ഭാര്യ-2 : ഭാഗം 2

Share with your friends

എഴുത്തുകാരി: ആഷ ബിനിൽ

ഇന്നലെ രാത്രി കുട്ടിപട്ടാളങ്ങൾ എല്ലാം നീലുവിന്റെ കൂടെയാണ് കിടന്നത്. തരുണിന്റെ മക്കൾ ധ്വനി, ദൃഷ്ടി, ധ്യാൻ, തനുവിന്റെ കുട്ടികൾ ഖുശിയും വിനു എന്ന് വിളിക്കുന്ന വിഘ്‌നേഷും പിന്നെ മാളൂട്ടിയും മനുക്കുട്ടനും ഒത്ത നടുക്ക് നീലുവും. ആ കിടപ്പ് കണ്ടു തനുവിന് ചിരി വന്നു. “നീലു.. ഡീ.. എഴുന്നേൽക്ക്” നീലു മെല്ലെ കണ്ണു തുറന്നു. ദേഹത്ത് പറ്റി ചേർന്നുകിടന്ന വിനുക്കുട്ടനെ മാറ്റി എഴുന്നേറ്റു. “നേരം ഒരുപാടായല്ലേ.. ഇന്നലെ ഞങ്ങളെല്ലാം കൂടി കളിയൊക്കെ കഴിഞ്ഞു കിടക്കാൻ ലേറ്റ് ആയി” അവൾ കണ്ണു തിരുമിക്കൊണ്ടു വന്ന് തനുവിന്റെ വീർത്തുന്തിയ വയറിൽ ചുംബിച്ചു.

“അതു പിന്നെ എല്ലാ തവണയും അങ്ങനെ ആണല്ലോ. അവർക്ക് നിന്നെ കിട്ടിയാൽ പിന്നെ ഞങ്ങളെയൊന്നും വേണ്ട…” “ഇതൊക്കെ ഒരു സന്തോഷം അല്ലേടി….” “അപ്പോ ഈ സന്തോഷം നിനക്ക് വേണ്ടേ നീലു?” നീലുവിന്റെ മുഖത്തെ പ്രസാദം നഷ്ടമായി. അവൾ വിളറിയ ഒരു ചിരി തനുവിന് സമ്മാനിച്ചു ടൗവലും എടുത്തു ബാത്റൂമിലേക്കു പോയി. ആ പോക്ക് അല്പനേരം വേദനയോടെ നോക്കി നിന്ന ശേഷം തനു കുട്ടികളെ വിളിച്ചു എഴുന്നേൽപ്പിച്ചു. കൂട്ടത്തിൽ ഇളയതായ വിനുക്കുട്ടനെയും ധ്യാനിനെയും മാത്രം കുറച്ചൂടെ ഉറങ്ങാൻ വിട്ടു. ഏഴു മാസത്തോട് അടുക്കുന്ന മൂന്നാം ഗർഭകാലത്തിന്റെ ക്ഷീണതകൾ അവളിൽ പ്രകടമായിരുന്നു.

ഷവറിന് താഴെ നിൽക്കുമ്പോൾ നീലുവിന്റെ കണ്ണുകൾ എന്തിനോ വേണ്ടി ഒഴുകിക്കൊണ്ടിരുന്നു. ഏട്ടന്മാരും ഭാര്യമാരും തനുവും കാശിയും ഒക്കെ മക്കളുമായി നല്ല രീതിയിൽ ജീവിക്കുന്നത് കാണുമ്പോൾ ഒരു നഷ്ടബോധം തോന്നാറുണ്ട്. പക്ഷെ ജീവിതത്തിൽ ഇനിയും വേദന താങ്ങാൻ വയ്യാത്തത് കൊണ്ട് ഇനിയൊരു കുടുംബ ജീവിതം ചിന്തിക്കാൻ കഴിയില്ല. “വിവാഹം നോക്കുന്നില്ലേ?” എന്നുള്ള ചോദ്യങ്ങൾ ആണ് സഹിക്കാൻ കഴിയാത്തത്. എല്ലാ മാസവും സെക്കൻഡ് സാറ്റർഡേയും സൺഡേയും തരുണും തനുവും മക്കളുമായി തറവാട്ടിൽ വരും. പിന്നെ അവിടെയാകെ ഒരു ഉത്സവമാണ്.

നീലുവിനെ ആണ് കുട്ടികൾക്ക് ഏറ്റവും പ്രിയം. പത്തു മണിയോടെ നീലുവിന്റെ ഡാൻസ് ക്ലാസിൽ കുട്ടികൾ എത്തി തുടങ്ങി. ഇരുപത് കുട്ടികളുടെ രണ്ടു ബാച് ആണ്. പന്ത്രണ്ട് വയസിൽ താഴെ ഉള്ളവരെ ആണ് പഠിപ്പിക്കുന്നത്. വർക്കിങ് ഡേയ്സിൽ ഒരു മണിക്കൂർ വീതവും അവധി ദിവസങ്ങളിൽ നാല് മണിക്കൂറും ആണ് ക്ലാസ്. താൻ പഠിപ്പിക്കുന്ന കുട്ടികളുടെ അരങ്ങേറ്റത്തിന് പാടുന്നതും നീലു തന്നെയാണ്. അത് കൂടാതെ അടുത്തുള്ള അമ്പലങ്ങളിൽ പരിപാടി അവതരിപ്പിക്കുകയും പാടുകയും ചെയ്യാറുമുണ്ട്. ഇതിനെല്ലാം പുറമെ KSEBയിലെ ജോലി കൂടി ആയതോടെ തന്റെ വിഷമങ്ങൾ ഓർക്കാൻ സമയം കിട്ടാറില്ല എന്നുതന്നെ പറയാം. അന്നും അതിനടുത്ത ദിവസവും നീലുവിന് പ്രോഗ്രാം ഉണ്ടായിരുന്നു.

തിങ്കളാഴ്ച പതിവ് പോലെ ജോലിക്ക് പോയി. “മേഡം ഇന്നലെ മുളങ്കുന്നത്തുകാവ് അമ്പലത്തിൽ പ്രോഗ്രാം ചെയ്തിരുന്നു അല്ലെ..” ഓഫീസിലെ AE സതീഷ് ആണ്. “ആഹ് സതീഷ്. എന്തേ?” “ഒന്നുമില്ല. ഓഡിൻസിന്റെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു.” “ആണോ. ഞാൻ ശ്രദ്ധിച്ചില്ല…” “മേഡം ഇപ്പോൾ കാണുന്നതിലും ഭംഗി ആണ് ഒരുങ്ങി സ്റ്റേജിൽ കണ്ടപ്പോൾ. സത്യത്തിൽ എനിക്ക് കണ്ണെടുക്കാൻ തോന്നിയില്ല.. യൂ വേർ സോ സോ സ്റ്റണ്ണിങ്..!” അവന്റെ കണ്ണുകളിലെ ഭാവം തിരിച്ചറിയാൻ കഴിഞ്ഞതുകൊണ്ടു തന്നെ നീലു ആ സംസാരം അവിടെ അവസാനിപ്പിച്ചു.

അവിവാഹിതയോ വിവാഹ മോചിതയോ ആയ കാണാൻ സുന്ദരികളായ സ്ത്രീകളോട് സമൂഹത്തിനുള്ള പൊതുവികാരമാണ് പുച്ഛം, പ്രത്യേകിച്ചു സ്ത്രീകൾക്കു. തങ്ങൾക്ക് ഉള്ള സുരക്ഷാ കവചം അവർക്കില്ലല്ലോ..! അവർ താണ്ടി വരുന്ന കനൽ വഴികളും അവർ കടന്നുപോയ ജീവിത യാഥാർഥ്യങ്ങളും ഒന്നും ആരും അറിയാറില്ല. അറിയാൻ ശ്രമിക്കാറും ഇല്ല. പ്രായം കഴിഞ്ഞും വിവാഹം കഴിക്കാത്തതും വിവാഹ മോചനം നേടുന്നതും പെണ്ണിനെ സംബന്ധിച്ച് വലിയ പോരായ്മയാണ്. ആണിനും ഏറെക്കുറെ അങ്ങനെയാണ്, പക്ഷെ അവരെ അവസരമായി കാണുന്നവർ ഉണ്ടാകില്ല എന്നൊരു വ്യത്യാസം ഉണ്ട്.

പുരുഷ പ്രജകളിൽ ചിലർക്ക് ഈ സ്ത്രീകൾ ഒരു അവസരം ആണ്. കിട്ടിയാൽ കിട്ടി, പോയാൽ പോയി. വിവാഹിതരായ സ്ത്രീകൾക്ക് പിന്നെ ഉടമസ്ഥൻ ഉള്ളതുകൊണ്ട് നോക്കിയും കണ്ടും മാത്രമേ അവരോട് എല്ലാവരും ഇടപെടൂ. “ഇന്നലെ മേടത്തിന്റെ പരിപാടി അടിപൊളി ആയിരുന്നു എന്ന് കേട്ടല്ലോ.” ക്ലർക്ക് സുജാതയാണ്: “പുതിയ സാറിന് മേടത്തിന്റെ ഡാൻസും പാട്ടും ഒക്കെ ഇഷ്ടമായത് കൊണ്ടാണ് ലീവ് ഒക്കെ തരുന്നത് എന്ന് ഒരു സംസാരമുണ്ട് കേട്ടോ” “അത് മാത്രമല്ല സുജാതെ. എന്നെ കാണാൻ കൊള്ളാവുന്നത് കൊണ്ടാണ് പ്രമോഷൻ കിട്ടിയത് എന്നു വരെ പറയുന്നവരുണ്ട്. ഇതൊക്കെ സത്യമാണോ.

താൻ തന്നെ പറ..” അതോടെ അവർ ഒന്ന് പരുങ്ങി: “ഹേയ്. എനിക്ക് അറിഞ്ഞൂടെ മേടത്തിനെ. ഇതൊക്കെ അസൂയക്കാരു വെറുതെ പറഞ്ഞ് ഉണ്ടാകുന്നതല്ലേ” “അതേലോ. അപ്പോ എന്നെ കുറിച്ചു അപവാദം കേൾക്കുമ്പോൾ അത് പറയുന്നവരോടും ഇങ്ങാൻ തന്നെ പറയണം കേട്ടോ?” “പി.. പിന്നെ.. പറയാം മേഡം…” “എന്നാൽ പോയി സെക്ഷൻ B യിലെ ഫയലുകൾ വേഗം വെരിഫൈ ചെയ്തു കൊണ്ടുവാ” “ശരി മേഡം” അവർ നടന്നുപോകുന്നത് നീലു ഒരു പുച്ഛചിരിയോടെ നോക്കിയിരുന്നു. ഇതൊക്കെ എത്ര കണ്ടിരിക്കുന്നു..! സർക്കാർ ജോലി വെറുതെ ഇരിക്കാനുള്ള ലൈസൻസ് ആണെന്ന് കരുതുന്നവർക്ക് നീലു ഒരു അപമാനമാണ്. അതുകോണ്ട് തന്നെ മുറുമുറുപ്പുകൾ ചുറ്റിലും ഉണ്ടാകാറുണ്ട്.

എൻജിനീയർ ആയി ജോലി ചെയ്യുന്ന ശാലിനി ആണ് നീലുവിന് അവിടെ ആകെയുള്ള കൂട്ട്. കല്യാണ കാര്യം പറഞ്ഞ് ഇടക്ക് അവളോട് തെറ്റാറും ഉണ്ട്. “വീക്കെൻഡ് അടിച്ചു പൊളിച്ചു അല്ലെ..” ഉച്ചക്ക് ഊണു കഴിക്കുന്നതിനിടയിൽ ശാലു ചോദിച്ചു. “ഇല്ലടി. രണ്ടു ദിവസവും പ്രോഗ്രാം ഉണ്ടായിരുന്നു. കുട്ടികളുടെ കൂടെ അങ്ങു ഇരിക്കാൻ പറ്റിയില്ല” “സ്വന്തമായി ഒരു കുട്ടി ഉണ്ടെങ്കിൽ എപ്പോഴും കൂടെ ഇരിക്കാമല്ലോ” നീലു അവളെ ഒന്നു തറപ്പിച്ചു നോക്കി. “നീ നോക്കേണ്ട. ഞാൻ ഉള്ള കാര്യം പറഞ്ഞതാ. ഇനി ഏത് പ്രായത്തിൽ കെട്ടി ഒരു കുട്ടി ഉണ്ടാകാൻ ആണ് നിനക്ക്?” “എനിക്ക് കെട്ടിയോനും വേണ്ട കുട്ടിയും വേണ്ട” അതും പറഞ്ഞു നീലു എഴുന്നേറ്റു.

അഞ്ചു ദിവസം കൂടി കടന്നുപോയി. ശനിയാഴ്ച രാത്രി ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ഹരി പറഞ്ഞു: “മോളെ അന്ന് ഭവാനി പറഞ്ഞ കൂട്ടര് നാളെ നിന്നെ കാണാൻ വരുന്നുണ്ട്” “വല്യച്ചാ.. എനിക്ക്.. എനിക്ക് കല്യാണം വേണ്ടെന്ന് ഞാൻ പറഞ്ഞതല്ലേ.. എന്തിനാ വീണ്ടും വെറുതെ..” “മോളെ അവര് വന്നു കണ്ടിട്ട് പോട്ടെ. നല്ലതാണെങ്കിൽ മാത്രമല്ലേ നമ്മൾ പ്രൊസീഡ് ചെയ്യൂ” “അത് തന്നെ. അല്ലാതെ എത്ര കാലം നീയങ്ങനെ ഒറ്റക്ക് ജീവിക്കും എന്നാ പറയുന്നത്?” ഗീത ചോദിച്ചു. “എത്ര കാലം വേണമെങ്കിലും” അതും പറഞ്ഞു നീലു എഴുന്നേറ്റു. പോകും വഴി ഒരു ആശ്രയത്തിന് എന്നവണ്ണം മീനാക്ഷിയെ നോക്കി.

അവളും ഈ കാര്യത്തിൽ നിസ്സഹായയായിരുന്നു. മുറിയിൽ ഒറ്റക്കിരിക്കുമ്പോൾ കഴിഞ്ഞുപോയ കാലം ഒരു നിഴൽചിത്രം പോലെ തെളിഞ്ഞുവന്നു. തനുവിന് ഖുശിമോൾ ജനിച്ചുകഴിഞ്ഞു ഏകദേശം ഒരു വർഷം കൂടി കഴിഞ്ഞ ഡേറ്റിലേക്കാണ് അവളുടെ കല്യാണം പറഞ്ഞുവച്ചത്. അതു കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാൽ തരുണിന്റെയും കാവ്യയുടെയും കല്യാണം. ഇരുപത്തിഅഞ്ചാമത്തെ വയസിൽ രാജകുമാരനെപ്പോലെ ഒരു വരൻ വന്നുചേരും എന്നായിരുന്നു ജാതകത്തിൽ. പറഞ്ഞതുപോലെ തന്നെ അടുത്തൊരു ബന്ധു വഴിയാണ് രാഹുലിന്റെ ആലോചന വന്നത്. തൃശൂരിലെ തന്നെ പേരുകേട്ട ഒരു ബിസിനസ് കുടുംബം ആണ് അവരുടേത്.

നീലുവിന്റെ കാര്യങ്ങളൊക്കെ, അതായത്, അവൾ ദത്തുപുത്രി ആണെന്ന കാര്യവും മറ്റും ആദ്യമേ തന്നെ അവരോട് പറഞ്ഞിരുന്നു. അവർക്കത്തിൽ എതിർപ്പൊന്നും ഇല്ല എന്നു കണ്ടിട്ടാണ് ആലോചന മുന്നോട്ട് കൊണ്ടുപോയത്. അവളേക്കാൾ മൂന്ന് വയസു മാത്രം വ്യത്യാസമുള്ള സുന്ദരനായ ഒരു യുവാവായിരുന്നു രാഹുൽ. ആരു കണ്ടാലും മോശം പറയാത്ത ബന്ധം. അങ്ങനെ നിശ്ചയവും കഴിഞ്ഞു. വിവാഹത്തിന് ആറു മാസം സമയമുണ്ട്. ആദ്യമൊക്കെ രാഹുൽ വളരെ ക്യാഷ്വൽ ആയിട്ടാണ് സംസാരിച്ചുകൊണ്ടിരുന്നത്.

പിന്നെ എപ്പോഴോ അവന്റെ രീതി മറിതുടങ്ങി. നീലു ആ സമയത്ത് ഒരു പ്രൈവറ്റ് കമ്പനിയിൽ ആണ് ജോലി ചെയ്തിരുന്നത്. ഡാൻസും പാട്ടും ഒക്കെ പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. രാഹുലിന് അതിലൊന്നും താല്പര്യം ഇല്ല എന്നു മനസിലാക്കി അതെല്ലാം പയ്യെ ഒഴിവാക്കി. ഒരു മൂളിപ്പാട്ടു പോലും പാടാതെയായി. അച്ഛനും വല്യച്ഛനും ഏട്ടന്മാരും അടക്കം ആരോടും അവൾ ഒരുപാട് അടുക്കുന്നത് അവന് ഇഷ്ടമായിരുന്നില്ല. പോസസീവ്നസ് ആയി മാത്രമാണ് അതിനെയും കണ്ടത്. ജോലിക്ക് പോയാൽ വീട്ടിൽ വന്നു കയറുന്നത് വരെ അവന്റെ കോൾ നീലുവിന്റെ ഫോണിൽ ഓണ് ആയി കിടക്കും.

വേറെ ആരെയെങ്കിലും വിളിക്കാനോ എന്തെങ്കിലും ആവശ്യത്തിന് കോൾ കട്ട് ചെയ്യാനോ അവന്റെ അനുവാദം വാങ്ങണം. അതും കാര്യ കാരണ സഹിതം ബോധിപ്പിച്ചാൽ മാത്രമേ അനുവദിക്കൂ. രാവിലെ ഉണരുന്നത് മുതൽ രാത്രി ഉറക്കം വരെ അവന്റെ നിയന്ത്രണത്തിലാണ് ജീവിതം. വീട്ടിൽ ഇടുന്ന വസ്ത്രം പോലും അവൻ തീരുമാനിക്കും. ആയിടക്കാണ് നീലുവിന് PSC വഴി KSEB യിൽ നിയമനം കിട്ടുന്നത്. ജോലിക്ക് ജോയിൻ ചെയ്യേണ്ട എന്നവൻ തീർത്തു പറഞ്ഞു. അതോടെ അവൾക്ക് ഭ്രാന്തു കയറി തുടങ്ങി. നമ്മുടെ ജീവിതം പൂർണമായും മറ്റൊരാൾ നിയന്ത്രിക്കുക എന്നൊക്കെ പറഞ്ഞാൽ… എന്തോ, അവൾക്ക് അത് ഉൾക്കൊള്ളാൻ പറ്റുന്നെ ഉണ്ടായില്ല.

മീനാക്ഷി എടത്തിയോടാണ് കാര്യങ്ങൾ ആദ്യം പറഞ്ഞത്. ഏടത്തി അത് വീട്ടിൽ അവതരിപ്പിച്ചു. കല്യാണത്തിന് അപ്പോൾ നാല് ദിവസം മാത്രമേ ബാക്കിയുള്ളൂ. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി കഴിഞ്ഞിരുന്നു. അടുത്ത ഒരു ബന്ധുവഴി വന്ന ആലോചന ആയതുകൊണ്ട് വീട്ടിൽ നിന്ന് ആദ്യം കാര്യമായ അന്വേഷണം ഒന്നും ഉണ്ടായില്ലായിരുന്നു. “എല്ലാ ആണുങ്ങളും ഇങ്ങനെ ഒക്കെയല്ലേ.. കല്യാണം കഴിയുമ്പോൾ ഒക്കെ നന്നാകും” എന്നും മറ്റുമുള്ള പതിവ് പല്ലവികളിൽ അച്ചന്മാരും അമ്മമാരും ഉറച്ചുനിന്നു. ഏട്ടന്മാർക്ക് പക്ഷെ അതത്ര സ്വീകര്യമായില്ല. അവസാന ശ്രമം എന്ന നിലയിൽ ഏട്ടന്മാർ രാഹുലിനെ കുറിച്ച് ഒന്നുകൂടി അന്വേഷിക്കാൻ തീരുമാനിച്ചു.

അന്ന് വൈകിട്ട് അവർ കൊണ്ടുവന്ന വാർത്തയാണ് അവളുടെ ജീവിതം മാറ്റി മറിച്ചത്. രാഹുലിന് മൂന്നു വർഷം മുൻപ് പ്രണയനൈരാശ്യത്തെ തുടർന്ന് വിഷാദരോഗം ഉണ്ടായിരുന്നു. അന്ന് അത് ചികില്സിക്കുന്നതിന് പകരം ഭ്രാന്താണ് എന്നു വിചാരിച്ചു മുറിയിൽ പൂട്ടിയിടുകയാണ് വീട്ടുകാർ ചെയ്തത്. ചോദിക്കുന്നവരോടൊക്കെ രാഹുൽ ഗൾഫിൽ തങ്ങളുടെ ബിസിനസ് നോക്കി നടത്തുകയാണ് എന്നു മറുപടി നൽകി. രാഹുലിന്റെ അനിയത്തി രോഹിണിയും ഹസ്ബൻഡും വന്ന സമയത്താണ് കാര്യങ്ങൾ അറിയുന്നത്. അവർ നിർബന്ധപൂർവം അവനെ ചികിത്സക്ക് വിധേയനാക്കി. പക്ഷെ അപ്പോഴേക്കും രാഹുലിന്റെ മനസിന്റെ സമനില തെറ്റി തുടങ്ങിയിരുന്നു. ചികിത്സകൊണ്ടു മാറ്റം ഉണ്ടായി.

പക്ഷെ പൂർണ്ണമായും ഭേദപ്പെട്ടില്ല. ഒരു കല്യാണം കഴിച്ചാൽ ഒക്കെ നേരെയാകും എന്നു ആരൊക്കെയോ പറഞ്ഞിട്ടാണ് അവർ അവന് വിവാഹം ആലോചിച്ചു തുടങ്ങിയത്. നീലുവിന്റെ കാര്യത്തിൽ, അവൾ ദത്തുപുത്രി ആയ സ്ഥിതിക്ക് വിവാഹ ശേഷം രാഹുലിനെ കുറിച്ചുള്ള സത്യങ്ങൾ അറിഞ്ഞാലും അവനെ ഉപേക്ഷിക്കില്ല എന്നവർ കണക്കു കൂട്ടി. കാര്യങ്ങൾ എല്ലാം അറിഞ്ഞതോടെ അവന്റെ പഴയ കാമുകിയെപോലെ നീലുവും ഉപേക്ഷിച്ചു പോകും എന്ന ഭയം അവനെ ഒരു സംശയരോഗിയാക്കി മാറ്റി കഴിഞ്ഞെന്ന് അവൾക്ക് ബോധ്യമായി. വീട്ടുകാർ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം പൂർണമായും നീലുവിന് വിട്ടു കൊടുത്തു.

ഈ ആറു മാസക്കാലം കൊണ്ട് അവൾ രാഹുലിനെ വല്ലാതെ സ്നേഹിച്ചു പോയിരുന്നു. ഹൃദയത്തിൽ നിന്ന് പറിച്ചു കളയാൻ ആകാത്തവണ്ണം അവൻ വേരുറച്ചിരുന്നു. അസുഖം എന്ന കാരണം കൊണ്ട് അവനെ ഒഴിവാക്കുന്നത് അവളുടെ പ്രണയത്തിനൊടുള്ള നീതികേടായി തോന്നി. ഒപ്പം, അവനെ സ്വീകരിച്ചാൽ തന്നെ കാത്തിരിക്കുന്നത് മരണം മാത്രം ആണെന്ന തിരിച്ചറിവും എനിക്കുണ്ടായിരുന്നു. ജീവിതത്തിനും പ്രണയത്തിനുമിടയിൽ, എന്ത് ചെയ്യണം എന്നറിയാതെ നീലു നിന്നു.  (തുടരും)-

ഭാര്യ-2 : ഭാഗം 1

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!