ഭാര്യ : ഭാഗം 8

ഭാര്യ : ഭാഗം 8

എഴുത്തുകാരി: ആഷ ബിനിൽ

ഉച്ചക്ക് ഊണുകഴിക്കാൻ ആണ് തനു എഴുന്നേറ്റത്. ക്ഷീണം ഏറെക്കുറെ മാറിയിരുന്നു. കഴിക്കുന്ന സമയത്തും അതു കഴിഞ്ഞും കൃഷ്ണനും മാലതിയും കാവ്യയും തനുവിനോട് ഓരോന്ന് സംസാരിച്ചുകൊണ്ടിരുന്നു. അവളും തനിക്കുള്ളിൽ പുകയുന്ന അഗ്നിപർവതം അവരിൽ നിന്നു മറച്ചുപിടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. പരമാവധി സാധാരണ രീതിയിൽ ഇടപെട്ടു. കുറച്ചുനേരം കഴിഞ്ഞപ്പോൾ തനുവിന് ഉറക്കം വന്നുതുടങ്ങി. പകലുറക്കം ശീലം ഇല്ലാത്തതാണ്. ഇതെന്താണാവോ? അല്ലെങ്കിലും ശീലം ഇല്ലാത്ത കാര്യങ്ങൾ ആണല്ലോ രണ്ടു ദിവസമായി തന്റെ ജീവിതത്തിൽ സംഭവിക്കുന്നത്.

മാലതി അതു മനസിലാക്കിയെന്നോണം തനുവിനെ റെസ്റ്റെടുക്കാൻ പറഞ്ഞു മുകളിലേക്ക് തന്നെ വിട്ടു. അപ്പച്ചിക്കും മാമനും കാവ്യക്കും കാശിയേട്ടനും ഒക്കെ പണ്ടും നീലുവിനെക്കാൾ തന്നെ ആയിരുന്നു ഇഷ്ടം. ഇപ്പോഴും അതുപോലെ തന്നെ. പക്ഷെ പാടില്ല. ഈ സ്നേഹത്തിൽ മതിമറന്നു പോകരുത്. സത്യം എല്ലാ കാലത്തും മൂടി വയ്ക്കാൻ പറ്റില്ല. എന്നെങ്കിലും ഒരിക്കൽ അത് മറ നീക്കി പുറത്തുവരും. അന്ന് ഇവരെല്ലാവരും തന്നെ വെറുക്കും. ആ സമയത്തു തകർന്നുപോകാതെ ഇരിക്കാൻ ഇപ്പോഴേ ധൈര്യം സംഭരിക്കണം. ചിന്തയോടെ തനു കണ്ണടച്ചു.

പേഴ്‌സണൽ ആവശ്യങ്ങൾക്ക് സർക്കാർ വാഹനം ഉപയോഗിക്കുന്നതിൽ കാശിക്ക് താല്പര്യം ഇല്ലായിരുന്നു. ഒരു ടയോട്ടാ ഫോർച്യൂണർ ആണ് അവന്റെ സ്ഥിരം വാഹനം. അതു കൂടാതെ ഒരു റോയൽ എൻഫീൽഡ് ക്ലാസ്സിക് 550 സിസി ബൈക്കും സ്വന്തമായുണ്ട്. കഴിഞ്ഞ ദിവസം തനുവിന്റെ അപകടം നടന്ന കെട്ടിടത്തിന്റെ കുറച്ചു മാറി ആരുടെയും ശ്രദ്ധ കിട്ടാത്തൊരിടത്ത് അവൻ വണ്ടി പാർക്ക് ചെയ്‌തു. SI സുരേഷ് അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. അയാൾ സല്യൂട്ട് ചെയ്യാൻ പോയപ്പോഴേക്കും കാശി തടഞ്ഞുകൊണ്ട് ചോദിച്ചു:

“ഞാൻ ലേറ്റ് ആയോ?” “ഹേയ് ഇല്ല സർ. ഓണ് ടൈം ആണ്. ഇതെന്താ കയ്യിൽ?” “അതു ഞാനൊരു മൂന്നു ബിരിയാണിയും മിനറൽ വാട്ടറും പാർസൽ വാങ്ങിയതാ. അവന്മാരെ സൽക്കരിക്കണ്ടേ..” കാശി ക്ഷോഭം പരമാവധി നിയന്ത്രിച്ചുകൊണ്ട്‌ പറഞ്ഞു. കതകു തുറന്ന് വെളിച്ചം അകത്തേക്ക് പ്രവേശിച്ചപ്പോൾ അസഹ്യതയോടെ സാമും രഞ്ജിത്തും നിഖിലും കണ്ണുകളടച്ചു. നിഖിൽ ആണ് അന്ന് തനുവിനെ ഉപദ്രവിച്ചത്. മറ്റുള്ളവർ ഊഴം കാത്തു പുറത്തിരിക്കുമ്പോഴാണ് അന്ന് കാശി അവിടെ എത്തിയത്. അന്നുതന്നെ ഇവരെ തേടിപിടിച്ചു ഇവിടെ എത്തിച്ചിരുന്നു.

വിവാഹം ഒന്നു കഴിഞ്ഞു കിട്ടാൻ കാത്തിരിക്കുകയായിരുന്നു കാശി. കസേരയിൽ ബന്ധിക്കപ്പെട്ടിരുന്ന ഓരോരുത്തരെയായി സ്വാതന്ത്രരാക്കിയ ശേഷം കൊണ്ടുവന്ന ഭക്ഷണം അവർക്ക് നേരെ നീട്ടി അവൻ. കൊല്ലുന്നതിന് മുൻപ് വെള്ളം കൊടുക്കുന്നതുപോലെ ഒരു ചടങ്ങാണ് എന്ന് അറിഞ്ഞുകൊണ്ടുതന്നെ അവർ ആർത്തിയോടെ അത് കഴിച്ചു. രണ്ടു രാത്രിയും ഒരു പകലും കൊണ്ട് അവർ അത്രയേറെ വിശന്നു തളർന്നിരുന്നു. “ഇവന്മാരെ കാണാൻ ഇല്ലന്ന് വല്ല പരാതിയും കിട്ടിയിട്ടുണ്ടോ സുരേഷേ?”

“നിഖിലിന്റെയും സാമിന്റെയും ഭാര്യമാർ പരാതി തന്നിരുന്നു. രഞ്ജിത് പിന്നെ ഒറ്റത്തടി ആണ്. ഇടക്കിടക്ക് നാടുവിട്ടു പോകാറുള്ളതാണ്. അതുകൊണ്ട് അവന്റെ അമ്മ പരാതിയൊന്നും തരാൻ മിനക്കെടില്ല” തങ്ങളെ കുറിച്ചാണ് സംസാരം എന്നു മനസിലായ മൂവരും അപകടം മണത്തു. “സാറേ.. ഒന്നും ചെയ്യരുത്. കുഞ്ഞുകുട്ടി പരാധീനങ്ങൾ ഒക്കെ ഉള്ളവരാണ്. അന്ന് വെള്ളത്തിന്റെ പുറത്തു അവനൊരു ഒരു അബദ്ധം പറ്റി പോയതാ. മാപ്പാക്കണം” സാം പറഞ്ഞുതീരും മുൻപേ നെഞ്ചുംകൂടു നോക്കിയൊരു ചവിട്ടായിരുന്നു കാശിയുടെ മറുപടി.

“അബദ്ധം അല്ലെടാ.. വഴിയേ നടന്നുപോയൊരു പാവം പെണ്ണിനെ പിടിച്ചുകൊണ്ടു വന്നു കേറി മേഞ്ഞിട്ട് അബദ്ധം.. അല്ലേടാ… കൂട്ടുകാർ വെള്ളത്തിന്റെ പുറത്തു എന്തെങ്കിലും പറഞ്ഞാൽ അതിനു കൂട്ടു നിൽക്കുകയാണോടാ വേണ്ടത്?” ഭ്രാന്തു കയറിയപോലെയുള്ള കാശിയുടെ ഭാവം അവർ മൂന്നു പേരെയും, എന്തിന് SI സുരേഷിനെ പോലും ഭയപ്പെടുത്തി. “നീയൊക്കെ ചേർന്നു തകർത്തു കളഞ്ഞ മനസുമായി ഒരു പെണ്ണ് ജീവിച്ചിരിപ്പുണ്ട്, എന്റെ വീട്ടിൽ. എന്നെ കെട്ടാൻ തിങ്കളാഴ്ച നോമ്പ് നോറ്റ് നടന്നവളാ, എനിക്ക് വേണ്ടി എന്നും നേർചകളും ആയി ജീവിച്ചിരുന്നവളാ, ആർക്കും ഒരു ഉപദ്രവത്തിനും വരാത്തവളാ, എന്നെ കാണുമ്പോൾ ആ കണ്ണിന്റെ തിളക്കം മാത്രം മതിയായിരുന്നു…

ആ അവള് എന്നെ വേണ്ടന്ന് പറഞ്ഞു, നീയൊക്കെ കാരണം. നീയൊക്കെ അവളെ നശിപ്പിച്ചു എന്ന തോന്നൽ കാരണം. എന്റെ താലിക്ക് മുന്നിൽ തലകുനിച്ചു തരുമ്പോൾ ഉള്ളിൽ അവൾ നിലവിളിക്കുകയായിരുന്നെടാ… നീയെല്ലാം കൂടി ചെയ്തത് നിന്റെയൊക്കെ കുടുംബത്തിൽ കേറി ചെയ്യാൻ കാശിക്ക് അറിയാഞ്ഞിട്ടല്ല. അങ്ങനെ ചെയ്യാൻ ഞാൻ നിങ്ങളെ പോലെ ചെറ്റയല്ല. അല്ലെങ്കിലും നീയൊന്നും ചെയ്തതിന് വീട്ടുകാരെ പറഞ്ഞതുകൊണ്ടോ ചെയ്തത് കൊണ്ടോ കാര്യമില്ല. നിന്നെയൊക്കെ വീട്ടിൽ സാഹിക്കുന്നതിന്റെ തന്നെ പാട് അവർക്കറിയാം.

നിന്നെയെല്ലാം തൂക്കിയെടുത്ത് അകത്തിടാൻ അറിയാഞ്ഞിട്ടല്ല, കൂടി പോയാൽ അഞ്ചോ പത്തോ വർഷം. അത്രയും നാള് ജയിലിൽ സുഖിക്കും നീയെല്ലാം. സമയാസമയം ഭക്ഷണവും കിടക്കാനൊരിടവും എല്ലാം അവിടെ റെഡിയാണല്ലോ. ഇടക്കിടക്ക് പരോളും കിട്ടും. വീട്ടുകാരെ വന്നു കാണാം, ഇതുപോലത്തെ തന്തയില്ലാത്ത പരിപാടി വീണ്ടും കാണിക്കാം.. അതും കഴിയുമ്പോ നീയെല്ലാം ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങും. ഇനിയും ഒരു അവസരം കിട്ടിയാൽ വീണ്ടും നീയെല്ലാം ഇതുതന്നെ ചെയ്യും.

ഒരു പെണ്ണിനെ ഒറ്റക്ക് കണ്ടാൽ സഹായിക്കുകയോ സംരക്ഷിക്കുകയോ ഒന്നും വേണ്ട, പക്ഷെ ഉപദ്രവിക്കാതിരിക്കാനുള്ള മിനിമം മര്യാദ, അതുണ്ടാകണം, ഏതൊരാണിനും. അതുകൊണ്ട്, ഇനിയൊരിക്കലും ഒരു പെണ്ണിന്റെയും നേരെ നിന്റെയൊന്നും കൈ പൊങ്ങാതിരിക്കാൻ കാശിയൊരു സമ്മാനം തരാൻ പോകുവാ.. നീയൊന്നും ഒരിക്കലും മറക്കാത്ത ഒരു സമ്മാനം.” പിന്നെ അങ്ങോട്ട് കാശിയുടെ സംഹാര താണ്ഡവം ആയിരുന്നു. ആദ്യം സാം, പിന്നെ രഞ്ജിത്. നിഖിലിനെ അവൻ അവസാനത്തേക്ക് മാറ്റി നിർത്തി. കണ്മുന്നിൽ നടക്കുന്നതെല്ലാം കണ്ടും കേട്ടും നിഖിലിന്റെ പാതി ജീവൻ പോയിരുന്നു.

ഉടലോടെ നരകത്തിലേക്ക് പോയിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചുപോയി. അവരെക്കാളും ക്രൂരമായ വിധിയാണ് കാശി തനിക്ക് കരുതി വച്ചിരിക്കുന്നത് എന്ന് അവനറിയാമായിരുന്നു. നിയമം സംരക്ഷിക്കാൻ ബാധ്യസ്ഥനായ ഒരു പോലീസുകാരൻ ആണ് താനെന്ന ഉത്തമ ബോധ്യം കാശിക്ക് ഉണ്ടായിരുന്നു. അത് മാത്രമല്ല, ആരുടെയും ജീവനൊടുക്കാൻ തനിക്ക് അധികാരം ഇല്ല എന്ന തിരിച്ചറിവും. അല്ലെങ്കിലും മരണം അവർക്കുള്ള കുറഞ്ഞ ശിക്ഷ ആകുമല്ലോ. ഒരു അവസാന ശ്രമം എന്നവണ്ണം നിഖിൽ പറഞ്ഞു:

“സാറേ.. തെറ്റു പറ്റി പോയി. തിരുത്താൻ ഒരു അവസരം തരണം. എന്റെ ഭാര്യ ഗർഭിണിയാണ് സാറേ. അല്പം കരുണ കാണിക്കണം.” “എന്റെ തനുവിനെ പിച്ചിചീന്തുമ്പോൾ നീ ഓർത്തില്ലേ നിന്റെ ഭാര്യ ഗർഭിണിയാണെന്ന്?” നിഖിലിന് മറുപടി ഇല്ലായിരുന്നു. “എന്റെ തനു നിന്റെ മുൻപിൽ യാചിച്ചില്ലേ, ഉപദ്രവിക്കരുത് എന്നു പറഞ്ഞു? അപ്പോൾ നീ അവളോട് കാണിച്ചോ കരുണ? നിണക്കില്ലാത്ത കരുണ നിന്നോട് കാണിക്കാൻ ഞാൻ കർത്താവല്ല നിഖിൽ.. ഒരു സാധാരണ മനുഷ്യനാണ്.” ഒന്നു നിർത്തി, നിഖിലിനെ ചുളുങ്ങിപ്പോയ ഷർട്ട് പിടിച്ചു നേരെയാക്കി, കവിളിൽ ഒന്നു തട്ടിക്കൊണ്ട് കാശി തുടർന്നു: “കൊല്ലില്ല ഞാൻ, പക്ഷെ കൊല്ലാതെ കൊല്ലും.

ഈ ജീവിതം ഒന്ന് അവസാനിച്ചെങ്കിൽ എന്ന് ആഗ്രഹിച്ചുപോകും നീ. മലമൂത്ര വിസർജനം ചെയ്യാൻ പോലും പരസഹായം ഇല്ലാതെ കഴിയാത്ത അവസ്ഥയിൽ എത്തിക്കും നിന്നെ ഞാൻ. അന്നും നിന്നെ സഹായിക്കാൻ അമ്മയോ, ഭാര്യയോ അങ്ങനെ ആരെങ്കിലും തന്നെ വേണ്ടി വരും. ആ സ്ത്രീകളുടെ കരുണയിൽ കഴിഞ്ഞാൽ മതി ഇനി നീ. അതാണ് എന്റെ തനുവിനോട്, അവളിലെ പെണ്ണിനോട് നീ ചെയ്തതിനുള്ള ശിക്ഷ” നിഖിലിന്റെ ശരീരത്തിലെ ഓരോ അസ്തിയും നുറുങ്ങുമാറ്, റോമകൂപങ്ങൾ പോലും നിലവിളിക്കുമാറ് പരാക്രമം ആയിരുന്നു അവൻ.

ഒടുവിൽ അവൻ മരിച്ചുപോകും എന്ന അവസ്ഥയിൽ കാശി സ്വയം നിയന്ത്രിച്ചു. തളർച്ചയോടെ നിലത്തേക്ക് ഇരുന്നുപോയി കാശി. സന്തോഷ് ആവന് വെള്ളം എടുത്തു കൊടുത്തു. ഒരാശ്രയത്തിന് എന്നവണ്ണം സന്തോഷിന്റെ കൈകളിൽ മുറുകെ പിടിച്ച് കുറച്ചുസമയം ഇരുന്നു അവൻ. പിന്നെ മെല്ലെ എഴുന്നേറ്റു നടന്നു: “പൊക്കിയെടുത്തു മെഡിക്കൽ കോളേജിൽ കൊണ്ടു തട്ടിയേക്കു. വകുപ്പൊന്നും ഞാൻ പറഞ്ഞുതരണ്ടല്ലോ സന്തോഷിന്.

എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക്” “സർ പൊയ്ക്കോളൂ. ഞാൻ നോക്കിക്കോളം. എനിക്കും വീട്ടിൽ ഒരു പെണ്കുട്ടി വളർന്നു വരുന്നുണ്ട് സർ.” സന്തോഷിന്റെ തോളിലൊന്നു തട്ടിയ ശേഷം കാശി പുറത്തേക്ക് നടന്നു. മനസിലെ സംഘർഷം കൂടുന്നു എന്നു കണ്ട അവൻ വടക്കുംനാഥന്റെ നടയിലേക്ക് വണ്ടി പായിച്ചു..

തുടരും- അടുത്തപാർട്ട് ഇന്ന് രാത്രി 8 മണിക്ക് ഈ പേജിൽ പോസ്റ്റും…

ഭാര്യ : ഭാഗം 7

Share this story