നാഗമാണിക്യം: ഭാഗം 20

നാഗമാണിക്യം: ഭാഗം 20

എഴുത്തുകാരി: സൂര്യകാന്തി

“പ്രശ്നമാണല്ലോടോ, പിന്നെയും ആളുകൾ, പ്രശ്നങ്ങൾ… ഇതിന്റെയൊന്നും ഗൗരവം ആർക്കും അറിയില്ല്യ.. ആ സ്ത്രീയുടെ പ്രകൃതം അത്ര ശരിയായി തോന്നിയില്ല്യ…” “എനിക്കറിയാം തിരുമേനി, പക്ഷേ പ്രതീക്ഷിക്കാതെ സംഭവിച്ചു പോയി. അച്ഛന്റെ സുഹൃത്തായിരുന്നു ബാലനങ്കിൾ. ഇപ്പോഴും എന്റെ പല ബിസിനസ്‌ കാര്യങ്ങളും മാനേജ് ചെയ്യുന്നതും അങ്കിളാണ്. പക്ഷേ മൈഥിലി ആന്റി അങ്കിളിനെ പോലെയല്ല. അഞ്ജുവിനെ പറഞ്ഞിളക്കി, എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു, എന്റെ പിന്നാലെ നടത്തിയ്ക്കുന്നത് ആന്റിയാണ്.. ” “ഓ അപ്പോൾ പത്മയുടെ ശത്രുക്കളുടെ എണ്ണം കൂടി വരികയാണ്.. ”

“മൈഥിലി ആന്റിയെ ഒക്കെ അയാൾ ഈസി ആയിട്ട് ഡീൽ ചെയ്യും… ” അനന്തൻ ചിരിയോടെ പറഞ്ഞു. “അനന്താ സമയം അടുക്കാറായിരിക്കണു , എന്തായാലും അവർ അടങ്ങിയിരിക്കില്ല്യ … ” “എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇപ്പോഴും കിട്ടിയില്ലല്ലോ തിരുമേനി…? ഇത് വരെ ആ അറയിൽ കയറാൻ സാധിച്ചിട്ടില്ല.. എന്താണ് അന്ന് സംഭവിച്ചതെന്ന് അറിയാവുന്നത് ആദിത്യനും സുഭദ്രയ്ക്കുമാണ്. അവർക്കേ പറയാനാവൂ ഭദ്ര എങ്ങിനെ നാഗകാളി മഠത്തിന്റെ ശത്രുവായെന്ന്..പത്മയ്ക്ക് ഇപ്പോഴും ഒന്നും അറിയില്ല. പക്ഷേ കുറച്ചു ദിവസങ്ങളായി അവളിൽ ചില മാറ്റങ്ങൾ ഞാൻ ശ്രദ്ധിക്കുന്നുണ്ട്.

എന്നോടുള്ള പെരുമാറ്റത്തിൽ മാത്രമല്ല, ആകെ ഒരു മാറ്റം. ഭർത്താവായി പോയത് കൊണ്ട് എന്നെ സ്നേഹിക്കാൻ തുടങ്ങിയതാണെന്ന് പറയാനാവില്ല.. വല്ലാത്തൊരു തീക്ഷ്ണതയുണ്ട് അവളിൽ…. ” “ഇത്രയും കാലം മാധവനും സുധർമ്മയും അവളെ ഒന്നും അറിയിക്കാതിരുന്നത് പത്മയുടെ സുരക്ഷയെ കരുതിയാണ്… ഇപ്പോൾ സമയമായി കാണും… എത്രയും പെട്ടെന്ന് ജീവിച്ചു തുടങ്ങുക.. അത്രെയേ എനിക്ക് പറയാനുള്ളൂ. നിങ്ങളുടെ കൂടിച്ചേരൽ ആഗ്രഹിക്കാത്തവരാണ് ചുറ്റിലും… അതും ഓർക്കുക.. ” “പക്ഷേ ഭദ്ര.. അവളുടെ കാര്യമാണ് എനിക്ക് ഒട്ടും മനസ്സിലാവാത്തത്.. ആദിത്യനും ഭദ്രയും എന്തിന് സുഭദ്രയേയും വിഷ്‌ണുവിനെയും അപായപ്പെടുത്തണം,

പിന്നെ എങ്ങിനെ ആദിത്യൻ അപമൃതുവിന്‌ ഇരയായി…? മുത്തച്ഛൻ ശീലിപ്പിച്ചത് പോലെ മനസ്സിനെ എത്ര ഏകാഗ്രമാക്കി ധ്യാനിച്ചിട്ടും മന്ത്രങ്ങൾ ഉരുവിട്ടിട്ടും ആ ദിവസം മാത്രം മനസ്സിൽ തെളിയുന്നില്ല.ആദിത്യന്റെ മുഖവും വ്യക്തമാവുന്നില്ല.. ” “ഭദ്ര.. എന്റെ കൈയിൽ കിടന്നു വളർന്ന കുട്ടി.. നാഗചൈതന്യം നിറഞ്ഞു നിന്നവളായിട്ടും സൗമ്യതയോടെയേ പെരുമാറാറുണ്ടായിരുന്നുള്ളൂ, ശബ്ദമുയർത്തി ഒന്ന് സംസാരിച്ചിട്ട് കൂടിയില്ല്യ .. ആദിത്യന്റെ കുറിപ്പുകളിൽ നിന്നും, ദേവന്റെ വാക്കുകളിൽ നിന്നുമാണ് ആദിത്യനും ഭദ്രയും തമ്മിൽ അങ്ങനെയൊരു ബന്ധമുണ്ടായിരുന്നെന്ന് എല്ലാവരും അറിഞ്ഞത് തന്നെ. സുഭദ്രയുടെ ആത്മസഖിയുടെ സ്വഭാവം പക്ഷേ അവളുടേതിന് നേരേ വിപരീതമായിരുന്നു.

പതിഞ്ഞ ശബ്ദത്തിൽ, മുഖത്ത് പോലും നോക്കാതെ സംസാരിക്കുന്ന ഒരു കുട്ടി. ചെറുതിലേ തന്നെ ആടയാഭരണങ്ങളിലോ ചമയങ്ങളിലോ ഒന്നും താല്പര്യമില്ലായിരുന്നു അവൾക്ക്, ആകെയുള്ള കൂട്ട് സുഭദ്രയുമായിട്ടായിരുന്നു. എല്ലാവർക്കും അത്ഭുതമുണ്ടാക്കിയ സൗഹൃദം… ” ഭദ്രൻ തിരുമേനിയുടെ കണ്ണുകളിൽ വാത്സല്യത്തോടൊപ്പം വേദനയും നിറഞ്ഞു. “ന്നിട്ടും എന്റെ കുട്ടീടെ മനസ്സിൽ പക നിറഞ്ഞുവെങ്കിൽ അത്രയും വേദന അവൾ അനുഭവിച്ചു കാണണം… നാഗകന്യയുടെ മാത്രമല്ല നാഗചൈതന്യമുള്ള ഏതൊരാളിന്റെയും സ്നേഹം പോലെ തന്നെ തീക്ഷ്ണമായിരിക്കും അവരുടെ പകയും.. അതടങ്ങുന്നത് വരെ, അവർ ആ പകയും ശാപവുമായി നോവിച്ച ആളിന്റെ പുറകെ തന്നെയുണ്ടാവും..

അതിപ്പോൾ പുതിയൊരു ജന്മത്തിലായാലും… ” അനന്തൻ ഒന്നും പറഞ്ഞില്ല.. തുളസ്സിക്കതിരു പോലുള്ള ഒരു പെൺകുട്ടിയുടെ മുഖമായിരുന്നു മനസ്സിൽ തെളിഞ്ഞത്. ഒതുക്കി കെട്ടിയ നീണ്ടിട തൂർന്ന മുടിയും മഷിയെഴുതാത്ത വിടർന്ന കണ്ണുകളും ചന്ദനമോ ഭസ്മമോ മാത്രം അലങ്കരിച്ചിരുന്ന നെറ്റിത്തടവും.. നേർത്ത കറുത്ത കരയുള്ള മുണ്ടും നേര്യേതും മാത്രമേ അവൾ ധരിക്കുമായിരുന്നുള്ളൂ. പതിഞ്ഞ ശബ്ദത്തിലുള്ള സംസാരവും ചിരിയും.. ഒരിക്കൽ പോലുമാ ശബ്ദം ഉയർന്നു കേട്ടിട്ടില്ല.. അനന്തന്റെ മനസ്സിൽ വല്ലാത്തൊരു വേദന നിറഞ്ഞു… എല്ലാവരും ഭക്ഷണം കഴിക്കാനിരുന്നപ്പോൾ പത്മ അരുന്ധതിയോടൊപ്പം കഴിക്കാനുള്ളത് കൊണ്ടു വെക്കുകയായിരുന്നു. മൈഥിലി അവളെ ഒന്ന് നോക്കി എന്നിട്ട് പറഞ്ഞു.

“അല്ല അരുന്ധതി, പത്മ ഈ മുണ്ടും നേര്യതും മാത്രമാണോ ഉപയോഗിക്കുന്നത്, അങ്ങനെയാണേൽ അനന്തന്റെ കാര്യം കുറച്ചു കഷ്ടമാവുമല്ലോ,പാർട്ടികളിലൊക്കെ എങ്ങനെയാ പത്മയെ കൊണ്ടു പോവുന്നെ..? ” പത്മയുടെ മുഖം മങ്ങിയെങ്കിലും അടുത്ത നിമിഷം അവളൊരു ചിരിയോടെ മൈഥിലി ഇരിക്കുന്ന കസേരയുടെ പുറകിലെത്തി രണ്ടു കൈകളും അവരുടെ ചുമലിൽ വെച്ചു. “ശോ, ചുമ്മാതല്ല അനന്തേട്ടൻ പറഞ്ഞത് ആന്റിയ്ക്ക് അനന്തേട്ടനോട് വല്യ സ്നേഹമാണെന്ന്.. വന്നപ്പോഴേ ഞാൻ കണ്ടായിരുന്നു ആ ശുഷ്‌കാന്തി.. ആന്റി അനന്തെട്ടനെ ഒന്ന് നോക്കിക്കേ, ആ മുണ്ടും കുർത്തയും ഒക്കെ ഇട്ട്, ശരിക്കും ഇവിടുത്തെ തമ്പുരാനെപോലെയില്ല്യേ ഇപ്പോൾ..

അനന്തേട്ടൻ ഇനി ഇവിടം വിട്ടു എങ്ങട്ടുമില്ലെന്നാ പറയണത്. അപ്പോൾ പിന്നെ ഈ മുണ്ടും നേര്യേതുമൊക്കെ ഇട്ട തമ്പുരാട്ടി പെണ്ണ് തന്നെയല്ലേ ആ തമ്പുരാന് ചേർച്ച.. ” ഭക്ഷണം വായിൽ വെച്ച് അനന്തൻ ചുമച്ചു പോയി. പത്മ വേഗം അവനരികിലെത്തി പതിയെ തലയിൽ തലയിൽ തട്ടി എന്നിട്ട് ഒരു ഗ്ലാസിൽ വെള്ളമെടുത്തു അവന്റെ കൈയിൽ കൊടുത്തു. “ന്റെ അനന്തേട്ടാ ഒന്ന് ശ്രദ്ധിച്ച് കഴിക്കൂന്നെ.. ” അവളുടെ ശബ്ദത്തിലെ പതിവില്ലാത്ത കൊഞ്ചൽ കേട്ടതും അനന്തൻ അവളെ നോക്കി കണ്ണ് മിഴിച്ചു. മൈഥിലി പത്മയെ തന്നെ നോക്കുകയായിരുന്നു. അവരുടെ ഉള്ളൊന്ന് കിടുങ്ങിയിരുന്നു.

അഞ്ജലി പറഞ്ഞതനുസരിച്ച് എന്തെങ്കിലും കടുപ്പിച്ചോന്ന് പറയുമ്പോഴേക്കും കണ്ണ് നിറയ്ക്കുന്ന ഒരു പാവം നാട്ടിൻപുറത്തുകാരി പെണ്ണിനെയാണ് പ്രതീക്ഷിച്ചത്. അനന്തന് അവന്റെ അമ്മയെ പോലെ തന്റേടവും കാര്യപ്രാപ്തിയുമുള്ള സ്ത്രീകളെയാണ് ഇഷ്ടമെന്ന് അഞ്ജു എപ്പോഴും പറയാറുണ്ട്. അനന്തന്റെ അച്ഛൻ മരിച്ചതിനു ശേഷം അവൻ പഠിത്തം പൂർത്തിയാക്കി ബിസിനസ്‌ ഏറ്റെടുക്കുന്നത് വരെ എല്ലാം അരുന്ധതിയാണ് ഏറ്റെടുത്ത് നടത്തിയത്… പക്ഷേ ഇവൾ… തന്റെ ധാരണയെ ഒക്കെ മാറ്റി മറിച്ചു. ചിരിച്ചു കൊണ്ടാണ് പറഞ്ഞതെങ്കിലും ആ ശബ്ദത്തിന് തന്റെ നെഞ്ചിനെ മുറിക്കാനുള്ള മൂർച്ചയുണ്ടായിരുന്നു.. എല്ലാം കണ്ടു കൊണ്ടാണ് വീണയോടൊപ്പം അഞ്ജലി അങ്ങോട്ട്‌ വന്നത്.

അവളെ കണ്ടതും മൈഥിലി അവളെ അനന്തന്റെ അടുത്തുള്ള സീറ്റിൽ ഇരിക്കാൻ കണ്ണ് കൊണ്ടു കാണിച്ചു. അഞ്ജലി അനന്തരികിൽ എത്തിയതും പത്മ പതിയെ കസേര പിറകോട്ടു വലിച്ചു അഞ്ജലിയുടെ കൈയിൽ പിടിച്ചു. “ന്താ ഇത് അഞ്ജലി അമ്മയെ കണ്ടതും സന്തോഷം കൊണ്ടു എല്ലാം മറന്നോ…? ” പകച്ചു നോക്കുന്ന അഞ്ജലിയുടെ കൈയിൽ പിടിച്ചു മൈഥിലിക്കരികിലേക്ക് നടന്നു കൊണ്ടു പത്മ പറഞ്ഞു. “ഇങ്ങ് വന്നേ, ന്നിട്ട് ഇവിടെ ഇരിക്ക്..സന്തോഷം വരുമ്പോൾ കൊച്ചുകുട്ടികളെപോലെ പരിസരം മറക്കുന്നത് ശരിയല്ലട്ടോ.. മറ്റുള്ളവരുടെ സീറ്റിലൊന്നും കയറി ഇരിക്കരുത്. ഇതിപ്പോൾ ഞാനായത് കൊണ്ടു നിക്ക് കാര്യം മനസ്സിലായി. മറ്റു വല്ലോരും ആണെങ്കിൽ വഴക്കിട്ടേനെ.. ”

അഞ്ജലിയെ അവളുടെ അമ്മയുടെ അരികിൽ ഇരുത്തി കൊണ്ടു പത്മ പറഞ്ഞു. എന്നിട്ട് അനന്തനരികെ ഇരുന്നു. പിന്നെ അവനെ ഒന്ന് നോക്കി നാണം നിറഞ്ഞ പുഞ്ചിരിയോടെ തലയാട്ടി.. അനന്തന്റെ ഞെട്ടൽ അപ്പോഴും മാറിയിട്ടില്ലായിരുന്നു. അരുണും വിനയും ഗൗതമും പരസ്പരം നോക്കി ചിരിയടക്കുന്നത് അവൻ കണ്ടു. അരുന്ധതിയുടെ മുഖത്ത് ഭാവഭേദമുണ്ടായില്ലെങ്കിലും ആ കണ്ണുകളിലെ തിളക്കത്തോടൊപ്പം ചുണ്ടിൽ മിന്നിമാഞ്ഞ പുഞ്ചിരി അനന്തൻ കണ്ടിരുന്നു…. അഞ്ജലിയുടെയും അവളുടെ അമ്മയുടെയും മുഖം ഇരുണ്ടിരുന്നു. പക്ഷേ അവളെ നോക്കിയ ശ്രീദയുടെ ചുണ്ടിൽ പുഞ്ചിരിയായിരുന്നു. പത്മയും തിരികെ ഒന്ന് പുഞ്ചിരിച്ചു.

എല്ലാവരും കഴിച്ചു കഴിഞ്ഞു അരുന്ധതിയോടൊപ്പം അടുക്കളയിൽ നിൽക്കുമ്പോഴാണ് അനന്തൻ വിളിച്ചത്. കാര്യം എന്താവുമെന്ന് ഊഹിച്ചു കൊണ്ടാണ് പത്മ പുറകെ ചെന്നത്.. ഹാളിൽ നിന്ന് ഇടനാഴിയിലേക്കെത്തിയതും പത്മ ചോദിച്ചു. ” കാര്യം പറ അനന്തേട്ടാ..? ” “ഇങ്ങോട്ട് വാടീ… ” അനന്തൻ കൈ വലിച്ചിട്ടും പത്മ അനങ്ങാതെ അവിടെ തന്നെ നിന്നു. “എന്തായിരുന്നു അവിടെ ഒരു പ്രകടനം..? ” പത്മ അവനെ ഒന്ന് നോക്കി പിന്നെ പതിയെ പറഞ്ഞു. “ഒരാൾ നമ്മളെ മനഃപൂർവം ഇൻസൾട്ട് ചെയ്യുമ്പോൾ തലയും താഴ്ത്തി നിന്നിട്ട് കാര്യമൊന്നുമില്ല്യ അനന്തെട്ടാ… പ്രതികരിച്ചാൽ പിന്നെയും അങ്ങനെ ചെയ്യാൻ തോന്നുമ്പോൾ അവരൊന്ന് ആലോചിക്കും.

പ്രശ്നങ്ങൾ വരുമ്പോൾ തിരിഞ്ഞോടുന്നതിനേക്കാൾ നല്ലത് അത് നേരിടുന്നതാണ്, അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ഓടാനേ സമയമുണ്ടാവൂ ” അനന്തൻ അവളെ അടിമുടിയൊന്ന് നോക്കി. “താൻ ആള് കൊള്ളാലോഡോ കാന്താരി… ” “അതേയ് അനന്തപത്മനാഭന് പത്മാദേവിയെ ശരിക്കും അറിയാഞ്ഞിട്ടാ.. ” അവൻ അവളെയൊന്ന് ചുഴിഞ്ഞു നോക്കി പിന്നെ പതിയെ ചേർന്നു നിന്ന് പറഞ്ഞു. “അത് ശരിയാ… എനിക്കറിയില്ല…” അവന്റെ മുഖം തന്നിലേക്ക് വരുന്നത് കണ്ടതും പത്മ അവനെ തള്ളി മാറ്റാൻ ശ്രമിച്ചു.അനന്തൻ അനങ്ങിയില്ല… ഒന്ന് രണ്ടു നിമിഷങ്ങൾ കഴിഞ്ഞതും അനന്തൻ അവളിൽ നിന്നും മുഖമുയർത്തി പത്മയെ നോക്കി കണ്ണുകൾ ചിമ്മി കാണിച്ചു.

ആ നുണക്കുഴികൾ വിടർന്നതും പത്മ തെല്ലു നാണത്തോടെ മിഴികൾ താഴ്ത്തി.. “ഇപ്പോൾ എന്തു പറ്റി എന്റെ പെൺപുലിയ്ക്ക്, പേടമാനിനെ പോലെ ആയല്ലോ… ഉം? ” പത്മ അനന്തനെ തള്ളി മാറ്റി പോവാൻ ശ്രെമിച്ചതും അവനവളെ പുറകിലൂടെ ചേർത്തു പിടിച്ചു കാതോരം പറഞ്ഞു… “ഐ ലവ് യൂ പത്മ…റിയലി ലവ് യൂ…താനില്ലാതെ എനിക്ക് പറ്റില്ലെടോ.. ” പത്മ പുഞ്ചിരിച്ചു. അനന്തൻ അവളുടെ പിൻകഴുത്തിൽ ചുംബിച്ചു…പത്മ ഒരു പിടയലോടെ ഒഴിഞ്ഞു മാറി ഓടാൻ തുടങ്ങി. “അവിടെ നില്ലെടി.. ” അനന്തൻ അവളുടെ കൈയിൽ പിടുത്തമിടാൻ ശ്രമിച്ചതും ഇടനാഴിയിലേക്ക് അഞ്ജലിയും അമ്മയും കടന്നു വന്നതും ഒരുമിച്ചായിരുന്നു.

പത്മയുടെ ചുവന്നു തുടുത്ത മുഖവും അവളുടെ കൈയിൽ അനന്തന്റെ പിടുത്തവും എല്ലാം കണ്ടതോടെ അമ്മയുടെയും മകളുടെയും മുഖം മുറുകി… “ആന്റി കിടന്നില്ലായിരുന്നോ, എന്താ അഞ്ജലി ഇത്, യാത്ര കഴിഞ്ഞു വന്നതല്ലെയുള്ളൂ, അമ്മയ്ക്ക് നല്ല ക്ഷീണം കാണും റസ്റ്റ്‌ എടുത്തോട്ടെ ” പത്മ മൈഥിലിയെ നോക്കി പറഞ്ഞു. അഞ്ജലി അവളെ ദേഷ്യത്തോടെ നോക്കി. മൈഥിലി അനന്തനെ നോക്കി. “അനന്തൂ എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്.. ” അനന്തന്റെ മറുപടിയ്ക്ക് കാത്തു നിൽക്കാതെ മൈഥിലി മുൻപോട്ടു നടക്കാൻ തുടങ്ങിയതും പത്മ പറഞ്ഞു. “ആന്റി അവിടെ ഞങ്ങളുടെ ബെഡ് റൂമാണ്.

മറ്റാരും അവിടെ കയറുന്നത് അനന്തേട്ടന് ഇഷ്ടമല്ല.. നിക്കും.. ” പറഞ്ഞിട്ട് പത്മ തിരിഞ്ഞു നോക്കാതെ ഹാളിലേക്ക് കയറി പോയി. രോഷം അടക്കാൻ പാടു പെടുന്ന അഞ്ജലിയെയും മൈഥിലിയെയും നോക്കി അനന്തൻ പറഞ്ഞു. “ആന്റി നമുക്ക് അങ്ങോട്ടിരിക്കാം.. ” അനന്തന് പിന്നാലെ പുറത്തേക്ക് നടക്കുകയല്ലാതെ അവർക്ക് വേറെ വഴിയുണ്ടായിരുന്നില്ല.. ഹാളിൽ ഇരിക്കാൻ തുനിഞ്ഞ അനന്തനെ മൈഥിലി അവരുടെ റൂമിലേക്ക് കൂട്ടി കൊണ്ടു പോയി വാതിലടച്ചു.. “അനന്തൂ എന്താ നിന്റെ പരിപാടി…? കോടികളുടെ ബിസിനസ് ഒക്കെ ഇട്ടെറിഞ്ഞിട്ട് ഈ ഓണം കേറാ മൂലയിൽ വന്നു സ്ഥിരതാമസമാക്കാനോ?.. ” അനന്തൻ എന്തെങ്കിലും പറയുന്നതിന് മുൻപേ അവർ തുടർന്നു.

“നിന്നെ ജീവന് തുല്യം സ്നേഹിക്കുന്ന അഞ്ജലിയുടെ സ്നേഹം നീ കണ്ടില്ല, അത് പോട്ടെ.. പക്ഷേ പത്മ.. എന്തിന്റെ പേരിലാണ് നീ അവളെ കല്യാണം കഴിച്ചത്, ഇതെന്താ കുട്ടിക്കളിയാണോ.ആരെങ്കിലും എന്തെങ്കിലും അന്ധവിശ്വാസം വിളിച്ചു പറയുമ്പോഴേക്കും നീ അതങ്ങു വിശ്വസിച്ചു.. നീ മാത്രമല്ല അരുന്ധതിയും… നിന്റെ സ്റ്റാറ്റസിനു ചേർന്ന ഒരു പെണ്ണാണോ അവൾ? നിന്റെ ഒരു പാർട്ടിയിൽ എങ്ങനെ ബീഹെവ് ചെയ്യണമെന്ന് അവൾക്കറിയാമോ, നാണം കെടില്ലേ നീ മറ്റുള്ളവർക്ക് മുൻപിൽ അവളെയും കൊണ്ടു പോയാൽ…. ” “ആന്റി.. ഇനഫ്…” അനന്തന്റെ മുഖത്ത് ദേഷ്യം നിറഞ്ഞിരുന്നു. അവൻ കൈ നീട്ടി അവരെ വിലക്കി.. “ഇത്രയും ഞാൻ കേട്ടു നിന്നത് തന്നെ തെറ്റാണ്.

ചെറുപ്പം മുതലേ നിങ്ങളെ കാണുന്നത് കൊണ്ടും ബാലനങ്കിളിനോടുള്ള റെസ്‌പെക്ട് കൊണ്ടും ഞാൻ കൂടുതലൊന്നും പറയുന്നില്ല.. ” അവൻ അഞ്ജലിയെ നോക്കി.. “പത്മ എന്റെ ഭാര്യയാണ്, എന്റെ ജീവൻ.. അവളെ പറ്റി പറയുന്നത് ഞാൻ കേട്ടു നിൽക്കില്ല.. ഞാൻ പ്രണയിച്ചു മോഹിച്ചു വിവാഹം കഴിച്ചതാണ് അവളെ. പത്മ അല്ലാതെ അനന്തന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണുണ്ടാവില്ല.അവളുടെ നേരേ ദുഷ്ടചിന്തകൾ വെച്ച് ഒന്ന് നോക്കിയാൽ പോലും ഞാൻ ക്ഷമിക്കില്ല.. ഞാൻ മാത്രമല്ല, ഇവിടുത്തെ നാഗത്താൻമാരും.. വെറുതെ ആപത്ത് വരുത്തി വെയ്ക്കണ്ട.. ” അനന്തൻ രണ്ടു പേരെയും മാറി മാറിയൊന്നു നോക്കി പുറത്തേക്ക് നടന്നു. വാതിൽക്കലെത്തിയിട്ട് പറഞ്ഞു.. “എന്റെ ബിസിനസുകളെല്ലാം എനിക്ക് ഈ ഓണം കേറാ മൂലയിൽ നിന്നും നിയന്ത്രിക്കാൻ സാധിക്കുന്നതെയുള്ളൂ..

പക്ഷേ എനിക്ക് പത്മയെക്കാളും നാഗകാളി മഠത്തേക്കാളും വലുതല്ല മറ്റൊന്നും.പിന്നെ അവളെയും കൊണ്ട് പാർട്ടികളിൽ കറങ്ങി നടക്കാനുള്ള ആഗ്രഹമൊന്നും എനിക്കില്ല അൺലെസ്സ് ഷി വാണ്ട്‌സ് ടു … ” തിരിച്ചൊന്നും പറയാനാവാതെ നിൽക്കുന്ന അവരെ ഒന്ന് നോക്കിയിട്ട് അവൻ വാതിൽ തുറന്നു പുറത്തേക്കിറങ്ങിയതും കണ്ടത് ഹാളിലൂടെ നടന്നു വരുന്ന പത്മയെ ആണ്. അവൾ അവനെ നോക്കാതെ റൂമിലേക്ക് പോയി. ഇത്തിരി കഴിഞ്ഞു അവൻ റൂമിലെത്തിയപ്പോൾ അവൾ ബാത്‌റൂമിലായിരുന്നു. ശ്രീദ റൂമിലേക്ക് വരുമ്പോൾ കണ്ടത് കണ്ണ് നിറച്ചു നിൽക്കുന്ന അഞ്ജലിയെയും ദേഷ്യം കൊണ്ട് എന്തൊക്കെയോ പറയുന്ന മൈഥിലിയെയുമാണ്. “നീയല്ലേ പറഞ്ഞത് അത് ഒരു പാവം നാട്ടിൻപുറത്തുകാരി കൊച്ചാണെന്ന്. ഒന്ന് പേടിപ്പിക്കുമ്പോഴേക്കും ഒഴിഞ്ഞു മാറി പൊയ്ക്കോളൂമെന്ന്.

എന്നിട്ടിപ്പോൾ കണ്ടില്ലേ. എന്തൊരു മൂർച്ചയാണ് അവളുടെ വാക്കുകൾക്ക്. അളന്നു മുറിച്ചുള്ള സംസാരം. ഇത്രയും ദിവസം കൊണ്ട് അവനെ ഉള്ളം കൈയിലെടുത്തു ആ പെണ്ണ്. ഇത്രയും കാലം പിന്നാലെ നടന്നിട്ടും നിനക്കവന്റെ മനസ്സിൽ കയറി പറ്റാൻ കഴിഞ്ഞില്ല.അവൾക്ക് വേണ്ടി കോടിക്കണക്കിനു രൂപയുടെ ബിസിനസ് വരെ വേണ്ടാന്ന് വെക്കാൻ അവനൊരു മടിയുമില്ല.. അതാണ്‌ കഴിവ് ” “ചേച്ചി എന്തൊക്കെയാ അവൾക്ക് ഈ പറഞ്ഞു കൊടുക്കുന്നത്. അനന്തന്റെ കല്യാണം കഴിഞ്ഞു. അവനൊരു ഭാര്യയുണ്ട്. അവരെ കാണുന്ന ആർക്കും അറിയാം അവർ തമ്മിൽ പ്രണയത്തിലാണെന്ന്.. എന്നിട്ടും പിന്നെയും അവന്റെ പിന്നാലെ നടക്കുന്നത് എന്തിനാണ് ” “ശ്രീ നീ ഇതിൽ ഇടപെടേണ്ട, ഞാൻ മുൻപേ പറഞ്ഞതാണ്..

അനന്തന്റെ സ്വത്ത്‌ കണ്ടിട്ട് തന്നെയാണ് ഞാൻ ഇവൾക്ക് വേണ്ടി അവനെ ആഗ്രഹിച്ചത്. പിന്നെ അവനെപ്പോലെ ഒരു ചെറുക്കനെ മകൾക്ക് കിട്ടാൻ ആരും ആഗ്രഹിക്കും.പ്രായത്തിൽ കവിഞ്ഞ പക്വതയും സാമർഥ്യവും അവനുണ്ടെന്ന് ബാലേട്ടൻ തന്നെ പറഞ്ഞു കേട്ടിട്ടുണ്ട്. കൈ വെച്ചതെല്ലാം അനന്തൻ നേടിയിട്ടേയുള്ളൂ.. അവൻ അഞ്ജലിയ്ക്കുള്ളതാണ് ” ശ്രീദ എന്തോ പറയാൻ വന്നെങ്കിലും പറഞ്ഞില്ല. പറഞ്ഞിട്ട് കാര്യമൊന്നുമില്ലെന്ന് അവൾക്കറിയാം. അഞ്ജലിയെ ഓർത്ത് സഹതപിക്കാനേ അവൾക്ക് കഴിയുമായിരുന്നുള്ളൂ. പത്മ കുളിച്ചിറങ്ങിയപ്പോൾ അനന്തൻ ഫോണുമായി കട്ടിലിൽ ഇരിപ്പുണ്ടായിരുന്നു. മുടി അഴിച്ചു കെട്ടിയിട്ട് അവൾ കട്ടിലിൽ ഇരുന്നു.

“എന്താണോ എന്റെ പ്രിയതമയ്ക്ക് ഇന്നിത്ര ഗൗരവം? ” പത്മ ഒന്നും പറഞ്ഞില്ല. “കാര്യമൊക്കെ എനിക്കറിയാം… ” പത്മ എന്നിട്ടും ഒന്നും മിണ്ടിയില്ല. “ദേ പെണ്ണേ എനിക്ക് ശരിക്കും ദേഷ്യം വരണുണ്ട്… ” പത്മ കുസൃതി ചിരിയോടെ അവനെ നോക്കി കണ്ണിറുക്കി കാട്ടി. “ടീ..നീ എന്നെ പറ്റിച്ചതാ ല്ലേ..? ” അനന്തൻ അവളെ വലിച്ചു ചേർത്ത് പിടിച്ചു. അവന്റെ നെഞ്ചിൽ ചാരി കിടക്കുമ്പോൾ പത്മ പതിയെ അവന്റെ ഇടതു കൈയിലെ നാഗത്തിന്റെ അടയാളത്തിൽ തൊട്ടു നോക്കി. “ഇത് പോലെ ആരുടെയോ എവിടെയോ ഉണ്ടെന്ന് കേട്ടിരുന്നു… ” അനന്തൻ ഒരു കുസൃതിചിരിയോടെ പറഞ്ഞതും അവളൊന്ന് പിടഞ്ഞു.. “താൻ എങ്ങിനെയാ ആ അറയ്ക്കുള്ളിൽ കയറിയത്…എപ്പോൾ? ”

പത്മ ഞെട്ടലോടെ നേരേ ഇരുന്നു. ആ കാര്യം അവൾ മറന്നു പോയിരുന്നു.. “അത്.. അത് അനന്തേട്ടന് എങ്ങിനെ അറിയാം? ” “അറിയാം… ഈ മനസ്സിപ്പോൾ എന്റേതല്ലേ? ” പത്മ വീണ്ടും അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു. പിന്നെ പറഞ്ഞു. “അത് സ്വപ്നമാണോ അല്ലയോ എന്നെനിക്ക് ഇപ്പോഴും അറിയില്ല്യ അനന്തെട്ടാ , ഒരു രാത്രിയിൽ ഉറക്കത്തിലാണ് സംഗീതത്തിനൊപ്പിച്ചുള്ള ചിലങ്കയുടെ താളം കേട്ടു ഞാൻ ആ അറയുടെ മുൻപിൽ എത്തിയത്. വാതിൽ തള്ളിയതും തുറന്നു…. ” “താൻ… താനെന്താ അവിടെ കണ്ടത്…? ” അനന്തന്റെ ശബ്ദത്തിൽ വല്ലാത്തൊരു തിടുക്കമുണ്ടായിരുന്നു. പത്മയുടെ വാക്കുകളിലൂടെ ആ അറയിലെ കാഴ്ച്ചകൾ അനന്തന്റെ മനസ്സിൽ തെളിഞ്ഞു. അവൾ പറഞ്ഞു നിർത്തിയതും അവൻ ചോദിച്ചു.

“അവിടെ കണ്ട ചിത്രങ്ങളിൽ ആരെയെങ്കിലും തനിക്ക് പരിചയമുണ്ടോ? ” ” എവിടെയൊക്കെയോ കണ്ടു പരിചയമുള്ളത് പോലെ തോന്നി. സത്യത്തിൽ ഞാൻ നോക്കിയതൊക്കെയും നമ്മുടെ ചിത്രങ്ങളിലായിരുന്നു…” അനന്തൻ ഒന്നും പറഞ്ഞില്ല. പത്മ മെല്ലെ പറഞ്ഞു. “വിഷ്ണുവിന്റേയും സുഭദ്രയുടെയും ചിത്രങ്ങൾ… ” “ഇനിയും തനിക്ക് സംശയമുണ്ടോ…? ” “ഇല്ല്യ… ” “അന്ന് മുതലാണ് പത്മയുടെ മനസ്സ് അനന്തനിലേക്ക് തിരിഞ്ഞത്. അന്ന് നാഗക്കാവിൽ വെച്ച് എനിക്ക് വേദനിച്ചപ്പോൾ ഈ മനസ്സ് പൂർണ്ണമായും എന്റേതായി… ” പത്മ അവന്റെ കൈ മുഖത്തോട് ചേർത്തു. “ഉറങ്ങാം…? ” അവളൊന്ന് മൂളിയതേയുള്ളൂ… അന്ന് അനന്തന്റെ നെഞ്ചിൽ ചേർന്നുറങ്ങുമ്പോൾ അത് വരെ ഇല്ലാതിരുന്നൊരു സുരക്ഷിതത്വം പത്മയ്ക്ക് തോന്നിയിരുന്നു.. ഉറക്കത്തിനിടെ സ്വപ്നം കണ്ടാണ് അനന്തൻ ഞെട്ടിയത്. ……………………….

താമരക്കുളത്തിനപ്പുറത്തുള്ള സുഭദ്രയുടെ ആ മണ്ഡപം.. കാവിനുള്ളിലൂടെയും നിലവറയിലൂടെയും അല്ലാതെ താമരക്കുളത്തിന്റെ വശത്തു കൂടെയുള്ള ഇടുങ്ങിയ വഴിയിലൂടെയുള്ള ആ മണ്ഡപത്തിൽ സ്വയം മറന്നു നൃത്തം ചെയ്യുന്ന പത്മയും, പടികളിൽ ഇരുന്നു അവൾക്കായി സംഗീതം ആലപിക്കുന്ന അനന്തനും. ഇടയ്ക്കെപ്പോഴോ അവരുടെ വേഷഭൂഷാദികൾ മാറി സുഭദ്രയും വിഷ്ണുവുമായി. ഇടയ്ക്കെപ്പോഴോ അനന്തൻ പാട്ടിനിടയിൽ മുഖം ഉയർത്തിയപ്പോൾ പത്മയെ കണ്ടില്ല… ചുറ്റും നോക്കിയിട്ടും പത്മ എവിടെയും ഇല്ലായിരുന്നു.. …………………….. അനന്തൻ തന്റെ നെഞ്ചിൽ മുഖം ചേർത്തുറങ്ങുന്ന പത്മയെ ഒന്ന് കൂടെ തന്നിലേക്ക് ചേർത്ത് പിടിച്ചു. രാവിലെ ഭക്ഷണം കഴിക്കാൻ എല്ലാവരും ഇരുന്നപ്പോൾ അരുണിനെ കണ്ടില്ല. വിനയ് കരുതി അവൻ താഴെയാണെന്ന്.

വിനയ് അരുണിനെ വിളിക്കാനായി പോയി.ഇത്തിരി കഴിഞ്ഞു വിനയ് തിരികെ വന്നു അരുണിനെ അവിടെങ്ങും കാണുന്നില്ല എന്ന് പറഞ്ഞതും എല്ലാവരും എഴുന്നേറ്റു. എവിടെയും അരുണിനെ കണ്ടില്ല. അവന്റെ മൊബൈൽ പൂമുഖത്തെ ചാരുപടിയിൽ ഉണ്ടായിരുന്നു. പത്മ മുറ്റത്തു നിന്ന് നോക്കുന്നതിനിടയിലാണ് തെല്ലകലെയായി ധൃതിയിൽ ഇഴഞ്ഞു നീങ്ങുന്ന ആളെ കണ്ടത്, ഇടയ്ക്കൊരു സെക്കന്റ്‌ തല പുറകോട്ട് തിരിക്കുന്നുമുണ്ട്. കരിനാഗത്തിന്റെ പിന്നാലെ ഓടുമ്പോഴാണ് കാവിന്റെ പരിസരത്തൊക്കെ നോക്കിയിട്ട് തിരിച്ചു വരുന്ന അനന്തനെ അവൾ കണ്ടത്. പത്മ വിളിച്ചതും അനന്തൻ അവൾക്കരികിലേക്ക് ഓടിയെത്തി. കരിനാഗം പോയത് താമരക്കുളത്തിന്റെ മറുഭാഗത്തുള്ള ആ മണ്ഡപത്തിനരികിലേക്കാണ്…

(തുടരും )

നാഗമാണിക്യം: ഭാഗം 19

Share this story