എന്നും രാവണനായ് മാത്രം : ഭാഗം 8

എന്നും രാവണനായ് മാത്രം : ഭാഗം 8

എഴുത്തുകാരി: ജീന ജാനകി

ദിവസങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു… ഓഫീസിലെ തിരക്കിലേക്ക് ഞാനും കൂപ്പ് കുത്തി… ഇന്ന് ഞായറാഴ്ച ആണ്…. ഓഫീസ് അവധി ആയതിനാൽ പോത്തു പോലെ കിടക്കണം എന്നുണ്ടായിരുന്നു… പക്ഷേ ഇതിപ്പോ വേറൊരു വീടല്ലേ….. അവരെന്ത് വിചാരിക്കും…. കണ്ണൊക്കെ വലിച്ചു തുറന്നു എണീറ്റു…. കുറച്ചു നേരം ബെഡിൽ ഉറങ്ങി ഉറങ്ങി ഇരുന്നു… പെട്ടെന്ന് എനിക്കെന്തോ അസ്വസ്ഥത തോന്നി… ആരോ എന്റെ അടുത്ത് കിടക്കും പോലെ… നോക്കിയപ്പോൾ ഒരു കാല് എന്റെ കാലിന്റെ മേളിലുണ്ട്….

നോക്കുമ്പോൾ ആരാ….. മ്മടെ ചങ്ക് തന്നെ….രാജി….. ഈ കുരുപ്പ് ഇതെപ്പോ വന്നു കിടന്നു… ആലോചിച്ചിട്ടും കാര്യമില്ല…. കട്ടിലു കണ്ടാൽ പണ്ടേ എനിക്ക് ബോധം കാണില്ല….. ഞാൻ ചെമ്പകത്തിനെ എടുത്തു… യൂകാം ഓപെൺ ആക്കി ഒരു സെൽഫി എടുത്തു… “ഐവാ…… പൊളി” “ങേ….. അലുവയോ എവിടെ…..” “അലുവ അല്ലെടി അവല്….. നിനക്കീ ഉറക്കത്തിലും ഈ വിചാരമേ ഉള്ളോടീ….” “ഈ….ഈ…. ഞാൻ വിചാരിച്ചു……” “നീ കൂടുതൽ വിചാരിക്കണ്ട… തമ്പുരാട്ടി ഈ കാല് മാറ്റിയിരുന്നേൽ എനിക്ക് പോകാരുന്നു…”

“അയിന് നീയെവിടെ പോകുവാ…..” “പല്ലു തേയ്കാൻ…. ന്തേ….. വരണുണ്ടോ ?” “ഐം ദി സോറി അളിയാ… ഇപ്പോ എണീറ്റാൽ ഉറങ്ങാനുള്ള മൂഡ് പോകും….” “എടീ ഒന്നെണീക്ക്….. എന്നിട്ട് കുളിക്ക്….. ” “എന്തിനാടീ…….” “എനിക്കൊന്ന് അമ്പലത്തിൽ പോകണം….” “അമ്പലം ഇവിടെ അടുത്തല്ലേ…. നിനക്ക് പൊക്കൂടേ…..” “അത് ഞാൻ തനിച്ചെങ്ങനെ ……..” “അമ്പലത്തിൽ നീ തനിച്ചല്ല ജന്തു…. ഒരുപാട് പേർ ഉണ്ടാകും…. പ്ലീസ് ടി….. ഒന്ന് ഉറങ്ങട്ടെ…” “ആം… ഓകെ…..” കുളിച്ചിറങ്ങിയപ്പോളും കുരുപ്പ് ഉറക്കത്തിലാ….

ഇവളെന്താ ഒളിംപിക്സിന് ഓടാൻ പോണുണ്ടോ…. കിടപ്പ് കണ്ടാൽ അങ്ങനെ തോന്നും…… പർപ്പിൾ കളറും വൈറ്റും ചേർന്നൊരു ദാവണിയായിരുന്നു ഞാൻ അണിഞ്ഞത്…. കാതിൽ ഒരു ജിമിക്കിയും കഴുത്തിൽ എന്റെ കണ്ണന്റെ ലോക്കറ്റുള്ള സ്വർണ്ണ മാലയും ഒരു കയ്യിൽ ബ്രേസ്ലേറ്റും മറ്റേതിൽ വാച്ചും അണിഞ്ഞു…. കണ്ണിൽ കരിമഷി എഴുതി ഒരു കുഞ്ഞ് പൊട്ടും ഇട്ടു…. പേർസും കയ്യിലെടുത്ത് പുറത്തേക്ക് ഇറങ്ങും വഴി മുറ്റത്ത് നിന്നും ഒരു തുളസിക്കതിർ മുടിയിൽ ചൂടി…. *************

ഞാറാഴ്ച ആയിട്ടും അധികം തിരക്കൊന്നും ഇല്ല…. ഭഗവാന് മുൻപിൽ കണ്ണടച്ച് നിൽക്കുമ്പോളാണ് ആരോ എന്റെ ചുമലിൽ കൈവച്ചത്…… നോക്കുമ്പോൾ ആരാ…..മ്മടെ മീനൂട്ടി….. അതായത് മ്മടെ കടുവയുടെ അമ്മ…. “മോള് തനിച്ചേ വന്നുള്ളോ ?” “ആഹ്….. രാജി ഉറക്കം എണീറ്റില്ല…. ” “മ്….. മോള് വഴിയൊക്കെ പഠിച്ചോ ?” “പഠിച്ചു വരുന്നു…..” “ഇന്ന് മോൾക്ക് അവധിയല്ലേ…….” “അതേ അമ്മേ……” “എങ്കിൽ വീട്ടിലോട്ടു വാ….. പതിയെ പോകാം..” “അയ്യോ…. അതൊക്കെ ബുദ്ധിമുട്ട് ആവില്ലേ..” “എനിക്കോ…. നല്ല കഥയായി… അമ്മയ്ക്ക് സന്തോഷമേ ഉള്ളൂ മോളെ…..” “എങ്കിൽ വരാം……..”

രാജിയെ വിളിച്ചു കാര്യം പറഞ്ഞ ശേഷം മീനാക്ഷിയമ്മയുടെ കൂടെ ഞാനും നടന്നു… “മോള് ഒരാളാണോ അമ്മയ്ക്കും അച്ഛനും…” “അനിയനൂടെ ഉണ്ട്… ജനേഷ്…. അവൻ പ്ലസ് ടൂ പഠിക്കുന്നു…” “മ്…… വീട്ടിൽ നിന്നും എന്നും വിളിക്കോ?” “ആം…. ഞാൻ ആദ്യായിട്ടാ മാറി നിൽക്കുന്നെ. അതിന്റെ ഇച്ചിരി വിഷമം ഉണ്ടായിരുന്നു… പിന്നെ ഇവിടെ എല്ലാരും എന്നെ സ്വന്തം മോളെപ്പോലെയാ നോക്കുന്നേ….. അതുകൊണ്ട് വല്യ വിഷമം ഇപ്പോ ഇല്ല…. അമ്മ എന്നും അമ്പലത്തിൽ വരോ ?” “പറ്റുന്ന ദിവസമൊക്കെ വരും….

കണ്ണന് വേണ്ടി കുറച്ചു പൂജയൊക്കെ ഉണ്ടായിരുന്നു…. അവന്റെ കാര്യം ആലോചിച്ചാണ് അമ്മയുടെ ആദി മുഴുവൻ…. അവന്റെ ഈ ദേഷ്യം… പാവം ആണ് എന്റെ കുട്ടി…. പക്ഷേ അവനെപ്പോഴാ ദേഷ്യം വരുന്നതെന്ന് ദൈവത്തിന് പോലും അറിയില്ല…. വന്നാൽ പിന്നെ എന്താ ചെയ്യുന്നതെന്ന് അവനും അറിയില്ല…. അടിയും കള്ളുകുടിയും ആയിട്ട് മനസ്സിന് ഒരു സമാധാനം ഇല്ല മോളേ…. അവനോടെന്തെങ്കിലും പറഞ്ഞാൽ അപ്പോഴേ കയ്യിൽ ഇരിക്കുന്നതും തട്ടിത്തെറിപ്പിച്ചു എണീറ്റ് പോകും…

അവനെ ഉപദേശിക്കുന്നത് ഒട്ടും ഇഷ്ടമല്ല…. ഓർമ്മ വച്ച നാൾ മുതൽ ഞാനോ അവന്റെ അച്ഛനോ ഒന്ന് നുള്ളിപ്പോലും നോവിച്ചിട്ടില്ല…. നെഞ്ച് നിറയെ സ്നേഹം ഉണ്ട്… പക്ഷേ കാണിക്കില്ല അതാ പ്രകൃതം…. ആഹ്…. അതൊക്കെ വിട്. മോള് വാ……” മീനൂട്ടിയോട് വർത്താനം പറഞ്ഞ് കടുവയുടെ വീട്ടിലെത്തി…. ആ കാട്ടുപോത്തിന് ഇത്രയും പാവപ്പെട്ട ഒരു അമ്മ….. അവിടെ എത്തിയപ്പോൾ കൈസർ മീനൂട്ടിയെ കണ്ടതോണ്ട് എന്റെ മേലേ ചാടാൻ വന്നില്ല… കടുവയുടെ അച്ഛൻ ഉമ്മറത്ത് പത്രം വായിച്ചിരുപ്പുണ്ടായിരുന്നു….

കുറച്ചു നേരം കൊണ്ട് ഞാൻ കൈസറിനോട് കമ്പനി ആയി…. കുറേ നേരം അച്ഛനോട് വർത്താനം പറഞ്ഞിരുന്നു… അവിടേക്ക് സച്ചുവേട്ടനും വന്നിരുന്നു… ഞങ്ങൾ എല്ലാവരും പെട്ടെന്ന് കൂട്ടായി….. സച്ചുവേട്ടൻ രാവിലെ ഗസൽ ഗീതങ്ങൾ ഇട്ടു… ഞാൻ കുറച്ചു ഗസൽ പാടിയും കേൾപ്പിച്ചു… മീനൂട്ടി എല്ലാർക്കും നല്ല ചൂട് ചായ ഇട്ട് തന്നു…. എനിക്ക് അവിടുത്തെ അന്തരീക്ഷം ഒരുപാട് ഇഷ്ടായി….. ഇത്രേം നേരായിട്ടും കടുവയുടെ അനക്കം ഒന്നുമില്ല…. വെയിൽ മൂട്ടിലടിച്ചാലും എഴുന്നേൽക്കാത്ത മനുഷ്യൻ…. ഹും….

നാണമുണ്ടോ ഇങ്ങനെ പോത്തു പോലെ ഉറങ്ങാൻ….. ഞാൻ ഇങ്ങനൊക്കെ പറയുന്നത് അങ്ങേരോട് ദേഷ്യം തോന്നിയോണ്ട് മാത്രാ…. അല്ലാണ്ട് എനിക്ക് ഉറങ്ങാൻ പറ്റാത്തോണ്ടുള്ള അസൂയ കൊണ്ടൊന്നുമല്ലാട്ടോ….. അസൂയയോ…. എനിക്കോ…. ഏയ് ഞാൻ നല്ല കുട്ടിയാ….. രാജി കുറച്ചു കഴിഞ്ഞു ഇങ്ങോട്ട് വരാമെന്ന് പറഞ്ഞിരുന്നു….. ഞാൻ അച്ഛന്റേം മീനൂട്ടീടേം കൂടെ പച്ചക്കറിത്തോട്ടത്തിലേക്ക് പോയി…. എന്റെ കയ്യിൽ ഒരു മുറം തന്നു…. മീനൂട്ടി ചീരയും പയറും തക്കാളിയുമൊക്കെ മുറത്തിലേക്ക് ഇട്ടു തന്നു…. കുറച്ചു നേരം മീനൂട്ടിയെ അടുക്കളയിൽ സഹായിച്ചു ….

അമ്മ കടുവയ്ക് വലിയൊരു പാത്രം നിറയെ ചമ്പാവരിയുടെ കഞ്ഞിവെള്ളം മാറ്റി വച്ചിരുന്നു…. അച്ഛൻ തോട്ടത്തിൽ തടം വെട്ടാൻ നിന്നു… സച്ചുവേട്ടനോട് വർത്താനം പറഞ്ഞു നിന്നപ്പോളാണ് നിറയെ കായ്ച് കിടക്കുന്ന മാങ്ങകളെ കണ്ടത്….. പണ്ട് സ്കൂളിൽ നിന്നും തിരികെ വരുന്ന വഴിയിൽ വെച്ച് മാങ്ങകൾ എറിഞ്ഞിട്ട് വീട്ടിൽ കൊണ്ട് വരുമായിരുന്നു… ഇപ്പോൾ നിങ്ങൾക്ക് തോന്നും എനിക്ക് ഭയങ്കര ഉന്നമാണെന്ന്…… പക്ഷേ അങ്ങനൊരു സാധനം എനിക്കില്ല… മാവിൽ കല്ലെറിയുന്ന പൊട്ടക്കണ്ണനേക്കാൾ മ്യാരകമാണ് എന്റെ അവസ്ഥ…

ചുരുക്കി പറഞ്ഞാൽ അയിഷയ്കിട്ടെറിഞ്ഞാൽ അമ്മിണിക്ക് കൊള്ളും…. ദതാണ് എന്റെ ഉന്നം…….. മാങ്ങയൊക്കെ എറിഞ്ഞിടുന്നത് മ്മടെ ചങ്കുകളാണ്…. അവന്മാര് ഓടി വരും മുൻപേ മാങ്ങയും എടുത്തോണ്ട് വീട്ടിലേക്ക് ഓടും…. നല്ല പച്ചമാങ്ങ മുറിച്ചത് ഉപ്പും മുളകുപൊടിയും കൂടി ചേർത്ത് കഴിക്കും…. ആഹാ…. അന്തസ്സ്… ഓർത്തപ്പോൾ തന്നെ വായിൽ നിറഞ്ഞ വെള്ളത്തിലൂടെ കപ്പലുകൾ ഓടിത്തുടങ്ങി…. എല്ലാം മ്മടെ നൊക്ലാച്ചിയ….. “സച്ചുവേട്ടാ….. എനിക്ക് മാങ്ങ വേണം….” “എങ്കിൽ ഇവിടെ നിൽക്ക്…. ഞാൻ പോയി തോട്ട എടുത്തോണ്ട് വരാം….” “അയ്യേ…… എന്തിന് ?” “നിനക്ക് മാങ്ങ വേണ്ടേ……”

“വേണം… പക്ഷേ കയറിപ്പറിക്കണം…..” “എനിക്കെങ്ങും കേറാൻ വയ്യ……” “ഞാൻ കേറിക്കോളാം….. എന്നെ ഒന്ന് സപ്പോർട്ട് ചെയ്താൽ മതി……” “ആം…. സൂക്ഷിച്ചു കേറ്….. വാ…..” ഞാൻ പതിയെ സച്ചുവേട്ടന്റെ കയ്യിൽ പിടിച്ചു മുകളിൽ കയറി…. രണ്ടു മാങ്ങ പറിച്ചു… അതിൽ ഒരു മാങ്ങ ഏട്ടന് താഴേക്ക് ഇട്ട് കൊടുത്തു….. ഞാൻ പതിയെ ഒരു ചില്ലയിലിരുന്ന് കാലും ആട്ടി ആട്ടി മാങ്ങ കഴിക്കാൻ തുടങ്ങി… പെട്ടെന്ന് വീട്ടിന് അകത്തു നിന്നും ഇറങ്ങി വരുന്ന ആളിനെ കണ്ട് എന്റെ കിളികളൊക്കെ കൂടും എടുത്തോണ്ട് ജീവനും കൊണ്ട് ഓടി…

കടുവ കണ്ണും തിരുമ്മി ഇറങ്ങി വരുന്നു… പേടിച്ചിട്ട് എന്റെ കയ്യിലിരുന്ന മാങ്ങ താഴെ സച്ചുവേട്ടന്റെ തലയിൽ വീണു…. ഏട്ടൻ എന്നെ തെറിവിളിക്കാൻ മുകളിലേക്ക് നോക്കിയപ്പോൾ ഞാൻ പന്തം കണ്ട പെരുച്ചാഴിയെ പോലെ ഇരിക്കുന്നു….. ഞാൻ നോക്കുന്ന ദിശയിൽ ഏട്ടനും നോക്കിയ ഓർമ്മയേ ഉള്ളൂ….. സാമദ്രോഹി കാറ്റു പോലെ എങ്ങാണ്ടോ ഓടി….. പൊളിച്ചു…. എന്റെ കണ്ണാ…. കടുവയുടെ കണ്ണിൽ പെട്ടാൽ അങ്ങേരെന്റെ ചാക്കാല കൊണ്ടാടും…. കടുവ മരത്തിന്റെ അടുത്തെത്തി… ഭാഗ്യം ഇതുവരെ എന്നെ കണ്ടില്ല….

ഞാൻ കൈകൊണ്ട് എന്റെ വായ പൊത്തി കണ്ണടച്ചു ഇരുന്നു…. പെട്ടെന്ന് എനിക്ക് എപ്പിടപ്പി വന്നു… മനസ്സിലായില്ലേ…. ഇക്കിളെടുത്തെന്ന്….. ആ കാലമാടന്റെ തലയ്കലിരുന്ന് തന്നെ ഇക്കിളെടുക്കണം…. കടുവ ശബ്ദം കേട്ടത് എവിടെ നിന്നാണെന്നൊക്കെ നോക്കുന്നു…. ഭഗവാനേ അങ്ങേരെന്നെ കാണല്ലേ… ഇനി അഥവാ കണ്ടാൽ ഇങ്ങേരക്ക് അംനേഷ്യ വന്നെന്നെ മറന്നു പോണേ….. ഞാൻ ഒരു കൈകൊണ്ട് മരത്തിലും പിടിച്ചു മറ്റേ കൈ കൊണ്ട് കണ്ണുകളും പൊത്തി….. “എടീ……….” അയ്യോ കണ്ട്…..കണ്ട്…. കണ്ട്….. സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു… കടുവ യാത്ര അയക്കുന്നു……

ഹലേലൂയ….. സ്തോത്രം….. ഞാൻ പതിയെ കൈവിരലുകളുടെ ഇടയിലൂടെ നോക്കി….. ആഹാ പതിവു പോലെ ഉറഞ്ഞുതുള്ളുന്നുണ്ട്….. ഇങ്ങേരക്ക് തുള്ളൽപ്പനി പിടിച്ചോ….. “കൈമാറ്റെടീ………” ഞാൻ പതിയെ കൈമാറ്റി….. “നിന്നോട് ആരാടീ ഇതിന്റെ മേലേ വലിഞ്ഞ് കേറാൻ പറഞ്ഞത് ?” “ഞാ….. ഞാ…. ഞാൻ അത്…. മാ…. മാ…. മാങ്ങ…..” “നിനക്കെന്താ വിക്കുണ്ടോ ?” “ഇ….. ഇല്ല……” “പിന്നെന്താ………..” “പേടിച്ചിട്ടാ…………” “ഞാനെന്താ നിന്നെപ്പിടിച്ച് വിഴുങ്ങോ ?” ഞാൻ ആദ്യം അതെന്ന് തലയാട്ടിയിട്ട് പിന്നീട് അല്ലെന്ന് ആട്ടി….. ആട്ടലിൽ തലയൂരിപ്പോകാത്തത് ഭാഗ്യം….. “ചോദിച്ചതിന് ഉത്തരം…. ആരാ മേലേ വലിഞ്ഞ് കേറാൻ പറഞ്ഞത് ?” “ആരും പറഞ്ഞില്ല… മാങ്ങ കണ്ടപ്പോൾ ഒരാവേശത്തിന്…….”

“ഓഹോ അപ്പോൾ ട്രെയിൻ കണ്ടാൽ ആവേശത്തിന് നീ അതിന്റെ മുന്നിൽ എടുത്തു ചാടോ ?” “ങൂഹും…….” “മൂങ്ങയെ പോലെ ഇരുന്നു മൂളാതെ താഴോട്ട് ഇറങ്ങെടി മരംകേറീ…….” എന്റെ കണ്ണൊക്കെ നിറഞ്ഞു…. ഞാൻ ങീ…ങീ… എന്നും പറഞ്ഞിരുന്നു മോങ്ങാൻ തുടങ്ങി….. എന്റെ മോങ്ങലു കണ്ട് കടുവയുടെ കിളി പറന്നു……. “ടീ…… എന്തിനാടീ മോങ്ങുന്നേ….. നിന്റെ ആരേലും ചത്തോ ?” ഞാൻ വീണ്ടും വോളിയം കൂട്ടി മോങ്ങാൻ തുടങ്ങി….. “വായടക്കെടീ………..” ഞാൻ പേടിച്ചു വാ പൊത്തി….. “എന്തിനാ മോങ്ങുന്നതെന്ന് ?” “മ്.മ്.മ്.മ്. മ്.മ്.മ്.മ്…” “ഓഹ്….. ആ കൈ വായിന്ന് മാറ്റിയിട്ട് പറയെടീ……”

“എനിക്ക് താഴെ ഇറങ്ങാൻ അറിഞ്ഞൂടാ…..” ഞാൻ അതും പറഞ്ഞു വിമ്മി വിമ്മി കരഞ്ഞു……. “പിന്നെ അങ്ങോട്ട് നീ പറന്നാണോ കേറിയത്….” ഞാൻ നാലുപാടും നോക്കിയപ്പോൾ ദൂരെ തെങ്ങിന്റെ പുറകിൽ സച്ചുവേട്ടൻ നിൽക്കുന്നത് കണ്ടു…. പുള്ളി ദയനീയ ഭാവത്തിൽ തലയാട്ടി…. പാവം ഞാൻ മുഖത്ത് നിഷ്കളങ്കത വാരി വിതറി കടുവയെ നോക്കി.. “ഞാൻ മാങ്ങ കണ്ടപ്പോൾ ഒരു ഫ്ളോയിലങ്ങ് കേറിയതാ…… ” “എങ്കിൽ അവിടെത്തന്നെ ഇരുന്നോ…..” “അയ്യോ പ്ലീസ് എന്നെ ഇട്ടിട്ട് പോവല്ലേ …… പ്ലീസ് പ്ലീസ്…….” “ഇങ്ങനൊരു മാരണം…… ഇങ്ങോട്ടിറങ്ങി വാടീ കുരുപ്പേ….. ” “അയ്യോ ഞാൻ വീഴും……”

കടുവ കൈ മുകളിലേക്ക് ഉയർത്തി…. “പതിയെ പിടിച്ച് ഇറങ്ങെടി…..” “പിടി വിടോ……” “ദേ മര്യാദയ്ക്ക് ഇറങ്ങിയില്ലേൽ ഞാൻ വലിച്ചു താഴെ ഇടും…..” സുഖമില്ലാത്ത മനുഷ്യനാ….. പറഞ്ഞ പോലെ ചെയ്താലോ….. ഞാൻ പതിയെ കടുവയുടെ കൈകളിൽ പിടിച്ചു…. ആ കൈകൾ എന്റെ വിരലുകളിൽ മുറുകവേ എന്റെ ഉള്ളിൽ ഒരു മിന്നൽപ്പിണർ പാഞ്ഞുപോയി…. കടുവയുടെ മുഖത്ത് നോക്കാൻ എനിക്ക് ശക്തി ഉണ്ടായിരുന്നില്ല… ഞാൻ പതിയെ താഴോട്ടിറങ്ങാൻ തുടങ്ങി….. മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങ്ങാ വീണെന്ന് പറയുന്ന പോലെ ഞാൻ കാലുതെന്നി അങ്ങേരുടടെ മേലേക്ക് വീണു…..

പെട്ടെന്നുള്ള വീഴ്ചയിൽ പുള്ളി പുറകോട്ടാഞ്ഞു…. തല താഴെ ഇടിക്കാതിരിക്കാൻ കൈകൾ രണ്ടും പുള്ളിയുടെ തലയ്ക്കു പിന്നിൽ വച്ചു….. ഞാൻ കണ്ണുകൾ ഇറുകെ അടച്ചു…. കുറച്ചു നേരം കഴിഞ്ഞ് ഞാൻ പതിയെ കണ്ണുതുറന്നപ്പോൾ ഞാൻ കടുവയുടെ നെഞ്ചത്ത് കിടക്കുവാരുന്നു…. ഇരു കൈകളും കൊണ്ട് എന്നെ മുറുകെ പിടിച്ചിട്ടുണ്ട്… അയാളുടെ നഗ്നമായ നെഞ്ചിൽ പതിഞ്ഞ എന്റെ കരതലത്തിന് ഉയർന്ന ഹൃദയത്തുടിപ്പ് തൊട്ടറിയാൻ സാധിക്കുമായിരുന്നു.. ആ നിശ്വാസം എന്റെ മുഖത്തേക്ക് അലയടിച്ചു… ആ കണ്ണുകളിലെ ഭാവം എന്താണെന്ന് എനിക്ക് മനസ്സിലായില്ല….. പെട്ടെന്ന് തന്നെ കടുവ കലിപ്പ് മോഡ് ഓൺ ചെയ്തു….

“അങ്ങോട്ട് എണീറ്റ് മാറെടീ….. മനുഷ്യന്റെ നടുവൊടിക്കാനായിട്ട് രാവിലെ കുറ്റീം പറിച്ച് വന്നോളും…..” “അതേ….. എന്നെ അമ്മയാ വിളിച്ചോണ്ട് വന്നത്…. അല്ലാതെ ഞാൻ വലിഞ്ഞു കേറി വന്നതൊന്നും അല്ല… ഹും….” “ഈ നാക്കൊന്നും മരത്തിന്റെ മേലേ ഇരുന്നപ്പോൾ കണ്ടില്ലല്ലോ… ഭൂമിയിൽ കാല് കുത്തിയപ്പോൾ അവളുടെ അഹങ്കാരം കണ്ടില്ലേ…..” “നിങ്ങടത്ര അഹങ്കാരം ഒന്നുമില്ല എനിക്ക്….” “എന്റെ അഹങ്കാരത്തിനെ കുറിച്ച് പറയാൻ നീ ആരാടീ ചൂലേ……” “എന്നെ ഭരിക്കാൻ താനാരാടോ…..” “നിന്റെ തന്ത….. എണീറ്റ് മാറെടീ……..” ഓഹ് ഈ കാലന്റെ അലർച്ച…. ചെവിയിൽ മൂളലു മാത്രം കേൾക്കാം….

“അതേ ആ തലയൊന്ന് പൊക്ക്…. എന്റെ കൈയെടുത്താലേ എണീക്കാൻ പറ്റുള്ളൂ….” തല പൊക്കിയതും ഞാൻ എണീക്കാൻ നോക്കി… ഇന്ത്യ വിട്ട ഉപഗ്രഹം പോലെ വീണ്ടും കടുവയുടെ നെഞ്ചത്ത് തന്നെ വീണു… “നിനക്കെന്താ വഴുക്കി വീഴുന്ന അസുഖമുണ്ടോ ?” ഉർവശി ഒരു സിനിമയിൽ പറയുന്ന പോലെ എനിക്ക് വഴുക്കണമെന്ന് തോന്നി വഴുക്കി…. എനിക്കൊന്ന് വഴുക്കണ്ടേ….. മനുഷ്യൻ എപ്പോഴും വടിപോലെ നടക്കണം എന്നുണ്ടോ ? ഇങ്ങനെ എനിക്ക് പറയാൻ അറിയാഞ്ഞിട്ടല്ല… പക്ഷേ ഞാൻ വെറുതെ വീണതല്ലല്ലോ…. എന്റെ കണ്ണന്റെ ലോക്കറ്റ് കടുവയുടെ ചെയിനിൽ കുരുങ്ങിയോണ്ടല്ലേ…..

ഞാൻ ദയനീയമായി കടുവയെ നോക്കി…. അങ്ങേര് പല്ലും കടിച്ച് പിടിച്ച് കണ്ണടച്ച് കിടപ്പുണ്ട്….. ഇങ്ങനാണേൽ ഇങ്ങേര് പല്ല് കടിച്ച് പൊട്ടിച്ച് പൊട്ടിച്ച് അപ്പൂപ്പനെ പോലെയാകും…. കൂടുതൽ നേരം നിൽക്കുന്നത് എനിക്ക് ഇഞ്ചൂറിയസ് റ്റു ഹെൽത്ത് ആയോണ്ട് ഞാൻ വേഗം കുരുക്കെടുത്ത് അവിടെ നിന്നും സ്കൂട്ടായി…. കടുവ ദേഹത്തെ മണ്ണും തുടച്ചു ചാടിത്തുള്ളി അകത്തേക്ക് പോയി…. ഞാൻ സച്ചുവേട്ടന്റെ മുതുക് നോക്കി രണ്ടെണ്ണം കൊടുത്തു…. “ദുഷ്ടാ….. എന്നെ ആ കടുവയുടെ അടുത്ത് ഇട്ടിട്ട് ഓടിയല്ലേ……” “എടീ…. നിനക്കായോണ്ട് വഴക്കിൽ തീർന്നു… എന്നെക്കണ്ടിരുന്നേൽ പിന്നെ നിനക്കെന്നെ ചുമരിന്ന് വടിച്ചെടുക്കാർന്നു…..”

“അത്രയ്ക്ക് ദേഷ്യാണോ……” “ദേഷ്യം വന്നാൽ അമ്മയും ഇല്ല…. അച്ഛനും ഇല്ല…. കൂടപ്പിറപ്പും ഇല്ല…. അതാ പ്രകൃതം… നിന്നെ ഞാൻ സമ്മതിച്ചു കേട്ടോ….” “അതെന്തിനാ….. ഇത്രയൊക്കെ ഉണ്ടായിട്ടും ചേട്ടനോട് വഴക്കിട്ടില്ലേ……” “അത്…. അങ്ങ് വന്ന് പോയതാ….. നിങ്ങടെ കേട്ടനിന്ന് ആരെയാണാവോ കണികണ്ടത്….” “അതിലെന്താ സംശയം …. നീ മരത്തിൽ ഇരിക്കുന്നത്…. അതായിരുന്നല്ലോ ഇന്നത്തെ കണി….. അംഗഭംഗം, മാനഹാനി രണ്ടും ഒരുമിച്ചു ഒരു കുടക്കീഴിൽ കിട്ടിയില്ലേ….” “ഈ…..ഈ…….” “ഇളിക്കണ്ട കുരുപ്പേ…….” പെട്ടെന്ന് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു… നോക്കുമ്പോൾ രാജി ഷാളും കറക്കി വരുന്നു… “ഹായ് …..

എന്താ ഇവിടൊരു ഗൂഢാലോചന…?” “അതൊന്നൂല്ലെടീ പെങ്ങളേ…. ഇവിടൊരു ധൃതരാഷ്ട്രാലിംഗനം കഴിഞ്ഞേ ഉള്ളൂ… നീ കുറച്ചു ലേറ്റായി……” “ങേ….. ആര് ആരെ ആലിംഗനിച്ചു……” “നിന്റെ ചേട്ടായി ദേ ഈ കുരുപ്പിനെ…..” രാജീടെ വാ തുറന്നു വന്നു….. “വായടക്കെടീ ഈച്ച കേറും… നിന്റേട്ടന് പ്രാന്താ…. ഞാൻ കാലുതെറ്റി അങ്ങേരുടെ മേലേ വീണതാണ്……..” “ശ്ശോ…. ഞാൻ എന്തൊക്കെയോ പ്രതീക്ഷിച്ചു….. ”

“ഞാനും പ്രതീക്ഷിച്ചെടീ പെങ്ങളേ…. പക്ഷേ എല്ലാം വെള്ളത്തിൽ വരച്ച വര പോലെ ആയില്ലേ……” “നല്ല ബെസ്റ്റ് സഹോദരങ്ങൾ…. സ്വന്തം ഏട്ടനെ വേറൊരു പെണ്ണിനെ വിട്ട് ലൈനടിപ്പിക്കാൻ നോക്കാൻ നാണമില്ലേ കുരുപ്പുകളേ….. എനിക്ക് വയ്യ തല്ലു മേടിക്കാൻ…..” ഞാൻ അതും പറഞ്ഞു വീട്ടിനുള്ളിലേക്ക് ഓടി. ഞാനറിയാതെ തന്നെ എന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു….

(തുടരും)

എന്നും രാവണനായ് മാത്രം : ഭാഗം 7

Share this story