നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 7

Share with your friends

സൂര്യകാന്തി

പത്മ കാവിൽ തിരി വെച്ചതിന് ശേഷം, മൂന്ന് പേരും തൊഴുതു കഴിഞ്ഞാണ് ദത്തൻ തിരുമേനി പറഞ്ഞത്.. “വിധിയെ തടുക്കാൻ ബ്രഹ്മനും ആവില്ല്യന്നല്ലേ..വിഷമിക്കണ്ട.. കുറച്ച് കാലം പിരിഞ്ഞിരിക്കണമെന്ന യോഗം നിങ്ങൾക്കുമുണ്ടായിരുന്നുന്ന് കരുതിക്കോളാ അതുപോലെ…” ഒന്ന് നിർത്തി പത്മയെ നോക്കിയാണ് അദ്ദേഹം മെല്ലെ പറഞ്ഞത്… “അതുപോലെയൊരു യോഗം അമ്മൂട്ടിടെ ജാതകത്തിലുമുണ്ടായിരുന്നു..” പത്മ ഞെട്ടലോടെ അദ്ദേഹത്തെ നോക്കി.. അനന്തന്റെ മുഖത്ത് ഭാവവ്യത്യാസമൊന്നും ഉണ്ടായില്ല..

“അച്ഛൻ അമ്മൂട്ടിയുടെ ജാതകം കുറിച്ചപ്പോഴേ അതെന്നോട് പറഞ്ഞിരുന്നു.. അൽപ്പായുസ്സാണെന്ന്…” പത്മ അനന്തനെ തുറിച്ചു നോക്കി.. അനന്തൻ ഒന്നും പറയാതെ,അവളെ നോക്കാതെ മറ്റെവിടെയോ ദൃഷ്ടിയുറപ്പിച്ചു നിന്നു.. “സംശയിക്കണ്ട പത്മ.. മോള് പോയിക്കഴിഞ്ഞാണ് ഈ കാര്യം അനന്തനോടും അച്ഛൻ പറഞ്ഞത്…” പത്മയോടായി പറഞ്ഞു ദത്തൻ തിരുമേനി പതിയെ കാവിൽ നിന്നും പുറത്തേക്ക് നടന്നു പിറകെ പത്മയും അനന്തനും.. “മേലേരിയിലെ ഭദ്രയുടെ പുനർജ്ജന്മം തന്നെയായിരുന്നു അമ്മൂട്ടീയെന്ന ശ്രീ ഭദ്ര.. അനന്തന്റെയും പത്മയുടെയും സീമന്തപുത്രി..

ഭൂമിയിൽ ഉണ്ടായിരുന്ന കാലത്ത് ഭൈരവനോടൊപ്പം നിരവധി ദുഷ്‌കർമ്മങ്ങളിൽ പങ്കാളിയായിരുന്നു പകയാൽ അന്ധയാക്കപ്പെട്ട ഭദ്രയും.. നാഗശാപം ഉൾപ്പെടെ നിരവധി ശാപങ്ങൾ അവർക്ക് മേൽ പതിച്ചിരുന്നു… ആദിശേഷന്റെ മാനസപുത്രിയായിരുന്ന, നാഗക്കാവിലമ്മയായിരുന്ന സുഭദ്ര താമരക്കുളത്തിൽ ചാടി ജീവനൊടുക്കാൻ കാരണം ഭദ്രയായിരുന്നു.. തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടാണെങ്കിലും അതിന് കാരണക്കാരിയായവൾക്ക് അതുപോലൊരു മരണം അനിവാര്യമായിരുന്നു..

അതാണ് അമ്മൂട്ടിയും താമരക്കുളത്തിൽ തന്നെ …” കാവിലെ പടികൾ ഇറങ്ങുന്നതിനു മുൻപേ ദത്താൻ തിരുമേനി അവരെ നോക്കി.. “സാക്ഷാൽ ആദിശേഷന്റെ അനുഗ്രഹം കിട്ടിയവരാണ് നിങ്ങൾ.. ശ്രീഭദ്രയെന്ന അമ്മൂട്ടീ മരിച്ചതിന് ശേഷം രണ്ടു പെൺകുഞ്ഞുങ്ങൾ ഉണ്ടായി.. എന്നിട്ടും, വർഷങ്ങൾ കഴിഞ്ഞു നിങ്ങൾ അകന്നത് അമ്മൂട്ടിയുടെ മരണം കാരണമാണ്..” പത്മ വീണ്ടും അനന്തനെ നോക്കി.. “അത്.. അത് തിരുമേനിയ്ക്ക് എങ്ങനെ അറിയാം..?” അനന്തനാണ് ചോദിച്ചത്.. ദത്തൻ തിരുമേനി ഒന്ന് ചിരിച്ചു..

“കാര്യകാരണങ്ങളൊന്നും വ്യക്തമായി അറിയില്ല്യെടോ.. പക്ഷെ ഒന്നറിയാം അമ്മൂട്ടിയുടെ മരണമാണ് നിങ്ങളുടെ അകൽച്ചയ്ക്ക് കാരണം.. എന്തെന്നോ ഏതെന്നോ ഞാൻ ചോദിക്കുന്നില്ല്യാ..പക്ഷെ ഒന്ന് പറയാം അനന്തനും പത്മയും ഒരുമിച്ച് നിന്നാലേ നാഗകാളി മഠത്തിനു നിലനിൽപ്പുള്ളൂ..” അനന്തന്റെ നോട്ടം കണ്ടാണ് അദ്ദേഹം തുടർന്നത്.. “മേലേരിയിലെ ഭദ്ര ഈ ഭൂമിയിൽ വീണ്ടും പുനർജനിച്ചിട്ടുണ്ട്.. വാഴൂരില്ലത്തെ ആദിത്യനും..” “അപ്പോൾ ഭദ്ര മോളാണോ മേലേരിയിലെ ഭദ്ര..?

അന്ന് ഭദ്രൻ തിരുമേനി പറഞ്ഞത് അനുസരിച്ചാണ് കുട്ടികൾക്ക് ശ്രീ ഭദ്രയെന്നും ശ്രീ രുദ്രയെന്നും പേരിട്ടത്..’ അനന്തനാണ് ചോദിച്ചത് .. “ആരാണെന്നറിയില്ല്യ അനന്താ, അപ്പോഴേക്കും അച്ഛൻ പോയില്ല്യെ .. അമ്മൂട്ടിയുടെ മരണശേഷമാണ് മേലേരിയിലെ ഭദ്ര വീണ്ടും നാഗകളിമഠത്തിൽ ജന്മമെടുക്കുമെന്ന് അച്ഛൻ പറഞ്ഞത്.. അത് ചിലപ്പോൾ ഭദ്ര തന്നെയാകാം ചിലപ്പോൾ രുദ്രയും.. ചിലപ്പോൾ..” തെല്ല് സംശയത്തോടെ രണ്ടുപേരെയും മാറി മാറി നോക്കി പിന്നെ പതിയെ തലയാട്ടി കൊണ്ട് ദത്തൻ തിരുമേനി തുടർന്നു..

“ഇല്ല്യാ.. അങ്ങനെ വരില്ല്യാ.. നിങ്ങൾ രണ്ടുപേരിലുമല്ലാതെ നാഗകാളിമഠത്തിലെ മറ്റാരിൽ കൂടിയും ഭദ്ര പുനർജ്ജന്മം എടുത്തിരിക്കുമെന്ന് എനിക്ക് തോന്നണില്ല്യാ..” കുറച്ചു നിമിഷങ്ങൾ ആരും ഒന്നും പറഞ്ഞില്ല.. “ആ പുനർജ്ജന്മം രുദ്രയായാലും ഭദ്രയായാലും ആപത്ത് പിറകെയുണ്ട്.. പത്മ നടുക്കത്തോടെയാണ് ആ വാക്കുകൾ കേട്ടത്. “ആപത്തോ..?” “അതെ.. ഭദ്രയും ഭൈരവനും ചേർന്നു ചെയ്ത ദുഷ്‌കർമ്മങ്ങൾ.. അതിനെ തുടർന്നു ഗതി കിട്ടാതെ അലയുന്ന ആത്മാക്കൾ..ചിലപ്പോൾ പക ജന്മാന്തരങ്ങളോളം പിന്തുടർന്ന് കൊണ്ടേയിരിക്കും അനന്താ…” “തിരുമേനി പറഞ്ഞു വരുന്നത്…”

“ശ്രെദ്ധിക്കണം മക്കളെ രണ്ടുപേരെയും.. മാത്രമല്ല നാഗകാളിമഠവും നാഗക്കാവും നിലനിർത്തണം..” “നാഗകാളി മഠത്തിൽ ഇനിയും പ്രശ്നങ്ങൾ ഉണ്ടെന്നാണോ പറഞ്ഞു വരുന്നത്…?” “ഉം.. ദുരാത്മാവായി,ശാപങ്ങൾ പേറി, വാഴൂരില്ലത്തിന്റെ പടിപ്പുരയിൽ ഒരിക്കലും മോചനമില്ലാതെ കെട്ടിയിടപ്പെട്ടത് ഭൈരവൻ മാത്രമാണ്.. ആ ആത്മാവിന് ഇനിയൊരു ഉയിർത്തെഴുന്നേൽപ്പ് ഉണ്ടാവില്ല്യ.. പക്ഷെ വാഴൂരില്ലത്തെ സന്തതി പരമ്പരകൾ നശിച്ചിട്ടില്ല്യ. ഇല്ലം വിട്ടു പോയവർ പലയിടത്തായി ചിതറി കിടപ്പുണ്ട്.. ശ്രെദ്ധ വേണം.. നിങ്ങൾ ഒന്ന് ചേർന്നു ചെയ്യുന്ന കർമ്മങ്ങൾ കൊണ്ടു മാത്രമേ നാഗപ്രീതിയുണ്ടാവൂ..

നാഗക്കാവിന്റെ അധിപതിയായ കാവിലമ്മയും നാഗകാളിമഠത്തിന്റെ അധിപനും ഒരേ മനസ്സോടെ തന്നെ വേണം ശത്രുക്കളെ നേരിടാൻ..” അദ്ദേഹം പത്മയെ നോക്കി.. “ഞാൻ പറഞ്ഞു വരണത് മനസ്സിലാവണുണ്ടോ..?” “ഉം..” പത്മ പതിയെ മൂളി.. “നിങ്ങളുടെ ഇടയിൽ ഉണ്ടായ പ്രശ്നം എന്ത്‌ തന്നെയായാലും തല്ക്കാലം എല്ലാം മറക്കുക.. കുഞ്ഞുങ്ങൾക്ക് വേണ്ടി…” അനന്തൻ തലയാട്ടി.. പത്മ ഒന്നും പറഞ്ഞില്ല.. “അപ്പോൾ ഞാൻ നാളെ വരാം.. നിങ്ങൾ രണ്ടു പേരും നാളെ ഉൾക്കാവിൽ ദീപം തെളിയിക്കണം..” അദ്ദേഹം താഴെയുള്ള വീട്ടിലേക്കാണ് നടന്നത്.. പത്മയും അനന്തനും പിറകെ നടന്നു..

ഗേറ്റിനു പുറത്താണ് ദത്തൻ തിരുമേനിയുടെ കാർ കിടന്നിരുന്നത്.. പൂമുഖവാതിൽ തുറന്നു കിടന്നിരുന്നു.. ശബ്ദം കേട്ടതും ടീ ഷർട്ടും ഷോർട്സും ഇട്ടൊരാൾ പുറത്തേക്ക് വന്നു.. “ഹാ ഇതാരാ പത്മയുടെ അനിയനല്ലേ..?എപ്പോഴാ വന്നത്..? വല്യ സിനിമക്കാരനൊക്കെ ആയെന്ന് അവിടെ കുട്ട്യോൾ പറയണത് കേൾക്കാം.. വേളിയൊന്നും വേണ്ടന്ന് വെച്ചൂല്ലേ..” ഭദ്രൻ തിരുമേനിയുടെ ചോദ്യം കേട്ട് ശ്രീനാഥ് ചിരിയോടെ അദ്ദേഹത്തിനരികെയെത്തി.. “വേണ്ടാന്നൊന്നും വെച്ചിട്ടില്ല തിരുമേനി.. പറ്റിയൊരാളെ കണ്ടില്ല..” ഭദ്രൻ തിരുമേനി പൊട്ടിച്ചിരിച്ചു കൊണ്ട് തലയാട്ടി.. പൊടുന്നനെയാണ് പൂമുഖ വാതിൽ കടന്നു വന്ന ആളിൽ അദ്ദേഹത്തിന്റെ കണ്ണെത്തിയത്…

“ഇത്…?” കണ്ണിമയ്ക്കാതെ സൂര്യനാരായണനെ നോക്കി കൊണ്ടാണ് അദ്ദേഹം ചോദിച്ചത്.. “ഇത് എന്റെ ഫ്രണ്ട് ആണ് തിരുമേനി.. സൂര്യനാരായണൻ.. എഴുത്തുകാരൻ..” തനിക്കരികെയെത്തിയ സൂര്യനെ നോക്കി ചിരിയോടെ ശ്രീനാഥ് പറഞ്ഞു.. സൂര്യൻ തിരുമേനിയെ നോക്കി കൈകൾ കൂപ്പിയപ്പോൾ അദ്ദേഹവും തിരിച്ചു കൈകൾ കൂപ്പി..സൂര്യനാരായണനെ തന്നെ ഒന്ന് രണ്ടു നിമിഷം നോക്കി നിന്നിട്ടാണ് അദ്ദേഹം പറഞ്ഞത്.. “അറിയാം.. പ്രതിഭാധനനായ യുവ എഴുത്തുകാരൻ.. ചെറു പ്രായത്തിലേ ആത്മീയ കാര്യങ്ങളിൽ അഗാധപാണ്ഡിത്യം..പക്ഷെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിന്നും ഒഴിഞ്ഞു മാറുന്ന വ്യക്തിത്വം ..”

സൂര്യനാരായണൻ തിരുമേനിയെ നോക്കി പുഞ്ചിരിച്ചു.. “ഇത് ദത്തൻ തിരുമേനി.. മേലേരി ഇല്ലത്തെ. ഇവിടെ കാവിലെ പൂജകളൊക്കെ അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ്..” ശ്രീനാഥ്‌ പറഞ്ഞു.. സൂര്യൻ തിരുമേനിയെ നോക്കി.. “അറിയാം.. ഇദ്ദേഹത്തെ മാത്രമല്ല.. ഭദ്രൻ തിരുമേനിയെയും..” “എങ്ങനെ..?” ദത്തൻ തിരുമേനിയുടെ ചോദ്യത്തിൽ തെല്ലതിശയം കലർന്നിരുന്നു.. “നേരത്തേ അങ്ങ് പറഞ്ഞ ആത്മീയ കാര്യങ്ങളിലെ പാണ്ഡിത്യം തന്നെ കാരണം..നാഗകാളി മഠം പോലെ തന്നെ പ്രശസ്തമല്ലേ മേലേരി ഇല്ലവും കഥകൾ ഉറങ്ങുന്ന അവിടുത്തെ നാഗക്കാവും..”

സൂര്യൻ ചിരിച്ചു.. “സൂര്യൻ കുറച്ചു കാലം ഇവിടെ ഉണ്ടാവും തിരുമേനി.. നമ്മുടെ നാഗക്കാവുകളെ പറ്റിയും ആചാരങ്ങളെപ്പറ്റിയും ഒരു പുസ്തകം തയ്യാറാക്കുന്നുണ്ട് ആൾ..” “ഓ.. അതെയോ… വളരെ നല്ലത്.. അന്യം നിന്നു പോവുന്ന ആചാരാനുഷ്ടാനങ്ങളെ പറ്റി അറിയാൻ ആഗ്രഹിക്കുന്നവർ ഏറെയാണ്..” യാത്ര പറഞ്ഞു നടക്കുന്നതിനിടെ ദത്തൻ തിരുമേനി ഒന്ന് തിരിഞ്ഞു നോക്കി..സൂര്യനാരായണൻ.. അയാളുടെ മുഖത്ത് അപ്പോഴും ആ പുഞ്ചിരി ഉണ്ടായിരുന്നു.. പരിചയപ്പെടുന്നവരെയെല്ലാം തന്നിലേക്ക് ആകർഷിക്കാനുള്ള കാന്ത ശക്തിയുണ്ട് ആ കണ്ണുകൾക്ക്.. പുഞ്ചിരിക്കും..

തിരുമേനി മനസ്സിൽ പറഞ്ഞു.. ദത്തൻ തിരുമേനി പോയതിന് ശേഷമാണ് ശ്രീനാഥ് അനന്തനെ നോക്കിയത്.. “അളിയൻ വന്നൂന്ന് അറിഞ്ഞു ഞാനങ്ങോട്ടു ഇറങ്ങാൻ തുടങ്ങുവായിരുന്നു..” “ഉവ്വുവ്വേ..ഉച്ചിയിൽ വെയിലടിച്ചാലെ പ്രശസ്ത സംവിധായകൻ ശ്രീനാഥ് മാധവ് ഉറക്കം വിട്ടുണരൂ എന്നത് ആർക്കാ അറിയാത്തത് കുഞ്ഞളിയാ..” അനന്തൻ ചിരിച്ചു കൊണ്ടു ശ്രീനാഥിന്റെ തോളിൽ അടിച്ചു.. ആ നുണക്കുഴികൾ തെളിഞ്ഞിരുന്നു.. പത്മ അനന്തനെ തന്നെ നോക്കി നിൽക്കുകയായിരുന്നു..ആ നോട്ടം അറിഞ്ഞത് പോലെ അനന്തന്റെ കണ്ണുകൾ തന്നിലെത്തിയതും അവൾ മുഖം കുനിച്ചു..

അനന്തന്റെ ചുണ്ടിലൊരു ചെറു ചിരി തെളിഞ്ഞു.. “അനന്തേട്ടാ ഇതാണ് സൂര്യൻ.. സൂര്യനാരായണൻ..” ശ്രീനാഥ് പറഞ്ഞതും സൂര്യൻ അനന്തന് നേരേ കൈ നീട്ടി.. അനന്തനും.. “എനിക്കറിയാം.. തിരുമേനി പറഞ്ഞത് പോലെ തന്നെ ആളെ.. പോരാത്തതിന് രുദ്രയുടെ പ്രിയപ്പെട്ട എഴുത്തുകാരനും..” അനന്തന്റെ കണ്ണുകൾ സൂര്യനാരായണന്റെ മുഖത്തായിരുന്നു.. “എനിക്കും അറിയാം..സാറിനെ..” സൂര്യൻ പറഞ്ഞു.. “അല്ല രുദ്രക്കുട്ടിയെവിടെ..?” ശ്രീനാഥ് പത്മയെ നോക്കി ചോദിച്ചു.. “അവൾ വന്നില്ല്യാ.. ചെറിയൊരു തലവേദന.. നിങ്ങൾ കഴിക്കാൻ അങ്ങോട്ട്‌ വരില്ലേ..?” സൂര്യനെ കൂടെ നോക്കിയാണ് പത്മ ചോദിച്ചത്..

“പിന്നെ വരാതെ.. നിങ്ങൾ രണ്ടുപേരും നടന്നോ ഞങ്ങൾ വന്നോളാം..” ശ്രീനാഥ് പറഞ്ഞത് കേട്ട് അനന്തനും പത്മയും മനയ്ക്കലേക്ക് നടന്നു… കാവിനരികെ എത്തിയപ്പോഴാണ് അനന്തൻ തിരിഞ്ഞു നോക്കിയത്.. സൂര്യൻ അവരെ തന്നെ നോക്കി നിൽക്കുകയായിരുന്നു.. “എന്തോ ഒരാകർഷണശക്തി അയാളുടെ കണ്ണുകൾക്കുണ്ട്.. ആരും ഇഷ്ടപ്പെട്ടു പോകും..” അനന്തൻ മനസ്സിലോർത്തു.. ഒന്നും മിണ്ടാതെ ഒരുമിച്ച് നടക്കുന്നതിനിടെയാണ് താമരക്കുളം കഴിഞ്ഞപ്പോൾ അനന്തൻ പൊടുന്നനെ പത്മയുടെ വലം കൈയിൽ പിടിച്ചത്.. “ഇനിയും ക്ഷമിച്ചൂടെ എന്നോട്…?”

പത്മ ഒന്നും പറഞ്ഞതുമില്ല.. കൈ വിടുവിക്കാൻ ശ്രെമിച്ചതുമില്ല.. “പറ്റുന്നില്ലെടോ…” അനന്തന്റെ വാക്കുകൾ കേട്ടിട്ടും അവൾ ഒന്നും പറയാതെ നിലത്തേക്ക് നോക്കി നിന്നതേയുള്ളൂ.. “എനിക്കറിയാം ഇപ്പോഴും എന്നോടുള്ള സ്നേഹം ഈ മനസ്സിൽ നിറഞ്ഞു നിൽപ്പുണ്ട്..” എന്നിട്ടും പത്മ ഒന്നും പറഞ്ഞില്ല.. “പത്മാ…” “എല്ലാം മറക്കണമെന്നുണ്ട് അനന്തേട്ടാ പറ്റുന്നില്ല്യ… ഓരോ തവണയും അതിനു ശ്രെമിക്കുമ്പോൾ ശ്വാസം കിട്ടാതെ പിടയുന്ന അമ്മൂട്ടിയെ എനിക്കോർമ്മ വരും.. പിന്നെ..” അനന്തനെ നോക്കിയ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. “ഇനിയും ഇങ്ങനെ സ്വയം വേദനിക്കാൻ വിടില്ലെടോ തന്നെ ഞാൻ..

അത്രത്തോളം സ്നേഹിച്ചു സ്വന്തമാക്കിയതാണ്.. ഇനിയും എനിക്ക് പറ്റില്ല.. തനിക്കറിയില്ല താനില്ലാതെ ഓരോ നിമിഷവും ഞാൻ ജീവിച്ചത് എങ്ങിനെയെന്ന്..” പൊടുന്നനെ പത്മ അവളുടെ കൈയിലെ പിടുത്തം വിടുവിച്ചു.. “അപ്പോഴും അനന്തേട്ടന്റെ പ്രിയപ്പെട്ടവർ ചുറ്റും ഉണ്ടായിരുന്നില്ല്യെ .. ഞാൻ.. ഞാനല്ലെ തനിച്ചായി പോയത്.. നിക്കല്ലേ ആരും ഇല്ലാതെയായി പോയത്…” ഒരേങ്ങലോടെ പറഞ്ഞിട്ട് പത്മ ധൃതിയിൽ മുറ്റത്തേക്ക് നടന്നു.. അവൾക്ക് പിറകെ നടക്കാൻ തുടങ്ങിയപ്പോഴാണ് പോക്കറ്റിൽ നിന്നും മൊബൈൽ വൈബ്രേറ്റ് ചെയ്തത്.. അനന്തൻ മൊബൈൽ എടുത്തു നോക്കി..

ആമി കാളിംഗ്… അമാലിക… ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടതും തെല്ല് നീരസത്തോടെ അനന്തൻ കാൾ കട്ട്‌ ചെയ്തു… അയാൾ മുറ്റത്തെത്തിയപ്പോഴേക്കും പത്മ പൂമുഖത്ത് നിന്നും അകത്തേക്ക് കയറിയിരുന്നു.. “ഇല്ല പത്മ.. ഇനിയും എന്നിൽ നിന്നും അകന്നു മാറാൻ സമ്മതിക്കില്ല ഞാൻ..കുറുമ്പുകൾ നിറഞ്ഞ ആ പഴയ പത്മയെ തിരികെ കൊണ്ടു വരും ഞാൻ.. എൻ്റെ ജീവിതത്തിലേക്ക്.. നമ്മുടെ മക്കൾക്ക് വേണ്ടി.. നമുക്ക് വേണ്ടി..” അനന്തൻ മനസ്സിൽ ഉറപ്പിച്ചു കൊണ്ടാണ് പൂമുഖപ്പടികൾ കയറിയത്.. പൂമുഖവാതിലിനു മുകളിലെ നാഗകാളിയമ്മയുടെ വലിയ ചിത്രത്തിനു മുകളിലായി ഉണ്ടായിരുന്ന മണിനാഗം ശിരസ്സ് പതിയെ താഴ്ത്തി കിടന്നു..

ആ നീലക്കണ്ണുകൾ അവളെ തന്നെ നോക്കുകയായിരുന്നു.. അതിൽ മാറി മറിയുന്ന ഭാവങ്ങൾ ഭദ്രയെ ഭയപ്പെടുത്തി കൊണ്ടേയിരുന്നു.. പൊടുന്നനെയാണ് അതിൽ ചോര പൊടിഞ്ഞത്.. തൊണ്ടയിൽ കുടുങ്ങിയ നിലവിളിയോടെ ഭദ്ര ഞെട്ടിയുണർന്നു.. ദേഹമാകെ വിയർപ്പിൽ മുങ്ങിയിരുന്നു.. പാതിരാത്രി കഴിഞ്ഞിരുന്നു..കിതപ്പടക്കി കട്ടിലിൽ എഴുന്നേറ്റിരിക്കുമ്പോഴാണ് അവൾ ആ പാട്ട് കേട്ടത്… “മിന്നായം മിന്നും കാറ്റേ മിഴിനാളം നീട്ടും ദീപം കാവിനുള്ളിൽ കൈത്തിരിപ്പൂ പൂത്തപൊലെ തിളങ്ങുന്നുവോ ”

അന്ന് കേട്ടതിനേക്കാൾ വ്യക്തമായിരുന്നു ആ സ്ത്രീ ശബ്ദം.. നോവ് നിറഞ്ഞിരുന്ന സ്വരം വീചികൾ.. കൊലുസ്സിന്റെ ശബ്ദം കൂടെ കേട്ടതോടെ ഭദ്ര പതിയെ എഴുന്നേറ്റു.. ശബ്ദമുണ്ടാക്കാതെയാണ് വാതിൽ തുറന്നത്.. മുകൾ നിലയിൽ നിന്നാണ് പാട്ട് കേൾക്കുന്നത്.. പതിയെ കാലടികൾ വെച്ച് ഗോവണിപ്പടികൾ കയറുമ്പോൾ ഭദ്രയുടെ ദേഹം വിറയ്ക്കുന്നുണ്ടായിരുന്നു.. ഗോവണിപ്പടികൾ കയറി മുകളിലെത്തി അടച്ചിട്ട മൂന്നാല് മുറികളും കഴിഞ്ഞാണ് അവൾ ഹാളിലെത്തിയത്..മട്ടുപ്പാവിൽ നിന്നാണ് ശബ്ദം വരുന്നത്..

ഭദ്ര വാതിൽ കടന്നതും ആ പാട്ട് നിലച്ചു.. അവിടമാകെ പുകമഞ്ഞു നിറഞ്ഞത് പോലെ ഭദ്രയ്ക്ക് തോന്നി..മട്ടുപ്പാവിലേക്കിറങ്ങിയപ്പോഴാണ് അവൾ ആ ചിത്രപ്പണികൾ നിറഞ്ഞ ആട്ടുകട്ടിൽ കണ്ടത്… അത് അപ്പോഴും ആടികൊണ്ടിരുന്നു.. ആരോ അതിലുണ്ട്.. ആദിത്യൻ.. ആള് പില്ലോയും കെട്ടിപ്പിടിച്ചു നല്ല ഉറക്കമാണ്.. മട്ടുപ്പാവിൽ നിറഞ്ഞു നിന്ന പാലപ്പൂമണം ഭദ്രയ്ക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു.. അവൾ ചുറ്റും നോക്കി.. ആരുമില്ല.. പിന്നെ പതിയെ ചാരുപടിയ്ക്കരികിലേക്ക് നീങ്ങി നിന്നു.. പുറത്തേക്ക് നോക്കി..

നോട്ടമെത്തിയത് നാഗത്താൻ കാവിലേക്കാണ്.. കുറച്ചു ഉള്ളിലേക്കായി ഒരു മരത്തിന് ചുറ്റും നിറയെ മിന്നാമിനുങ്ങുകൾ.. സ്വയമറിയാതെ ഭദ്ര നോക്കി നിന്നു.. പെട്ടെന്ന് പ്രതീക്ഷിക്കാതെ ആ ശബ്ദം കേട്ടപ്പോൾ ഭദ്ര ശരിക്കും ഞെട്ടി.. അവളുടെ വിരലുകൾ ചാരുപടിയിൽ മുറുകിയിരുന്നു.. ശ്വാസഗതി നേരെയാക്കാൻ ശ്രെമിച്ചു കൊണ്ടാണ് ഭദ്ര തിരിഞ്ഞത്.. എന്തിനോ..

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 6

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!