ഭാര്യ : ഭാഗം 27

Share with your friends

എഴുത്തുകാരി: ആഷ ബിനിൽ

പരസ്പരം ഒന്നാകാൻ ഒരുങ്ങിയ ആ നിമിഷത്തിൽ, തനു കാശിയെ തടഞ്ഞു: “കാശിയേട്ടാ……” “മ്മം..?” “എനിക്ക്.. എനിക്ക് പറ്റുന്നില്ല കാശിയേട്ടാ” കാശി ഒരുവേള സ്തംഭിച്ചു പോയി. ഇങ്ങനൊരു താല്പര്യം അല്പനേരം മുൻപുവരെ ഉണ്ടായിരുന്നില്ല. തനു പൂർണമായും തയ്യാറാകുന്നത് വരെ കാത്തിരിക്കാൻ തന്നെ ആയിരുന്നു തീരുമാനം. ഇതിപ്പോൾ സാഹചര്യം കൊണ്ട് സംഭവിച്ചതാണ്. തനു തടയാതിരുന്നപ്പോൾ അവൾക്കും ആഗ്രഹമുണ്ടെന്ന് വിചാരിച്ചു. പക്ഷെ… ഒരു നിമിഷം തനുവിനോട് ദേഷ്യം തോന്നിയെങ്കിലും തൊട്ടടുത്ത നിമിഷം അവളുടെ കലങ്ങിയ കണ്ണുകൾ കണ്ടതോടെ അതെല്ലാം പൊയ്പോയി.

തനുവിനെ തന്റെ നെഞ്ചോട് ചേർത്തുപിടിച്ചു കാശി. അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി തനു കരഞ്ഞു. “എന്താടാ.. എന്താ പറ്റിയെ എന്റെ തനുവിനു?” “എനിക്കറിയില്ല കാശിയേട്ടാ. എന്നെ കൊണ്ട് പറ്റുന്നില്ല. എനിക്കറിയില്ല എന്താണെന്ന്.” കരച്ചിലടക്കാൻ പാടുപെട്ട് തനു പറഞ്ഞു. “അയ്യേ.. അതിനാണോ എന്റെ തനു ഇങ്ങനെ കരയുന്നത്? ഇത് നമ്മളിപ്പോൾ വേണ്ടന്ന് വച്ചിരുന്നതല്ലേ..? എന്റെ ഒരു നിമിഷത്തെ ബുദ്ധിമോശത്തിന് പറ്റി പോയതല്ലേ? എംമ്മം???” തനു തലയാട്ടി. “ആഹ്. എന്തായാലും എന്തൊക്കെ ആയിരുന്നു.

നല്ല ഭാര്യ ആകില്ല, ഇഷ്ടമല്ല, ഒഴിവായി പോണം, കാശിയേട്ടന്റെ ജീവിതം നശിപ്പിക്കരുത്… ഇപ്പോ മനസിലിരുപ്പ് പുറത്തായല്ലോ. എന്തായാലും നന്നായി. നമുക്ക് സ്കോപ്പ് ഉണ്ടെന്ന് മനസ്സിലായല്ലോ. ഇനി ഒക്കെ ശരിയാകും..” കാശിയുടെ വാക്കുകൾ കേട്ട് ആണ് കണ്ണീരിനിടയിലും തനു പുഞ്ചിരിച്ചു. “ഇനിയിപ്പോ എന്നും ഒരു കൈ നോക്കാം. എപ്പോഴാണ് ബിരിയാണി കിട്ടുന്നതെന്ന് അറിയില്ലല്ലോ?” അവൻ കുറുമ്പോടെ പറയുന്നത് കേട്ട് തനുവിൽ ലജ്ജയും ഭയവും ഒരേപോലെ നിറഞ്ഞു. ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

കുറേ നാളായി തരുൺ കാവ്യയെ ഒന്ന് മര്യാദക്ക് കണ്ടു സംസാരിച്ചിട്ട്. ഇന്നലെ വന്നിട്ടും തനുവിന്റെ കൂടെ ഇരിപ്പാണ് പെണ്ണ്. ഒറ്റക്കൊന്നു കാണാൻ പോലും കിട്ടുന്നില്ല. ഓഫീസിൽ പോകുന്നതിന് മുൻപ് കാവ്യയെ എങ്ങനെയെങ്കിലും ഒന്ന് കാണണം എന്ന് വിചാരിച്ചിരിക്കുമ്പോൾ ആണ് അവൾ ഹാളിലേക്ക് കയറി വരുന്നത് കാണുന്നത്. എഴുന്നേറ്റ് മുഖം പോലും കഴുകാതെയാണ് വരവ്. ഒരു ത്രീഫോർത്തും ബനിയനും ആണ് വേഷം. ഉച്ചിയിൽ കെട്ടി വച്ച മുടിയൊക്കെ പാറി പറന്നു കിടക്കുകയാണ്. തരുണിനെ കണ്ട് അവൾ തിരിച്ചു പോകാൻ തുടങ്ങി. അവനും പുറകെ പോയി. അതോടെ അവൾ തിരിഞ്ഞോടി.

ഉമ്മറത്തേക്കുള്ള വാതിലിന്റെ അവിടെ എത്തിയപ്പോഴാണ് കയ്യിൽ പിടുത്തം കിട്ടിയത്. കാവ്യയെ വാതിലിൽ ചാരി നിർത്തി അവൻ അരികിലേക്ക് ചെന്നു. “എന്താണ്..? എന്റെ കാവ്യക്കൊരു നാണം ഒക്കെ?” “എന്ത്? എനിക്കൊരു കുഴപ്പവും ഇല്ല” “ആണോ?” അതും പറഞ്ഞ് അവൾ കാവ്യയുടെ കവിളിൽ തട്ടാൻ പോയി. അവൾ അവന്റെ കൈ വിടുവിച്ചു ഉമ്മറത്തേക്കു ഓടാൻ തുടങ്ങിയതും സ്റ്റക്കായി അവിടെ തന്നെ നിന്നുപോയി. പുറകെ അവിടേക്ക് നോക്കിയ തരുണും. ഹരിപ്രസാദും ശിവപ്രസാദും കൃഷ്ണനും ഒരു മനോരമ പേപ്പറിനെ മൂന്നായി ഭാഗിച്ചു വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.

കണ്ണടക്ക് മുകളിൽ കൂടിയുള്ള കൃഷ്ണന്റെ നോട്ടം കണ്ടതോടെ കാവ്യയുടെ ജീവൻ പോയി. അവൾ നൈസായി അകത്തേക്ക് വലിഞ്ഞു. പുറകെ പോകാൻ പോയ തരുണിനെ ശിവൻ തടഞ്ഞു നിർത്തി. “എന്താ ഉണ്ണി ഈ കണ്ടത്.?” “അത്.. ചെറിയച്ചാ.. അത്… എനിക്ക്…. എനിക്ക് കാവ്യയെ ഇഷ്ടമാണ്.” തരുണിനെ കരണം പുകയുന്ന ശബ്ദം ആണ് പിന്നെ എല്ലാവരും കേട്ടത്. “ഇഷ്ടമാണ് അല്ലെ.. നിനക്ക് ഇത്ര ബോധമില്ലേ ഉണ്ണി? ആ കുട്ടിയും നീയും തമ്മിൽ എത്ര വ്യത്യാസം ഉണ്ടെന്ന് അറിയാമോ? അറിവില്ലാത്ത പ്രായത്തിൽ അതെന്തെങ്കിലും പറഞ്ഞാലും തിരുത്തേണ്ടത് നീയല്ലേ?

അതിന് പകരം അതിനേക്കാൾ കുഞ്ഞാകുകയാണോ നീയ്?” ഹരിയെ ഇത്ര ദേഷ്യത്തിൽ അവരാരും കണ്ടിരുന്നില്ല. തരുണിന്റെ കണ്ണു നിറഞ്ഞു. അത് അച്ഛൻ അടിച്ചത് കൊണ്ടല്ല, താൻ കാരണം ആ മനസ് വിഷമിച്ചു കണ്ടതിനാലാണ്. അവൻ കൃഷ്ണന്റെ മുന്നിൽ ചെന്നു നിന്നു. ആ കയ്യെടുത്തു തന്റെ കൈയിൽ പിടിച്ചു: “ശരിയാണ്. പറഞ്ഞു തിരുത്തേണ്ടതായിരുന്നു. പക്ഷെ പറ്റിയില്ല.. അത്ര സ്നേഹിച്ചു പോയി ഞാൻ. പറിച്ചു കളയാൻ ആകാത്ത വിധം മനസിൽ ഉറച്ചുപോയി. തന്നൂടെ അവളെ എനിക്ക്? കാശി തനുവിനെ നോക്കുന്ന അത്രക്കൊന്നും വരില്ലെങ്കിലും പൊന്നുപോലെ നോക്കിക്കോളാം ഞാൻ.”

തരുൺ പ്രതീക്ഷയോടെ അയാളെ നോക്കി. ആ മുഖത്തെ ഗൗരവം മാറുന്നതും മെല്ലെ അവിടൊരു പുഞ്ചിരി വിടരുന്നതും അവൻ കണ്ടു. “ഏഴു വയസ് അത്രവലിയ വ്യത്യാസം ഒന്നും അല്ലടോ ഹരി. ഞാനും മാലതിയും എട്ടു വയസ് വ്യത്യാസം ഇല്ലേ. കുട്ടികളുടെ ഇഷ്ടം അതാണെങ്കിൽ അത് തന്നെ നടക്കട്ടെ. എന്തു പറയുന്നു?” ഹരിയും ശിവനും പരസ്പരം നോക്കി. “പക്ഷെ മോള് പടിച്ചുകൊണ്ടിരിക്കുകയല്ലേ? പിജി എങ്കിലും കഴിയാതെ കല്യാണം നടത്തുന്നത് എങ്ങനെയാ…” “നമുക്ക് നല്ലൊരു ദിവസം നോക്കി നിശ്ചയം നടത്തി വയ്ക്കാം. കല്യാണം രണ്ടു കൊല്ലം കഴിഞ്ഞു മതി. എന്തേ?” കൃഷ്ണന്റെ അഭിപ്രായം അവർക്ക് സ്വീകാര്യമായി തോന്നി.

പക്ഷെ തരുണിന് അതിഷ്ടമായില്ല. “രണ്ടു കൊല്ലമോ? അപ്പോഴേക്കും എനിക്ക് വയസ് 29 ആകും.” “അല്ലാതെ നിനക്ക് നാളെ തന്നെ കെട്ടിച്ചു തരാമെടാ.. ഉടനെ കല്യാണം വേണമെന്നുണ്ടെങ്കിൽ വയസ് നോക്കി പ്രേമിക്കാൻ വയ്യാരുന്നോ? മുട്ടയിൽ നിന്ന് വിരിയാത്ത കുഞ്ഞിനെ പ്രേമിച്ചതും പോര, കല്യാണം ഉടനെ വേണം താനും.” തരുൺ അടികിട്ടിയപോലെ ആയി. “എന്നാലും.. ഇത്ര പെട്ടന്ന് പരിഹരിക്കാൻ പറ്റുന്ന വിഷയം ആണെങ്കിൽ അച്ഛന്റെ ഒരു തല്ല് വേസ്റ്റ് ആയല്ലോ.” “അത് പിന്നെ പ്രണയത്തിന് വേണ്ടി മിനിമം ഒരു അടിയെങ്കിലും കൊള്ളു നീയ്.” ഒരു ചമ്മിയ ചിരി ചിരിച്ചു അവൻ അകത്തേക്ക് പോയി.

ആ പോക്ക് കണ്ടു അച്ചന്മാർ മൂവരും പരസ്പരം നോക്കി പുഞ്ചിരിച്ചു. പ്രാതൽ കഴിക്കുന്ന സമയത്താണ് ഹരി കല്യാണ കാര്യം അവതരിപ്പിച്ചത്. എല്ലാവർക്കും താല്പര്യം ഉള്ള ബന്ധം ആയിരുന്നു അത്. മകൾ കുടുംബത്തിൽ തന്നെ കാണുമല്ലോ എന്നതാണ് മാലതിയുടെ ആശ്വാസം. “തനയ്യും നീലുവും വിവാഹപ്രായം എത്തി നിൽക്കുന്ന സ്ഥിതിക്ക് അവരുടെ കാര്യം കൂടി നോക്കേണ്ട?” അവർ ചോദിച്ചു. “നീലുവിന് ജാതകവശാൽ രണ്ടു വർഷം കൂടി കഴിഞ്ഞേ മംഗല്യയോഗം ഉള്ളൂ. അപ്പോഴേക്കും തരുണിന്റെയും നടത്താം. തനയ്ക്കും കൂടി ഒരു കുട്ടിയെ കണ്ടുപിടിക്കണം.”

“അല്ല.. നിങ്ങളുടെ മനസിൽ അങ്ങനെ എന്തെങ്കിലും ഉണ്ടോ മക്കളെ?” ശിവൻ ചോദിച്ചു. തനുവും നീലുവും പരസ്പരം നോക്കി. തനയ് തരുണിനെ നോക്കി. “എനിക്ക് അങ്ങനെ ഒന്നും ഇല്ല ചെറിയച്ഛാ.. നിങ്ങൾ തന്നെ ഒരു കുട്ടിയെ കണ്ടു പിടിച്ചോളൂ. നിശ്ചയം കഴിഞ്ഞു ഒരു ആറു മാസമെങ്കിലും സമയം തരണം കല്യാണത്തിന്. ആ നിബന്ധന മാത്രമേ എനിയ്ക്കുള്ളൂ.” തനയ് പറഞ്ഞു. അതോടെ എല്ലാവരുടെയും ശ്രദ്ധ നീലുവിലായി. “എനിക്കും അങ്ങനെ പ്രത്യേകിച്ചു ഇഷ്ടമൊന്നും ഇല്ല അച്ഛാ. എന്താണെന്ന് വച്ചാൽ നിങ്ങൾ തീരുമാനിച്ചോളൂ..”

“താരമോളെ വിളിച്ചു പറയണ്ടേ കാര്യങ്ങൾ?” സുമിത്ര ചോദിച്ചു. ഇത്രയും സമായതിനിടയിൽ ഇപ്പോഴാണ് അവരുടെ ശബ്ദം ഉയർന്നത്. “ഞാൻ രാജീവിനെ വിളിച്ചു പറയാം. നല്ല കുട്ടികൾ ഉണ്ടെങ്കിൽ അവരും അന്വോഷിക്കട്ടെ” ഹരി പറഞ്ഞു. മകളുടെ അഭിപ്രായത്തേക്കാൾ മരുമകന്റെ അഭിപ്രായം ആണ് പ്രധാനം. “നീലുവിന് എന്നാണ് തിരികെ പോകേണ്ടത്?” മാലതി ചോദിച്ചു. “അത്.. അപ്പച്ചീ.. ആ ജോലി.. അത് പോയി.” അവൾ മുഖം കുനിച്ചു പറഞ്ഞു. “എന്ത്? ജോലി പോയെന്നോ? എന്നിട്ട് നീ എന്താ പറയാതിരുന്നത്? കാശി ചോദിച്ചു. “ഇന്ന് രാവിലെയാണ് കാശിയേട്ടാ മെയിൽ വന്നത്.

അല്ലെങ്കിലും എനിക്ക് അവിടെക്ക് തിരികെ പോകണം എന്നില്ല.” “എന്നാലും ജോലി പോകാൻ എന്താ കാരണം?” തരുൺ ചോദിച്ചു. “ഞാൻ റിസൈൻ ചെയ്തതാണ് ഏട്ടാ.” അവൾ മുഖത്തു നോക്കാതെ പറഞ്ഞു. പറഞ്ഞത് സത്യമല്ല എന്നു മനസിലായെങ്കിലും അവർ ഒന്നും പറയാൻ നിന്നില്ല. “എന്തായാലും നന്നായി. ഇത്ര ദൂരം പോയി ജോലി ചെയ്യേണ്ട ആവശ്യം ഒന്നും നിനക്കില്ലല്ലോ. നമുക്ക് ഇവിടെ എവിടെയെയങ്കിലും ജോലി നോക്കാം” ഗീത പറഞ്ഞു. മുതിർന്നവർ എല്ലാവരും അത് ശരിവച്ചു.

തരുണും തനയ്യും കാശിയെ നോക്കി. അവൻ അവരെ കണ്ണടച്ചു കാണിച്ചു. ഭക്ഷണം കഴിഞ്ഞു അവർ കാശിയിൽ നിന്ന് നീലുവിന്റെ വിവരങ്ങളെല്ലാം അറിഞ്ഞു. “എന്ത് ധൈര്യത്തിൽ ആണ് അവൻ നമ്മുടെ പെങ്ങളുടെ മേലെ കൈവച്ചത്..” തനയ് രോക്ഷത്തോടെ പറഞ്ഞു. “അത് പിന്നെ രണ്ടു മാസത്തിനിടെ അവൾ വീട്ടിലേക്ക് വന്നിട്ടുകൂടി ഇല്ലല്ലോ. വീട്ടുകാരുമായി എന്തോ പ്രശ്നം ഉണ്ടെന്ന് അവിടെ എല്ലാവർക്കും അറിയുകയും ചെയ്യാം. ചോദിക്കാനും പറയാനും ആരും ഇല്ലന്ന് ധൈര്യം ആയിരിക്കും അവന്” കാശി പറഞ്ഞു. “ആ ധൈര്യം അവസാനിപ്പിച്ചു കൊടുക്കണമല്ലോ” നീലു ഹോസ്റ്റൽ വെക്കേറ്റ് ചെയ്യാൻ പോകുമ്പോൾ തരുണും തനയ്യും കൂടെ പോകാൻ തീരുമാനിച്ചു.

“ഹേയ്.. കുറച്ചു സാധനങ്ങൾ മാത്രമേ ഉള്ളൂ കൊണ്ടുവരാൻ. ഞാൻ ഒറ്റക്ക് പോയി വരാം. നിങ്ങൾ രണ്ടാളും വെറുതെ ലീവ് എടുത്തു വരേണ്ട കാര്യമൊന്നും ഇല്ല.” “അതിന് ഞങ്ങൾ നിന്നെ കൊണ്ടുപോരാൻ അല്ല വരുന്നത്. ട്രിവാൻഡ്രം കാണാൻ വരുന്നതാണ്. നമുക്ക് എല്ലായിടത്തും ഒന്നു കറങ്ങി വരാമെടി.” ഒടുവിൽ നിവൃത്തിയില്ലാതെ നീലു സമ്മതിച്ചു. പിറ്റേന്ന് രാവിലെ അവർ ട്രിവാൻഡ്രത്തിന് തിരിച്ചു. തുടരും-

ഭാര്യ : ഭാഗം 26

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!