സുൽത്താൻ : ഭാഗം 21

സുൽത്താൻ : ഭാഗം 21

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

ആ കണ്ണിലെ നനവും നോക്കി നിസ്സഹായനായി റിഹാൻ ഇരുന്നു…അവന്റെ മനസ്സിൽ മറ്റൊരു കാര്യമാണ് അപ്പോൾ ഓർമ വന്നത്… ഈ കാര്യം നിദ തന്നോട് പറഞ്ഞില്ലല്ലോ എന്ന് … ഒരീച്ച അനങ്ങിയാൽ മെസേജ് ഇടുന്നവളാണ്… എന്നിട്ടും… മമ്മിയും നിദയും കൂടി ദൂരെന്ന് വരുന്നത് കണ്ടവൻ ഡാഡിയുടെ കൈകളിൽ അമർത്തി… “ഡാഡി.. കണ്ണ് തുടക്ക്… ദേ അവർ വരുന്നു… എല്ലാം ശരിയാവും… നമുക്ക് ശരിയാക്കാം…” ഡാഡി കർച്ചീഫ് എടുത്ത് മുഖം അമർത്തി തുടച്ചിരുന്നു… ഈ സമയം മറ്റൊരു കോണിൽ ഫിദയും ആദിയും പരസ്പരം എന്ത് പറയണമെന്ന് അറിയാതെ ഇരിക്കുകയായിരുന്നു…

അവൾ ആദിയെ തന്നെ നോക്കിയിരിക്കുകയായിരുന്നു…. അവനാകട്ടെ ഇരു കൈവെള്ളയിലും കൂടി താടി താങ്ങി മിഴികൾ താഴേക്ക് നാട്ടിയുള്ള ഇരിപ്പും… ഇനിയും ആ കണ്ണുകളിലേക്ക് നോക്കാൻ എന്ത് കൊണ്ടോ ആദി മടിച്ചു… നിശബ്ദതയെ വെട്ടി മുറിച്ചു കൊണ്ട് അവളുടെ ശബ്ദം അവന്റെ ചെവിയോരം ചിലമ്പിച്ചെത്തി…. “നീയെന്നെ ഒരു പ്രാവശ്യമെങ്കിലും വിളിക്കുമെന്ന് കരുതി ആദി.. ഞാൻ… എന്റെ കയ്യിൽ ഫോണൊന്നും ഇല്ലായിരുന്നു… ഈയിടെ ആണ് ഡാഡി ഫോൺ തിരികെ തന്നത്… അല്ലെങ്കിലും എനിക്ക് ഫോണിന്റെ ആവശ്യമൊന്നും ഇല്ലായിരുന്നു…എങ്കിലും നീ ഒരിക്കലെങ്കിലും വിളിക്കുമെന്ന് ഒരു തോന്നലുണ്ടായിരുന്നു…

ഡാഡിയുടെയും മമ്മിയുടെയും നിദുവിന്റെയും ഒക്കെ ഫോൺ നമ്പർ നിനക്കറിയാവുന്നതല്ലായിരുന്നോ.. “? അവളുടെ വാക്കുകകളുടെ പ്രതിധ്വനി ഹൃദയഭിത്തികളിൽ വന്നു തട്ടി ചിതറി പോകുന്നത് പോലെ തോന്നി ആദിക്ക്… അത്രമേൽ സങ്കടം തിക്കി നിറച്ച വാക്കുകളും സ്വരവും വീണ്ടുമൊരിക്കൽ കൂടി തന്റെ ഹൃദയത്തെ മുറിവേൽപ്പിക്കുന്നതവൻ അറിഞ്ഞു… അറിയാതെ നിറഞ്ഞ മിഴികൾ അവൾ കാണാതെ ഒന്ന് തിരുമ്മി പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് അവൻ മെല്ലെ അവളെ നോക്കി..ഒരായിരം മറുവാക്കുകൾ തൊണ്ടക്കുഴിയിൽ വന്നു മുട്ടി നിന്നു മുറവിളി കൂട്ടുന്നുണ്ടായിരുന്നു…… …………

എന്നോ പ്രണയിച്ചു പാരവശ്യപ്പെട്ട് അത് പറയാൻ ഓടി ചെന്നപ്പോൾ പറയാൻ പറ്റാതെ മുറിഞ്ഞു പോയി നിന്നിടത്തു തന്നെയാണ് താൻ ഇപ്പോഴും നിൽക്കുന്നതെന്ന് അവന് തോന്നി… നിന്റെ സങ്കടത്തിനും മുന്നേ ഒരു സങ്കടം എന്നെ വിഴുങ്ങിയിരുന്നു ഫിദു…അതിൽ നിന്നു ഞാൻ ഇനിയും കര കയറിയിട്ടില്ല… അതിനിടയിലെ നിന്റെ സങ്കടം…. അതും കൂടി താങ്ങാൻ എനിക്കാവില്ലായിരുന്നു ഫിദു…ആരും കാണാത്തൊരു കുഞ്ഞ് ഹൃദയം ഇവിടെ എത്രയോ വേദനിച്ചു മിടിക്കുന്നുണ്ടെന്നറിയോ…. നിന്നെ… അത്രമേൽ വേദനിച്ചു എനിക്ക് കാണാൻ കഴിയില്ലായിരുന്നു ഫിദു…

അത് കൊണ്ടാണ് ഞാൻ അകന്നു നിന്നത്… വാക്കുകൾ ഒക്കെയും ആദിയുടെ തൊണ്ടയിൽ കുരുങ്ങി ഇരുന്നതേയുള്ളു… പുറത്തേക്ക് വന്നില്ല… “എന്തൊക്കെയോ തിരക്കിൽ പെട്ടുപോയി ഫിദു.. അതാ… “എങ്ങനെയോ അവൻ പറഞ്ഞു.. ഒരു സങ്കടം നിറച്ച ചിരി ആയിരുന്നു അതിനു അവനുള്ള മറുപടി… “നിനക്ക് കോളേജിൽ ഇടക്ക് വെച്ച് എന്തോ പറ്റിയതാ… അന്നും ഞാൻ ചോദിച്ചു ഒരുപാട്… നീ പറഞ്ഞില്ല.. ഫർദീനുമായുള്ള ആ അഫയർ ടൈമിൽ ഞാൻ കൂടുതൽ ശ്രദ്ധിച്ചുമില്ല നിന്റെ കാര്യം… ഇടയ്ക്കെപ്പോഴോ നീ മൗനി ആയി പോയി… എന്താണ് ആദി അത്‌… പണ്ടത്തെ ആദി ഇങ്ങനല്ലായിരുന്നു…

ഫിദയെ ഒത്തിരി ഇഷ്ടമുള്ള ആദിയായിരുന്നു… പിന്നീട് ഞാൻ നിനക്ക് ആരുമല്ലാതായി അല്ലേ ആദി…” ഫിദയുടെ ചോദ്യം വീണ്ടും ആദിയിൽ വേദനയുടെ മുള്ളുകൾ നാട്ടി… “അങ്ങനെയല്ല… ആരൊക്കെയോ ആയിരുന്നത് കൊണ്ടാണെന്നും ഇഷ്ടം കൂടി പോയത് കൊണ്ടാണ് അകന്നു നിന്നതെന്നും പറയണമെന്നുണ്ടായിരുന്നു ആദിക്ക്… “പക്ഷെ പറഞ്ഞില്ല… ഒരു മറുചിരി നൽകി കൊണ്ടവൻ എഴുന്നേറ്റു.. അപ്പോഴേക്കും ഡാഡിയും ബാക്കിയുള്ളവരും അങ്ങോട്ട് എത്തിയിരുന്നു.. അവരെ യാത്രയാക്കി തിരികെ ഭക്ഷണം കഴിക്കാൻ വന്നിരിക്കുമ്പോൾ ആദിയും റിഹാനും അസ്വസ്ഥർ ആയിരുന്നു… …………………….., ❣

രാത്രിയിൽ ഉറക്കം വരാതെ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു റിഹാൻ… ഒരു മനസുഖവും ലഭിക്കുന്നില്ല… തിരികെ വന്നത് മുതൽ മുറിയിൽ കയറി കിടക്കുന്ന ആദിയെ അവൻ കാണുന്നുണ്ടായിരുന്നു… ഇത്രവർഷമായിട്ടും ഫിദ ചേച്ചി ആ മനസ്സിൽ നിന്നും പോയിട്ടില്ല എന്നും അത്‌ അവനെ വല്ലാതെ വീർപ്പുമുട്ടിക്കുന്നു എന്നും റിഹാന് തന്നെ മനസിലാക്കി … അറിയാതെ ആണെങ്കിലും ഇന്നുണ്ടായ ആ കൂടിക്കാഴ്ച്ച ആളെ നന്നായി ഉലച്ചിട്ടുണ്ട്… ആ മുഖത്തേക്ക് നോക്കുമ്പോൾ അറിയാം നെഞ്ചിലെ തീയ്.. അപ്പോൾ തന്നെ നിദയുടെ മുഖവും ഒരു മഞ്ഞു തുള്ളി വീഴും പോൽ അവന്റെ മനസിലേക്ക് വന്നു…

എന്തോ ഒരു വേദന മനസ്സിൽ തിങ്ങി നിറയും പോലെ…. ഇത് തന്നെയാണോ ആദീക്കായും അനുഭവിക്കുന്ന നൊമ്പരം…. റിഹാന് വല്ലായ്മ തോന്നി… ഒന്നുറങ്ങി കിട്ടിയാൽ മതിയാരുന്നു… പതിവ് ഗുഡ്നൈറ്റ് പ്രതീക്ഷിച്ചു അവൻ ഫോൺ ഓപ്പൺ ചെയ്തു… ഇല്ല… ഇതുവരെ വന്നിട്ടില്ല…. രാവേറെ ആയിട്ടും അവൻ ഫോൺ ഇടക്കിടക്ക് എടുത്തു നോക്കി… ആ ഗുഡ്നൈറ്റിനു വേണ്ടി… വെളുപ്പാൻ കാലത്ത് എപ്പോഴോ ആണ് നിദ്ര വന്നു അവനെ തഴുകിയത്… അത്‌ വരെ തിരിഞ്ഞും മറിഞ്ഞും കിടന്നു.. കിടപ്പിലുടനീളം ഒരു മുഖം മാത്രമേ മനസ്സിൽ ഉദിച്ചു നിന്നുള്ളു…

പിന്നീടെപ്പോഴോ ഉറങ്ങിയപ്പോഴും വിരുന്നിനെത്തിയ സ്വപ്നങ്ങളിലും ആ മുഖം മാത്രമായിരുന്നു എന്നത് അവനെ അതിശയിപ്പിച്ചു…. താമസിച്ചാണ് ഉണർന്നതും…. ഉണർന്ന ഉടനെ കൈ നീണ്ടത് ഫോണിലേക്കാണ്… രാവിലത്തെ മെസേജ്… അതുണ്ടോ എന്ന് നോക്കി… അവിടെയും നിരാശ ആയിരുന്നു ഫലം… ഒരുപക്ഷെ ഡാഡി ഇന്നലെ തന്നോട് പറഞ്ഞത് കാര്യങ്ങൾ വീട്ടിൽ അവതരിപ്പിച്ചിട്ടുണ്ടാവാം… അതിന്റെ വേദനയിൽ ആണെങ്കിലോ അവൾ… ഒന്ന് വിളിച്ചു നോക്കിയാലോ… അവനോർത്തു… ചിന്താഗതി അവൻ പോലും അറിയാതെ മാസ്‌തിഷ്കത്തിൽ നിന്നും കൈവിരൽ തുമ്പുകളിൽ എത്തി എന്നോ മനഃപാഠമായ ആ അക്കങ്ങളിൽ തൊട്ട് നിന്നു…

മറുവിളിക്ക് കാതോർത്തു നിൽക്കവേ ആ നേർത്ത ശബ്ദം അവനിലേക്ക് ഒഴുകിയെത്തി… “റിഹൂ…. ” “കല്യാണം ആലോചിച്ച കാര്യം നീ എന്നോട് പറയാഞ്ഞതെന്താ… “പെട്ടെന്ന് എന്തോ.. അങ്ങനെ ചോദിക്കാനാണ് അവന് തോന്നിയത്… ഒരു നിമിഷം മറുവശം നിശബ്ദമായത് അവനറിഞ്ഞു…. അല്പസമയങ്ങൾക്ക് ശേഷം വീണ്ടുമെത്തി ആ സ്വരം… “ആര് പറഞ്ഞു… ഡാഡിയോ..? ” അതിനു അവൻ മറുപടി ഒന്നും പറഞ്ഞില്ല.. “നിദൂ… നിന്റെ മനസ്സിൽ ആരെങ്കിലുമുണ്ടോ.. ഐ മീൻ ഡൂ യൂ ലവ് എനിവൺ.. “? അവളുടെ നെഞ്ചിലെ നിശ്വാസം റിഹാൻ ഇപ്പുറത്തു കേട്ടു….

ആ മറുപടിക്കായി കാതോർക്കവെ… ഒരു ദീർഘനിശ്വാസത്തോടെ അവൾ പറഞ്ഞു… “ഇല്ല.. ആരുമില്ല… “ഒരിക്കൽ കൂടി അവഹേളിക്കപ്പെടാൻ അവളുടെ മനസ് ഒരുക്കമല്ലായിരുന്നു…. ആ ശബ്ദത്തിലെ വിറയലിൽ നിന്നും…ശ്വാസത്തിന്റ ക്രമരഹിതമായ താളത്തിൽ നിന്നും… റിഹാന് തനിക്കുള്ള മറുപടി കിട്ടി… ആ നെഞ്ചിനുള്ളിൽ താനാണെന്നും അവൾ പറയാതെ തന്നെ അവന്റെ മനസറിഞ്ഞു… വീർപ്പുമുട്ടലോട് കൂടി കൈകൾ കൂട്ടി തിരുമ്മി നടക്കവേ ഏറ്റവും മികച്ചതായ ഒരു തീരുമാനം എടുക്കാൻ അവന്റെ മനസ് വെമ്പൽ കൊണ്ടു…

തന്റെ ആദീക്കായെ മറന്നു തന്റെ പ്രണയത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ അവന്റെ മനസ് മടിച്ചു…. ഒരുപാട് കൂട്ടിക്കിഴിക്കലുകൾക്കൊടുവിൽ എന്തോ തീരുമാനിച്ചുറപ്പിച്ചു നീരജിനെ വിളിക്കുമ്പോൾ ആ ഹൃദയം പട പടാന്ന് മിടിക്കുന്നുണ്ടായിരുന്നു…. “നീരജ്… ഞാൻ റിഹാനാണ്… ” “പറയെടാ.. ” “പണ്ടൊരിക്കൽ എന്നോട് പറഞ്ഞില്ലായിരുന്നോ ആദീക്കായുടെ മനസിലെ ആ പ്രണയത്തെ കുറിച്ച്… ഫിദ ചേച്ചിയോടുള്ള….

“അവൻ ഇടക്ക് നിർത്തി.. “ഉം… എന്തേ…? ” “അതിനെ കുറിച്ചെന്തെങ്കിലും ഇക്കാ ഇപ്പോൾ പറയാറുണ്ടോ…? ” “ഇന്നലെ അവരെ കണ്ടിരുന്നു അല്ലേ…അവൻ എന്നെ വിളിച്ചിരുന്നു… ഉറങ്ങാൻ കഴിയുന്നില്ലാന്നും പറഞ്ഞു…. “നീരജ് മറുപടി നൽകി… “നീരജ്… എന്റെ മനസ്സിൽ കുറച്ചു കാര്യങ്ങൾ ഉണ്ട്… എന്റെ കൂടെയൊന്നു കട്ടക്ക് നിൽക്കാമോ… ഇക്കായെ ഇതിപ്പോ അറിയിക്കാൻ കഴിയില്ല അത് കൊണ്ടാണ്..” റിഹാൻ തന്റെ മനസിലുള്ള കാര്യങ്ങൾ നീരജിനോട് പങ്കുവെച്ചു…. “റിഹാൻ.. ഞാൻ ഇന്ന് തന്നെ അങ്ങോട്ട് വരികയാണ്… ഇനിയൊട്ടും വെച്ച് താമസിപ്പിക്കേണ്ട…. “നീരജിന്റെ വാക്കുകൾ റിഹുവിനു ആത്മവിശ്വാസം പകർന്നു.. ……………………..❣

ക്ലാസില്ലാത്ത ദിവസമായതിനാൽ ഉച്ചതിരിഞ്ഞു വെറുതെ ഒന്ന് മയങ്ങാൻ കിടന്നപ്പോഴാണ് ഫിദക്ക് തനുവിന്റെ ഫോൺ വന്നത്… ഒരുപാടു നാളായിരുന്നു അവളോട്‌ സംസാരിച്ചിട്ട്… അത്യധികം സന്തോഷത്തോടെ ഫിദ ഫോണെടുത്തു… മറുതലക്കൽ തനു അവളുടെ വിവാഹം ക്ഷണിക്കാൻ വിളിച്ചതായിരുന്നു… “ഡി… congrats…ആളെവിടെയാ നാട്ടിലുണ്ടോ… “ഫിദ ചോദിച്ചു.. “ഇല്ല ഫിദു… ഓസ്ട്രേലിയയിൽ ആണ്.. അടുത്താഴ്ചയെ എത്തൂ… അതിരിക്കട്ടെ നീ വരില്ലേ… രണ്ടു ദിവസം മുൻപേ.. ” ഫിദ നിശബ്ദയായി… “എല്ലാം നീ അറിഞ്ഞു കാണുമല്ലോ തനു….. നിന്റെ കല്യാണത്തിന് വന്നാൽ എല്ലാവരെയും കാണേണ്ടി വരില്ലേ..

എനിക്ക് വയ്യ ഒരു പരിഹാസപാത്രമായി നിൽക്കാൻ… ” “നീയതൊന്നും മറന്നില്ലേ ഫിദു… അതൊക്കെ മറന്നിട്ട്, നിന്നെ വേണ്ടുന്ന ഒരാളെ നിക്കാഹ് ചെയ്തു ജീവിക്കു നീ… നിന്നെ വേണ്ടാത്ത ഒരാളെ നിനക്കെന്തിനാ… ” “അവന് വേണ്ടാഞ്ഞിട്ടല്ലല്ലോ തനു… ഡാഡിക്ക് ഇഷ്ടമല്ലാതിരുന്നത് കൊണ്ടല്ലേ… അവൻ വരും തനു… അവന് വരാതിരിക്കാൻ ആവില്ല… സ്റ്റിൽ ഐആം വെയ്റ്റിങ് ഫോർ ഹിം… ” എന്തോ പെട്ടെന്ന് ആദിയുടെ മുഖം തനുവിന്റെ മനസിലൂടെ കടന്നു പോയി… ആദിക്ക് ഇനിയെങ്കിലും ഇവളോടൊന്നു തുറന്നു പറഞ്ഞൂടെ അവന്റെ മനസിലെ ഇഷ്ടം … തനു ഓർത്തു… ……………..❣

നീരജ് പിറ്റേദിവസം എത്തുമ്പോൾ ആദി ഹോസ്പിറ്റലിലേക്ക് പോകാനുള്ള തിരക്കിലായിരുന്നു…..അവനെ കണ്ടു ആദി അമ്പരന്നു… “ഇതെന്താ ഇവിടെ… ” “തിരുവനന്തപുരം പോയി വരുന്ന വഴിയാ.. ഇനി കുറച്ച് റെസ്റ്റ് എടുത്തിട്ട് പോകാന്നു കരുതി.. നീ ഹോസ്പിറ്റലിൽ പൊയ്ക്കോ.. രാത്രി കാണാം… എനിക്കൊന്നു കിടക്കണം.. പിന്നെ… എന്റെ കയ്യിൽ ഡ്രസ്സ്‌ ഒന്നുമില്ല.. കുളിച്ചിട്ട് മാറാൻ ഡ്രസ്സ്‌ വേണം…അലമാരയുടെ താക്കോൽ ഇവിടെ വെച്ചിട്ടേ പോകാവൂ… “നീരജ് പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി.. ആദി തിരിച്ചു കയറി ഡ്രോയറിൽ നിന്നും അലമാരയുടെ ചാവിയെടുത്ത് നീരുവിനു കൊടുത്തിട്ട് രാത്രി കാണാം എന്ന് പറഞ്ഞു യാത്രയായി…

ആദിയുടെ കാർ ഗേറ്റ് കടന്നതും റിഹു നീരജിന്റെ അടുത്തെത്തി… “വാ നമുക്ക് തപ്പി നോക്കാം… ഇവിടെ ഉണ്ടാവും “നീരജ് പറഞ്ഞു… “ഒരു നല്ല തെളിവുണ്ടെങ്കിലേ പുള്ളിക്കാരനെ നമുക്ക് വിശ്വസിപ്പിച്ചെടുക്കാൻ പറ്റൂ… അത് കൊണ്ടാ ഈ പണിക്ക് മുതിരുന്നേ… “റിഹുവും അലമാരയിൽ കാര്യമായ അന്വേഷണത്തിലായിരുന്നു…. “ആഹ്.. ദേ കിട്ടിയെടാ… “കയ്യിൽ ആദിയുടെ സ്വന്തം ഡയറിയുമായി നീരജ് ബെഡിലേക്കിരുന്നു…”ഡോക്ടർ ആദിൽ സൽമാൻ സുൽത്താൻ “എന്ന് വടിവൊത്ത അക്ഷരത്തിൽ എഴുതിയ അതിന്റെ അവസാന പേജ് എടുത്തൊന്നും വായിച്ചു നോക്കി… “ഉം.. ഉണ്ട്.. റിഹു…

കഴിഞ്ഞാഴ്ച ഫിദയെ കണ്ടത് വരെയുള്ള കാര്യങ്ങൾ ഇതിലുണ്ട്… നീ വേഗം പുള്ളിയെ വിളിച്ചു എപ്പോൾ കാണാൻ പറ്റുമെന്നു ചോദിക്ക്… ” ഫോണിൽ ഫിദയുടെ ഡാഡിയുടെ നമ്പർ പരതുമ്പോൾ റിഹാൻ വല്ലാതെ വീർപ്പുമുട്ടുന്നുണ്ടായിരുന്നു… നേരിട്ട് കാണുവാനുള്ള സമയം നിശ്ചയിച്ചു നീരജിന്റെ കാറിൽ ആലപ്പുഴ ലക്ഷ്യമാക്കി പായുമ്പോൾ ഒറ്റ ആഗ്രഹമേ അവന്റെ മനസ്സിൽ ഉണ്ടായുള്ളൂ… ആദി… ആദീക്കായുടെ സന്തോഷം.. ആ മുഖത്തെ ചിരി.. അത്… അത്‌ മാത്രം…. ❣ കാത്തിരിക്കുമല്ലോ…. ❣

തുടരും 💕dk….. ©Divya Kashyap

സുൽത്താൻ : ഭാഗം 20

Share this story