ശ്യാമമേഘം : ഭാഗം 27

ശ്യാമമേഘം : ഭാഗം 27

എഴുത്തുകാരി: പാർവതി പാറു

ലച്ചുവിനെ കാണണം എന്ന് തോന്നുന്നില്ലേ ശ്യാമേ…. മേഘ അവളുടെ നിറഞ്ഞു വന്ന മിഴികൾ തുടച്ചു ശ്യാമക്കരികിൽ ചെന്നിരുന്നു… മ്മ്.. എപ്പോഴും തോന്നും.. പക്ഷെ ധൈര്യം ഇല്ല… പിഴച്ചു പെറ്റ കുഞ്ഞുമായി അവളുടെ ചേച്ചിയേ അവൾ എങ്ങനെ സ്വീകരിക്കും എന്ന പേടി ആണെനിക്ക്…. തന്റെ വിവരം അറിയാഞ്ഞിട്ട് അവൾ വിഷമിക്കുന്നുണ്ടാവില്ലേ.. ഉണ്ടാകും.. അതിലേറെ വേദന ആയിരിക്കില്ലേ ഈ അവസ്ഥയിൽ ഞാൻ അവളുടെ മുന്നിൽ ചെന്നാൽ..

മനുവിനൊപ്പം അല്ലാതെ ഇനി എനിക്ക് അവരുടെ മുന്നിലേക്ക് ചെല്ലാൻ കഴിയില്ല മേഘേ…. എന്റെ കുഞ്ഞിന്റെ അച്ഛനെ എനിക്ക് വേണം…. വരും മനു വരും… എവിടന്ന് വരാൻ… ഞാൻ വീണ്ടും പറയുന്നു ശ്യാമേ അവൻ നിന്നെ ചതിച്ചതാണ്…. അവന്റെ ആവശ്യം കഴിഞ്ഞപ്പോൾ അവൻ നിന്നെ വലിച്ചെറിഞ്ഞു…. അനിയുടെ വാക്കുകളിൽ ദേഷ്യം ഉണ്ടായിരുന്നു… മേഘ ആദ്യമായാണ് അവനെ ഇത്രയും ദേഷ്യത്തോടെ കാണുന്നത്…. അവൾ അനിയുടെ കൈകളിൽ പിടിച്ചു… വേണ്ട അനി..

ഓരോന്ന് പറഞ്ഞു അവളെ ഇനിയും വേദനിപ്പിക്കല്ലേ… മേഘ ശബ്ദം താഴ്ത്തി അനിയോട് പറഞ്ഞു…. ശ്യാമയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.. അത് കണ്ടപ്പോൾ അനിക്ക് നെഞ്ചിൽ കൊളുത്തി വലിക്കുന്നത് പോലെ തോന്നി… അവൻ മുറിവിട്ട് പുറത്തേക്ക് ഇറങ്ങി…. മേഘ ശ്യാമയെ ചേർത്ത് പിടിച്ചു…. മേഘേ…. മനു വരില്ലേ നീ പറ.. എന്റെ മനു വരില്ലേ.. അവൾ കരഞ്ഞുകൊണ്ട് അവളെ കെട്ടിപിടിച്ചു… വരും…. മനു ഈ ലോകത്തിന്റെ ഏത് കോണിൽ ഒളിച്ചാലും… ഞങ്ങൾ കണ്ടുപിടിച്ചു നിന്റെ മുന്നിൽ കൊണ്ട് തരും… കരയല്ലേ… മേഘ അവളെ സമാദാനിപ്പിച്ചു…. …..

നീ ശ്യാമയോട് അങ്ങനെ സംസാരിച്ചത് തീരെ ശരിയായില്ല അനി… അന്ന് രാത്രി മേഘയെ തിരികേ വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴി അവൾ അവനോട് പറഞ്ഞു….. പിന്നെ…. അവൾക്ക് വട്ടാണ്… അവൻ അവളെ ചതിച്ചതാണെന്ന് മനസിലാക്കാൻ ഉള്ള സാമാന്യ ബോധം അവൾക്കില്ലേ…. അനി ദേഷ്യത്തോടെ പറഞ്ഞു.. മേഘ ചിരിച്ചു… എല്ലാ പെണ്ണിന്റെ ഉള്ളിലും ഉണ്ട് അനി ഒരു പാതി വട്ട്…. നടക്കില്ലെന്നു അറിഞ്ഞിട്ടും വീണ്ടും വീണ്ടും മോഹിക്കുന്ന ഭ്രാന്തമായ സ്വപ്‌നങ്ങൾ ഉള്ള… മനസ് നിറയെ കൊതികൾ ഉള്ള….. വികാരങ്ങൾ ഉള്ള .

ഒരു ചെറിയ വട്ട്…അല്ല ഒരുതരം കിറുക്ക്… ആ കിറുക്ക് ആണ് അവളെ പെണ്ണാക്കുന്നത്… അതിലെങ്കിൽ അവളില്ല… ഈ എന്റെ ഉള്ളിലും ശ്യാമയുടെ ഉള്ളിലും എല്ലാം ആ കിറുക്കത്തി ഉണ്ട്… അവളുടെ സംസാരം കേട്ട് അനി ചിരിച്ചു… നിങ്ങൾ പെണ്ണുങ്ങൾ എന്താ മേഘേ ഇങ്ങനെ.. ആരെന്ത് പറഞ്ഞാലും അതെല്ലാം വെള്ളം തൊടാതെ വിഴുങ്ങുന്ന സ്വഭാവം ആണ് നിങ്ങളുടേത്… ഞങ്ങൾ പെണ്ണുങ്ങൾക്ക് ഇഷ്ടക്കേടുകൾ ഇല്ല അനി.. എല്ലാം ഇഷ്ടങ്ങൾ മാത്രം ആണ്… എല്ലാവരെയും സ്നേഹിക്കാൻ മാത്രേ അറിയൂ.. വെറുക്കാൻ അറിയില്ല… എല്ലാവരെയും വിശ്വസിക്കുകയേ ഉള്ളൂ…

അവിശ്വസിക്കില്ല… കാരണം എന്താണെന്നോ.. അവൾ ഓരോ പുരുഷനിലും കാണുന്നത് അവളുടെ അച്ഛനേയോ.. സഹോദരനേയോ… പ്രിയപ്പെട്ടവനെയോ ആണ്.. അത് ശരിയാണ്.. പുരുഷൻ ഒരു പെണ്ണിലും അവന്റെ അമ്മയേയും സഹോദരിയേയും കാണാറില്ല.. കണ്ടിരുന്നു എങ്കിൽ ഈ നാട്ടിൽ ഇത്രയും പീഡങ്ങളുംപ്രശ്നങ്ങളും ഒന്നും ഉണ്ടാവില്ലല്ലോ… മേഘ ചിരിച്ചു…. ശ്യാമയുടെ പ്രണയം അവളുടെ വിശ്വാസം ആണ്…. അത് ഞാനോ നിയോ പറഞ്ഞാൽ അവൾക്ക് തിരുത്താൻ ആവില്ല… അവൾ അവനെ വിശ്വസിക്കട്ടെ അനി…

ഞാനും വിശ്വസിക്കുന്നു… മനു വരും കണ്ണന് അവന്റെ അച്ഛനെ കിട്ടും… വേണ്ട.. മനു വരണ്ട… അനി ദേഷ്യത്തോടെ പറഞ്ഞു…. അനി നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നത്… വേണ്ട മേഘേ… മനു അവളെ ചതിച്ചു എന്ന് വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം…. നാളെ ഒരിക്കൽ മനു വന്നാൽ ശ്യാമയും കണ്ണനും നമ്മളിൽ നിന്ന് അകലും… എന്തോ അവരെ പിരിയുന്നത് ഓർക്കാൻ പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല മേഘേ… നിന്നെ പോലെ തന്നെ അവരും എനിക്ക് ഒരിക്കലും ഉപേക്ഷിക്കാൻ കഴിയാത്ത ആവശ്യം ആയി മാറുന്നു…. അനിയുടെ വാക്കുകൾ മേഘ ക്ഷമയോടെ കേട്ട് നിന്നു….

അവൾ അവന്റെ തലയിൽ തലോടി.. ഒരമ്മയുടെ വാത്സല്യത്തോടെ… ഇപ്പോൾ എന്റെ അനി ഒരു മൂന്നു വയസുകാരന്റെ ബുദ്ധിയോടെ.. ആ കുറുമ്പോടെ ആണ് സംസാരിക്കുന്നത്… നീ ശ്യാമയിൽ നിന്റെ അമ്മയെ കാണുന്നു അല്ലേ അനി…. മേഘ അത് പറഞ്ഞപ്പോൾ അവൻ അത്ഭുതത്തോടെ അവളെ നോക്കി… ഒരു പെണ്ണും കേട്ടാൽ സഹിക്കാത്ത വാക്കുകൾ ആണ് അനി പറഞ്ഞത്.. പക്ഷെ മേഘ അതിലെ സത്യത്തെ തിരിച്ചറിഞ്ഞിരുന്നു…. ശ്യാമ കണ്ണനെ സ്നേഹിക്കുന്നത് കാണുമ്പോൾ നീ… നീ പോലും അറിയാതെ ആ സ്നേഹം കൊതിക്കുന്നുണ്ട്.. ഒരു കൊച്ചു കുട്ടിയെ പോലെ….

കിട്ടി കൊതി തീരാതെ പോയ ഒരമ്മയുടെ സ്നേഹം നീ അവളിൽ നിന്ന് പ്രദീക്ഷിക്കുന്നു അല്ലേ അനി…. മേഘ അവന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു…. അനി അവളെ കെട്ടിപിടിച്ചു….. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…. സാരല്ല്യ അനി.. എനിക്ക് പരാതി ഇല്ല… പരിഭവം ഇല്ല… നീ ശ്യാമയുടെ മാതൃത്വത്തെ ആണ് സ്നേഹിക്കുന്നത്.. ശ്യാമയെ അല്ലല്ലോ.. അതെനിക്ക് അറിയില്ലേ…. അവൾ അവനെ സമാധാനിപ്പിച്ചു…. നമ്മൾ തനിച്ചുള്ള ഒരു ലോകം സ്വപ്നം കണ്ട് എന്റെ ജീവിതത്തിലേക്ക് വരുന്നവൾ ആണ് മേഘേ നീ..

ആ നിനക്ക് എങ്ങനെ ഇങ്ങനെ സംസാരിക്കാൻ കഴിയുന്നു…. ഞാൻ പറഞ്ഞില്ലേ അനി.. ഞങ്ങൾ പെണ്ണുങ്ങൾക്ക് ഇഷ്ടക്കേടുകൾ ഇല്ല.. നിന്റെ ഇഷ്ടം ആണ് എന്റെയും ഇഷ്ടം…. ശ്യാമയെയും കണ്ണനെയും സ്നേഹിച്ചു കഴിഞ്ഞു ഒരു ഇത്തിരി സ്നേഹം എനിക്ക് കൂടി തന്നാൽ മതി…. അവൾ ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു…. അനി അവളെ ഘാടമായി പുണർന്നു.. എന്റെ ഭാഗ്യം ആണ് മേഘേ നീ… എന്റെ വലിയ പുണ്യം… ഒരിക്കൽ ശ്യാമയും എന്നോട് അത് പറഞ്ഞിട്ടുണ്ട്…. അവൻ അവളുടെ തോളിൽ തല വെച്ച് പറഞ്ഞു….

അവൾ അവന്റെ കവിളിൽ ചുംബിച്ചു…. …. മേഘയേ വീട്ടിൽ ആക്കി അനി തിരികേ വരുമ്പോൾ കണ്ണൻ നിർത്താതെ കരയുകയാണ്.. ശ്യാമ അവന്റെ കരച്ചിൽ നിർത്താൻ പാട് പെടുകയാണ്…. അനി ഓടി ചെന്ന് അവനെ അവളിൽ നിന്നും വാങ്ങി…. അവന്റെ ചൂട് തട്ടിയതും കണ്ണന്റെ കരച്ചിൽ ഒരു എങ്ങലായി മാറി… വാവാവോ.. വാവേ…. എന്റെ കണ്ണൻ കരയണ്ടാട്ടോ… ഞാൻ വന്നില്ലേ… എന്റെ കുഞ്ഞു ചാച്ചിക്കോ ട്ടോ… അനി അവനെ മാറോട് ചേർത്ത് പറഞ്ഞു… ശ്യാമ അവനെ കണ്ണെടുക്കാതെ നോക്കി…

അനിയിൽ അവൾ മനുവിനെ കാണാൻ ശ്രമിച്ചു.. കണ്ണൻ അവന്റെ അച്ഛന്റെ കൈകളിൽ കിടക്കുന്നത് അവൾ കണ്ടു… കണ്ണൻ അനിയുടെ തലോടലിൽ മെല്ലെ ഉറങ്ങി തുടങ്ങി….. എന്താ ശ്യാമേ ഇങ്ങനെ നോക്കുന്നത്… അനി കണ്ണനെ ഉറക്കുന്നതിന് ഇടയിൽ ചോദിച്ചു….. ഒന്നുല്ല്യ…. അവൾ ചിരിച്ചു…. എന്റെ മനുവിന്റെ കൈകളിൽ അവൻ കിടന്ന് ഉറങ്ങുന്നത് ഒന്ന് ഓർത്ത് നോക്കിയതാ…. ഇത്പോലെ തന്നെ ആവും അല്ലേ…. ശ്യാമ അത് പറയുമ്പോൾ അനിക്ക് ഉള്ളിൽ ദേഷ്യം വന്നു തുടങ്ങിയിരുന്നു…. അനിക്ക് ഏതായാലും കണ്ണനെ നോക്കി നല്ല പ്രാക്ടീസ് ആയി..

ഇനി നിങ്ങൾക്ക് ഒരു കുഞ്ഞു ഉണ്ടാവുമ്പോൾ ബുദ്ധിമുട്ട് ആവില്ല… അല്ലേ…. അനി കണ്ണനെ നോക്കി…. കണ്ണനും എന്റെ കുഞ്ഞല്ലേ… ഒരിക്കലും അവൻ എന്റെ കുഞ്ഞല്ല എന്ന് തോന്നിയിട്ടില്ല…. അനി ഒരു ചിരിയോടെ പറഞ്ഞു… അതാവാം.. എന്തൊക്കെ ആയാലും സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിനോട് തോന്നുന്ന സ്നേഹം ഒന്ന് വേറെ തന്നെ അല്ലേ…. ശ്യാമ ചോദിച്ചു.. രക്തബന്ധം ആണോ ശ്യാമേ സ്നേഹത്തിന്റെ അളവ് കോൽ?? അങ്ങനെ ആണെങ്കിൽ താനും കണ്ണനും ഇന്ന് ഈ വീട്ടിൽ ഉണ്ടാവില്ലല്ലോ….

ശ്യാമ മറുപടി പറഞ്ഞില്ല….. അവർക്കിടയിൽ മൗനം തളം കെട്ടി കിടന്നു… ഒരു മാസം കൂടിയേ ഉള്ളൂ അല്ലേ ഇനി കല്യാണത്തിന്… നിങ്ങൾ ഒരുമിച്ച് ജീവിതം തുടങ്ങുമ്പോൾ ഞാനും കണ്ണനും ഇവിടെ ഒരു ഭാരമായി ഉണ്ടാവുന്നത് ശരിയല്ല… എന്റെ കാഴ്ച തിരിച്ചു കിട്ടിയല്ലോ.. . ഞങ്ങൾ ഇനി പോകണം….. ശ്യാമ ഉറച്ച തീരുമാനത്തോടെ പറഞ്ഞു… അനിക്ക് അവളുടെ വാക്കുകൾ ഹൃദയത്തിൽ വേദന സൃഷ്ടിച്ചു… എന്താ ശ്യാമേ ഈ പറയുന്നത്.. നിങ്ങൾ എവിടെ പോവാൻ… ഇല്ല ഞാൻ സമ്മതിക്കില്ല… നിങ്ങൾ ഇവിടെ വേണം… ഞങ്ങൾക്കൊപ്പം.. അനി എന്ത് വിഢിത്തം ആണ് പറയുന്നത്..

എന്ത് അർഥത്തിൽ ആണ് ഞാൻ ഇവിടെ നിൽക്കേണ്ടത്…. ആരാ ഞാൻ നിങ്ങളുടെ… അപകടം പറ്റിയപ്പോൾ സഹായിച്ചു എന്നത് ശരി തന്നെ … പക്ഷെ ഇപ്പോൾ ഞാനും എന്റെ കുഞ്ഞും ഇവിടെ ഒരു അതികപറ്റ് ആണ്… അനി കണ്ണനെ ചേർത്ത് പിടിച്ചു…. ഇല്ല.. ഇവിടെ നിന്ന് നിങ്ങളെ എങ്ങോട്ടും ഞാൻ വിടില്ല.. നിങ്ങൾ ഇവിടെ വേണം ഞങ്ങൾക്കൊപ്പം… അനിയുടെ വാക്കുകൾക്ക് ഒരു ശാസനയുടെ സ്വരം ആയിരുന്നു…. എത്ര കാലം… നാളെ മനു വന്നാൽ.. മനുവിനെയും അനി ഇവിടെ താമസിപ്പിക്കുമോ… മനു വരില്ല…

അനി അവളുടെ മുഖത്തു നോക്കാതെ പറഞ്ഞു… അത് അനിക്ക് എങ്ങനെ അറിയാം.. മനു വരും എനിക്ക് ഉറപ്പാണ്… ശ്യാമ അൽപ്പം ദേഷ്യത്തോടെ പറഞ്ഞു… ഇല്ല മനു വരില്ല.. വരില്ല.. വരില്ല… അവൻ അതേ ദേഷ്യത്തോടെ പറഞ്ഞു…. അത്.. അനിക്ക് എങ്ങനെ അറിയാം…. സത്യം പറ മനുവിനെ അനിക്ക് അറിയോ…. അവളുടെ ആ ചോദ്യത്തിന് മുന്നിൽ അനി പതറി….. അവന്റെ ചെന്നിയിൽ നിന്ന് വിയർപ്പ് തുള്ളികൾ പൊടിഞ്ഞു…

🙏🙏 തുടരും..

ശ്യാമമേഘം : ഭാഗം 26

Share this story