എന്നും രാവണനായ് മാത്രം : ഭാഗം 31

Share with your friends

എഴുത്തുകാരി: ജീന ജാനകി

‘ഏതോ വാർമുകിലിൻ….. കിനാവിലെ മുത്തായ് നീ വന്നു… ഏതോ വാർമുകിലിൻ കിനാവിലെ…. മുത്തായ് നീ വന്നു… ഓമലേ….. ജീവനിൽ അമൃതേകാനായ് വീണ്ടും…. എന്നിലേതോ ഓർമ്മകളായ് കിനാവിൻ മുത്തേ നീ വന്നു…’

ചക്കിയാണ് താരാട്ട് പാടുന്നത്…. ആരും ലയിച്ചിരുന്നു പോകുന്ന പോലെ…. തോളിൽ എന്റെ കിടുക്കാച്ചിയും…. അതാരാണെന്നാവും….. വല്യേട്ടൻ ജിത്തുവിന്റെ മോളൂട്ടി…. അനന്യ എന്നാ പേര്…. ഒന്നര വയസ്സേ ഉള്ളെങ്കിലും ആള് ജഗജില്ലിയാ… എന്നെ അവൾ പാപ്പനെന്നാ വിളിക്കുന്നേ…. ആരോടും അത്ര വേഗം അടുക്കാത്ത അടങ്ങി നിൽക്കാത്ത പ്രകൃതം… ആ അവളാണ് അടങ്ങി ഒതുങ്ങി ചക്കിയുടെ തോളിൽ പാട്ടും കേട്ടു കിടക്കുന്നത്…. അവളെ ഇവളെങ്ങനെ കുപ്പിയിലാക്കി….. രണ്ടും ഒന്നിനൊന്നു മെച്ചമായോണ്ടാവും…

പെട്ടെന്ന് എന്നെ കണ്ടതും ചക്കി പാട്ട് നിർത്തി…. അപ്പോഴേക്കും കിടുക്കാച്ചി തോളിന്ന് എണീറ്റു… എന്നെ നോക്കി ചിരിച്ചശേഷം പാപ്പാ ന്ന് വിളിച്ച് കൈ നീട്ടി….. ഞാൻ ചിരിച്ചു കൊണ്ട് അവളെ എടുത്തു… എന്റെ കവിളിൽ ഉമ്മ വെച്ച ശേഷം കൊഞ്ചിക്കൊണ്ട് പുറത്തേക്ക് പോകാനായി പറഞ്ഞു… ഇറങ്ങാൻ തുടങ്ങവേ അവൾ തന്നെ കൈ വീശി ചക്കിയെ വിളിച്ചു…. ഞാൻ പുറത്തേക്ക് ഇറങ്ങി ചെരുപ്പിട്ടു…. “കണ്ണേട്ടാ എങ്ങോട്ടാ നടക്കാൻ പോകുന്നേ…..” “പറമ്പിലോട്ട്…. ഇവൾക്കും അതാ ഇഷ്ടം…” ഞാൻ കിടുക്കാച്ചിയേയും എടുത്തുകൊണ്ട് പുറത്തേക്ക് മുന്പേ നടന്നു…. ചക്കി പുറകേയാണ് വന്നത്….

പറമ്പിലെ വാഴത്തോട്ടത്തിലേക്ക് ഇറങ്ങിയ നേരമാണ് ഞാൻ ചക്കിയുടെ കാല് ശ്രദ്ധിച്ചത്…. “ടീ….. നീ ചെരുപ്പിടാത്തത് എന്താ പെണ്ണേ……” “അതേ പ്രകൃതിയെ ആസ്വദിക്കണമെങ്കിൽ ആ മണ്ണിൽ പാദം പതിയണം…. ചെരുപ്പിട്ടാൽ ആ ഫീൽ കിട്ടില്ല….” ഇതും പറഞ്ഞു കൈകൾ രണ്ടും വിടർത്തി കാറ്റും ആസ്വദിച്ചു നിന്നു…. കാറ്റിന്റെ പ്രഭാവത്താൽ അവളുടെ മുടിയിഴകൾ പാറി പറക്കുന്നുണ്ട്…. സൂര്യപ്രഭ മുഖത്തേക്ക് വീഴുന്നുണ്ട്…. ചുണ്ടിൽ ചെറിയ പുഞ്ചിരി…. വല്ലാത്തൊരു ഭംഗിയായിരുന്നു പെണ്ണിന്… കിടുക്കാച്ചിയുടെ വിളിയിൽ ഞാൻ ഞെട്ടി… ഭാഗ്യം അവള് കണ്ടില്ല…. അവളുടെ ചിന്തകൾ തികച്ചും വ്യത്യസ്തമാണ്….

നമ്മൾ ചിന്തിക്കുന്നതിന്റെ വേറൊരു തലത്തിൽ… ചില നേരം അസൽ മന്ദബുദ്ധി പോലെയും തോന്നും…. പിന്നെ കുറച്ചു നേരം അവിടെ നിന്ന് കറങ്ങിയ ശേഷം തിരിച്ചു വന്നു… രാജി അടുക്കളയിൽ നില്പുണ്ടായിരുന്നു… കിടുക്കാച്ചിയെ അമ്മേടെ കയ്യിൽ കൊടുത്ത ശേഷം ഞാൻ റൂമിലേക്ക് പോയി… ********** കണ്ണേട്ടനോടൊപ്പം പറമ്പിലൊക്കെ കറങ്ങിയിട്ട് ചെന്നപ്പോൾ സച്ചുവേട്ടൻ സ്ഥിരം കുറുകലിലാണ്…. കുറച്ചു ദിവസമായി…. ഇന്ന് ഞാൻ പിടിക്കും…. ഞാൻ പതിയെ അടുത്തേക്ക് ചെന്നു… എന്റെ വരവൊന്നും അറിയാതെ സംസാരിച്ചു മറിയുവാ…. “പറ മോളേ…. ” (മോളോ…. മുട്ടത്തോട് തലയിന്ന് പോകാത്തതാ…. മോളേന്നോ….-ആത്മ) “ആടീ….. വളരെ ലൈറ്റായിട്ട് കഴിച്ചു…”

(ബേൽപ്പൂരി മോറാ…. ഒരു പറ ചോറും നാല് പുഴുങ്ങിയ പഴവും അടിച്ച് കേറ്റിയിട്ട് ലൈറ്റായിട്ടെന്നോ…. -ആത്മ) “വെയിലൊക്കെ കൊണ്ട് കളർ കുറഞ്ഞുപോയതല്ലേ…. പണ്ട് എന്ത് കളറാരുന്നെന്ന് അറിയോ…..” (കൊച്ചിലെ കുളിപ്പിച്ച് മൂലയ്കിട്ടപ്പോൾ കരിമ്പേനടിച്ചതാകും…. മയത്തിലൊക്കെ തള്ളിക്കൂടേ….. -ആത്മ) “എനിക്കും ചേട്ടായിക്കും വൃത്തിയുടെ കാര്യത്തിൽ നോ വിട്ടുവീഴ്ച….” (അപ്പറഞ്ഞത് ഏറക്കുറെ ശരിയാ…. ഈ ഒരു കാര്യത്തിൽ രണ്ടും തമ്മിൽ നല്ല ഒത്തെരുമൈ ആണ്… എന്നുവച്ചാൽ വൃത്തീടെ കാര്യത്തിൽ രണ്ടെരുമകളും ഒരേ പോലെയാന്ന്….. -ആത്മ) പെട്ടെന്ന് സച്ചുവേട്ടൻ തിരിഞ്ഞതും എന്നെ കണ്ടു…. ഉടനേ ഒരു ചമ്മിയ ചിരി പാസ്സാക്കി…. ”

പല്ലു തേച്ചെന്നറിയാൻ മുപ്പത്തിരണ്ടെണ്ണവും വെളിയിലോട്ട് ഇടണ്ട… കുറച്ചു നാളായി കുറുകി കുറുകി കുറുവാലിക്കിളിയായി നടക്കുന്നു…. മര്യാദയ്ക്ക് പറഞ്ഞോ…. ഇല്ലേൽ ഞാൻ വിമ്മിട്ട് തരും ആഹാരത്തിൽ…..” “ഈ…. എനിക്ക് ഇഷ്ടപ്പെട്ട കുട്ടിയാ…. പേര് അഞ്ചന…. ഇവിടെ അടുത്തെ ഹോസ്പിറ്റൽ നേഴ്സ് ആണ്…..” “അപ്പോ എവിടെന്നേലും പൊങ്കാല കിട്ടിയാലും ആളുണ്ട്…. ആട്ടെ ബാക്കി പറ…” “ഞാൻ ഡിഗ്രി ചെയ്യുന്ന സമയത്താണ് ആദ്യമായിട്ട് കണ്ടത്…. പിന്നെ പുറകെ നടന്നു വളച്ചെടുത്തു…. പാവപ്പെട്ട വീട്ടിലെ കുട്ടിയാ അവൾ…. ഗൾഫിലായിരുന്നു ഞാൻ…. ഇതിപ്പോ നാലു മാസം ലീവിന് വന്ന് നിക്കുന്നതാ…..”

“ശ്ശെടാ ഞാൻ വിചാരിച്ചത്…. വെറുതെ വാറ്റിത്തിരിഞ്ഞ് നിൽക്കുവാണെന്ന്….. എന്നിട്ട് ആലോചിച്ചോ അവിടെ….” “ആലോചിച്ചു…. അവളുടെ ഏതൊക്കെയോ അമ്മാവന്മാർക്ക് ഭയങ്കര എതിർപ്പ്…. മിക്കവാറും ഞാൻ പോകുമ്പോൾ അവളെയും രെജിസ്റ്റർ മാര്യേജ് ചെയ്തു കൊണ്ട് പോകാൻ ചാൻസ് ഉണ്ട്……” “ഭയങ്കര, എന്നിട്ടാണോ ഇത്രേം നാളും ഒളിപ്പിച്ചു വച്ചത്…..” “നീ ചോദിച്ചില്ലലോ….” “അയ്യോടാ എന്തൊരു വിനയം…. ഇതൊക്കെ ചോദിക്കാതെ പറയണ്ടേ…. അല്ല അപ്പോ കടുവയെ കെട്ടിക്കണ്ടേ….” “ചേട്ടായി കല്യാണമേ വേണ്ടെന്ന് പറഞ്ഞാ നിൽക്കുന്നത്… അതുകൊണ്ട് ഞാൻ ഫസ്റ്റടിക്കാൻ നിക്കുവാ…..”

“നിങ്ങടെ കേട്ടായീനെ കാണുമ്പോൾ കാമദേവൻ വില്ലും കളഞ്ഞിട്ട് പലായനം ചെയ്യുന്നത് കൊണ്ട് റൊമാൻസ് അങ്ങേരുടെ അയലത്തൂടെ പോലും പോകില്ല…. ഇന്നെന്താ എന്നെയും രാജിയേയും ഇവിടെ നിർത്തിയത്.” “ഇന്നെങ്ങാണ്ടോ ഒരു അമ്പലത്തിൽ പൂജയുണ്ട്… പാപ്പനും കുഞ്ഞമ്മയും അപ്പയും അമ്മയും പോകും… ഞാനും ചേട്ടായിയും നിങ്ങടെ ബോഡീഗാർഡ്സ് ആണെടീ…..” “ആ ബെസ്റ്റ്…. ലാപ് എടുത്തോണ്ട് വരാർന്നു…. കുറേ ഹൊറർ ഫിലിം കിടപ്പുണ്ട്…..” “നിന്റേൽ ചിലന്തി മാപ്പിളൈ ഉണ്ടോ….” “ആരുടെ മാപ്പള….” “ആരുടേം മാപ്പള അല്ല…. ചിലന്തി മാപ്പിളൈ….. സ്പൈഡർ മാൻ…. തമിഴ് അറിയില്ലല്ലേ….

ഷെയിം ഷെയിം പപ്പീട ഷെയിം…” “ഇമ്മാതിരി ദാരിദ്ര്യം പിടിച്ച തമിഴ് അറിയില്ലെന്നേ ഉള്ളൂ…. അല്ല രാത്രി എന്തേലും ഉണ്ടാക്കണോ…..” “ചതിക്കല്ലേ….. എല്ലാം അമ്മ റെഡിയാക്കി വെച്ചിട്ടുണ്ട്… അവർ കുറച്ചു കൂടി കഴിയുമ്പോൾ പോകും….” “ഞാൻ രാജീടെ അടുത്ത് പോകുവാട്ടോ….” *********** അമ്മയും അപ്പയും പാപ്പനും കുഞ്ഞമ്മയും കൂടി ദൂരെയുള്ള ഒരു ക്ഷേത്രത്തിലേക്ക് പോകാൻ നിൽക്കുവാ… അതുകൊണ്ട് തന്നെ രാജിയെയും ചക്കിയെയും ഇവിടെ നിർത്തി…. മീനൂട്ടി – ഞങ്ങൾ നാളെ ഉച്ച കഴിയുമ്പോളേ എത്തുള്ളൂ…. രാത്രിയ്കുള്ള ആഹാരം ഒക്കെ റെഡിയാക്കി വെച്ചിട്ടുണ്ട്…. പാപ്പൻ – കണ്ണാ, ഇന്നിനി എങ്ങോട്ടും പോകണ്ട…. പിള്ളേരുള്ളതല്ലേ….. കണ്ണൻ – മ്…. എത്തിയിട്ട് വിളിക്ക്….

എല്ലാവരെയും യാത്രയാക്കി…. ഇവിടെ ഉള്ള മൂന്ന് വാലുകളും ഉള്ളിലോട്ട് പോയി… അപ്പോഴാണ് വേണു അങ്ങോട്ട് വന്നത്… കണ്ണൻ – എന്താടാ….. എന്താ കയ്യിൽ… വേണു – കള്ള്…. കിട്ടിയപ്പോൾ നിനക്ക് കുറച്ചു തരാം എന്ന് വിചാരിച്ചു… ഇനി ഞാൻ പോട്ടെടാ…. നാളെ കാണാം… അവൻ പോയി… ഇപ്പോ എന്തായാലും വേണ്ട… എല്ലാവരും കിടന്നിട്ട് രാത്രി നോക്കാം….. വീട്ടിനകത്ത് നോൺവെജ് കേറ്റാത്തോണ്ട് വീടിന്റെ പുറകിലായി ഒരു ഷെഡ് ഞാൻ കെട്ടിയിട്ടുണ്ട്… അവിടെയാ നോൺവെജ് പാചകവും മദ്യസേവയും…. ആരും കാണാതെ ഷെഡിൽ കൊണ്ട് വച്ച ശേഷം അകത്തേക്ക് പോയി… മൂന്നും കൂടി സച്ചുവിന്റെ ലാപിൽ സിനിമ ഡൗൺലോഡ് ചെയ്യുവാ…..

ഞാൻ ഹാളിലെ സോഫയിൽ ആണിരുന്നത്…. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാം കൂടി അവിടെ വന്നിരുന്നു… ചക്കി എന്റെ തൊട്ടടുത്തും…. മുമ്പിലുള്ള ടീപ്പോയിൽ ലാപ്പും വച്ചു….. ഞാനെണീറ്റ് പോകാൻ നോക്കിയപ്പോൾ രാജി നിർബന്ധിച്ച് എന്നെ പിടിച്ചിരുത്തി… സിനിമ തുടങ്ങും മുമ്പേ സച്ചു ഓടിപ്പോയി ലൈറ്റ് അണച്ചു…. കണ്ണൻ – എന്തിനാടാ ലൈറ്റ് അണച്ചത്… സച്ചു – ഒരു ഇംപാക്ട് കിട്ടാനാ… പിന്നെ വോയ്സ് കൂട്ടാനായി സ്പീക്കറും കൂടി വച്ചു…. മൂന്നിന്റെയും ഇരിപ്പ് കണ്ടിട്ട് ധൈര്യം ഉള്ളപോലെ തോന്നുന്നു… ഞാൻ ഫോണിൽ കുത്തിക്കൊണ്ടിരുന്നു….. ടീവിയിൽ ചെന്നായ്ക്കൾ ഓരിയിടുന്ന ശബ്ദം കേട്ടു…. പെട്ടെന്ന് ഞാൻ ചക്കിയെ നോക്കി…. എന്റെ കൈയിലും പിടിച്ചു കാല് രണ്ടും സോഫയ്ക് മുകളിൽ വച്ചാണിരുപ്പ്….

കുറച്ചൂടെ കഴിഞ്ഞാൽ എന്റെ മടിയിൽ കേറിയിരിക്കുന്ന പോലുണ്ട്…. രാജിയും സെയിം അവസ്ഥ…ചക്കിയെ പൂണ്ടടക്കം പിടിച്ചിട്ടുണ്ട്… സച്ചു തല വഴി പുതപ്പും മൂടിയാ ഇരുപ്പ്…. കണ്ണ് മാത്രം പുറത്ത് കാണാം….. ********** വല്യ ധൈര്യത്തിലാ സിനിമ കാണാൻ ഇരുന്നത്…. ആ ദുഷ്ടൻ ലൈറ്റ് അണയ്കും എന്ന് കരുതിയില്ല… പോരാത്തതിന് കുറേ സൗണ്ട് സിസ്റ്റം… പിന്നെ കണ്ണേട്ടന്റെ അടുത്തായോണ്ട് വല്യ പേടിയൊന്നും തോന്നീല…. പോകെ പോകെ ചെന്നായേട തുമ്മലും ചീറ്റലും ഓരിയിടലും ആകെ മുഴുവൻ എന്റെ കിളി മുഴുവൻ പോയി…. കാല് രണ്ടും സോഫേട മണ്ടേല് വച്ച് കണ്ണേട്ടന്റെ കയ്യിലും പിടിച്ചു ഇരുന്നു…. രാജി എന്നെ പിടിച്ചിട്ടുണ്ട്… സച്ചുവേട്ടൻ രണ്ട് കണ്ണ് മാത്രം പുറത്ത് കാണിച്ചിരിപ്പുണ്ട്…..

രാജി നഖം കടിക്കാൻ തുടങ്ങി…. ഞാൻ – ആആ….. രാജി – അയ്യോ…… സച്ചു – എന്റയ്യോ….. കണ്ണൻ – ന്താടീ കിടന്നു അലറുന്നേ…. സച്ചു – ഇപ്പോ പ്രേതം വരാതെ എന്തിനാടീ കിടന്നു വിളിച്ചേ…. രാജി – ദേ ഈ പന്നി വിളിച്ചോണ്ടാ ഞാനും വിളിച്ചേ…. നീ എന്തിനാടീ കിടന്നു കീറിയെ….. ഞാൻ – തെണ്ടി കൈ നോക്കി കടിക്കണം…. നിന്റെ കയ്യെന്നും വിചാരിച്ചെന്റെ കയ്യിലാ മ…. മ…. മരത്തലച്ചീ നീ കടിച്ചത്…. രാജി – ഈ…. ഇതിന്റെ ഇടയിൽ അതൊക്കെ ആരാ നോക്കുന്നേ….. സച്ചു – ഒന്ന് മിണ്ടാണ്ടിരിക്കോ…. എന്റെ കോൺസൺട്രേഷൻ പോണൂ…. ജീവൻ വെച്ചുള്ള കളിയാ….. കണ്ണേട്ടൻ തലയ്ക്കു കയ്യും കൊടുത്ത് ഇരുപ്പുണ്ട്…. പേടിച്ചിട്ടല്ല….

ഞങ്ങളുടെ ധൈര്യം കണ്ടിട്ട്…. കണ്ണൻ – നീ ശരിക്കും ഡിഗ്രീയൊക്കെ പഠിച്ചതാണോ…. ഞാൻ – ഓഹ്…. ഞാൻ നല്ലപോലെ പഠിച്ചെടുത്തതാ ഡിഗ്രി…. കണ്ണൻ – നിന്റെ പ്രവൃത്തി കണ്ടാൽ പ്രഫസർക്ക് അണ്ടിപ്പരിപ്പ് കൊടുത്തു ഉണ്ടാക്കിയ ഡിഗ്രി പോലുണ്ട്…. ഇതൊക്കെ ക്യാമറാ ട്രിക്സ് ആണെന്ന് അറിയില്ലേ…. ഞാൻ – അത്…. ഞാൻ അതിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്നു ലയിച്ചു കാണുന്നോണ്ടാ… ഇനി കണ്ണേട്ടൻ ശൂ….. കണ്ണൻ – എനിക്കെങ്ങും പോണ്ട…. വേണേൽ നീ തനിച്ച് പൊയ്ക്കോ….. ഞാൻ – എവിടെ…. കണ്ണൻ – ശൂ ശൂ പോകാൻ…. ഞാൻ – അയ്യേ… അതല്ല… മിണ്ടാതിരിക്കാൻ പറഞ്ഞതാ…. പിന്നെ കടുവ വീണ്ടും ഫോൺ മാന്തിപ്പൊളിക്കാൻ തുടങ്ങി… ഞാൻ അവസരം മുതലാക്കി നുള്ളലും അള്ളലും മുറയ്ക്ക് കൊടുത്തു….

ദേഷ്യം വന്നെന്നെ നോക്കും…. ഞാൻ പിന്നെ സിനിമയിൽ ലയിച്ച പോലെ ഇരിക്കും…. അവസാനം യുദ്ധം അവസാനിച്ചു…. സച്ചുവേട്ടൻ ലൈറ്റ് ഓണാക്കി പിന്നങ്ങോട്ട് ഞങ്ങളോട് കള്ളനും പോലീസും കളിക്കാൻ തുടങ്ങി… ഇതൊന്നും ദഹിക്കാത്തോണ്ട് കടുവ കമരേ മേം ജായാ…. നേരം ഏകദേശം എട്ട് മണിയോളം ആയി…. ഞങ്ങളെല്ലാവരും ആഹാരം കഴിച്ചു…. കണ്ണേട്ടൻ ആദ്യം വന്നില്ല… കടുവയുടെ കണക്ക് പത്തും പന്ത്രണ്ടും മണിയാണ്…. എല്ലാവരുടെയും നിർബന്ധം കൊണ്ട് ഞങ്ങളുടെ കൂടെ കഴിച്ചു…. എന്നിട്ട് കടുവ അകത്തോട്ടു ജായാ…. ഞങ്ങൾ പുറത്തോട്ട് ജായാ…. സച്ചുവേട്ടൻ കണ്ണേട്ടൻ കെട്ടിയ ഷെഡ് കാണിച്ചു തന്നു… ഞാനൊരു മുളകും മണപ്പിച്ചാണ് നടന്നത്….. മണപ്പിച്ചു മണപ്പിച്ചു ഒരു കടി…..

എന്റെ ആറ്റുകാലമ്മച്ചിയേ…… എന്റെ കണ്ണും ചുണ്ടും മൂക്കും എല്ലാം ഒരുമിച്ച് പുകയുവാ….. ഞാൻ – സച്ചുവേട്ടാ…. വെള്ളം…. വെള്ളം…. രാജി – ഏട്ടാ വേഗം വെള്ളം കൊണ്ട് വാ….. ഇവിടെ ഉണ്ടോയെന്ന് ഞാൻ നോക്കട്ടെ…. സച്ചു – അവിടെ കാണാൻ ചാൻസില്ല…. ഞാൻ എടുത്തിട്ട് വരാം….. ഞാൻ എരിഞ്ഞ് പുകഞ്ഞ് നിന്നതിനിടയ്കാണ് ബെഞ്ചിനടിയിൽ ഒരു കുപ്പിയിൽ എന്തോ ഇരിക്കുന്നത് കണ്ടത്… വല്ല വിഷവുമാണോ എന്തോ…. എന്തായാലും എനിക്കിനി കാക്കാൻ വയ്യ….. എടുത്തു കുടിച്ചു…. പുളിയും മധുരവും ചവർപ്പും എല്ലാം കൂടി കലർന്നൊരു ടേസ്റ്റ്…. എരിവിന്റെ വീര്യം കാരണം മുക്കാൽ കുപ്പിയും കുടിച്ചു…. തലയ്ക് ആകെയൊരു കിക്ക്…. പറക്കുവാണോ ഞാൻ…..

രാജി നോക്കുമ്പോൾ ചക്കി ഒരു കൈ തലയ്ക്കു വച്ചിട്ടുണ്ട്… ഒരു കയ്യില് കുപ്പിയും….. അപ്പോഴേക്കും വെള്ളവും കൊണ്ട് സച്ചുവും വന്നു…. രാജി – ടീ….. നിനക്ക് വെള്ളം വേണ്ടേ…. ചക്കി അവളെ നോക്കി നന്നായൊന്നു ചിരിച്ചു…. ചക്കി – പോയല്ലോ…. ദേ ഈ വെള്ളം കുടിച്ചു….. സച്ചു ആ കുപ്പി കൈയിന്ന് മേടിച്ച് മണപ്പിച്ചതും തലയിൽ കൈ വെച്ച് പോയി….. സച്ചു – ടീ നീ ഇതാണോ കുടിച്ചത് കുരുപ്പേ…. ചക്കി – മ്…. നല്ല ടേസ്റ്റുണ്ടാരുന്നു… കുറച്ചൂടെ താ പ്ലീസ്…. സച്ചു – എന്റെ ദൈവമേ…. പണി പാളി… ഇത് കള്ളാടീ രാജി…. ചക്കി അപ്പൊഴേക്കും ചിരി തുടങ്ങി…. ചിരിച്ച് ചിരിച്ച് കരച്ചിലായി….. കണ്ണീര് വരാത്തോണ്ട് വീണ്ടും ആകാശത്ത് നോക്കി ങീ ങീ എന്ന് മോങ്ങി…. രാജി – എന്റെ പൊന്നു ചക്കീ….

വായടക്കെടീ….. കണ്ണേട്ടൻ കണ്ടാൽ കൊല്ലും…. നീ എന്തിനാടീ മോങ്ങുന്നേ… ചക്കി – നിങ്ങളെന്നെ ശരിക്കൊന്ന് നോക്കിയേ…. ഈ പോസ് ഓകെ…. ഈ പോസും ഓകെ…. എന്നിട്ടെന്താ ആ കടുവയ്കെന്നെ പ്രേമിച്ചാല്…. സച്ചു – ടീ…. പെണ്ണേ…. ഒന്ന് മിണ്ടാതിരി…. ചക്കി – ഇല്ല…. മിണ്ടാതിരിക്കൂല…. എനിക്ക് പ്രതികാരം ചെയ്യണം…. നിന്റെ കേട്ടായി….. ആ കടുവയെ….. ഹോ…… എന്നെ കാണുമ്പോൾ അങ്ങേരുടെ മോന്തയ്കെന്താടീ കനം…. നിനക്കറിയോ അങ്ങേരെന്റെ അടുത്ത് നിക്കുമ്പോൾ കെട്ടിപ്പിടിച്ചു ഉമ്മിക്കാൻ തോന്നും…. രാജി – എന്ത് വട്ടാടീ ഇത്…. ചക്കി – സത്യാടീ…. പിന്നെ അങ്ങേരെന്നെ ചുമരിൽ മാലയിട്ട് ഇരുത്തിയാലോ എന്ന് വിചാരിച്ചു ഞാൻ ഒതുങ്ങും…

അല്ലേലും പാഞ്ഞു വരുന്ന പോത്തിനെന്ത് ഏത്തവാഴ…. സച്ചു – ചേട്ടായി കേൾക്കണ്ട….. ചക്കി – കേട്ടാൽ എന്താ…. എന്നെ മൂക്കിൽ കേറ്റോ… ഇന്നങ്ങേരോട് രണ്ട് വർത്താനം പറഞ്ഞിട്ട് തന്നെ കാര്യം… എന്റെ രാവണാ…. ഞാൻ അങ്ങോട്ട് ആയാ….. രാജി – സച്ചുവേട്ടാ…. ഇവളെ പിടി…. ഇല്ലേൽ ആകെ കൊളമാക്കും….. ചക്കി – ദേ…. മേത്ത് തൊട്ടാൽ മേലേ വാളും വച്ചു തരും… പറഞ്ഞേക്കാം…. എന്റെ മുട്ടത്തോട് തലേന്ന് പോയെന്ന് എനിക്ക് തെളിയിക്കണം….. സച്ചു – നീ ചേട്ടായിനെ പീഡിപ്പിക്കാൻ പോകുവാണോ….. ചക്കി – അതൊക്കെ സീക്രട്ടാ…. ശൂ… ചുപ് രഹോ…. എന്റെ കാലെവിടെ…. ആഹ്…. താഴെ ഉണ്ടല്ലോ…. പീഛേ മൂഠ്…. ആഗേ ചലോ…. കടുവേട റൂമിലോട്ട് ചലോ….. രാജി – ടീ…. അടങ്ങി നിക്കെടീ…. ചക്കി –

ദേ മാറി നിക്കാൻ പറഞ്ഞു… ഇല്ലേൽ രണ്ടിനേം ഞാൻ പത്തലൂരി അടിക്കും…. എവിടെ…. എവിടെ….. രാജി – ആരെവിടെ എന്ന്….. സച്ചു – അവൾടെ അമ്മുമ്മേട നായര്…. ചക്കി – അങ്ങേരെ അല്ല… എന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്…. സച്ചു – അടുക്കളയിൽ ചായ കുടിക്കുന്ന ഗ്ലാസ്സുണ്ട്…. ചക്കി – കം കം ലോട്ടസ് ഗേൾ… ഇസ് യു ആർ മൈ ഫ്ളവർ ലിവർ… കമോൺ ഹിയർ ടു ജമ്പിംഗ്…… സച്ചു – ഇതേത് പാട്ടാ….. ടൈടാനിക്കോ… രാജി – അതർത്ഥം വെച്ച് നോക്ക്…. സച്ചുവേട്ടൻ ചിന്തിച്ചു ചിന്തിച്ചു ലാസ്റ്റ് വിളിച്ചു പറഞ്ഞു…. സച്ചു – ഐവാ…. കിട്ടിപ്പോയി…. വാ വാ താമരപ്പെണ്ണേ…. നീയെൻ പൂങ്കരളല്ലേ…. ചാടിക്കളിക്കാൻ വാ….. രാജി –

ഇവിടെ പാടിക്കൊണ്ട് നിന്നോ…. ലവള് ദേ ആടിയാടി അങ്ങെത്തി…. സച്ചു – ദൈവമേ….. വാടീ വേഗം…. പിടിച്ചു വല്ലയിടത്തോ കെട്ടിയിടാം…. അപ്പോഴേക്കും ചക്കി കണ്ണന്റെ റൂമിനടുത്തെത്തി…. ചക്കി ഒന്ന് തിരിഞ്ഞ് നോക്കിയിട്ട് പറഞ്ഞു…. ചക്കി – ഞാൻ ഭവാനീടെ…. ഛേ…. കടുവയുടെ റൂമൊരു മണിയറ ആക്കിയിട്ട് വരാം….. രാജിയും സച്ചുവും എത്തും മുമ്പേ ചക്കി റൂമിനകത്ത് കയറി വാതിൽ ലോക്കിട്ടു….. സച്ചു – മണിയറ മോർച്ചറി ആവാതിരുന്നാൽ മതി….. ഇതേ സമയം വാതിൽ ലോക്കിടുന്ന ശബ്ദം കേട്ടാണ് കണ്ണൻ തിരിഞ്ഞു നോക്കിയത്…. വാതിലിൽ ചാരി ചിരിച്ചുകൊണ്ട് ചക്കി നിൽപ്പുണ്ടായിരുന്നു… ചക്കി – പ്രാളനാഥാ…. ശ്ശെ…. വെള്ളി വീണ്…. പുല്ല്….. പ്രാ….ണ….നാഥാ….. ഇപ്പോ ശരിയായി…. ചക്കിയുടെ വർത്താനം കേട്ടതും കണ്ണന്റെ കിളികൾ കൂടും തല്ലിപ്പൊളിച്ച് രാജസ്ഥാനിലോട്ട് ട്രെയിൻ കയറി…. (തുടരും)-

എന്നും രാവണനായ് മാത്രം : ഭാഗം 30

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!