നാഗമാണിക്യം: ഭാഗം 23

നാഗമാണിക്യം: ഭാഗം 23

എഴുത്തുകാരി: സൂര്യകാന്തി

സുഭദ്ര ഒന്നും മിണ്ടാതെ മുറിയിൽ നിന്നും ഇറങ്ങി പോയി.. വിഷ്ണു വല്ലാതായി.. കുറേ ദിവസമായവൾ ആ വാര്യത്തെ പെണ്ണിന്റെ കാര്യവും പറഞ്ഞു ചൊറിയാൻ തുടങ്ങിയിട്ട്. ഇന്ന് പിന്നെയും അത് ആവർത്തിച്ചപ്പോൾ കൈ വിട്ടു പോയി.. എത്ര വഴക്ക് കൂടിയാലും അവളുടെ കുറുമ്പുകൾ ഒക്കെ ആസ്വദിച്ചിട്ടേയുള്ളൂ. ഒരിക്കലും വാക്കുകളാൽ പറഞ്ഞിട്ടില്ലെങ്കിലും അവൾക്കും അറിയാം ഈ മനസ്സിൽ സുഭദ്ര മാത്രമേയുള്ളൂവെന്ന്.. എന്നാലും വാശി കയറിയാൽ ജയിക്കാൻ വേണ്ടി എന്തെങ്കിലുമൊക്കെ വിളിച്ചു പറയും..

പക്ഷെ ഇത് ഇത്തിരി കൂടിപ്പോയി.. അന്ന് അംബിക എന്തോ പറഞ്ഞുവെന്ന് പറഞ്ഞു ഇവിടെ വന്നു ഉറഞ്ഞു തുള്ളിയത് ഇപ്പോഴും ദഹിച്ചിട്ടില്ല… അതിനൊപ്പം ഇതും.. ഹാ.. സാരമില്ല.. അമ്മായി പറയണ പോലെ ഇടയ്ക്ക് ഇങ്ങനെ ആരോടെങ്കിലും കിട്ടണം.. ന്നാലെ ഒന്നടങ്ങു.. ഇല്ലത്തെ ആകെയുള്ള പെൺതരി ആണെന്നും പറഞ്ഞു എല്ലാരൂടെ തലയിൽ കയറ്റി വെച്ചിരിക്കല്ലേ.. ന്നാലും… നെഞ്ചിൽ എവിടെയോ ഒരു നീറ്റൽ.. അച്ഛൻ മരിച്ചു കഴിഞ്ഞു, അമ്മയോടൊപ്പം ഇവിടെ എത്തിയപ്പോൾ ആകെയൊരു ശ്വാസം മുട്ടലായിരുന്നു. അമ്മാവനോ അമ്മായിയോ ആരും തന്നെ ഒരു വേർതിരിവും കാണിച്ചിട്ടില്ല..സ്വന്തം മക്കളെക്കാൾ കൂടുതൽ സ്നേഹിച്ചിട്ടേയുള്ളൂ…

പക്ഷേ.. അവൾ.. സുഭദ്ര.. തന്റെ വരവ് അവൾക്കൊരു വെല്ലുവിളിയായിരുന്നു… ശത്രുവായിരുന്നു താൻ… ദ്രോഹിക്കാനും വേദനിപ്പിക്കാനും കിട്ടിയ ഒരവസരവും സുഭദ്ര പാഴാക്കിയിട്ടില്ല.. ജാതവേദന്റെ സ്നേഹം അനന്തിരവന് കൂടെ പങ്കിട്ടു പോവുന്നത് അവൾക്ക് സഹിക്കാനാവുമായിരുന്നില്ല… വെറുപ്പായിരുന്നു തനിക്കും.. പിന്നീട് എപ്പോഴാണെന്ന് അറിയില്ല അത് സ്നേഹമായി മാറിയത്.. പണിക്ക് വരുന്ന പെണ്ണുങ്ങൾക്ക് പലപ്പോഴും ആരോടും ചോദിക്കാതെ കണക്കില്ലാതെ ഭക്ഷണസാധനങ്ങൾ എടുത്തു കൊടുക്കുന്നത് കണ്ടിട്ടുണ്ട്. അവരുടെ കുഞ്ഞുങ്ങൾക്കെന്നും പറഞ്ഞു പറമ്പിലെ ചക്കയും മാങ്ങയുമൊക്കെ കൊടുത്തു വിടുന്നത് കണ്ടിട്ടുണ്ട്..

പിന്നീടാണ് മനസ്സിലായത് അവളുടെ സ്ഥാനം അപഹരിക്കാൻ എത്തിയവൻ എന്ന രീതിയിലാണ് തന്നെ കണ്ടിട്ടുള്ളതെന്ന്.. പിന്നെ പതിയെ പതിയെ എപ്പോഴോ തന്നെ നോക്കുന്ന ആ കണ്ണുകളിൽ തിളക്കം കൂടി വന്നു. വഴക്കിന്റെ രീതികളും മാറിത്തുടങ്ങിയിരുന്നു… ഒരിക്കലും തുറന്നു പറയണമെന്ന് തോന്നിയിട്ടില്ല.. ആ കണ്ണുകളിൽ, ചില വാക്കുകൾ, പ്രവൃത്തികളിൽ ഉണ്ടായിരുന്നു.. ജീവനാണെന്ന്… ഇപ്പോൾ ഉണ്ടാക്കിയ വഴക്ക് പോലും സ്നേഹക്കൂടുതൽ കൊണ്ടാണെന്ന് അറിയാം.. ന്നാലും… അന്ന് അമ്മാവൻ വേളിക്കാര്യം പറഞ്ഞപ്പോൾ മനസ്സ് തുടിച്ചതാണ്.. എന്നാൽ അവളെ നോക്കിയപ്പോൾ, അപ്പോഴും അംബിക പറഞ്ഞത് തന്നെ ആയിരുന്നു അവളുടെ പ്രശ്നം…

ഇനി ഒരു താലി ആ കഴുത്തിൽ അണിയിച്ചതിന് ശേഷം, നെഞ്ചിൽ ചേർത്തിരുത്തി, ആ വിടർന്ന കണ്ണുകളിൽ നോക്കി പറയണം, മനസ്സിലെ പ്രണയം മുഴുവൻ.. “ന്താണ് കള്ളകാമുകന് ഒരാലോചന..? ” തൊട്ടരികെ നിന്ന് ചോദ്യം കേട്ടപ്പോൾ ഒന്ന് ഞെട്ടി.. ആദി.. പിറകിലായി ദേവനും.. “അത് പ്രത്യേകിച്ച് ഒന്നുംണ്ടാവില്ലെടാ ന്റെ പെങ്ങൾ എന്തെങ്കിലും ഒപ്പിച്ചു കാണും, ആട്ടെ ന്നെവിടെയാ തോല് പോയത്…? ” ദേവനാണ് ചോദിച്ചത്.. “ഇന്ന് അവൾക്കാണ് കിട്ടിയത്…? ” “ടാ നീ ന്റെ അനിയത്തിക്കുട്ടീനെ ന്താ ചെയ്തത്? ” ചോദ്യം ആദിയുടേതായിരുന്നു.. “അവൾ ഇന്നും ആ വാര്യത്തെ പെണ്ണിന്റെ കാര്യോം പറഞ്ഞു വന്നപ്പോൾ നിക്കങ്ങു ദേഷ്യം വന്നു.

ഞാനൊന്ന് പൊട്ടിച്ചു… ” “ഭാഗ്യം അളിയാ ന്നിട്ട് നിയ്യ് പ്പോഴും ജീവനോടെ ഇണ്ടല്ലോ… ” ദേവൻ ചിരിയോടെ പറഞ്ഞു. “ന്നാലും തല്ലേണ്ടായിരുന്നു, അതും നിന്റെയീ മരം പോലുള്ള കൈയും വെച്ച്, പാവം കുട്ടിയ്ക്ക് നൊന്തിട്ടുണ്ടാകും.. ” ആദി വീണ്ടും പറഞ്ഞു. “ന്റെ പെങ്ങളായത് കൊണ്ട് പറയല്ല, അവൾക്ക് ഒരടീടെ കുറവുണ്ടായിരുന്നു. നിക്കോ ധൈര്യല്ല… പാവം ന്റെ ലക്ഷ്മി വേളിയ്ക്ക് മുൻപേ വിധവയായി പോവൂന്നു പേടീണ്ടേ.. ” ദേവൻ പറഞ്ഞത് കേട്ട് വിഷ്ണു ചിരിച്ചെങ്കിലും ആ ചിരിയ്ക്ക് തെളിച്ചമില്ലായിരുന്നു. “സാരല്ല്യടാ, നിന്നോട് അധികസമയൊന്നും പിണങ്ങി ഇരിക്കാൻ അവൾക്ക് പറ്റൂല.. ”

ദേവൻ വിഷ്ണുവിനെ ആശ്വസിപ്പിച്ചു.. പക്ഷേ അന്നും പിറ്റേന്നുമൊന്നും സുഭദ്ര വിഷ്ണുവിനെ മൈൻഡ് ചെയ്തതേയില്ല.. സന്ധ്യയ്ക്ക് വിഷ്ണുവിനെ തിരക്കി അകത്തേക്ക് കയറിയതായിരുന്നു ആദിത്യൻ. ഇടനാഴിയിലൂടെ നടക്കുമ്പോൾ തികച്ചും അപ്രതീക്ഷിതമായാണ് ആ മുഖം മുൻപിൽ വന്നു പെട്ടത്… ഭദ്ര.. പെട്ടെന്ന് അവനെ കണ്ടു അവളുമൊന്ന് പകച്ചു. അടുത്ത നിമിഷം ഭദ്ര മിഴികൾ താഴ്ത്തി.. “താൻ ന്താ ഇവിടെ…? ” ഒരു നിമിഷം കഴിഞ്ഞായിരുന്നു മറുപടി. “അത് ഞാൻ… ഞാൻ സുഭദ്ര വിളിച്ചിട്ട് വന്നതാണ്.. കുറച്ചീസം വിടെ ഇണ്ടാകും.. ” മുഖത്ത് നോക്കാതെയായിരുന്നു മറുപടി.

എന്തോ, ആദിത്യന് അപ്പോൾ ആ മുഖം കൈക്കുമ്പിളിൽ എടുക്കാൻ തോന്നി. നേർത്ത വിഷാദച്ഛവിയുള്ള, മഷിയെഴുതാത്ത കണ്ണുകളിലെ, ഇടതൂർന്ന പീലികളിൽ ചുണ്ടുകൾ ചേർക്കണമെന്ന് തോന്നി പോയി. അവളെ നെഞ്ചോട് ചേർത്ത് ആ സങ്കടങ്ങൾ മുഴുവനും സ്വന്തമാക്കണമെന്ന് തോന്നി… ആ തോന്നലിൽ തന്നെയാണ് കൈയിൽ പിടിച്ചത്.. ഭദ്ര ഞെട്ടലോടെ കൈ പിൻവലിക്കാൻ ശ്രമിച്ചെങ്കിലും ആദിത്യൻ വിട്ടില്ല… “നിക്ക് വേണം ഈ പെണ്ണിനെ.. ഇന്നോളം ഒന്നും മനസ്സറിഞ്ഞു ആഗ്രഹിച്ചിട്ടില്ല്യ… പക്ഷേ ഈ നിമിഷം മുതൽ ആദിത്യൻ മോഹിക്കയാണ്.. ഈ മനസ്സ് സ്വന്തമാക്കാൻ ആഗ്രഹിക്കയാണ്.. ”

അവളുടെ കണ്ണുകൾ നിറഞ്ഞത് കണ്ടപ്പോൾ ആദി പതിയെ അവളുടെ കൈയിലെ പിടുത്തം വിട്ടു. അടുത്ത നിമിഷം ഒരു തേങ്ങലോടെ ഭദ്ര അകത്തേക്കോടി പോയി.. പിറ്റേന്ന് വൈകുന്നേരം വിഷ്ണുവും ആദിയും ദേവനും നാഗക്കാവിനരികിലൂടെ കയറി വരുമ്പോഴാണ് താമരക്കുളത്തിന്റെ പടവുകളിൽ ഇരിക്കുന്ന സുഭദ്രയേയും ഭദ്രയേയും കണ്ടത്.. അവർ അരികിലെത്തുമ്പോൾ എന്തൊക്കെയോ പറഞ്ഞു ചിരിക്കുകയായിരുന്നു സുഭദ്രയും ഭദ്രയും.. “ആഹാ.. തെന്താ ഇത്രേം ചിരിക്കാനുള്ള കാര്യം, ഞങ്ങളൂടെ കേക്കട്ടെ… ”

പറഞ്ഞു കൊണ്ട് ആദി സുഭദ്രയ്ക്കരികെ പടവിൽ ഇരുന്നു. അവൾക്കെതിരെയുള്ള കെട്ടിൽ വിഷ്ണുവും ആദിയുടെ അടുത്തായി ദേവനും… “ഞങ്ങൾ പോവാ, ആരേലും കണ്ടാൽ പിന്നെ അത് മതി… ” എഴുന്നേൽക്കാൻ ശ്രെമിച്ചു കൊണ്ട് സുഭദ്ര പറഞ്ഞു. “ഹാ വിടെ ഇരിക്കെടി, ദേ നിന്റെ രണ്ട് ആങ്ങളമാരും നിന്നെ വേളി കഴിക്കാൻ പോണവനുമാ കൂടെയുള്ളത്, അപ്പോ നീ ആരെ പേടിച്ചാ ഓടുന്നത്.. ” സുഭദ്രയുടെ കൈയിൽ പിടിച്ചിരുത്തി കൊണ്ട് ആദിത്യൻ പറഞ്ഞു. ഇതെല്ലാം കണ്ടു അന്ധാളിച്ച് നിൽക്കുന്ന ഭദ്രയെ നോക്കി ആദി കണ്ണിറുക്കിയത് ആരും കണ്ടില്ല… ഭദ്രയ്ക്ക് ഇതെല്ലാം പുതിയ അനുഭവങ്ങളായിരുന്നു..

ഇല്ലത്തിന്റെ അകത്തളങ്ങളിലും നാഗക്കാവിലും മാത്രം സമയം ചിലവിടുന്ന അവൾ അവിടെയുള്ള പുരുഷന്മാരുമായി പോലും നേരാംവണ്ണം സംസാരിച്ചിട്ടില്ല… “ന്റെ സുഭദ്രക്കുട്ടി നാഗപഞ്ചമിയ്ക്ക് വിഷ്ണുവിന്റെ താലിയുമണിഞ്ഞു ആ നാഗാച്ചിലമ്പിട്ടു ആടണത് കാണണമെന്നുള്ളത് ന്റെ വല്യ മോഹാ.. വൈകാതെ അത് നടക്കാൻ പോവല്ലേ.. ” അറിയാതെ സുഭദ്രയുടെ കണ്ണുകൾ വിഷ്ണുവിനെ തിരഞ്ഞെത്തി.അവന്റെ കണ്ണുകൾ താമരക്കുളത്തിലേക്കായിരുന്നെങ്കിലും ചുണ്ടിലൊരു കുസൃതിച്ചിരി ഒളിഞ്ഞിരുന്നു…

ആദിയുടെ കണ്ണുകൾ ഇടക്കിടെ തന്നെ തേടിയെത്തുന്നത് ഭദ്ര അറിയുന്നുണ്ടായിരുന്നെങ്കിലും അവൾക്ക് മിഴികൾ ഉയർത്താൻ പേടിയായിരുന്നു.. സുഭദ്രയും ഭദ്രയും മനയ്ക്കലെ മുറ്റത്ത്‌ എത്തിയപ്പോൾ പൂമുഖത്ത് ജാതവേദനോടൊപ്പം ഭദ്രൻ തിരുമേനിയും ഉണ്ടായിരുന്നു. അദ്ദേഹം ഭദ്രയെ ഒന്ന് നോക്കി. മേലേരിയിൽ തന്നെ സ്നേഹിക്കുന്ന ഒരേ ഒരാൾ.. നാഗകന്യയായി തന്നെ അവരോധിക്കുന്നതിനോടും ഒട്ടും താല്പര്യമില്ലായിരുന്നു അമ്മാവന്. എല്ലാവരുടെയും അവഗണയിൽ നിന്നും കുത്തുവാക്കുകളിൽ നിന്നും രക്ഷപ്പെടാൻ താൻ തന്നെയാണ് അദ്ദേഹത്തോട് സമ്മതം അറിയിച്ചത്…

സുഭദ്ര യോടൊപ്പം അടുക്കള മുറ്റത്തേക്ക് നടക്കുന്നതിനിടെ ഭദ്ര ഓർത്തു. ” എന്തെങ്കിലുമൊക്കെ അവൻ മനസ്സിൽ കണ്ടിട്ടുണ്ടാവും.. ഈ ഒരുതവണകൂടി പാഴായി പോയാൽ അവന്റെ ഉദ്ദേശങ്ങൾ ഒന്നും നടക്കില്ല്യാന്ന് ഭൈരവന് വ്യക്തമായി തന്നെ അറിയാം.. അതുകൊണ്ട് നമ്മൾ കരുതിയിരിക്കണം..” “ഒന്നും സംഭവിക്കില്ല്യ, അവനെ എങ്ങനെ നേരിടണം എന്ന് നിക്കറിയാം.. വിഷ്ണു ന്റെ കൂടെയുണ്ട്..അതാണ് ന്റെ ധൈര്യം ” “ജാതവേദാ, അങ്ങിനെ അങ്ങ് നിസ്സാരനാക്കി കളയണ്ട ഭൈരവനെ… പരകായപ്രവേശം പോലും സ്വായത്തമാക്കിയവനാണ് ഭൈരവൻ. അവന് അറിയാത്ത നീചകർമ്മങ്ങളില്ല…”

അവരുടെ സംസാരം സുഭദ്രയുടെ ചെവികളിൽ എത്തി…. വിഷ്ണു പറഞ്ഞേല്പിച്ചതനുസരിച്ച് പാടത്തെ പണിക്കാരുടെ അടുത്തേക്ക് നടക്കുകയായിരുന്നു ആദിത്യൻ.. തൊട്ടരികെ എത്തിയപ്പോഴാണ് അവൻ അയാളെ കണ്ടത്… ഭൈരവൻ.. മുഖത്തൊരു പരിഹാസച്ചിരിയുമുണ്ടായിരുന്നു.. “ഓ നാഗകാളി മഠത്തിലെ ഇളമുറതമ്പുരാൻ എങ്ങോട്ടാ.. ” മറുപടി ഒന്നും പറയാതെ ആദിത്യൻ നടക്കാൻ തുടങ്ങവേ വീണ്ടും അയാൾ പറഞ്ഞു. “അവിടെയുള്ളതുങ്ങളുടെ കാല് നക്കി നടക്കാതെ തിരികെ തറവാട്ടിൽ വന്നു നിൽക്കാൻ നോക്കടാ ചെറുക്കാ..

ഞാൻ പറയുന്നതനുസരിച്ച് ന്റെ കൂടെ നിന്നാൽ നീ ആഗ്രഹിക്കുന്നത് പോലെ മേലേരിയിലെ പെണ്ണിനെ അടക്കം നിനക്ക് ഞാൻ നേടി തരും.. ആലോചിക്ക്… നല്ലത് പോലെ ആലോചിക്ക്.. ഭൈരവന്റെ ചോരയാ നീയ്യ് .. ” “നിങ്ങളുടെ ചോരയാ ഞാനെന്ന് ഓർക്കുമ്പോഴാണ് നിക്ക് ഈ ജീവൻ തന്നെ വേണ്ടെന്നു വെക്കാൻ തോന്നണത്.. ” തിരിഞ്ഞു നോക്കാതെ നടന്നു പോവുന്ന ആദിത്യനെ കണ്ടതും അയാളുടെ കണ്ണുകൾ ഒന്ന് കൂടെ ചുവന്നു.. ആ തടിച്ച ചുണ്ടുകളിൽ ഒരു ചിരി വിടർന്നു.. ക്രൂരത നിറഞ്ഞ ചിരി… സുഭദ്ര മനപ്പൂർവം വിഷ്ണുവിന്റെ മുൻപിൽ പെടാതെ ഒഴിഞ്ഞു മാറി നടന്നു.

അവളെയൊന്ന് കാണാതെ അവന്റെ മനസ്സ് അസ്വസ്ഥമായി തുടങ്ങിയിരുന്നു.. കണ്ടാലും എന്തെങ്കിലും സംസാരിക്കാൻ ശ്രെമിച്ചാൽ പെണ്ണ് തലയിൽ കയറി നിരങ്ങും എന്നറിയാവുന്നത് കൊണ്ട് അങ്ങോട്ട്‌ അന്വേഷിച്ചു ചെല്ലാനൊന്നും വയ്യ.. വിഷ്ണു അകത്തളത്തിലേക്കിറങ്ങി.. “അമ്മേ ന്റെ ആ വെള്ളക്കരയുള്ള കുപ്പായം എവിടെ..? ” “സുഭദ്രേ, മോള് ചെന്ന് അലക്കിയിട്ടതിൽ നിന്ന് അവന്റെ കുപ്പായം എടുത്തു കൊടുത്തേക്ക്..” തോരനു വേണ്ടി പയറ് നുറുക്കുന്നതിനിടെ ശ്രീദേവി സുഭദ്ര യോട് പറഞ്ഞു.. “അത് അപ്പച്ചി തന്നെ എടുത്തു കൊടുത്തേക്ക്, ഞാനിത് നുറുക്കി തരാം..”

ശ്രീദേവിയുടെ കയ്യിൽ നിന്ന് കത്തി വാങ്ങാൻ ശ്രമിച്ചുകൊണ്ട് സുഭദ്ര പറഞ്ഞു ” ഡി പെണ്ണേ, കളിക്കാതെ ചെന്ന് അവന് ആ കുപ്പായം എടുത്തു കൊടുത്തേക്ക്. ഇനി അവന്റെ കാര്യങ്ങളൊക്കെ നോക്കേണ്ടത് നീ തന്നെയല്ലേ..” ഭഗീരഥി തെല്ലു ദേഷ്യത്തോടെ പറഞ്ഞതുകേട്ട് സുഭദ്ര ചവിട്ടി തള്ളി പുറത്തേക്ക് നടന്നു. അത് കണ്ടു ഊറിവന്ന ചിരിയടക്കി വിഷ്ണു വേഗം തന്നെ തന്റെ മുറിയിലേക്ക് നടന്നു… കുറച്ചു കഴിഞ്ഞു വിഷ്ണു റൂമിൽ എന്തോ തിരയുമ്പോൾ കേട്ടു. “ന്നാ കുപ്പായം.. ” തിരിഞ്ഞു നോക്കിയപ്പോൾ അറവാതിൽക്കൽ നിന്ന് കുപ്പായം അകത്തേക്ക് നീട്ടുന്ന സുഭദ്ര.. “ന്താടീ അത് ഇങ്ങോട്ട് കൊണ്ടു തന്നൂടെ..? ”

“ഓ ഈ പള്ളിയറയിലേക്ക് കേറാനൊന്നും മ്മളില്ലേ… ” അവൾ ഷർട്ട് അറവാതിൽക്കൽ വെക്കാൻ നോക്കിയതും വിഷ്ണു ആ കൈയിൽ പിടിച്ചു വലിച്ചു. സുഭദ്ര അകത്തേക്ക് ആഞ്ഞു ചെന്ന് തട്ടി നിന്നത് അവന്റെ നെഞ്ചിലാണ്.. “ആഹാ.. ത്രയ്ക്ക് വാശി പാടില്ലാലോ..” “ഹും.. ” തന്നെ ചേർത്തു പിടിക്കാൻ വന്ന വിഷ്ണുവിന്റെ കൈകൾ തട്ടിത്തെറിപ്പിച്ചു അവൾ പുറത്തേക്ക് നടന്നു.. “ടി പെണ്ണേ, ആ വാര്യത്തെ പെണ്ണിനെ ഞാൻ ശരിക്കും കണ്ടിട്ട് കൂടെയില്ല്യ, ഇനി അതിന്റെ പേരിൽ മുഖം വീർപ്പിച്ചു നടക്കണ്ട.. ”

“കണ്ടിട്ടില്ല്യേൽ പോയി നോക്കായിരുന്നില്ല്യേ.. ” അവന്റെ പറച്ചിൽ കേട്ട് ചിരി വന്നുവെങ്കിലും സുഭദ്രയുടെ നാവിൽ എത്ര നിയന്ത്രിക്കാൻ ശ്രമിച്ചാലും തറുതലയെ വരികയുള്ളൂ.. “ഈ ഭദ്രകാളിയെ ഇന്ന് ഞാൻ… ” വിഷ്ണു അവളെപിടിക്കാനാഞ്ഞെങ്കിലും ഒരു പൊട്ടിച്ചിരിയോടെ സുഭദ്ര ഓടിപോയി.. കൊലുസിന്റെ കിലുക്കം കേൾക്കവേ വിഷ്ണു തലയൊന്നാട്ടികൊണ്ട് പുഞ്ചിരിച്ചു.. ആദിത്യൻ ഭദ്രയുടെ പിന്നാലെ നടന്നെങ്കിലും അവൾക്ക് ഭയമായിരുന്നു. പലതും പറഞ്ഞു ആദിത്യനെ പിന്തിരിപ്പിക്കാൻ ഭദ്ര ശ്രമിച്ചെങ്കിലും അവളെ ജീവിതത്തിലേക്ക് കൂടാനുള്ള അവന്റെ തീരുമാനം ഉറച്ചതായിരുന്നു..

വൈകാതെ അവനത് വിഷ്ണുവിനോടും ദേവനോടും തുറന്നു പറഞ്ഞു. ആദ്യമൊന്ന് ഞെട്ടി, അവനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവന്റെ മനസ്സ് അറിഞ്ഞപ്പോൾ, എന്തിനും കൂടെയുണ്ടാവുമെന്ന് അവർ ആദിത്യന് വാക്കു കൊടുത്തു.. പലപ്പോഴും സുഭദ്രയും ആദിത്യനും തമ്മിലുള്ള അടുപ്പം ഭദ്രയെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. രണ്ടുപേരെയും വിശ്വാസക്കുറവൊന്നും ഇല്ലായിരുന്നെങ്കിലും ഭദ്രയുടെ കണ്ണിൽ ആദിത്യനും സുഭദ്രയും തികച്ചും അന്യരായ രണ്ടു പേര് മാത്രമായിരുന്നു. ആദിത്യന്റെ കാര്യങ്ങളിൽ സുഭദ്ര കൂടുതൽ സ്വാതന്ത്ര്യം എടുക്കുന്നത് ഭദ്രയ്ക്ക് ഇഷ്ടമായില്ല.

പക്ഷേ ആദിത്യനോ സുഭദ്രയ്ക്കോ അത് മനസ്സിലാവുമായിരുന്നില്ല.. കാരണം അവരുടെ മനസ്സിൽ ആ ബന്ധം അത്രമേൽ പവിത്രമായിരുന്നു… എപ്പോഴും ആദിത്യനെ പിന്തുണച്ച് സുഭദ്ര സംസാരിക്കുന്നതും അവന്റെ ഗുണഗണങ്ങൾ പറയുന്നതുമൊക്കെ അവളെ വീർപ്പുമുട്ടിച്ചു കൊണ്ടേയിരുന്നു… ഇല്ലത്തിന്റെ അകത്തളത്തിലെ നൃത്തമണ്ഡപത്തിൽ വിഷ്ണുവിന്റെ സ്വരത്തിനൊത്ത് സുഭദ്ര ചിലങ്കയണിഞ്ഞു ചുവടുകൾ വെയ്ക്കവേ ഇടയ്ക്ക് അവനൊപ്പം ആദിത്യനും ചേർന്നു. ഇരുണ്ട മുഖവുമായി ഭദ്ര എഴുന്നേറ്റ് പോയത് ആരും കണ്ടില്ല..

ഒരു ദിവസം രാവിലെ നാഗക്കാവിൽ വിളക്ക് വെച്ച് പ്രാർത്ഥിച്ചു തിരിച്ചു വരുന്നതിനിടെ സുഭദ്ര താമരക്കുളത്തിലേക്കിറങ്ങി.. പടവിൽ വെള്ളത്തിലേക്ക് കാലിട്ട് ഇരിക്കുന്നതിനിടെയാണ് അരികിൽ ആരോ വന്നിരുന്നത്. കൊലുസിന്റെ കിലുക്കം കേട്ടാണ് സുഭദ്ര മുഖമുയർത്തിയത്. വിഷ്ണുവിന്റെ കൈയ്യിൽ കാണാതായ അവളുടെ ഒറ്റക്കൊലുസ്സ്.. സുഭദ്ര കൈ നീട്ടിയെങ്കിലും അവനത് കൊടുത്തില്ല. അടുത്ത നിമിഷം പതിയെ അവളുടെ ഇടതു കാൽ തന്റെ മടിയിലേക്ക് വെച്ച് അവനത് അവളുടെ കാലിൽ അണിയിച്ചു. ഒരു നിമിഷം കണ്ണുകൾ ഇടഞ്ഞപ്പോൾ വിഷ്ണുവിന്റെ മുഖത്ത് ആ ചിരി തെളിഞ്ഞു..

സുഭദ്ര എപ്പോഴും കാണാൻ കൊതിക്കുന്ന ആ നുണക്കുഴികൾ തെളിഞ്ഞു… അത്യപൂർവമായിട്ടേ അവൾക്കത് കാണാൻ സാധിക്കാറുള്ളൂ… കാരണം വഴക്കിടാനല്ലാതെ അവർ സംസാരിക്കുന്നത് വിരളമായിരുന്നു… സുഭദ്ര കണ്ണെടുക്കാതെ നോക്കുന്നത് കണ്ടാണവൻ എന്തേ എന്ന് മുഖം കൊണ്ടു ആംഗ്യം കാണിച്ചത്.. ഒന്നുമില്ലെന്ന് മുഖമിളക്കി കാണിച്ചിട്ട് സുഭദ്ര വെള്ളത്തിലേക്ക് നോക്കിയിരുന്നു.. ഒന്നും മിണ്ടാതെ, പരസ്പരം നോക്കാതെ അരികിലായി ഇരിക്കുമ്പോഴും രണ്ടു മനസ്സുകളും പ്രണയം പങ്കിടുന്നുണ്ടായിരുന്നു.. ചുണ്ടുകളിൽ പുഞ്ചിരി തെളിഞ്ഞിരുന്നു.. ആ പടവുകളിൽ തെല്ലകലെയായി ആ കുഞ്ഞു കരിനാഗവും ഉണ്ടായിരുന്നു…

ഭദ്രയും സുഭദ്രയും വെറുതെ തൊടിയിൽ ചുറ്റി കറങ്ങുന്നതിനിടെയാണ് സുഭദ്രയെ ദേവൻ വിളിച്ചത്. അവൾക്ക് പിന്നാലെ ഭദ്രയും നടക്കാൻ തുടങ്ങവേ അവളുടെ വഴിയിൽ ആദിത്യൻ പ്രത്യക്ഷപ്പെട്ടു.. “ഭദ്ര, ഞാൻ പറയുന്നത് കേട്ടിട്ട് പോയാൽ മതി. താൻ ഇല്ലാതെ നിക്ക് പറ്റില്ല്യ.. എത്രയൊക്കെ നിഷേധിച്ചാലും ഈ മനസ്സിൽ ഞാനുണ്ടെന്ന് നിക്കറിയാം.. ഒരു പക്ഷേ ഭദ്രൻ തിരുമേനി സമ്മതിച്ചാലും തന്റെ ഇല്ലത്ത് മറ്റാരും നമ്മുടെ ബന്ധത്തിന് സമ്മതിക്കില്ല്യ.. ” അവൾ മുഖം കുനിച്ചു നിന്നതേയുള്ളൂ.. “ദേവന്റെ വേളിയുടെ അന്ന് ഞാൻ വിടെ നിന്നും പോകും.. ന്നോടൊപ്പം ഭദ്രയും.. മദ്രാസിലേക്ക്.. ദേവനും വിഷ്ണുവും എല്ലാം ഏർപ്പാട് ചെയ്തിണ്ട്.. ”

ഭദ്ര ഞെട്ടലോടെ മുഖമുയർത്തി.. “ആദിയേട്ടൻ തെന്തൊക്കെയാ പറയണത്? ” “ഞാൻ പറഞ്ഞതൊക്കെ താൻ കേട്ടതാണ്. താൻ വരും ന്നോടൊപ്പം. ആദിത്യൻ വിളിച്ചാൽ ഭദ്രയ്ക്ക് വരാതിരിക്കാനാവില്ല്യ… ” അവളെയൊന്ന് നോക്കി തിരികെ നടക്കുന്നതിനിടെ ആദിത്യൻ പെട്ടെന്നാണ് പറഞ്ഞത്. “പിന്നെ സുഭദ്രയോട് താൻ പ്പോൾ ഒന്നും പറയണ്ട, എല്ലാം വിഷ്ണു പറഞ്ഞോളും ” ആദിത്യൻ നടന്നു മറഞ്ഞിട്ടും കേട്ടതൊന്നും വിശ്വസിക്കാനാവാതെ നിൽക്കുകയായിരുന്നു ഭദ്ര.. ആദിത്യൻ വിളിച്ചാൽ തനിക്ക് പോവാതിരിക്കാനാവില്ലെന്ന് ഭദ്രയ്ക്ക് നന്നായറിയാമായിരുന്നു..

പക്ഷേ അവരുടെ പദ്ധതികളെല്ലാം തകർത്തു കൊണ്ടായിരുന്നു ഒരു സുപ്രഭാതത്തിൽ ജാതവേദന്റെ മരണം.. വിഷ്ണു നാരായണൻ നാഥനില്ലാതായ നാഗകാളി മഠത്തിന്റെ ചുമതലകൾ ഏറ്റെടുത്തു. ദേവന്റെയും ലക്ഷ്മിയുടെയും വിഷ്ണുവിന്റെയും സുഭദ്രയുടെയും വിവാഹങ്ങൾ മുടങ്ങി… ദിവസങ്ങൾ കടന്നു പോയി.. മരണാന്തരചടങ്ങുകൾ കഴിഞ്ഞതിന്റെ പിറ്റേന്ന് ഭാഗീരഥി തമ്പുരാട്ടി രാഘവവർമ്മയേയും ഭദ്രൻ തിരുമേനിയെയും വിളിപ്പിച്ചു… നാഗപഞ്ചമിയ്ക്ക് മുൻപ് ദേവന്റെയും ലക്ഷ്മിയുടെയും വിവാഹം നാഗപഞ്ചമിയ്ക്ക് മുൻപേ നടത്തണമെന്ന് ആവശ്യപ്പെട്ടു. തൊട്ടടുത്ത ദിവസം വിഷ്ണുവിന്റെയും സുഭദ്രയുടെയും..

പതിവില്ലതാണെങ്കിലും ജാതവേദന്റെ ആഗ്രഹവും ഭൈരവനോടുള്ള ഭയവും നിമിത്തം അവർ വേളിയ്ക്ക് മുഹൂർത്തം കുറിച്ചു.. മുൻപ് തീരുമാനിച്ചത് പോലെ തന്നെ ദേവന്റെയും ലക്ഷ്മിയുടെയും വേളിയുടെ അന്ന് രാത്രി ആദിത്യനും ഭദ്രയ്ക്കും നാട് വിടാനുള്ള ഏർപ്പാടുകൾ വിഷ്ണുവും ദേവനും റെഡി ആക്കിയിരുന്നു.. തിരക്കുകൾക്കിടയിൽ സുഭദ്രയോട് കാര്യങ്ങൾ പറയാൻ വിഷ്ണു വിട്ടു പോയിരുന്നു… തങ്ങളുടെ ജീവിതങ്ങൾ മാറി മറിയാൻ പോവുകയാണെന്നറിയാതെ പ്രണയസാഫല്യത്തിനായി കാത്തിരിക്കുകയായിരുന്നു അവർ.. ഒത്തിരിയൊത്തിരി സ്വപ്നങ്ങളും പ്രതീക്ഷകളുമായി…

ദേവന്റെയും ലക്ഷ്മിയുടെയും വേളി ആർഭാടമൊന്നുമില്ലാതെ കഴിഞ്ഞു… അന്ന് മുഴുവൻ ഭദ്ര തന്നോട് എന്തോ പറയാൻ ശ്രമിക്കുന്നത്‌ പോലെ സുഭദ്രയ്ക്ക് തോന്നിയിരുന്നു.. തിരക്കൊഴിഞ്ഞിട്ട് ചോദിക്കാമെന്ന് കരുതിയെങ്കിലും അവർക്ക് ചുറ്റും ആളുകളായിരുന്നു…. നാഗക്കാവിലേക്ക് പോയ സുഭദ്ര മടങ്ങി വന്നില്ല.. വിഷ്ണുനാരായണൻ താമരക്കുളത്തിന്റെ പടവുകളിൽ ജീവനറ്റു കിടന്നു… ഭദ്രയും ആദിത്യനും അപ്രത്യക്ഷരായിരുന്നു.. ദേവൻ പറഞ്ഞതനുസരിച്ച് അവർക്ക് ഒന്നിച്ച് ജീവിക്കാനുള്ള സൗകര്യമൊരുക്കിയിടത്തൊന്നും അവർ എത്തിയിരുന്നില്ല…..

വാഴൂരില്ലത്ത് വലിയൊരു തീപിടുത്തം നടന്നു.. അവിടെ തനിയെ താമസിച്ചിരുന്ന ഭൈരവനെ പിന്നീട് ആരും കണ്ടില്ല.. ആരും അന്വേഷിച്ചതുമില്ല… ഭഗീരഥി തമ്പുരാട്ടിയുടെ അഭ്യർത്ഥന പ്രകാരം ദേവനാരായണനെയും ലക്ഷ്മിയെയും രാഘവവർമ്മ അജ്ഞാതവാസത്തിനയച്ചു… വർഷങ്ങൾക്കിപ്പുറം അവരുടെ കൊച്ചുമകനായ അനന്തൻ നാഗകാളി മഠത്തിന്റെ അധിപതിയാവുന്നു… ****************** ഭദ്രൻ തിരുമേനിയുടെ വാക്കുകൾ കേട്ടിരിക്കവേ പത്മയുടെയും അനന്തന്റെയും മനസ്സിൽ അനേകം ചിത്രങ്ങൾ തെളിഞ്ഞു….. സംശയങ്ങളും….

(തുടരും )

നാഗമാണിക്യം: ഭാഗം 22

Share this story