഉണ്ട് എന്ന് അവളുടെ ആകാംഷ നിറഞ്ഞ മിഴികൾ കണ്ടപ്പോൾ അദ്ദേഹത്തിന് തോന്നി. “ഇല്ല മക്കളെ…ലെച്ചുവിന്റെ അച്ഛനെ മാത്രം അല്ല,അമ്മയെയും എനിക്ക് അറിയില്ല…ഇന്ദു പറഞ്ഞു കാര്യങ്ങൾ ഒക്കെ കുറച്ചു എനിക്ക് മനസിലായി.ഇപ്പോൾ അർജുൻ പറഞ്ഞത് വെച്ച് അമ്മയുടെ സ്വഭാവം അല്ല ലെച്ചുവിന്.

മറ്റൊരു സ്വഭാവം അല്ലെ ഉള്ളത്…അത് കൊണ്ട് എന്റെ മനസ്സിൽ വന്നത് ഞാൻ പറഞ്ഞു എന്നെ ഉള്ളൂ… ” വളരെ സാവധാനം ആണ് ഡോക്ടർ ആ മറുപടി പറഞ്ഞത് എങ്കിലും അർജുന്റെ മനസ്സിൽ എന്തൊക്കെയോ സംശയങ്ങൾ ആ നിമിഷം തന്നെ ജനിച്ചു.എന്നാൽ അറിയാതെ ആണെങ്കിലും ചെറിയൊരു പ്രതീക്ഷ വന്ന ലെച്ചുവിന്റെ മനസ്സിൽ വീണ്ടും നിരാശ തളം കെട്ടി. “അയ്യോ മോൾക് സങ്കടം ആയോ ഞാൻ പറഞ്ഞത് കേട്ട്…

എന്നാൽ ഒരു കാര്യം ചെയ്യാം…അച്ഛൻ വരുന്നത് വരെ ഞാൻ മോളുടെ അച്ഛൻ ആയി നിൽക്കാം,കൂടെ തന്നെ…എന്ത് പറയുന്നു “,ഡോക്ടർ ചിരിയോടെ ചോദിച്ചത് കേട്ട് ലെച്ചുവിന്റെ കണ്ണുകൾ തിളങ്ങി. അവൾ വേഗം സമ്മതത്തിന് എന്ന പോലെ അർജുനെ നോക്കിയപ്പോൾ അവൻ ആകെ അന്താളിച്ചു നിൽക്കുകയായിരുന്നു.കാരണം വളരെ കർക്കശക്കാരൻ ആയി മാത്രമേ ഡോക്ടറെ അർജുൻ ഇത് വരെ കണ്ടിട്ടുള്ളു…

ആദ്യം ആയി ഇന്നലെ ആണ് അദ്ദേഹം ഇത്രയും ഫ്രിൻഡ്‌ലി ആയി സംസാരിക്കുന്നതും ഇട പെടുന്നത് പോലും.അങ്ങനെ ഒരാൾ ഒരു പരിചയവും ഇല്ലാത്ത ലെച്ചുവിനെ മോൾ ആയി കാണുന്നു എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ നേരത്തെ മനസ്സിൽ തോന്നിയ സംശയം ശരിയാണ് എന്ന് തോന്നി അർജുന്….

പ്രിയയുടെ മേൽ അമ്മമ്മക്ക് വന്ന സംശയവും ഡോക്ടറുടെ വരവും ലെച്ചുവിന്റെ മാറ്റവും എല്ലാം ആലോചിച്ചപ്പോൾ സംഭവിച്ചത് എല്ലാം നല്ലതിന് ആണ് എന്ന് ആലോചിച്ചിരിക്കുകയായിരുന്നു അർജുന.അവന്റെ ചിന്തകൾ അതിരില്ലാത്ത പറക്കാൻ തുടങ്ങിയപ്പോഴും ലെച്ചു ചെറിയൊരു ടെൻഷനോടെ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു അപ്പോഴും. “ചില കാര്യങ്ങൾ ഞാൻ അറിഞ്ഞിരിക്കണം എന്നെ ഉള്ളൂ ലെച്ചു…

അല്ലാതെ എന്റെ സമ്മതം വേണം എന്ന് ഇല്ല…ഇതൊക്കെ നിന്നെ സംബന്ധിക്കുന്ന കാര്യം ആണ്‌…നിന്റെ അധികാര പരിധിയിൽ പെട്ടത്..നീ എടുക്കുന്ന തീരുമാനം ഞാൻ അറിയണം എന്നെ ഉള്ളൂ…അല്ലാതെ അഭിപ്രായം പോലും പറയേണ്ട കാര്യം ഇല്ല “, ലെച്ചുവിന്റെ നോട്ടത്തിന് മറുപടിയായി അർജുൻ പറഞ്ഞത് കേട്ട് സത്യത്തിൽ ഡോക്ടർ ഞെട്ടി നിൽക്കുകയായിരുന്നു.

ലെച്ചുവിനെ അർജുന് വലിയ ഇഷ്ടം ആണ് എന്ന് അറിയാമായിരുന്നു എങ്കിലും അവളെ സ്വന്തം തീരുമാനങ്ങൾക് ഉള്ളിൽ തളച്ചിടുന്ന രീതിയിൽ ഉള്ള പെരുമാറ്റം ആണ് ഡോക്ടർ അവനിൽ നിന്നും പ്രതീക്ഷിച്ചത്.കാരണം എല്ലാ സുഖ സൗകര്യങ്ങൾക്ക് നടുവിൽ ജീവിച്ചു പഠിച്ച അവന് അത്തരത്തിൽ ഉള്ള സ്വഭാവം ആയിരിക്കും എന്ന് കരുതി അദ്ദേഹം അർജുനും ആയി അധികം അടുപ്പം ഒന്നും കാണിക്കാറുണ്ടായിരുന്നില്ല.

ആ വിചാരങ്ങളെ ഒക്കെ പൊളിച്ചടുക്കി അർജുൻ പറഞ്ഞത് ഡോക്ടറെ ഒരുപാട് ചിന്തിപ്പിച്ചു. അർജുൻ അങ്ങനെ പറഞ്ഞിട്ടും ലെച്ചുവിന്റെ മുഖത്ത് കാണാത്ത ഞെട്ടൽ,അവൻ മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തനാണ് എന്ന് ഡോക്ടറെ ഓർമ്മിപ്പിക്കുന്ന വിധം ആയിരുന്നു. “ജയച്ഛൻ എനിക്ക് എന്റെ സ്വന്തം അച്ഛൻ തന്നെ ആണ്…

എന്നാലും കണ്ടപ്പോൾ തന്നെ എന്റെ അച്ഛൻ ആയിരുന്നു താങ്കൾ എങ്കിൽ എത്ര നന്നായിരുന്നു എന്ന് വിചാരിച്ചു പോയത് കൊണ്ട് മാത്രം ഉള്ള കൊതി കൊണ്ട്, എനിക്ക് സമ്മതം ആണ്…മനസ്സ് അറിഞ്ഞു തങ്ങളെ അച്ഛൻ എന്ന് വിളിക്കാൻ “, ലെച്ചു സന്തോഷത്തോടെ പറഞ്ഞത് കേട്ട് അർജുൻ ആണോ ലെച്ചു ആണോ ബെസ്റ്റ് എന്ന് ആലോചിക്കുകയായിരുന്നു ഡോക്ടർ…

കുറച്ചു ബുദ്ധിമുട്ട് ഉള്ള ചോദ്യം ആണെങ്കിലും,കറക്റ്റ് ഉത്തരം കിട്ടുന്നതിന് മുന്നേ അദ്ദേഹത്തിന് മറ്റൊരു കാര്യം മനസിലായി,താൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല കപ്പിൾസ് ആണ് അവർ എന്ന്… കല്യാണം കഴിഞ്ഞു ഒരു വർഷം പോലും ആയില്ല എങ്കിലും ഒരുപാട് വർഷത്തെ പരസ്പര ധാരണ രണ്ടു പേർക്കും ആവോളം ഉണ്ട് എന്നത് ഡോക്ടറെ വളരെ അധികം സന്തോഷിപ്പിച്ചു. “അതെ ഡോക്ടർ അച്ഛാ…ഇതു ഭാര്യ അറിഞ്ഞാൽ നമ്മളെ പുറത്താക്കുമൊ ”

കുറച്ചു നേരം ആയി അവരെ തന്നെ നോക്കി നിൽക്കുന്ന അദ്ദേഹത്തെ തട്ടി വിളിച്ചു കൊണ്ട് ലെച്ചു കളിയായി ചോദിച്ചത് കേട്ട് ഡോക്ടർ ഒന്ന് ചിരിച്ചു. “ഏഹ് അവൾക്ക് സമ്മതം ആണ്…ഒരു മോള് വേണം എന്ന് അവൾക്ക് വലിയ ആഗ്രഹം ആയിരുന്നു…എന്നാൽ ദൈവം ഞങ്ങൾക്ക് ഒരു മോനെയാ തന്നത്…ഇന്നലെ ചെന്നപ്പോൾ തന്നെ മോളുടെ കാര്യം ഞാൻ അവളോട് പറഞ്ഞിരുന്നു.അപ്പോൾ തുടങ്ങി അവൾക്കും മോളെ കണ്ടാൽ കൊള്ളാം എന്ന് ഉണ്ട്… ”

“അച്ചൂ ഒന്ന് ഓക്കേ ആയിട്ട് വീട്ടിലേക്ക് വരണം ട്ടോ മോൾ… അല്ലെങ്കിൽ നോക്കട്ടെ അവളെയും കൂട്ടി വീട്ടിലേക്ക് വരാൻ പറ്റുമോ എന്ന് “, ഡോക്ടർ പറയുന്നത് കേട്ട് ലെച്ചുവിന് എന്തോ വലിയ സന്തോഷം തോന്നി എങ്കിലും അർജുൻ അപ്പോഴും കെട്ട് പൊട്ടിയ പട്ടം പോലെ എവിടെയോ പാറി നടക്കുകയായിരുന്നു. അതിനിടയിൽ കേൾക്കുന്ന ലെച്ചുവിന്റെയും ഡോക്ടറുടെയും പൊട്ടിച്ചിരികളും സംസാരങ്ങളും ഒന്നും തന്നെ അർജുനെ തിരികെ ബോധത്തിലേക്ക് കൊണ്ട് വരാൻ പ്രാപ്തം ആയിരുന്നില്ല.

ഉടനെ തന്നെ അഗസ്ത്യൻ സാറിനെ കാണണം എന്ന് ഉറപ്പിച്ചു ഫോൺ എടുത്തു അർജുൻ അദ്ദേഹത്തിന് മെസ്സേജ് അയക്കുമ്പോൾ അതൊന്നും അറിയാതെ അവരുടെ ലോകത്തിൽ ആയിരുന്നു ലെച്ചുവും ഡോക്ടറും… രണ്ടു ദിവസത്തിന് ശേഷം ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി അർജുനും ലെച്ചുവും പോയത് ഇന്ദീവരത്തിലേക്ക് ആയിരുന്നു.അച്ഛനെയും അമ്മയെയും കൂടാതെ ദേവൻ ഡോക്ടറും കൂടി അവരുടെ കൂടെ വന്നത് എല്ലാവർക്കും അത്ഭുതം ആയിരുന്നു.

തുടരും – അടുത്തപാർട്ട് ഇന്ന് രാത്രി 8 മണിക്ക് തന്നെ പോസ്റ്റ് ചെയ്യും…

ലയനം : ഭാഗം 24

Share this story