സ്ത്രീധനം : ഭാഗം 7- അവസാനിച്ചു

Share with your friends

എഴുത്തുകാരൻ: സജി തൈപ്പറമ്പ്

നാല് മണി കഴിഞ്ഞപ്പോഴാണ്, വീട്ടിൽ നിന്ന് അമ്മ വിളിക്കുന്നത് മോനേ…അനുപമ, കൂട്ടുകാരി ജലജയുടെ വീട്ടിൽ പോയിട്ട് വരാമെന്ന് പറഞ്ഞ്, രാവിലെ പോയതാ, ഇത് വരെ തിരിച്ചെത്തിയിട്ടില്ല അവളെ ചിലപ്പോൾ, ജലജ വിടാത്തത് കൊണ്ടാവുമമ്മേ ,ഞാൻ തിരിച്ച് വരുമ്പോൾ അവിടെ കയറി അവളെ കൂട്ടിക്കൊണ്ട് വരാം അതല്ല മോനേ..ഇത്രയും താമസിച്ചപ്പോൾ, ഞാൻ ജലജയുടെ വീട്ടിലേക്ക് വിളിച്ച് ചോദിച്ചു, അനുപമ അവിടെ ചെന്നിട്ടില്ലെന്നാണ് ജലജ പറഞ്ഞത് ങ്ഹേ! ചെന്നിട്ടില്ലെന്നോ?

അവളവിടെ തന്നെ പോകുവെന്നാണോ അമ്മയോട് പറഞ്ഞത്? അതെ മോനേ … എനിക്കാകെ പേടിയാകുന്നെടാ ,നീയൊന്ന് പോയി അന്വേഷിക്കെടാ ഭവാനിയമ്മയുടെ വാക്കുകളിൽ നിറഞ്ഞ ആശങ്ക, നീരജിൻ്റെ മനസ്സിലേക്കും പടർന്നു. അമ്മ വിഷമിക്കേണ്ട, ഞാനവളുടെ മറ്റു കൂട്ടുകാരികളാടൊക്കെ ഒന്നന്വേഷിക്കട്ടെ അരുതാത്തതെത്തോ സംഭവിച്ചതായി ,നീരജിൻ്റെ മനസ്സ് പറയുന്നുണ്ടായിരുന്നു , എങ്കിലും അവൾ പോകാൻ സാധ്യതയുള്ളിടത്തെല്ലാം, അയാൾ അന്തിയോളം അന്വേഷിച്ചെങ്കിലും,

യാതൊരു പ്രയോജനവുമുണ്ടാകാതിരുന്നത് കൊണ്ട്, മറ്റ് വഴിയില്ലാതെ നീരജ്, നേരെ പോലീസ് സ്റ്റേഷനിൽ ചെന്ന്, പരാതി കൊടുത്തിട്ട് വീട്ടിലേക്ക് പോയി. നെഞ്ചിൽ തീയുമായി ഭവാനിയമ്മ നീരജിനെ കാത്ത്, വാതില്ക്കൽ തന്നെ നില്പുണ്ടായിരുന്നു. അവളെവിടെ മോനെ ? അനുപമയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന്, നീരജ് പറഞ്ഞത് കേട്ട്, ഒരലർച്ചയോടെ ഭവാനിയമ്മ പുറകിലേക്ക് മറിഞ്ഞു. ഒച്ചയും ബഹളവും കേട്ട്, അയൽവാസികളൊക്കെ വന്ന്, വിവരമറിഞ്ഞ് മൂക്കത്ത് വിരൽ വച്ചു. അവളാരുടെയെങ്കിലും കൂടെ ഒളിച്ചോടിയതാവും ,അല്ലെങ്കിലും അവൾക്കിത്തിരി ഇളക്കം കൂടുതലായിരുന്നു അയൽക്കാർ പരസ്പരം പിറുപിറുത്തു.

കുറച്ച് സമയം കൊണ്ട് അവിടം മരണവീട് പോലെയായി. പാതിരാത്രിയോടടുത്ത സമയം, നീരജിൻ്റെ ഫോണിലേക്ക് പോലീസ് സ്റ്റേഷനിൽ നിന്നൊരു വിളി വന്നു. നീരജും വിശ്വംഭരനും കൂടി സ്റ്റേഷനിലെത്തുമ്പോൾ, അനുപമയോടൊപ്പം, മറ്റൊരു ചെറുപ്പക്കാരനും നില്ക്കുന്നത് കണ്ട് അവരിരുവരും ഞെട്ടി. റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് ഇവരെ കിട്ടിയത് ,ഒരു ഒളിച്ചോട്ടമായിരുന്നു രണ്ട് പേരുടെയും ഉദ്ദേശ്യം, അനുപമയ്ക്ക് അയാളോടൊപ്പം ജീവിക്കാനാണ് താല്പര്യമെന്നാണ് പറയുന്നത് ,ഇനി നിങ്ങളൊന്ന് സംസാരിച്ച് നോക്ക് Si പറഞ്ഞത് കേട്ട് ,വിശ്വംഭരൻ മകളുടെയടുത്തേക്ക് ചെന്നു.

മോളേ … നിനക്കിങ്ങനെയൊരു ഇഷ്ടമുണ്ടായിരുന്നെങ്കിൽ, ഞങ്ങളോട് പറഞ്ഞാൽ പോരായിരുന്നോ ?ഇനിയിപ്പോൾ നാട്ട്കാരുടെ മുന്നിൽ എങ്ങനെ തല ഉയർത്തി നടക്കും ? പറഞ്ഞാൽ അമ്മ സമ്മതിക്കില്ലെന്ന് എനിക്കുറപ്പുണ്ട്, കാരണം ,ഈ നില്ക്കുന്ന സുനിക്ക് ,സർക്കാർ ജോലിയൊന്നുമില്ല ,കൂലിപ്പണിക്കാരനാണ് ,ഇപ്പോൾ പെയിൻ്റിങ്ങ് പണിക്ക് പോകുവാ,മാത്രമല്ല ലക്ഷം വീട് കോളനിയിലാണ് സുനി താമസിക്കുന്നത് ഉദ്യോഗമില്ലാത്തത് പോട്ടെ ,നിനക്ക് നമ്മുടെ ജാതിയിലുള്ള ഒരുത്തനെ സ്നേഹിക്കാമായിരുന്നില്ലേ ? ഞാനിനി ബന്ധുക്കളോടൊക്കെ എന്ത് സമാധാനം പറയും?

അതിന് അച്ഛൻ വിഷമിക്കേണ്ട, ഞങ്ങളെ, ഞങ്ങടെ പാട്ടിന് വിട്ടേക്ക്, കുടുംബത്തിന് പേരുദോഷമുണ്ടാക്കിയ മകളെ അടിച്ച് പുറത്താക്കിയെന്ന് ബന്ധുക്കളോട് പറഞ്ഞാൽ മതി, നിങ്ങൾക്കൊരു ബാധ്യതയായി ഞങ്ങളൊരിക്കലും അങ്ങാട്ട് വരില്ല എന്താ മോളേ.. ഈ പറയുന്നത്, അച്ഛൻ അദ്ദേഹത്തിൻ്റെ വിഷമങ്ങൾ പറഞ്ഞതല്ലേ? നീയിപ്പോൾ ഞങ്ങളോടൊപ്പം വാ, സുനി അയാളുടെ വീട്ടിലേക്കും പൊയ്ക്കോട്ടെ, നാളെ ഞങ്ങൾ സുനിയുടെ വീട്ടുകാരുമായി തമ്മിൽ സംസാരിച്ചിട്ട്, നമ്മുടെ അമ്പലത്തിൽ വച്ച് ,നിങ്ങളുടെ വിവാഹം നടത്തി തരാം, എന്താ അത് പോരെ? നീരജ്, അവർക്ക് രണ്ട് പേർക്കും ഉറപ്പ് കൊടുത്തിട്ട് ,

സ്റ്റേഷനിൽ നിന്നും അനുപമയെയും കൊണ്ട് വീട്ടിലേക്ക് പോയി. ഭവാനിയമ്മ ആദ്യമൊക്കെ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും, മറ്റൊരാളുമായി ഒളിച്ചോടിപ്പോയ പെണ്ണിനെ വിവാഹം കഴിക്കാൻ, ഇനിയാരും തയ്യാറാവില്ലെന്ന് നീരജ് പറഞ്ഞതോടെ, അവർക്ക് മനസ്സിലാ മനസ്സോടെ സമ്മതിക്കേണ്ടി വന്നു. ഭാഗ്യത്തിന്, സുനിയുടെ വീട്ടുകാർ സ്ത്രീധനമൊന്നും ചോദിച്ചില്ല. നമ്മള് തറവാട്ട്കാരല്ലേ മോനേ.. അവരൊന്നും ചോദിച്ചില്ലെങ്കിലും, അവളുടെ ദേഹത്ത് കുറച്ച് സ്വർണ്ണമെങ്കിലുമിട്ട് കൊടുക്കണ്ടെ? ഉള്ള സ്വർണ്ണമെടുത്ത് നമ്മള് വില്ക്കുകയും ചെയ്തല്ലോ ഇനിയെന്താ ഒരു വഴി ? ഭവാനിയമ്മ നീരജിനോട് അഭിപ്രായമാരാഞ്ഞു.

അമ്മ പറഞ്ഞത് ശരിയാ, കുറഞ്ഞത് പത്ത് പവനെങ്കിലും വേണ്ടേ? ഒരു കാര്യം ചെയ്യാം, രാധികയുടെ ദേഹത്ത് കിടക്കുന്നതെല്ലാം കൂടി പത്ത് പവനുണ്ടാവും, തല്ക്കാലം അതെടുക്കാം ,അടുത്ത വർഷം നമുക്ക് ഡെപ്പോസിറ്റ് ചെയ്ത പൈസ തിരിച്ച് കിട്ടുമ്പോൾ, പത്തിന് പകരം ഇരുപത് പവൻ രാധികയ്ക്ക് കൊടുക്കാമെന്ന് പറയാം, അപ്പാൾ അവൾക്ക് സന്തോഷമാവും ങ്ഹേ? പത്തിന് പകരം ഇരുപതോ? അങ്ങനെയാണെങ്കിൽ ഒരു കാര്യം ചെയ്യാം, നിരുപമയുടെ കൈവശം പത്തിരുപത്തിയഞ്ച് പവനോളം സ്വർണ്ണമിരുപ്പുണ്ട്, തല്ക്കാലം അത് നമുക്ക് എടുക്കാം ,അടുത്ത വർഷം അവൾക്ക് അൻപത്‌പവനായി തിരിച്ച് കൊടുത്താൽ മതിയല്ലോ?

മാത്രമല്ല, ആകെയുള്ള പത്ത് പവനെടുത്താൽ ,രാധികയ്ക്ക് ദേഹത്ത് ഒന്നുമുണ്ടാവുകയുമില്ല, അനുപമയ്ക്ക് കൊടുക്കുന്നത് ഒരു പാട് കുറഞ്ഞും പോകുകയും ചെയ്യും അമ്മയുടെ സംസാരം കേട്ട് നീരജിന് ഉള്ളിൽ ചിരി പൊട്ടി, കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കുന്നത് ഇങ്ങനെയാണമ്മേ… എന്നയാൾ മനസ്സിൽ പറഞ്ഞു. ആർഭാടങ്ങളൊന്നുമില്ലാതെ അമ്പലമുറ്റത്ത് വച്ച് അനുപമയുടെ കഴുത്തിൽ സുനി താലി കെട്ടി. ഇളയവളായത് കൊണ്ട് ഒരു പാട് പുന്നാരിച്ചാണ് ഭവാനിയമ്മ അനുപമയെ വളർത്തിയത് വിവാഹം കഴിഞ്ഞ് യാതൊരു വിഷമവുമില്ലാതെ ഭർത്താവിനൊപ്പം മകൾ കാറിൽ കയറി പോയപ്പോൾ ഭവാനിയുടെ അമ്മമനം തേങ്ങി.

നിരുപമയുടെ പ്രസവം കഴിഞ്ഞിട്ട് കുട്ടിക്ക് ഒരു വയസ്സാകാൻ പോകുന്നു മോളേ നിരുപമേ .. മനോജിത് വരെ നിന്നെ കൂട്ടികൊണ്ട് പോകുന്നതിനെ കുറിച്ചൊന്നും പറഞ്ഞില്ലേ? ഇല്ലമ്മേ… ഞാൻ ചോദിച്ചപ്പോൾ പറയുവാ, ഇവിടെ നിനക്കും കൊച്ചിനും അസൗകര്യങ്ങളൊന്നുമില്ലല്ലോ ? ഉണ്ണാനും ഉടുക്കാനും കിട്ടുന്നുണ്ടല്ലോ? അങ്ങോട്ട് ചെന്നാൽ ചിലപ്പോൾ അതൊന്നും കിട്ടിയെന്ന് വരില്ലന്ന് ,മനോജേട്ടൻ കടത്തിൻ്റെ പുറത്ത് കടവുമായിട്ട് നില്ക്കുവാണമ്മേ …, ഇനിയാ വീടും പറമ്പും ബാങ്ക് കാര് കൊണ്ട് പോകുമോന്നാ മനോജേട്ടൻ്റെ പേടി എൻ്റെ ഭഗവതീ..

അവനെയൊന്ന് രക്ഷപെടുത്തിയെടുക്കാനല്ലേ ഞാൻ കണ്ട പെണ്ണിൻ്റെ മുതലൊക്കെയെടുത്ത് അവനെ സഹായിച്ചത്, എന്നിട്ടവൻ സകലതും നശിപ്പിച്ചല്ലോടി, എന്തെല്ലാം പ്രതീക്ഷകളോടെ വളർത്തിയതാണ്, രണ്ട് പെൺമക്കളെ, എന്നിട്ട് നിൻ്റെ ജീവിതം, വെള്ളത്തിൽ വരച്ച വരപോലെയായി ,സർക്കാർ ജോലിക്കാരനെ കൊണ്ട് കെട്ടിക്കാനിരുന്ന മറ്റവളാണെങ്കിൽ അവൾക്കിഷ്ടപ്പെട്ട ഒരുത്തൻ്റെ കൂടെ പോയി, ഇതിന് തക്ക എന്ത് തെറ്റാണീശ്വരാ … ഞാൻ ചെയ്തത്? എല്ലാ പെൺമക്കളെയും, അവരുടെ മാതാപിതാക്കൾ, ഇത് പോലെ ഒരു പാട് പ്രതീക്ഷകളോടെ തന്നെയാണ് കെട്ടിച്ചയച്ചിരിക്കുന്നത്, എന്ന് നിങ്ങളോർത്തില്ല ഭവാനിയമ്മേ .. ഭവാനിയമ്മയുടെ നിലവിളി അടുക്കളയിൽ നിന്ന് കേട്ട രാധിക, മനസ്സിൽ പറഞ്ഞു.

രാധികേ… റിലീവിങ്ങ് ഓർഡർ ഒപ്പിട്ട് കിട്ടി,നാളെ തന്നെ നമുക്ക് പുറപ്പെടണം കെട്ടോ ? ഓഫീസിൽ നിന്ന് വന്ന നീരജ് ,രാധികയോട് പറഞ്ഞു. അത് കേട്ടിട്ടും , രാധിക നിർവികാരതയോടെ നിന്നപ്പോൾ നീരജിന് ഉത്കണ്ഠയായി . എന്ത് പറ്റി രാധികേ .. എന്താ നിനക്കൊരു സന്തോഷമില്ലാത്തത്? അത് പിന്നെ,എനിക്ക് നീരജിനോട് ചില കാര്യങ്ങൾ പറയാനുണ്ട്, കുറച്ച് നാളായി ,എൻ്റെ മനസ്സിൽ കിടന്ന് വീർപ്പ് മുട്ടുന്ന ചില സത്യങ്ങൾ ,പല പ്രാവശ്യം ഞാൻ തുറന്ന് പറയാൻ ശ്രമിച്ചിട്ടും അതിനുള്ള ധൈര്യമില്ലാത്തത് കൊണ്ട് മാത്രം, വേദനയോടെ വീണ്ടും ഉള്ളിലൊതുക്കി നീരജിൻ്റെ മുന്നിൽ അഭിനയിക്കുകയായിരുന്നു ഞാൻ,

അറിഞ്ഞ് കൊണ്ട് ഒരു തെറ്റും ചെയ്യാത്ത എനിക്ക് ,ഇനിയും ഒരു അപരാധിയെ പോലെ ഇങ്ങനെ നീറി നീറി ജീവിക്കാൻ വയ്യ, എനിക്കെല്ലാം നീരജിനോട് തുറന്ന് പറയണം വേണ്ട, നീയൊന്നും പറയേണ്ട, എല്ലാമെനിക്കറിയാം, നീ നിരപരാധിയാണെന്നും എല്ലാത്തിനും കാരണം എൻ്റെ അമ്മയാണെന്നും എനിക്കറിയാം കഴിഞ്ഞ കാര്യങ്ങളോർത്ത് എരിഞ്ഞ് തീർക്കാൻ ഇനി സമയമില്ല രാധികേ … നമുക്ക് ഒരു പാട് കാര്യങ്ങൾ ചെയ്യാനുണ്ട് ,

വയനാട്ടിൽ ചെന്ന് ജോയിൻ ചെയ്ത് അവിടെയൊന്ന് സെറ്റിലായിട്ട് ,നമുക്ക് വീണ്ടുമൊരു ഡോക്ടറെ കാണാൻ പോകണം, നമുക്ക് താലോലിക്കാൻ നമ്മുടെ തന്നെ ഒരു കുഞ്ഞിനെ വേണ്ടേ? ഒരു വഴിയടഞ്ഞാൽ മറ്റ് വഴികളുണ്ടെന്ന് ,അന്വഷണത്തിൽ എനിക്ക് മനസ്സിലായി ,ഇനി നമ്മൾ ഈ നാട്ടിലേക്ക് തിരിച്ച് വരുമ്പോൾ കൂടെ നമ്മുടെ കുഞ്ഞുമുണ്ടാവും നീരജ്… ഞാനെത്ര ഭാഗ്യവതിയാണല്ലേ? പ്രണയാതുരയായവൾ അവൻ്റെ നെഞ്ചിലേക്ക് വീണു.

അവസാനിച്ചു.

സ്ത്രീധനം : ഭാഗം 6

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!