നാഗമാണിക്യം: ഭാഗം 18

Share with your friends

എഴുത്തുകാരി: സൂര്യകാന്തി

ആ വലിയ നാലുകെട്ടിന്റെ മുകളിലെ വരാന്തയിലെ ജനാലയുടെ അരികെ മുറ്റത്തെ തുളസിത്തറയിലേക്ക് നോക്കി നിൽക്കുകയായിരുന്നു അവൾ… മഴവിൽക്കൊടി പോലുള്ള, പുരികങ്ങൾക്കിടയിൽ വരച്ചു ചേർത്ത കറുത്ത നാഗരൂപം തിളങ്ങി, അതോടൊപ്പം അവളുടെ കരിനീല മിഴികളും. അംഗചലനങ്ങളിലെല്ലാം തീക്ഷ്ണത നിറഞ്ഞു നിന്നു. പകയും വെറുപ്പും മാത്രമേ ആ കണ്ണുകളിലപ്പോൾ ഉണ്ടായിരുന്നുള്ളൂ. “പറഞ്ഞതല്ലേ ഞാൻ, എനിക്കവളെ വേണമെന്ന്..

ജീവനോടെ.. വിഷ്ണു നാരായണന്റെ സുഭദ്രയെ എനിക്ക് സ്വന്തമാക്കണം. അത് കാവിലമ്മയായ അവൾക്ക് നാഗമാണിക്യം ശിരസ്സിലേന്തിയ നാഗകാളിയെ പ്രത്യക്ഷയാക്കാൻ കഴിയുന്നത് കൊണ്ടു മാത്രമല്ല… മോഹമാണവൾ… അതുപോലെയൊരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല്യ …. ” ആ ഗാംഭീര്യമാർന്ന ശബ്ദം കേട്ടതും അവളൊന്ന് തിരിഞ്ഞു നോക്കി. അയാളുടെ വാക്കുകൾ ഉളവാക്കിയ അവജ്ഞ ഒരു നിമിഷം ആ കരിനീല മിഴികളിൽ മിന്നി മാഞ്ഞു. “നമ്മുടെ ലക്ഷ്യം ഒന്നാണ് ഭദ്ര.. വിഷ്ണുനാരായണനും സുഭദ്രയും ഒരുമിക്കരുത്. എനിക്ക് വേണ്ടത് അവളെയാണ്.. ” അയാൾ പറഞ്ഞു.

“നിക്ക് കാണണം അവൾ മറ്റൊരാളുടേതായി അവന്റെ മുൻപിൽ ജീവിക്കണത്. അത് കണ്ടു അവന്റെ നെഞ്ച് പൊടിയണത്… ന്നാലും അവനെന്നോട് ചെയ്തതിനൊന്നും പകരമാവില്ല്യ … പക്ഷേ… ” ഭദ്രയുടെ വാക്കുകളിൽ പകയായിരുന്നു. ആ കണ്ണുകൾ ജ്വലിച്ചു. നാവിൻ തുമ്പിൽ വിഷം നിറഞ്ഞു. “നാഗലോകത്ത് നിന്നും ശപിക്കപ്പെട്ട്, ഭൂമിയിലെത്തിയ ദേവനാഗത്തിന്, നാഗകാളി മഠത്തിലെ, നാഗക്കാവിൽ കയറിയിട്ടും പത്മയുടെ അരികിലെത്താൻ പോലും സാധിച്ചിട്ടില്ല്യ .

അന്നവന് പത്മയെ ദംശിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ അവളിന്നിവിടെ എന്നോടൊപ്പമുണ്ടാകുമായിരുന്നു… ” ഭദ്രയുടെ അരികിലേക്ക് നടന്നു കൊണ്ട് അയാൾ പറഞ്ഞു. “പക്ഷേ നിനക്ക്.. നാഗകന്യയായ നിനക്കത് സാധിക്കും ഭദ്ര. നാഗക്കാവിൽ നിനക്ക് കയറാൻ സാധിക്കുമെന്ന് നമ്മൾ മനസ്സിലാക്കിയതല്ലേ.. പക്ഷേ പത്മയ്ക്ക് നേരെയുള്ള ഈ ശ്രമം അത് വേണ്ടായിരുന്നു.. ” ഭദ്ര അയാളെ ഒന്ന് നോക്കി “നിക്ക് കാണണം, ഇണയെ നഷ്ടപ്പെട്ട അവന്റെ ദുഃഖം..

ആശ്രയമില്ലാതെ അലയുന്നത് കാണണമെനിക്ക്…ന്നിട്ട് വേണമെനിക്ക് അനന്തനെന്ന വിഷ്ണു നാരായണന്റെ മുന്നിലെത്താൻ.. ഒരാത്മാവും രണ്ടു ശരീരവുമെന്ന് പറഞ്ഞു അവൻ കൊണ്ടു നടന്ന ആദിത്യനോടും അവന്റെ പെണ്ണിനോടും വിഷ്ണു ചെയ്ത ക്രൂരതയ്ക്ക് എണ്ണിയെണ്ണി കണക്ക് പറയിപ്പിക്കും ഞാൻ, അതിനു വേണ്ടി മാത്രമാണീ ഭദ്ര ഇപ്പോഴും ഈ ആത്മാവിനെ ഇവിടെ പിടിച്ചു നിർത്തുന്നത് ” അയാളുടെ ചുണ്ടിലൊരു ഗൂഢസ്മിതം മിന്നി മാഞ്ഞു. “എനിക്കറിയാം ഭദ്ര, പക്ഷേ അനന്തന്റെ മേലൊരു പോറലേറ്റാൽ പത്മ പ്രതികരിക്കും.

അവൾ അതിശക്തയാവും, അവളിൽ ഉറങ്ങിക്കിടക്കുന്ന ശക്തികളെല്ലാം ഉണരും. പിന്നെ അവരെ തകർക്കാൻ സാധിക്കില്ല്യ… ” “ഇത്രമേൽ പരസ്പരം സ്നേഹിച്ചിരുന്നെങ്കിൽ അവരെന്തിന് ന്റെ ആദിത്യനെയും ന്നെയും…….? ” അയാളുടെ കണ്ണുകളിൽ മിന്നി മാഞ്ഞ ഭാവം ഭദ്ര കണ്ടില്ല. “പത്മ.. ഒരിക്കൽ നിന്റെ പ്രിയ കൂട്ടുകാരിയായിരുന്ന സുഭദ്രയേക്കാൾ പതിന്മടങ്ങു ശക്തയാണ് അവളുടെ പുനർജ്ജന്മമായ പത്മദേവി.അന്ന് സുഭദ്രയെ മരണത്തിലേക്ക് തള്ളി വിടുന്നതിനു മുൻപ് നമ്മൾ അവളോട് പറഞ്ഞ സത്യങ്ങളാണ് ഈ ജന്മത്തിലും പത്മയെന്ന അവൾ അനന്തനോട് അടുക്കാതിരിക്കാൻ കാരണം.

പക്ഷേ അത് അധികകാലം നിലനിൽക്കില്ല്യ. നാഗപഞ്ചമിയ്ക്ക് ഇനിയധികം ദിവസമില്ല്യ.. ” “ഇല്ല്യ, ന്റെയും ആദിത്യന്റെയും ജീവിതം തകർത്തിട്ട് സുഭദ്രയും വിഷ്ണു നാരായണനും ഒന്നിക്കില്ല്യ .. ഒരു ജന്മത്തിലും.. സുഭദ്ര.. എന്നവൾ ന്റെ ആദിത്യനെ മോഹിച്ചുവോ അന്ന് വെറുത്തതാണവളെ.. പിന്നെ അയാൾ.. വിഷ്ണു നാരായണൻ.. ന്റെ ജീവിതം തകർത്തവൻ.. വിടില്ല്യ ഞാൻ.. ” ആ കരിനീല മിഴികളിൽ അഗ്നിയെരിഞ്ഞു… അവളെയൊന്ന് നോക്കി തിരിഞ്ഞു നടക്കുമ്പോൾ ഭൈരവന്റെ ചുണ്ടിലൊരു ചിരിയുണ്ടായിരുന്നു.

സംതൃപ്തിയോടെ മൊട്ടത്തല ഉഴിഞ്ഞു കൊണ്ടയാൾ തലയാട്ടി.. ഭദ്രയുടെ കണ്ണിൽ നിന്നൊരു തുള്ളിയിറ്റു വീണു. അവൾ അകത്തേക്ക് നടന്നു.. നിലവറയിലെ പന്തങ്ങളുടെ വെളിച്ചത്തിൽ മാന്ത്രികക്കളത്തിലെ അഷ്ടനാഗരൂപത്തിൽ ഇരിക്കുമ്പോൾ ഭദ്രയുടെ കരി നീല മിഴികളിലെവിടെയോ ഒരു മാത്ര വേദന നിഴലിച്ചു. പിന്നെയത് വെറുപ്പായി. അവൾ നാവ് പതിയെ പുറത്തേക്ക് നീട്ടി. നീല നിറമായിരുന്നു അതിന്. ഭദ്ര തല താളത്തിലാട്ടികൊണ്ടിരുന്നു. അവളുടെ അംഗചലനങ്ങൾ നാഗകന്യയുടേതായിരുന്നു…ഇണയെ നഷ്ടമായ നാഗത്തിന്റെ പകയായിരുന്നു ആ കരി നീല മിഴികളിൽ….

അനന്തൻ മുകളിൽ സംസാരിച്ചിരിക്കയാവുമെന്ന് കരുതിയാണ് പത്മ മുറിയിലേക്ക് ചെന്നത്.. ആൾ റൂമിൽ തന്നെ ഉണ്ടായിരുന്നു. കട്ടിലിൽ ഇരുന്ന് ലാപ് ടോപ് മടിയിൽ വെച്ച് എന്തോ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു അവൻ. ഇടയ്ക്കിടെ സംസാരിക്കുന്നത് കേട്ടപ്പോൾ വീഡിയോ കോളിലാണെന്ന് പത്മയ്ക്ക് മനസ്സിലായി. അലക്കിയ ഡ്രസ്സുകൾ ഷെൽഫിലേക്ക് മടക്കി വെക്കുന്നതിനിടെയാണ് പത്മ അനന്തൻ ചിരിക്കുന്നത് കേട്ടത്. തുടർന്ന് അനന്യ എന്ന പേരും, ഒരു പെണ്ണിന്റെ ചിരിയും കേട്ടതോടെ പത്മ ഞെട്ടി തിരിഞ്ഞു നോക്കി.

ഇതേത് പെണ്ണിനോടാണിത്ര കൊഞ്ചി കുഴയുന്നത്? പത്മ ചാഞ്ഞും ചരിഞ്ഞുമൊക്കെ നോക്കിയെങ്കിലും ലാപ് ടോപ്പിലേക്ക് കണ്ണെത്തിയില്ല. ആ പെണ്ണിനെ ഒന്ന് കാണാഞ്ഞിട്ട് ഒരു സമാധാനമില്ലായിരുന്നു പത്മയ്ക്ക്. അനന്തന്റെ ചിരിയും കളിയും അവളുടെ അരിശം കൂട്ടിയെയുള്ളൂ. കട്ടിലിന്റെ അനന്തൻ ഇരിക്കുന്ന സൈഡിലെ ടേബിളിൽ നിറയെ അവന്റെ സാധനങ്ങൾ മാത്രമാണ്. മൊബൈലും, നോട്ട് പാഡും അങ്ങനെ എന്തൊക്കെയോ.. വേറെ വഴിയില്ലാതെ പത്മ ആ ടേബിളിനരികെ ചെന്ന് എന്തോ തിരയുന്നത് പോലെ അഭിനയിച്ചു.

അതിനിടെ അവൾ കള്ളക്കണ്ണിട്ട് സ്ക്രീനിലേക്ക് നോക്കി. മോഡേൺ ആയിട്ടുള്ള സുന്ദരിയായ ഒരു പെണ്ണ്. ഏതാണ്ടൊക്കെ പറയുകയും ചിരിക്കുകയും ചെയ്യുന്നു. പത്മ നോട്ടം മാറ്റാൻ തുടങ്ങിയതും അനന്തൻ അവളെ നോക്കിയതും ഒരുമിച്ചായിരുന്നു. അവൾ മെല്ലെ നിവർന്നു എഴുന്നേറ്റു പോകാൻ നോക്കിയതും അനന്തൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു ചേർത്തിരുത്തിയതും ഒരുമിച്ചായിരുന്നു. പത്മയുടെ ചുമലിലൂടെ കൈയിട്ടു ചേർത്തു പിടിച്ചു കൊണ്ട് അവൻ പറഞ്ഞു. “അനന്യ.. ഇത് പത്മ, മൈ വൈഫ്‌.. ”

സ്‌ക്രീനിൽ കണ്ട പെൺകുട്ടി ചിരിയോടെ പത്മയെ നോക്കി. “ഹായ്, പത്മ ഞാൻ അനന്യ.. അനന്തിന്റെ ക്ലാസ്സ്‌ മേറ്റ്‌ ആയിരുന്നു. പത്മയെ പറ്റി അനന്ത് പറഞ്ഞിട്ടുണ്ട്.. അവന്റെ തമ്പുരാട്ടിക്കുട്ടിയുടെ ഫോട്ടോയും കണ്ടിട്ടുണ്ട്.. ” പത്മ മെല്ലെ കൈ പൊക്കി ഹായ് എന്ന് കാണിച്ചു. “ഞങ്ങൾ യു എസിലാണ്. ഹസ്സിന് ഇവിടെയാണ് ജോലി.. ” ഒരു നിമിഷം കൊണ്ട് പത്മയുടെ ഭാവം മാറി, കണ്ണുകൾ വിടർന്നു. അവളുടെ മുഖം കണ്ടു അനന്തൻ ചിരിയടക്കി.അനന്യ സംസാരിച്ചു കഴിഞ്ഞു പോയതോടെ പതിയെ എഴുന്നേറ്റു പോകാൻ ശ്രമിച്ചതും അനന്തൻ അവളെ ഒന്ന് കൂടെ മുറുകെ പിടിച്ചു.

“അപ്പോൾ എന്റെ മോള് എന്തായിരുന്നു ആ ടേബിളിൽ തിരഞ്ഞത്…? ” അവനിൽ നിന്നും നോട്ടം മാറ്റി പത്മ മെല്ലെ പറഞ്ഞു. “അത്.. അത് ഞാൻ ഒരു വള എവിടെയോ അഴിച്ചു വെച്ചിരുന്നു.. മറന്നു പോയി.. ” “ഓ അതായിരുന്നോ, അത് ഞാനാ ഷെൽഫിൽ തന്റെ ഓർണമന്റ്സിന്റെ കൂട്ടത്തിൽ വെച്ചിട്ടുണ്ട് ” പത്മ അവനെ നോക്കി. അവളുടെ കവിൾ കൂട്ടി പിടിച്ചു കൊണ്ട് അവൻ പറഞ്ഞു. “വാ അടച്ചു വെക്കടി, വല്ല ഈച്ചയും കയറും ” പത്മ ഒന്നും മിണ്ടാതെ താഴേക്ക് നോക്കി. “ഡീ, മുഖത്തോട്ട് നോക്കി സംസാരിക്കാത്തത് കള്ളികളുടെ ലക്ഷണമാണ്.. ”

“ഞാൻ കള്ളമൊന്നും പറഞ്ഞില്ല… ” പത്മ അവനെ നോക്കാതെ പിറുപിറുത്തു. “അപ്പോ ചേട്ടന്റെ മോള് വള തിരഞ്ഞതാണ്.. ” “ഉം.. ” പത്മ മൂളിയതെയുള്ളൂ. “ന്നാൽ തമ്പുരാട്ടി അതൊന്ന് എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞേ…” പത്മ വീറോടെ അവന്റെ മുഖത്തേക്ക് നോക്കിയെങ്കിലും ആ കണ്ണുകൾക്ക് മുൻപിൽ അവളുടെ മിഴികളൊന്ന് പിടഞ്ഞു. അനന്തൻ ചിരിച്ചതോടെ അവൾക്കു ദേഷ്യം വന്നു തുടങ്ങിയിരുന്നു. അവൾ അവനെ തള്ളി മാറ്റി എഴുന്നേറ്റു. “കുശുമ്പിപ്പാറു, ഞാൻ ഏതു പെണ്ണിനോടാ സംസാരിക്കുന്നതെന്നറിയാൻ എത്തി നോക്കിയതല്ലെടി.. എന്നിട്ട് അവൾടെ ഒരഭിനയം.. ”

“അതെ ശരിയാ, നിങ്ങൾ ആരോടാ കൊഞ്ചി കുഴയണേന്നറിയാൻ തന്നെ നോക്കീതാ ഞാൻ…അതിനിപ്പം എന്താ.. ഞാനേ നിങ്ങടെ ഭാര്യയാ ” “ഓ… അങ്ങനെ.. ” “ആ.. അങ്ങനെ തന്നെ.. ” മെല്ലെ എഴുന്നേറ്റ് കൊണ്ട് അനന്തൻ പറഞ്ഞു. “ഈ ഭർത്താക്കന്മാർക്ക് വല്ല അവകാശവും അധികാരവുമൊക്കെ ഉണ്ടോ ആവോ?” പത്മ നാവ് കടിച്ചു. അനന്തൻ അരികിലേക്ക് വരുന്നത് കണ്ടതും കസേരയിൽ കിടന്ന ഡ്രെസ്സുമെടുത്ത് അവൾ ബാത്റൂമിലേക്ക് ഓടി കയറി. വാതിൽ അടയ്ക്കുമ്പോഴും അനന്തന്റെ ചിരി അവൾക്കു കേൾക്കാമായിരുന്നു.

കണ്ണാടിയിൽ നോക്കിയതും പത്മ പുഞ്ചിരിച്ചു. അനന്തന്റെതാവാൻ താനുമിപ്പോൾ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ സമയമായില്ല എന്നാരോ പറയുന്ന പോലെ… പത്മ തിരികെ വന്നപ്പോൾ അനന്തൻ ഫോണിലായിരുന്നു. മുടി കെട്ടി, അവനെ നോക്കാതെ പത്മ മെല്ലെ കട്ടിലിൽ വശം തിരിഞ്ഞു കിടന്നു. മെല്ലെ പുതപ്പെടുത്തു മൂടി. ഇത്തിരി കഴിഞ്ഞു അനന്തൻ ലൈറ്റ് ഓഫ്‌ ചെയ്തു അവളോട് ചേർന്നു കിടന്നു. ചേർത്തു പിടിച്ചു കൊണ്ട് മെല്ലെ പറഞ്ഞു. “ഈ കള്ളഉറക്കം എത്ര ദിവസം നീളും….? ”

പത്മ കണ്ണുകൾ ഇറുകെ അടച്ചു കിടന്നു. ഉത്തരം അവൾക്കും അറിയില്ലായിരുന്നു… രാവിലെ ഭക്ഷണം ഒക്കെ കഴിഞ്ഞു അനന്തനെ കാണാതെ തിരഞ്ഞുകൊണ്ട് അവൾ മുകളിലേക്കുള്ള ഗോവണിപ്പടികൾ കയറുമ്പോഴാണ് സംസാരം കേട്ടത്. “അഞ്ജു, ഞാൻ പറഞ്ഞില്ലെ പത്മയ്‌ക്കൊപ്പം അവളുടെ കോളേജിലേക്കാണ് ഞാൻ പോവുന്നത്. ഒന്നുകിൽ ഞാൻ വന്നിട്ട് നമുക്കെല്ലാവർക്കും പിന്നെ പോവാം. അപ്പോൾ നിനക്ക് ആവശ്യമുള്ളതൊക്കെ വാങ്ങാം.. ” “അനന്തൂ നമുക്ക് പെട്ടെന്ന് പോയിട്ടു വരാന്നേ, എന്നിട്ട് പത്മയുടെ കൂടെ പോവാം. ” “ലുക്ക്‌ അഞ്ജു, പറയാനുള്ളത് ഞാൻ പറഞ്ഞു കഴിഞ്ഞു, നീ പണ്ടത്തെ പോലെ വാശി പിടിക്കരുത്.

പത്മ എന്റെ ഭാര്യയാണ് ഇപ്പോൾ…സോ അവളുടെ കാര്യങ്ങൾ എനിക്കും ഇമ്പോർട്ടന്റാണ്.. ” “അപ്പോൾ.. അപ്പോൾ ഞാൻ നിന്റെ ആരാ.. ” അഞ്ജലിയുടെ ശബ്ദം വിതുമ്പലിന്റെ വക്കോളം എത്തിയിരുന്നു. “യൂ ആർ മൈ ഫ്രണ്ട്.. എന്റെ കുട്ടിക്കാലം മുതലേയുള്ള ഫ്രണ്ട്‌സ് ആണ് നിങ്ങൾ.. അറിയാലോ നിനക്ക്, എനിക്ക് അധികം ബന്ധുക്കളൊന്നുമില്ല. നിങ്ങളാണ് എനിക്ക് എല്ലാം. പക്ഷേ അതിന്റെ അർത്ഥം പത്മയ്ക്ക് എന്റെ ലൈഫിൽ രണ്ടാം സ്ഥാനം ആണെന്നല്ല.നീയിങ്ങനെ കൊച്ചു കുട്ടികളെ പോലെ ബീഹെവ് ചെയ്യരുത് അഞ്ജു.. പ്ലീസ് ” “അഞ്ജു നിനക്ക് ഷോപ്പിംഗിന് പോവണമെങ്കിൽ ഞങ്ങൾ കൂടെ വരാം.

ലെറ്റ്‌ ദം ഗോ.. ” വിനയിന്റെ ശബ്ദത്തോടൊപ്പം അഞ്ജലി ദേഷ്യത്തോടെ വാതിൽ വലിച്ചടക്കുന്ന ശബ്ദവും കേട്ടു കൊണ്ടാണ് പത്മ തിരികെ നടന്നത്. അനന്തൻ റൂമിൽ വന്നപ്പോൾ പത്മ കട്ടിലിൽ ഇരിക്കുകയായിരുന്നു. “ഹെലോ.. ഇതെന്താ ഇങ്ങനെ ഇരിക്കുന്നെ, പോവണ്ടേ..? ” പത്മ ഒരു മൂളലോടെ എഴുന്നേറ്റു. “എന്നാൽ വേഗം ഡ്രസ്സ്‌ മാറിയ്ക്കൊ, ലേറ്റ് ആവണ്ട.. ” പത്മ ഒന്നും മിണ്ടാതെ കട്ടിലിൽ എടുത്തു വെച്ച സാരിയുമായി പുറത്തേക്ക് നടന്നു. “ഒന്ന് നിന്നേ ഇതെങ്ങോട്ടാ വെച്ച് പിടിക്കുന്നെ..? ” “അത്.. അത് ഞാൻ ആ റൂമിൽ പോയി ഡ്രസ്സ്‌ മാറ്റിയിട്ട് വരാം.. ” “തന്റെ തലയിൽ ആൾത്താമസമൊന്നുമില്ലേ കൊച്ചേ.. വെറും കുശുമ്പും കുന്നായ്മയും മാത്രമേയുള്ളോ ” പത്മ മുഖം കുനിച്ചു നിന്നതേയുള്ളു.

“ഉണ്ടക്കണ്ണ് ഉരുട്ടാതെ കേറി പോടി..” പറഞ്ഞിട്ട് അനന്തൻ റൂമിന്റെ പുറത്തേക്ക് നടന്നു. പത്മ സാരിയുടുത്ത് മുടി കെട്ടുമ്പോഴാണ് അവൻ കയറി വന്നത്. അനന്തൻ ഡ്രസ്സ്‌ മാറ്റാൻ തുടങ്ങിയപ്പോൾ അവൾ ബാഗുമെടുത്ത് പുറത്തേക്ക് നടന്നു. പൂമുഖത്ത് അവനെയും കാത്തിരുന്നിട്ടും വരാതിരുന്നപ്പോൾ പത്മ പിന്നെയും റൂമിലേക്ക് നടന്നു. വാച്ചെടുത്ത് കൈയിൽ കെട്ടാൻ തുടങ്ങുകയായിരുന്നു അനന്തൻ. പ്രിന്റഡ് ബ്രൗൺ കളർ കുർത്തയും വെള്ളി കസവുള്ള മുണ്ടും.. “ഇങ്ങേരെന്താ വല്ല കല്യാണത്തിനും പോവുന്നുണ്ടോ? ” “ന്താ..? ” പുരികം ഉയർത്തിക്കൊണ്ട് അനന്തൻ ചോദിച്ചു. “അല്ല.. ആ കുർത്തയുടെ മുകളിലെ രണ്ടു ബട്ടൺ പൊട്ടിപ്പോയോ..? ” “ഇല്ലാ…… ” കുർത്തയിലേക്ക് നോക്കി അവളെയും നോക്കിയ അനന്തന്റെ ഭാവം മാറി.

കണ്ണുകളിൽ കുസൃതി തെളിഞ്ഞു. “ഇത് എനിക്ക് ഇടാൻ പറ്റുന്നില്ലെടോ, ഒന്ന് ഇട്ട് തന്നേ… ” അനന്തൻ തൊട്ടരികെ എത്തിയതും വേറെ നിവൃത്തിയില്ലാതെ പത്മ അവനെ നോക്കാതെ ധൃതിയിൽ ബട്ടൺ ഇട്ടു കൊടുത്തു. മുഖമുയർത്തിയതും അനന്തൻ ഒരു പൊട്ടിച്ചിരിയോടെ അവളെ കെട്ടിപ്പിടിച്ചു നെറ്റിയിൽ ചുണ്ടമർത്തി. “യൂ ആർ സോ ക്യൂട്ട്.. ” പത്മ ചമ്മൽ മറയ്ക്കാൻ ധൃതിയിൽ പുറത്തേക്ക് നടന്നു. എല്ലാവരോടും യാത്ര പറഞ്ഞു പത്മ അനന്തനൊപ്പം കാറിൽ കയറി. പത്മ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു. കുറച്ചു ദൂരം എത്തിയപ്പോഴാണ് അനന്തൻ പൊടുന്നനെ അവളുടെ കഴുത്തിലേക്ക് കൈയ്യെത്തിച്ച് മാല പുറത്തേക്കെടുത്തിട്ടത്. നാഗത്തിന്റെ നീല കല്ലുള്ള കണ്ണ് തിളങ്ങി.ഞെട്ടലോടെ പത്മ അവനെ നോക്കി.

അനന്തൻ കണ്ണിറുക്കി “ചുമ്മാ നോക്കിയതാ പെണ്ണേ. എന്റെ ഭാര്യയ്ക്ക് അനുസരണ ശീലം ഒട്ടുമില്ലല്ലോ.. ” പത്മ മുഖം ചുളിച്ചു കൊണ്ട് മാല പിന്നെയും സാരിയുടെ പ്ലീറ്റ്‌സിനുള്ളിലേക്കിട്ടു. “പത്മ, ഞാൻ ഇനി പറയുന്നത് വളരെ സീരിയസ് ആയിട്ടുള്ള കാര്യമാണ്. ഒരു കാരണവശാലും ആ മാല കഴുത്തിൽ നിന്നും അഴിക്കരുത്. ആര് പറഞ്ഞാലും, എന്ത് തന്നെ സംഭവിച്ചാലും.. ” പത്മ അനന്തനെ നോക്കി. അവൻ വണ്ടി സൈഡാക്കി അവളെ നോക്കി. പിന്നെ പതിയെ അവൾക്കു നേരേ വലം കൈ നീട്ടി. “ഇത് പത്മ അനന്തന് തരേണ്ട വാക്കാണ്…” പത്മ അവനെയൊന്ന് നോക്കി വലം കൈ ആ കൈയിലേക്ക് ചേർത്തു. പത്മയെ ഒന്നു നോക്കി അവളുടെ കൈപ്പത്തിയിൽ ഒന്ന് ചുംബിച്ചിട്ട് അനന്തൻ ഒന്നും പറയാതെ വണ്ടിയെടുത്തു.

കുറച്ചേറെ സമയം ആരും ഒന്നും പറഞ്ഞില്ല. “സത്യത്തിൽ എന്നെ വിവാഹം കഴിച്ചത് തനിക്ക് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ലെടോ? ” “അറിയില്ല, ഇപ്പോഴും എല്ലാം ഒരു സ്വപ്നം പോലെ തോന്നുവാണ്‌ ” അനന്തൻ അവളെയൊന്ന് നോക്കി, പത്മയും അവനെ നോക്കി.. രണ്ടുപേരും ചിരിച്ചു. “തന്റെയുള്ളിൽ ഞാനുണ്ടെന്ന് എനിക്കറിയാം. അത് താൻ എത്ര മറച്ചു പിടിക്കാൻ ശ്രമിച്ചാലും എനിക്ക് മനസ്സിലാവും… ” പത്മ മുഖം താഴ്ത്തി ഇരുന്നതേയുള്ളൂ. “എനിക്കറിയാം തനിക്ക് ഇനിയും സമയം വേണമെന്ന്, ബട്ട്‌ അൺഫോർച്ചുണേറ്റ്ലി അതാണ്‌ നമുക്കില്ലാത്തത്.. സമയം.. ” “ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ, ആരെയാണ് നിങ്ങളെല്ലാവരും ഭയപ്പെടുന്നത്…? നിക്ക് മനസ്സിലാവത്തത് അതാണ്‌.. ” ഇത്തിരി കഴിഞ്ഞാണ് അനന്തൻ പറഞ്ഞത്. “സുഭദ്രയും വിഷ്ണുവും പുനർജ്ജനിച്ചതു പോലെ അവരുടെ ശത്രുക്കളും ഈ ഭൂമിയിലെത്തിയിട്ടുണ്ടാവാം.. ” അവളെ നോക്കി അനന്തൻ പറഞ്ഞു.

“നാഗകാളി മഠത്തിന്റെ എക്കാലത്തെയും ശത്രു.. ഭൈരവൻ.. സുഭദ്രയോടൊപ്പം മറ്റു രണ്ടു പേരെ കൂടെ കാണാതായിരുന്നു. ഭദ്രയെയും ആദിത്യനേയും.അതിനു ശേഷം വാഴൂരില്ലത്ത് ഒരു തീപിടുത്തമുണ്ടായി. ഭൈരവൻ അതിൽ പെട്ടു.പക്ഷേ അയാൾ അതിൽ മരണപെട്ടുവെന്ന് ഞാൻ കരുതുന്നില്ല ” “കാരണം..? ” “മന്ത്ര തന്ത്രങ്ങളിൽ പ്രഗത്ഭനായിരുന്നു ഭൈരവൻ.. പ്രായത്തെ പോലും വെല്ലു വിളിച്ചവൻ. ഇനി അഥവാ അയാൾ മരണപെട്ടുവെങ്കിലും തീർച്ചയായും അയാളും ഈ ഭൂമിയിൽ തിരിച്ചെത്തിയിട്ടുണ്ടാവും. കാരണം അയാളുടെ മോഹം നാഗകാളി മഠം മാത്രമായിരുന്നില്ല. സുഭദ്രയും കൂടെ ആയിരുന്നു ” “അതിന് സുഭദ്രയുടെ കാലത്ത് അയാളൊരു വൃദ്ധനായിരുന്നില്ലേ..? ” “ഞാൻ പറഞ്ഞില്ലേ പത്മ, നിത്യയൗവനം കാത്തു സൂക്ഷിക്കുന്നതിനുതകുന്നതടക്കം വിശിഷ്ടങ്ങളായ നിരവധി താളിയോല ഗ്രന്ഥങ്ങൾ വാഴൂരില്ലത്തുണ്ടായിരുന്നു.

നാഗകാളി മഠത്തിനോടുള്ളതിലധികം ഒബ്സെഷൻ അയാൾക്ക് നാഗക്കാവിലമ്മയോട് ഉണ്ടായിരുന്നു. അയാളും നാഗകാളി മഠത്തിലെ ചോരയായിരുന്നല്ലോ. സ്വാഭാവികമായും നാഗകാളിമഠത്തിലെ പെണ്ണ് അയാൾക്ക് അവകാശപ്പെട്ടതാണെന്ന് അയാൾ വിശ്വസിച്ചു. പക്ഷേ നടന്നില്ല. അയാളെ ഏറ്റവും അധികം മോഹിപ്പിച്ചത് സുഭദ്രയായിരുന്നു. അതിന് കാരണം അവളുടെ സൗന്ദര്യം മാത്രമായിരുന്നില്ല. നാഗ ലോകത്തിന്റെ അധിപനായ നാഗരാജാവിന്റെയും പത്നിയുടെയും അനുഗ്രഹം അവൾക്കുണ്ടായിരുന്നു.അവരെ പ്രത്യക്ഷപ്പെടുത്താനുള്ള കഴിവും.. ” “എന്നിട്ടും സുഭദ്ര എങ്ങിനെ…? ” “അതാണ് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യം. നാഗപഞ്ചമി നാളിൽ നാഗലോകം ഉപവാസത്തിലായിരിക്കും.

അന്ന് അവർ ആരെയും ഉപദ്രവിക്കാൻ തുനിയില്ല. പക്ഷെ സുഭദ്രയുടെ കഴുത്തിൽ ഉണ്ടായിരുന്ന നാഗത്താലി അന്നവൾക്ക് രക്ഷയാവേണ്ടതായിരുന്നു. അത് കണ്ടെത്തിയത് പക്ഷേ മരിച്ചു കിടക്കുന്ന വിഷ്ണു നാരായണന്റെ ശരീരത്തിലാണ്.. ” “അപ്പോൾ ആദിത്യനും ഭദ്രയും..? ” “അവർക്കും എന്ത് സംഭവിച്ചുവെന്ന് അറിയില്ല. പക്ഷെ സുഭദ്രയുടെയും ആദിത്യന്റെയും ആത്മാക്കൾ ഇവിടെ ഇല്ലെന്ന് അന്ന് പൂജകളിൽ തെളിഞ്ഞതാണ്.അതായത് അവർ മരണപെട്ടുവെന്ന്.. ഭൈരവന്റെയും ഭദ്രയുടെയും കാര്യം തെളിഞ്ഞില്ല.. ” “പക്ഷേ ഭദ്ര എങ്ങനെ നാഗകാളി മഠത്തിന്റെ ശത്രുവാകും..? ” “അറിയില്ല. ഭദ്രയും ആദിത്യനും പ്രണയത്തിലായിരുന്നു.. ആരും അറിയാതെ.. ആദിത്യൻ ഭൈരവന്റെ കൊച്ചു മകനാണ്..അവർക്കിടയിൽ എന്ത് സംഭവിച്ചുവെന്ന് പറയാൻ രണ്ടു പേർക്ക് മാത്രമേ കഴിയൂ ” “ആർക്ക്? ” “സുഭദ്രയ്ക്കും ആദിത്യനും.. ”

“സുഭദ്ര ഞാൻ ആണെന്ന് എല്ലാവരും പറയുന്നു. പക്ഷേ ആദിത്യൻ..? ” “സുഭദ്രയെന്ന പത്മയെ പോലെയും വിഷ്ണുവെന്ന അനന്തനെ പോലെയും ആദിത്യനും ഇവിടെയുണ്ട്.. എവിടെ.. ഏതു രൂപത്തിൽ എന്നൊന്നും അറിയില്ല..അവർക്കിടയിൽ നടന്നിട്ടുള്ള ചതി അവർക്കേ പറയാനാവൂ ” “പക്ഷേ നിക്ക് ഒന്നും അറിയില്ല അനന്തേട്ടാ, നാഗകാളി മഠത്തിനോടും കാവിനോടും ഉള്ള അടുപ്പവും എപ്പോഴൊക്കെയോ കണ്ടിട്ടുള്ള ചില സ്വപ്നങ്ങളുമല്ലാതെ.. ” “അതിന് കാരണം ഒരു പക്ഷേ സുഭദ്രയുടെ മരണസമയത്ത് നടന്ന കാര്യങ്ങളായിരിക്കും ” “നിക്ക് ഇതൊന്നും വിശ്വസിക്കാനാവുന്നില്ല ഇപ്പോഴും.. ഇങ്ങനെയൊക്കെ സംഭവിക്കുമോ, പുനർജ്ജന്മം എന്നൊക്കെ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ” പത്മ പുറത്തേക്ക് നോക്കിയിരുന്നു, അവളുടെ ഉള്ളിലെ ആകുലതകൾ മുഖത്ത് കാണാമായിരുന്നു.

അനന്തൻ അവളുടെ കൈയിൽ തലോടി. “എന്ത് സംഭവിച്ചാലും ഈ ജന്മം അനന്തൻ പത്മയെ ആർക്കും വിട്ടു കൊടുക്കില്ല… ” പത്മ പുഞ്ചിരിയോടെ അവന്റെ കൈയിൽ പിടിച്ചു. “ഈ സീരിയസ്നെസ്സ് നമുക്ക് ചേരില്ലെടോ.. ആ ടോം ആൻഡ് ജെറി സീരീസ് തന്നെയാണ് ഇന്ററസ്റ്റിങ്ങ്… അപ്പോൾ പറ തന്റെ കോളേജിലെ പിള്ളേരൊക്കെ എങ്ങനെ.. സൂപ്പറാണോ..? ” പത്മ അവനെയൊന്ന് തുറിച്ചു നോക്കി. പിന്നെ പതിയെ തലയാട്ടി കൊണ്ട് പുറത്തേക്ക് നോക്കി. “ഇതൊരു നടയ്ക്ക് പോവൂല.. ” അവളുടെ പിറുപിറുക്കൽ കേട്ടതും അനന്തൻ പൊട്ടിച്ചിരിച്ചു. കോളേജ് ഗേറ്റിനുള്ളിലേക്ക് കയറി പാർക്കിങ് ഏരിയയിൽ അനന്തൻ വണ്ടി നിർത്തി. കോളേജ് ഡേ സെലിബ്രേഷൻ ആയത് കൊണ്ട് കുട്ടികളെല്ലാം പുറത്തുണ്ടായിരുന്നു. “ശോ.. എങ്ങനെ അടിച്ചു പൊളിച്ചു നടക്കേണ്ട ഞാനാ… ” പത്മ താടിയ്ക്ക് കൈവെച്ചു പറയുന്നത് കേട്ടപ്പോൾ അനന്തൻ കണ്ണുരുട്ടി.

പത്മ അവനെ നോക്കി ചിരിച്ചു. അവൻ പുറത്തിറങ്ങി കാറിൽ ചാരി നിന്നു മൊബൈൽ കൈയിലെടുത്തു. “താൻ പോയിട്ടു വാടോ, ഞാനിവിടെ നിൽക്കാം.. ” പത്മ ചുറ്റുമൊന്ന് നോക്കി. സകലമാന അവളുമാരുടെയും കണ്ണിങ്ങോട്ടാണ്. ചിലരൊക്കെ അവളെ കണ്ടു കൗതുകത്തോടെ നോക്കി, മറ്റു ചിലർ ചിരിയോടെ കൈ വീശി കാണിച്ചു. “അതേയ്, തല്ക്കാലം ഗിരി രാജൻ ചേട്ടനൊന്ന് കൂട്ടിലേക്ക് കയറിക്കെ, ഇവിടുള്ള പിടക്കോഴികളൊക്കെ ഷോയ്ക്ക് ടിക്കറ്റും എടുത്തിരിപ്പുണ്ട്.. വേഗം.. വേഗം.. ” അനന്തൻ മൊബൈലിൽ നിന്നും കണ്ണെടുത്ത് ചുറ്റുമൊന്ന് നോക്കി. “ഈ പെണ്ണിന്റെ ഒരു കാര്യം, ഒരു കാര്യം ചെയ്യ്, ഒരു പേപ്പറെടുത്ത് പത്മാസ് ഓൺ പ്രോപ്പർട്ടി എന്ന് എഴുതി എന്റെ നെറ്റിയിൽ അങ്ങോട്ടിച്ചു വെക്ക്.. ” ഒരു കള്ളച്ചിരിയോടെ പത്മ പറഞ്ഞു. “അങ്ങനെയൊരു കാര്യം ഞാൻ ആലോചിക്കാതിരുന്നില്ല.. ”

അനന്തൻ തലയിൽ കൈ വെച്ച് നിന്നു. “ചുമ്മാ നോക്കി നിൽക്കാതെ അങ്ങോട്ട്‌ കയറിയിരിക്ക് ചെറുക്കാ.. ” പത്മയെ ഒന്ന് നോക്കിയിട്ട് അനന്തൻ ചിരിച്ചു. ആ നുണക്കുഴി തെളിഞ്ഞതും പത്മ അവനരികിലെത്തി കൈ കൂപ്പി കൊണ്ട് പറഞ്ഞു. “പ്ലീസ് ചിരിക്കരുത്.. ” അനന്തൻ അവളെ നോക്കി തലയാട്ടി കൊണ്ട് കാറിന്റെ ഡോർ തുറന്നതും കൃഷ്ണയും ശ്രുതിയും അവൾക്കരികിലെത്തി. പത്മയെ ഒന്ന് നോക്കിയിട്ട് രണ്ടുപേരും അനന്തനടുത്തേക്ക് നടന്നു. “ഹായ് അനന്തേട്ടാ.. ” “ഹായ് ശ്രുതി, ഹായ് കൃഷ്ണാ…” അനന്തൻ വായ തുറന്നു നിൽക്കുന്ന പത്മയെ ഒന്ന് നോക്കി കണ്ണിറുക്കി. ചവിട്ടി തുള്ളി പോവുന്ന പത്മയെ നോക്കി കൊണ്ട് അനന്തൻ അവരോട് പറഞ്ഞു. “വേഗം ചെല്ല്, നിങ്ങളുടെ ഫ്രണ്ടിന് ദേഷ്യം വന്നാൽ പിന്നെ കണ്ണു കാണില്ല.. ”

ശ്രുതിയും കൃഷ്ണയും പത്മയുടെ പിറകെ ഓടുന്നത് കണ്ടു ചിരിയോടെ അനന്തൻ കാറിലേക്ക് കയറിയിരുന്നു… മൊബൈലിലേക്ക് നോക്കുമ്പോഴും മനസ്സിൽ നിറയെ കുറുമ്പ് നിറഞ്ഞ ആ മുഖമായിരുന്നു. ശ്രുതിയും കൃഷ്ണയും പിന്നാലെ ചെന്നിട്ടും പത്മ മൈൻഡ് ചെയ്തില്ല. അപ്പോഴാണ് ആരതി അവർക്കരികെ എത്തിയത്. കോളേജ് ബ്യുട്ടി എന്ന് സ്വയം അവരോധിച്ച ആളാണ്‌ കക്ഷി. സാധാരണ ഇവരെയൊന്നും മൈൻഡ് ചെയ്യാറില്ല. പ്രത്യേകിച്ചു പത്മയെ. അവളുടെ നാടൻ രീതികളൊക്കെ ആരതിയ്ക്ക് പുച്ഛമാണ്. “ഹേയ്.. അത് അനന്ത് അല്ലേ.. നിഹം ഗ്രൂപ്പിന്റെ..? പത്മ അയാളുടെ കൂടെയാണോ വന്നത്..? അവർ തമ്മിലെന്താ ബന്ധം..? ” പത്മ അവളെ ഒന്ന് നോക്കി മുൻപോട്ട് നടന്നതും കൃഷ്ണ ആരതിയോട് പറഞ്ഞു. “അവർ തമ്മിൽ ചെറിയൊരു ബന്ധമുണ്ട്. ഒരു ഭാര്യാഭർതൃ ബന്ധം. വകയിൽ ഇവളുടെ ഭർത്താവായി വരും ആ അനന്ത്.. ”

ഇടിവെട്ടേറ്റത്‌ പോലെ നിൽക്കുന്ന ആരതിയെ ഒന്ന് നോക്കിയിട്ട് കൃഷ്ണ ഓടി പത്മയുടെയും ശ്രുതിയുടെയും ഒപ്പമെത്തി. “നമ്മുടെ മുഖത്ത് പോലും നോക്കാത്തവളാ ഇപ്പോൾ വിശേഷം ചോദിക്കാൻ വന്നിരിക്കുന്നത് ” പത്മ നോട്ടും റെക്കോർഡ്‌സുമൊക്കെ കളക്റ്റ് ചെയ്തു. ഒപ്പം ശ്രുതിയും കൃഷ്ണയുമുണ്ടായിരുന്നു. അനന്തനൊപ്പമുള്ള ജീവിതത്തെ പറ്റിയുള്ള വിശേഷങ്ങൾ അവർ എത്ര ചോദിച്ചിട്ടും നാണം കലർത്തിയൊരു ചിരി കൊടുത്തതല്ലാതെ പത്മ ഒന്നും വിട്ടു പറഞ്ഞില്ല. ഡിപ്പാർട്മെന്റിൽ പോയി അദ്ധ്യാപകരെയും പ്രിൻസിപ്പലിനേയും കണ്ടു . അനന്തിനെ മറ്റൊരു ദിവസം കൂട്ടി വന്നു പരിചയപെടുത്താമെന്നു പറഞ്ഞിട്ടാണ് അവളിറങ്ങിയത്. ആർക്കും തന്നെ വിശ്വാസമാവുന്നുണ്ടായിരുന്നില്ല നിഹം ഗ്രൂപ്പിന്റെ ഉടമസ്ഥനായ അനന്താണ് അവളെ വിവാഹം കഴിച്ചതെന്ന്.

കാണാൻ ഭംഗിയുണ്ടെങ്കിലും വേഷഭൂഷാധികളിലോ ഭാവത്തിലോ ഒന്നും ഒട്ടും മോഡേൺ അല്ലാത്ത ഒരു സാധരണ നാട്ടിന്പുറത്തുകാരി പെൺകുട്ടിയ്ക്ക് ഇത്രയും വലിയ ഭാഗ്യമോ എന്നതായിരുന്നു അവിടുത്തെ ചർച്ച. പത്മ തിരിച്ചു വന്നപ്പോൾ അനന്തൻ കാറിൽ തന്നെയായിരുന്നു. ഗ്ലാസിൽ തട്ടിയപ്പോൾ അവൻ ഡോർ തുറന്നു. ഇന്ന് കോളേജ് ഡേ പ്രോഗ്രാംസ് ഉള്ളത് കൊണ്ടും നാളെയും മറ്റന്നാളുമൊക്കെ അവധി ആയത് കൊണ്ട് ട്രീറ്റ്‌ നാളെയോ മറ്റോ ആക്കാമെന്ന് ശ്രുതിയും കൃഷ്ണയും പറഞ്ഞു. അവരോട് യാത്ര പറഞ്ഞു കാറിൽ കയറിയപ്പോൾ അനന്തൻ പറഞ്ഞു. “എടോ തനിക്ക് വേണേൽ കുറച്ചു സമയം കൂടെ നിന്നോ, എനിക്കറിയാം തനിക്ക് ഈ കോളേജ് ലൈഫ് ഒക്കെ മിസ്സ് ആവുന്നുണ്ടെന്ന്. പക്ഷേ തന്നെ തനിച്ചു വിടാൻ വയ്യാത്തത് കൊണ്ടാണ്. എല്ലാമൊന്നൊതുങ്ങിയിട്ട് തനിക്ക് കോളേജിൽ വരാം ”

“സാരമില്ല അനന്തേട്ട, നിക്ക് മനസിലാവും ” തിരികെ വരുമ്പോൾ രണ്ടുപേരും മൗനമായിരുന്നു. ഇടയ്ക്ക് അനന്തൻ ചോദിച്ചു. “എടോ, തനിക്ക് എന്തേലും വാങ്ങാനുണ്ടോ..?” “ഇല്ല… ” പിന്നെ അവനും ഒന്നും പറഞ്ഞില്ല.. അനന്തൻ സ്റ്റീരിയോ ഓൺ ചെയ്തു. പ്രണയഗാനങ്ങൾക്കൊപ്പം അവർക്കിടയിലും പ്രണയം നിറഞ്ഞു… മൗനമായി…. വീടെത്താനായപ്പോഴാണ് പത്മ ചോദിച്ചത്. “അനന്തേട്ടന് ന്നെ പോലൊരു പെൺകുട്ടിയോട് എങ്ങനെ പ്രണയം തോന്നി? ഞാൻ വളർന്ന ചുറ്റുപാടുകളും അനന്തേട്ടന്റെതും തമ്മിൽ അത്രയും വ്യത്യാസമുണ്ട്. അനന്തേട്ടന്റെ രീതികളോട് പൊരുത്തപ്പെടാൻ നിക്ക് കഴിയുമോന്നറിയില്ല. ഈ നാടും വീടുമൊക്കെയായുള്ള ചെറിയ ലോകമാണ് ന്റേത്… ” അനന്തൻ ചിരിയോടെ അവളെ നോക്കി.

“ആ ചെറിയ ലോകത്തിൽ എന്നെയും കൂടെ ചേർത്തു വെച്ചാൽ മതിയെടോ.. പത്മ എങ്ങിനെയാണോ അങ്ങനെ തന്നെയാണ് ഞാൻ സ്നേഹിച്ചത്. എനിക്ക് വേണ്ടി തന്റെ രീതികളൊന്നും മാറ്റേണ്ടതില്ല..താൻ ഇങ്ങനെ തന്നെയിരിക്കുന്നതാണ് എനിക്കിഷ്ടം.. ” അനന്തൻ അവളെ നോക്കി കണ്ണുകൾ ചിമ്മി കാണിച്ചു. പത്മ ചിരിയോടെ പുറത്തേക്ക് നോക്കിയിരുന്നു. വീട്ടിൽ എത്തിയതും പത്മ വേഷം മാറി അടുക്കളയിലേക്ക് നടന്നു. ഉച്ച ഭക്ഷണം കഴിഞ്ഞു സുധയും അരുന്ധതിയും സംസാരിച്ചിരിക്കുമ്പോൾ പത്മ അവാർക്കരികെ ചെന്നിരുന്നു. അനന്തൻ ലാപ്ടോപ്പ്മായി ഇരിക്കുന്നത് അവൾ കണ്ടിരുന്നു. വീഡിയോ കോൺഫറൻസും ബിസിനസ്‌ കാര്യങ്ങളുമായി അവൻ തിരക്കിലാണെന്ന് അവൾ കണ്ടിരുന്നു.

സന്ധ്യയ്ക്ക് പത്മ കാവിലേക്ക് ഇറങ്ങിയപ്പോൾ അനന്തനുമുണ്ടായിരുന്നു.അവളുടെ മുടി തുമ്പിൽ നിന്നും അപ്പോഴും വെള്ളത്തുള്ളികൾ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു. മഷിയെഴുതിയ കൺപീലികളിൽ നനവുണ്ടായിരുന്നു. അനന്തൻ ഇടയ്ക്കിടെ അവളെ നോക്കി. എന്തെ എന്ന് പത്മ പുരികമുയർത്തി. “എന്റെ ഭാര്യയുടെ ഭംഗി ഓരോ ദിവസവും കൂടി വരുന്നുണ്ടോയെന്നൊരു സംശയം.. ” ചിരിയോടെയുള്ള മറുപടി കേട്ട് തലയാട്ടി കൊണ്ട് പത്മ മുൻപിൽ കയറി നടന്നു. കാവിലേക്ക് കയറുമ്പോൾ പിറകിൽ നിന്നും അനന്തന്റെ ശബ്ദം കേട്ടിട്ടാണ് പത്മ തിരിഞ്ഞു നോക്കിയത്.

ഒരു മിന്നായം പോലെ കുറ്റിച്ചെടികൾക്കിടയിലേക്ക് മറയുന്ന വാല് അവൾ കണ്ടു. ഓടി അനന്തന്റെ അരികിലെത്തിയതും അവന്റെ വലത് കാൽ പാദത്തിൽ ചോര പൊടിയുന്ന രണ്ടടയാളങ്ങൾ. ഒരു നിലവിളിയോടെ അവന്റെ കാൽക്കലേക്ക് ഊർന്നു വീണ പത്മ അനന്തന്റെ കണ്ണുകളിലെ വേദന കണ്ടു. നിമിഷാർദ്ധം കൊണ്ട് അവളുടെ മുഖഭാവം മാറി. തീയെരിയുന്ന കണ്ണുകൾക്കപ്പോൾ നീല നിറമായിരുന്നു. പത്മ പതിയെ അനന്തന്റെ കാലിലെ മുറിവിലേക്ക് മുഖമമർത്തി…

(തുടരും )

നാഗമാണിക്യം: ഭാഗം 17

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!