ഭാര്യ : ഭാഗം 19

ഭാര്യ : ഭാഗം 19

എഴുത്തുകാരി: ആഷ ബിനിൽ

അത്താഴം കഴിക്കാൻ എല്ലാവരെയും വിളിക്കാൻ എത്തിയതാണ് സീത. മുറ്റത്തെ മാഞ്ചുവട്ടിൽ ഫോണിൽ സംസാരിക്കുന്ന തനുവിനെയും അവളെ നോക്കി നിൽക്കുന്ന തനയ്യേയും തരുണിനെയും കണ്ടതോടെ അവർ അവിടേക്ക് ചെന്നു. അവർ സംസാരിക്കുന്നത് തനുവിനെക്കുറിച്ച് ആണെന്ന് മനസിലായതോടെ മനുഷ്യ സഹജമായ ജിജ്ഞാസയോടെ അവർ എല്ലാം കേട്ടു. കല്യാണ തലേന്ന് ചെമ്പമംഗലത്ത് ഉണ്ടായ സംഭവങ്ങൾ അവരും അറിഞ്ഞിരുന്നു. തനുവും നീലുവും തമ്മിൽ വഴക്കുണ്ടാക്കി എന്നും തനു BP കുറഞ്ഞു വീണ് ആശുപത്രിയിൽ ആയി എന്നും ആയിരുന്നു പുറത്ത് പറഞ്ഞിരുന്നത്.

അതുകൊണ്ട് തന്നെ, തനുവിന്റെ ഏട്ടന്മാർ പറഞ്ഞ കാര്യങ്ങൾ അവർക്ക് പുതുമയായിരുന്നു. കല്യാണ തലേന്ന് നീലുവിനോട് വഴക്കുണ്ടാക്കി തനു ആരുടെയോ കൂടെ ഇറങ്ങി പോയി എന്നും അയാൾ അവളെ നശിപ്പിച്ചു എന്നും ആണ് അവരുടെ സംസാരത്തിൽ നിന്ന് സീത മനസിലാക്കിയത്. ഈ കാര്യങ്ങൾ എല്ലാം കാശിയിലും കുടുംബത്തിലും നിന്ന് മറച്ചുവച്ചാണ് തനുവിന്റെ വീട്ടുകാർ കല്യാണം നടത്തിയെന്ന് അവർ അനുമാനിച്ചു. തനുവിനോട് പണ്ടേയുള്ള ഇഷ്ടക്കേടും എല്ലാവരും കൂടി കാശിയെ ചതിച്ചു എന്ന ചിന്തയും അവരെ വലയം ചെയ്തു. കൃഷ്ണനോടും കുടുംബത്തോടുമുള്ള തന്റെ ആത്മാർത്ഥത തെളിയിക്കാൻ ഇതിലും നല്ല അവസരം ഇനി ഉണ്ടാകില്ല എന്നവർക്ക് തോന്നി.

അത്താഴം കഴിഞ്ഞ് എല്ലാവരും ഒത്തുകൂടുന്നത് വരെ അവർ കാത്തുനിന്നു. എല്ലാവരും എത്തിയെന്ന് മനസിലായപ്പോൾ അവർ വിഷയം എടുത്തിട്ടു: “അല്ല ഹരീ.. പെങ്ങളോട് വലിയ സ്നേഹം ഉണ്ടെന്നൊക്കെ പറഞ്ഞിട്ട് കല്യാണ തലേന്ന് ആരുടെയോ കൂടെ ഇറങ്ങി പോയി പിഴച്ചുപോയ പെണ്ണിനെത്തന്നെ ഞങ്ങളുടെ കാശിമോന്റെ തലയിൽ കെട്ടിവച്ചില്ലേ നിങ്ങൾ..?” ഹരിപ്രസാദ് ഞെട്ടിത്തരിച്ചുപോയി. അയാൾ മാത്രമല്ല അവിടെ ഉണ്ടായിരുന്ന എല്ലാവരും. തരുണും തനയ്യും ഭയന്ന് പരസ്പരം നോക്കി. “എന്തൊക്കെയാ സീതേ നിങ്ങളീ പറയുന്നത്..? ഞങ്ങളുടെ കുട്ടിയെ കുറിച്ച് ഇങ്ങനെ ഇല്ലാവചനം പറഞ്ഞാൽ ഭഗവാൻ പൊറുക്കില്ല കേട്ടോ” സുമിത്ര സ്വയം നിയന്ത്രിച്ചുകൊണ്ട് പറഞ്ഞു.

“ഇല്ലാവചനം ആണോ അല്ലയോ എന്ന് നിങ്ങളുടെ മക്കളോട് തന്നെ ചോദിച്ചു നോക്ക്..” സീത ഉറപ്പോടെ പറയുന്നത് കേട്ട എല്ലാ കണ്ണുകളും തനുവിന്റെ നേരെ ആയി. ശ്വാസം വിടാൻ പോലും മറന്ന് തറഞ്ഞുനിൽക്കുകയായിരുന്നു തനു. അച്ഛനമ്മമാരും കാശിയുടെ മാതാപിതാക്കളും അങ്ങനെ എല്ലാവരുടെയും മുന്നിൽ വച്ചുണ്ടായ അപമാനം അവൾക്ക് ചിന്തിക്കാൻ പോലും ആകുന്നതിലും അപ്പുറത്തായിരുന്നു. കാശിക്കും തനിക്കും ഒഴികെ മറ്റാർക്കും അറിയില്ല എന്നു കരുതിയ രഹസ്യമാണ് ചുരുളഴിഞ്ഞു വീണത്. എന്നെങ്കിലും ഈ സത്യങ്ങൾ പുറത്തറിയുന്നത് ഭയന്നാണ് കഴിഞ്ഞ ഒരു മാസത്തിലേറെയായി അവളുടെ ഉറക്കം നഷ്ടപ്പെട്ടിരുന്നത്. ഒരുതുള്ളി കണ്ണുനീരുപോലും തനുവിൽ നിന്ന് ഉതിർന്നുവീണില്ല.

ശിലപോലെ നിന്നു അവൾ. ഗീത അവളുടെ തോളിൽ കൈവച്ചു. സ്വപ്നത്തിൽ നിന്ന് ഉണർന്നെന്ന പോലെ എല്ലാവരെയും ഒന്നു നോക്കിയശേഷം തനു മുകളിലെ തന്റെ മുറിയിലേക്ക് പോയി. നീലു പുറകെ പോകാൻ തുടങ്ങിയപ്പോൾ തരുൺ തടഞ്ഞു. പകരം കാവ്യയെ പറഞ്ഞുവിട്ടു. എല്ലാവരും ആ വഴിക്ക് നോക്കിനിന്നു. അല്പനേരം കഴിഞ്ഞു കാവ്യ തിരിച്ചുവന്നു. “ചേച്ചി മുറിയിൽ കയറി കതകടച്ചു തരുണേട്ടാ” “എന്താ ഇവിടെ നടക്കുന്നത്..? ആരെങ്കിലും ഒന്നു പറഞ്ഞു തായോ?” മാലതി എല്ലാവരോടുമായി ചോദിച്ചു. അവരുടെ മരുമകൾക്ക് നേരെ ഉയർന്നിരിക്കുന്ന ആരോപണം അത്ര നിസാരമല്ലല്ലോ.

“നിനക്കിനിയും മനസിലായില്ലേ മാലതി? കണ്ടവന്റെ കൂടെ അഴിഞ്ഞാടി നടന്നൊരു വിഴുപ്പിനെ ഇവരെല്ലാവരും കൂടി നിന്റെ മകന്റെ തലയിൽ കെട്ടിവച്ചു. എന്നിട്ട് ഒന്നും അറിയാത്തപോലെ അഭിനയിക്കുകയാണ് നാണമില്ലാതെ വർഗ്ഗം” സീത ചീറി. ഹരിപ്രസാദ് പ്രജ്ഞയറ്റു നിന്നുപോയി. ശിവപ്രസാദ് സീതയുടെ നേരെ തിരിഞ്ഞു. “നിങ്ങളുടെ നാക്കിന് എല്ലില്ല എന്നു വിചാരിച്ച് എന്തും വിളിച്ചു പറയാം എന്ന് കരുതരുത്. വീട്ടിൽ കയറി വന്ന് അനാവശ്യം പറഞ്ഞാൽ ഞങ്ങൾ കേട്ടുനിന്നു എന്നു വരില്ല” “ഞാൻ പറഞ്ഞത് കള്ളമാണോ സത്യമാണോ എന്നറിയാവുന്നത് പലരും ഇവിടെയുണ്ട്. നിങ്ങളുടെ മക്കളോട് തന്നെ ചോദിച്ചു നോക്ക്. എന്നിട്ട് എന്നെ ഭരിക്കാൻ വാ” സീത തരുണിന്റെയും തനയ്യുടെയും നേരെ കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു.

“എന്താ മക്കളെ ഈ കേട്ടത്? നമ്മുടെ തനുവിനെ കുറിച്ചു എന്തൊക്കെയാ ഇവര് പറയുന്നത്… നിങ്ങളെങ്കിലും ഒന്നു പറയു” സുമിത്ര അവരുടെ മുന്നിൽ ചെന്നു കൈകൂപ്പിക്കൊണ്ട് കരഞ്ഞുപറഞ്ഞു. തരുൺ അമ്മയെ ചേർത്തുപിടിച്ചു. “അവരുടെ തലക്ക് വെളിവില്ലാതെ ഓരോന്ന് പറയുന്നതാ അമ്മേ. അതിലൊന്നും ഒരു കാര്യവുമില്ല. അമ്മ പോയി ഉറങ്ങാൻ നോക്ക്” ആരെയും നോക്കാതെ സുമിത്രയേയും കൊണ്ട് മുറിയിലേക്ക് പോകാൻ തുടങ്ങിയ തരുണിനെ മാലതി തടഞ്ഞു. “സത്യം എന്താണെന്ന് എല്ലാവരോടും പറഞ്ഞിട്ടു പോ തരുൺ” “തരുൺ നീ അമ്മയെ മുറിയിലേക്ക് കൊണ്ടുപോയിക്കോളൂ. ഇവർക്കുള്ള മറുപടി ഞാൻ കൊടുക്കാം”

അവിടെ നിൽക്കാൻ ശ്രമിച്ചെങ്കിലും അതിന് സമ്മതിക്കാതെ തരുൺ സുമിത്രയെ അവരുടെ മുറിയിലേക്ക് കൊണ്ടുപോയി. BP കൂടുതലായത്തിന് മരുന്ന് കഴിക്കുന്ന സ്ത്രീയാണ്. അവിടെ കേൾക്കുന്നത് താങ്ങാനുള്ള കെൽപ് അവർക്കുണ്ടായി എന്നു വരില്ല. ആരും ഒന്നും പറഞ്ഞില്ലെങ്കിലും മക്കളുടെ പെരുമാറ്റത്തിൽ നിന്നു തന്നെ കാര്യങ്ങൾ ഏറെക്കുറെ സുമിത്രക്ക് മനസ്സിലായിരുന്നു. “അറ്റവും മുറിയും കേട്ട് ഇവർ വന്നു പറയുന്നത് പോലെയൊന്നും അല്ല കാര്യങ്ങൾ.” തനയ് പറഞ്ഞുതുടങ്ങി. “കല്യാണത്തിന്റെ തലേന്ന് ഈ നെറികെട്ടവളുടെ വാക്ക് കേട്ട് തകർന്നുപോയതാണ് തനു.

തനു ഈ വീട്ടിലെ വളർത്തുമകൾ ആണെന്നും കാശിയെ ഇവൾക്ക് വിട്ട് കൊടുത്തില്ലെങ്കിൽ സത്യം എല്ലാവരെയും അറിയിക്കും എന്നൊക്കെ ആയിരുന്നു ഭീഷണി. സത്യങ്ങൾ അറിയാമെങ്കിലും അത്തരം ഒരു ആരോപണം ഇവൾ ഉന്നയിച്ചപ്പോൾ തനു തകർന്നുപോയി. കാശിയെ വിട്ടുകൊടുക്കണം എന്നും കൂടി പറഞ്ഞതോടെ പാവം ആകെ വിഷമിച്ചു. എങ്കിലും സഹോദരിയായി സ്നേഹിക്കുന്നവർക്ക് വേണ്ടി, കാശിക്കും നീലുവിനെ ഇഷ്ടമാണെന്ന് കൂടി കേട്ടപ്പോൾ വിട്ടുകൊടുക്കാൻ അവൾ തയ്യാറായി. അല്പനേരം ഒറ്റക്കിരിക്കാൻ നമ്മുടെ കുന്നിൻചെരുവിൽ പോകാനിറങ്ങിയതാണ് അവൾ.

പോകുന്ന വഴിക്ക് ആരോ അവളെ………” അവൻ ബാക്കി പറയാതെ നിർത്തി. സ്വന്തം സഹോദരിയെ ഒരാൾ പീഡിപ്പിച്ചു എന്ന് തുറന്ന് പറയാൻ ഏത് ആങ്ങളക്കാണ് കഴിയുക. “ഇവര് പറയുന്നതുപോലെ അവൾ ആരുടെയും കൂടെ പോയി നശിച്ചതോന്നും അല്ല.. അയാൾ ബലമായി അവളെ പിടിച്ചുകൊണ്ട് പോകുകയായിരുന്നു. തനു ഒരു റേപ്പ് വിക്ടിം ആണ്. കാശി കൃത്യസമയത്തു എത്തിയതുകൊണ്ടാണ് അന്ന് അവൾക്ക് അധികം അപകടം ഒന്നും ഉണ്ടാകാതെ തിരികെ കിട്ടിയത്. എന്നോടും തരുണിനോടും ഇക്കാര്യങ്ങളെല്ലാം പറഞ്ഞതു കാശിയാണ്. മറ്റാരെയും അറിയിക്കാതെ നോക്കാനും അവൻ തന്നെയാണ് പറഞ്ഞത്.

അല്ലാതെ ഞങ്ങൾ ആരും അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചില്ല.” തനയ് പറഞ്ഞവസാനിപ്പിച്ചപ്പോൾ അവിടെയാകെ സൂചി വീണാൽ പോലും അറിയുന്നവിധത്തിൽ നിശബ്ദത പരന്നു. മാലതി ഏട്ടന്മാരെ ഒന്നു നോക്കി. പിന്നെ ഭർത്താവിന്റെ നേരെ തിരിഞ്ഞു: “കൃഷ്ണേട്ടാ… പോകാം” കൃഷ്ണൻ എന്തു പറയണം, എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു. തനുവിനെ അയാൾക്ക് ജീവനായിരുന്നു. അവൾക്ക് ഇത്തരമൊരു ദുരന്തം ഉണ്ടായി എന്ന വാർത്ത അയാളെയും തകർത്തിരുന്നു. “മാലതീ.. അത്….” “ഇരുപത്തിയെട്ട് വർഷമായി നിങ്ങൾ പറയുന്നത് മാത്രം കേട്ട് ഞാൻ ജീവിക്കാൻ തുടങ്ങിയിട്ട്. ഇപ്പോൾ ഞാൻ പറയുന്നത് നിങ്ങൾ കേൾക്കണം കൃഷ്ണേട്ടാ.”

മാലതി അറുത്തുമുറിച്ചപോലെ പറഞ്ഞു. അവരുടെ മനസിൽ എന്താണെന്ന് ആർക്കും മനസിലായില്ല. മാലതിക്ക് പിന്നാലെ കാവ്യയും കൃഷ്ണനും സീതയും പടിയിറങ്ങി പോകുന്നത് കണ്ടുകൊണ്ടാണ് തരുൺ വന്നത്. “അപ്പച്ചി എവിടെ പോകുന്നു?” അവന്റെ ചോദ്യം അവർ കേട്ടതായി പോലും ഭാവിച്ചില്ല. കൃഷ്ണനും കാവ്യയും അവനെ നിസ്സഹായരായി നോക്കി. സീതയുടെ മുഖത്തും ചലനങ്ങളും വിജയീ ഭാവം ആയിരുന്നു. “അച്ഛാ.. എന്താ ഉണ്ടായത്? അവരൊക്കെ എന്താ പോകുന്നത്?” “ഇവിടെ എന്തു നടന്നു എന്നതിലല്ല.. കാമുകിയും കുടുംബവും പോയതിലാണ് ഏട്ടന് ഇപ്പോഴും വിഷമം അല്ലെ..?”

അതുവരെ മിണ്ടാതെ നിന്ന നീലു തരുണിന്റെ മുന്നിൽ വന്ന് ചോദിച്ചു. ഇതുവരെയുള്ള എല്ലാ ദേഷ്യവും ചേർത്ത് ഒറ്റയടി ആയിരുന്നു തരുൺ. “തല്ലുകിട്ടിയാൽ നീ നന്നാകില്ല എന്ന ഉറപ്പുള്ളത്കൊണ്ടാണ് ഞാനോ ഇവനോ ഇത്രയുമൊക്കെ ചെയ്തു വച്ചിട്ടും നിന്നെ അടിക്കാതെയിരുന്നത്. ഈ അടി നീ ചോദിച്ചു വാങ്ങിയതാണ് നീലു. അറിഞ്ഞോ അറിയാതെയോ തനുവിന് സംഭവിച്ചതിന് നീയും ഉത്തരവാദിയാണ്. അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കില്ല എന്നു പറയുന്നത് സത്യമാണ്. എവിടെയാ ആർക്കുണ്ടായതാ എന്നൊന്നും അറിയാത്ത ഒരെണ്ണത്തിനെ പിടിച്ചു രാജകുമാരിയായി വളർത്തിയതാ ഇവിടെ എല്ലാവർക്കും പറ്റിയ തെറ്റ്.

എവിടെ ജീവിച്ചാലും നിന്റെ ജന്മസ്വഭാവം നീ കാണിക്കും നീലു. ഇതൊന്നും നിന്റെ കുറ്റമല്ല. ഞങ്ങളുടെ കുറ്റമാണ്. നിന്നെ ഒരുപാട് സ്നേഹിച്ചു പോയതാ ഞങ്ങളുടെ തെറ്റ്.” തരുൺ നിറകണ്ണുകളോടെ അകത്തളത്തിലെ പടിയിലിരുന്നു. തനയ്യും നീലുവിന്റെ നേരെ വന്നു: “എവിടെങ്കിലും പോയി ചാവെടി നന്ദിയില്ലാത്തവളെ” തനയ്യും തരുണിനൊപ്പം പോയിരുന്നു. അച്ചന്മാർ രണ്ടുപേരും ഇരുന്നിടത്തു തന്നെയാണ് ഇപ്പോഴും. നീലുവിനെ പരിഗണിക്കുകപോലും ചെയ്യാതെ ഗീത സുമിത്രയുടെ അടുത്തേക്ക് പോയി. കുറച്ചുനേരം എല്ലാവരെയും നോക്കി നിന്നത്തിന് ശേഷം ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്നു കണ്ട് നീലു സ്വന്തം മുറിയിലേക്ക് പോയി.

മണിക്കൂറുകൾക്കു മുൻപ് വരെ ആളും ബഹളവുമായി നിന്ന വീട്ടിൽ ശ്മശാനമൂകതയായി. ആരും ആരെയും നോക്കുന്നില്ല. ആരും ആരോടും സംസാരിക്കുന്നില്ല. മകൾക്ക് സംഭവിച്ച ദുരന്തം അത്രയേറെ അവരെ തകർക്കാൻ കഴിയുന്ന ഒന്നായിരുന്നല്ലോ. ഒരുപാട് നേരം കതകിൽ മുട്ടിയത്തിന് ശേഷമാണ് തനു കതകു തുറന്നത്. ഇപ്പോഴും അവൾ കരയുകയായിരുന്നില്ല. ഒരു തുള്ളി കണ്ണുനീരുപോലും ആ മിഴികളിൽ നിന്ന് വീണില്ല. പ്രതിമയെപ്പോലെ തോന്നിച്ചു അവൾ. സ്വന്തം സന്തോഷത്തേക്കാളും ചുറ്റുമുള്ളവരുടെ സന്തോഷത്തിന് പ്രാധാന്യം നല്കുന്നവളാണ് തനു. ആ സന്തോഷമാണ് അവൾ കാരണം എന്നന്നേക്കുമായി കുറച്ചുമുമ്പ് തകർന്നു വീണത്.

തനിക്ക് സംഭവിച്ച ദുരന്തത്തെക്കാൾ ഒരുപക്ഷേ തനുവിന് വേദന തോന്നിയത് ഇപ്പോൾ താൻ കാരണം പ്രിയപ്പെട്ടവരെല്ലാം അപമാനിക്കപെട്ട് നിന്നപ്പോഴായിരിക്കാം. ഭർത്താവിന്റെ കുടുംബത്തിന്റെ മുൻപിൽ തന്റെ അച്ഛൻ കുറ്റക്കാരനും ചതിയനും ആയി നിന്നപ്പോഴായിരിക്കാം. തനു അവിവേകം എന്തെങ്കിലും കാണിച്ചാലോ എന്നു കരുതി ഏട്ടന്മാർ രണ്ടുപേരും അവൾക്ക് കാവലിരുന്നു. അന്ന് ആ വീട്ടിൽ ആരും ഉറങ്ങിയില്ല. മുറിഞ്ഞു ചോരയൊലിക്കുന്ന ഹൃദയവുമായി എല്ലാവരും നേരം വെളുപ്പിച്ചു. പിറ്റേന്ന് ചെമ്പമംഗലം വീടുണർന്നത് ഞെട്ടിക്കുന്ന മറ്റൊരു വർത്തയുമായാണ്.

തുടരും-

ഭാര്യ : ഭാഗം 18

Share this story