നാഗമാണിക്യം: ഭാഗം 22

Share with your friends

എഴുത്തുകാരി: സൂര്യകാന്തി

ആൽത്തറയുടെ അരികിൽ എത്തിയപ്പോഴാണ് ഭദ്ര പറഞ്ഞത്. “അയാൾ ഉണ്ടായിരുന്നല്ലോ ഇന്ന് അമ്പലത്തിൽ നീ കണ്ടില്ല്യേ..? ” “ആര്…? ” “ആ ഭൈരവൻ… ” “ഹാ.. ഞാനെങ്ങും ശ്രദ്ധിച്ചില്ല്യ, നിക്ക് ആ അശ്രീകരത്തിന്റെ കാര്യം പറയണതേ ഇഷ്ടം ഇല്ല്യാന്നറിയില്ല്യേ നിനക്ക്… ” “ഓ.. പക്ഷെ ഇന്ന് ഞാൻ ശ്രദ്ധിച്ചു ട്ടോ അയാൾ നിന്നെ നോക്കണത് തന്നെ ഉണ്ടായിരുന്നില്ല്യ… ” “ഉം… ” സുഭദ്ര ഒന്ന് മൂളിയതേയുള്ളൂ.. പക്ഷേ അവൾക്ക് അറിഞ്ഞിരുന്നു, ശീവേലിക്കിടെ തന്നിൽ എത്തിയ ആ ചോരചുവപ്പുള്ള കണ്ണുകളെ, ദേഹമാകെ തേരട്ട ഇഴയുന്നത് പോലെ, പൊള്ളുന്നുണ്ടായിരുന്നു സുഭദ്രയ്ക്ക്.. വാഴൂരില്ലത്തെ മഹാമാന്ത്രികൻ… ഭൈരവൻ…

കുട്ടിക്കാലം മുതൽക്കേ കേട്ടു വളർന്നത് അയാളുടെ കഥകളാണ്.. പേടിയായിരുന്നു കുട്ടിക്കാലത്ത് ഭഗവതി കാവിൽ വെച്ച് അയാളെ കാണുമ്പോൾ… ആറടി പൊക്കവും അതിനൊത്ത വണ്ണവുമുള്ള വലിയൊരു മനുഷ്യൻ.. കട്ടിയേറിയ കൂട്ടു പുരികങ്ങൾക്ക് താഴെ ചുവപ്പ് രാശി കലർന്ന കണ്ണുകൾ.. ആ നോട്ടം ഉള്ളിലേക്ക് ചൂഴ്ന്ന് കയറുന്നത് പോലെ തോന്നിയിട്ടുണ്ട് പലപ്പോഴും.. മുതിർന്നതിൽ പിന്നെ തന്നിലെത്തുന്ന അയാളുടെ കണ്ണുകളിൽ മറ്റെന്തോ ഭാവം കൂടെ കണ്ടു തുടങ്ങിയിരുന്നു. ഒരിക്കൽ മാത്രമാണ് അയാൾ സംസാരിച്ചിട്ടുള്ളത്. അമ്പലത്തിൽ നിന്നിറങ്ങി പുറത്തേക്ക് നടക്കുമ്പോഴാണ് അയാൾ എതിരെ വന്നത്.

മന്ത്രിക്കുന്നത് പോലെയാണ് പറഞ്ഞത്.. “നാഗകാളി മഠത്തിലെ കാവിലമ്മമാർ വാഴൂരില്ലത്തെ ഭൈരവനുള്ളതാണ്.. ” “എങ്കിൽ വാഴൂരില്ലത്തെ ദുർമന്ത്രവാദിയ്ക്ക് തെറ്റി. നാഗകാളി മഠത്തിലെ ഈ കാവിലമ്മ അവിടുത്തെ വിഷ്ണു നാരായണനുള്ളതാണ്.. ” ഒരു നിമിഷം പോലും വൈകാതെ, പതറാതെയുള്ള മറുപടി അയാളെ ഒന്നതിശയിപ്പിച്ചു കാണണം. തന്നെ ആകെയൊന്ന് നോക്കിയിട്ട് ഇരുത്തി മൂളിക്കൊണ്ട് അയാൾ നടന്നകന്നു.. പക്ഷെ പേടി തോന്നിയില്ല്യ… സുഭദ്ര വിഷ്ണു നാരായണന്റെ പെണ്ണാണ്.. നാഗകാവിലമ്മയാണ്.. പിന്നീട് കണ്ടപ്പോഴൊന്നും അയാൾ സംസാരിക്കാൻ മുതിർന്നിട്ടില്ല്യ , നേരേ നോക്കിയിട്ട് പോലുമില്ല്യ ..

പക്ഷെ തനിക്കറിയാം ആ കണ്ണുകൾ തന്നിലാണെന്ന്.. അവയിൽ തെളിയുന്ന ഭാവങ്ങൾ… അറപ്പാണ് തോന്നിയിട്ടുള്ളത്.. കുട്ടിയായിരിക്കുമ്പോൾ കണ്ടത് പോലെ തന്നെയായിരുന്നു അയാൾ എപ്പോഴും. .. അയാളുടെ ശരിക്കുള്ള പ്രായം ആർക്കും അറിയില്ല. മക്കളും മക്കളുടെ മക്കളുമൊക്കെ ആയിട്ടും ഇപ്പോഴും യൗവനം നിലനിർത്താനുള്ള പല നീചകർമങ്ങളും നടത്താറുണ്ടത്രെ വാഴൂരില്ലത്ത്… “ന്താണ് പെണ്ണിന് ഒരാലോചന, വിഷ്ണുവേട്ടനെ പറ്റിയാണോ..? ” ഒരു കള്ളച്ചിരിയോടെ ഭദ്ര തിരക്കി. “അങ്ങേരെ പറ്റി ആലോചിച്ചിട്ടും കാര്യമൊന്നുമില്ലെടി, സദാ സമയവും പൂജയും മന്ത്രങ്ങളും, പടം വരപ്പും അതിനൊപ്പം കൃഷിയും കാര്യങ്ങളും..

അച്ഛനിപ്പോൾ എന്തു കാര്യത്തിനും വിഷ്ണുവേട്ടൻ കൂടെ വേണംന്നായി.. ” “ന്താടി നീ പിന്നേം ആ പാവത്തിനോട് കുശുമ്പ് എടുക്കാൻ തുടങ്ങിയോ? ” “ഹും.. ഒരു പാവം,. കഴിഞ്ഞ ശനിയാഴ്ച കാവിലെ തിരി വെക്കുമ്പോൾ അശ്രദ്ധ കാട്ടീന്ന് പറഞ്ഞു ന്റെ ഈ കയ്യാ പിടിച്ചു തിരിച്ചത് ആ കാട്ടു മാക്കാൻ.. ” സുഭദ്ര നീട്ടിപ്പിടിച്ച കൈയിൽ നോക്കിയിട്ട് ചിരിയോടെ ഭദ്ര ചോദിച്ചു. “പകരം നീയും കണക്കിന് കൊടുത്തിണ്ടാവല്ലോ..? ” “അത് പിന്നെ… ” ഒരു കള്ളച്ചിരിയോടെ സുഭദ്ര പറഞ്ഞു. “ന്റെ കൈയിലെ നഖത്തിന്റെ മൂർച്ച ഇടയ്ക്കിടെ ആ ദേഹത്താണ് ഞാൻ പരീക്ഷിക്കാറുള്ളത് .

ഒന്ന് കൊടുത്താൽ മൂന്നെണ്ണം തിരിച്ചു കിട്ടും.. തിരികെ കൊടുക്കാൻ ഞാനും ഒട്ടും മോശമല്ലല്ലോ ” “ടീ നീയിങ്ങനെ ഒന്നും ചെയ്യാതെ, ഒന്നുല്ലേലും നിന്നെ വേളി കഴിക്കാൻ പോണ ആളല്ലേ.. ” “ന്തു പറയാനാ ന്റെ ഭദ്രക്കുട്ടി സുഭദ്രയുടെയും വിഷ്ണുവിന്റെയും പ്രണയം ഇങ്ങനെയാ.. വാക്കുകളിലൂടെ പ്രണയം പങ്കു വെക്കലൊന്നും ഞങ്ങൾക്ക് ചേരില്ല്യ.. അല്ല ഞാനിത് ആരോടാ പറയണേ.. ” ഭദ്രയെ ഒന്ന് നോക്കി സുഭദ്ര തുടർന്നു. “മേലേരിയിലെ നാഗകന്യയോടോ..? “. ഭദ്രയെ ഒന്ന് നോക്കി സുഭദ്ര പറഞ്ഞു. ,”ശരിക്കും നീ നാഗകന്യ തന്ന്യാണോടി..നാഗചൈതന്യമുള്ള ഒരു പെണ്ണിനു വേണ്ട രൗദ്രതയും ഉശിരുമൊന്നും നിന്നിൽ ഞാൻ കണ്ടിട്ടില്ല്യ.

മറിച്ചു ഒന്നമർത്തി ചവിട്ടിയാൽ ഭൂമിയ്ക്ക് നോവുമോയെന്ന പേടിയുള്ള, ശബ്ദമുയർത്തി ആരോടും സംസാരിക്കാത്ത, ആരുടേയും മുഖത്ത് നോക്കാത്ത, സൂക്ഷിച്ചു നോക്കിയാൽ വിഷാദം തുളുമ്പുന്ന കണ്ണുകളുള്ള ഈ പാവം പെണ്ണിനെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. സുഭദ്രയുടെ ആത്മസഖിയെ.. ” ഭദ്ര സുഭദ്രയുടെ കൈയ്യിൽ പിടിച്ചു. “ഈ ഭദ്രയെ ആരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടങ്കിൽ അത് നീ മാത്രാണ്. അമ്മയില്ലാതെ വളർന്ന കുട്ടി മനയ്ക്കലെ അമ്മായിമാർക്കെല്ലാം ഒരു ബാധ്യതയായിരുന്നു. മുതിർന്നതിൽ പിന്നെ ശമ്പളം കൊടുക്കേണ്ടാത്ത വേലക്കാരി. പിന്നെ നാഗകന്യ പട്ടം ചാർത്തി കിട്ടിയപ്പോൾ ന്റെ ജീവിതം ആ കാവിലൊതുങ്ങി

മനയ്ക്കലെ പടിപ്പുര കടക്കണത് നിന്നെ കാണാനും ഭഗവതിക്കാവിൽ തൊഴാനും മാത്രാണ്.. ” ഭദ്ര സുഭദ്രയെ നോക്കി ഒന്ന് ചിരിച്ചു. അതിൽ നിറഞ്ഞ വിഷാദം സുഭദ്രയ്ക്ക് മനസ്സിലാവുമായിരുന്നു…. “നീ നാളെ അങ്ങട് വരണം, കൊറച്ചീസം അവിടെ നിൽക്കാം, അച്ഛനെ കൊണ്ട് ഭദ്രൻ തിരുമേനിയോട് ഞാൻ പറയിപ്പിച്ചിട്ടുണ്ട്.. ” ഭദ്രയുടെ മിഴികൾ നിറഞ്ഞു. .. “ടീ നിന്നോട് ഞാൻ പല വട്ടം പറഞ്ഞിണ്ട്, വെറുതെ ഇതിങ്ങനെ നിറക്കരുതെന്ന്.. ന്തു പറഞ്ഞാലും കണ്ണും നിറച്ചങ്ങു നിന്നോളും.. ” ഭദ്ര കണ്ണീരിനിടയിലൂടെ പുഞ്ചിരിച്ചു. സുഭദ്രയിലും ഒരു നനുത്ത ചിരിയെത്തി. പാടത്തിനിപ്പുറമുള്ള തോടിനരികെ കൈത പൂത്തിട്ടുണ്ട്. ആ നനുത്ത സുഗന്ധം കാറ്റിലൊഴുകിയെത്തിയപ്പോഴാണ് സുഭദ്ര മുഖമുയർത്തി നോക്കിയത്.

അപ്പോഴാണ് തോടിനരികിലൂടെ തങ്ങൾക്കരികിലേക്ക് നടന്നു വരുന്ന ആളുകളെ കണ്ടത്.. വിഷ്ണുവേട്ടനും ആദിയേട്ടനും… സുഭദ്രയുടെ നോട്ടം കണ്ടാണ് ഭദ്ര തിരിഞ്ഞു നോക്കിയത്, അപ്പോഴേക്കും അവർ തൊട്ടരികെ എത്തിയിരുന്നു.. ഭദ്രയെ നോക്കി പുഞ്ചിരിച്ച വിഷ്ണുവിന്റെ നോട്ടം സുഭദ്രയിലെത്തിയതും ആ പുഞ്ചിരി മാഞ്ഞു, ആ മുഖത്ത് ഗൗരവം നിറഞ്ഞു. അവളെ ഒന്ന് നോക്കി മുണ്ട് മാടി കുത്തിയിട്ട് അവൻ മുൻപോട്ട് നടന്നു. എങ്കിലും ആ ചെമ്പൻ കണ്ണുകളിൽ നിറഞ്ഞിരുന്ന സ്നേഹം സുഭദ്രയ്ക്ക് കാണാമായിരുന്നു… അവൾക്ക് മാത്രം തിരിച്ചറിയാവുന്ന വിഷ്ണു നാരായണന്റെ ഓരോ ഭാവങ്ങളും… “ന്റെ സുഭദ്രക്കുട്ടീ നേരിട്ട് കാണുമ്പോൾ വെട്ട് പോത്തിനെ പോലെയാ രണ്ടും..

ന്നിട്ടിപ്പോ പുറം തിരിഞ്ഞു നടന്നപ്പോൾ കണ്ണെടുക്കാതെ നോക്കി നിൽക്കണു .. ഇശ്ശി കഷ്ട്ടം തന്നെയാണെ.. ” സുഭദ്ര ആദിത്യനെ നോക്കി പുഞ്ചിരിയോടെ ഒന്ന് കണ്ണിറുക്കി… “എങ്ങടാ ആദിയേട്ടാ രണ്ടു പേരൂടി? ” “രാഘവവാര്യരുടെ വീട്ടിലേക്കാ.. ” സുഭദ്രയുടെ മുഖം മങ്ങി.. വിഷ്ണുവിന്റെയും ആദിത്യന്റെയും ഗുരുവാണ് രാഘവവാര്യർ. ചിത്രരചനയിലെ സംശയങ്ങൾ തീർക്കാൻ ഇപ്പോഴും അവർ ഇടയ്ക്കിടെ അവിടെ പോവാറുണ്ട്. അവിവാഹിതനായ വാര്യർ സഹോദരിയുടെ കുടുംബത്തോടൊപ്പം തറവാട്ടിലാണ് താമസിക്കുന്നത്. വാര്യരുടെ അനന്തരവൾ അംബിക അതിസുന്ദരിയാണ്..

ഒന്ന് രണ്ടാഴ്ച മുൻപേ അമ്പലത്തിൽ വെച്ച് കണ്ടപ്പോൾ വിഷ്ണുവിന്റെ പേരും പറഞ്ഞു അംബികയും സുഭദ്രയും തമ്മിൽ വഴക്കായി. തിരികെ എത്തിയ സുഭദ്ര നാഗകാളി മഠം കീഴ്മേൽ മറിച്ചു. വിഷ്ണുവും സുഭദ്രയും തമ്മിലുള്ള വഴക്ക് മൂത്ത് ഒടുവിൽ കൈയാങ്കളിയിലെത്തിയപ്പോഴാണ് ജാതവേദൻ ആ പ്രഖ്യാപനം നടത്തിയത്. വരുന്ന നാഗപഞ്ചമിയ്ക്ക് മുൻപേ വിഷ്ണു നാരായണന്റെയും സുഭദ്രയുടെയും വേളി.അതിൽ പിന്നെ സുഭദ്ര എത്ര പ്രകോപിപ്പിച്ചിട്ടും വിഷ്ണു അവളോട് സംസാരിച്ചിട്ടില്ല… “ന്റെ തമ്പുരാട്ടിക്കുട്ട്യേ .. ആ പെണ്ണ് പറയണ പോലെ ഒന്നുല്ല്യ ..

അവന്റെ അമ്മയും അമ്മായിയും ഒഴികെ ഒരു പെണ്ണിനോടു വിഷ്ണു സംസാരിച്ചിട്ടുണ്ടെങ്കിൽ അത് നിന്നോട് മാത്രാണ്. ഒരാഴ്ച കൂടെ കഴിഞ്ഞാൽ വേളി കഴിക്കേണ്ടവരാ ഇങ്ങനെ കൊച്ചു കുട്ടികളെ പോലെ..” സുഭദ്ര ഒന്ന് ചിരിച്ചു, എന്നിട്ട് മെല്ലെ പറഞ്ഞു. “ആദിയേട്ടാ, നിക്ക് വിഷ്ണുവേട്ടനെ സംശയം ഇണ്ടായിട്ടൊന്നല്ല..ന്നാലും ആ പെണ്ണ് അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ നിക്കങ്ങു ദേഷ്യം വന്നു… ” ആദി തലയാട്ടി എന്നിട്ട് പറഞ്ഞു.. “വേളിയൊന്നു കഴിയട്ടെ.. അവൻ നിന്റെ പരിപ്പെടുക്കും.. ദേഷ്യം വന്നാൽ അറിയാലോ അവന്റെ രൗദ്ര ഭാവം.. ” ഭദ്രയെ ഒന്ന് നോക്കി ചിരിയോടെ ആദിത്യൻ പറഞ്ഞു.

“കൂട്ടുകാരിയെ ഒന്ന് പറഞ്ഞു മനസ്സിലാക്കിക്കോളൂട്ടോ… ” “ഡാ ആദി നീയ്യ് വരണുണ്ടോ..? ” വിഷ്ണു വിളിച്ചു ചോദിച്ചു. ആൾ നടന്നു ഇത്തിരി അകലെ എത്തിയിരുന്നു… “ദാ വരണൂ.. ” വിഷ്ണുവിനോട് പറഞ്ഞിട്ട്, വിഷ്ണു സുഭദ്രയേയും ഭദ്രയേയും നോക്കി. “പോട്ടെ, ഇല്ലേൽ അവൻ ന്റെ പരിപ്പെടുക്കും ” ആദി വേഗം നടന്നു. പിറകിൽ നിന്നും സുഭദ്ര വിളിച്ചു ചോദിച്ചു. “അല്ല, ത്രിമൂർത്തികളിൽ മൂന്നാമനെവിടെ…ദേവേട്ടൻ ? ” തിരിഞ്ഞു നോക്കാതെ ആയിരുന്നു മറുപടി. “വേറെവിടെ പോവാൻ, നിന്റെ ഭാവി ഏട്ടത്തിയമ്മയോട് സൊള്ളാൻ പോയിരിക്കണൂ.. ” സുഭദ്രയോടൊപ്പം നടക്കുന്നതിനിടയിൽ ഭദ്ര പതിയെ ഒന്ന് തിരിഞ്ഞു നോക്കി.

അതേ നിമിഷം തന്നെയായിരുന്നു ആദിത്യനും തിരിഞ്ഞു നോക്കിയത്. ഇത്തിരി അകലെ എത്തിയിരുന്നെങ്കിലും ആ ചുണ്ടിൽ മിന്നി മാഞ്ഞ പുഞ്ചിരി ഭദ്ര കണ്ടിരുന്നു. വെപ്രാളം മറച്ചു കൊണ്ടവൾ സുഭദ്രയുടെ പുറകെ നടന്നു. “ആദിയേട്ടൻ വാഴൂരിലേക്ക് പോവാറില്ല്യേ പ്പോൾ..? ” “ഇല്ല്യ..ആ നരകത്തിൽ ആകെ മനുഷ്യത്വമുള്ളത് ആദിയേട്ടന് മാത്രാണ്. അവിടുത്തെ അസുരന്റെ പ്രവൃത്തികൾക്കൊന്നും കൂട്ടു നിൽക്കാത്തത് കൊണ്ട് അയാൾക്ക് ആദിയേട്ടനോട് അത്ര പ്രിയമില്ല്യ.. അയാളുടെ ദുഷ്കർമ്മങ്ങളെയെല്ലാം എതിർക്കുന്നത് കൊണ്ട് ശല്യം ഒഴിഞ്ഞൂന്നെ ഭൈരവൻ കരുതുന്നുണ്ടാവൂ.

ആദിയേട്ടനെ ഇല്ലത്ത് കയറ്റുന്നതിൽ ഏറ്റവും എതിർത്തിരുന്ന അമ്മയ്ക്കാണെങ്കിൽ പ്പോൾ ആദിയേട്ടനെ കാണാതെ ഇരിക്കാൻ വയ്യാണ്ടായിരിക്കണൂ… അത്രയ്ക്ക് പാവാ ആദിയേട്ടൻ… ” വാഴൂരില്ലത്തെ ഭൈരവന്റെ മകളുടെ മകനാണ് ആദിത്യൻ.. പ്രസവത്തോടെ അമ്മ മരിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അച്ഛനും..ചെറുപ്പത്തിലേ അനാഥത്വത്തെ കൂട്ടു പിടിച്ചിരുന്ന ആദിത്യന് വാഴൂരില്ലത്തെ രീതികൾ ഉൾക്കൊള്ളാൻ ആയിരുന്നില്ല.. പണ്ടെന്നോ കുടുംബങ്ങൾ തമ്മിലുണ്ടായ ശത്രുത തുടർന്ന് വന്ന ഓരോ തലമുറയും പുതുക്കി വന്നതിനാൽ പരസ്പരം കാണുന്നത് തന്നെ ചതുർഥിയായിരുന്നു നാഗകാളി മഠത്തിലുള്ളവർക്കും വാഴൂരില്ലക്കാർക്കും.

അതിന് മുതിർന്നവർ, കുട്ടികൾ എന്നുള്ള വ്യത്യാസമൊന്നും ഇല്ലായിരുന്നു… കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലും, ഒഴിഞ്ഞു കിടന്ന തെങ്ങിൻ തോപ്പുകളിലും പുഴയോരത്തും നടന്നിരുന്ന കുട്ടിക്കളികളിലും മാത്രമല്ല പള്ളിക്കൂടത്തിലും ഈ ശത്രുത ആവർത്തിച്ചു. ദേവനും വിഷ്ണുവിനുമൊപ്പം ഒരേ ക്ലാസ്സിൽ പഠിച്ച ആദിത്യൻ അവർക്കെന്നും ശത്രു മാത്രമായിരുന്നു.. ഒരിക്കൽ ഒരു മഴക്കാലത്തു അകലാപ്പുഴയുടെ കുത്തൊഴുക്കിൽ അകപ്പെട്ട ദേവനെ സ്വന്തം ജീവൻ പണയം വെച്ച് ആദിത്യൻ രക്ഷിക്കുന്നത് വരെ… അവരുടെ സൗഹൃദം അവിടെ തുടങ്ങുകയായിരുന്നു. നാഗകാളി മഠത്തിലെ ദേവനാരായണനും വിഷ്ണു നാരായണനും വാഴൂരില്ലത്തെ ആദിത്യനും..

സുഭദ്ര കളിയാക്കുന്നത് പോലെ ത്രിമൂർത്തികൾ.. ആദിത്യൻ സൗമ്യശീലനായിരുന്നു. ആർക്കും പെട്ടെന്ന് ഇഷ്ടമാവുന്ന, സ്നേഹിക്കാൻ തോന്നുന്ന സ്വഭാവം. ഒരു ചെറു ചിരിയോടെ അല്ലാതെ ആളെ കാണാറില്ല.. ജാതവേദന്റെ ഭാര്യയും സുഭദ്രയുടെയും ദേവന്റെയും അമ്മയുമായ ഭഗീരഥി തമ്പുരാട്ടിയ്ക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു ഭൈരവന്റെ ചോരയെ തറവാട്ടിൽ കയറ്റുന്നത്.. പക്ഷെ പതിയെ പതിയെ സ്നേഹം കൊണ്ട് അവരുടെ അഭിപ്രായങ്ങളെല്ലാം മാറ്റിയെടുത്തു ആദിത്യൻ… ദേവനെക്കാളും വിഷ്ണുവിനേക്കാളും സുഭദ്ര അടുപ്പം കാണിക്കുന്നതും സംസാരിക്കുന്നതുമെല്ലാം ആദിയോടാണ്. തനിക്ക് കിട്ടാതെ പോയ സ്നേഹവും വാത്സല്യവുമെല്ലാം ആദിത്യന് തിരിച്ചു കിട്ടിയത് നാഗകാളി മഠത്തിലെത്തിയപ്പോഴാണ്.

അവരോടുള്ള അടുപ്പം തന്റെ പദ്ധതികൾക്ക് പ്രയോജനപ്പെടുമെന്ന് കണ്ടു ഭൈരവൻ ആദിത്യനെ തന്റെ വരുതിയിലാക്കാൻ ശ്രമിച്ചു.പക്ഷെ നാഗകാളി മഠത്തിലെ ഒരു പുൽനാമ്പിനു പോലും ദോഷം വരുന്ന ഒരു പ്രവൃത്തിയ്ക്കും താൻ കൂട്ടു നിൽക്കില്ലെന്ന് ആദിത്യൻ തീർത്തു പറഞ്ഞതോടെ വാഴൂരില്ലത്തെ പടിപ്പുര വാതിൽ അവന് മുൻപിൽ അടഞ്ഞു.. നാഗകാളി മഠത്തിലുള്ളവർ ആദിത്യനെ ഇരുകൈകളും നീട്ടി സ്വീകരിച്ചു.. സുഭദ്രയോട് യാത്ര പറഞ്ഞു, മേലേരിയിലേക്ക് നടക്കുമ്പോൾ ഭദ്രയുടെ മനസ്സിൽ അവനായിരുന്നു…

ആദിത്യൻ… തന്നെ കാണുമ്പോൾ മാത്രം ആ കണ്ണുകളിൽ കാണുന്ന തിളക്കവും ചുണ്ടുകളിൽ തെളിയുന്ന പുഞ്ചിരിയും ശ്രദ്ധയിൽ വന്നിട്ട് കാലമേറെയായി. കുസൃതി ഒളിപ്പിച്ച ആ കണ്ണുകൾക്ക് മുൻപിൽ പലപ്പോഴും പതറി പോവുന്നത് അത് കൊണ്ട് തന്നെയാണ്.. ആ സാമീപ്യം താനും ആഗ്രഹിക്കുന്നുണ്ട്… നാഗകാളി മഠത്തിലെത്തുമ്പോൾ കണ്ണുകൾ പരതുന്നതും അവനെയാണ്. പക്ഷേ തൊട്ടരികെ എത്തുമ്പോൾ മിഴികൾ ഉയർത്താൻ കഴിയാറില്ല… മുഖം കുനിച്ചു നിൽക്കാനേ കഴിയാറുള്ളൂ.. “മേലേരിയിലെ തമ്പുരാട്ടി വഴിയിലെ മണൽത്തരികൾ എണ്ണിതീർന്നില്ല്യേ ആവോ” അരികിലൂടെ പോവുമ്പോൾ പലവട്ടം പറഞ്ഞു കേട്ടിട്ടുണ്ട്.

ഒന്നും തിരിച്ചു പറയാതെ, ഇത്തിരി നടക്കുമ്പോഴേക്കും , എത്ര പറഞ്ഞിട്ടും അടങ്ങി നിൽക്കാതെ, കണ്ണുകൾ അവനെ തിരയും, അപ്പോഴാണ് സ്വയമറിയാതെ തിരിഞ്ഞു നോക്കി പോവുന്നത്.. തിരികെ ആ കുസൃതിച്ചിരി തന്നെ തേടിയെത്തിയാൽ പിന്നെ വെപ്രാളമാണ്. പിന്നെ തിരിഞ്ഞൊന്ന് നോക്കാതെ ധൃതിയിൽ മുന്നോട്ട് നടക്കും… ആ ഓർമയിൽ ചുണ്ടിലൊരു ചിരി വിടർന്നു.. അടുത്ത നിമിഷം മനസ്സ് വിലക്കി.. അരുത്.. ഇങ്ങനെയൊന്നും ചിന്തിക്കാൻ പാടില്ല്യ.. താൻ മേലേരിയിലെ നാഗകന്യയാണ്.. മാംഗല്യയോഗമില്ലാത്തവൾ…മേലേരിയിലെ നാഗക്കാവിൽ ജീവിച്ചൊടുങ്ങേണ്ടവൾ… പക്ഷേ…

ഭദ്രയുടെ കണ്ണിൽ നിന്നൊരു നീർതുള്ളി ഇറ്റു വീണു… സുഭദ്ര നാഗക്കാവിനരികിലൂടെ ഇല്ലത്തേക്ക് നടക്കുമ്പോൾ കാവിലേക്ക് കയറുന്ന പടികൾക്കരികിലെ ചെമ്പകമരത്തിൽ ചുറ്റി കിടന്നിരുന്ന കുഞ്ഞു കരിനാഗത്തിനെ കണ്ടിരുന്നു. അവൾ അരികിൽ എത്തിയതും കുഞ്ഞനൊന്ന് ശിരസ്സുയർത്തി…ആ നീല കണ്ണുകൾ തിളങ്ങി… ഇല്ലത്തെ അകത്തളങ്ങളിൽ ചുറ്റി നടന്നു മടുത്തപ്പോൾ സുഭദ്ര വിഷ്ണുവിന്റെ അറയ്ക്ക് മുൻപിലെത്തി. ആദിത്യന് വേറെ മുറി ഉണ്ടെങ്കിലും അവൻ എപ്പോഴും വിഷ്ണുവിന്റെ മുറിയിലാണ്, ചിലപ്പോൾ ദേവനും.. അറവാതിൽ പൂട്ടിയിരുന്നു.. ഹും.. ആദിയേട്ടൻ പറഞ്ഞു കേട്ടിട്ടുണ്ട് തന്റെ കുറെയേറെ ചിത്രങ്ങൾ അവിടെ വരച്ചു വെച്ചിട്ടുണ്ടെന്ന്.. ഇത് വരെ ഒരു നോക്ക് കാണാൻ സാധിച്ചിട്ടില്ല്യ…

ഹും ഒരു വിച്ച്ണു നാരായണൻ.. രവി വർമ്മയൊന്നുമല്ലല്ലോ .. ദേഷ്യത്തോടെ സുഭദ്ര അറവാതിലിനൊരു ചവിട്ട് കൊടുത്തു.. ആ.. കാല് വേദനിച്ചത് മിച്ചം.. ഞൊണ്ടി ഞൊണ്ടി അടുക്കളക്കോലായിൽ എത്തിയപ്പോഴാണ് തെക്കേ തൊടിയിലെ മൂവാണ്ടൻ മാവിൽ കണ്ണെത്തിയത്.. ചുറ്റുമൊന്ന് പരതി മെല്ലെ പുറത്തേക്കിറങ്ങി താഴ്ന്ന് കിടന്ന ചില്ലയിൽ വലിഞ്ഞു കയറി ഇരുന്നു. കൈയെത്തിച്ച് ഒരു പച്ചമാങ്ങ പറിച്ചു തിന്നു.. അമ്മ കണ്ടാൽ പിടിപ്പത് കിട്ടും.. അല്ലെങ്കിലും ഒരു അന്തർജ്ജനത്തിനു വേണ്ട അടക്കവും ഒതുക്കവുമൊന്നും തനിക്കില്ലെന്നാണ് പരാതി.. ഇനി ഇപ്പോൾ വേളി കൂടി നിശ്ചയിച്ച സ്ഥിതിയ്ക്ക് മുറ്റത്തേക്കിറങ്ങാൻ സമ്മതിക്കില്ല്യ..

കുറച്ചു കഴിഞ്ഞു അടുക്കളവാതിലിൽ കൂടെയാണ് അകത്തേക്ക് കയറിയത്.. “ഹാ വന്നോ.. ദാ ഇതങ്ങട് കൊണ്ട് ചെന്നോളൂ കുട്ട്യേ ” ഭഗീരഥി സംഭാരം സുഭദ്രയുടെ കൈകളിലേക്ക് കൊടുത്തു കൊണ്ടു പറഞ്ഞു.. “ആരാ അമ്മേ വന്നത്..? ” “വർമ്മയും തിരുമേനിയും വന്നിണ്ട്… ദേവന്റെയും ലക്ഷ്മിയുടെയും വേളിടെ ദിവസം നിശ്ചയിക്കാൻ.. ” “രണ്ടു വേളിയും ഒരുമിച്ചു നടത്താൻ പറ്റില്യാന്നാ തിരുമേനി പറയണത്. ആദ്യം ദേവന്റെയും ലക്ഷ്മിയുടെയും.. പിറ്റേന്ന് വിഷ്‌ണുവിന്റേയും ഇവളുടെയും.. ‘ വാതിൽക്കൽ നിന്നാണ് ശ്രീദേവി അപ്പച്ചി പറഞ്ഞത്.. വിഷ്ണുവേട്ടന്റെ അമ്മ..

തെല്ലൊരു നാണത്തോടെ ശ്രീദേവിയെ നോക്കി പുറത്തേക്കിറങ്ങിയ സുഭദ്ര കണ്ടു നടുമുറ്റത്തിന്റെ വരാന്തയിലൂടെ തനിക്കെതിരെ നടന്നു വരുന്ന വിഷ്ണുവിനെ… അവളെ കണ്ടിട്ടും നോക്കാതെ ഒരു മൂളി പാട്ടും പാടി വിഷ്ണു സുഭദ്രയ്ക്കരികിലൂടെ നടന്നു പോയി. കൈയിലിരുന്ന സംഭാരപാത്രം കൊണ്ടു നടന്നു പോവുന്ന അവന്റെ നടുപ്പുറത്തിനിട്ടൊരു ഏറു കൊടുക്കാൻ തോന്നിയെങ്കിലും, ഒട്ടും കനം കുറയാതെ തിരികെ വാങ്ങി വെക്കേണ്ടതോർത്ത് സുഭദ്ര പണിപ്പെട്ട് സ്വയം നിയന്ത്രിച്ച് ഉമ്മറത്തേക്ക് നടന്നു. “ആഹാ ഇന്നത്തെ മരം കയറ്റം ഒക്കെ കഴിഞ്ഞോ കുട്ട്യേ ? ” സംഭാരം നിറച്ച ഓട്ടു പാത്രം അവളുടെ കൈയിൽ നിന്ന് വാങ്ങുന്നതിനിടെ ചിരിയോടെ ഭദ്രൻ തിരുമേനി ചോദിച്ചു.

വാത്സല്യമായിരുന്നു ആ കണ്ണുകളിൽ… സുഭദ്ര ഒന്ന് ചിരിച്ചു കാണിച്ചതേയുള്ളൂ.. “മോളെ, വിഷ്ണുവും ദേവനുമൊന്നും വന്നില്യേ…? ” ജാതവേദൻ ചോദിച്ചു. “ഇല്ലച്ചാ… ” “ഞാൻ ഇന്നലെ ഭൈരവനെ കണ്ടിരുന്നു മെലേകാവിൽ വെച്ച്.. ആദിത്യൻ ഇവിടെ നിൽക്കാൻ തുടങ്ങിയതോടെ അവന്റെ പക കൂടിക്കാണും.. ” “ഉം… ” രാഘവവർമ്മയോട് മറുപടിയായി ഒന്ന് മൂളിയതേയുള്ളൂ ജാതവേദൻ.. ഒഴിഞ്ഞ പാത്രങ്ങളുമായി അകത്തേക്ക് നടക്കവേ സുഭദ്ര ഓർത്തു..ഇവിടുത്തെ ആദ്യത്തെ ത്രിമൂർത്തികൾ ഇവരാണ്.. നാഗകാളി മഠത്തിലെ ജാതവേദനും, മാണിക്യമംഗലത്തെ രാഘവർമ്മയും മേലേരിയിലെ ഭദ്രൻ തിരുമേനിയും..

രാഘവവർമ്മയുടെ മകളാണ് ലക്ഷ്മി, ദേവൻ സ്നേഹിക്കുന്ന പെണ്ണ്… അകത്തേക്ക് നടക്കുമ്പോഴാണ് ഷർട്ടിന്റെ കുടുക്കുകൾ ഇട്ടു കൊണ്ടു അറയിൽ നിന്ന് പുറത്തേക്കിറങ്ങുന്ന വിഷ്ണുവിനെ സുഭദ്ര കണ്ടത്.. പാളിയൊന്നു നോക്കിയപ്പോൾ അറ വാതിൽ പൂട്ടിയിട്ടില്ല.. ശരവേഗത്തിൽ പാത്രങ്ങൾ അടുക്കളയിൽ വെച്ച് സുഭദ്ര വിഷ്ണുവിന്റെ അറയ്ക്കരികെയെത്തി.ഒരു പാളി ചാരിയിട്ടുണ്ട്.. മെല്ലെ അകത്തേക്ക് കയറി അവൾ ചുറ്റും നോക്കി.. മുറി നിറയെ പൂർത്തിയാക്കിയതും അല്ലാത്തതുമായ ചിത്രങ്ങൾ… സുഭദ്ര നോക്കി നിന്നു പോയി.. പകുതിയോളം ചിത്രങ്ങളിൽ തന്റെ മുഖമാണ്. വിഷ്ണുവേട്ടന്റെയും തന്റെയും ചിത്രങ്ങൾ വരച്ചത് ആദിയേട്ടനാണ്..

ഇത്രയും ഭംഗിയുണ്ടോ തന്നെ കാണാൻ എന്ന് സംശയിച്ചു തൊട്ടു നോക്കവേയാണ് ചെവിയിൽ പിടുത്തം വീണത്.. വിഷ്ണുവേട്ടൻ.. “ഹാ.. വിട് വിഷ്ണുവേട്ടാ നിക്ക് നോവണു .. ചെവിയിൽ നിന്ന് വിട്.. ” “ആരോടു ചോദിച്ചിട്ടാടി നീ ഇവിടെ കയറിയത്.. ഞാൻ പറഞ്ഞിട്ടുള്ളതല്ലേ ഇതിനുള്ളിൽ കയറരുതെന്ന്… ” അവളുടെ ചെവിയിലെ പിടുത്തം വിട്ടു കൊണ്ടു വിഷ്ണു സുഭദ്രയ്ക്ക് മുൻപിൽ കൈകൾ പിണച്ചു നിന്നു. ചെവി തടവി അവനെ തുറിച്ച് നോക്കി കൊണ്ടു സുഭദ്ര പറഞ്ഞു. “നിങ്ങൾക്ക് ന്റെ ചിത്രം വരച്ച് ഇവിടൊക്കെ വെക്കാം ല്ലേ.. ന്നിട്ട് നിക്ക് ഇതൊന്നും നോക്കാൻ പാടില്ല്യ ” “ആഹാ..അതിന് അതിലുള്ളതൊക്കെ നീ ആണെന്ന് ആരാ പറഞ്ഞത്?

അത്രേം സൗന്ദര്യമൊക്കെ ഉണ്ടോ നിനക്ക്? അതേയ് ആ തെക്കേ വാര്യത്തെ അംബിക വാരസ്യാരാണ്.. ” ചിരിയമർത്തി കൊണ്ടു മുഖത്ത് ഭാവവ്യത്യാസമൊന്നും വരുത്താതെ വിഷ്ണു അത് പറഞ്ഞപ്പോഴേക്കും സുഭദ്രയ്ക്ക് കലി കയറിയിരുന്നു. ചുറ്റും നോക്കിയപ്പോൾ കണ്ണിൽ പെട്ടത് ചായക്കൂട്ടുകൾ ഇട്ടു വെച്ച പിച്ചള പാത്രമാണ്. അതെടുത്തു അവന്റെ വലത്തേ കൈയിലേക്ക് ഓങ്ങിയപ്പോഴേക്കും സുഭദ്രയുടെ കൈ വിഷ്ണുവിന്റെ കൈയിൽ ഒതുങ്ങിയിരുന്നു. തെല്ലു പരിഹാസത്തോടെ വിഷ്ണു അവളുടെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ ജയിക്കാൻ വേണ്ടി വീറോടെ സുഭദ്ര പറഞ്ഞൂ. “ശരിയാ..അവളുടെ സൗന്ദര്യം നിങ്ങൾക്കല്ലേ അറിയാവൂ..

” പറഞ്ഞു തീരുന്നതിനു മുൻപേ പിച്ചളപ്പാത്രം നിലത്തു വീണു. സുഭദ്രയുടെ കരണം പുകഞ്ഞു… “ഇനി മേലാൽ.. ഇനി മേലാൽ നീ ന്റെ പേര് വേറൊരു പെണ്ണിന്റെ പേര് കൂട്ടി പറയരുത്.. ജയിക്കാൻ വേണ്ടി എന്തും വിളിച്ചു പറയുന്നത് ഇന്നത്തോടെ നിർത്തിക്കോണം.. നിന്റെ എല്ലാ കുറുമ്പുകളും ദുർവാശികളും കണ്ടില്ലെന്ന് നടിച്ചതാണ് നിക്ക് പറ്റിയ തെറ്റ് ” അവന്റെ കണ്ണുകളിൽ ദേഷ്യം മാത്രമായിരുന്നു.. പുകയുന്ന കവിൾത്തടം പൊത്തി നിൽക്കവേ ആദ്യമായി വിഷ്ണുവിന്റെ മുൻപിൽ സുഭദ്രയുടെ കണ്ണുകൾ നിറഞ്ഞു.. അവളുടെ ഓർമ്മയിൽ ഇന്ന് വരെ വിഷ്ണു ഇങ്ങനെ പെരുമാറിയിട്ടില്ലായിരുന്നു…

(തുടരും )

നാഗമാണിക്യം: ഭാഗം 21

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!