എന്നും രാവണനായ് മാത്രം : ഭാഗം 25

Share with your friends

എഴുത്തുകാരി: ജീന ജാനകി

ഭഗവാനേ ആ പാവാട ഇട്ടാൽ മതിയാർന്നു…… ആവശ്യമുള്ള സമയത്ത് ബോധം പോലും പോണില്ലല്ലോ…. ഉള്ളതല്ലേ പോകൂ….. പോയാൽ കൊള്ളാർന്നു…. കടുവ വരുന്നു… താങ്ങിപ്പിടിക്കുന്നു… റൊമാന്റിക് ബി ജി എം… കണ്ണും കണ്ണും കോർക്കുന്നു…. അങ്ങേരുടെ നെഞ്ചത്ത് താജ്മഹലോ കുത്തബ് മിനാറോ പണിയുന്നു…. ഉഫ്… ഓർക്കുമ്പോൾ തന്നെ കുളിര് കോരുന്നു….. ദേ അടുത്തോട്ട് വരണു….. ടീഷർട്ടൊക്കെ ഞാൻ നേരേയാക്കി…. സോണീയ….വന്നാട്ടെ… പോന്നോട്ടെ….. ഭഗവാനേ ഇങ്ങേരക്കിനി എനിക്ക് നാണോം മാനോം ഇല്ലെന്ന് തോന്നിയാലോ…. കുറച്ചു ഭവ്യതയോടെ സംസാരിക്കാം….. “അതേ ഞാനേ വെറുതെ ഡാൻസ് പ്രാക്ടീസിന് ഇട്ടതാ….

പാവാട വലുതായിരുന്നു….. അതോണ്ടാ….” “നീ എന്താടീ നിന്ന് പിച്ചും പേയും പറയുന്നേ… ഞാനതിന് ഒന്നും പറഞ്ഞില്ലല്ലോ….” “അല്ല … എന്നെ തെറ്റിദ്ധരിച്ചാലോ ” “എന്ത് തെറ്റിദ്ധരിക്കാൻ….” “അത്… പിന്നെ എനിക്ക് അടക്കോം ഒതുക്കോം ഇല്ലെന്ന് വിചാരിച്ചാലോ….” “അതിനെ കുറിച്ച് എനിക്ക് ശരിയായ ധാരണയേ ഉള്ളൂ…..” “സത്യായിട്ടും.” “അതേടീ പെണ്ണേ…. അടക്കോം ഒതുക്കോം നിന്റെ അടുത്തൂടെയല്ല ആകാശത്തൂടെ പോലും പോയിട്ടില്ലെന്ന്….” “അതെന്താ അങ്ങനെ…. ഞാൻ നല്ല കൊച്ചല്ലേ……” “നീയോ …. ഉറങ്ങുമ്പോൾ ആയിരിക്കും… അതൊക്കെ ചിഞ്ചു…. എന്താ അടക്കം… എന്താ ഒതുക്കം…..” (അവളുടെ അടക്കം ഞാൻ നടത്തും പൂത്താങ്കീരി…..-ആത്മ) “പിന്നെ കാണാൻ എന്ത് ഭംഗിയാ…..”

(ഓഹ്…. അങ്ങേരുടെ ഒരു മസാലദോശ… എവിടെ…… ഞാൻ ഇന്ന് കണികണ്ട തെണ്ടി എവിടെ…. കുറച്ചു നേരം കൊണ്ട് എന്തൊക്കെ സ്വപ്നങ്ങൾ ഞാൻ നെയ്ത് കൂട്ടി…. കലവറ മണിയറ പോയിട്ട് ഒരു അടുക്കള പോലും ആവുന്ന ലക്ഷണം ഇല്ല…. നെയ്ത സ്വപ്നങ്ങളെ മനസ്സിന്റെ കന്നിമൂലയിൽ ദഹിപ്പിച്ചു ഞാൻ നിർവൃതി അടഞ്ഞു……. വാരഫലം ശരിയല്ല…. രാവിലെ എണീറ്റ് നോക്കിയപ്പോൾ കണ്ടത് രാജിയെ ആണെന്ന് തോന്നുന്നു…. ഇന്നവളുടെ അടിയന്തിരം ഞാൻ നടത്തും…-ആത്മ ) “നീയെന്താ ഒന്നും മിണ്ടാത്തെ….. ആ പേര് തന്നെ നോക്ക്… ചിഞ്ചു…. നല്ല ചേർച്ചയല്ലേ…” “റേഷനരിയിൽ മണ്ണ് വാരിയിട്ട പോലെ നല്ല ചോർച്ചയുണ്ട്. വാ തോരാതെ നിന്ന് പുകഴ്ത്തുവല്ലേ….

ഇനി ഞാൻ വന്ന് തുമ്പി തുള്ളണോ….” “തുള്ളൽ നിനക്ക് മുന്നേ ഉള്ളതാണല്ലോ…..” “ഓഹ്…. ഞാനങ്ങ് സഹിച്ചു….. നിങ്ങൾക്ക് നഷ്ടം ഒന്നൂല്ലല്ലോ…..” “എനിക്കെന്ത് നഷ്ടം…. വേണേൽ കുറച്ചു കുല കുല മുന്തിരിങ്ങ കൂടി കളിച്ചോ…..” “ഓഹ് തമ്പ്രാ…….” (കുല അല്ല കൊല…. മിക്കവാറും കടുവയെ ഞാൻ കൊല്ലും….. എനിക്കിത് കിട്ടിയാ പോര… ഒരു പേമം…. ടൈറ്റാനിക്കിൽ ഞാൻ ലൗ കണ്ടാൽ അങ്ങേര് അതിൽ നാട്ടുകാര് മുങ്ങിച്ചാവുന്നതേ കാണുള്ളൂ… അവര് തുപ്പിക്കളിക്കുന്നതെങ്കിലും കണ്ടിരുന്നെങ്കിൽ… -ആത്മ ) കടുവയെ കൊല്ലാനുള്ള കലിയോടെയാണ് ഞാൻ നിന്നത്… എന്നെ നോക്കി ഒരു ഇളിയും പാസാക്കി താഴേക്ക് പോയി…. ***************

രണ്ട് ദിവസമായി പെണ്ണിനെ കണ്ടിട്ട്… കാണ്മാനില്ല…. കയ്യിലിരിപ്പ് കാരണം ആരേലും കൈ തല്ലി ഒടിച്ചോന്നും അറിയില്ല…. എനിക്ക് അവളോട് പ്രേമവും കുന്തവുമൊന്നൂല്ല…. അടിയുടെ ഹാങ്ങോവർ മാറിയോ എന്നറിയാനാ….. അമ്മ കുഞ്ഞമ്മേട വീട്ടിൽ പോയിട്ട് വന്നപ്പോൾ അപ്പയോട് പറയുന്നത് കേട്ടാർന്നു…. ഓഫീസിൽ എന്തോ പ്രോഗ്രാം ഉണ്ടെന്നും ശനിയും ഞായറും വീട്ടിൽ പ്രാക്ടീസ് ചെയ്യുമെന്നും…. ഇവിടെ കിടന്നു ഉറഞ്ഞുതുള്ളിയത് പോലെയാകുമോ എന്തോ…. പെണ്ണ് മുട്ടയും തക്കാളിയും മേടിച്ച് കൂട്ടും…. സ്നേഹതീരത്ത് വന്ന് കേറിയപ്പോളേ ചക്കീടെ റൂമിൽ നിന്നും പാട്ട് കേട്ടു…. രാജിയും അവളുടെ കൂട്ടുകാരിയും അടുക്കളയിലേക്ക് കയറുന്നത് കണ്ടു…..

മുകളിലേക്ക് കയറാൻ ആദ്യം മടിച്ചെങ്കിലും പിന്നീട് രണ്ടും കല്പിച്ചു റൂമിലേക്ക് ചെന്നു…. വാതിൽ തുറന്നു കിടപ്പുണ്ടായിരുന്നു…. ചക്കി തിരിഞ്ഞാണ് നിന്നത് … അതുകൊണ്ട് തന്നെ എന്നെ കണ്ടില്ല…. പെണ്ണ് നല്ല അടിപൊളി വേഷത്തിലായിരുന്നു… അവളുടെ വേഷവും കാലിലെ നിറയെ മുത്തുള്ള കൊലുസ്സും തമ്മിൽ ഒരു ബന്ധവുമില്ല…. ഞാൻ വന്നത് പോലും അറിയാതെ കളിക്കുവാ…. മോഡേൺ ഡ്രസ്സും സെമി ക്ലാസിക്കൽ ഡാൻസും…. ആഹാ… അന്തസ്സ്…. എന്തൊക്കെ പറഞ്ഞാലും അടിപൊളി ഡാൻസ്… ഞാൻ വാതിലിൽ ചാരി നിന്നു ആസ്വദിക്കുവാരുന്നു….. പെട്ടെന്നാണ് എന്നെ കണ്ടത്…..

അന്നേരം അവളുടെ ചമ്മലൊന്ന് കാണണം.. വന്ന ചിരി ഞാൻ കണ്ട്രോൾ ചെയ്തു…. പതിവിലും വിപരീതമായി പെണ്ണിന് നാണമൊക്കെ വന്നു…. അവൾക്ക് ആ പറഞ്ഞ സാധനം ഇല്ല എന്നായിരുന്നു എന്റെ ഒരു അനുമാനം…. കണ്ടപ്പോൾ ഒരു തമാശ തോന്നി…. ചിഞ്ചൂനെ കാര്യമായിട്ടൊന്ന് പൊക്കിപ്പറഞ്ഞു….. പോയി…..പോയി….. പെണ്ണിന്റെ നാണം ഫ്ലൈറ്റ് പിടിച്ചു പോയി…. കല്ല് പൊടിയുന്ന ശബ്ദമൊക്കെ കേട്ടു…. അതെവിടെയെന്ന് നോക്കിയപ്പോളല്ലേ മനസ്സിലായത്…. കല്ലല്ല….ഒരുത്തി പല്ല് കടിച്ച് പൊട്ടിക്കുന്നതാ…. ദേഷ്യവും സങ്കടവും കുശുമ്പും എല്ലാം ഒരുമിച്ച് കലർന്ന് നിക്കുവാ…… എന്നെക്കൊണ്ട് പറ്റുന്നത്ര ചൊറിഞ്ഞിട്ട് ഞാൻ താഴേക്ക് പോയി…. ഇനിയും നിന്നാൽ അവളെന്റെ തലയുടെ അളവെടുക്കും…

ബുദ്ധി ഇല്ലാത്ത പെണ്ണാ……. ************** കല്ലുവും രാജിയും റൂമിലേക്ക് വരുന്നു….. കല്ലു – പെങ്ങളെ കെട്ടിയ സ്ത്രീധനത്തുക തരുമോ അളിയാ….. ഞാനവളെ രൂക്ഷമായിട്ടൊന്ന് നോക്കി… കല്ലു – താതതന്തൻ തപോവനിയിൽ നിന്നും മടങ്ങിയെത്തിയില്ലേ ശകുന്തളേ…. കയ്യിൽ കിട്ടിയത് പില്ലോ ആയിരുന്നു… അതെടുത്തു അവളുടെ തലമണ്ടയ്കിട്ടെറിഞ്ഞു….. രാജി – സിക്സ്…. ഞാൻ – അങ്ങേര് നിന്റമ്മുമ്മേട ചാക്കാലയ്ക് പോയി പന്നീ……. കല്ലു – നിനക്കെന്താടീ നാഗവല്ലി കേറിയോ…. ഞാൻ – ആ കുറച്ചു മുന്നേ കേറി… എന്തേ…. കല്ലു – എടീ ഞാൻ നിന്റെ കടുവയെ കണ്ടെടീ… അടുക്കളയിൽ നിന്നും ഇറങ്ങി വന്നപ്പോൾ… അങ്ങേരോട് നിനക്ക് ഇഷ്ടം തോന്നിയതിന് നിന്നെ ആരും കുറ്റം പറയില്ല…. ജ്ജാതി ലുക്കല്ലേ…..

ഞാൻ – ആഹ്…. ലുക്കേ ഉള്ളൂ…. കയ്യിലിരിപ്പിന് കിണറ്റിലെടുത്ത് ഇട്ടിട്ട് തലേൽ മുട്ടയെറിയണം…… രാജി – ടീ നീ ചേട്ടായിയെ കണ്ടില്ലേ…. ഞാൻ – ഓഹ്…. ഇവിടെ മുഖം കാണിക്കാൻ വന്നിരുന്നു… ചിഞ്ചൂപുരാണവും പാടിയിട്ടാ താഴോട്ട് ഗമിച്ചത്… കല്ലു – അതേത് പുരാണം…. ഗരുഡപുരാണം എന്നൊക്കെ കേട്ടിട്ടുണ്ട്…. ഞാൻ – ഇത് പുതിയൊരു പുരാണമാ… ഇച്ചിരി മുന്നേ റിലീസ് ആയതേയുള്ളൂ…. പ്രൊപ്രൈറ്റർ കടുവ പോറ്റി… ചിഞ്ചു പ്രതിഷ്ഠയ്ക് അർച്ചനേം നടത്തി പാടി ഉറക്കി നടയടച്ചിട്ടാ അങ്ങോട്ട് വന്നത്…. രണ്ടും കൂടി കണ്ണുംമിഴിച്ച് നിന്നശേഷം എന്റെ അടുത്തേക്ക് വന്നെന്നെ കെട്ടിപ്പിടിച്ചു…. രാജി – ചക്കി, നിനക്ക് ഒന്നൂല്ല…. എന്റെ കൊച്ചിന് ഒന്നൂല്ല……

ഞാൻ – മാറെടീ തെണ്ടി… നിന്റെ കേട്ടായി ഇല്ലേ ആ ചുടലമാടൻ അങ്ങേരക്ക് ഞാൻ വച്ചിട്ടുണ്ട്… വേണ്ട വേണ്ട എന്ന് വയ്ക്കുമ്പോൾ തലയിൽ കേറിയിരുന്ന് പാണ്ടി കളിക്കുന്നോ…. കല്ലു – ചിൽ ചക്കി ചിൽ….. കടുവയെ നമുക്ക് വീഴ്ത്താടീ…. ഞാൻ – അങ്ങേര് നടക്കുമ്പോൾ വല്ല എണ്ണയും ഒഴിക്കണം…. എന്നാൽ വീഴും…. ടീ പൂത്താങ്കീരീ നീയല്ലേ പറഞ്ഞത് അങ്ങേരക്ക് പെൺപിള്ളേരെ ഇഷ്ടല്ലെന്ന്…. രാജി – അതാ എനിക്കും മനസ്സിലാകാത്തത്…. ഞാൻ – ദേ വെറും വയറ്റിൽ ഞാൻ വല്ല തെറിയും വിളിക്കും….. നിന്നയല്ലേ കണി കണ്ടത്…. ഇതിനപ്പുറം നടന്നില്ലെങ്കിലേ ഉള്ളൂ… കല്ലു – ഞങ്ങളോട് ചാടാൻ നിനക്ക് അറിയാം. പിന്നെ അങ്ങേരെക്കാണുമ്പോൾ നീ പേടിച്ചു നിൽക്കുന്നതെന്താ….

ഞാൻ – അത് അപ്പോൾ എന്റെ കയ്യും കാലും വിറയ്ക്കും….. കല്ലു – അപ്പോൾ ഇനി എന്ത് ചെയ്യും…. ഞാൻ – ഒന്നും ചെയ്യണ്ട…. ബാക്കി കളിക്കാം… വാ…… അതെങ്കിലും നടക്കട്ടെ…. *************** ശനിയാഴ്ചയും ഞായറാഴ്ചയും പൊരിഞ്ഞ പ്രാക്ടീസ് ആയിരുന്നു… അതുകൊണ്ട് തന്നെ തിങ്കളാഴ്ച എണീറ്റപ്പോൾ ശരീരം മുഴുവൻ നല്ല വേദനയുണ്ടായിരുന്നു….. ലീവെടുക്കാൻ പറ്റില്ലായിരുന്നു…. ഓഫീസിൽ തിരക്ക് പിടിച്ച വർക്കായിരുന്നു… ലഞ്ച് ബ്രേക്കിനാ കല്ലുവിനെ ഒന്ന് മിണ്ടാൻ കിട്ടിയത്….. ഞാൻ – ടീ നിനക്ക് എങ്ങനെയുണ്ട്….. കല്ലു – എന്ത് പറയാനാ … എല്ലാം കഴിയുമ്പോൾ വികലാംഗ പെൻഷന് അപേക്ഷിക്കേണ്ടി വരും…. ഞാൻ – പുല്ല് വേണ്ടായിരുന്നു…. മര്യാദയ്ക്ക് ഇരിക്കാൻ പോലും വയ്യ….. കല്ലു –

നീയീ കിലുക്കാംപെട്ടി ഊരി മാറ്റിയില്ലേ…. ഞാൻ – പ്രോഗ്രാം കഴിഞ്ഞ് മാറ്റാം…. ദേണ്ടെടീ ചൊറിയൻ പുഴു വരുന്നു….. കല്ലു – ഓഹ്….മാരണം ഇങ്ങോട്ടാണല്ലോ വരവ്…. ഇന്ന് പുട്ടി കൂടുതലാണല്ലോ…. ഇവൾക്ക് സ്നേഹ എന്നല്ല പകരം പുട്ടിയെ പ്രണയിച്ചവൾ എന്ന് പേരിടണം…. സ്നേഹ – ഹായ് ഗായ്സ്, പ്രോഗ്രാമിന്റെ കാര്യം ഒക്കെ അറിയാല്ലോ അല്ലേ…. ഞാൻ – യെസ് മാം… സ്നേഹ – നിങ്ങൾക്ക് എന്തേലും അറിയാമോ പാർട്ടിസിപ്പേറ്റ് ചെയ്യാൻ…. കല്ലു – ഞങ്ങളൊരു ഫ്യൂഷൻ ഡാൻസ് ചെയ്യുന്നുണ്ട് മാം… സ്നേഹ – ആം…. ഇതിപ്പോ കമ്പനി പ്രോഗ്രാം ആയോണ്ട് ആരും കൂവുകയും മുട്ട എറിയുകയും ഇല്ല…. അതും പറഞ്ഞു പുച്ഛിച്ചിട്ട് അവൾ ആട്ടിയാട്ടി പോയി… കല്ലു ഇരുന്നു തിളയ്കുന്നുണ്ട്….

ഞാൻ – നീ വിട്ടുകളയെടീ…. അവൾക്കല്ലേലും ചൊറി കൂടുതലാ…. കല്ലു – എലിവിഷം വേണ്ട….ഏൽക്കില്ല… പന്നിപ്പടക്കം മേടിക്കുക… ഈ മദയാനയുടെ വായിലിട്ടു പൊട്ടിക്കുക… കൊല്ലുക…. ധർമ്മജൻ പണ്ടേതോ സിനിമയിൽ പറഞ്ഞതാ… അവൾക്ക് ഇതിന്റെ പലിശയും ചേർത്ത് ഞാൻ കൊടുക്കും… പക്ഷേ എന്റെ തലയിൽ ഇതൊന്നും വന്നില്ല… കണ്ണേട്ടനെ ഇന്നലേം ഇന്നും കണ്ടില്ല…. അതിന്റെ സങ്കടം ഉണ്ട്… അല്ലേൽ ഭൂമിയുടെ ഉപഗ്രഹം ചുറ്റും പോലെ ടൗണിൽ മുഴുവൻ ചുറ്റുന്നത് കാണാം…. വൈകിട്ട് കാണണേ എന്റെ കണ്ണാ….. കല്ലു – ടീ നീയിതേത് ലോകത്താ….. ഞാൻ – അത് ഞാൻ കണ്ണേട്ടൻ….. കല്ലു – എന്താ കടുവയ്ക് പണികൊടുക്കാൻ പോകുവാണോ….. ഞാൻ – എടീ എനിക്കറിയില്ലെടാ…..

എന്താ എനിക്ക് പറ്റുന്നതെന്ന്…. വല്ലാത്ത ഫീലാടീ എനിക്ക് ആ മാടനോട്….. വഴക്ക് കൂടാനായാലും എനിക്ക് കണ്ടാൽ മതി….. അന്ന് പോയിട്ട് ഞാൻ ഈ നിമിഷം വരെ കണ്ടില്ല…. കാണാൻ തോന്നുവാടാ…. കല്ലു – ചങ്കിൽ കൊണ്ട പ്രേമാണല്ലോടീ…. ഞാൻ – പറയണം എന്ന് വിചാരിക്കും…. പക്ഷേ അടുത്ത് വരുമ്പോൾ വിറച്ചു പോകുന്നു…. വഴക്കിടാൻ എനിക്ക് ഒരു സങ്കൊചവും ഇല്ല…. പക്ഷേ സ്നേഹത്തോടൊരു വാക്കുപറയുമ്പോൾ ഉമിനീർ ഗ്രന്ഥി തളരും…. സ്വേദ ഗ്രന്ഥി ഉത്തേജിക്കപ്പെടും…. കല്ലു – അതെന്ത് തേങ്ങയാടീ….. ഞാൻ – എടീ തുപ്പൽ വറ്റും… വിയർപ്പ് കൂടും എന്ന്…. കല്ലു – ഇങ്ങനെ മനുഷ്യന് മനസ്സിലാകും പോലെ പണ…. അവളുടെ ഒരു ബയോളജി… അങ്ങേർക്ക് നിന്നോടീ പറഞ്ഞ ബയോളജിയും കെമസ്ട്രിയും ഉണ്ടോ… ഞാൻ –

അങ്ങേർക്ക് ഉള്ളത് ഫിസിക്സും കണക്കും മാത്രേ ഉള്ളൂടീ…. കല്ലു – അതെന്തോന്ന് തേങ്ങയാ….. ഞാൻ – ന്യൂട്ടന്റെ മൂന്നാം നിയമം പോലെ അങ്ങോട്ട് കൊടുക്കുന്ന അടിയും വഴക്കും അതേ പോലെ തിരിച്ച് കിട്ടാറേ ഉള്ളൂ….. കല്ലു – സോ സാഡ്…. ഞാൻ – ഇങ്ങേരിങ്ങനെ അൺറൊമാന്റിക് മൂരാച്ചിയായാൽ എന്റെ ജീവിതം വവ്വാല് ചപ്പിയ മാങ്ങാണ്ടി പോലാകും…. കല്ലു – കൂൾ കൂൾ….. അതൊക്കെ നമുക്ക് റെഡിയാക്കാം…. നീ ഉഷാറാവ്….. പിന്നെ ഇന്ന് ഇച്ചിരി നേരത്തെ ഇറങ്ങാം… ഡാൻസിന് വേണ്ട സാധനങ്ങളെല്ലാം മേടിക്കണ്ടേ…. ഞാൻ – ആം…. ഞാൻ രാജിയെ വിളിച്ചു പറഞ്ഞിരുന്നു… ഒത്തിരി ലേറ്റാകുവാണേൽ അങ്കിൾ വരും എന്ന് പറഞ്ഞു…. കല്ലു – ആം…. വേഗം എടുക്കാം… എനിക്ക് വല്യ ദൂരമൊന്നൂല്ല…. പക്ഷേ നിനക്ക് അങ്ങനെയല്ല…

നല്ല മഴക്കോളും ഉണ്ട്… നിന്റേൽ കുടയുണ്ടോ……. ഞാൻ – എനിക്കത് ഇപ്പോ അലർജിയാടീ…. പണ്ടൊക്കെ മഴ മഴ കുട കുട മഴ വന്നാൽ വീട്ടിൽ പോടാ എന്നും പറഞ്ഞു കളിച്ച് നടന്ന ഞാനാ…. ഇപ്പൊഴോ മഴയായാൽ എന്ത്…. വെയിലായാൽ എന്ത്….. കല്ലൂനോടൊപ്പം തിരികെ ഓഫീസിൽ കയറി… ടേബിളിൽ എത്തിയിട്ടും ആകെയൊരു വല്ലായ്മ….. ബാഗ് തുറന്നു ഡയറി പുറത്തെടുത്തു…. എപ്പോഴും ഞാൻ കൂടെ കൊണ്ട് നടക്കുന്ന ഒരേയൊരു സാധനം… മനസ് അസ്വസ്ഥമാകുമ്പോൾ ഉള്ളിലെ ഫീലിംഗ് എഴുതിയിടുന്നത് ഒരു ശീലമാണ്…. ഒരു പരിധി വരെ എനിക്ക് ഒരു ആശ്വാസം കിട്ടാറുണ്ട്… പതിവ് പോലെ ഞാൻ കുറിച്ചിട്ടു…

“കരങ്ങൾ കോർത്ത് പിടിച്ച് നിന്നോടൊപ്പം നടക്കണം…. നിന്നെ തഴുകുന്ന കാറ്റ് എന്നെയും പൊതിയണം….. നിൻ നിശ്വാസം കലരുന്ന വായുവിനെ ഉച്ഛ്വാസത്തിലൂടെ എന്നുള്ളിൽ തളച്ചിടണം….. നിൻ കണ്ണുകൾ കണ്ട കാഴ്ചകൾ ആർത്തിയോടെ കണ്ണുകൾ കൊണ്ടെനിക്ക് ഒപ്പിയെടുക്കണം…. നിൻ പാദസ്പർശമേറ്റ മണ്ണിലൂടെ- നിക്ക് പാദങ്ങളമർത്തി നടക്കണം… നീ മഴനനയുമ്പോൾ എനിക്കാ മഴത്തുള്ളികളാകണം….. ശിരസ്സ് മുതൽ പാദങ്ങൾ വരെ നിന്നെ തഴുകി ഒഴുകണം….. സൂര്യ താപത്തിൽ വലയുമ്പോൾ നിന്നുടലിലൂറും വിയർപ്പിൻ കണങ്ങളാകണം….. നിൻ ജീവനിൽ ലയിക്കണം….. നീയായി മാറണം……”

ഇത്രയും കുറിച്ചിട്ട് ഡയറിയും മടക്കിവെച്ച് ഞാൻ കണ്ണടച്ചിരുന്നു… പൂട്ടിയ ഇമകൾക്ക് പിന്നിൽ മിഴിവോടെ തെളിഞ്ഞു വന്നു ആ മുഖം….. എന്റെ കണ്ണേട്ടൻ….. (തുടരും)-

എന്നും രാവണനായ് മാത്രം : ഭാഗം 24

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!