നാഗമാണിക്യം: ഭാഗം 25

നാഗമാണിക്യം: ഭാഗം 25

എഴുത്തുകാരി: സൂര്യകാന്തി

അവരെ കണ്ടതും അനന്തൻ എഴുന്നേറ്റു അവർക്കരികിലേക്ക് ചെന്നു. അഞ്ജലിയുടെ അമ്മയും ചിറ്റയും കൂടെ രണ്ടു പുരുഷന്മാരും.. അവരുടെ പുറകിൽ വേറെയും മൂന്നാല് പേരുണ്ടായിരുന്നു… അവരിൽ ഡോക്ടർ അഭിഷേകിനെ മാത്രമേ പത്മയ്ക്ക് മനസ്സിലായുള്ളൂ.. അന്ന് അഞ്ജലിയെ പരിശോധിക്കാൻ മനയ്ക്കൽ വന്ന ഡോക്ടർ.. ഭദ്രൻ തിരുമേനിയുടെ കൊച്ചുമകൻ… അനന്തൻ അവരെ സ്വീകരിച്ചു തൊട്ടപ്പുറത്ത് സെറ്റ് ചെയ്ത ടേബിളിനരികിലേക്ക് ഇരുത്തുന്നത് കണ്ടു.. പിന്നെ അവൻ അഞ്ജലിയെ വിളിച്ചു അവർക്കരികെ ഇരുത്തുന്നതും കണ്ടു..

എന്നിട്ടാണ് അനന്തൻ പത്മയെ കൂട്ടി അവരുടെ അടുത്തേക്ക് ചെന്നത്.. “ഇത് പത്മ.. മൈ വൈഫ്‌.. ” അവളെ ചേർത്ത് പിടിച്ചു കൊണ്ടു അവൻ പറഞ്ഞു. മൈഥിലിയുടെ അടുത്തിരുന്ന ആളെ കാണിച്ചു അനന്തൻ പത്മയോട് പറഞ്ഞു. “പത്മ, ഇതാണ് ബാലനങ്കിൾ, അഞ്ജലിയുടെ ഫാദർ.. അത് രവി അങ്കിൾ.. ശ്രീദ ആന്റിയുടെ ഹസ്ബൻഡ്… ” പത്മ അവരെ നോക്കി പുഞ്ചിരിച്ചു.. അവർ തിരിച്ചും… “അഭിഷേകിനെ തനിക്ക് അറിയാമല്ലോ, ഇത് അവന്റെ പേരെന്റ്സും ബ്രദറും വൈഫും.. ” എല്ലാവരെയും പരിചയപ്പെടുത്തി കഴിഞ്ഞു അനന്തൻ അവരോട് പറഞ്ഞു.. “എന്നാൽ നിങ്ങൾ കാര്യങ്ങൾ ഒക്കെ തീരുമാനിക്ക്.. ഞങ്ങൾ അവിടെയുണ്ട്.. ”

തിരികെ സീറ്റിലേക്ക് നടക്കുമ്പോൾ അനന്തൻ പറഞ്ഞു. “ഇതാണ് ഞാൻ പറഞ്ഞ സർപ്രൈസ്.. അവർ തീരുമാനിക്കുന്നത് അഞ്ജലിയുടെ വിവാഹമാണ്…” പത്മ ഞെട്ടലോടെ അനന്തനെ നോക്കി. അനന്തൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു. “വരൻ ഡോക്ടർ അഭിഷേക്.. ” പത്മ ഒന്നും മിണ്ടാനാകാതെ നിൽക്കുന്നത് കണ്ടു അനന്തൻ തുടർന്നു. “അഭി ഞങ്ങളുടെ സീനിയറായി പഠിച്ചതാണ്. അവന് അഞ്ജലിയെ ഇഷ്ടമായിരുന്നു.. അവൾക്കും.. അഭി രണ്ടു മൂന്ന് തവണ അവളെ പ്രൊപ്പോസ് ചെയ്തതാണ്. പക്ഷെ മൈഥിലി ആന്റിയുടെ ബ്രെയിൻ വാഷിംഗിൽ വീണു അവൾ അവനോട് നോ പറഞ്ഞു.. ”

“ആരാണെന്നും ഏതാണെന്നും ഒന്നും പറഞ്ഞില്ലെങ്കിലും എന്റെ മനസ്സിൽ ഒരു പെണ്ണുണ്ടെന്നും അവളെ മാത്രമേ ഞാൻ കൂടെ കൂട്ടുകയുള്ളുവെന്നും അഞ്ജലിയടക്കം എല്ലാവർക്കും പണ്ടേ അറിയാവുന്നതാണ്. എന്നിട്ടും ആന്റിയുടെ വാക്കും കേട്ട് അവൾ എന്റെ പുറകെ നടന്നു.. പക്ഷെ അവളുടെ മനസ്സിനുള്ളിൽ അഭിഷേക് ഉണ്ടായിരുന്നു എന്നതാണ് സത്യം. ഞങ്ങൾ പറഞ്ഞതനുസരിച്ചാണ് അഭിഷേക് അന്ന് മഠത്തിലെത്തിയത്. അഭിഷേകിന്റെ വിവാഹം തീരുമാനിച്ചു എന്ന് കേട്ടതോടെ അഞ്ജലി ഫ്ലാറ്റായി.പിന്നെയെല്ലാം എളുപ്പമായിരുന്നു.. ” തന്നെ നോക്കി നിൽക്കുന്ന പത്മയോട് ചിരിയോടെ അനന്തൻ പറഞ്ഞു.

“പക്ഷെ, ഇതിലെ റിയൽ ഹീറോ ആരാണെന്ന് തനിക്കറിയോ..?… ഭദ്രൻ തിരുമേനി… അഞ്ജലി ബ്രാഹ്മിൻ അല്ലാത്തത് കൊണ്ടു അഭിഷേകിന്റെ പാരന്റ്സിനു നല്ല എതിർപ്പുണ്ടായിരുന്നു. അവരോട് സംസാരിച്ചു എല്ലാം ശരിയാക്കിയത് തിരുമേനിയാണ്.. ” പത്മയെ നോക്കി അനന്തൻ പറഞ്ഞു. “ഇനി മോള് ആ വായ അടച്ചു വെച്ച് ആ ചെയറിലോട്ട് ഇരിക്ക്. ചേട്ടൻ പോയി ആ പൂവൻ കോഴികളെ ഒന്ന് കണ്ട്രോൾ ചെയ്യട്ടെ… ” ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്ന അരുണിനെയും വിനയിനേയും നോക്കി അനന്തൻ പറഞ്ഞു.വീണയെ പേടിച്ചിട്ടാവും ഗൗതമിന്റെ ശ്രദ്ധ ഫുഡിലായിരുന്നു… പത്മ അരികിൽ ഇരുന്നതും ശ്രുതി ചോദിച്ചു.

“അവിടെ എന്താ പത്മാ പരിപാടി..? ” പത്മ കാര്യങ്ങളൊക്കെ പറഞ്ഞു തീരുന്നതിനു മുൻപേ കൃഷ്ണ പറഞ്ഞു.. “ശോ..ഈ കാണാൻ കൊള്ളാവുന്ന ചുള്ളൻമാരെയെല്ലാം ഓരോരോ അവളുമാർ സെറ്റ് ആക്കി കൊണ്ടു പോകയാണല്ലോ ന്റെ കൃഷ്ണാ… ഞാനിങ്ങനെ നിന്ന് പോവത്തേയുള്ളൂ. ആ കാർത്തികേയൻ വക്കീലിനോട് ആരെങ്കിലും ഒന്ന് പറഞ്ഞു മനസ്സിലാക്കിയിരുന്നെങ്കിൽ.. ” “എന്ത്..? ” പത്മയുടെ ചോദ്യത്തിന് ശ്രുതിയാണ് ഉത്തരം പറഞ്ഞത്. “വേറെന്ത്.. പെട്ടെന്ന് കല്യാണം നടത്തി കൊടുത്തില്ലെങ്കിൽ മോള് വല്ലവന്റെയും ഒപ്പം ചാടി പോവുമെന്ന്…” “ന്റെ പെണ്ണെ ആദ്യം നാലക്ഷരം പഠിക്കാൻ നോക്ക്.. ”

പത്മയെ നോക്കി കൃഷ്ണ മുഖം കോട്ടി. “ഓ.. നിനക്കിപ്പോൾ അങ്ങനെയൊക്കെ പറയാല്ലോ, കോടീശ്വരപത്നിയല്ലേ.. ” പത്മ ചിരിച്ചു. “ആരുടെ പത്നിയായാലും കോഴ്സ് പൂർത്തിയാക്കാതെ പത്മ പോവില്ല്യ മോളെ…നീ ആദ്യം നല്ലോണം പഠിച്ചു പാസ്സാവാൻ നോക്ക്. ല്ലെങ്കിൽ ഞാൻ വരും കാർത്തികേയൻ വക്കീലിനെ കാണാൻ… ” “അപ്പോൾ നിനക്ക് മനസ്സിലായില്ലേ, അവൾക്ക് പഠിക്കാൻ വയ്യെന്ന്..അതാണ്‌ കല്യാണത്തിന് മുറവിളി കൂട്ടുന്നത് ” ശ്രുതി ചിരിയോടെ പറഞ്ഞത് കേട്ട് പത്മ കൃഷ്ണയെ നോക്കി കണ്ണുരുട്ടി.. കൃഷ്ണ അവരെ നോക്കി ഒരു ഇളിഞ്ഞ ചിരി ചിരിച്ചു.. ഫുഡ്‌ കഴിച്ചു അനന്തൻ പത്മയെയും മറ്റുള്ളവരെയും അവരുടെ ടേബിളിനരികിലേക്ക് വിളിച്ചിരുത്തി..

അരുണും കൃഷ്ണയും സംസാരിക്കുന്നത് കണ്ടു അനന്തനും പത്മയും ശ്രുതിയുമെല്ലാം പരസ്പരം നോക്കി ചിരിയടക്കി. എല്ലാവരും പെട്ടെന്ന് തന്നെ കൂട്ടായി.. അവർ സംസാരിച്ചിരിക്കുന്നതിനിടെ അപ്പുറത്ത് നിന്ന് ബാലചന്ദ്രൻ അനന്തനെ വിളിച്ചു.. അനന്തൻ അവരുടെ അടുത്തേക്ക് ചെന്നു. അഭിഷേക് ഒഴികെ മറ്റുള്ളവരെല്ലാം പോവാൻ തുടങ്ങുകയായിരുന്നു. ബാലചന്ദ്രനും രവിയും അവർക്കരികിലേക്ക് വന്നു. അവർ ഹോട്ടലിൽ റൂം എടുത്തതാണ്.മഠത്തിൽ താമസിക്കാൻ വന്നാൽ നാഗപഞ്ചമി കഴിഞ്ഞു പൂജയും കഴിഞ്ഞേ തിരികെ പോകാനാവൂ.. എല്ലാവരുടെയും മുഖത്ത് കണ്ട സന്തോഷം മൈഥിലിയുടെ മുഖത്ത് കണ്ടില്ല.

പക്ഷേ ബാലചന്ദ്രനെ അവർക്ക് ചെറിയ പേടിയുണ്ടെന്ന് പത്മയ്ക്ക് മനസ്സിലായി.. അവർ പോയതിന് ശേഷം പിന്നെയും കുറച്ചു സമയം അഞ്ജലിയും അഭിഷേകും സംസാരിച്ചിരുന്നു.. ചിരിയും കളിയുമായി മറ്റുള്ളവരുമായി സംസാരിച്ചിരിക്കുന്നതിനിടയിലും അനന്തന്റെ കണ്ണുകൾ തന്നെ തേടി വരുന്നത് പത്മ കാണുന്നുണ്ടായിരുന്നു. ഗൗതമും വിനയും എന്തോ പറഞ്ഞു കളിയാക്കിയപ്പോൾ അനന്തന്റെ മുഖത്ത് തെളിഞ്ഞ പുഞ്ചിരിയിലേക്ക് നോക്കി പത്മ ഇരുന്നു പോയി. അനന്തൻ ചോദ്യഭാവത്തിൽ മുഖമുയർത്തിയതും ഒന്നുമില്ലെന്ന് കാട്ടി ജാള്യതയോടെ പത്മ മുഖം താഴ്ത്തി.. ഇത്തിരി കഴിഞ്ഞു നോക്കിയപ്പോൾ കുസൃതി നിറച്ച ആ കണ്ണുകൾ അവളിൽ തന്നെയായിരുന്നു…

ശ്രുതി അവളെ പിക്ക് ചെയ്യാൻ ഏട്ടൻ വന്നിട്ടുണ്ടെന്നും പാർക്കിങ്‌ ഏരിയയിൽ ഉണ്ടെന്നും പറഞ്ഞപ്പോൾ അനന്തൻ അവളോട് ഏട്ടനെ ഇങ്ങോട്ട് വിളിച്ചോളൂവെന്ന് പറഞ്ഞു. “നല്ല കാര്യായി… ആൾക്ക് ഈ പാർട്ടികളും ആൾക്കാരും ബഹളവും ഒന്നും ഇഷ്ടമല്ല.. സംസാരം പോലും അത്യാവശ്യത്തിനേയുള്ളൂ.. ” ശ്രുതിയുടെ വാക്കുകളിൽ ഏട്ടനോടുള്ള ഇഷ്ടം നിറഞ്ഞു നിന്നിരുന്നു.. പാർക്കിങ്ങിൽ എത്തിയപ്പോൾ ശ്രുതിയോടും കൃഷ്ണയോടുമൊപ്പം അനന്തനും പത്മയും വൈശാഖന്റെ കാറിനരികിലേക്ക് ചെന്നു. അവരെ കണ്ടതും അയാൾ പുറത്തേക്കിറങ്ങി. വൈശാഖന് നേരേ കൈ നീട്ടുന്നതിനിടെ അനന്തൻ പറഞ്ഞു.

“എന്തേ ഉള്ളിലേക്ക് വരാതിരുന്നത്…? ” “ഹേയ് ഒന്നുമില്ല.. ഞാൻ ചുമ്മാ ഇവിടെ ഇരുന്നെന്നേയുള്ളൂ.. ” “ഏട്ടാ, ഇതാണ് അനന്തപത്മനാഭൻ, പത്മയുടെ ഹസ്ബൻഡ്.. നാഗകാളി മഠത്തിലെ.. ” ശ്രുതി പരിചയപ്പെടുത്തിയപ്പോൾ അനന്തൻ വൈശാഖിനെ നോക്കി കണ്ണിറുക്കി. “അനന്തനെ എനിക്ക് നേരെത്തേ അറിയാം.. ” വൈശാഖ് ചിരിയോടെ പറഞ്ഞു. മിഴിച്ചു നിൽക്കുന്ന മുഖങ്ങളിലേക്ക് നോക്കി അനന്തൻ പറഞ്ഞു. “വൈശാഖൻ മാഷിന്റെ എക്സിബിഷനുകളിലെ സ്ഥിരം സാന്നിധ്യമാണ് ഞാൻ.. ഒരാരാധകൻ.. ” അനന്തൻ പറഞ്ഞത് കേട്ട് അവനെ ഒന്ന് നോക്കി വൈശാഖൻ പറഞ്ഞു.

“ഇൻഫാക്ട് എന്റെ ഒട്ട് മിക്ക പെയിന്റിങ്ങുകളും അനന്തന്റെ കളക്ഷനിൽ ആണ് ഉള്ളത്.. ” “ഓ.. നിങ്ങൾ അപ്പോൾ മുൻപേ പരിചയക്കാരാണോ..? ” ശ്രുതിയുടെ ചോദ്യം കേട്ട് വൈശാഖനും അനന്തനും തമ്മിൽ നോക്കി ഒന്ന് ചിരിച്ചു. കൃഷ്ണയെ അവർ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞത് കൊണ്ടു അവൾ ശ്രുതിയ്ക്കും വൈശാഖിനുമൊപ്പം കാറിൽ കയറി. ശ്രുതിയോടും കൃഷ്ണയോടും യാത്ര പറഞ്ഞു വൈശാഖനെ നോക്കി ഒന്ന് ചിരിച്ചിട്ട് പത്മ അനന്തനൊപ്പം അവരുടെ കാറിനരികിലേക്ക് നടന്നു. കാർ കുറച്ചു ദൂരം എത്തിയിട്ടും പത്മ പുറത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു. “എന്താടോ ഒരാലോചന.. ” ഡ്രൈവ് ചെയ്യുന്നതിനിടെ അവളെ ഒന്ന് നോക്കി അനന്തൻ ചോദിച്ചു. “ഒന്നുമില്ല്യ … ”

ആ മറുപടി കേട്ടതും അനന്തൻ പിന്നെയൊന്നും ചോദിച്ചില്ല, ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചു. ഇത്തിരി കഴിഞ്ഞപ്പോൾ പത്മ പതിയെ പറഞ്ഞു. “ഇന്നാണ് നിക്കൊരു കാര്യം മനസ്സിലായത്…” അനന്തൻ അവളെ നോക്കി. “വൈശാഖൻ മാഷിനോട് നിക്ക് തോന്നിയത് പ്രണയമായിരുന്നില്ല്യ… ” അനന്തൻ ചിരിച്ചു.. “പിന്നെ…? ” “അറിയില്ല്യ അനന്തേട്ടാ.. പുറമെ ഒരടുപ്പവും ഇല്ല്യെങ്കിലും ചിലരോട് നമുക്കൊരു ഇഷ്ടം തോന്നില്ല്യേ. അത് പക്ഷേ പ്രണയമൊന്നുമല്ല.. അത് ഇന്നാണ് നിക്ക് ശരിക്കും മനസ്സിലായത്. വൈശാഖേട്ടനെ നിക്കിഷ്ടമാണ്.. ” “ഇന്ന് അത് മനസ്സിലാവാൻ കാരണം…? ” “പ്രണയം എന്താണെന്ന് മനസ്സിലാക്കിയത് കൊണ്ട്…ന്റെ പ്രണയം ന്റെ കൂടെയുള്ളത് കൊണ്ട്.. ” “ഓ.. ” അനന്തൻ അവളെ നോക്കി കണ്ണിറുക്കി..

“സത്യമാണ് അനന്തേട്ടാ, നിക്ക് എങ്ങിനെയാണ് പറഞ്ഞു മനസ്സിലാക്കേണ്ടതെന്ന് അറിയില്ല്യ.. ” അനന്തൻ ചിരിച്ചു.. “അതിപ്പോൾ അനന്തേട്ടന്റെ കൂട്ടുകാരെ എല്ലാവരെയും നിക്ക് ഇഷ്ടമാണ്.. പക്ഷെ അരുണേട്ടനോട് ഒരു പൊടിയ്ക്ക് ഇഷ്ടക്കൂടുതൽ ഉണ്ട്.. പക്ഷേ അത് എന്ത് കൊണ്ടാണെന്നു നിക്ക് അറിയില്ല്യ.. ആദ്യമായി കാണുകയാണെങ്കിലും ഒരു പാട് കാലമായി അറിയുന്നത് പോലെ ഒരു ഫീലിംഗ്.. ” “താനിങ്ങനെ പറഞ്ഞു കഷ്ടപ്പെടേണ്ടെടോ, എനിക്ക് മനസ്സിലാവും… ” പത്മ പിന്നെ ഒന്നും പറഞ്ഞില്ല. “അല്ല നേരത്തെ ഒരു ഡയലോഗ് പറഞ്ഞിരുന്നു.. പ്രണയം കൂടെയുണ്ടെന്നോ മറ്റോ.. അതാരാ..? ” അവളെ നോക്കിയ കണ്ണുകളിൽ കുസൃതിയായിരുന്നു, ചുണ്ടുകളിൽ പുഞ്ചിരിയും.. പത്മ അവനെ കൂർപ്പിച്ചു നോക്കി. “അങ്ങനെയിപ്പോ അറിയണ്ട.. ”

“ഓ അങ്ങനെയാണോ.. ” “ഹാ അങ്ങനെയാണ്.. ” “എന്നാൽ ഇന്ന് എന്റെ ഭാര്യയിൽ നിന്നും അവളുടെ പ്രണയം ആരാണെന്നറിഞ്ഞിട്ടേ അനന്തപത്മനാഭൻ ഉറങ്ങൂ… ” “വാശിയാണോ..? ” “ഇത്തിരി വാശിയുണ്ടെന്ന് കൂട്ടിക്കോ… ” അനന്തൻ മീശയുടെ അറ്റം കടിച്ചു പിടിച്ചു കൊണ്ട് അവളെ നോക്കി തലയാട്ടി.. “കാണാം… ” “ശരിക്കും…? ” “ഡോ…” പത്മ അവന്റെ കൈയിൽ അടിച്ചു കൊണ്ട് പറഞ്ഞതും അനന്തൻ പൊട്ടിച്ചിരിച്ചു.. പ്രണയം നിറഞ്ഞ നിമിഷങ്ങളിലൂടെ അവർ നാഗകാളി മഠത്തിലേക്ക് യാത്രയായി.. ****************** “ഇനി ഒരു ദിവസം കൂടി.. അത് കഴിഞ്ഞാൽ… ” അയാൾ പൊട്ടിച്ചിരിച്ചു… അയാളുടെ ചിരി ഭദ്രയെ തെല്ല് അലോസരപ്പെടുത്തി.

ലക്ഷ്യം ഒന്നായിട്ടും പലപ്പോഴും അയാളോട് കാരണമില്ലാതെ ഒരു നീരസം തോന്നാറുണ്ട്.. ഒരു പക്ഷേ ആദിത്യന് അയാളോടുള്ള വെറുപ്പ് അറിയാവുന്നത് കൊണ്ടാവും.. പക്ഷെ ആദിത്യന്റെ ചോര തന്നെയാണ് ഇയാളും.. തന്റെ സ്വപ്‌നങ്ങൾ നശിപ്പിച്ചവരോട് പകരം വീട്ടാൻ ഇയാളുടെ കൂടെ നിന്നെ പറ്റൂ.. ആ തോന്നലിൽ മാത്രമാണ് ഇത്രയും കാലം പിടിച്ചു നിന്നത്… എങ്കിലും ചിലപ്പോൾ…. “പത്മ ഇപ്പോഴും കന്യകയാണെന്ന് നിങ്ങൾക്കുറപ്പുണ്ടോ…? ” ഭൈരവന്റെ മുഖം ഒന്ന് മങ്ങിയെങ്കിലും ആ തടിച്ച ചുണ്ടുകളിലെ പുഞ്ചിരി മാഞ്ഞില്ല.. “ഉറപ്പുണ്ട്.. അല്ലായിരുന്നെങ്കിൽ എന്റെ മൂർത്തികൾ എനിക്കത് മനസ്സിലാക്കി തന്നേനെ… ” “പക്ഷെ അവർക്ക് ഇനിയും സമയമുണ്ട്.. നാളെയാണ് നാഗപഞ്ചമി..”

“നാളെ നാഗപഞ്ചമിയ്ക്ക് നാഗകാളി മഠത്തിലെല്ലാവരും വൃതത്തിലായിരിക്കും.. നാളെ അർദ്ധരാത്രിയാണല്ലോ നാഗക്കാവിലമ്മ നാഗചിലമ്പണിഞ്ഞു കളത്തിലാടുക.. ” ഭൈരവന്റെ മുഖത്ത് പുച്ഛം നിറഞ്ഞു.. “ഇനി അവർ ഒന്ന് ചേരില്ല.. അതിന് എന്തു വേണമെന്ന് എനിക്കറിയാം.. ” ചുവപ്പ് രാശി കലർന്ന കണ്ണുകൾ ഒന്ന് കുറുകി. ഭദ്രയെ ഒന്ന് നോക്കി അയാൾ അകത്തേക്ക് നടന്നു.. റൂമിലെത്തി അയാൾ ജനലരികിലേക്ക് നടന്നു.അടച്ചു പിടിച്ച വലത്തേ കൈപ്പത്തി പതിയെ തുറന്നു. സ്വർണ്ണ വർണ്ണമാർന്ന ഒരു കുഞ്ഞു ശലഭം അയാളുടെ കൈക്കുള്ളിൽ നിന്നും ജനലഴികൾക്കിടയിലൂടെ പുറത്തേക്ക് പറന്നകന്നു..

ഭൈരവന്റെ മുഖത്തൊരു ചിരി തെളിഞ്ഞു. അയാളൊന്ന് തിരിഞ്ഞു നോക്കി, വരാന്തയിൽ പുറത്തേക്ക് നോക്കി നിൽക്കുന്ന ഭദ്ര.. ഇത്രയും കാലം കൂടെയുണ്ടായിട്ടും അവളറിയാതെ സൂക്ഷിച്ച രഹസ്യം.. നൃപൻ… വാഴൂരില്ലത്തെ പടിപ്പുര കാവൽക്കാരനായിരുന്ന ഗന്ധർവ്വൻ.. തലമുറകളായി കുടുംബത്തിനെ കാത്തു രക്ഷിച്ച സത്മൂർത്തിയായ ഗന്ധർവനെ നീചകർമ്മങ്ങൾക്കായി അടിമയായി കൂടെ കൂട്ടാതെ വേറെ വഴിയില്ലായിരുന്നു തനിക്ക്.. നിമിഷാർദ്ധത്തിൽ രൂപം മാറാൻ കഴിയുന്ന അവന് അതേ വേഗത്തിൽ തന്നെ നാഗകാളി മഠത്തിന്റെ ഉൾത്തളങ്ങളിൽ എത്താനാവും… നാളെ.. നാളെ തന്റെ മോഹങ്ങൾ സഫലമാകും… ഭൈരവൻ അജയ്യനാവും..

ആരും മോഹിക്കുന്ന ആ സുന്ദരിയും തന്റേതാവും.. അയാളുടെ കണ്ണുകളിൽ സുഭദ്രയുടെ രൂപമായിരുന്നു.. ഭദ്രയുടെ മനസ്സിൽ ആദിത്യന്റെ രൂപമായിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞു.. ആ രാത്രി.. ആ നശിച്ച രാത്രി… ദേവേട്ടന്റെയും ലക്ഷ്മിയുടെയും വേളിയുടെ ചടങ്ങുകൾക്കിടയിൽ പലവട്ടം ആദിയേട്ടന്റെ കണ്ണുകൾ തന്നെ തേടിയെത്തുന്നത് അറിഞ്ഞിരുന്നു. അപ്പുറത്തേക്ക് മാറി നിൽക്കാൻ ആംഗ്യം കാണിച്ചപ്പോഴൊക്കെ താൻ മുഖം താഴ്ത്തി നിന്നതേയുള്ളൂ.. ഉച്ചയ്ക്ക് അടുക്കളയിൽ നിന്നും സുഭദ്രയെ നോക്കി പുറത്തേക്കിറങ്ങിയപ്പോഴാണ് പൊടുന്നനെ ഗോവണി ചുവട്ടിൽ നിന്നും രണ്ടു കൈകൾ പിടിച്ചു വലിച്ചടുപ്പിച്ചത്.

തന്റെ വായ്ക്ക് മേൽ കൈ വെച്ചിരുന്നു.. ഭയന്നു പോയിരുന്നു താൻ. ഒരു നിമിഷം കണ്ണുകളിടഞ്ഞപ്പോൾ ആ കള്ളച്ചിരി കണ്ടു. മുഖം താഴ്ത്തിയപ്പോൾ കേട്ടു ആ സ്വരം. “ഭയന്നു പോയോ..? ” മൂളാനേ കഴിഞ്ഞുള്ളു.. “എത്ര തവണ വിളിച്ചു ഞാൻ… ” ഭദ്ര ഒന്നും മിണ്ടിയില്ല.അപ്പോഴും ആ നെഞ്ചിൽ ചേർന്നു നിൽക്കുകയായിരുന്നു.. “ഒന്ന് ചേർത്ത് പിടിക്കുമ്പോഴേക്കും തന്റെ ഹൃദയം പഞ്ചാരി മേളം കൊട്ടുന്നുണ്ടല്ലോഡോ ” കുസൃതി നിറഞ്ഞ ചോദ്യം കേട്ടപ്പോഴേക്കും ഭദ്രയുടെ മുഖം തുടുത്തു. മെല്ലെ ആ കരങ്ങൾക്കുള്ളിൽ നിന്നും പുറത്തിറങ്ങാൻ തുടങ്ങവേ പറഞ്ഞു.. “ഇന്ന് രാത്രി പന്ത്രണ്ടു മണി കഴിയുമ്പോൾ താമരക്കുളത്തിനടുത്തെ മണ്ഡപത്തിൽ വരണം.

നമുക്ക് പോവാനുള്ള കാര്യങ്ങളൊക്കെ വിഷ്ണുവും ദേവനും ഏർപ്പാടാക്കിയിട്ടുണ്ട്.. പുറത്തു കൂടെ വരണ്ടാ.. നിലവറയുടെ വാതിൽ വിഷ്ണു തുറന്നിടും. അതിലൂടെ നാഗക്കാവിന്റെ അരികിലെത്താം. വാതിൽക്കൽ ഞാനുണ്ടാകും” ഭദ്ര അപ്പോഴും കേട്ടത് വിശ്വസിക്കാൻ കഴിയാതെ ആദിത്യനെ നോക്കി നിൽക്കുകയായിരുന്നു. “എനിക്ക് വേണം ഈ പെണ്ണിനെ.. ആദിത്യന്റെത് മാത്രമായി.. ” അവന്റെ സ്വരം ഉറച്ചതായിരുന്നു… “എന്തെങ്കിലുമൊന്ന് പറയെന്റെ പെണ്ണേ..വരില്ല്യേ എനിക്കൊപ്പം… ” മുഖം ഉയർത്താതെ, പതിഞ്ഞ ശബ്ദത്തിലാണ് ഭദ്ര പറഞ്ഞത്. “വരാം.. ” ചിരിയോടെ ആദിത്യൻ അവളുടെ മുഖം പിടിച്ചുയർത്തി ആ നെറ്റിയിൽ ചുണ്ടമർത്തി.ഭദ്രയുടെ മിഴികൾ കൂമ്പിയടഞ്ഞു പോയി.

“ഇപ്പോൾ പൊയ്ക്കോ, ഇനി ഒരു ജന്മം മുഴുവനും ഇല്ല്യേ ഇങ്ങനെ ചേർന്നു നിൽക്കാൻ. …ഞാൻ കാത്തിരിക്കും രാത്രി അവിടെ… ” ആദിത്യന്റെ കൈക്കുള്ളിൽ നിന്നും പുറത്തു കടന്നു മുൻപോട്ടു നടക്കവേ ഭദ്ര പതിയെ തല ചെരിച്ചൊന്ന് നോക്കി.. ഒരു കൈ കൊണ്ട് ഗോവണിയുടെ അഴികളിൽ പിടിച്ചു കണ്ണുകളിൽ ചിരിയുമായി ആദിത്യൻ അവളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു… പലവട്ടം സുഭദ്രയോട് പറയാനോങ്ങിയതാണ്.. അപ്പോഴൊക്കെ ആദിയേട്ടൻ പറഞ്ഞത് ഓർമ്മ വന്നു. സുഭദ്രയോട് കാര്യങ്ങളൊക്കെ വിഷ്ണു പറഞ്ഞു മനസ്സിലാക്കുമെന്ന് ആദിത്യൻ പറഞ്ഞിരുന്നു.. എങ്കിലും… പിന്നെയും ഒന്ന് രണ്ടു വട്ടം അവിടെയും ഇവിടെയുമായി ഭദ്ര ആദിത്യനെ കണ്ടിരുന്നു.

സുഭദ്രയോടൊപ്പമാണ് ഉറങ്ങാൻ കിടന്നത്. അവൾ വേഗം ഉറങ്ങിപോയിരുന്നു. ഉറക്കത്തിൽ ഇടയ്ക്കൊന്ന് പുഞ്ചിരിക്കുന്നത് കണ്ടു. വിഷ്ണുവേട്ടനെ ഓർത്താവണം. അവരുടെ വേളി കാണാൻ പറ്റില്ലെന്നൊരു സങ്കടം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.. നാളെ രാത്രിയിലാണ് മുഹൂർത്തം. നാഗപഞ്ചമിയ്ക്ക് തൊട്ട് മുൻപ്.. പറഞ്ഞത് പോലെ നിലവറയുടെ വാതിൽ തുറന്നു കിടന്നിരുന്നു. താഴേക്കിറങ്ങിയപ്പോൾ കെടാവിളക്കിലെ വെട്ടം കണ്ടു. ശരീരമാകെ വിറയ്ക്കുന്നുണ്ടായിരുന്നു. നിലവറയുടെ അറ്റത്തായി ഒരു വാതിൽ തുറന്ന് കിടക്കുന്നത് കണ്ടു. പുറത്തു ആദിയേട്ടൻ ഉണ്ടാവുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. വാതിൽക്കൽ എത്തിയതും മഴയുടെ ഒരുക്കങ്ങൾ കേട്ടു തുടങ്ങിയിരുന്നു.. വാതിലിനു പുറത്തു ആരെയും കണ്ടില്ല.

ഭയം മനസ്സിനെയാകെ കീഴ്പെടുത്തി തുടങ്ങിയിരുന്നു. പെട്ടെന്ന് ഉണ്ടായ മിന്നലിൽ ഇത്തിരി അകലെയായി ആ മണ്ഡപം കണ്ടു. സുഭദ്രയോടൊപ്പം ഒത്തിരി തവണ വന്നിട്ടുള്ളതാണ്. ചെറിയ പുല്ലുകൾ വളർന്നു കിടക്കുന്ന വഴിത്താരയിലൂടെ രണ്ടും കല്പ്പിച്ചു മണ്ഡപത്തിനരികിലേക്ക് നടന്നു.. വീണ്ടുമെത്തിയ മിന്നലിന്റെ വെളിച്ചത്തിൽ കണ്ടു മണ്ഡപത്തിൽ ആരോ നിൽക്കുന്നത്.. ഓടി മണ്ഡപത്തിന്റെ അരികിലേക്ക് എത്തുമ്പോൾ അറിഞ്ഞു അവിടെ ഒരാളല്ല രണ്ടുപേരുണ്ട്.. വീണു കിടക്കുന്ന ആളുടെ കഴുത്തിൽ പിടി മുറുക്കുന്ന മറ്റൊരാൾ. തുടരെ തുടരെ വന്ന മിന്നലിന്റെ പ്രകാശത്തിൽ ഭദ്ര കണ്ടു.. വീണു കിടന്ന ആളുടെ അടയുന്ന ആ കണ്ണുകളിലെ അവസാനകാഴ്ച്ച താനായിരുന്നുവെന്ന്..

ആ ചുണ്ടുകളിൽ നിന്നു വന്ന പൂർത്തിയാക്കാനാവാതെ പോയ പേര് തന്റേതായിരുന്നുവെന്ന്.. അടുത്ത ഇടിമുഴക്കം ഭദ്രയുടെ മനസ്സിലായിരുന്നു.മണ്ഡപത്തിന്റെ പടികൾ ഓടിക്കയറി അവൾ ആദിത്യനരികെ ഇരുന്നു.അവന്റെ തലയെടുത്തു മടിയിൽ വെച്ച് പൊട്ടിക്കരഞ്ഞു കൊണ്ടവനെ വിളിച്ചു. ആ കണ്ണുകളിൽ ഇനി തനിക്ക് വേണ്ടി ഒരു കള്ളച്ചിരി ഒളിച്ചു വെക്കില്ലെന്ന് അറിഞ്ഞ നിമിഷത്തിൽ ഭദ്ര മുഖമുയർത്തി. വീശിയടിച്ച കാറ്റിന്റെ ശബ്ദവും മഴത്തുള്ളികളുടെ തണുപ്പുമൊന്നും ഭദ്ര അറിഞ്ഞില്ല.. വീണ്ടും മഴയ്ക്ക് അകമ്പടിയായി എത്തിയ മിന്നൽ വെളിച്ചത്തിൽ തന്റെ മുൻപിൽ നിൽക്കുന്ന മനുഷ്യന്റെ മുഖത്തേക്ക് നോക്കി ഒരു നിമിഷം തരിച്ചു നിന്നു അവൾ.. വിഷ്ണു നാരായണൻ…

ഒരു കുതിപ്പിന് അവൾ എഴുന്നേറ്റു വിഷ്ണുവിന്റെ ഷർട്ടിൽ കുത്തി പിടിച്ചു. അയാളെ ഉലച്ചു കൊണ്ടവൾ ചോദിച്ചു. “എന്തിന്…? എന്തിന് നിങ്ങളീ മഹാപാപം ചെയ്തു..? അതും നിങ്ങളെ ജീവനായി കരുതിയ ആ പാവത്തിനോട്.. കൂടപ്പിറപ്പായി തന്നെയല്ലേ ആദിയേട്ടൻ നിങ്ങളെ കണ്ടത്.. എന്നിട്ട്.. എന്തിനാ…? ” ഒരു പൊട്ടിച്ചിരിയായിരുന്നു ആദ്യം വിഷ്ണുവിൽ നിന്നുമുണ്ടായത്.. “കൂടപ്പിറപ്പ് !!!! അതും വാഴൂരില്ലത്തെ ആ നീചജന്മത്തിന്റെ ചോര.. ” ഭദ്രയെ ഒരു കൈ കൊണ്ട് ആഞ്ഞു തള്ളി വിഷ്ണു. മണ്ഡപത്തിന്റെ കരിങ്കൽ തൂണിൽ നെറ്റിയടിച്ചു വീണു പോയി ഭദ്ര. നെറ്റിയിലെ മുറിവിൽ നിന്നും ചോരയൊഴുകിയത് അവളറിഞ്ഞില്ല.. “തന്ത്രങ്ങളെല്ലാം മെനഞ്ഞു തന്നെയായിരുന്നെടി അവനെ കൂടെ നിർത്തിയതും ഇങ്ങോട്ട് വിളിച്ചു കയറ്റിയതും..

സുഭദ്രയുടെ വശീകരണ ശക്തിയാൽ ഒരു കളിപ്പാവയാക്കി അവനെ ഭൈരവനെ നേരിടാനുള്ള മൂർച്ചയുള്ള ഒരായുധമാക്കി മാറ്റുവാൻ… ” വിഷ്ണുവിന്റെ ശബ്ദം മുറുകി. “അതിനിടയിലേക്കാണ് നീ കയറി വന്നത്. നിന്നിൽ അവനങ്ങു മയങ്ങി പോയി… പിന്നെ ഞങ്ങളുടെ ലക്ഷ്യം നടക്കില്ലെന്ന് മനസ്സിലാക്കി നാഗപഞ്ചമി നാളിൽ നാഗകാളി മഠത്തെ തോൽപ്പിക്കാൻ കാത്തിരിക്കുന്ന ഭൈരവന് ഇവിടുത്തെ ഇളമുറക്കാരുടെ ഉപഹാരമായി ഇവന്റെ ജീവനെടുക്കാമെന്ന് ഞങ്ങളങ്ങു തീരുമാനിച്ചു… ” “ഇതെല്ലാം സുഭദ്രയും അറിഞ്ഞു കൊണ്ടായിരുന്നോ…? ” അടഞ്ഞു പോവുന്ന കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു കൊണ്ട് ഭദ്ര ചോദിച്ചു..

“ശത്രുവിനെ നേരിടാൻ നാഗകാളിമഠത്തിലുള്ളവർ ഒറ്റക്കെട്ടാണ് പെണ്ണേ.. പക്ഷേ… ” ആഞ്ഞു വീശിയ കാറ്റിനൊപ്പം തെളിഞ്ഞ വെളിച്ചത്തിൽ തനിക്കരികിലേക്കെത്തുന്ന വിഷ്ണുനാരായണന്റെ മുഖത്തെ ചിരി ഭദ്ര കണ്ടു. “സുഭദ്ര അറിയാത്ത ഒരു കാര്യമുണ്ട്.. നിന്റെ മരണത്തോടൊപ്പം ഞാനും നീയും മാത്രം അറിയുന്ന ഒരു രഹസ്യമായി അത് മാറും.. ” ബോധം മറയുമ്പോൾ തന്നിലേക്ക് എത്തുന്ന വിഷ്ണുവിന്റെ മുഖമായിരുന്നു ഭദ്രയുടെ കണ്ണുകളിൽ…. കാറ്റും മഴയും സംഹാര താണ്ഡവമാടിയ ആ രാത്രിയിൽ ആ മണ്ഡപത്തിൽ കിടക്കുകയായിരുന്നു ഭദ്ര.അവൾ കണ്ണുകൾ പതിയെ തുറന്നപ്പോൾ, മഴ തോർന്ന രാത്രിയുടെ നിശ്ശബ്ദതതയിലേക്ക് നാഗക്കാവിൽ നിന്നെത്തുന്ന ചെറു ശബ്ദങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ..

കുറച്ചു സമയം മരവിച്ച മനസ്സോടെ കരിങ്കൽ തൂണിൽ ചാരിയിരുന്നു ഭദ്ര. ചുറ്റും നോക്കിയപ്പോൾ ആരെയും കണ്ടില്ല.. ആദിത്യന്റെ ശരീരം അയാൾ ഇവിടെ നിന്നും മാറ്റിയിട്ടുണ്ടാവണം.. താൻ മരിച്ചെന്നു കരുതിയിട്ടുണ്ടാവും.. അങ്ങനെയെങ്കിൽ അയാൾ വീണ്ടുമെത്തും.. ഭദ്ര പതിയെ എഴുന്നേറ്റു. ശരീരമാസകലം തോന്നിയ വേദന അവഗണിച്ചു താഴെ കിടന്നിരുന്ന നേര്യേത് എടുത്തു പുതച്ചു. വേച്ചു വേച്ചാണ് താമരക്കുളത്തിന്റെ പടവുകളിൽ എത്തിയത്. കരയാൻ ഒരു തുള്ളി കണ്ണീർ ബാക്കിയില്ലായിരുന്നെങ്കിലും ആദിത്യന്റെ ഓർമ്മയിൽ അവളൊന്ന് തേങ്ങി പോയി.. നേരിയ വെളിച്ചത്തിൽ ഒന്ന് രണ്ടു നിമിഷം ആ വെള്ളത്തിലേക്ക് നോക്കി നിന്ന് പടവിൽ നിന്നും മുന്നോട്ടായാൻ തുടങ്ങുമ്പോൾ ഭദ്രയുടെ കൈയിൽ ആരോ പിടിച്ചു..

(തുടരും )

നാഗമാണിക്യം: ഭാഗം 24

Share this story