സ്ത്രീധനം : ഭാഗം 1

സ്ത്രീധനം : ഭാഗം 1

എഴുത്തുകാരി: സജി തൈപ്പറമ്പ്

നിരുപമയുടെവിവാഹം കഴിഞ്ഞപ്പോൾ വീടിൻ്റെ ആധാരം ബ്ളേഡ് തോമയുടെ കൈയ്യിലായി. മാസാമാസം കൊടുക്കാമെന്നേറ്റ പലിശ കിട്ടാതായപ്പോൾ തോമ വീട്ടിൽ കയറി വരാൻ തുടങ്ങി തോമാ.. നീയെനിക്ക് കുറച്ച് സാവകാശം തരണം ,ഇപ്പോൾ എന്നെക്കൊണ്ട് യാതൊരു നിവൃത്തിയുമില്ല നിരുപമയുടെ അച്ഛൻ തോമയോട് കെഞ്ചി വിശ്വഭരേട്ടാ… നിങ്ങളുടെ മൂത്ത മകൻ ഒരു സർക്കാർ ജോലിക്കാരനായത് കൊണ്ട് ,നിങ്ങള് കൃത്യമായി പലിശ തരുമെന്ന ഉറപ്പിലാ ഞാൻ ഒന്നും നോക്കാതെ രണ്ട് മൂന്ന് ലക്ഷം രൂപയെടുത്ത് തന്നത്,

എന്നിട്ടിപ്പോൾ മാസം മൂന്നാകുന്നു നിങ്ങള് പറ എത്ര ദിവസത്തിനുള്ളിൽ എൻ്റെ മുതലും പലിശയും തിരിച്ച് തരാൻ പറ്റും അതിപ്പോൾ ഒരു ആറ് മാസത്തെ സാവകാശം മതി ,അതിനുള്ളിൽ ഞാനെങ്ങനേലും തരാം ശരി ,ഇപ്പോൾ ഞാൻ പോകുന്നു ഇനി ഞാൻ വരുമ്പോൾ എൻ്റെ സ്വഭാവം ഇതായിരിക്കില്ല ഭീഷണി മുഴക്കി കൊണ്ട്, തോമ പടിയിറങ്ങി പോയപ്പോൾ ഭവാനിയമ്മ ഭർത്താവിൻ്റെയടുത്തേക്ക് വന്നു. അല്ലാ … നിങ്ങളയാളോട് എന്തുറപ്പിലാണ് ആറ് മാസത്തെ അവധി പറഞ്ഞത് ആ സമയത്ത് വല്ലോരും ലക്ഷങ്ങൾ കൊണ്ട് തരാമെന്ന് പറഞ്ഞോ ?

ആരും പറഞ്ഞിട്ടില്ല പക്ഷേ ഞാനൊരു വഴി കണ്ടിട്ടുണ്ട് നമ്മുടെ നീരജിനെ കൊണ്ട് ഒരു കല്യാണം കഴിപ്പിക്കാം ,അവന് സർക്കാർ ജോലിയുള്ളത് കൊണ്ട് നമുക്ക് ആവശ്യമുള്ള സ്ത്രീധനം ചോദിച്ച് വാങ്ങാല്ലോ? ഉം അത് ഞാനും ആലോചിച്ചതാ പക്ഷേ സ്ത്രീധനം വാങ്ങി കല്യാണം കഴിക്കാൻ അവൻ സമ്മതിക്കുമോ അക്കാര്യത്തിൽ പണ്ടേ എതിർപ്പുള്ളവനാണവൻ അതൊക്കെ നിൻ്റെ മിടുക്ക് പോലെയിരിക്കും ,നീയവനോട് നമ്മുടെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥയെ കുറിച്ച് ബോധിപ്പിച്ചാൽ മതി ഉം ഞാൻ പറഞ്ഞ് നോക്കാം അവൻ സമ്മതിച്ചാൽ ആ തോമാടെ കയ്യീന്ന് ആധാരം തിരിച്ച് വാങ്ങാമായിരുന്നു,

ആകെ സമ്പാദ്യമെന്ന് പറയുന്നത് ഈ വീടും പറമ്പുമാണ് ,അത് കണ്ട ബ്ളേഡുകാരൻ കൊണ്ട് പോയാൽ പിന്നെ ഇനി ഇളയവൾ അനുപമയുടെ കാര്യം വരുമ്പോൾ എന്ത് ചെയ്യുമെന്ന ആധിയായിരുന്നു എനിക്ക് വൈകിട്ട് ജോലി കഴിഞ്ഞ് വന്ന നീരജിന് ചായകൊണ്ട് കൊടുത്തിട്ട് ഭവാനിയമ്മ അവനോട് തോമ വന്ന് ബഹളം വെച്ചിട്ട് പോയകാര്യങ്ങളൊക്കെ പറഞ്ഞു. ഞാനെന്ത് ചെയ്യാനാ അമ്മേ എന്നെ കൊണ്ട് ഇപ്പോൾ രണ്ട് മൂന്ന് ലക്ഷം രൂപയെടുക്കാൻ പറ്റുമോ ? സർവ്വീസിൽ കയറിയിട്ട് അധികനാളായിട്ടില്ലാത്തത് കൊണ്ട് ലോണൊന്നും ഉടനെ കിട്ടില്ല അതിന് നിന്നോട് ലോണെടുക്കാൻ ആരെങ്കിലും പറഞ്ഞോ ?

ഞാൻ പറഞ്ഞത് നീയൊരു കല്യാണം കഴിച്ചാൽ നമ്മുടെ ഇപ്പോഴത്തെ ബുദ്ധിമുട്ടുകളൊക്കെ മാറിക്കിട്ടും അമ്മയെന്താ ഉദ്ദേശിക്കുന്നത് എനിക്ക് സ്ത്രീധനം വാങ്ങിച്ചിട്ട് കടം വീട്ടാമെന്നാണോ? അല്ലാതെ വേറെ മാർഗ്ഗമില്ല മോനേ നീയിവിടെ ആദർശവും പറഞ്ഞ് കൊണ്ടിരുന്നാൽ നമ്മുടെ കിടപ്പാടം കണ്ട പലിശക്കാരൻ കൊണ്ട് പോകും ,അത് കൊണ്ട് അമ്മ പറയുന്നത് മോനൊന്ന് സമാധാനത്തോടെ കേൾക്ക് സ്ത്രീധനം നമ്മൾ ചോദിക്കുന്നില്ല പക്ഷേ ഒരു സർക്കാർ ജോലിക്കാരന് വിവാഹ കമ്പോളത്തിൽ ഇപ്പോൾ എന്ത് ഡിമാൻറുണ്ടെന്ന് പെണ്ണിൻ്റെ വീട്ടുകാർക്കറിയാമല്ലോ അവരത് അറിഞ്ഞ് തന്നോളും,

അത് നമ്മള് വേണ്ടെന്ന് വയ്ക്കേണ്ട കാര്യമില്ലല്ലോ എന്നാലും അമ്മേ … ഒരെന്നാലുമില്ല ,ഞാനാ ബ്രോക്കറോട് നല്ല ആലോചനയുണ്ടെങ്കിൽ കൊണ്ട് വരാൻ പറഞ്ഞിട്ടുണ്ട് , നീ അടുത്ത ഞായറാഴ്ച്ച അയാളോടൊപ്പം, രണ്ട് മൂന്ന് സ്ഥലത്ത് പോയി പെണ്ണിനെ കാണ്, നിനക്കിഷ്ടപ്പെടുകയാണെങ്കിൽ ബാക്കി കാര്യങ്ങളൊക്കെ അച്ഛനും അമ്മയും കൂടി നോക്കിക്കൊള്ളാം വീട്ടിലെ ബുദ്ധിമുട്ടോർത്തപ്പോൾ അമ്മയോട് മറിച്ചൊന്നും പറയാൻ കഴിയാതെ നീരജിന് മൗനം പാലിക്കേണ്ടി വന്നു.

പിറ്റേ ഞായറാഴ്ച കൂട്ടുകാരോടൊപ്പം നീരജ് പോയി രണ്ട് പെൺകുട്ടികളെ കണ്ടെങ്കിലും അയാൾക്ക് രണ്ട് പേരെയും ഇഷ്ടമായില്ല ദിവസങ്ങൾ കടന്ന് പോയി മാസം ഒന്ന് കഴിഞ്ഞപ്പോൾ ഭവാനിയമ്മ വീണ്ടും നീരജിനെ സമീപിച്ചു നീ ഇങ്ങനെ കാണുന്ന പെമ്പിള്ളേരെയൊന്നും ഇഷ്ടപ്പെടാതിരുന്നാൽ കാര്യം നടക്കുമോ ?അച്ഛൻ തോമായോട് പറഞ്ഞ ആറ് മാസത്തിൽ ഇനി അഞ്ച് മാസം കൂടിയെ ബാക്കിയുള്ളു അതിനുള്ളിൽ നിൻ്റെ കല്യാണം കഴിഞ്ഞ് അയാൾടെ കാശ് കൊടുക്കണം ഇത്തവണ ഭവാനിയുടെ സ്വരത്തിന് പഴയ മയമില്ലായിരുന്നു. അടുത്തയാഴ്ച കാണാൻ പോകുന്ന പെണ്ണ് നല്ല മിടുക്കിയാണെന്നാ ബ്രോക്കറ് പറഞ്ഞത്,

ആ കുട്ടിയും വീട്ടുകാരും നിന്നെ നേരത്തെ കണ്ടിട്ടുള്ളതാണെന്നാ നിൻ്റെ ഫോട്ടോ കണ്ടപ്പോൾ ബ്രോക്കറോട് അവര് പറഞ്ഞത്, അത് കൊണ്ട് അവരുടെ ഭാഗത്ത് നിന്ന് എതിർപ്പൊന്നുമുണ്ടാകില്ല, അതും നിനക്കിഷ്ടമായില്ലെന്ന് പറഞ്ഞ് ഇങ്ങോട്ട് വന്നേക്കരുത് ഇല്ലമ്മേ… ഇനിയിപ്പോൾ ഞാൻ കാണാൻപോകുന്നില്ല ,അമ്മയും അച്ഛനും പോയി കണ്ടാൽ മതി, നിങ്ങൾക്കിഷ്ടപ്പെടുകയാണെങ്കിൽ ഉറപ്പിച്ചോളു, നിങ്ങൾ തിരിച്ച് വരുമ്പോൾ പെൺകുട്ടിയുടെ ഫോട്ടോ വാങ്ങി കൊണ്ട് വന്നാൽ മതി, എനിക്ക് നേരിട്ട് കാണണമെന്നില്ല ഇനിയിപ്പോൾ തൻ്റെ സങ്കല്പത്തിലെ പെണ്ണിന് വേണ്ടി കാത്തിരുന്നാൽ ചിലപ്പോൾ അമ്മ പറഞ്ഞത് പോലെ വീടും പറമ്പും തോമായുടെ കയ്യിലിരിക്കുമെന്ന് നീരജ് ആശങ്കപ്പെട്ടു.

നിരുപമയുടെ ഭർത്താവിൻ്റെ ബന്ധത്തിലുള്ള പെൺകുട്ടിയെയായിരുന്നു അച്ഛനും അമ്മയും കാണാൻ പോയത് ഭവാനിയമ്മയും ,വിശ്വംഭരനും ബ്രോക്കറോടൊപ്പം അവിടെ ചെന്ന് കയറുമ്പോൾ, നിരുപമയും ഭർത്താവും അവിടെയുണ്ടായിരുന്നു. പെൺകുട്ടിയെ എല്ലാവർക്കും ഇഷ്ടമായി ,അവൾക്ക് കൊടുക്കുന്ന സ്ത്രീധനത്തെക്കുറിച്ച് കേട്ടപ്പോൾ ഭവാനിയമ്മയ്ക്ക് ഈ കല്യാണം എത്രയും പെട്ടെന്ന് നടത്തിയാൽ കൊള്ളാമെന്ന് തോന്നി അങ്ങനെ രണ്ട് മാസത്തിനുള്ളിൽ വിവാഹം നടത്താമെന്ന തീരുമാനത്തിൽ അവർ ചായ കുടി കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് തിരിച്ചു .

അമ്മ കൊണ്ട് കൊടുത്ത പെണ്ണിൻ്റെ ഫോട്ടോയിൽ നീരജ് കണ്ണെടുക്കാതെ നോക്കിയിരുന്നു നിരുപമയുടെ കല്യാണത്തിന് ഇങ്ങനെയൊരു സുന്ദരി ഉണ്ടായിട്ട് തൻ്റെ കണ്ണിൽ പെടാതെ പോയല്ലോയെന്ന് അയാൾ പരിതപിച്ചു. ഫോട്ടോയ്ക്ക് പുറകിലെഴുതിയിരിക്കുന്ന ഫോൺ നമ്പർ ആ പെൺകുട്ടിയുടേതാണെന്ന് അടുക്കളയിൽ നിന്ന് അമ്മ വിളിച്ച് പറഞ്ഞത് കേട്ട് അയാൾ ചെറിയ വിറയലോടെ ആ നമ്പരിലേക്ക് ഡയൽ ചെയ്തു ഹലോ ഇത് ഞാനാ നീരജ് ങ്ഹാ ,ഏട്ടാ.. ഒരുമിനുട്ടേ.. ഞാൻ പുറത്തേയ്ക്കൊന്നിറങ്ങട്ടെ അവളുടെ ഏട്ടാന്നുള്ള വിളിയിൽ നീരജിൻ്റെ നെഞ്ചിലൂടെ ഒരു കുളിര് പാഞ്ഞ് പോയി .

ങ്ഹാ പറയൂ ഏട്ടാ… എന്താ എന്നെ കാണാൻ വരാതിരുന്നത് അത് പിന്നെ ,അച്ഛനും അമ്മയും ഒരു മോശം പെണ്ണിനെ എനിക്ക് സെലക്ട് ചെയ്യില്ലെന്നുറപ്പുണ്ടായിരുന്നു മാത്രമല്ല ഞാനിതിന് മുമ്പ് കുറെ പെൺകുട്ടികളെ പോയി കണ്ടെങ്കിലും ഒന്നും എൻ്റെ മനസ്സിലങ്ങോട്ട് പിടിച്ചില്ല അതിൻ്റെയൊരു മടുപ്പ് കൂടിയുണ്ടായിരുന്നു ഉം.. എന്നിട്ട് ഫോട്ടോ കണ്ടപ്പോൾ എന്ത് തോന്നി ,ഇതും ഇഷ്ടമായില്ലേ? ഹേയ് ,ഒരിക്കലുമല്ല എനിക്ക് തന്നെ ഇഷ്ടമായത് കൊണ്ടല്ലേ ഞാനിപ്പോൾ അങ്ങോട്ട് വിളിച്ചത് സത്യമാണോ അതേ, എൻ്റമ്മയാണേ സത്യം ഏട്ടന് അമ്മയെ ഭയങ്കര ഇഷ്ടമാണെന്ന് തോന്നുന്നു? അത് പിന്നെ എല്ലാ മക്കൾക്കും അങ്ങനെയല്ലേ തനിക്കും തൻ്റെ അമ്മയെ ഒരുപാടിഷ്ടമല്ലേ?

അതേ അതെ ഹ ഹ ഹ അവരുടെ ആ സംഭാഷണം ദീർഘനേരം നീണ്ടു ദിവസങ്ങൾ പെട്ടന്ന് കൊഴിഞ്ഞ് വീണ് കൊണ്ടിരുന്നു ഇരുവീട്ടുകാരും ചേർന്ന് തീരുമാനിച്ച ശുഭമുഹൂർത്തത്തിൽ നീരജിൻ്റെയും രാധികയുടെയും വിവാഹം നടന്നു. സർവ്വാഭരണ വിഭൂഷിതയായ രാധിക, അവളുടെ അച്ഛൻ നീരജിന് കൊടുത്ത പുത്തൻകാറിൽ വീട്ട് മുറ്റത്തെത്തുമ്പോൾ ഭവാനിയമ്മ നിലവിളക്കുമായി പടിവാതിലിൽ തന്നെ നില്പുണ്ടായിരുന്നു. വലത് കാല് വച്ച് കയറി വാ മോളേ സ്നേഹവായ്പോടെ മരുമകളെയും കൊണ്ട് ഭവാനിയമ്മ അകത്തേയ്ക്ക് കയറി. ഭവാനി ചേച്ചീ …വിശ്വംഭരേട്ടൻ അകത്തിരിപ്പുണ്ടോ? പുറത്ത് നിന്ന് ആരുടെയോ വിളി കേട്ട ഭവാനിയമ്മ, തിരിഞ്ഞ് നോക്കി.

മീശ പിരിച്ച് കൊണ്ട് മുറ്റത്ത് നില്ക്കുന്നത് തോമയാണെന്നറിഞ്ഞ ഭവാനിയമ്മ വേഗം മരുമകളെ, നിരുപമയുടെ കൂടെയിരുത്തിയിട്ട്, വെളിയിലേക്ക് ഇറങ്ങി ചെന്നു. ഇന്ന് ആറ് മാസം തികഞ്ഞ ദിവസമാ, വിശ്വംഭരേട്ടനോട് കാശ് റെഡിയായെങ്കിൽ എടുത്തോണ്ട് വരാൻ പറ , ഞാൻ ആധാരം കൊണ്ട് വന്നിട്ടുണ്ട് അയ്യോ തോമാ ,പുള്ളിക്കാരൻ പുറകേ വരുന്നതേയുള്ളു ,ഇന്നൊരു നല്ല ദിവസമല്ലേ ഇവിടെ ബന്ധുക്കളും സ്വന്തക്കാരുമൊക്കെ നില്ക്കുമ്പോൾ അവരുടെ മുന്നിൽ വച്ച് എങ്ങനാ ഇടപാട് തീർക്കുന്നത് ,തോമാ ഒരു കാര്യം ചെയ്യ് അടുത്ത ഞായറാഴ്ച ഇങ്ങോട്ട് പോര് കാശ് റെഡിയാക്കി വച്ചേയ്ക്കാം ഭവാനിയമ്മ മറ്റുള്ളവർ കേൾക്കാതെ അടക്കത്തിൽ അയാളോട് പറഞ്ഞു മ്ഹും ശരി,

ഇത് ലാസ്റ്റ് അവധിയാണ്, വിശ്വംഭരേട്ടൻ വരുമ്പോൾ പറഞ്ഞേക്ക് ശരി ശരി തോമാ ധൈര്യമായിട്ട് പൊയ്ക്കോ മറ്റുള്ളവർ ശ്രദ്ധിക്കുന്നത് കണ്ട് ഭവാനിയമ്മ വെപ്രാളത്തോടെ തോമയെ, അവിടുന്ന് പറഞ്ഞയച്ചു. നേരമിരുട്ടി തുടങ്ങി കൂട്ടുകാരെയൊക്കെ പറഞ്ഞയച്ചിട്ട് നീരജ് റൂമിലെത്തുമ്പോൾ രാധിക അയാളെ കാത്ത് അക്ഷയോടെ ഇരിക്കുകയായിരുന്നു ഇരുന്ന് ബോറടിച്ച് കാണുല്ലേ? ഉം … ബോറടിയെക്കാൾ അസഹനീയം ഇവിടുത്തെ നശിച്ച ചൂടാണ് ,നിങ്ങൾക്ക് ഈ മുറിയിലെങ്കിലും ഒരു ഏസി ഫിറ്റ് ചെയ്തൂടായിരുന്നോ നീരജേട്ടാ… അവളത് ചോദിച്ചപ്പോൾ നീരജിന് കുറച്ചില് തോന്നി താൻ ഇന്നത്തേയ്ക്ക് ഒന്നഡ്ജസ്റ്റ് ചെയ്യ് ,

നാളെ തന്നെ നമുക്ക് ഏസി ഒരെണ്ണം ഫിറ്റ് ചെയ്യാം ഉം ശരി, എങ്കിൽ ,ഈ സാരി അഴിച്ചിടാൻ എന്നെയൊന്ന് സഹായിക്ക് ഞാനോ ? നീരജ് അമ്പരപ്പോടെ ചോദിച്ചു. ങ്ഹാ .. അല്ലാതെ എനിക്കിത് ഒറ്റയ്ക്ക് അഴിച്ച് മടക്കിവയ്ക്കാൻ കഴിയില്ല ,അവിടെയും ഇവിടെയുമൊക്കെയായി കുറെ സേഫ്റ്റി പിന്നുകൾ കുത്തി വച്ചിട്ടുണ്ട് ,ഇരുപത്തി അയ്യായിരം രൂപയുടെ സാരിയാ, എവിടെയെങ്കിലും ഉടക്കി കീറിപ്പോയാലോ? രാധിക പറഞ്ഞതനുസരിച്ച്, തോളിൽ മുന്താണി ഉറപ്പിച്ച് വച്ചിരുന്ന പിന്ന് ,വിറയ്ക്കുന്ന കൈകളോടെ നീരജ് ഊരിയെടുത്തു . ഇനി താഴത്തെ ഞൊറിച്ചിലിൽ കുത്തിയ പിന്ന് അഴിക്ക് ചേട്ടാ..

അവസാനത്തെ സേഫ്റ്റി പിന്നും ഊരിയെടുത്ത് ,രാധികയുടെ അരക്കെട്ടിൽ നിന്നും സാരി അഴിച്ചെടുക്കുമ്പോൾ, അവളുടെ അടിവയറിലെ തുന്നിക്കെട്ടിയത് പോലൊരു പാട് കണ്ട്, നീരജ് അമ്പരന്നു. ഇതെന്താടോ, സ്റ്റിച്ചിട്ടത് പോലെ ഒരു പാട് ,തന്നെ മുൻപ് ആരെങ്കിലും കുത്തിക്കൊല്ലാൻ ശ്രമിച്ചോ ? അത് കേട്ട് രാധികയുടെ മുഖം മ്ളാനമായി . അപ്പോൾ അമ്മയും നിരുപമയുമൊന്നും, എൻ്റെ പഴയ കഥകളൊന്നും പറഞ്ഞ് തന്നില്ലായിരുന്നോ? രാധികയുടെ ചോദ്യം കേട്ട് നീരജ് നെറ്റി ചുളിച്ചു.

തുടരും

Share this story