അനാഥ : ഭാഗം 27

Share with your friends

എഴുത്തുകാരി: നീലിമ

ഇവിടെ ഇരുന്നാൽ മതി. ഞങ്ങൾ ഉടനെ വരാം… അവൻ ok പറഞ്ഞതും അവന്മാർ പുറത്തിറങ്ങി. അവരെ കിരണിന്റെ പോലീസ് പുറത്ത് ബ്ലോക്ക്‌ ചെയ്തു. അരുൺ പതിയെ വീൽ ചെയർ കൈ കൊണ്ട് പതിയെ ഉരുട്ടി… ബാൽക്കണിയിലേക്ക് പോയി… അവനു അനുസരണ പണ്ടേ ഇല്ലല്ലോ ? ആകാശത്തേയ്ക്ക് നോക്കി ഇരുന്നപ്പോൾ അവന്റെ മനസ്സിൽ ഒരുപാട് ചിന്തകൾ വന്ന് മൂടി. “””അരുൺ… “”” കാതിനടുത്തായി പതിഞ്ഞ ശബ്ദം കേട്ടാണ് അവൻ ഞെട്ടി തിരിഞ്ഞത്.

അടുത്തു നിൽക്കുന്ന ആളിനെ കണ്ടതും അവന്റെ ശരീരത്തിലൂടെ ഒരു വിറയൽ കടന്ന് പോയി ….അവൻ ഭയന്ന് വിറച്ചു. അരുണിനെ സംബന്ധിച്ച് റോയി മരണപ്പെട്ടു കഴിഞ്ഞിരുന്നല്ലോ? മുന്നിലുള്ളത് ജീവനുള്ള റോയി ആണെന്ന് വിശ്വസിക്കാൻ അവനു കഴിഞ്ഞില്ല… അവൻ അറിയാതെ അവന്റെ കൈകൾ ചലിച്ചു…. വീൽചെയർ പിറകിലേക്ക് പോയി. അരുൺ… പുറകിലേക്ക് പോകരുത്… റോയി വിളിക്കുന്നതിന്‌ മുന്നേ വീൽ ചൈറിനൊപ്പം അരുണും താഴേയ്ക്ക് പതിച്ചിരുന്നു…

🌷🌷🌷🌷🌷🌷🌷🌷 റോയി ഓടി വരുന്നത് കണ്ട് ഞാൻ പരിഭ്രമിച്ചു. എന്താ റോയി എന്ത് പറ്റി? അവൻ… അരുൺ…. റോയിയുടെ സ്വരത്തിൽ ഭയവും പരിഭ്രമവും കലർന്നിരുന്നു. കൂടുതൽ ഒന്നും പറയാതെ വീടിനു വശത്തേയ്ക്ക് അവൻ ഓടി… പിറകെ ഞങ്ങളും… അരുൺ താഴെ വീണ്‌ കിടക്കുന്നതാണ് ഞങ്ങൾ കണ്ടത്. വീട് പുതുക്കി പണിയാനാണെന്നു തോന്നുന്നു,, കുറേ സിമെന്റ് ചാക്കുകൾ കൂട്ടി ഇട്ടിരുന്നു. അതിനിടയിലേക്കാണ് അവൻ വീണത്. അത് കൊണ്ട് ആഴത്തിലുള്ള പരിക്കുകൾ ഒന്നും ഇല്ല എന്ന് തോന്നുന്നു. വീഴ്ചയുടെ ആഘാതത്തിൽ ബോധം മറഞ്ഞിരുന്നു. ഞങ്ങൾ അവനെ ഹോസ്പിറ്റലിൽ എത്തിച്ചു.

അവന്റെ കൂട്ടുകാർ ആരെയും കണ്ടില്ല. റോയി നല്ല വിഷമത്തിൽ ആയിരുന്നു. അവനോട് രണ്ട് വാക്ക് പറയണമെന്ന് റോയിക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു. അത് സാധിക്കാത്തതിന്റെ വിഷമമായിരുന്നു പുള്ളിക്കാരന്. ഡോക്ടർ പുറത്തേയ്ക്ക് വരുന്നത് വരെ ഞങ്ങൾ icu വിനു മുന്നിൽ അക്ഷമയോടെ കാത്തിരുന്നു. ഡോക്ടർ പുറത്തേയ്ക്ക് വന്നപ്പോൾ കിരനാണ് അടുത്തേക്ക്  ചെന്നത്. ഡോക്ടർ… എങ്ങനെയുണ്ട്? പേടിക്കാനൊന്നുമില്ല. ആഴത്തിലുള്ള മുറിവുകൾ ഒന്നുമില്ല. കൈക്ക്‌ ചെറിയ പൊട്ടൽ ഉണ്ട്. ഒരു 24 അവർ ഒബ്സെർവഷനിൽ കഴിയട്ടെ…. താങ്ക് യു ഡോക്ടർ… അദ്ദേഹം പുഞ്ചിരിച്ചു നടന്നകന്നു.

ടാ കിരണേ… അവന്റെ റിലേറ്റീവ്‌സിനെ അറിയിക്കേണ്ടേ? അവന്റെ ഒരു ഫ്രണ്ടിന്റെ നമ്പർ എന്റെ കയ്യിൽ ഉണ്ട്. ഞാൻ ഒന്ന് വിളിച്ചു നോക്കാം… കിരൺ ഫോൺ എടുത്ത് വിളിച്ചു സംസാരിച്ചു. അല്പ സമയത്തിന് ശേഷം അവൻ മടങ്ങി വന്നു. ടാ… നമ്മൾ വിചാരിച്ചത് പോലെയൊന്നുമല്ല കാര്യങ്ങൾ…. ദാ കേട്ട് നോക്ക്. കിരൺ റെക്കോർഡ് ചെയ്ത കാൾ ഞങ്ങളെ കേൾപ്പിച്ചു. എന്റെ പോന്നു സാറെ… അവൻ ജീവിക്കുവോ ചാകുവോ എന്നാ വേണേലും ചെയ്തോട്ടെ… നമ്മളില്ലേ ഒന്നിനും… അഞ്ച് പൈസയ്ക്ക് ഗതിയില്ലാത്തവനെ ആർക്ക് വേണം? എന്താ?? സാറെ… അവൻ കുറച്ചു നാള് വിദേശത്തു ആയിരുന്നല്ലോ?

കൂടെ ഡേവിസ് ഡോക്ടറും ഉണ്ടായിരുന്നു .അവന്റെ ബിസിനസ് മുഴുവൻ അവൻ ബന്ധുക്കളെ ഏല്പിച്ചാണ് പോയത്. കോടിക്കണക്കിനു സ്വത്തുക്കൾ ഓസിനു കിട്ടിയാൽ പുളിക്കുമോ?  അവരെല്ലാം കൂടി ഒരറ്റത്തു നിന്നങ്ങു മുക്കി. ഇപ്പൊ എല്ലാം കടത്തിലാ… അവന്റെ അച്ഛൻ എന്തൊക്കെ കൊള്ളരുതായ്മ ഉണ്ടായിരുന്നെങ്കിലും ബിസ്നസ്സിൽ പുലി ആയിരുന്നു. ഇവന് അതിലൊന്നും ഒരു താല്പര്യേം ഇല്ല. ലാവിഷ് ആയിട്ട് അടിച്ചു പൊളിച്ചു നടക്കണം…. ബന്ധുക്കൾ എല്ലാം മുതലാക്കി. ഇന്നലെ ഞങ്ങൾക്ക് അവന്റെ ലാസ്റ്റ് പാർട്ടി ആയിരുന്നു. വീടും വസ്തുക്കളും ഒക്കെ വിറ്റാലേ ബിസ്നസ്സ് നഷ്ടത്തിൽ ആയതിന്റെ പേരിൽ ഉണ്ടായ കടങ്ങൾ ഒക്കെ വീടാൻ ഒക്കു….

അഞ്ച് പൈസയ്ക്ക് ഗതിയില്ലാത്ത അവനെ ഞങ്ങൾക്കിനി വേണ്ട സാറെ… ഞങ്ങളെ വിട്. ആ വാക്കുകൾ എന്റെ മനസ്സ് നിറച്ചു. തെറ്റുകളിൽ നിന്നും തെറ്റുകളിലേക്ക് പൊയ്ക്കൊണ്ടിരുന്ന അവനു കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല ശിക്ഷ. മരണത്തേക്കാൾ നല്ല ശിക്ഷ ഇത് തന്നെയാണ്. മരണം അവനു ഒരു ശിക്ഷയേ അല്ല. ടാ നീ ഡോക്ടർ ഡേവിഡിനെ ഒന്ന് വിളിക്ക്. ഞാൻ ഡേവിസ് ഡോക്ടറെ വിളിച്ചു. സ്വിച്ചഡ് ഓഫ് ആണ്. ഞാൻ ഒന്ന് തിരക്കട്ടെ… കിരൺ പോയി. 10 മിനിറ്റ് കഴിഞ്ഞു അവൻ തിരികെ വന്നു. ടാ ശെരിക്കും ദൈവം അവനെ ശിക്ഷിക്കുക തന്നെയാണ്… ഞാൻ ഡേവിഡ് ഡോക്ടറിനെ തപ്പി നോക്കി.

പുള്ളിക്കാരന് കുറച്ചു മുൻപ് ഒരു ആക്‌സിഡന്റ്… വൈഫും ഒപ്പം ഉണ്ടായിരുന്നു…. തീർന്നു എന്നാ കേട്ടത്. ലോറി ആണ്.. കാർ തവിടു പൊടി ആയീന്നാ പറഞ്ഞത്. അരുണിന് ഒപ്പം നിന്ന ഒരേ ഒരു ബന്ധു ആണ് ഇപ്പൊ ഇല്ലാതായത്. അയാൾ സ്വത്തുക്കളൊക്കെ അനാഥാലയത്തിനു മുൻപേ തന്നെ എഴുതി വച്ചിരുന്നു എന്ന് പറയുന്നു. അന്നൊക്കെ അരുണിന് ഇട്ട് മൂടാൻ സ്വത്തു ഉണ്ടായിരുന്നല്ലോ? അവൻ അഹങ്കരിച്ചിരുന്ന സ്വത്തും പണവും ബന്ധങ്ങളും എല്ലാം പോയി…. ഇനിയെങ്കിലും അവൻ നന്നാവുമോ? അവനോട് രണ്ട് ഡയലോഗ് എങ്കിലും പറയണമെന്ന് ഉണ്ടായിരുന്നു… ഇതിപ്പോ ഈ അവസ്ഥയിൽ ഉള്ള ഒരാളിനെ വീണ്ടും കുത്തി നോവിക്കാൻ നമ്മൾ അവനെപ്പോലെ മനസാക്ഷി ഇല്ലാത്തവരല്ലല്ലോ?

റോയി നിരാശയോടെ പറഞ്ഞു. എങ്കിലും അവനു ബോധം തെളിഞ്ഞപ്പോൾ ഞാനും റോയിയും അവനെ കണ്ടു. റോയി മരിച്ചിട്ടില്ല എന്ന് അവനു മനസിലായി എന്ന് തോന്നി. അവന്റെ കണ്ണുകൾ നിർവികാരമായിരുന്നു. അരുൺ… റോയി പതിയെ വിളിച്ചു. അവൻ റോയിയെത്തന്നെ നോക്കി…. ദയനീയമായ കണ്ണുകളോടെ…. ഇത്ര നാളും ചെയ്തു കൂട്ടിയത് കൊണ്ടൊക്കെ നീ എന്ത് നേടി അരുൺ?  അച്ഛനും അമ്മയും ബന്ധുക്കളും ആരും ഇല്ലാത്ത ഒരു പെൺകുട്ടിയെ നീ സന്തോഷത്തോടെ ജീവിക്കാൻ അനുവദിച്ചോ? ഇപ്പൊ നിനക്ക് ആരുണ്ട്?  അനാഥത്വത്തിന്റെ വിഷമം.. അത് എത്ര വലുതാണെന്ന് നീ ഇന്ന് അറിയുന്നില്ലേ?

ആരും സഹായത്തിനില്ലാതെ നീ ഇന്നിവിടെ കിടക്കുന്നു എങ്കിൽ അതിന് കാരണം നീ തന്നെയാണ്… പിന്നെ ഒരു പാവം പെൺകുട്ടിയുടെ കണ്ണുനീരും…. ഇന്ന് വരെ നീ സമാധാനം അറിഞ്ഞിട്ടുണ്ടോ?  സ്വസ്ഥമായി ഉറങ്ങിയിട്ടുണ്ടോ?  പക ആയിരുന്നില്ലേ നിന്റെ മനസ്സ് നിറയെ? ഇനി നിനക്ക് ഉറങ്ങാം സ്വസ്ഥമായി… പണത്തിന്റെയും ആൾബലത്തിന്റെയും ഹുങ്ക് ഇല്ലാതെ…. കൂടുതൽ നിന്നെ ഞാൻ കുത്തി നോവിക്കുന്നില്ല. ഇനിയെങ്കിലും മനുഷ്യനെപ്പോലെ ചിന്തിക്ക്… ജീവിക്ക്…. ഇത്രയെങ്കിലും നിന്നോട് പറഞ്ഞില്ലെങ്കിൽ എനിക്ക് മനസമാധാനം ഉണ്ടാകില്ല.

നമുക്ക് വീണ്ടും കാണാം… റോയി എഴുന്നേറ്റു… എന്റെ ഭാര്യയെ ഇത്രയേറെ ദ്രോഹിച്ച നിന്നെ വെറുതെ വിടാൻ മനസുണ്ടായിട്ടല്ല …. കൊല്ലണം എന്ന് തന്നെയാ തീരുമാനിച്ചിരുന്നത് . മരണത്തേക്കാൾ വലിയ ശിക്ഷ ഈശ്വരൻ നിനക്ക് തന്ന് കഴിഞ്ഞു . ഈ ഒരവസ്ഥയിൽ നിന്നെ ദ്രോഹിക്കാൻ ഞാൻ നിന്നെപ്പോലെ മനസാക്ഷി ഇല്ലാതാവനല്ല . ദേഷ്യത്തോടെ ഞാൻ അത് പറഞ്ഞപ്പോൾ അവൻ കരയുകയായിരുന്നു . അരുണിന്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ അവന്റെ ഹൃദയ വേദന വെളിവാക്കി. അവന്റെ ദയനീയ മുഖം ആയിരം വട്ടം ഞങ്ങളോട് മാപ്പ് പറയുന്ന പോലെ തോന്നി…

💥💥💥💥💥💥💥 നിമ്മിയോട്‌ ഞാൻ എല്ലാം പറഞ്ഞു. അവൾ വിഷമിച്ചു തല കുനിച്ചു കുറച്ചു സമയം ഇരുന്നു. പിന്നെ എന്നെ നോക്കി. മഹിയേട്ടാ…. ഞാൻ പറയുന്നത് ശരിയാണോ എന്ന് എനിക്കറിയില്ല. പക്ഷെ,,, മഹിയേട്ടാ… അവൻ ചെയ്ത തെറ്റുകൾ എന്തായാലും അതിനുള്ള ശിക്ഷ അവനു കിട്ടിക്കഴിഞ്ഞു. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വിഷമകരം ആരും ഇല്ല എന്നുള്ള അവസ്ഥയാണ്.. അനാഥനാകുന്ന അവസ്ഥയായാണ്… ഇന്ന് അവൻ ആ ഒരവസ്ഥയിൽ ആണ്… നിവർന്നു നിൽക്കാൻ പോലും കെൽപ്പില്ലാത്ത ഒരുവൻ ആശ്രയം ഇല്ലാത്ത ഒരവസ്ഥയിൽ കൂടി ആയാൽ??? പണമില്ല.. പ്രതാപമില്ല..

ബന്ധുക്കളും സുഹൃത്തുക്കളും ഇല്ലാ… ഇപ്പോഴുള്ള വീട് പോലും നാളെ നഷ്ടമാകും…. പിന്നെ അവൻ എന്ത് ചെയ്യും?  എങ്ങോട്ട് പോകും?  വീൽ ചെയറും ഉരുട്ടി തെരുവിൽ ഇറങ്ങുമോ? അതാണ്‌ നിമ്മീ അവൻ നിന്നോട് ചെയ്ത പാപങ്ങൾക്കുള്ള ശിക്ഷ…. പക്ഷെ… എനിക്കെന്തോ… ഒന്നും ഉൾക്കൊള്ളാൻ ആകുന്നില്ല….. നീ ഇങ്ങനെ തൊട്ടാവാടി ആകാതെ പെണ്ണേ.. എത്ര വലിയവനായാലും ചെയ്ത പാപങ്ങൾക്കുള്ള ശിക്ഷ അനുഭവിച്ചേ മതിയാകു…. ഞാൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു…. ദേ.. കുഞ്ഞാറ്റ ചവിട്ടണു… അവൾ വയറിൽ കൈ വച്ചു…. ഞാൻ അവളുടെ കൈയുടെ പുറത്ത് കൈ ചേർത്തു… “ഞാൻ പറഞ്ഞതാണ് ശരി എന്ന് അവൾക്ക് മനസിലായിട്ടുണ്ടാകും… ”

💕💕💕💕💕💕💕 അരുൺ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയ ശേഷം വീട്ടിലേയ്ക്ക് പോയി എന്നറിഞ്ഞു. അവനു നല്ല മാറ്റം ഉണ്ടെന്ന് മഹിയേട്ടൻ പറഞ്ഞു. ചെയ്തതിലൊക്കെ അവനു കുറ്റബോധം ഉണ്ടത്രേ…. പിന്നീട്  കുറച്ചു നാൾ അവനെക്കുറിച്ചു ഒന്നും അറിയാൻ കഴിഞ്ഞില്ല. ഞാൻ ചോദിച്ചതുമില്ല.. മഹിയേട്ടൻ പറഞ്ഞതുമില്ല… 7 മാസം പൂർത്തിയായപ്പോൾ ഡോക്ടറിൽ നിന്നും കുറേശ്ശേ നടക്കാനുള്ള നിർദ്ദേശം കിട്ടി. വീടിനു അത്യാവശ്യം വലിപ്പമുള്ള മുറ്റം ആയിരുന്നതിനാൽ 4-5 റൗണ്ട് മുറ്റത്തു നടക്കും. നടക്കുമ്പോൾ മഹിയെട്ടനും കരുതലോടെ ഒപ്പം ഉണ്ടാകും… ഞാൻ  തളർന്നു തുടങ്ങുമ്പോൾ ആദ്യമായി നടക്കുന്ന കുഞ്ഞിനെയെന്ന പോലെ കൈ പിടിച്ച് നടത്തും.

എനിക്ക് നടക്കാൻ ബുദ്ധിമുട്ടൊന്നും ഇല്ല എന്ന് പറഞ്ഞാലും കേൾക്കില്ല…. ബാങ്കിൽ പോയാൽ തിരികെ എത്തുന്നതിനു മുൻപ് കുറഞ്ഞത് 10 തവണയെങ്കിലും വിളി വരും…. വന്നു കഴിഞ്ഞാൽ പിന്നെ അച്ഛന്റെയും മകളുടെയും ലോകമാണ്…. ഏത് നേരവും കുഞ്ഞിനോട് സംസാരമാണ്… കഥയും പാട്ടും എന്ന് വേണ്ട abcd വരെ പറഞ്ഞു കൊടുക്കും. പുറത്തേയ്ക്ക് വന്നാലുടൻ lkg യിൽ ചേർക്കാമെന്ന് ഞാൻ തമാശയായി പറയുകയും ചെയ്യും… മഹിയേട്ടന്റെ ശബ്ദം കേട്ടാൽ മതി ആള് അകത്തു കിടന്നു ചവിട്ട് തുടങ്ങും… തലങ്ങും വിലങ്ങു ചവിട്ടാണ്… കുഞ്ഞി കുഞ്ഞാറ്റയുടെ കുഞ്ഞി കാലു കൊണ്ടുള്ള ചവിട്ട്… അത്… വല്ലാത്ത ഒരു അനുഭൂതിയാണ്… ഒരമ്മയ്ക്ക് മാത്രം അനുഭവിക്കാൻ കഴിയുന്നത്….. ഇപ്പോൾ ഈ റൂം ഞങ്ങളുടെ മാത്രം ലോകമാണ്….. ഞാനും മഹിയെട്ടനും ഞങ്ങളുടെ കുഞ്ഞാറ്റയും….

💥💥💥💥💥💥💥 ദിവസങ്ങൾ ശര വേഗത്തിൽ കടന്നു പോയി. വേദന കൊണ്ട് പുളയുന്ന നിമ്മിയുമായി ഹോസ്പിറ്റലിൽ എത്തുമ്പോൾ ഞാൻ കരഞ്ഞു പോയിരുന്നു…. എനിക്കൊന്നുമില്ല മഹിയേട്ടാ എന്ന് പറഞ്ഞ് എന്റെ കയ്യിൽ മുറുകെ പിടിച്ച്, അവളുടെ വേദന മറച്ചു പിടിച്ച് പുഞ്ചിരിയോടെ ലേബർ റൂമിലേയ്ക്ക് പോകുന്ന നിമ്മിയെ ഞാൻ നിറ കണ്ണുകളോടെ നോക്കി നിന്നു.

തുടരും

അനാഥ : ഭാഗം 26

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!